വന്യജീവികൾ സൂക്ഷ്മ നിരീക്ഷണത്തിൽ
വന്യജീവികൾ സൂക്ഷ്മ നിരീക്ഷണത്തിൽ
നിങ്ങളുടെ ഓരോ നീക്കവും നിരീക്ഷിച്ച് അപഗ്രഥിക്കാൻ കഴിയേണ്ടതിന് നിങ്ങളുടെ പുറത്ത് ഒരു ചെറിയ റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിച്ചിരിക്കുന്നതായി സങ്കൽപ്പിക്കുക. മിസ്സിസ് ഗിബ്സൺ എന്നു പേരുള്ള, വാണ്ടറിങ് ആൽബട്രോസ് പക്ഷിയുടെ അവസ്ഥ അതാണ്. അതിന്റെ ദേഹത്തു ഘടിപ്പിച്ചിരിക്കുന്ന ട്രാൻസ്മിറ്റർ അയയ്ക്കുന്ന സംജ്ഞകൾ—അതുപോലെ ഇത്തരം ഉപകരണങ്ങൾ ഘടിപ്പിച്ച മറ്റു പക്ഷികളിൽനിന്നു ലഭിക്കുന്ന സംജ്ഞകളും—കൃത്രിമ ഉപഗ്രഹങ്ങൾ പിടിച്ചെടുത്ത് ഭൂമിയിലേക്കു മടക്കി അയയ്ക്കുന്നു. അങ്ങനെ ഗവേഷകർക്ക് അതിനെ കുറിച്ചു സുസൂക്ഷ്മം പഠിക്കാൻ കഴിയുന്നു. അതിന്റെ ഫലമായി ലഭിച്ച വിവരങ്ങൾ, പ്രൗഢിയാർന്ന ഈ പക്ഷികളെ കുറിച്ചു വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണു വെളിപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത വിവരങ്ങൾ അവയുടെ പരിരക്ഷണത്തിനു സഹായിക്കുമെന്നു കരുതപ്പെടുന്നു.
വാണ്ടറിങ് ആൽബട്രോസ് പക്ഷികൾ ദിവസം ശരാശരി 300 കിലോമീറ്റർ—ചില ദിവസങ്ങളിൽ 1,000 കിലോമീറ്ററിൽ കൂടുതൽ പോലും—സഞ്ചരിക്കാറുള്ളതായി ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ലാ ട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു റിപ്പോർട്ടു പറയുന്നു. 11 അടിയിലധികം ചിറകുവിരിവുള്ള ഈ മനോഹര പക്ഷികൾ—ഏറ്റവും ചിറകുവിരിവുള്ള പക്ഷി ഇതാണ്—പല ഘട്ടങ്ങളായി പറന്ന് നിരവധി മാസങ്ങൾകൊണ്ട് സമുദ്രങ്ങളുടെ മുകളിലൂടെ 30,000 കിലോമീറ്ററിലധികം താണ്ടുന്നു. ഒരു ലേയ്സാൻ ആൽബട്രോസ്, ഹൊണോലുലുവിനു വടക്കുപടിഞ്ഞാറുള്ള റ്റേൺ ദ്വീപിൽനിന്ന് അലൂഷൻ ദ്വീപുകളിലേക്ക്—അങ്ങോട്ടും ഇങ്ങോട്ടുമുള്ള ദൂരം 6,000 കിലോമീറ്റർ വരും—നാലു യാത്രകൾ നടത്തിയതായി ഐക്യനാടുകളിൽ നടത്തിയ സമാനമായ പഠനങ്ങൾ വെളിപ്പെടുത്തുന്നു, തന്റെ കുഞ്ഞിനു ഭക്ഷണം കൊണ്ടുവരാനായിരുന്നു ഇത്.
ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ പഠനങ്ങൾ, വാണ്ടറിങ് ആൽബട്രോസുകളിൽ ആൺപക്ഷികളെക്കാൾ എന്തുകൊണ്ട് പെൺപക്ഷികളുടെ എണ്ണം കുറയുന്നു എന്ന് ഒരുപക്ഷേ വ്യക്തമാക്കുന്നു. പ്രജനനം നടത്തുന്ന ആൺപക്ഷികൾ അന്റാർട്ടിക്കയോടു ചേർന്നുള്ള ഇടങ്ങളിൽ തീറ്റി തേടുമ്പോൾ, പ്രജനനം നടത്തുന്ന പെൺപക്ഷികൾ കൂടുതൽ വടക്കോട്ടു മാറി മത്സ്യബന്ധനത്തിനായി ആയിരംചൂണ്ട ഘടിപ്പിച്ച ബോട്ടുകൾ ഉള്ള ഇടങ്ങളിൽ തീറ്റി അന്വേഷിക്കുന്നതായി അവയുടെ സഞ്ചാരപഥങ്ങൾ വെളിപ്പെടുത്തി. ഈ ബോട്ടുകളുടെ പിന്നിൽ ഇട്ടിരുന്ന ചൂണ്ടയിലെ ഇര കൊത്തിയെടുക്കാൻ ചെന്ന ആ പക്ഷികൾ അതിൽ കുടുങ്ങുകയും അങ്ങനെ മുങ്ങിച്ചാകുകയും ചെയ്തു. പ്രജനനം നടത്തുന്ന ഈ പക്ഷികളുടെ ചില കൂട്ടങ്ങളിൽ, ആൺപക്ഷികളുടെ എണ്ണം പെൺപക്ഷികളുടെ എണ്ണത്തിന്റെ ഇരട്ടി വരും. മറ്റ് ഇനം ആൽബട്രോസുകളും പ്രതികൂലമായി ബാധിക്കപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും തീരങ്ങളിൽനിന്ന് അകലെയുള്ള സമുദ്രങ്ങളിലെ അത്തരം ബോട്ടുകളുടെ പിന്നിൽ കുടുങ്ങി ഒരു വർഷം ഏകദേശം 50,000 ആൽബട്രോസ് പക്ഷികൾ മുങ്ങിച്ചാകുകയുണ്ടായി. അങ്ങനെ അതിന്റെ വിവിധ ഇനങ്ങൾക്കു വംശനാശഭീഷണി നേരിട്ടു. വാസ്തവത്തിൽ, വാണ്ടറിങ് ആൽബട്രോസിനെ ഓസ്ട്രേലിയയിൽ വംശനാശഭീഷണി നേരിടുന്ന പക്ഷിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കണ്ടെത്തലുകളുടെ ഫലമായി മത്സ്യബന്ധന രീതികൾക്കു മാറ്റം വരുത്തുകയും തന്മൂലം വാണ്ടറിങ് ആൽബട്രോസിന്റെ മരണനിരക്കു കുറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ പക്ഷിയുടെ നിരവധി പ്രമുഖ പ്രജനന ഇടങ്ങളിൽ അതിന്റെ എണ്ണം തുടർന്നും കുറഞ്ഞുവരുന്നു.
പക്ഷികൾക്ക് വളയമിടൽ
ചില വർഗത്തിലുള്ള പക്ഷികളെ നിരീക്ഷിച്ചു വിവരങ്ങൾ ശേഖരിക്കാൻ സൂക്ഷ്മ ഇലക്ട്രോണിക് ഉപകരണങ്ങൾ ഗവേഷകരെ സഹായിക്കുന്നുണ്ട്. എന്നാൽ, അതിനെക്കാൾ ചെലവുകുറഞ്ഞ ലളിതമായ രീതികൾ നിരവധി വർഷങ്ങളായി ഉപയോഗത്തിലുണ്ട്. പക്ഷികളുടെ കാലിൽ വളയമിടുന്നതാണ് അതിലൊന്ന്. കനംകുറഞ്ഞ ഒരു ലോഹത്തകിടോ പ്ലാസ്റ്റിക്ക് കഷണമോ ശ്രദ്ധാപൂർവം ഒരു പക്ഷിയുടെ കാലിൽ തളപോലെ ചുറ്റുന്നു.
ഒരു ഔദ്യോഗിക ഗവേഷണ ഉപാധി എന്ന നിലയിൽ, പക്ഷികൾക്ക് വളയമിടുന്ന രീതിക്ക് 1899-ൽ ഡെൻമാർക്കുകാരനായ ഹാൻസ് ക്രിസ്റ്റ്യൻ മോർട്ടൻസൺ എന്ന സ്കൂൾ അധ്യാപകനാണ് തുടക്കമിട്ടതെന്ന് സ്മിത്സോണിയൻ മാസിക പറയുന്നു. അദ്ദേഹം “സ്വന്തമായി ലോഹത്തകിടുകൾകൊണ്ട് വളയങ്ങൾ ഉണ്ടാക്കി, അതിൽ സ്വന്തം പേരും വിലാസവും ആലേഖനം ചെയ്ത് പ്രായം
കുറഞ്ഞ 165 സ്റ്റാർളിങ് പക്ഷികൾക്ക് ഇടുകയുണ്ടായി.” ഇക്കാലത്ത് പക്ഷികളുടെ കാലിൽ വളയമിട്ടു വിടുന്ന രീതി ലോകമെങ്ങും പ്രാബല്യത്തിലുണ്ട്. ഏതു പക്ഷികൾ എവിടെ കാണപ്പെടുന്നു, അവയുടെ ദേശാടന സ്വഭാവങ്ങൾ, പെരുമാറ്റം, സാമൂഹിക ഘടന, എണ്ണം, അതിജീവന, പുനരുത്പാദന നിരക്കുകൾ എന്നിവ സംബന്ധിച്ചുള്ള വിലയേറിയ വിവരങ്ങൾ അതുവഴി ലഭിക്കുന്നു. വേട്ടയാടൽ അനുവദിച്ചിരിക്കുന്ന ഇടങ്ങളിൽ, വേട്ടയാടപ്പെടുന്ന പക്ഷികളുടെ ദീർഘകാല പരിപാലനാർഥം നിയമങ്ങളുണ്ടാക്കാൻ വളയമിടുന്ന ഈ രീതി ഗവൺമെന്റുകളെ സഹായിക്കുന്നു. രോഗങ്ങളും അതുപോലെ വിഷമുള്ള രാസപദാർഥങ്ങളും പക്ഷികളെ എങ്ങനെ ബാധിക്കുന്നു എന്നു മനസ്സിലാക്കാനും ഇതു സഹായിക്കുന്നു. വാസ്തവത്തിൽ, മനുഷ്യർക്ക് ഉണ്ടാകുന്ന മസ്തിഷ്കവീക്കവും ലൈം രോഗവും പോലുള്ള അസുഖങ്ങൾ ചില പക്ഷികൾക്കും ഉണ്ടാകുന്നതിനാൽ, അവയുടെ ജീവശാസ്ത്രവും സ്വഭാവങ്ങളും സംബന്ധിച്ച വിവരങ്ങൾ നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും ഉപകാരപ്രദമായിരിക്കാൻ കഴിയും.വളയമിടുന്നത് ക്രൂരമോ?
പക്ഷികളെ വളയമിട്ടു വിടുന്ന രീതിയുള്ള രാജ്യങ്ങളിൽ, അതിനു നിയന്ത്രണങ്ങൾ ഉണ്ട്. വളയമിടുന്നവർക്കു സാധാരണഗതിയിൽ ലൈസൻസ് ആവശ്യമാണ്. ഓസ്ട്രേലിയയിൽ “പക്ഷികൾക്കു ഹാനി വരാതെ അവയെ പിടിച്ച് വളയമിടാൻ അതു ചെയ്യുന്നവർക്കു നല്ല പരിശീലനം നൽകാറുണ്ട്. ഇതിനു സാധാരണ രണ്ടു വർഷമെടുക്കും, വളരെയധികം പരിശീലനം നേടേണ്ടത് ആവശ്യമാണ്” എന്ന് ‘ഓസ്ട്രേലിയൻ പ്രകൃതി സംരക്ഷണ ഏജൻസി’ പറയുന്നു. സമാനമായ നിയന്ത്രണങ്ങൾ യൂറോപ്പിലും അതുപോലെ കാനഡയിലും ഐക്യനാടുകളിലും മറ്റു രാജ്യങ്ങളിലും ഉണ്ട്.
വളയങ്ങളുടെ ആകൃതിയും വലിപ്പവും നിറവും അതിന് ഉപയോഗിക്കുന്ന പദാർഥവും വ്യത്യാസപ്പെട്ടിരിക്കും. മിക്കതിനും ഉപയോഗിക്കുന്നത് അലൂമിനിയമോ പ്ലാസ്റ്റിക്കോ പോലെ ഭാരം കുറഞ്ഞ എന്തെങ്കിലും ആയിരിക്കും. എന്നാൽ, കൂടുതൽ ആയുസ്സുള്ള അല്ലെങ്കിൽ ലവണജല പ്രദേശങ്ങളിൽ കഴിയുന്ന പക്ഷികൾക്കു സ്റ്റെയിൻലെസ് സ്റ്റീലോ ദ്രവിച്ചുപോകാത്ത മറ്റെന്തെങ്കിലും പദാർഥമോ കൊണ്ടുള്ള വളയമാണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത വർണങ്ങളിലുള്ള വളയങ്ങൾ അകലെനിന്നുതന്നെ പക്ഷിയെ തിരിച്ചറിയാൻ സഹായിക്കുന്നു. വ്യത്യസ്ത തരത്തിലുള്ള വളയങ്ങൾ ഇട്ടുകൊടുക്കേണ്ടത് ആവശ്യമായിരിക്കുന്നെങ്കിലും, തിരിച്ചറിയാനായി പക്ഷിയെ വീണ്ടും പിടിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ അതിന് അനുഭവിക്കേണ്ടി വരുന്നില്ല.
ഏതു തരത്തിലുള്ള വളയമിടൽ, അടയാളമിടൽ രീതികൾ ഉപയോഗിച്ചാലും, പക്ഷികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന അല്ലെങ്കിൽ അവയുടെ പെരുമാറ്റത്തെയോ ജൈവഘടനയെയോ ആയുസ്സിനെയോ സാമൂഹിക ജീവിതത്തെയോ പരിസ്ഥിതിയെയോ അതിജീവനത്തെയോ ബാധിച്ചേക്കാവുന്ന യാതൊന്നും അവയ്ക്കു സംഭവിക്കാതിരിക്കാൻ ഗവേഷകർ ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന്, തീവ്രവർണത്തിലുള്ള ഒരു അടയാളം ചിറകിൽ പിടിപ്പിച്ചാൽ, അതു പക്ഷിയെ ഇരപിടിയന്മാർക്ക് എളുപ്പത്തിൽ ദൃശ്യമാക്കിത്തീർക്കുകയോ ഇണചേരുന്നതിലുള്ള അതിന്റെ വിജയത്തെ സ്വാധീനിക്കുകയോ ചെയ്തേക്കാം. ചില വർഗത്തിൽ പെട്ട പക്ഷികൾ അവയുടെ കാലിലാണ് കാഷ്ഠിക്കുന്നത്. അതിനാൽ അവയുടെ കാലിൽ വളയം ഇടുന്നത് അവയ്ക്ക് അണുബാധ ഉണ്ടാകുന്നതിന് ഇടയാക്കിയേക്കാം. തണുപ്പുള്ള പ്രദേശങ്ങളിൽ വളയങ്ങളിൽ ഐസ് പൊതിയുന്നത് പക്ഷികൾക്ക്, അപകടകരം ആയേക്കാം. നീർപ്പക്ഷികളുടെ കാര്യത്തിൽ ഇതു പ്രത്യേകിച്ചും സത്യമാണ്. പക്ഷികൾക്ക് അടയാളമിടുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ചില സംഗതികൾ മാത്രമാണ് ഇവ. ഈ പരിപാടി ഫലപ്രദവും അതേസമയം പക്ഷികൾക്കു ഹാനികരമല്ലാത്തതുമായ രീതിയിൽ നടപ്പാക്കണമെങ്കിൽ, പക്ഷികളുടെ ജൈവശാസ്ത്രവും പെരുമാറ്റവും സംബന്ധിച്ച് ഉണ്ടായിരിക്കേണ്ട ശാസ്ത്രീയ അറിവിന്റെ വ്യാപ്തി ഇതു വെളിപ്പെടുത്തുന്നു.
അടയാളമുള്ള ഒരു പക്ഷിയെയോ മൃഗത്തെയോ നിങ്ങൾ കണ്ടാലോ?
ചിലപ്പോൾ അടയാളത്തിൽ ഒരു ടെലഫോൺ നമ്പരോ വിലാസമോ ആലേഖനം ചെയ്തിരിക്കും. അടയാളമിട്ട ആളുമായി ബന്ധപ്പെടാൻ അതു നിങ്ങളെ സഹായിക്കും. a എപ്പോൾ, എവിടെവെച്ച് നിങ്ങൾക്ക് ആ അടയാളം കിട്ടിയെന്ന കാര്യവും ഒരുപക്ഷേ അതിലെ മറ്റു വിശദാംശങ്ങളും ആ വ്യക്തിയെ അറിയിക്കാൻ സാധിക്കും. ഉദാഹരണത്തിന്, ഒരു മത്സ്യത്തിന്റെ കാര്യത്തിൽ അടയാളമിട്ട് സ്വതന്ത്രമാക്കപ്പെട്ട ശേഷം അത് എത്ര ദൂരം, എത്ര വേഗത്തിൽ സഞ്ചരിച്ചു എന്ന് ഒരു ജീവശാസ്ത്രജ്ഞനു നിർണയിക്കാൻ സാധിക്കും.
ലോകമെമ്പാടുമുള്ള ഗവേഷകരുടെയും കിട്ടുന്ന വളയങ്ങളെയും മറ്റ് അടയാളങ്ങളെയും കുറിച്ചു റിപ്പോർട്ടു ചെയ്യുന്ന മനസ്സാക്ഷിബോധമുള്ള ആളുകളുടെയും ശ്രമഫലമായി വന്യജീവികളെ കുറിച്ചുള്ള വിസ്മയിപ്പിക്കുന്ന വിശദാംശങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടുണ്ട്. നീർക്കാടയുടെ കുടുംബത്തിൽ പെട്ട, 100-200 ഗ്രാം തൂക്കമുള്ള ‘റെഡ് നോട്ട്’ പക്ഷിയുടെ കാര്യം നോക്കുക. ചില ‘റെഡ് നോട്ടുകൾ’ ഓരോ വർഷവും കാനഡയുടെ ഏറ്റവും വടക്കുനിന്നു തെക്കേ അമേരിക്കയുടെ അങ്ങേയറ്റത്തേക്കു ദേശാടനം ചെയ്യുന്നതായും തുടർന്ന് തിരിച്ചു പോകുന്നതായും ശാസ്ത്രജ്ഞർക്ക് ഇപ്പോൾ അറിയാം. ആ ദൂരം ഏകദേശം 30,000 കിലോമീറ്റർ വരും!
പ്രായം ചെന്നതെങ്കിലും ആരോഗ്യമുള്ള ഒരു റെഡ് നോട്ടിന്റെ വളയം അതു 15 വർഷമായി ഈ സഞ്ചാരം നടത്തുന്നതായി വെളിപ്പെടുത്തി. അതേ, ഈ കൊച്ചുപക്ഷി 4,00,000 കിലോമീറ്റർ സഞ്ചരിച്ചിരിക്കാൻ ഇടയുണ്ട്, അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി അകലത്തെക്കാൾ കൂടുതൽ! തികച്ചും ശ്രദ്ധേയമായ ഈ കൊച്ചുപക്ഷിയെ ഉള്ളങ്കൈയിൽ പിടിച്ചുകൊണ്ട് പ്രകൃതി ലേഖകനായ സ്കോട്ട് വൈഡൻസോൾ ഇങ്ങനെ പറഞ്ഞു: “ആദരവും വിസ്മയവും പ്രകടിപ്പിക്കാനേ എന്നെക്കൊണ്ടാവൂ.” അതേ, ഭൂമിയിലെ നിരവധി ജീവജാലങ്ങളെ കുറിച്ച് നാം എത്രയധികം പഠിക്കുന്നുവോ, ‘ആകാശവും ഭൂമിയും അവയിലുള്ള സകലവും ഉണ്ടാക്കിയ’ യഹോവയാം ദൈവത്തോടുള്ള ഭയാദരവ് നമ്മുടെ ഉള്ളിൽ അത്രയധികം നിറയുന്നു.—സങ്കീർത്തനം 146:5, 6. (g02 3/22)
[അടിക്കുറിപ്പ്]
a വളയങ്ങളോ മറ്റ് അടയാളങ്ങളോ പഴക്കംചെന്ന് അതിലെ വിശദാംശങ്ങളെല്ലാം തേഞ്ഞുമാഞ്ഞു പോയേക്കാം. എന്നാൽ, ആലേഖന അമ്ലം ഉപയോഗിച്ച് പ്രത്യക്ഷത്തിൽ അദൃശ്യമായ ഈ വിശദാംശങ്ങൾ വായിച്ചെടുക്കാൻ സാധിക്കും. ഐക്യനാടുകളിലെ ‘ബേർഡ് ബാൻഡിങ് ലബോറട്ടറി’ ഓരോ വർഷവും അത്തരത്തിലുള്ള നൂറുകണക്കിനു വളയങ്ങളിലെ വിവരങ്ങൾ വായിച്ചെടുക്കുന്നു.
[15-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അടയാളമിടുകയും നിരീക്ഷണം നടത്തുകയും ചെയ്യുന്ന വിധങ്ങൾ
ഗവേഷണം നടത്തുന്നതിനായി പക്ഷികൾക്കു മാത്രമല്ല, മറ്റു ജീവികൾക്കും അടയാളമിടാറുണ്ട്. ഇതിന് ഉപയോഗിക്കുന്ന രീതികൾ, അതിന്റെ ശാസ്ത്രീയ ലക്ഷ്യങ്ങളെയും ഉൾപ്പെട്ടിരിക്കുന്ന ജീവികളുടെ ശാരീരിക പ്രത്യേകതകളെയും സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. കാൽവളയങ്ങൾക്കു പുറമേ, കൊടികൾ, റിബണുകൾ, ടാഗുകൾ, പെയിന്റ്, പച്ചകുത്ത്, ഡൈകൾ, ചൂടടയാളങ്ങൾ, കോളറുകൾ, റേഡിയോ സംപ്രേക്ഷണ ഉപകരണങ്ങൾ, അതിസൂക്ഷ്മ കമ്പ്യൂട്ടറുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ ശരങ്ങൾ (കോഡ് എഴുത്തുള്ള ടാഗുകൾ അതിൽ ബന്ധിച്ചിരിക്കും), കൂടാതെ കാൽവിരൽ, കാത്, വാൽ എന്നിവയുടെ അഗ്രം മുറിക്കുന്ന രീതികളും മറ്റു വിദ്യകളും രീതികളും ഗവേഷകർ ഉപയോഗിക്കാറുണ്ട്. ഇവയിൽ ചിലതിനു ചെലവു കുറവാണ്, മറ്റു ചിലവ വളരെ ചെലവേറിയതും. നീർനായുടെ ഡൈവിങ് ശീലങ്ങളെ കുറിച്ചു പഠിക്കാൻ ഉപയോഗിക്കുന്ന ചെറിയ വീഡിയോ പോലുള്ള ഒരു സൂക്ഷ്മ ഇലക്ട്രോണിക് ഉപകരണത്തിന് 6,90,000 രൂപയോളം വിലവരും.
‘പാസിവ് ഇന്റഗ്രേറ്റഡ് ട്രാൻസ്പോണ്ടർ’ എന്നു വിളിക്കപ്പെടുന്ന ഒരു ഇലക്ട്രോണിക് ഉപകരണം, മരുന്നു കുത്തിവെച്ചു മയക്കിയ ഒരു ജീവിയുടെ ത്വക്കിനടിയിലോ ശരീരത്തിനുള്ളിലോ സ്ഥാപിക്കാവുന്നതാണ്. എന്നിട്ട് ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് പുറത്തുനിന്നുതന്നെ അതിലെ വിവരങ്ങൾ വായിച്ചെടുക്കാൻ കഴിയും. നീല ചിറകുള്ള ചൂരമത്സ്യത്തെ കുറിച്ചു പഠിക്കാൻ ‘ആർക്കൈവൽ ടാഗ്’ അല്ലെങ്കിൽ ‘സ്മാർട്ട് ടാഗ്’ എന്നു വിളിക്കപ്പെടുന്ന ഒരു ചെറിയ കമ്പ്യൂട്ടർ അതിന്റെയുള്ളിൽ സ്ഥാപിക്കുന്നു. ഈ അതിസൂക്ഷ്മ കമ്പ്യൂട്ടറുകൾ താപനില, മത്സ്യം ജലത്തിനടിയിലേക്കു പോകുന്നതിന്റെ ആഴം, പ്രകാശ തീവ്രത, സമയം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ഒമ്പതു വർഷംവരെ ശേഖരിച്ചുവെക്കുന്നു. ആ ടാഗ് തിരികെ എടുത്തുകഴിയുമ്പോൾ പ്രസ്തുത മത്സ്യത്തിന്റെ സഞ്ചാരത്തെ കുറിച്ചുള്ള വിവരങ്ങൾ—ഓരോ ദിവസത്തെയും പ്രകാശത്തിന്റെ അളവും സമയവും സംബന്ധിച്ച രേഖകൾ താരതമ്യപ്പെടുത്തുക വഴി ഇതു കണക്കാക്കാം—ഉൾപ്പെടെ അതിൽനിന്നു വിലപ്പെട്ട ധാരാളം വിവരങ്ങൾ ലഭിക്കുന്നു.
പാമ്പുകളുടെ ത്വക്കിലെ ഏതാനും ശൽക്കങ്ങൾ നീക്കം ചെയ്തുകൊണ്ട് അവയ്ക്ക് അടയാളമിടാൻ കഴിയും; ആമകളുടെ തോടിൽ ചെറിയ വെട്ടുകൾ വരുത്തിക്കൊണ്ട് അടയാളമിടാനാകും; പല്ലികളിൽ, അവയുടെ ഒരു കാൽവിരൽ മുറിച്ചുകൊണ്ട്; ചീങ്കണ്ണികളിലും മുതലകളിലും അവയുടെ വാലിലുള്ള കൂർത്ത ഭാഗങ്ങൾ നീക്കം ചെയ്തുകൊണ്ട് ഇതു സാധിക്കും. ചില ജീവികൾക്കു സ്വാഭാവികമായിത്തന്നെ തനത് ആകാരസവിശേഷതകൾ ഉള്ളതിനാൽ ഫോട്ടോ മാത്രം നോക്കി അവയിൽ ഓരോന്നിനെയും തിരിച്ചറിയാൻ സാധിക്കും.
[ചിത്രങ്ങൾ]
ഒരു കരിങ്കരടിയുടെ കാതിൽ അടയാളമിടുന്നു; ഡാംസെൽ മത്സ്യത്തിന്മേൽ നീണ്ട, നേർത്ത ഒരു അടയാളം; ചീങ്കണ്ണികളുടെ വാലിൽ അടയാളം
സാറ്റലൈറ്റ് ട്രാൻസ്മിറ്റർ ഘടിപ്പിച്ച ഒരു കായൽ പുള്ള്
ആന്തരിക വിവരങ്ങൾ സമാഹരിച്ച് ദൂരേക്ക് അയയ്ക്കുന്ന ടെലിമെട്രി ഉപകരണം ഘടിപ്പിച്ച മഴവിൽ മത്സ്യം
[കടപ്പാട്]
കരടി: © Glenn Oliver/Visuals Unlimited; ഡാംസെൽ മത്സ്യം: Dr. James P. McVey, NOAA Sea Grant Program; ചീങ്കണ്ണി: Copyright © 2001 by Kent A. Vliet; 2, 15 പേജുകളിലെ കായൽ പുള്ള്: Photo by National Park Service; മനുഷ്യർ മത്സ്യത്തോടൊപ്പം: © Bill Banaszewski/Visuals Unlimited
[13-ാം പേജിലെ ചിത്രം]
ഒരു ‘ഷാർപ്പ്-ഷിൻഡ്’ ഇനം പരുന്തിനെ വളയം അണിയിക്കുന്നു
[കടപ്പാട്]
© Jane McAlonan/Visuals Unlimited