വിശുദ്ധ പത്രൊസിന്റെ മത്സ്യം
വിശുദ്ധ പത്രൊസിന്റെ മത്സ്യം
നിങ്ങൾ ഇസ്രായേലിലെ ഗലീലക്കടലിനു സമീപത്തുള്ള ഒരു റെസ്റ്ററന്റ് സന്ദർശിക്കുന്നുവെന്നിരിക്കട്ടെ. അവിടത്തെ വിഭവങ്ങളുടെ പട്ടികയിലെ ഒരു ഇനം നിങ്ങളുടെ പ്രത്യേക ശ്രദ്ധ ആകർഷിക്കാൻ ഇടയുണ്ട്. അത് “വിശുദ്ധ പത്രൊസിന്റെ മത്സ്യം” (“St. Peter’s fish”) ആണ്. എല്ലാവരുടെയും, പ്രത്യേകിച്ച് വിനോദസഞ്ചാരികളുടെ, ഇഷ്ടപ്പെട്ട വിഭവമാണ് അതെന്ന് വെയ്റ്റർ നിങ്ങളോടു പറഞ്ഞേക്കാം. വറുത്തെടുത്ത ആ മീൻ ചൂടോടെ കഴിക്കുമ്പോഴത്തെ രുചിയൊന്നു വേറെതന്നെയാണ്. എന്നാൽ അപ്പൊസ്തലനായ പത്രൊസുമായി ഈ മത്സ്യത്തിന് എന്തു ബന്ധമാണുള്ളത്?
മത്തായി 17:24-27-ലെ ബൈബിൾ വിവരണം ഉത്തരം നൽകുന്നു. ഒരിക്കൽ പത്രൊസ് ഗലീലക്കടലിന് അടുത്തുള്ള കഫർന്നഹൂം പട്ടണം സന്ദർശിച്ചപ്പോൾ യേശു ആലയ നികുതി അടയ്ക്കാറുണ്ടോ എന്നു ചിലർ അവനോടു ചോദിച്ചു. ദൈവപുത്രനായ താൻ അത്തരം നികുതി അടയ്ക്കാൻ ബാധ്യസ്ഥനല്ലെന്നു യേശു പിന്നീടു വിശദീകരിച്ചു. എന്നിരുന്നാലും മറ്റുള്ളവരെ ഇടറിക്കാതിരിക്കുന്നതിന്, കടലിൽ ചെന്നു ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മീനിന്റെ വായിൽ കാണുന്ന നാണയം നികുതിയായി കൊടുക്കാൻ യേശു പത്രൊസിനോടു പറഞ്ഞു.
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സംഭവത്തിൽനിന്നാണ് “വിശുദ്ധ പത്രൊസിന്റെ മത്സ്യം” എന്ന പേരു വന്നിരിക്കുന്നത്. എന്നാൽ ഏതുതരം മത്സ്യത്തെയാണു പത്രൊസ് പിടിച്ചത്?
ധാരാളം മത്സ്യമുള്ള ഗലീലക്കടൽ
ഗലീലക്കടലിൽ കാണുന്ന ഏതാണ്ട് 20 മത്സ്യവർഗങ്ങളിൽ പത്തെണ്ണം മാത്രമേ പത്രൊസ് പിടിച്ചതരം മത്സ്യം ആയിരിക്കാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നുള്ളൂ. ഈ പത്തെണ്ണത്തെ വ്യാവസായിക പ്രാധാന്യമുള്ള മൂന്നു കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു.
ഏറ്റവും വലിയ കൂട്ടത്തിന്റെ പേര് മുഷ്റ്റ് എന്നാണ്. “ചീപ്പ്” എന്നാണ് അറബിയിൽ ഈ വാക്കിന്റെ അർഥം. ഈ കൂട്ടത്തിൽ പെടുന്ന അഞ്ച് വർഗങ്ങൾക്ക് ചീപ്പു പോലുള്ള മുതുച്ചിറക് ഉള്ളതിനാലാണ് ഇത്. ഇതിലെ ഒരു വർഗം ഏകദേശം 45 സെന്റിമീറ്റർ നീളവും രണ്ടു കിലോഗ്രാം തൂക്കവും വെക്കുന്നു.
രണ്ടാമത്തെ കൂട്ടം ചെറു മത്തി പോലെയിരിക്കുന്ന കിന്നേരെത്ത് (ഗലീലക്കടൽ) മത്തിയാണ്. നല്ല സീസണിൽ ഓരോ രാത്രിയിലും ഇവയെ ടൺ കണക്കിനാണു പിടിക്കുന്നത്, അതായത് ഒരു വർഷം ഏതാണ്ട് ആയിരം ടണ്ണോളം. പുരാതനകാലം മുതൽ ഈ മത്തി അച്ചാറിടുന്നതിന് ഉപയോഗിച്ചു വന്നിരിക്കുന്നു.
‘മീശത്തൊങ്ങൽ മത്സ്യം’ (barbel) എന്നും അറിയപ്പെടുന്ന ബിന്നിയാണ് മൂന്നാമത്തെ കൂട്ടം. ഇതിലെ മൂന്ന് വർഗങ്ങൾക്ക് വായുടെ ഭാഗത്തു മീശപോലുള്ള ഉപാംഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ അതിന് “രോമം” എന്നർഥമുള്ള ബിന്നി എന്ന എബ്രായ പേരു ലഭിച്ചിരിക്കുന്നു. കക്കാപ്രാണികൾ, ഒച്ചുകൾ, ചെറു മത്സ്യങ്ങൾ എന്നിവയൊക്കെയാണ് ഇതിന്റെ ആഹാരം. നീണ്ട തലയുള്ള മീശത്തൊങ്ങൽ മത്സ്യത്തിന് ഏതാണ്ട് 75 സെന്റിമീറ്റർ നീളവും ഏഴു കിലോഗ്രാമിലധികം തൂക്കവും വെക്കും. നല്ല ദശയുള്ള ഈ മത്സ്യം യഹൂദന്മാർ ശബത്തുനാളുകളിലും ഉത്സവദിനങ്ങളിലും പാകം ചെയ്യുന്ന ഒരു ഇഷ്ടപ്പെട്ട വിഭവമാണ്.
വ്യാവസായിക പ്രാധാന്യമുള്ള ഈ മൂന്നു കൂട്ടങ്ങളിലും പെടാത്തതാണ് ഗലീലക്കടലിലെ ഏറ്റവും വലിയ മീനായ പൂച്ചമത്സ്യം. ഇതിന് 1.20 മീറ്റർ വരെ നീളവും ഏതാണ്ട് 11 കിലോഗ്രാം തൂക്കവും വരും. എന്നാൽ പൂച്ചമത്സ്യത്തിനു ചെതുമ്പൽ ഇല്ല. അതുകൊണ്ട് മോശൈക ന്യായപ്രമാണം അനുസരിച്ച് അത് അശുദ്ധമായിരുന്നു. (ലേവ്യപുസ്തകം 11:9-12) തന്മൂലം യഹൂദന്മാർ അതു കഴിക്കാറില്ല, പത്രൊസ് പിടിച്ച മത്സ്യം അതായിരിക്കാനും ഇടയില്ല.
പത്രൊസ് പിടിച്ച മത്സ്യം ഏതായിരുന്നു?
“വിശുദ്ധ പത്രൊസിന്റെ മത്സ്യം” ആയി പൊതുവേ കണക്കാക്കപ്പെടുന്നത് മുഷ്റ്റ് മത്സ്യമാണ്. ഗലീലക്കടലിനടുത്തുള്ള റെസ്റ്ററന്റുകളിൽ ആ പേരിൽ വിളമ്പുന്നതും ഇതുതന്നെ. മുള്ളു കുറവായതിനാൽ ഇതു പാകം ചെയ്യാനും കഴിക്കാനും എളുപ്പമാണ്. എന്നാൽ വാസ്തവത്തിൽ പത്രൊസ് പിടിച്ച മീൻ ഇതുതന്നെ ആണോ?
അമ്പതിലേറെ വർഷമായി ഗലീലക്കടൽ തീരത്തു താമസിക്കുന്ന മുക്കുവനായ മെൻഡൽ നൂൻ പ്രാദേശിക മത്സ്യങ്ങളെ സംബന്ധിച്ച് നല്ല അറിവുള്ളയാൾ എന്ന നിലയിൽ ആദരിക്കപ്പെടുന്നു. അദ്ദേഹം പറയുന്നു: “മുഷ്റ്റിന്റെ ഭക്ഷണം പ്ലവകങ്ങളാണ്. മറ്റു ഭക്ഷണം അവയെ ആകർഷിക്കാറില്ല. അതുകൊണ്ട് ഇവയെ ചൂണ്ടൽ ഇട്ടല്ല, മറിച്ച് വല വീശിയാണു പിടിക്കാറ്.” അങ്ങനെയാകുമ്പോൾ പത്രൊസ് പിടിച്ച മത്സ്യം ഇതാകാൻ വഴിയില്ല. അപ്പോൾപ്പിന്നെ അതു കിന്നേരത്ത് മത്തി ആയിരിക്കുമോ? ഈ മത്സ്യം തീരെ ചെറുതായതിനാൽ അതിനുള്ള സാധ്യത ഒട്ടുംതന്നെയില്ല.
പിന്നെ ബാക്കിയുള്ളത് മീശത്തൊങ്ങൽ മത്സ്യം മാത്രമാണ്. “വിശുദ്ധ പത്രൊസിന്റെ മത്സ്യം” എന്ന പേരിന് ഏറ്റവും അർഹമായത് ഈ മത്സ്യമാണെന്നു ചിലർ കരുതുന്നു. നൂൻ പറഞ്ഞു: “കാലങ്ങളായി [ഗലീലക്കടലിലെ] മുക്കുവന്മാർ തടാകത്തിന്റെ അടിത്തട്ടിലെ ജലജീവികളെ തിന്നു ജീവിക്കുന്ന മീശത്തൊങ്ങൽ മത്സ്യത്തെ പിടിക്കാൻ മത്തി കൊളുത്തിയ ചൂണ്ടകൾ ഉപയോഗിച്ചു പോന്നിട്ടുണ്ട്.” അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: “പത്രൊസ് പിടിച്ചത് മീശത്തൊങ്ങൽ മത്സ്യത്തെ ആയിരുന്നു എന്ന് ഏതാണ്ട് ഉറപ്പിച്ചു പറയാനാകും.”
അങ്ങനെയെങ്കിൽ, “വിശുദ്ധ പത്രൊസിന്റെ മത്സ്യം” എന്ന പേരിൽ മുഷ്റ്റ് മത്സ്യം വിളമ്പുന്നത് എന്തുകൊണ്ടാണ്? നൂൻ ഉത്തരം നൽകുന്നു: “കുഴപ്പിക്കുന്ന ഈ പേരു മാറ്റത്തിന് ഒരു വിശദീകരണമേ നൽകാനാവൂ. അത് വിനോദസഞ്ചാര വ്യവസായത്തിനു നല്ലതായിരുന്നു എന്നതുതന്നെ! . . . വിദൂര ദിക്കുകളിൽനിന്നു പോലും തീർഥാടകർ എത്തിത്തുടങ്ങിയപ്പോൾ തടാകക്കരയിൽ പണ്ടുമുതൽ പ്രവർത്തിച്ചുവരുന്ന ഭോജനശാലകളിൽ വിളമ്പുന്ന മുഷ്റ്റിന് ‘വിശുദ്ധ പത്രൊസിന്റെ മത്സ്യം’ എന്ന പേരു നൽകുന്നത് ബിസിനസ്സിനു ഗുണം ചെയ്യുമെന്നു കാണപ്പെട്ടു എന്നതിനു സംശയമില്ല. ആളുകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും എളുപ്പം തയ്യാറാക്കാൻ കഴിയുന്നതുമായ മത്സ്യത്തിന് ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന പേരു ലഭിച്ചു!”
പത്രൊസ് പിടിച്ച മത്സ്യം ഏതാണെന്നു തീർത്തു പറയാൻ നമുക്കാവില്ലെങ്കിലും, “വിശുദ്ധ പത്രൊസിന്റെ മത്സ്യം” എന്ന പേരിൽ നിങ്ങളുടെ മുമ്പിൽ എത്തുന്ന വിഭവം അത്യന്തം രുചികരമായിരിക്കാനാണ് ഏറെ സാധ്യത. (g02 2/22)
[25-ാം പേജിലെ ചിത്രം]
“മുഷ്റ്റ്”
[25-ാം പേജിലെ ചിത്രം]
മീശത്തൊങ്ങൽ മത്സ്യം
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Garo Nalbandian