സഹപാഠികളോട് എനിക്ക് എങ്ങനെ സാക്ഷീകരിക്കാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
സഹപാഠികളോട് എനിക്ക് എങ്ങനെ സാക്ഷീകരിക്കാനാകും?
“വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് എനിക്കു പരിചയമുള്ള ഒരു കുട്ടിയെ ഞാൻ കണ്ടുമുട്ടിയത്. നാവിറങ്ങിപ്പോയതുപോലെയായി എനിക്ക്! ഒടുവിൽ എന്റെ കൂടെ ഉണ്ടായിരുന്ന ആൾ എനിക്കുവേണ്ടി സംസാരിക്കേണ്ടിവന്നു.”—ആൽബെർട്ടോ.
“എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ആ വഴിക്ക് എവിടെയോ ആണ് താമസിക്കുന്നത് എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് എല്ലാ വീട്ടിലും ഞാൻ ചേട്ടനെക്കൊണ്ടുതന്നെ സംസാരിപ്പിച്ചു. ഒടുവിൽ വായിലെ വെള്ളം വറ്റിയപ്പോൾ, അടുത്ത വീട്ടിൽ എന്നോടു സംസാരിക്കാൻ ചേട്ടൻ പറഞ്ഞു. ഞാൻ വാതിലിൽ മുട്ടി. പക്ഷേ ആളെ കണ്ടപ്പോഴല്ലേ, അത് അവനായിരുന്നു! ഞാൻ ആകെ ഭയന്നുപോയി!”—ജെയിംസ്.
മതത്തെ കുറിച്ചു ചർച്ച ചെയ്യുന്നത് ഒരു പഴഞ്ചൻ സംഗതിയായിട്ടാണ് മിക്കപ്പോഴും യുവജനങ്ങൾ കരുതുന്നത്. എന്നാൽ സത്യക്രിസ്ത്യാനികൾക്കിടയിലെ യുവവ്യക്തികൾ തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ദൈവദത്ത പദവിയെ വിലമതിക്കുന്നു. അതുകൊണ്ട്, യഹോവയുടെ ആയിരക്കണക്കിനു യുവ സാക്ഷികൾ വീടുതോറുമുള്ള പ്രസംഗവേലയിൽ പങ്കുപറ്റുന്നു. എന്നാൽ, സ്കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടിയേക്കുമോ എന്ന ഭയത്തോടെയാണു ചിലർ അതു ചെയ്യുന്നത്. “എന്റെ കൂടെ പഠിച്ച ആരെയെങ്കിലും കണ്ടുമുട്ടിയേക്കുമോ എന്ന ഭയം ഇപ്പോഴും എനിക്കുണ്ട്” എന്ന് ചില വർഷങ്ങൾക്കു മുമ്പ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജെന്നിഫർ പറയുന്നു.
നിങ്ങൾ ഒരു യുവ ക്രിസ്ത്യാനിയാണെങ്കിൽ ചിലപ്പോൾ നിങ്ങൾക്കും അങ്ങനെ അനുഭവപ്പെട്ടേക്കാം. മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടാൻ നാം ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സഹപാഠികളോടു മതത്തെ കുറിച്ചു സംസാരിക്കേണ്ടി വരുമ്പോൾ അൽപ്പം ആശങ്ക തോന്നുന്നതു സ്വാഭാവികം മാത്രമാണ്. a എന്നാൽ ഈ ഭയം നമ്മെ കീഴ്പെടുത്താൻ നാം അനുവദിക്കേണ്ടതില്ല. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ‘അരിമത്യക്കാരനായ യോസേഫിനെ’ നിങ്ങൾക്ക് ഓർമയുണ്ടോ? യേശുവിൽനിന്നു പഠിച്ച കാര്യങ്ങൾ അവൻ വിശ്വസിച്ചിരുന്നു. എങ്കിലും ബൈബിൾ അവനെ വിശേഷിപ്പിക്കുന്നത് “യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന”വൻ എന്നാണ്. (യോഹന്നാൻ 19:38) നിങ്ങളുമായുള്ള സൗഹൃദം മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന ഒരു സുഹൃത്തിനെ കുറിച്ചു നിങ്ങൾക്ക് എന്തു തോന്നും? (ലൂക്കൊസ് 12:8, 9) അതുകൊണ്ട്, എല്ലാ ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം ‘പരസ്യമായി പ്രഖ്യാപിക്കാൻ’ ദൈവം പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. (റോമർ 10:10, NW) നിങ്ങളുടെ സ്കൂളിലെ കുട്ടികളോടു സംസാരിക്കുന്നതും അതിൽ ഉൾപ്പെടും.
യേശുവിന്റെ ശരീരം അടക്കം ചെയ്യാൻ അനുമതി തേടുന്ന ഘട്ടത്തോളമെങ്കിലും അരിമത്യയിലെ യോസേഫിന് തന്റെ ഭയത്തെ മറികടക്കാൻ സാധിച്ചു. നിങ്ങളുടെ ഭയത്തെ തരണം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
പ്രസംഗിക്കാനുള്ള ഉത്സാഹം നട്ടുവളർത്തൽ
തന്റെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാൻ പൗലൊസ് അപ്പൊസ്തലനു മടിയില്ലായിരുന്നു, റോമർ 1:15-ൽ (NW) ബൈബിളിലെ സന്ദേശം ഘോഷിക്കാൻ താൻ ഉത്സാഹമുള്ളവനാണെന്ന് അവൻ പറയുന്നു. ആ ഉത്സാഹം ഉണ്ടായത് എങ്ങനെയാണ്? 16-ാം വാക്യത്തിൽ അവൻ പറയുന്നു: “സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും . . . അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.” നിങ്ങളെ സംബന്ധിച്ചെന്ത്? സത്യം നിങ്ങൾ യഥാർഥത്തിൽ സ്വയം ഉറപ്പുവരുത്തിയിട്ടുണ്ടോ? (റോമർ 12:2, NW) ബൈബിളിലെ സന്ദേശം ‘രക്ഷെക്കായുള്ള ദൈവശക്തിയാണെന്ന്’ നിങ്ങൾക്കു വ്യക്തിപരമായി ബോധ്യമായിട്ടുണ്ടോ?
മാതാപിതാക്കളുമൊത്ത് ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതു മാത്രം പോരാ. ഡെബൊറ എന്ന പെൺകുട്ടി പറയുന്നു: “മാതാപിതാക്കളെ ബോധിപ്പിക്കാനായി യോഗങ്ങൾക്കു പോകുന്നത് എളുപ്പമാണ്. എന്നാൽ ആളുകൾ എന്നോടു ബൈബിളിനെ കുറിച്ച് ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ അവ വിശദീകരിച്ചുകൊടുക്കാൻ എനിക്കു സാധിച്ചിരുന്നില്ല.” മിയങ് എന്ന പെൺകുട്ടി ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഇതാണു സത്യം എന്ന് നാം ആദ്യം സ്വയം ഉറപ്പുവരുത്തേണ്ടതുണ്ട്.”
ബൈബിളിനെ കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കാൻ നിങ്ങളെ എന്തു പ്രചോദിപ്പിക്കും? ബൈബിളിന്റെ വ്യക്തിപരമായ പഠനം. ഷോൻ എന്ന ഒരു ആൺകുട്ടി പറയുന്നു: “ബൈബിൾ വ്യക്തിപരമായി പഠിക്കാൻ തുടങ്ങുമ്പോൾ ക്രമേണ സത്യം നിങ്ങളുടെ സ്വന്തമായിത്തീരുന്നു. നിങ്ങൾ നിങ്ങൾക്കു വേണ്ടിയാണ് അതു പഠിക്കുന്നത്.” വായിക്കാനും പഠിക്കാനും സ്വതവേ താത്പര്യം ഉള്ളവരല്ല എല്ലാവരും. “എനിക്കു വായന ഒട്ടും ഇഷ്ടമല്ല” എന്ന് ഷെവോൻ പറയുന്നു. “അതുകൊണ്ട് ആദ്യമൊക്കെ വീക്ഷാഗോപുരവും ഉണരുക!യും വായിക്കുന്നതും ബൈബിൾ ദിവസേന വായിക്കുന്നതും മറ്റും എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കാലക്രമേണ ഞാൻ അതു ചെയ്യാൻ തുടങ്ങി.”
ഉത്സാഹത്തോടെയുള്ള അത്തരം പഠനത്തിന്റെ ഫലം എന്തായിരിക്കും? പൗലൊസ് അപ്പൊസ്തലൻ പറയുന്നതു ശ്രദ്ധിക്കുക: ‘വിശ്വാസം കേൾവിയാൽ വരുന്നു.’ (റോമർ 10:17) നിങ്ങളുടെ വിശ്വാസവും ബോധ്യവും വളർന്നുവരവേ, നിങ്ങളുടെ മനോഭാവത്തിനു മാറ്റം വരുമെന്ന് ഉറപ്പാണ്. ബ്രസീലിലെ എലിസാഞ്ജെല എന്ന പെൺകുട്ടി പറയുന്നു: “ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നത് ഒരു പദവിയാണ്, അല്ലാതെ ലജ്ജിക്കേണ്ട ഒരു സംഗതിയല്ല.” നിങ്ങളുടെ വിശ്വാസം വളർന്നുവരുമ്പോൾ, സഹപാഠികൾ ഉൾപ്പെടെയുള്ളവരോടു സംസാരിക്കാൻ നിങ്ങൾ പ്രേരിതരാകും. പൗലൊസ് പറഞ്ഞു: ‘ഞങ്ങൾ വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.’ (2 കൊരിന്ത്യർ 4:13) മാത്രമല്ല, നിങ്ങൾ നിത്യവും കാണുന്ന കുട്ടികളിൽനിന്നു ജീവദായക പരിജ്ഞാനം പിടിച്ചുവെക്കുന്നെങ്കിൽ മറ്റുള്ളവരുടെ “രക്തത്തിൽനിന്ന് സ്വതന്ത്രർ” ആണെന്നു പറയാൻ നിങ്ങൾക്കു കഴിയുമോ?—പ്രവൃത്തികൾ 20:26, 27, NW.
എന്നാൽ ചില യുവ ക്രിസ്ത്യാനികൾ ബൈബിളിനെ കുറിച്ചു മറ്റുള്ളവരുമായി സംസാരിക്കാനുള്ള പ്രാപ്തി തങ്ങൾക്കില്ലെന്നു വിചാരിക്കുന്നു. “എന്തു പറയണമെന്നു നിശ്ചയമില്ലെങ്കിൽ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ വലിയ രസമൊന്നും തോന്നുകയില്ല” എന്ന് ജോഷ്വ എന്ന ആൺകുട്ടി പറയുന്നു. ബൈബിളിനെ കുറിച്ച് ആഴമായ പരിജ്ഞാനം നേടുന്നതാണ് ഇതിനും പരിഹാരം. കാരണം അപ്പോൾ അതു വിദഗ്ധമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു സാധിക്കും. (2 തിമൊഥെയൊസ് 2:15) യഹോവയുടെ സാക്ഷികളുടെ സഭകളിൽ യുവജനങ്ങൾക്ക് സഭാ മൂപ്പന്മാരെ സമീപിച്ച് പഠിപ്പിക്കൽ പ്രാപ്തികൾ വികസിപ്പിച്ചെടുക്കുന്നതിൽ വ്യക്തിപരമായ സഹായം അഭ്യർഥിക്കാൻ കഴിയും. മാറ്റിയാസ് എന്ന ജർമൻകാരനായ ആൺകുട്ടി പറയുന്നു: “വെറുതെ ബൈബിൾ സാഹിത്യങ്ങൾ കൊടുക്കുന്നതിനു പകരം ആളുകളുമായി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ പ്രസംഗപ്രവർത്തനം ആസ്വദിച്ചത്.”
അവസാനമായി, ധൈര്യത്തോടെ സംസാരിക്കുന്നതിനുള്ള പ്രാപ്തിക്കായി നിങ്ങൾക്കു ദൈവത്തോടു പ്രാർഥിക്കാൻ സാധിക്കും. (പ്രവൃത്തികൾ 4:30ബി) ഇക്കാര്യത്തിൽ ദൈവത്തിൽനിന്നു വ്യക്തിപരമായി സഹായം ലഭിച്ച ഒരാളാണ് അപ്പൊസ്തലനായ പൗലൊസ്. 1 തെസ്സലൊനീക്യർ 2:2-ൽ അവൻ ഇപ്രകാരം പറയുന്നു: “ഞങ്ങൾ . . . വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.” ഈ വാക്യം “ദൈവം ഞങ്ങളുടെ ഹൃദയങ്ങളിൽനിന്നു ഭയം എടുത്തുകളഞ്ഞു” എന്നും പരിഭാഷപ്പെടുത്താവുന്നതാണ് എന്ന് ഒരു പരാമർശ കൃതി പറയുന്നു. അതുകൊണ്ട്, നിങ്ങളുടെ ഹൃദയത്തിൽനിന്നു ഭയം എടുത്തുകളയാൻ എന്തുകൊണ്ട് ദൈവത്തോടു പ്രാർഥിച്ചുകൂടാ?
സ്വയം തിരിച്ചറിയിക്കൽ
ആ പ്രാർഥനയ്ക്കു ചേർച്ചയിൽ നിങ്ങൾക്കു സുധീരമായ ഒരു നടപടി കൈക്കൊള്ളാൻ കഴിയും. ഷിക്ക് എന്നു പേരുള്ള ബ്രിട്ടീഷുകാരിയായ ഒരു പെൺകുട്ടി ഈ ഉപദേശം നൽകുന്നു: “നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെന്ന് സ്കൂളിലെ മറ്റു കുട്ടികളോടു പറയുക.” ഒരു ‘രഹസ്യ ശിഷ്യൻ’ ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. വയൽസേവനത്തിനിടയിൽ അറിയാവുന്ന ആരെയെങ്കിലും കണ്ടുമുട്ടിയാലോ എന്ന് താൻ ഒരുകാലത്തു വല്ലാതെ ഭയന്നിരുന്നതായി റിബെക്കാ എന്ന പെൺകുട്ടി സമ്മതിക്കുന്നു. എന്നാൽ അവൾ പിന്നീടു മനസ്സിലാക്കിയ ഒരു സംഗതിയെ കുറിച്ചു തുടർന്നു പറയുന്നു: “നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെന്നും വീടുതോറും പോയി പ്രസംഗിക്കാറുണ്ടെന്നും അവരോടു പറഞ്ഞാൽ, ചിലപ്പോൾ അവർ ചോദിക്കും ‘എന്നെങ്കിലും നീ എന്റെ വീട്ടിൽ വരുമോ’ എന്ന്.”
എന്നാൽ അത്തരത്തിലുള്ള ആകസ്മികമായ ഒരു കണ്ടുമുട്ടലിനുവേണ്ടി കാത്തിരിക്കുന്നത് എന്തിനാണ്? സ്കൂളിൽവെച്ചുതന്നെ നിങ്ങളുടെ വിശ്വാസം പങ്കുവെക്കാനുള്ള അവസരങ്ങൾ തേടുക. പൗലൊസ് അപ്പൊസ്തലന്റെ ഈ ചോദ്യങ്ങൾ മനസ്സിൽ പിടിക്കുക: “അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമർ 10:14) ദൈവത്തെ കുറിച്ചു കേൾക്കാൻ നിങ്ങളുടെ സഹപാഠികളെ സഹായിക്കുന്നതിന് ഏറ്റവും മെച്ചപ്പെട്ട സ്ഥാനത്ത് ആയിരിക്കുന്നതു നിങ്ങളാണ്. ഇറൈഡ എന്ന പെൺകുട്ടി അഭിപ്രായപ്പെടുന്നു: “ഞങ്ങൾ വിദ്യാർഥികൾക്കു മാത്രം പ്രവർത്തിക്കാൻ സാധിക്കുന്ന പ്രസംഗപ്രദേശമാണ് സ്കൂൾ.” അതുകൊണ്ട്, അനൗപചാരികമായി പ്രസംഗിച്ചുകൊണ്ട് പല യുവജനങ്ങളും തങ്ങളുടെ സാഹചര്യത്തെ നന്നായി പ്രയോജനപ്പെടുത്തുന്നു.
ചിലപ്പോൾ, ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നതിനുള്ള അവസരം നൽകുന്നതരം നിയമനങ്ങൾ നിങ്ങൾക്കു ക്ലാസ്സിൽ ലഭിച്ചേക്കാം. ബ്രിട്ടീഷുകാരിയായ ജേമീ എന്ന പെൺകുട്ടി വിവരിക്കുന്നു: “സയൻസ് ക്ലാസ്സിൽ ഞങ്ങൾ പരിണാമത്തെ കുറിച്ചു ചർച്ച ചെയ്യുകയായിരുന്നു. ഞാൻ എന്റെ വിശ്വാസങ്ങളെ കുറിച്ചു പറഞ്ഞു. ഒരു ആൺകുട്ടി എന്നെ കളിയാക്കി, യഹോവയുടെ സാക്ഷികൾ ബുദ്ധി കുറഞ്ഞവരാണെന്നും സ്കൂളിൽ പഠിക്കാൻ യോഗ്യതയില്ലാത്തവരാണെന്നുമൊക്കെ അവൻ പറഞ്ഞു. എന്നാൽ ഉടനെതന്നെ ക്ലാസ്സിലെ മറ്റു കുട്ടികൾ എന്റെ പക്ഷം ചേർന്നു സംസാരിച്ചു.” മാതൃകായോഗ്യയായ ഒരു ക്രിസ്ത്യാനി എന്ന അവളുടെ സത്കീർത്തിക്കു നല്ല ഫലം ലഭിച്ചു. ജേമീ കൂട്ടിച്ചേർക്കുന്നു: “ഒടുവിൽ, നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഒരു പ്രതി ഒരു സഹപാഠിക്കു സമർപ്പിക്കാൻ എനിക്കു കഴിഞ്ഞു.” b
റൊമേനിയയിലുള്ള, റോക്സാനാ എന്ന 14 വയസ്സുകാരി സമാനമായ ഒരു അനുഭവം വിവരിക്കുന്നു: “മദ്യം, പുകയില, മയക്കുമരുന്ന് എന്നീ വിഷയങ്ങളെ കുറിച്ചു ക്ലാസ്സിൽ ഒരു ചർച്ച ഉണ്ടായിരിക്കുമെന്ന് എന്റെ ടീച്ചർ പറഞ്ഞു. അതുകൊണ്ട് ‘നിങ്ങൾക്ക് പുകവലി എങ്ങനെ ഉപേക്ഷിക്കാം?’ എന്ന വിഷയത്തിലുള്ള 2000 മാർച്ച് 22 ലക്കം ഉണരുക! ഞാൻ ക്ലാസ്സിൽ കൊണ്ടുപോയി. എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ആ മാസിക കണ്ടു. അവൾ അത് എടുത്തുനോക്കി. അതു തിരിച്ചുതരാൻ അവൾ കൂട്ടാക്കിയില്ല. മാസിക വായിച്ചശേഷം അവൾ പുകവലി നിറുത്താൻ തീരുമാനിച്ചെന്ന് എന്നോടു പറഞ്ഞു.”
എല്ലായ്പോഴും അത്തരം അനുകൂലമായ പ്രതികരണം നിങ്ങൾക്കു ലഭിക്കണമെന്നില്ല. എന്നാൽ സഭാപ്രസംഗി 11:6 നമ്മെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: ‘രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഏതു സഫലമാകും എന്നു നീ അറിയുന്നില്ലല്ലോ.’ ഇനി അനുകൂലമായ പ്രതികരണം ലഭിച്ചില്ല എങ്കിൽത്തന്നെ സ്കൂളിൽവെച്ചു നിങ്ങളുടെ വിശ്വാസങ്ങൾ പങ്കുവെക്കുന്നത്, വീടുതോറുമുള്ള ശുശ്രൂഷയ്ക്കിടയിൽ ഒരു സഹപാഠിയെ കണ്ടുമുട്ടുന്നെങ്കിൽ കൂടുതൽ രമ്യമായ ചർച്ചയ്ക്കു വഴിയൊരുക്കും. ബ്രിട്ടീഷുകാരിയായ ജെസ്സിക്ക എന്ന പെൺകുട്ടി പറയുന്നു: “സ്കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടിയാൽ അവരോടു സാക്ഷീകരിക്കാൻ വാസ്തവത്തിൽ എളുപ്പമാണ്, കാരണം നിങ്ങൾക്ക് അവരെ നേരത്തേ പരിചയം ഉള്ളതാണല്ലോ.” നിങ്ങളുടെ വിശ്വാസങ്ങളെ കുറിച്ച് അറിയാൻ സഹപാഠികളിൽ ചിലർ എത്ര ഉത്സുകരാണെന്നു കാണുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.
എല്ലാവരും നിങ്ങളെ ദയാപുരസ്സരം സ്വീകരിച്ചേക്കില്ല എന്നതു ശരിയാണ്. എന്നാൽ യേശു പ്രായോഗികമായ ഈ ബുദ്ധിയുപദേശം നൽകി: “ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ . . . നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.” (മത്തായി 10:14) മറ്റു വിധത്തിൽ പറഞ്ഞാൽ, അതു വ്യക്തിപരമായ ഒരു നിന്ദയായി നിങ്ങൾ കരുതേണ്ടതില്ല. സമാധാനപരമായി അവിടം വിട്ടു പോരുക, ശ്രദ്ധിക്കാൻ മനസ്സൊരുക്കമുള്ള മറ്റു വ്യക്തികളെ കണ്ടെത്താൻ ശ്രമിക്കുക. സത്യത്തിനായി ദാഹിക്കുന്ന, ശ്രദ്ധിക്കാൻ മനസ്സൊരുക്കമുള്ള പരമാർഥഹൃദയരെ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ സഹപാഠികളിൽ ഒരാളാണ് അത്തരം താത്പര്യം കാണിക്കുന്നതെങ്കിൽ അത് എത്ര പ്രതിഫലദായകം ആയിരിക്കും! അപ്പോൾ നിങ്ങളുടെ വിശ്വാസം സഹപാഠികളുമായി പങ്കുവെക്കാനുള്ള ഭയത്തെ തരണം ചെയ്തതിൽ നിങ്ങൾ തീർച്ചയായും സന്തോഷിക്കും. (g02 3/22)
[അടിക്കുറിപ്പുകൾ]
a രണ്ടായിരത്തിരണ്ട് മാർച്ച് 8 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . സ്കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടിയാലോ?” എന്ന ലേഖനം കാണുക.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[12-ാം പേജിലെ ആകർഷക വാക്യം]
“ബൈബിൾ വ്യക്തിപരമായി പഠിക്കാൻ തുടങ്ങുമ്പോൾ ക്രമേണ സത്യം നിങ്ങളുടെ സ്വന്തമായിത്തീരുന്നു.”—ഷോൻ
[10-ാം പേജിലെ ചിത്രം]
ഒരു ക്രിസ്ത്യാനിയായി സ്വയം തിരിച്ചറിയിക്കാൻ ഭയക്കരുത്
[10-ാം പേജിലെ ചിത്രം]
ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നതിനുള്ള അവസരം നൽകുന്നതരം നിയമനങ്ങൾ നിങ്ങൾക്കു ക്ലാസ്സിൽ ലഭിച്ചേക്കാം