വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമ്മമാർ നേരിടുന്ന വെല്ലുവിളികൾ

അമ്മമാർ നേരിടുന്ന വെല്ലുവിളികൾ

അമ്മമാർ നേരി​ടുന്ന വെല്ലു​വി​ളി​കൾ

മാതൃ​ത്വം അസാധാ​ര​ണ​വും ആവേശ​ക​ര​വു​മായ ഒരു അനുഭ​വ​മാണ്‌. ലോകം മുഴുവൻ കൊടു​ക്കാ​മെന്നു പറഞ്ഞാ​ലും വെച്ചു​മാ​റാൻ അമ്മമാർ തയ്യാറാ​വു​ക​യി​ല്ലാത്ത അമൂല്യ നിമി​ഷങ്ങൾ അവർ ആസ്വദി​ക്കു​ന്നു. എന്നാൽ തങ്ങൾ തളർന്നു​വീ​ഴാൻ പോകു​ന്ന​തു​പോ​ലെ ചില സമയങ്ങ​ളിൽ അവർക്കു തോന്നി​യേ​ക്കാം. അമ്മയെന്ന നിലയി​ലുള്ള തന്റെ ജീവി​തത്തെ കടമ്പകൾ താണ്ടി​യുള്ള ഒരു ഓട്ട​ത്തോട്‌ ഹെലൻ ഉപമി​ക്കു​ന്നു. സമയം കടന്നു​പോ​കു​ന്ന​ത​നു​സ​രിച്ച്‌ ഈ കടമ്പക​ളു​ടെ എണ്ണവും ഉയരവും ഏറി വരുന്ന​താ​യി കാണ​പ്പെ​ടു​ന്നു.

മക്കളുടെ കാര്യ​ത്തിൽ വേണ്ടത്ര ശ്രദ്ധി​ക്കു​ന്ന​തി​നാ​യി അമ്മമാർ ഒഴിവു സമയവും സുഹൃ​ത്തു​ക്ക​ളും പരിച​യ​ക്കാ​രു​മാ​യി സമയം ചെലവ​ഴി​ക്കു​ന്ന​തും മറ്റും വേണ്ടെന്നു വെച്ചേ​ക്കാം. അഞ്ചു കുട്ടി​ക​ളു​ടെ അമ്മയായ എസ്റ്റർ പറയുന്നു: “മക്കൾക്ക്‌ എന്നെ ആവശ്യ​മു​ള്ള​പ്പോൾ ഞാൻ അവിടെ ഉണ്ടായി​രി​ക്കേ​ണ്ട​തുണ്ട്‌. വിസ്‌ത​രി​ച്ചൊ​ന്നു കുളി​ക്കാ​നോ ഭക്ഷണം മെല്ലെ ആസ്വദി​ച്ചു കഴിക്കാ​നോ ഒന്നും എനിക്കി​പ്പോൾ നേരമില്ല. മൈ​ക്രോ​വേ​വിൽ ഉണ്ടാക്കാ​വുന്ന ഭക്ഷണം ഉണ്ടാക്കി കഴിക്കും, അത്രതന്നെ. ഇഷ്ടമുള്ള സ്ഥലങ്ങ​ളെ​ല്ലാം പോയി കാണാ​നോ ആഗ്രഹി​ക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം ചെയ്യാ​നോ ഇഷ്ടം​പോ​ലെ യാത്ര ചെയ്യാ​നോ ഒന്നും എനിക്കു സാധി​ച്ചി​ട്ടില്ല. പക്ഷേ വസ്‌ത്രങ്ങൾ അലക്കി മടക്കി വെക്കു​ന്നത്‌ ഉൾപ്പെ​ടെ​യുള്ള വീട്ടു​ജോ​ലി​ക​ളിൽ ഞാൻ യാതൊ​രു വീഴ്‌ച​യും വരുത്താ​റില്ല!”

കുട്ടി​ക​ളെ വളർത്തു​ന്ന​തിൽ തങ്ങൾക്ക്‌ ആസ്വദി​ക്കാ​നാ​കുന്ന സന്തോ​ഷ​ത്തി​ന്റെ അതുല്യ നിമി​ഷ​ങ്ങളെ കുറി​ച്ചും മിക്ക അമ്മമാർക്കും പറയാ​നു​ണ്ടാ​കും എന്നതിൽ സംശയ​മില്ല. എസ്റ്റർ പറയുന്നു: “അവരുടെ പുഞ്ചിരി, അവർ ‘താങ്ക്‌യു മമ്മി’ എന്നു പറയു​മ്പോ​ഴത്തെ സന്തോഷം, അവരുടെ ഊഷ്‌മ​ള​മായ ആലിം​ഗ​നങ്ങൾ—മുമ്പോ​ട്ടു പോകാൻ നിങ്ങളെ സഹായി​ക്കുന്ന ഇന്ധനമാണ്‌ ഇതെല്ലാം.” a

ജോലി​ക്കാ​രി​യായ അമ്മ

അമ്മമാ​രു​ടെ റോളി​നെ കൂടുതൽ സങ്കീർണ​മാ​ക്കി​ത്തീർക്കുന്ന ഒരു പ്രധാന സംഗതി, പരമ്പരാ​ഗത കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​ന്ന​തോ​ടൊ​പ്പം കുടും​ബ​ത്തി​നു സാമ്പത്തിക പിന്തുണ നൽകാ​നാ​യി പലപ്പോ​ഴും അവർക്ക്‌ ഒരു തൊഴി​ലി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾക്കൂ​ടെ ഏറ്റെടു​ക്കേണ്ടി വരുന്നു എന്നതാണ്‌. ഈ അമ്മമാ​രിൽ പലരും വീടിനു പുറത്തു ജോലി​ക്കു പോകു​ന്നത്‌ അവർക്ക്‌ അത്‌ ഇഷ്ടമാ​യ​തു​കൊ​ണ്ടല്ല, മറിച്ച്‌ വേറെ നിർവാ​ഹം ഇല്ലാത്ത​തു​കൊ​ണ്ടാണ്‌. തങ്ങൾ വീട്ടി​ലി​രു​ന്നാൽ കുടും​ബ​ത്തി​ന്റെ, പ്രത്യേ​കി​ച്ചും കുട്ടി​ക​ളു​ടെ പല ആവശ്യ​ങ്ങ​ളും നിറ​വേ​റ്റാൻ സാധി​ക്കു​ക​യി​ല്ലെന്ന്‌ അവർക്ക​റി​യാം. അവരുടെ വരുമാ​നം—പലപ്പോ​ഴും അത്‌ സമാന​മായ തൊഴിൽ ചെയ്യുന്ന പുരു​ഷ​ന്മാ​രു​ടേ​തി​ലും കുറവാ​യി​രി​ക്കു​മെ​ങ്കി​ലും—വളരെ പ്രാധാ​ന്യ​മു​ള്ള​തു​ത​ന്നെ​യാണ്‌.

ഉദാഹ​ര​ണ​ത്തിന്‌, ബ്രസീ​ലി​ലെ സാവൊ പൗലൊ​യി​ലുള്ള ജോലി​ക്കാ​രിൽ 42 ശതമാനം സ്‌ത്രീ​ക​ളാണ്‌. മുഴു സമയവും വീട്ടി​ലി​രു​ന്നു കുട്ടി​കളെ നോക്കുന്ന അമ്മമാരെ അവിടത്തെ ഒരു പത്രം “വംശനാ​ശം നേരി​ടുന്ന ജീവി​വർഗം” എന്നു വിശേ​ഷി​പ്പി​ച്ചു. പുറത്ത്‌ കുഞ്ഞി​നെ​യും കെട്ടി​വെച്ച്‌ തലയിൽ ഒരു കെട്ട്‌ വിറകു​മാ​യി നടന്നു​പോ​കുന്ന അമ്മമാർ ആഫ്രി​ക്ക​യു​ടെ ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ സർവസാ​ധാ​ര​ണ​മായ കാഴ്‌ച​യാണ്‌.

ജോലി​സ്ഥ​ലത്തെ വെല്ലു​വി​ളി​കൾ

തൊഴിൽ സ്ഥലത്ത്‌ വളരെ സമയം ചെലവ​ഴി​ക്കേണ്ടി വരുന്ന​തും അമ്മമാർക്കു നേരി​ടേണ്ടി വരുന്ന ഒരു വെല്ലു​വി​ളി​യാണ്‌. എന്നാൽ അത്‌ അവിടം​കൊണ്ട്‌ അവസാ​നി​ക്ക​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌ ഗ്രീസിൽ താമസി​ക്കുന്ന മാരീയാ ജോലി​ക്കു ചേർന്ന​പ്പോൾ മൂന്നു വർഷ​ത്തേക്ക്‌ താൻ ഗർഭിണി ആകില്ല എന്നു പറയുന്ന ഒരു കരാറിൽ ഒപ്പു​വെ​ക്കാൻ അവരുടെ ബോസ്‌ ആവശ്യ​പ്പെട്ടു. അതിനു മുമ്പ്‌ ഗർഭിണി ആയാൽ അവർ നഷ്ടപരി​ഹാ​രം നൽകേണ്ടി വരുമാ​യി​രു​ന്നു. മാരീയാ അതിൽ ഒപ്പു​വെച്ചു. എന്നാൽ ഏകദേശം ഒന്നര വർഷം കഴിഞ്ഞ​പ്പോൾ അവർ ഗർഭി​ണി​യാ​യി. ബോസ്‌ മാരീ​യാ​യെ അവർ ഒപ്പിട്ട കടലാസ്സു കാണിച്ചു. കമ്പനി​യു​ടെ ഈ നയത്തെ ചോദ്യം​ചെ​യ്‌തു​കൊണ്ട്‌ മാരീയാ ഇപ്പോൾ കോട​തി​യെ സമീപി​ച്ചി​രി​ക്കു​ക​യാണ്‌.

എല്ലാ തൊഴി​ലു​ട​മ​ക​ളും അത്ര​ത്തോ​ളം പോകു​ന്നി​ല്ലെ​ങ്കി​ലും പ്രസവം കഴിഞ്ഞ്‌ എത്രയും പെട്ടെന്നു ജോലി​ക്കു ചേരാൻ അവർ അമ്മമാ​രു​ടെ​മേൽ വലിയ സമ്മർദം ചെലു​ത്തി​യേ​ക്കാം. തിരിച്ചു ജോലി​യിൽ പ്രവേ​ശി​ച്ചു​ക​ഴി​യു​മ്പോൾ സാധാ​ര​ണ​ഗ​തി​യിൽ അവർക്ക്‌ ജോലി സമയത്തിൽ ഇളവു ലഭിക്കാ​റു​മില്ല. അവർക്കി​പ്പോൾ ഒരു കൊച്ച്‌ കുഞ്ഞിന്റെ ഉത്തരവാ​ദി​ത്വ​വും കൂടെ ഉണ്ട്‌ എന്ന കാര്യം കണക്കി​ലെ​ടു​ക്ക​പ്പെ​ടു​ന്നില്ല. സാമ്പത്തിക നഷ്ടം കൂടാതെ അധികം അവധി എടുക്കാൻ അവർക്കു സാധി​ക്കു​ക​യില്ല. നല്ല നിലവാ​രം പുലർത്തുന്ന ശിശു​പ​രി​പാ​ലന കേന്ദ്രങ്ങൾ വേണ്ടത്ര ഇല്ലാത്ത​തും ആവശ്യ​ത്തിന്‌ സർക്കാർ ആനുകൂ​ല്യ​ങ്ങൾ ലഭിക്കാ​ത്ത​തു​മെ​ല്ലാം അമ്മമാർ നേരി​ടുന്ന ബുദ്ധി​മു​ട്ടു​ക​ളിൽ പെടുന്നു.

എന്നാൽ ചില അമ്മമാർ ജോലി​ക്കു പോകു​ന്നത്‌ പണത്തിന്‌ ആവശ്യം ഉള്ളതു​കൊ​ണ്ടല്ല, മറിച്ച്‌ ആത്മസം​തൃ​പ്‌തി​ക്കു വേണ്ടി​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, സാൻഡ്ര തന്റെ രണ്ടു കുട്ടി​ക​ളു​ടെ ജനന​ശേ​ഷ​വും തിരിച്ചു ജോലി​യിൽ പ്രവേ​ശി​ച്ചു. താനും കുഞ്ഞും വീട്ടിൽ തനിച്ചാ​യ​പ്പോൾ ആകെ ഒറ്റപ്പെ​ട്ടതു പോലെ അവർക്കു തോന്നി. “ജനാല​യി​ലൂ​ടെ പുറ​ത്തേക്കു കണ്ണും​നട്ട്‌ ബാക്കി​യു​ള്ള​വ​രെ​ല്ലാം എന്തെടു​ക്കു​ക​യാ​യി​രി​ക്കു​മെന്ന്‌ ചിന്തി​ക്കു​മാ​യി​രു​ന്നു” എന്ന്‌ അവർ പറയുന്നു. ഇനി, കുടുംബ ജീവി​ത​ത്തി​ന്റെ സമ്മർദ​ത്തിൽനി​ന്നു രക്ഷപ്പെ​ടാൻ ജോലി​ക്കു പോകുന്ന അമ്മമാ​രും ഉണ്ട്‌. ബ്രിട്ടന്റെ ഡെയ്‌ലി ടെല​ഗ്രാഫ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “താരത​മ്യേന ശാന്തമായ ജോലി​സ്ഥ​ലത്ത്‌ കൂടുതൽ സമയം ചെലവ​ഴി​ക്കാൻ ചില മാതാ​പി​താ​ക്കൾ ശ്രമി​ക്കു​ന്നു. എന്നാൽ ഈ ഒളി​ച്ചോ​ട്ടം പ്രശ്‌നങ്ങൾ കൂടുതൽ വഷളാ​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. കുട്ടി​ക​ളു​മാ​യി ചെലവ​ഴി​ക്കുന്ന സമയം കുറയ്‌ക്കു​ന്ന​ത​നു​സ​രിച്ച്‌ അവർ കൂടുതൽ നിസ്സം​ഗ​രും അക്രമ​വാ​സ​ന​യു​ള്ള​വ​രും വഴിപി​ഴ​ച്ച​വ​രും ആയിത്തീ​രും.”

ഒരേ സമയം പല ഉത്തരവാ​ദി​ത്വ​ങ്ങൾ

ജോലി​യും കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഒരുമി​ച്ചു​കൊ​ണ്ടു​പോ​കുക എളുപ്പമല്ല. നെതർലൻഡ്‌സി​ലെ ഈ അമ്മയുടെ വാക്കു​ക​ളിൽ അനേകം അമ്മമാ​രു​ടെ​യും വികാ​രങ്ങൾ പ്രതി​ഫ​ലി​ക്കു​ന്നുണ്ട്‌: “എപ്പോ​ഴും ക്ഷീണം​തന്നെ, ക്ഷീണം. രാവിലെ എഴു​ന്നേൽക്കു​മ്പോൾത്തന്നെ എനിക്കു ക്ഷീണമാണ്‌. ജോലി കഴിഞ്ഞ്‌ വീട്ടിൽ വരു​മ്പോ​ഴത്തെ അവസ്ഥയാ​ണെ​ങ്കിൽ പറയു​ക​യും വേണ്ട. ‘ഈ അമ്മയ്‌ക്ക്‌ എപ്പോൾ നോക്കി​യാ​ലും ക്ഷീണമാണ്‌’ എന്ന്‌ കുട്ടികൾ പറഞ്ഞു തുടങ്ങി​യി​രി​ക്കു​ന്നു. അതു കേൾക്കു​മ്പോൾ എനിക്കു വല്ലാത്ത കുറ്റ​ബോ​ധം തോന്നു​ന്നു. ജോലി​ക്കു പോകാ​തി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല, ഒരേസ​മയം എല്ലാ കാര്യ​ങ്ങ​ളും ചെയ്യാൻ കഴിയുന്ന പ്രസന്ന​വ​തി​യായ അമ്മയാ​യി​രി​ക്കാ​നാണ്‌ എനിക്കി​ഷ്ടം. എന്നാൽ എന്റെ സങ്കൽപ്പ​ത്തി​ലെ ഉത്തമ മാതാവല്ല ഞാൻ.”

കുട്ടി​ക​ളു​മൊത്ത്‌ ഏറെ സമയം ചെലവ​ഴി​ക്കാൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും ഉള്ള സമയം നന്നായി വിനി​യോ​ഗി​ച്ചാൽ ഒരള​വോ​ളം ആ കുറവു നികത്താ​നാ​കു​മെന്നു വിചാ​രി​ച്ചി​രുന്ന, എന്നാൽ പിന്നീട്‌ ആ ധാരണ ശരിയ​ല്ലെന്നു മനസ്സി​ലാ​ക്കിയ ദശലക്ഷ​ക്ക​ണ​ക്കിന്‌ അമ്മമാ​രിൽ ഒരാളാണ്‌ അവർ. ജോലി​യും കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഒരുമി​ച്ചു​കൊ​ണ്ടു​പോ​കാ​നുള്ള തങ്ങളുടെ ശ്രമം അമിത അധ്വാ​ന​ത്തി​നും അമിത പിരി​മു​റു​ക്ക​ത്തി​നും ഇടയാ​ക്കു​ന്ന​തി​നു പുറമേ ലഭിക്കുന്ന വരുമാ​ന​ത്തെ​യും കൂടെ ബാധി​ക്കു​ന്നു​വെന്ന്‌ ഇന്നു പല അമ്മമാ​രും പറയുന്നു.

അമ്മമാർ കുട്ടി​ക​ളിൽനിന്ന്‌ അകന്ന്‌ വളരെ സമയം ചെലവ​ഴി​ക്കു​മ്പോൾ കുട്ടി​കൾക്ക്‌ ഏറ്റവും ആവശ്യ​മുള്ള സംഗതി—തങ്ങളുടെ അമ്മയുടെ സമയവും ശ്രദ്ധയും—അവർക്കു കിട്ടാതെ പോകു​ന്നു. ബ്രസീ​ലിൽനി​ന്നുള്ള കുട്ടി​ക​ളു​ടെ മനശ്ശാ​സ്‌ത്ര​ജ്ഞ​യായ ഫെർണാൻഡ എ. ലിമ പറയു​ന്ന​ത​നു​സ​രിച്ച്‌ അമ്മയുടെ ധർമം ഒരു അമ്മയെ പോലെ ഭംഗി​യാ​യി നിർവ​ഹി​ക്കാൻ കഴിയുന്ന മറ്റാരു​മില്ല. “ഒരു കുഞ്ഞിന്റെ ജീവി​ത​ത്തി​ലെ ആദ്യത്തെ രണ്ടു വർഷങ്ങ​ളാണ്‌ ഏറ്റവും നിർണാ​യകം” എന്ന്‌ അവർ പറയുന്നു. “തന്റെ അമ്മ അടുത്ത്‌ ഇല്ലാത്തത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാ​നുള്ള പ്രായം അപ്പോൾ കുഞ്ഞി​നാ​യി​ട്ടില്ല.” അമ്മ കുഞ്ഞി​നു​വേണ്ടി ചെയ്യുന്ന കാര്യ​ങ്ങ​ളെ​ല്ലാം ഒരള​വോ​ളം ചെയ്‌തു​കൊ​ടു​ക്കാൻ മറ്റൊരു വ്യക്തിക്കു സാധി​ച്ചേ​ക്കാം, എന്നാൽ അമ്മയുടെ സ്ഥാനം ഏറ്റെടു​ക്കാൻ ആ വ്യക്തിക്ക്‌ ഒരിക്ക​ലും കഴിയില്ല. “തനിക്ക്‌ അമ്മയുടെ സ്‌നേ​ഹ​വാ​ത്സ​ല്യ​ങ്ങൾ ലഭിക്കു​ന്നി​ല്ലെന്ന്‌ കുഞ്ഞ്‌ തിരി​ച്ച​റി​യും,” ലിമ പറയുന്നു.

ഒരു പെൺകു​ഞ്ഞി​ന്റെ അമ്മയും മുഴു​സമയ ജോലി​ക്കാ​രി​യു​മായ കാത്തി പറഞ്ഞു: ‘ഞാൻ കുറ്റ​ബോ​ധ​ത്താൽ നീറു​ക​യാ​യി​രു​ന്നു, എന്തോ അവളെ [നഴ്‌സ​റി​യിൽ] ഉപേക്ഷി​ച്ചു​പോ​കു​ന്നതു പോലെ. നിങ്ങളു​ടെ കുഞ്ഞ്‌ വളരു​ന്നതു കാണാ​നുള്ള അവസരം നഷ്ടപ്പെ​ടു​ക​യാണ്‌ എന്ന അറിവ്‌ വളരെ വേദനാ​ജ​ന​ക​മാണ്‌. അവൾക്ക്‌ എന്നെക്കാൾ അടുപ്പം നഴ്‌സ​റി​യോ​ടാ​ണെന്ന ചിന്ത വളരെ വിചി​ത്ര​മാ​യി തോന്നി.’ മെക്‌സി​ക്കോ​യി​ലെ ഒരു എയർഹോ​സ്റ്റസ്‌ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “കുറച്ചു കഴിയു​മ്പോൾ കുഞ്ഞ്‌ നിങ്ങളെ ഗൗനി​ക്കു​ന്നില്ല, നിങ്ങളല്ല അവനെ നോക്കു​ന്നത്‌ എന്ന കാരണ​ത്താൽത്തന്നെ അവൻ നിങ്ങളെ ബഹുമാ​നി​ക്കു​ന്നില്ല. നിങ്ങൾ അവരുടെ അമ്മയാ​ണെന്ന്‌ അവർക്ക്‌ അറിയാം. എന്നാൽ നിങ്ങളു​ടെ കൂടെ​യാ​യി​രി​ക്കു​ന്ന​തി​നെ​ക്കാൾ ആയയോ​ടൊ​പ്പം ആയിരി​ക്കാ​നാ​വും അവർ ഇഷ്ടപ്പെ​ടുക.”

മറുവശം ചിന്തി​ക്കു​മ്പോൾ കുട്ടി​കളെ നോക്കാ​നാ​യി വീട്ടിൽനിൽക്കുന്ന അമ്മമാർ പറയു​ന്നത്‌, ഉദ്യോ​ഗ​ഭ്രാന്ത്‌ പിടി​പെട്ട ഇന്നത്തെ സമൂഹം തങ്ങളെ പുച്ഛ​ത്തോ​ടെ​യാ​ണു വീക്ഷി​ക്കു​ന്ന​തെ​ന്നാണ്‌. ചില സമൂഹ​ങ്ങ​ളിൽ വീട്ടമ്മ ആയിരി​ക്കുക എന്നത്‌ മേലാൽ ബഹുമാ​നാർഹ​മായ ഒരു സ്ഥാനമല്ല. അതു​കൊണ്ട്‌ കൂടുതൽ വരുമാ​ന​ത്തി​ന്റെ ആവശ്യ​മൊ​ന്നും ഇല്ലെങ്കിൽപ്പോ​ലും സ്വന്തമാ​യി ഒരു തൊഴിൽ ഉണ്ടായി​രി​ക്കാ​നുള്ള സമ്മർദം സ്‌ത്രീ​കൾക്ക്‌ അനുഭ​വ​പ്പെ​ടു​ന്നു.

ഒറ്റയ്‌ക്കുള്ള പോരാ​ട്ടം

അമ്മമാ​രു​ടെ മുമ്പി​ലുള്ള മറ്റൊരു വെല്ലു​വി​ളി ഇതാണ്‌: ഒരു ദിവസത്തെ ജോലി കഴിഞ്ഞ്‌ അവശയാ​യി വീട്ടിൽ എത്തുന്ന അമ്മയ്‌ക്ക്‌ ഒന്നു നടുനി​വർക്കാൻ പോലും സമയം കിട്ടി​യെന്നു വരില്ല. കാരണം അവർക്കു പതിവു വീട്ടു​ജോ​ലി​കൾ ചെയ്‌തു​തീർക്കാ​നു​ണ്ടാ​യി​രി​ക്കും. അമ്മമാർ ഉദ്യോ​ഗ​സ്ഥ​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും വീടി​ന്റെ​യും കുട്ടി​ക​ളു​ടെ​യും പരിപാ​ല​ന​ത്തി​ന്റെ മുഖ്യ ഉത്തരവാ​ദി​ത്വം ഇന്നും അവരുടെ ചുമലിൽത്ത​ന്നെ​യാണ്‌.

കൂടുതൽ കൂടുതൽ അമ്മമാർ തൊഴി​ലിൽ വളരെ​യ​ധി​കം സമയം ചെലവ​ഴി​ക്കാൻ തുടങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും വീട്ടിൽ അവരുടെ അഭാവം അനുഭ​വ​പ്പെ​ടാ​തി​രി​ക്കാൻ തക്കവണ്ണം അച്ഛന്മാർ പലപ്പോ​ഴും ഒന്നും ചെയ്യു​ന്നില്ല. ലണ്ടനിലെ ദ സൺഡേ ടൈംസ്‌ എഴുതി: “വീട്ടിൽ കാണ​പ്പെ​ടാത്ത അച്ഛന്മാ​രു​ടെ നാടാണ്‌ ബ്രിട്ടൻ. പുതിയ പഠനങ്ങൾ കാണി​ക്കു​ന്നത്‌ പുരു​ഷ​ന്മാർ ഒരു ദിവസം 15 മിനി​ട്ടോ​ളം മാത്രമേ തങ്ങളുടെ കുട്ടി​ക​ളു​മാ​യി ചെലവ​ഴി​ക്കു​ന്നു​ള്ളൂ എന്നാണ്‌. . . . പുരു​ഷ​ന്മാ​രിൽ അനേക​രും കുടും​ബ​ത്തോ​ടൊ​പ്പം ആയിരി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല. . . . എന്നാൽ അതി​നോ​ടുള്ള താരത​മ്യ​ത്തിൽ ബ്രിട്ട​നിൽ ജോലി​ക്കാ​രി​യായ ഒരു മാതാവ്‌ ഓരോ ദിവസ​വും കുട്ടി​ക​ളു​മാ​യി 90 മിനിട്ടു ചെലവ​ഴി​ക്കു​ന്നു.”

എല്ലാം താൻ ചെയ്യു​ന്നതു പോ​ലെ​തന്നെ ചെയ്യണം എന്ന പിടി​വാ​ശി ഉള്ളതി​നാൽ ഭാര്യക്ക്‌ ജോലി പങ്കിടാൻ കഴിയു​ന്നി​ല്ലെന്ന്‌ ചില ഭർത്താ​ക്ക​ന്മാർ പരാതി​പ്പെ​ടു​ന്നു. ഇല്ലെങ്കിൽപ്പി​ന്നെ “നമ്മൾ ചെയ്‌തത്‌ ഒക്കാ​തെ​വ​രും” എന്നാണ്‌ ഈ ഭർത്താ​ക്ക​ന്മാർ പറയു​ന്നത്‌. ഭർത്താ​വി​ന്റെ സഹകര​ണ​ത്തിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്ക​ണ​മെ​ങ്കിൽ, ജോലി​കൾ ചെയ്യ​പ്പെ​ടുന്ന രീതി​യിൽ ചില വിട്ടു​വീ​ഴ്‌ച​ക​ളൊ​ക്കെ വരുത്താൻ ക്ഷീണി​ത​യായ വീട്ടമ്മ തയ്യാറാ​കണം. അതേസ​മയം ഇതിനെ യാതൊ​രു സഹായ​വും ചെയ്‌തു​കൊ​ടു​ക്കാ​തി​രി​ക്കാ​നുള്ള ഒരു ഒഴിക​ഴി​വാ​യി ഭർത്താ​ക്ക​ന്മാർ ഉപയോ​ഗി​ക്ക​യു​മ​രുത്‌.

കൂടുതൽ വെല്ലു​വി​ളി​കൾ

ആഴത്തിൽ വേരൂ​ന്നിയ പാരമ്പര്യ ചിന്താ​ഗ​തി​ക​ളും വെല്ലു​വി​ളി ഉയർത്തി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ജപ്പാനിൽ അമ്മമാർ തങ്ങളുടെ കുട്ടി​കളെ സമപ്രാ​യ​ക്കാ​രായ മറ്റു കുട്ടി​കളെ പോലെ വളർത്താ​നാണ്‌ എല്ലാവ​രും പ്രതീ​ക്ഷി​ക്കു​ന്നത്‌. മറ്റു കുട്ടികൾ പിയാ​നോ ക്ലാസ്സു​കൾക്കോ ചിത്ര​ര​ചനാ ക്ലാസ്സു​കൾക്കോ പോകു​ന്നെ​ങ്കിൽ തന്റെ കുട്ടി​ക​ളെ​യും അതി​നൊ​ക്കെ വിടാൻ അമ്മമാർ നിർബ​ന്ധി​ത​രാ​കു​ന്നു. മറ്റു കുട്ടികൾ പങ്കുപ​റ്റുന്ന പാഠ്യേ​തര പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ മക്കളെ അനുവ​ദി​ക്കു​ന്ന​തിന്‌ സ്‌കൂ​ളു​കൾ മാതാ​പി​താ​ക്ക​ളു​ടെ​മേൽ സമ്മർദം ചെലു​ത്തു​ന്നു. വ്യത്യ​സ്‌ത​രാ​യി​രു​ന്നാൽ മറ്റു കുട്ടി​ക​ളിൽനി​ന്നും മാതാ​പി​താ​ക്ക​ളിൽനി​ന്നും അധ്യാ​പ​ക​രിൽനി​ന്നും ബന്ധുക്ക​ളിൽനി​ന്നു​മുള്ള ഉപദ്രവം സഹി​ക്കേണ്ടി വന്നേക്കാം. മറ്റു ദേശങ്ങ​ളി​ലെ സ്ഥിതി​യും സമാന​മാണ്‌.

പരസ്യ​ങ്ങ​ളാ​ലും ഉപഭോ​ക്തൃ സംസ്‌കാ​ര​ത്താ​ലും സ്വാധീ​നി​ക്ക​പ്പെട്ട്‌ കുട്ടികൾ മാതാ​പി​താ​ക്ക​ളോ​ടു കൂടുതൽ ആവശ്യങ്ങൾ ഉന്നയി​ച്ചേ​ക്കാം. കുട്ടികൾ ആവശ്യ​പ്പെ​ടു​ന്ന​തെ​ന്തും അവർക്കു വാങ്ങി​ച്ചു​കൊ​ടു​ക്കേ​ണ്ട​താ​ണെന്ന്‌ വികസിത രാജ്യ​ങ്ങ​ളി​ലെ അമ്മമാർ വിചാ​രി​ച്ചേ​ക്കാം. കാരണം, മറ്റ്‌ അമ്മമാർ അവരുടെ മക്കൾക്ക്‌ അവ വാങ്ങി​ക്കൊ​ടു​ക്കു​ന്നത്‌ അവർ കാണുന്നു. അതു സാധി​ച്ചി​ല്ലെ​ങ്കിൽ തങ്ങൾ ഒരു പരാജ​യ​മാ​ണെന്ന്‌ അവർക്കു തോന്നി​യേ​ക്കാം.

ആധുനിക മാതൃ​ത്വ​ത്തെ കുറി​ച്ചുള്ള ഈ ചർച്ചയ്‌ക്കി​ട​യിൽ കഠിനാ​ധ്വാ​നി​ക​ളും ത്യാഗ​മ​ന​സ്‌ക​രു​മായ ദശലക്ഷ​ക്ക​ണ​ക്കിന്‌ അമ്മമാ​രു​ടെ നേട്ടത്തെ നാം വിസ്‌മ​രി​ച്ചു കളയു​ന്നില്ല. ഏറ്റവും ശ്രേഷ്‌ഠ​മായ ഒരു കർമം—മനുഷ്യ കുടും​ബ​ത്തി​ലെ ഭാവി തലമു​റ​കളെ വളർത്തി​ക്കൊ​ണ്ടു​വ​രിക എന്ന ജോലി—ഏറ്റവും നല്ല രീതി​യിൽ നിർവ​ഹി​ക്കാൻ ഈ അമ്മമാർ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു. ഇത്‌ ഒരു പദവി​യാണ്‌. ബൈബിൾ പറയുന്നു: “കർത്താ​വി​ന്റെ ദാനമാണ്‌ മക്കൾ, ഉദരഫലം ഒരു സമ്മാന​വും.” (സങ്കീർത്തനം 127:3, പി.ഒ.സി. ബൈബിൾ) രണ്ടു കുട്ടി​ക​ളു​ടെ മാതാ​വായ മിറിയം അത്തരം അമ്മമാരെ പ്രതി​നി​ധീ​ക​രി​ച്ചു​കൊ​ണ്ടു പറയുന്നു: “വെല്ലു​വി​ളി​കൾ ഉണ്ടെന്നതു ശരിയാണ്‌. എന്നാൽ അമ്മമാർ ആസ്വദി​ക്കുന്ന സന്തോ​ഷ​ങ്ങളെ മറ്റൊ​ന്നു​മാ​യും താരത​മ്യ​പ്പെ​ടു​ത്താ​നാ​വില്ല. ഞങ്ങൾ നൽകുന്ന പരിശീ​ല​ന​ത്തി​ന്റെ​യും ശിക്ഷണ​ത്തി​ന്റെ​യും ഫലമായി കുട്ടികൾ സമൂഹ​ത്തി​ലെ ഉത്തരവാ​ദി​ത്വ​മുള്ള പൗരന്മാർ ആയിത്തീ​രു​ന്നതു കാണു​മ്പോൾ ഞങ്ങൾ അമ്മമാർക്ക്‌ അങ്ങേയറ്റം സംതൃ​പ്‌തി ലഭിക്കു​ന്നു.”

ദൈവം നൽകി​യി​രി​ക്കുന്ന ദാനം നന്നായി ആസ്വദി​ക്കാൻ അമ്മമാരെ എന്തു സഹായി​ക്കും? അടുത്ത ലേഖനം ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ പ്രദാനം ചെയ്യും. (g02 4/8)

[അടിക്കു​റിപ്പ്‌]

a ഭർത്താക്കന്മാരോടൊപ്പം താമസി​ക്കുന്ന അമ്മമാരെ കുറി​ച്ചാണ്‌ ഈ ലേഖനങ്ങൾ ചർച്ച ചെയ്യു​ന്നത്‌. ഭാവി​യിൽ ഉണരുക! ഒറ്റക്കാ​രും അവിവാ​ഹി​ത​രു​മായ അമ്മമാർ നേരി​ടുന്ന വെല്ലു​വി​ളി​കളെ കുറിച്ചു ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും.

[6-ാം പേജിലെ ചതുരം]

““മാതൃ​ദി​നം”

കൊടും ദാരി​ദ്ര്യം, വിദ്യാ​ഭ്യാ​സ​മി​ല്ലായ്‌മ, ഉത്തരവാ​ദി​ത്വ​ബോ​ധ​മി​ല്ലാത്ത ഇണകൾ, നിരന്തര പീഡനം, എയ്‌ഡ്‌സ്‌ മഹാവ്യാ​ധി ഇവയെ​ല്ലാം തെക്കേ ആഫ്രി​ക്ക​യി​ലെ അമ്മമാ​രു​ടെ ജീവിതം ദുസ്സഹ​മാ​ക്കു​ക​യാണ്‌. അടുത്ത​കാ​ലത്ത്‌ ഒരു ദക്ഷിണാ​ഫ്രി​ക്കൻ വർത്തമാ​ന​പ്പ​ത്ര​മായ ദ സിറ്റിസൺ മാതൃ​ദി​ന​ത്തി​ന്റെ​യന്ന്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “മാതൃ​ദി​ന​ത്തിൽ ആയിര​ക്ക​ണ​ക്കി​നു സ്‌ത്രീ​കൾ തങ്ങളുടെ ഇണകളാൽ പീഡി​പ്പി​ക്ക​പ്പെ​ടു​ക​യും ചിലർക്കു ജീവൻ നഷ്ടപ്പെ​ടു​ക​യും ചെയ്യും.” ഇത്തരം പ്രശ്‌ന​ങ്ങ​ളു​ടെ ഫലമായി ദക്ഷിണാ​ഫ്രി​ക്ക​യിൽ ഓരോ വർഷവും ആയിര​ക്ക​ണ​ക്കിന്‌ അമ്മമാർ തങ്ങളുടെ കുഞ്ഞു​ങ്ങളെ ഉപേക്ഷി​ക്കു​ന്നു. ഈയടുത്ത രണ്ടു വർഷത്തി​നി​ട​യിൽ, ഉപേക്ഷി​ക്ക​പ്പെട്ട കുഞ്ഞു​ങ്ങ​ളു​ടെ എണ്ണത്തിൽ 25 ശതമാനം വർധന ഉണ്ടായി. അതിലും ഞെട്ടി​ക്കു​ന്ന​താണ്‌ ആത്മഹത്യ ചെയ്യുന്ന സ്‌ത്രീ​ക​ളു​ടെ എണ്ണത്തിലെ വർധന. ഈയിടെ, ദാരി​ദ്ര്യ​ത്താൽ പൊറു​തി​മു​ട്ടിയ ഒരു സ്‌ത്രീ തന്റെ മൂന്നു കുട്ടി​കളെ മാറോ​ടു ചേർത്തു​പി​ടിച്ച്‌ തീവണ്ടി​യു​ടെ മുമ്പിൽച്ചാ​ടി. അവർ എല്ലാവ​രും കൊല്ല​പ്പെട്ടു. ചെലവു​കൾ നടത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തിന്‌ ചില അമ്മമാർ വേശ്യാ​വൃ​ത്തി​യി​ലേ​ക്കും മയക്കു​മ​രു​ന്നു വിൽപ്പ​ന​യി​ലേ​ക്കും തിരി​യു​ന്നു. അല്ലെങ്കിൽ, അതു ചെയ്യാൻ സ്വന്തം പെൺമ​ക്കളെ അവർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ഹോ​ങ്കോം​ഗി​ലെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ “ചെറു​പ്പ​ക്കാ​രി​ക​ളായ ചില അമ്മമാർ സമ്മർദം താങ്ങാ​നാ​വാ​ത്ത​തി​നാൽ പ്രസവിച്ച ഉടനെ തങ്ങളുടെ കുഞ്ഞു​ങ്ങളെ കൊല്ലു​ക​യോ കുപ്പ​ത്തൊ​ട്ടി​യിൽ ഉപേക്ഷി​ക്കു​ക​യോ ചെയ്യുന്നു.” സൗത്ത്‌ ചൈന മോർണിംഗ്‌ പോസ്റ്റ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ ഹോ​ങ്കോം​ഗി​ലെ വിവാ​ഹി​ത​രായ യുവതി​ക​ളിൽ ചിലർ “അങ്ങേയ​റ്റത്തെ സമ്മർദം അനുഭ​വി​ക്കു​ന്നു, സ്വയം ജീവ​നൊ​ടു​ക്കുന്ന ഘട്ടത്തോ​ളം അവരുടെ മാനസി​ക​നില തകരാ​റി​ലാ​കാൻ അത്‌ ഇടയാ​ക്കി​യേ​ക്കാം.”

[7-ാം പേജിലെ ചതുരം]

അമ്മമാർ വിവിധ ദേശങ്ങ​ളിൽ

സമയക്കുറവ്‌

❖ ജോലി​ക്കാ​രായ അമ്മമാ​രിൽ 60 ശതമാനം തങ്ങൾ കുട്ടി​ക​ളോ​ടൊ​പ്പം ആവശ്യ​ത്തി​നു സമയം ചെലവ​ഴി​ക്കു​ന്നി​ല്ലെന്നു വിചാ​രി​ച്ച​താ​യി ഹോ​ങ്കോം​ഗിൽ നടത്തിയ ഒരു സർവേ വെളി​പ്പെ​ടു​ത്തി. ഉദ്യോ​ഗ​സ്ഥ​രായ മാതാ​പി​താ​ക്ക​ളു​ടെ മൂന്നു വയസ്സു​വ​രെ​യുള്ള കുട്ടി​ക​ളിൽ 20 ശതമാ​ന​വും മാതാ​പി​താ​ക്കൾക്ക്‌ ജോലി​യുള്ള ദിവസ​ങ്ങ​ളിൽ മറ്റെവി​ടെ​യെ​ങ്കി​ലും, സാധാ​ര​ണ​ഗ​തി​യിൽ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോ​ടൊ​പ്പം ആണു താമസി​ക്കു​ന്നത്‌.

മെക്‌സി​ക്കോ​യി​ലെ സ്‌ത്രീ​കൾ ജീവി​ത​ത്തിൽ ഏകദേശം 13 വർഷം അഞ്ചു വയസ്സിനു താഴെ​യുള്ള ഒരു കുഞ്ഞി​നെ​യെ​ങ്കി​ലും പരിപാ​ലി​ച്ചു​കൊ​ണ്ടു ചെലവ​ഴി​ക്കു​ന്നു.

അമ്മമാരും തൊഴി​ലും

അയർലൻഡി​ലെ സ്‌ത്രീ​ക​ളിൽ 60 ശതമാനം കുട്ടി​കളെ നോക്കാ​നാ​യി വീട്ടി​ലി​രി​ക്കു​ന്നു. ഗ്രീസ്‌, ഇറ്റലി, സ്‌പെ​യിൻ എന്നിവി​ട​ങ്ങ​ളിൽ 40 ശതമാ​ന​വും.

വീട്ടുജോലികളിൽ സഹായം

ജപ്പാനി​ലെ വീട്ടമ്മ​മാ​രിൽ 80 ശതമാനം കുടും​ബാം​ഗ​ങ്ങ​ളിൽ ആരെങ്കി​ലും തങ്ങളെ വീട്ടു​ജോ​ലി​ക​ളിൽ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്ന​താ​യി പറഞ്ഞു, പ്രത്യേ​കി​ച്ചും തങ്ങൾക്കു സുഖമി​ല്ലാ​ത്ത​പ്പോൾ.

നെതർലൻഡ്‌സിൽ പുരു​ഷ​ന്മാർ ദിവസ​ത്തിൽ, ഏകദേശം 2 മണിക്കൂർ കുട്ടി​ക​ളോ​ടൊ​പ്പ​വും 0.7 മണിക്കൂർ വീട്ടു​ജോ​ലി​കൾ ചെയ്യാ​നും ചെലവ​ഴി​ക്കു​ന്നു. സ്‌ത്രീ​കൾ ഏകദേശം 3 മണിക്കൂർ കുട്ടി​ക​ളോ​ടൊ​പ്പം ചെലവ​ഴി​ക്കു​ന്നു, 1.7 മണിക്കൂർ വീട്ടു​ജോ​ലി​ചെ​യ്യാ​നും.

സമ്മർദം അനുഭ​വി​ക്കുന്ന അമ്മമാർ

ജർമനി​യി​ലെ അമ്മമാ​രിൽ 70 ശതമാ​ന​ത്തി​ല​ധി​കം സമ്മർദം അനുഭ​വി​ക്കു​ന്ന​വ​രാണ്‌. 51 ശതമാ​ന​ത്തോ​ളം പേർ നട്ടെല്ല്‌, കശേരു​കൾക്കി​ട​യി​ലെ ഡിസ്‌കു​കൾ എന്നിവ​യോട്‌ അനുബ​ന്ധി​ച്ചുള്ള ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളവരാണ്‌. മൂന്നി​ലൊ​ന്നിൽ അധികം പേർ നിരന്തരം ക്ഷീണി​ത​രും നിരാ​ശി​ത​രു​മാണ്‌. ഏകദേശം 30 ശതമാനം തലവേ​ദ​ന​യും കൊടി​ഞ്ഞി​യും നിമിത്തം വിഷമി​ക്കു​ന്നു.

പീഡിതരായ അമ്മമാർ

ഹോ​ങ്കോം​ഗിൽ സർവേ​യിൽ പങ്കെടുത്ത സ്‌ത്രീ​ക​ളിൽ 4 ശതമാനം ഗർഭകാ​ലത്ത്‌ തങ്ങൾ മർദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പറഞ്ഞു.

ജർമനി​യി​ലെ ഫോക്കസ്‌ മാസിക നടത്തിയ ഒരു സർവേ​യിൽ, 6 അമ്മമാ​രിൽ ഒരാൾ വീതം തന്റെ കുട്ടി ഒരിക്ക​ലെ​ങ്കി​ലും തന്നെ ശാരീ​രി​ക​മാ​യി ഉപദ്ര​വി​ച്ചി​ട്ടു​ണ്ടെന്നു സമ്മതിച്ചു.

[7-ാം പേജിലെ ചിത്രങ്ങൾ]

തൊഴിലും കുടും​ബ​ജീ​വി​ത​വും ഒരുമി​ച്ചു കൊണ്ടു​പോ​കേ​ണ്ട​തു​ള്ള​തി​നാൽ അനേകം സ്‌ത്രീ​ക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം അമ്മയുടെ റോൾ സമ്മർദം നിറഞ്ഞ ഒന്നാണ്‌