വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമ്മയായിരിക്കുന്നതിന്റെ വെല്ലുവിളികളെ നേരിടൽ

അമ്മയായിരിക്കുന്നതിന്റെ വെല്ലുവിളികളെ നേരിടൽ

അമ്മയാ​യി​രി​ക്കു​ന്ന​തി​ന്റെ വെല്ലു​വി​ളി​കളെ നേരിടൽ

കുട്ടികൾ ഭാവി തലമു​റയെ പ്രതി​നി​ധീ​ക​രി​ക്കു​ന്ന​തി​നാൽ അവരുടെ വ്യക്തി​ത്വ​ങ്ങൾ വാർത്തെ​ടു​ക്കുന്ന സ്‌ത്രീ​കൾ, അതായത്‌ അവരുടെ അമ്മമാർ തീർച്ച​യാ​യും ആദരവും ബഹുമാ​ന​വും പിന്തു​ണ​യും അർഹി​ക്കു​ന്നു. ആധുനിക ലോകം മാതൃ​ത്വ​ത്തെ കുറിച്ചു വ്യത്യസ്‌ത വീക്ഷണങ്ങൾ വെച്ചു​പു​ലർത്തു​ന്നെ​ങ്കി​ലും മക്കൾ ദൈവ​ത്തി​ന്റെ ഒരു ദാനവും മാതാ​പി​താ​ക്കൾക്കു സന്തോഷം നൽകാൻ കഴിയുന്ന ഒരു ഉറവും ആണെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 127:3-5, പി.ഒ.സി. ബൈ.) എന്നാൽ ഒരു അമ്മ ആയിരി​ക്കുക എന്നതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾക്കു നേരെ ബൈബിൾ കണ്ണടയ്‌ക്കു​ന്നില്ല. അതിന്റെ വ്യത്യസ്‌ത വെല്ലു​വി​ളി​കൾ ബൈബിൾ രേഖ​പ്പെ​ടു​ത്തു​ന്നു.

കുട്ടി​ക​ളു​ടെ പരിപാ​ല​ന​ത്തെ​യും അതിൽ അമ്മയ്‌ക്കുള്ള പങ്കി​നെ​യും കുറിച്ച്‌ മാതാ​പി​താ​ക്കൾ എടുക്കുന്ന തീരു​മാ​ന​ങ്ങൾക്ക്‌ അവരുടെ മക്കളുടെ ജീവി​ത​ത്തി​ന്മേ​ലും വ്യക്തി​ത്വ​ത്തി​ന്മേ​ലും ആഴമായ, നിലനിൽക്കുന്ന പ്രഭാവം ചെലു​ത്താൻ കഴിയും. ഈ തീരു​മാ​നങ്ങൾ മാതാ​പി​താ​ക്ക​ളു​ടെ ജീവി​ത​ശൈ​ലി​യിൽ വലിയ വ്യത്യാ​സം വരുത്തി​യേ​ക്കു​മെ​ന്ന​തി​നാൽ അവ വളരെ ശ്രദ്ധാ​പൂർവം എടു​ക്കേ​ണ്ട​താണ്‌. പിൻവ​രു​ന്നതു പോ​ലെ​യുള്ള ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ന്നതു നന്നായി​രി​ക്കും: മാതാവ്‌ ജോലി​ക്കു പോ​കേ​ണ്ട​തു​ണ്ടോ? ഉണ്ടെങ്കിൽ എത്ര സമയം? അമ്മ ജോലി​ക്കു പോകു​മ്പോൾ കുട്ടി​കളെ ആർ നോക്കും? ഒടുവിൽ, തങ്ങളുടെ കുട്ടി​കൾക്ക്‌ ഏറ്റവും നല്ലതെന്ന്‌ തോന്നു​ന്ന​തും ദൈവ​മു​മ്പാ​കെ ശരിയാ​യി​രി​ക്കു​ന്ന​തും എന്താണോ അതായി​രി​ക്കണം മാതാ​പി​താ​ക്കൾ ചെയ്യേ​ണ്ടത്‌.

എന്നിരു​ന്നാ​ലും ജ്ഞാനപൂർവ​ക​മായ തീരു​മാ​നങ്ങൾ എടുക്കാ​നുള്ള ഈ പോരാ​ട്ട​ത്തിൽ തങ്ങൾ ഒറ്റയ്‌ക്കാ​ണെന്ന്‌ അമ്മമാർക്കു തോ​ന്നേ​ണ്ട​തില്ല. യെശയ്യാ​വു 40:11-ലെ വാക്കു​ക​ളിൽനിന്ന്‌ അവർക്കു വളരെ ആശ്വാസം കണ്ടെത്താൻ കഴിയും. കൊച്ചു കുട്ടികൾ ഉള്ള അമ്മമാ​രിൽ ദൈവം പ്രത്യേക ശ്രദ്ധ എടുക്കു​ന്നു​വെ​ന്നും അവരെ അവൻ “പതുക്കെ നടത്തു​മെ​ന്നും” ആ വാക്യം സൂചി​പ്പി​ക്കു​ന്നു. അമ്മയുടെ ധർമങ്ങൾ വിജയ​ക​ര​മാ​യി നിർവ​ഹി​ക്കാ​നും അവ ആസ്വദി​ക്കാ​നും സഹായി​ക്കുന്ന അനേകം മാർഗ​നിർദേ​ശങ്ങൾ ബൈബി​ളിൽ പ്രദാനം ചെയ്‌തു​കൊണ്ട്‌ ദൈവം അത്തരം ആഴമായ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നു.

ന്യായ​ബോ​ധം ഉള്ളവരാ​യി​രി​ക്കുക: ക്രിസ്‌ത്യാ​നി​കൾ ന്യായ​ബോ​ധ​മു​ള്ള​വ​രാ​യി അറിയ​പ്പെ​ടണം. (ഫിലി​പ്പി​യർ 4:5, NW) ഒരു അമ്മ കൂടെ​യായ ജാനെറ്റ്‌ പെൻലി എന്ന ലേഖിക ഈ തത്ത്വത്തി​ന്റെ മൂല്യം മനസ്സി​ലാ​ക്കി. അവർ ഇങ്ങനെ പറയുന്നു: “അമ്മയാ​യ​പ്പോൾ എനിക്ക്‌ അങ്ങേയ​റ്റത്തെ പ്രതീ​ക്ഷ​ക​ളാ​യി​രു​ന്നു. ഇതുവരെ ഉണ്ടായി​രു​ന്നി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും നല്ല അമ്മയാ​യി​രി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. അതിനു​വേണ്ടി വളരെ​യ​ധി​കം പുസ്‌ത​കങ്ങൾ വായിച്ചു, എണ്ണമറ്റ ഉപദേ​ശ​ക​രു​ടെ അഭി​പ്രാ​യങ്ങൾ ശ്രദ്ധിച്ചു. എന്നാൽ അമ്മയെന്ന നിലയിൽ വിജയി​ക്കാൻ കഴിഞ്ഞു എന്ന തോന്ന​ലി​നു പകരം അപര്യാ​പ്‌ത​താ​ബോ​ധ​വും സമ്മർദ​വു​മാണ്‌ എനിക്ക്‌ അനുഭ​വ​പ്പെ​ട്ടത്‌.” അവർ വിശദീ​ക​രി​ക്കു​ന്നത്‌ അനുസ​രിച്ച്‌ “മറ്റുള്ള​വ​രു​ടെ പ്രതീ​ക്ഷ​കൾക്കൊത്ത്‌ ഉയരാ​നും അവർ ‘ഉത്തമം’ എന്നു കൽപ്പി​ക്കുന്ന നിലവാ​ര​ങ്ങ​ളിൽ എത്തി​ച്ചേ​രാ​നും പാടു​പെ​ടു​ന്നത്‌ നിങ്ങളു​ടെ ഉത്സാഹ​ത്തെ​യും ഊർജ​ത്തെ​യും ചോർത്തി​ക്ക​ള​യു​ക​യും വിഷമ​വും കുറ്റ​ബോ​ധ​വും തോന്നാൻ ഇടയാ​ക്കു​ക​യും ചെയ്യും.”

ജീവിതം കൂടുതൽ ലളിത​മാ​ക്കുക: “ഭ്രാന്ത​മായ ഈ ഓട്ടത്തി​നി​ട​യിൽ കുടും​ബ​ങ്ങൾക്കു കുട്ടി​ക​ളു​ടെ ബാല്യ​കാല ജീവിതം കണ്ടാസ്വ​ദി​ക്കാ​നുള്ള അവസര​വും കുടും​ബ​ജീ​വി​ത​ത്തി​ലെ സന്തുഷ്ടി​യും നഷ്ടമാ​കു​ന്നു” എന്നു ന്യൂസ്‌വീക്ക്‌ മാസിക എഴുതി. അതു​കൊണ്ട്‌ അനേകം അമ്മമാ​രും തങ്ങളുടെ ജീവിതം കൂടുതൽ ലളിതം ആയിരു​ന്നെ​ങ്കിൽ എന്ന്‌ ആശിക്കു​ന്നു. നിങ്ങൾക്ക്‌ ഇതെങ്ങനെ സാധ്യ​മാ​ക്കാ​നാ​വും? ഒന്നാമ​താ​യി, മുൻഗ​ണ​നകൾ വെക്കുക. നിങ്ങളു​ടെ കുട്ടി​കൾക്ക്‌ സമയവും വ്യക്തി​പ​ര​മായ ശ്രദ്ധയും നൽകു​ന്നത്‌ ഉൾപ്പെ​ടെ​യുള്ള ‘കൂടുതൽ പ്രാധാ​ന്യ​മുള്ള സംഗതി​ക​ളിൽ’ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. (ഫിലി​പ്പി​യർ 1:10, 11, NW) രണ്ടാമ​താ​യി, നിങ്ങളു​ടെ ജീവി​ത​ശൈലി വിലയി​രു​ത്തുക. അത്യാ​വ​ശ്യ​മ​ല്ലാത്ത ചില പ്രവർത്ത​ന​ങ്ങ​ളോ വസ്‌തു​വ​ക​ക​ളോ വേണ്ടെന്നു വെക്കേ​ണ്ടത്‌ ഉണ്ടായി​രി​ക്കാം.

നിങ്ങളു​ടെ ജീവി​ത​ത്തിൽ ഏറ്റവും പ്രധാനം എന്താണ്‌? എല്ലാ കാര്യ​ങ്ങ​ളും ഒരുമി​ച്ചു നേടേ​ണ്ട​തു​ണ്ടോ, അതോ ചില ലക്ഷ്യങ്ങൾ മാറ്റി വെക്കാൻ കഴിയു​മോ? പരിമി​ത​മായ ഭൗതിക ആസ്‌തി​ക​ളുള്ള ഒരു മാതാ​വായ കാരളിൻ തന്റെ സാഹച​ര്യ​ത്തെ എങ്ങനെ കൈകാ​ര്യം ചെയ്യു​ന്നു​വെന്നു പറയുന്നു: “കാര്യങ്ങൾ ലളിത​മാ​ക്കി വെക്കാ​നും ചെലവു ചുരു​ക്കാ​നും ഞാൻ ശ്രദ്ധി​ക്കു​ന്നു.” മൂന്നു കുട്ടി​ക​ളു​ടെ അമ്മയായ ഗ്ലോറിയ പറയുന്നു: “വിലകൂ​ടിയ റെഡി​മെ​യ്‌ഡ്‌ വസ്‌ത്രങ്ങൾ വാങ്ങാ​നുള്ള പണം ഞങ്ങൾക്ക്‌ ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌ കുട്ടി​കൾക്കുള്ള വസ്‌ത്രങ്ങൾ ഞാൻത​ന്നെ​യാണ്‌ തുന്നി​യി​രു​ന്നത്‌. ആ വസ്‌ത്രങ്ങൾ മറ്റാർക്കും ഇല്ലാത്ത​വ​യാ​ണെ​ന്നും അതു​കൊണ്ട്‌ അവ വിശേ​ഷ​പ്പെ​ട്ട​താ​ണെ​ന്നും ഞാൻ അവരോ​ടു പറയു​മാ​യി​രു​ന്നു.”

“വിവേകം കാത്തു​സൂ​ക്ഷി​ക്കു​ന്ന​വന്‌ ഐശ്വ​ര്യ​മു​ണ്ടാ​കും” എന്നു ദൈവ​വ​ചനം പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 19:8, പി.ഒ.സി. ബൈ.) അമ്മമാ​രു​ടെ​യും കുട്ടി​ക​ളു​ടെ​യും മുമ്പി​ലുള്ള എണ്ണമറ്റ വിനോ​ദാ​വ​സ​ര​ങ്ങ​ളെ​യും ഉപകര​ണ​ങ്ങ​ളെ​യും പ്രവണ​ത​ക​ളെ​യും വിശക​ലനം ചെയ്യാൻ വിവേകം ആവശ്യ​മാണ്‌. ദക്ഷിണാ​ഫ്രി​ക്ക​യിൽനി​ന്നുള്ള ജൂഡിത്ത്‌ എന്ന അമ്മ പറയുന്നു: “പുതിയ ഉത്‌പ​ന്നങ്ങൾ, മികച്ച സാങ്കേ​തി​ക​വി​ദ്യ​കൾ, കൂടുതൽ സേവനങ്ങൾ ഇവയെ​ല്ലാം നിരന്തരം നമ്മുടെ മുന്നിൽ എത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു!” നാലു കുട്ടി​ക​ളു​ടെ മാതാ​വായ ജർമനി​യിൽനി​ന്നുള്ള ആംഗേലാ ഈ വെല്ലു​വി​ളി​യെ നേരി​ടു​ന്നത്‌ ഇങ്ങനെ​യാണ്‌: “നിങ്ങൾക്ക്‌ അനിവാ​ര്യ​വും പ്രയോ​ജ​ന​ക​ര​വു​മാ​യത്‌ എന്താ​ണെന്നു നിങ്ങൾ നിശ്ചയി​ക്കേ​ണ്ട​തുണ്ട്‌, അതുതന്നെ ചെയ്യാൻ കുട്ടി​ക​ളെ​യും സഹായി​ക്കുക.”

സാധ്യ​മായ മാറ്റങ്ങൾ വരുത്തുക: “സാമാ​ന്യ​ബോ​ധ​വും വിവേ​ച​നാ​ശേ​ഷി​യും ഉപയോ​ഗി​ക്കുക” എന്നു ബൈബിൾ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 3:21, സമകാ​ലീന ഇംഗ്ലീഷ്‌ ഭാഷാ​ന്തരം) നിങ്ങൾ ഇപ്പോൾ ജോലി​ക്കു പോകു​ന്നു​ണ്ടെ​ങ്കിൽ ഇതു പരിചി​ന്തി​ക്കുക: ഭർത്താ​വി​ന്റെ വരുമാ​നം​കൊ​ണ്ടു മാത്രം നിങ്ങളു​ടെ കുടും​ബ​ത്തി​നു ജീവി​ക്കാൻ സാധി​ക്കു​മോ? ഈ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താൻ സഹായി​ക്കു​ന്ന​തിന്‌ നികുതി, ശിശു​പ​രി​പാ​ലനം, യാത്ര, വസ്‌ത്രങ്ങൾ, ഹോട്ടൽ ഭക്ഷണം എന്നിവ​യ്‌ക്കും മറ്റ്‌ അല്ലറചി​ല്ലറ കാര്യ​ങ്ങൾക്കും വരുന്ന ചെലവ്‌ കിഴിച്ച ശേഷം നിങ്ങൾക്കു കിട്ടുന്ന അറ്റാദാ​യം കണക്കു​കൂ​ട്ടുക. കൂടാതെ ഭർത്താ​വി​ന്റെ​യും നിങ്ങളു​ടെ​യും മൊത്തം വരുമാ​നം നിങ്ങളെ ഉയർന്ന വരുമാ​ന​ക്കാ​രു​ടെ പട്ടിക​യിൽ പെടു​ത്തു​ന്നെ​ങ്കിൽ അതിന്റെ ഫലമായി ഭർത്താ​വി​ന്റെ വരുമാ​ന​ത്തി​ന്മേ​ലുള്ള നികുതി കൂടു​ത​ലാ​യി​രി​ക്കാം. ഇതെല്ലാം കഴിഞ്ഞിട്ട്‌ മിച്ചം വരുന്നത്‌ എത്ര തുച്ഛമാ​ണെ​ന്നത്‌ നിങ്ങളെ ഒരുപക്ഷേ അതിശ​യി​പ്പി​ച്ചേ​ക്കാം.

ചിലർ ജോലി സമയം കുറയ്‌ക്കു​ക​യോ വീടി​ന​ടു​ത്തു ജോലി​ക്കു പോകു​ക​യോ ചെയ്യുന്നു. അതിന്റെ ഫലമായി വരുമാ​നം കുറ​ഞ്ഞേ​ക്കാ​മെ​ങ്കി​ലും കുട്ടി​ക​ളോ​ടൊ​ത്തു കൂടുതൽ സമയം ചെലവ​ഴി​ക്കാൻ അവർക്കു സാധി​ക്കു​ന്നു. ഇനി ജോലി​ക്കു പോകേണ്ട എന്നു നിങ്ങൾ തീരു​മാ​നി​ക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ. ആ ജോലി നിങ്ങളു​ടെ ആത്മാഭി​മാ​ന​ത്തി​നും ആത്മസം​തൃ​പ്‌തി​ക്കും സംഭാവന ചെയ്‌തി​രു​ന്നെ​ങ്കിൽ വീട്ടിൽ നിൽക്കു​മ്പോ​ഴും ഈ പ്രധാന ഘടകങ്ങൾ നിലനി​റു​ത്താ​നുള്ള മാർഗ​ങ്ങളെ കുറിച്ചു ചിന്തി​ക്കുക.

സഹായം തേടുക: സഹായ​ത്തി​നാ​യുള്ള ഒരു ‘നിലവി​ളിക്ക്‌’ നല്ല ഫലങ്ങൾ നേടി​ത്ത​രാ​നാ​കു​മെന്നു ദൈവ​വ​ചനം ആവർത്തി​ച്ചു വ്യക്തമാ​ക്കു​ന്നു. (പുറപ്പാ​ടു 2:23, 24; സങ്കീർത്തനം 34:15) സഹായ​ത്തി​നാ​യുള്ള ഒരു അമ്മയുടെ നിലവി​ളി ഭർത്താ​വിൽനി​ന്നുള്ള സഹായം ലഭിക്കാൻ ഇടയാ​ക്കി​യേ​ക്കാം. അദ്ദേഹ​ത്തി​ന്റെ സഹകര​ണ​ത്തോ​ടെ വീട്ടു​ജോ​ലി​കൾ നിങ്ങൾക്കു രണ്ടു​പേർക്കു​മാ​യി പങ്കു​വെ​ക്കാ​നാ​കും. അങ്ങനെ, കുട്ടി​ക​ളോ​ടൊ​പ്പം കൂടുതൽ സമയം ചെലവ​ഴി​ക്കുക എന്നതുൾപ്പെടെ നിങ്ങൾ ഒരുമി​ച്ചു വെച്ച ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾക്കു കഴിയും. സാധ്യ​മെ​ങ്കിൽ ഒരു മാതാവ്‌ ബന്ധുക്കൾ, ആത്മസു​ഹൃ​ത്തു​ക്കൾ എന്നിങ്ങനെ തന്റെ താത്‌പ​ര്യ​ങ്ങ​ളും ലക്ഷ്യങ്ങ​ളും മനസ്സി​ലാ​ക്കുന്ന വ്യക്തി​ക​ളു​ടെ സഹായം തേടേ​ണ്ട​താണ്‌.

അനേകം അമ്മമാർക്കും പ്രാ​ദേ​ശിക ക്രിസ്‌തീയ സഭയിലെ സഹവി​ശ്വാ​സി​ക​ളിൽനിന്ന്‌ വിലപ്പെട്ട പിന്തുണ ലഭിക്കു​ന്നു. “സഭയു​മാ​യുള്ള അടുപ്പ​മാണ്‌ ദൈവം നമ്മോടു സ്‌നേ​ഹ​വും ദയയും താത്‌പ​ര്യ​വും കാണി​ക്കുന്ന” ഒരു വിധ​മെന്ന്‌ മൂന്നു കുട്ടി​ക​ളു​ടെ മാതാ​വായ മാരീയാ തിരി​ച്ച​റി​ഞ്ഞു.

വിശ്ര​മ​ത്തി​നു സമയം കണ്ടെത്തുക: തികഞ്ഞ ആരോ​ഗ്യ​വും കരുത്തും ഉണ്ടായി​രുന്ന പൂർണ മനുഷ്യ​നായ യേശു പോലും “ഒരു ഏകാന്ത​സ്ഥ​ലത്തു വേറി​ട്ടു​വന്നു അല്‌പം ആശ്വസി​ച്ചു​കൊൾവിൻ” എന്നു തന്റെ ശിഷ്യ​ന്മാ​രോ​ടു പറയു​ക​യു​ണ്ടാ​യി. (മർക്കൊസ്‌ 6:30-32) സമ്മർദ​പൂ​രി​ത​മായ സമയങ്ങ​ളി​ലും സമനി​ല​യോ​ടെ പ്രവർത്തി​ക്കാ​നുള്ള കഴിവി​ലാണ്‌ അമ്മയെന്ന നിലയി​ലുള്ള നിങ്ങളു​ടെ വിജയം ആശ്രയി​ച്ചി​രി​ക്കു​ന്നത്‌. നിങ്ങളു​ടെ കുട്ടി​കൾക്ക്‌ നിങ്ങളെ ആവശ്യ​മുണ്ട്‌ എന്നതു ശരിയാണ്‌. അതോ​ടൊ​പ്പം സന്തോ​ഷ​വ​തി​യും സംതൃ​പ്‌ത​യു​മാ​യി നിങ്ങളെ കാണുക എന്നതും അവരുടെ ആവശ്യ​മാണ്‌. അതിന്‌ നിങ്ങൾ ആവശ്യ​ത്തി​നു വിശ്രമം എടു​ക്കേ​ണ്ട​തുണ്ട്‌.

നേരത്തേ പരാമർശിച്ച ആംഗേലാ വിശ്ര​മ​ത്തി​നു ചില വഴികൾ കണ്ടെത്തി​യി​ട്ടുണ്ട്‌: “രാവിലെ ഞാൻ അര മണിക്കൂ​റെ​ങ്കി​ലും എനിക്കാ​യി മാറ്റി വെക്കുന്നു. കൂടാതെ, ആഴ്‌ച​യിൽ ഒന്നോ രണ്ടോ വൈകു​ന്നേ​രങ്ങൾ ഞാനും ഭർത്താ​വും മാത്ര​മാ​യി ചെലവ​ഴി​ക്കു​ന്നു. ആ സമയത്ത്‌ വീട്ടിൽ മറ്റെവി​ടെ​യെ​ങ്കി​ലും പോയി ഒച്ചയു​ണ്ടാ​ക്കാ​തെ എന്തെങ്കി​ലും ചെയ്യണ​മെന്ന്‌ ഞങ്ങൾ കുട്ടി​ക​ളോ​ടു പറഞ്ഞി​ട്ടുണ്ട്‌. അങ്ങനെ ഞങ്ങൾക്കു മാത്ര​മാ​യി ഒരു മണിക്കൂർ കിട്ടുന്നു.”

ആത്മീയ​ത​യ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകുക: ഉദ്ദേശ്യ​ത്തിൽനി​ന്നുള്ള വ്യതി​ച​ല​ന​വും മുൻഗ​ണ​ന​ക​ളു​ടെ അഭാവ​വും അമ്മമാർക്കു നേരി​ടേ​ണ്ടി​വ​രുന്ന വെല്ലു​വി​ളി​കൾ വർധി​പ്പി​ച്ചേ​ക്കാം. ദൈ​വേ​ഷ്ട​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകാൻ ഒരു ക്രിസ്‌തീയ കുടും​ബ​ത്തി​ലെ അംഗങ്ങ​ളെ​ല്ലാം സഹകരി​ച്ചു പ്രവർത്തി​ക്കു​മ്പോൾ അവർ സന്തോഷം അനുഭ​വി​ക്കും. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി: ‘ദൈവ​ഭക്തി ഇപ്പോ​ഴത്തെ ജീവ​ന്റെ​യും വരുവാ​നി​രി​ക്കു​ന്ന​തി​ന്റെ​യും വാഗ്‌ദ​ത്ത​മു​ള്ള​താ​കു​ന്നു.’ (1 തിമൊ​ഥെ​യൊസ്‌ 4:8) ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കു​ക​യും ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശങ്ങൾ പിൻപ​റ്റു​ക​യും ചെയ്യുന്ന ഒരു കുടും​ബം സന്തുഷ്ടി കണ്ടെത്തും. കുടും​ബ​ത്തി​ലെ ഒരംഗം മാത്രമേ ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്നു​ള്ളു​വെ​ങ്കിൽ പോലും ആരും അങ്ങനെ ചെയ്യാ​ത്ത​പ്പോ​ഴ​ത്തേ​തി​നെ​ക്കാൾ മെച്ചമാ​യി​രി​ക്കും അവസ്ഥകൾ.

മുഴു സമയം ജോലി ചെയ്യുന്ന ആഡെൽ എന്ന ക്രിസ്‌തീയ മാതാവ്‌ ആത്മീയ മനസ്‌ക​യാ​യി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ കണ്ടെത്തി​യി​ട്ടുണ്ട്‌. അവർ പറയുന്നു: “നമ്മുടെ കുട്ടികൾ എന്താണു നേരി​ടു​ന്നത്‌ എന്നതിനെ കുറി​ച്ചും അവരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം എന്നതിനെ കുറി​ച്ചു​മുള്ള വളരെ​യേറെ വിവര​ങ്ങ​ളും മാർഗ​നിർദേ​ശ​ങ്ങ​ളും നമ്മുടെ ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ അടങ്ങി​യി​ട്ടുണ്ട്‌. നൽകുന്ന ആത്മീയ പ്രബോ​ധ​ന​ത്തോ​ടു കുട്ടികൾ നന്നായി പ്രതി​ക​രി​ക്കു​ന്നതു കാണു​മ്പോൾ നിങ്ങളു​ടെ ശ്രമങ്ങൾക്കു ഫലം ലഭിച്ച​തി​ന്റെ സന്തോഷം നിങ്ങൾക്ക്‌ അനുഭ​വി​ക്കാ​നാ​കും. അവരുടെ പെരു​മാ​റ്റ​ത്തി​ലും കാര്യങ്ങൾ വിലയി​രു​ത്തുന്ന രീതി​യി​ലും ചെറിയ ചെറിയ പുരോ​ഗതി കാണു​മ്പോൾ അവർ നിങ്ങളു​ടെ പ്രബോ​ധനം സ്വീക​രി​ക്കു​ന്നു​ണ്ടെ​ന്നും നിങ്ങളു​ടെ ശ്രമങ്ങൾ ഫലവത്താ​കു​ന്നു​വെ​ന്നും നിങ്ങൾ മനസ്സി​ലാ​ക്കും.” a

അതേ, മാതൃ​ത്വം ഉയർത്തുന്ന വെല്ലു​വി​ളി​കളെ വിജയ​ക​ര​മാ​യി നേരി​ടുക സാധ്യ​മാണ്‌. തന്നിൽ ആശ്രയി​ച്ചു​കൊണ്ട്‌ ഉത്സാഹ​ത്തോ​ടും ത്യാഗ​മ​നോ​ഭാ​വ​ത്തോ​ടും കൂടെ പ്രവർത്തി​ക്കുന്ന അമ്മമാ​രു​ടെ ശ്രമങ്ങൾ വൃഥാ​വാ​കില്ല എന്ന ആശ്വാ​സ​ക​ര​മായ ഉറപ്പ്‌ ദൈവം പ്രദാനം ചെയ്യുന്നു. ദൈവ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം നട്ടുവ​ളർത്തുന്ന അമ്മമാർക്ക്‌ “അവൻ ക്ഷീണി​ച്ചി​രി​ക്കു​ന്ന​വന്നു ശക്തി നല്‌കു​ന്നു” എന്ന വാഗ്‌ദാ​ന​ത്തിൽനിന്ന്‌ ആശ്വാസം കണ്ടെത്താൻ കഴിയും.—യെശയ്യാ​വു 40:29. (g02 4/8)

[അടിക്കു​റിപ്പ്‌]

a കുട്ടികളുടെ പരിശീ​ല​ന​ത്തിൽ ഉപയോ​ഗി​ക്കു​ന്ന​തി​നാ​യി തയ്യാറാ​ക്കിയ വിവിധ പുസ്‌ത​കങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. എന്റെ ബൈബിൾ കഥാ പുസ്‌തകം, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും, കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്നീ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവയിൽ ചിലതാണ്‌.

[10-ാം പേജിലെ ചതുരം]

ഒരു അമ്മയുടെ സ്വാധീ​നം

ഒരു അമ്മയെന്ന നിലയിൽ കുട്ടി​യു​ടെ ജീവി​ത​ത്തിൽ നിങ്ങൾക്ക്‌ എത്രമാ​ത്രം സ്വാധീ​ന​മു​ണ്ടെന്ന്‌ നിങ്ങൾ ഒരുപക്ഷേ ചിന്തി​ച്ചേ​ക്കാം. ചില സമയങ്ങ​ളിൽ സമപ്രാ​യ​ക്കാർ, അധ്യാ​പകർ എന്നിവ​രു​ടെ​യും വിനോ​ദ​മാ​ധ്യ​മങ്ങൾ, വീഡി​യോ ഗെയി​മു​കൾ, സംഗീതം എന്നിവ​യു​ടെ​യും സ്വാധീ​നം നിങ്ങളു​ടേ​തി​നെ​ക്കാൾ കവിഞ്ഞു​പോ​കു​ന്ന​താ​യി തോന്നി​യേ​ക്കാം.

മോ​ശെ​യു​ടെ അമ്മയായ യോ​ഖേ​ബെ​ദി​ന്റെ ദൃഷ്ടാന്തം പരിചി​ന്തി​ക്കുക. വളരെ പ്രയാ​സ​ക​ര​മായ ഒരു കാലഘ​ട്ട​ത്തി​ലാണ്‌ അവൾ ജീവി​ച്ചത്‌. തന്റെ മകന്റെ ജീവി​ത​ത്തി​ന്മേൽ അവൾക്കുള്ള അധികാ​രം പരിമി​ത​മാ​യി​രു​ന്നു. എങ്കിലും അവന്റെ വ്യക്തി​ത്വ​ത്തെ വാർത്തെ​ടു​ക്കാൻ ലഭിച്ച അവസരങ്ങൾ അവൾ നന്നായി ഉപയോ​ഗി​ച്ചു. ഒന്നാമത്‌, മോ​ശെയെ മരണത്തി​ന്റെ വായിൽനി​ന്നു രക്ഷിക്കാ​നുള്ള പടികൾ സ്വീക​രി​ച്ചു​കൊണ്ട്‌ അവൾ ധീരമായ വിശ്വാ​സം പ്രകട​മാ​ക്കി. ദൈവം അവളുടെ വിശ്വാ​സ​ത്തി​നു പ്രതി​ഫലം നൽകി. കുഞ്ഞിന്റെ ജീവൻ പരിര​ക്ഷി​ക്കുക മാത്രമല്ല, യോ​ഖേ​ബെ​ദിന്‌ അവന്റെ ആയയും അമ്മയു​മാ​യി സേവി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം അവൻ സാഹച​ര്യ​ങ്ങൾ ഒരുക്കി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു.—പുറപ്പാ​ടു 1:15, 16; 2:1-10.

യോ​ഖേ​ബെ​ദിന്‌ തന്റെ മകന്റെ വ്യക്തി​ത്വം വാർത്തെ​ടു​ക്കു​ന്ന​തിൽ പങ്കുണ്ടാ​യി​രു​ന്നു എന്നതു വ്യക്തമാണ്‌. ഈജി​പ്‌തി​ലെ രാജ​കൊ​ട്ടാ​ര​വു​മാ​യി ബന്ധം ഉണ്ടായി​രു​ന്നി​ട്ടും മുതിർന്നു​ക​ഴി​ഞ്ഞ​പ്പോൾ അവന്‌ എബ്രാ​യ​രോ​ടും അവരുടെ ദൈവ​ത്തോ​ടും അഗാധ സ്‌നേഹം തോന്നി എന്നത്‌ വളരുന്ന പ്രായ​ത്തിൽ അവന്റെ മാതാ​പി​താ​ക്കൾ അവന്റെ​മേൽ ചെലു​ത്തിയ സ്വാധീ​ന​ത്തി​ന്റെ തെളി​വാണ്‌.—എബ്രായർ 11:24-26.

ഒരു അമ്മയെന്ന നിലയിൽ നിങ്ങളു​ടെ കുട്ടിയെ സ്വാധീ​നി​ക്കാൻ സാധ്യ​ത​യ​നു​സ​രിച്ച്‌ യോ​ഖേ​ബെ​ദിന്‌ ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ കൂടുതൽ അവസരങ്ങൾ നിങ്ങൾക്കുണ്ട്‌. നിലനിൽക്കുന്ന ദൈവിക പ്രബോ​ധനം നിങ്ങളു​ടെ കുട്ടിക്കു പകർന്നു കൊടു​ക്കാൻ അവന്റെ അല്ലെങ്കിൽ അവളുടെ ഹ്രസ്വ​മായ ബാല്യ​കാ​ലം നിങ്ങൾ നന്നായി ഉപയോ​ഗി​ക്കു​ന്നു​ണ്ടോ? അതോ നിലവി​ലുള്ള സംസ്‌കാ​രം കുട്ടി​യു​ടെ വ്യക്തി​ത്വ​വി​കാ​സത്തെ സ്വാധീ​നി​ക്കാൻ നിങ്ങൾ അനുവ​ദി​ക്കു​ക​യാ​ണോ?

[10-ാം പേജിലെ ചിത്രങ്ങൾ]

വീട്ടുജോലികളിൽ മറ്റുള്ള​വ​രെ​യും പങ്കെടു​പ്പി​ക്കുക, നിങ്ങൾക്കാ​യി കുറച്ചു സമയം മാറ്റി​വെ​ക്കുക, ആത്മീയ​ത​യ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകുക