വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉയർന്ന രക്തസമ്മർദം—പ്രതിരോധിക്കലും നിയന്ത്രിക്കലും

ഉയർന്ന രക്തസമ്മർദം—പ്രതിരോധിക്കലും നിയന്ത്രിക്കലും

ഉയർന്ന രക്തസമ്മർദം—പ്രതി​രോ​ധി​ക്ക​ലും നിയ​ന്ത്രി​ക്ക​ലും

ബ്രസീലിലെ ഉണരുക! ലേഖകൻ

യാതൊ​രു സൂചന​യു​മി​ല്ലാ​തെ പെട്ടെ​ന്നൊ​രു ദിവസം മൂക്കിൽനി​ന്നു രക്തമൊ​ഴു​കാൻ തുടങ്ങി​യ​പ്പോൾ മെരി​യാൻ ആകെ ഭയന്നു​പോ​യി. “ഞാൻ മരിക്കാൻ പോവു​ക​യാ​ണെന്ന്‌ എനിക്കു തോന്നി,” ആ സംഭവം അനുസ്‌മ​രി​ച്ചു​കൊണ്ട്‌ അവർ പറയുന്നു. മൂക്കിൽനി​ന്നു രക്തം വരാനുള്ള കാരണം ഉയർന്ന രക്തസമ്മർദം (ആർട്ടി​രി​യൽ ഹൈപ്പർടെൻഷൻ) ആണെന്ന്‌ ഒരു ഡോക്ടർ മെരി​യാ​നോ​ടു പറഞ്ഞു. “എന്നാൽ എന്തെങ്കി​ലും അസുഖം ഉള്ളതായി എനിക്കു തോന്നു​ന്നി​ല്ല​ല്ലോ” മെരി​യാൻ പറഞ്ഞു. “തങ്ങൾക്ക്‌ ഉയർന്ന രക്തസമ്മർദം ഉള്ള കാര്യം പലർക്കും അറിയില്ല, കാരണം അവർക്ക്‌ അതിന്റെ യാതൊ​രു​വിധ ലക്ഷണങ്ങ​ളും കാണില്ല,” ഡോക്ടർ മറുപടി നൽകി.

നിങ്ങളു​ടെ രക്തസമ്മർദ​ത്തി​ന്റെ കാര്യ​മോ? നിങ്ങളു​ടെ ഇപ്പോ​ഴത്തെ ജീവി​ത​ശൈലി ഭാവി​യിൽ ഉയർന്ന രക്തസമ്മർദ​ത്തി​നു വഴി​തെ​ളി​ക്കു​മോ? രക്തസമ്മർദം നിയ​ന്ത്രി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? a

രക്തക്കു​ഴ​ലു​ക​ളു​ടെ ഭിത്തി​യിൽ രക്തം ചെലു​ത്തുന്ന മർദ​ത്തെ​യാണ്‌ രക്തസമ്മർദം എന്നു പറയു​ന്നത്‌. ഒരു മർദമാ​പി​നി​യോ​ടു ഘടിപ്പി​ച്ചി​രി​ക്കു​ന്ന​തും വായു പമ്പ്‌ ചെയ്‌ത്‌ വീർപ്പി​ക്കാ​വു​ന്ന​തു​മായ ഒരു റബർ ചുരുൾ കൈമു​ട്ടി​നു മുകളിൽ ചുറ്റി​യാണ്‌ രക്തസമ്മർദം അളക്കു​ന്നത്‌. മർദമാ​പി​നി രണ്ട്‌ അളവുകൾ കാണി​ക്കും. ഉദാഹ​ര​ണ​ത്തിന്‌: 120/80. ആദ്യത്തെ സംഖ്യ സിസ്റ്റോ​ളിക്‌ രക്തസമ്മർദ​മാണ്‌, കാരണം അത്‌ ഹൃദയം സങ്കോ​ചി​ക്കുന്ന (സിസ്റ്റോൾ) സമയത്തുള്ള മർദത്തെ സൂചി​പ്പി​ക്കു​ന്നു. രണ്ടാമത്തെ സംഖ്യ ഡയസ്റ്റോ​ളിക്‌ രക്തസമ്മർദ​മാണ്‌, അത്‌ ഹൃദയം വികസി​ച്ചു പൂർവ​സ്ഥി​തി പ്രാപി​ക്കു​മ്പോ​ഴത്തെ (ഡയസ്റ്റോൾ) മർദത്തെ കുറി​ക്കു​ന്നു. മർദമാ​പി​നി​യിൽ രസത്തിന്റെ അളവ്‌ എത്ര മില്ലി​മീ​റ്റ​റാണ്‌ എന്നു നോക്കി​യാണ്‌ മർദം രേഖ​പ്പെ​ടു​ത്തു​ന്നത്‌. ഒരു വ്യക്തി​യു​ടെ രക്തസമ്മർദം 140/90-നു മുകളിൽ ആണെങ്കിൽ ഡോക്ടർമാർ അയാളെ ഉയർന്ന രക്തസമ്മർദം ഉള്ളവരു​ടെ ഗണത്തിൽപ്പെ​ടു​ത്തു​ന്നു.

രക്തസമ്മർദം വർധി​ക്കാൻ ഇടയാ​ക്കു​ന്നത്‌ എന്താണ്‌? നിങ്ങൾ വീട്ടിലെ പൂന്തോ​ട്ടം നനയ്‌ക്കു​ക​യാ​ണെന്നു കരുതുക. ടാപ്പ്‌ തുറക്കു​ക​യോ അതിന്റെ കുഴൽവാ​യു​ടെ വ്യാസം കുറയ്‌ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ വെള്ളത്തി​ന്റെ മർദം വർധി​പ്പി​ക്കാൻ നിങ്ങൾക്കു കഴിയും. രക്തസമ്മർദ​ത്തി​ന്റെ കാര്യ​ത്തി​ലും ഇതുത​ന്നെ​യാ​ണു സംഭവി​ക്കു​ന്നത്‌: രക്തപ്ര​വാ​ഹ​ത്തി​ന്റെ തോത്‌ വർധി​ക്കു​ക​യോ രക്തക്കു​ഴ​ലു​ക​ളു​ടെ വ്യാസം കുറയു​ക​യോ ചെയ്യു​മ്പോൾ രക്തസമ്മർദം വർധി​ക്കു​ന്നു. ഉയർന്ന രക്തസമ്മർദം ഉണ്ടാകു​ന്നത്‌ എങ്ങനെ​യാണ്‌? അതിൽ പല ഘടകങ്ങൾ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌.

നിങ്ങൾക്കു നിയ​ന്ത്രി​ക്കാ​നാ​കാത്ത ഘടകങ്ങൾ

ഒരു വ്യക്തി​യു​ടെ ബന്ധുക്കൾക്ക്‌ ആർക്കെ​ങ്കി​ലും ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ അയാൾക്കും അത്‌ ഉണ്ടാകാ​നുള്ള സാധ്യത കൂടു​ത​ലാ​ണെന്നു ഗവേഷകർ കണ്ടെത്തി​യി​ട്ടുണ്ട്‌. ദ്വയാ​ണ്ഡ​സ​ന്ത​തി​ക​ളായ ഇരട്ടകളെ അപേക്ഷിച്ച്‌ ഏകാണ്ഡ​സ​ന്ത​തി​ക​ളായ ഇരട്ടക​ളിൽ ഉയർന്ന രക്തസമ്മർദം കൂടു​ത​ലാ​യി കണ്ടുവ​രു​ന്നെന്ന്‌ സ്ഥിതി​വി​വര കണക്കുകൾ സൂചി​പ്പി​ക്കു​ന്നു. “ഉയർന്ന രക്തസമ്മർദ​ത്തി​നു കാരണ​മായ ജീനുകൾ ഏവയെന്നു നിർണ​യി​ക്കു”ന്നതിനെ കുറിച്ച്‌ ഒരു പഠനം പരാമർശി​ക്കു​ന്നു. ഇതെല്ലാം ഉയർന്ന രക്തസമ്മർദ​ത്തി​നു കാരണ​മാ​യി​രി​ക്കുന്ന ഒരു പാരമ്പര്യ ഘടകത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു. പ്രായ​മേ​റു​ന്തോ​റും രക്തസമ്മർദം ക്രമാ​തീ​ത​മാ​യി വർധി​ക്കാ​നുള്ള സാധ്യ​ത​യും ഏറുന്ന​താ​യി അറിയ​പ്പെ​ടു​ന്നു. കറുത്ത വർഗക്കാർക്കി​ട​യി​ലെ പുരു​ഷ​ന്മാ​രി​ലും ഉയർന്ന രക്തസമ്മർദം കൂടു​ത​ലാ​യി കണ്ടുവ​രു​ന്നു.

നിങ്ങൾക്കു നിയ​ന്ത്രി​ക്കാ​വുന്ന ഘടകങ്ങൾ

നിങ്ങളു​ടെ ആഹാര​ക്രമം ശ്രദ്ധി​ക്കുക! ഉപ്പ്‌ (സോഡി​യം) ചില ആളുക​ളിൽ—വിശേ​ഷി​ച്ചും പ്രമേ​ഹ​രോ​ഗി​ക​ളി​ലും കടുത്ത രക്തസമ്മർദം ഉള്ളവരി​ലും പ്രായ​മാ​യ​വ​രി​ലും കറുത്ത​വർഗ​ക്കാ​രിൽ ചിലരി​ലും—രക്തസമ്മർദം വർധി​പ്പി​ച്ചേ​ക്കാം. രക്തത്തിൽ കൊഴു​പ്പി​ന്റെ അളവ്‌ കൂടു​മ്പോൾ രക്തക്കു​ഴ​ലു​ക​ളു​ടെ ഉൾഭി​ത്തി​ക​ളിൽ കൊള​സ്‌​ട്രോൾ അടിഞ്ഞു​കൂ​ടു​ക​യും (ആതെ​റോ​സ്‌ക്ലെ​റോ​സിസ്‌) അങ്ങനെ അവയുടെ വ്യാസം കുറയു​ക​യും ചെയ്യുന്നു, ഇത്‌ രക്തസമ്മർദം വർധി​ക്കാൻ ഇടയാ​ക്കു​ന്നു. അഭികാ​മ്യ​മാ​യ​തി​നെ​ക്കാൾ 30 ശതമാ​ന​ത്തി​ല​ധി​കം തൂക്കം ഉള്ളവർക്ക്‌ ഉയർന്ന രക്തസമ്മർദം ഉണ്ടാകാൻ ഇടയുണ്ട്‌. പൊട്ടാ​സ്യ​വും കാൽസ്യ​വും കൂടു​ത​ലുള്ള ഭക്ഷണം കഴിക്കു​ന്നത്‌ രക്തസമ്മർദം കുറ​ച്ചേ​ക്കാ​മെന്ന്‌ പഠനങ്ങൾ കാണി​ക്കു​ന്നു.

പുകവലി ആതെ​റോ​സ്‌ക്ലെ​റോ​സിസ്‌, പ്രമേഹം, ഹൃദയാ​ഘാ​തം, മസ്‌തി​ഷ്‌കാ​ഘാ​തം എന്നിവ​യ്‌ക്കുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌, പുകവ​ലി​യും ഉയർന്ന രക്തസമ്മർദ​വും ചേർന്ന്‌ ഹൃദയ​ധ​മ​നീ​രോ​ഗ​ങ്ങൾക്ക്‌ ഇടയാ​ക്കി​യേ​ക്കാം. തെളി​വു​കൾ പരസ്‌പര വിരു​ദ്ധ​മാ​ണെ​ങ്കി​ലും, കാപ്പി​യി​ലും ചായയി​ലും കോള പാനീ​യ​ങ്ങ​ളി​ലും അടങ്ങി​യി​ട്ടുള്ള കഫീൻ, വൈകാ​രിക, ശാരീ​രിക സമ്മർദങ്ങൾ എന്നിവ ഉയർന്ന രക്തസമ്മർദത്തെ ഒന്നുകൂ​ടെ രൂക്ഷമാ​ക്കി​യേ​ക്കാം. അതിനു​പു​റമേ അമിത​മായ അല്ലെങ്കിൽ നിരന്ത​ര​മായ മദ്യപാ​ന​വും കായിക പ്രവർത്ത​ന​ത്തി​ന്റെ അഭാവ​വും രക്തസമ്മർദം വർധി​പ്പി​ച്ചേ​ക്കാ​മെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ തിരി​ച്ച​റി​യു​ന്നു.

ആരോ​ഗ്യ​ക​ര​മായ ജീവി​ത​രീ​തി

ഉയർന്ന രക്തസമ്മർദം ഉണ്ടായി​ക്ക​ഴി​യു​മ്പോൾ അതു ചികി​ത്സി​ച്ചു ഭേദമാ​ക്കി​യാൽ മതിയ​ല്ലോ എന്നു കരുതി ഇപ്പോൾ ആവശ്യ​മാ​യതു ചെയ്യാ​തി​രി​ക്കു​ന്നത്‌ ബുദ്ധി​ശൂ​ന്യ​ത​യാണ്‌. ചെറുപ്പം മുതലേ ഒരു വ്യക്തി ആരോ​ഗ്യ​ക​ര​മായ ജീവി​ത​രീ​തി പിൻപ​റ്റേ​ണ്ട​തുണ്ട്‌. ഇപ്പോൾ ശ്രദ്ധി​ച്ചാൽ ഭാവി​യി​ലെ മെച്ചപ്പെട്ട ജീവി​ത​ത്തിന്‌ അതു സഹായി​ക്കും.

രക്തസമ്മർദം കുറയ്‌ക്കാൻ സഹായ​ക​മായ, ജീവി​ത​രീ​തി​യി​ലെ ചില മാറ്റങ്ങൾ സംബന്ധിച്ച നിർദേ​ശങ്ങൾ ‘ദ തേർഡ്‌ ബ്രസീ​ലി​യൻ കൺസെൻസസ്‌ ഓൺ ആർട്ടി​രി​യൽ ഹൈപ്പർടെൻഷൻ’ നൽകു​ക​യു​ണ്ടാ​യി. അവ ഉയർന്ന രക്തസമ്മർദം ഉള്ളവർക്കും സാധാരണ രക്തസമ്മർദം ഉള്ളവർക്കും ഒരു​പോ​ലെ സഹായ​ക​മാണ്‌.

അമിത തൂക്കം ഉള്ളവ​രോട്‌, കുറഞ്ഞ കാലയ​ള​വു​കൊണ്ട്‌ തൂക്കം ഗണ്യമാ​യി കുറയ്‌ക്കുന്ന തരം ആഹാര​ക്ര​മ​ങ്ങൾക്കു പകരം കലോറി കുറഞ്ഞ സന്തുലി​ത​മായ ആഹാര​ക്രമം പിൻപ​റ്റാ​നും പതിവാ​യി മിതമായ തോതിൽ വ്യായാ​മം ചെയ്യാ​നും ഗവേഷകർ ശുപാർശ ചെയ്‌തു. ദിവസം ആറു ഗ്രാം അഥവാ ഒരു ടീസ്‌പൂൺ ഉപ്പിൽ കൂടുതൽ ഉപയോ​ഗി​ക്ക​രുത്‌ എന്നും അവർ നിർദേ​ശി​ച്ചു. b ഭക്ഷണം പാകം ചെയ്യു​മ്പോൾ ഉപയോ​ഗി​ക്കുന്ന ഉപ്പിന്റെ അളവ്‌ തീരെ കുറയ്‌ക്കു​ന്ന​തും അതു​പോ​ലെ സലാമി, ഹാം, സോ​സേജ്‌ എന്നിങ്ങ​നെ​യുള്ള തണുപ്പി​ച്ചു സൂക്ഷി​ക്കുന്ന പാകം​ചെയ്‌ത ഇറച്ചി​ക​ളു​ടെ​യും ടിന്നി​ല​ട​ച്ച​തും പുകച്ചു​ണ​ക്കി​യ​തു​മായ ആഹാര​സാ​ധ​ന​ങ്ങ​ളു​ടെ​യും ഉപയോ​ഗം നന്നേ കുറയ്‌ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. ആഹാരം കഴിക്കു​മ്പോൾ വേറെ ഉപ്പ്‌ ചേർക്കാ​തി​രി​ക്കാ​നും സംസ്‌ക​രിച്ച ആഹാര​സാ​ധ​നങ്ങൾ വാങ്ങു​മ്പോൾ അവയിൽ എത്രമാ​ത്രം ഉപ്പ്‌ അടങ്ങി​യി​ട്ടു​ണ്ടെന്ന്‌ അറിയാൻ ലേബൽ പരി​ശോ​ധി​ക്കാ​നും ശ്രദ്ധി​ക്കണം. അതുവഴി ഉപ്പിന്റെ അളവ്‌ കുറയ്‌ക്കാൻ സാധി​ക്കും.

പൊട്ടാ​സ്യ​ത്തിന്‌ “രക്താതി​സ​മ്മർദത്തെ രോധി​ക്കാ​നുള്ള കഴിവ്‌” ഉണ്ടായി​രി​ക്കാ​മെ​ന്ന​തി​നാൽ അതു കൂടുതൽ അടങ്ങി​യി​ട്ടുള്ള ഭക്ഷണം കഴിക്കാ​നും ‘ബ്രസീ​ലി​യൻ കൺസെൻസസ്‌’ നിർദേ​ശി​ച്ചു. അതു​കൊണ്ട്‌, “സോഡി​യ​ത്തി​ന്റെ അളവ്‌ കുറവും പൊട്ടാ​സ്യ​ത്തി​ന്റെ അളവ്‌ കൂടു​ത​ലും ഉള്ള”താണ്‌ ആരോ​ഗ്യ​ക​ര​മായ ആഹാര​ക്രമം. ബീൻസ്‌, കടും​നി​റ​മുള്ള പച്ചക്കറി​കൾ, വാഴപ്പഴം, തണ്ണിമത്തൻ, കാരറ്റ്‌, ബീറ്റ്‌റൂട്ട്‌, തക്കാളി, ഓറഞ്ച്‌ എന്നിവ അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌.

മദ്യം മിതമായ അളവിൽ മാത്രം ഉപയോ​ഗി​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. ഉയർന്ന രക്തസമ്മർദ​മുള്ള പുരു​ഷ​ന്മാർ ആൽക്ക​ഹോ​ളി​ന്റെ ഉപയോ​ഗം ദിവസം 30 മില്ലി​ലി​റ്റർ ആയി പരിമി​ത​പ്പെ​ടു​ത്ത​ണ​മെന്ന്‌ ചില ഗവേഷകർ പറയുന്നു; സ്‌ത്രീ​ക​ളും തൂക്കം കുറവു​ള്ള​വ​രും മറ്റും അത്‌ 15 മില്ലി​ലി​റ്റർ ആയി പരിമി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും അവർ പറയുന്നു. c

ക്രമമായ ശാരീ​രിക വ്യായാ​മം രക്തസമ്മർദം കുറയ്‌ക്കു​ന്നു​വെ​ന്നും അങ്ങനെ ആർട്ടി​രി​യൽ ഹൈപ്പർടെൻഷൻ ഉണ്ടാകാ​നുള്ള സാധ്യത കുറയു​ന്നു​വെ​ന്നു​മുള്ള നിഗമ​ന​ത്തിൽ ‘ബ്രസീ​ലി​യൻ കൺസെൻസസ്‌’ എത്തി. ആഴ്‌ച​യിൽ മൂന്നു മുതൽ അഞ്ചു വരെ പ്രാവ​ശ്യം 30 മുതൽ 45 വരെ മിനിട്ട്‌ നടക്കു​ന്ന​തും സൈക്കിൾ ചവിട്ടു​ന്ന​തും നീന്തു​ന്ന​തും ഉൾപ്പെ​ടെ​യുള്ള മിതമായ എയ്‌റോ​ബിക്‌ വ്യായാ​മങ്ങൾ ചെയ്യു​ന്നതു പ്രയോ​ജ​ന​ക​ര​മാണ്‌. d കൂടുതൽ ആരോ​ഗ്യ​ക​ര​മായ ജീവി​ത​രീ​തി​യു​മാ​യി ബന്ധപ്പെട്ട മറ്റു ഘടകങ്ങൾ, പുകവലി ഉപേക്ഷി​ക്കു​ന്ന​തും പ്രമേ​ഹ​വും രക്തത്തിലെ കൊഴു​പ്പും (കൊള​സ്‌​ട്രോ​ളും ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ളും) നിയ​ന്ത്രി​ക്കു​ന്ന​തും ആവശ്യ​ത്തി​നു കാൽസ്യ​വും മഗ്നീഷ്യ​വും ശരീര​ത്തി​നു ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തും ശാരീ​രിക, വൈകാ​രിക സമ്മർദം നിയ​ന്ത്രി​ക്കു​ന്ന​തു​മാണ്‌. മൂക്കട​പ്പി​നുള്ള മരുന്നു​കൾ, ഉയർന്ന അളവിൽ സോഡി​യം അടങ്ങിയ അസിഡി​റ്റി​ക്കുള്ള മരുന്നു​കൾ, വിശപ്പ്‌ കുറയ്‌ക്കു​ന്ന​തി​നുള്ള മരുന്നു​കൾ, കഫീൻ അടങ്ങിയ കൊടി​ഞ്ഞി​ക്കുള്ള വേദനാ​സം​ഹാ​രി​കൾ എന്നിങ്ങ​നെ​യുള്ള ചില ഔഷധങ്ങൾ രക്തസമ്മർദം വർധി​പ്പി​ച്ചേ​ക്കാം.

നിങ്ങൾക്ക്‌ ഉയർന്ന രക്തസമ്മർദം ഉണ്ടെങ്കിൽ നിങ്ങളു​ടെ വ്യക്തി​പ​ര​മായ ആവശ്യങ്ങൾ കണക്കി​ലെ​ടുത്ത്‌ ആഹാര​ക്ര​മ​വും ശീലങ്ങ​ളും സംബന്ധിച്ച്‌ നിർദേ​ശങ്ങൾ നൽകാൻ കഴിയു​ന്നത്‌ തീർച്ച​യാ​യും നിങ്ങളു​ടെ ഡോക്ടർക്കാണ്‌. നിങ്ങളു​ടെ സാഹച​ര്യം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, ചെറുപ്പം മുതൽ ആരോ​ഗ്യ​ക​ര​മായ ഒരു ജീവി​ത​രീ​തി പിൻപ​റ്റു​ന്നത്‌ എല്ലായ്‌പോ​ഴും പ്രയോ​ജ​ന​ക​ര​മാണ്‌, ഉയർന്ന രക്തസമ്മർദ​മു​ള്ള​വർക്കു മാത്രമല്ല പിന്നെ​യോ കുടും​ബ​ത്തി​ലെ എല്ലാ അംഗങ്ങൾക്കും. ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പരാമർശിച്ച മെരി​യാന്‌ തന്റെ ജീവി​ത​രീ​തി​യിൽ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇപ്പോൾ അവർ തന്റെ ആരോ​ഗ്യ​പ്ര​ശ്‌ന​ത്തി​നാ​യി മരുന്നു കഴിക്കു​ന്നു​ണ്ടെ​ങ്കി​ലും ഒരു സാധാരണ ജീവിതം നയിക്കു​ന്നു. നിങ്ങളു​ടെ കാര്യ​മോ? എല്ലാവ​രും ആരോ​ഗ്യ​ത്തോ​ടു കൂടിയ ജീവിതം നയിക്കുന്ന, ‘എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയി​ല്ലാത്ത’ കാലത്തി​നാ​യി കാത്തി​രി​ക്കവേ, നിങ്ങളു​ടെ രക്തസമ്മർദത്തെ നിയ​ന്ത്രി​ച്ചു നിറു​ത്തുക!—യെശയ്യാ​വു 33:24. (g02 4/8)

[അടിക്കു​റി​പ്പു​കൾ]

a ഏതുതരം ചികിത്സ സ്വീക​രി​ക്ക​ണ​മെ​ന്നത്‌ ഓരോ​രു​ത്ത​രു​ടെ​യും വ്യക്തി​പ​ര​മായ തീരു​മാ​നം ആയതി​നാൽ ഉണരുക! ഏതെങ്കി​ലും പ്രത്യേക ചികിത്സ ശുപാർശ ചെയ്യു​ന്നില്ല.

b ഉയർന്ന രക്തസമ്മർദ​ത്തി​നോ ഹൃദയം, കരൾ, വൃക്ക സംബന്ധ​മായ രോഗ​ങ്ങൾക്കോ വേണ്ടി മരുന്നു കഴിക്കുന്ന ഒരാളാണ്‌ നിങ്ങ​ളെ​ങ്കിൽ, ആഹാര​ക്ര​മ​ത്തിൽ സോഡി​യ​ത്തി​ന്റെ​യും പൊട്ടാ​സ്യ​ത്തി​ന്റെ​യും അളവ്‌ എത്ര​ത്തോ​ളം ആയിരി​ക്ക​ണ​മെന്ന്‌ നിങ്ങളു​ടെ ഡോക്ട​റു​മാ​യി ചർച്ച ചെയ്യുക.

c 30 മില്ലി​ലി​റ്റർ ആൽക്ക​ഹോൾ, 60 മില്ലി​ലി​റ്റർ സ്വേദനം ചെയ്യപ്പെട്ട പാനീ​യ​ങ്ങൾക്കോ (വിസ്‌ക്കി, വോഡ്‌ക തുടങ്ങി​യവ) 240 മില്ലി​ലി​റ്റർ വീഞ്ഞി​നോ 720 മില്ലി​ലി​റ്റർ ബിയറി​നോ തുല്യ​മാണ്‌.

d വ്യക്തിപരമായ ഒരു വ്യായാമ പരിപാ​ടി പിൻപ​റ്റു​ന്ന​തി​നെ കുറിച്ചു നിങ്ങളു​ടെ ഡോക്ട​റു​മാ​യി ചർച്ച ചെയ്യുക.

[24-ാം പേജിലെ ചതുരം]

ഉയർന്ന രക്തസമ്മർദത്തെ ചെറുക്കൽ

1. ഉയർന്ന രക്തസമ്മർദത്തെ നിയ​ന്ത്രി​ക്കാ​നുള്ള വഴികൾ

• തൂക്കം കുറയ്‌ക്കു​ക

• കഴിക്കുന്ന ഉപ്പിന്റെ അളവ്‌ കുറയ്‌ക്കു​ക

• ഉയർന്ന അളവിൽ പൊട്ടാ​സ്യം അടങ്ങിയ ആഹാര​സാ​ധ​നങ്ങൾ ധാരാ​ള​മാ​യി കഴിക്കുക

• മദ്യത്തി​ന്റെ ഉപയോ​ഗം കുറയ്‌ക്കു​ക

• ക്രമമാ​യി വ്യായാ​മം ചെയ്യുക

2. രക്തസമ്മർദം നിയ​ന്ത്രി​ക്കാൻ സഹായി​ച്ചേ​ക്കാ​വുന്ന മറ്റു വഴികൾ

• കാൽസ്യം, മഗ്നീഷ്യം എന്നിവ ആവശ്യ​മായ അളവിൽ ശരീര​ത്തി​നു ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു വരുത്തുക

• ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ സസ്യാ​ഹാ​ര​ക്ര​മം

• സമ്മർദ​രോ​ധക തെറാപ്പി

3. ബന്ധപ്പെട്ട മറ്റു വഴികൾ

• പുകവലി ഉപേക്ഷി​ക്കു​ക

• കൊള​സ്‌​ട്രോ​ളി​ന്റെ അളവ്‌ നിയ​ന്ത്രി​ക്കു​ക

• പ്രമേഹം നിയ​ന്ത്രി​ക്കു​ക

• രക്തസമ്മർദം വർധി​പ്പി​ക്കുന്ന ഔഷധങ്ങൾ ഒഴിവാ​ക്കു​ക

[കടപ്പാട്‌]

‘തേർഡ്‌ ബ്രസീ​ലി​യൻ കൺസെൻസസ്‌ ഓൺ ആർട്ടി​രി​യൽ ഹൈപ്പർടെൻഷ’നെ—റെവിസ്റ്റ ബ്രാസി​ലേരാ & റ്റെറാ​പെ​യു​റ്റീക്ക—ആസ്‌പ​ദ​മാ​ക്കി തയ്യാറാ​ക്കി​യത്‌.

[25-ാം പേജിലെ ചിത്രങ്ങൾ]

ക്രമമായ വ്യായാ​മ​വും ആരോ​ഗ്യ​ക​ര​മായ ആഹാര​ക്ര​മ​വും ഉയർന്ന രക്തസമ്മർദത്തെ പ്രതി​രോ​ധി​ക്കു​ക​യും നിയ​ന്ത്രി​ക്കു​ക​യും ചെയ്യു​ന്ന​തിൽ സഹായി​ക്കു​ന്നു