വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹതാമസക്കാരനുമായി പൊരുത്തപ്പെട്ടു പോകുക ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

സഹതാമസക്കാരനുമായി പൊരുത്തപ്പെട്ടു പോകുക ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

സഹതാ​മ​സ​ക്കാ​ര​നു​മാ​യി പൊരു​ത്ത​പ്പെട്ടു പോകുക ഇത്ര ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“ഞാൻ വളരെ അടുക്കും ചിട്ടയും ഉള്ള ആളാണ്‌. പക്ഷേ എന്റെ കൂടെ താമസി​ക്കു​ന്ന​വന്റെ കാര്യം പറയാ​തി​രി​ക്കു​ന്ന​താണ്‌ ഭേദം. ഞാൻ മുറി​യിൽ തിരി​ച്ചെ​ത്തു​മ്പോൾ അവൻ ടിവി​യും കണ്ട്‌ നിലത്ത്‌ വിസ്‌ത​രി​ച്ച​ങ്ങനെ ഇരിപ്പു​ണ്ടാ​കും, കടലാ​സ്സു​ക​ളും ചോള​പ്പൊ​രി​യു​മെ​ല്ലാം അവിട​മെ​ങ്ങും ചിതറി​ക്കി​ട​ക്കും. ഓരോ പ്രാവ​ശ്യം മുറി​യി​ലേക്കു പോകു​മ്പോ​ഴും എനിക്ക​റി​യാം എന്തായി​രി​ക്കും അവിടെ കാണേ​ണ്ടി​വ​രിക എന്ന്‌. തിരിച്ച്‌ അങ്ങോട്ടു പോ​കേ​ണ്ടെന്നു പോലും പലപ്പോ​ഴും തോന്നാ​റുണ്ട്‌.”—ഡേവിഡ്‌.

“എന്റെ കൂടെ താമസി​ക്കുന്ന കുട്ടിയെ അവളുടെ വീട്ടു​കാർ ലാളിച്ചു വഷളാ​ക്കി​യി​രു​ന്നു. ചുറ്റും വേലക്കാർ ഉണ്ടെന്ന മട്ടിലാ​യി​രു​ന്നു അവളുടെ പെരു​മാ​റ്റം. എല്ലാം തന്റെ ഇഷ്ടത്തിന്‌ അവൾക്ക്‌ നടന്നു​കി​ട്ടണം.”—റെന്നേ. a

“പരിച​യ​മി​ല്ലാത്ത ഒരു വ്യക്തി​യു​ടെ സ്വഭാ​വ​രീ​തി​ക​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ പഠിക്കു​ന്നത്‌ . . . വഴക്കവും വിട്ടു​വീ​ഴ്‌ചാ മനോ​ഭാ​വ​വും വളർത്തി​യെ​ടു​ക്കാൻ സഹായി​ച്ചേ​ക്കാം” എന്ന്‌ യു.എസ്‌.ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ടി​ലെ ഒരു ലേഖനം പറയുന്നു. “എന്നാൽ ആ പഠന​പ്ര​ക്രിയ മിക്ക​പ്പോ​ഴും വേദനാ​ജ​ന​ക​മാ​യി​രി​ക്കും.” എപ്പോ​ഴെ​ങ്കി​ലും അങ്ങനെ താമസി​ക്കേ​ണ്ടി​വ​ന്നി​ട്ടുള്ള ആരും അതി​നോ​ടു യോജി​ച്ചേ​ക്കും.

കോ​ളെ​ജിൽ പഠിക്കുന്ന വിദ്യാർഥി​ക​ളിൽ പലരും മറ്റൊ​രാ​ളോ​ടൊ​പ്പം മുറി പങ്കിടു​ന്നത്‌ പഠന​ച്ചെ​ലവു ചുരു​ക്കാൻ വേണ്ടി​യാണ്‌. മറ്റു ചിലരാ​കട്ടെ അങ്ങനെ ചെയ്യു​ന്നത്‌ മാതാ​പി​താ​ക്ക​ളിൽനി​ന്നു സ്വാത​ന്ത്ര്യം ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടും. എന്നാൽ യുവ ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ പലരും ആത്മീയ താത്‌പ​ര്യ​ങ്ങൾ പിന്തു​ട​രാ​നാണ്‌ അങ്ങനെ ചെയ്യു​ന്നത്‌. (മത്തായി 6:33) ചെലവു​കൾ പങ്കു​വെ​ക്കാൻ ആരെങ്കി​ലും ഉള്ളത്‌ മുഴു​സമയ സുവി​ശേ​ഷ​ക​രാ​യി സേവി​ക്കാൻ തങ്ങളെ സഹായി​ക്കു​ന്ന​താ​യി അവർ കണ്ടെത്തി​യി​രി​ക്കു​ന്നു. മിഷന​റി​മാ​രാ​യി പ്രവർത്തി​ക്കു​ന്ന​വർക്കും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിവിധ ബ്രാഞ്ച്‌ ഓഫീ​സു​ക​ളിൽ സേവി​ക്കു​ന്ന​വർക്കും ചില​പ്പോൾ മറ്റൊരു വ്യക്തി​യോ​ടൊ​പ്പം മുറി പങ്കി​ടേണ്ടി വരാറുണ്ട്‌. b

മറ്റൊരു വ്യക്തി​യോ​ടൊ​പ്പം മുറി പങ്കി​ടേ​ണ്ടി​വ​ന്നി​ട്ടുള്ള ഒട്ടേറെ യുവതീ​യു​വാ​ക്ക​ളു​മാ​യി ഉണരുക! സംസാ​രി​ച്ചു. വാടക പങ്കിടാൻ സഹായി​ക്കു​ന്ന​തിൽ കവിഞ്ഞ ധർമങ്ങൾ നിർവ​ഹി​ക്കാൻ കൂടെ താമസി​ക്കുന്ന ഒരു വ്യക്തിക്കു കഴിയും എന്ന്‌ എല്ലാവ​രും സമ്മതി​ക്കു​ക​യു​ണ്ടാ​യി. സൗഹൃ​ദ​ത്തി​ന്റെ ഒരു ഉറവാ​യി​രി​ക്കാൻ, വർത്തമാ​നം പറയാ​നും കാര്യങ്ങൾ ചെയ്യാ​നും ഒരു കൂട്ടാ​യി​രി​ക്കാൻ അവർക്കു സാധി​ക്കും. “വൈകു​ന്ന​തു​വരെ ഞങ്ങൾ അതുമി​തു​മൊ​ക്കെ പറഞ്ഞി​രി​ക്കും അല്ലെങ്കിൽ ചില​പ്പോൾ ഒന്നിച്ചി​രു​ന്നു സിനിമ കാണും,” ലിൻ അനുസ്‌മ​രി​ക്കു​ന്നു. “കൂടെ താമസി​ക്കുന്ന വ്യക്തിക്ക്‌ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കഴിയും” എന്ന്‌ റെന്നേ പറയുന്നു. “ജീവി​ക്കാ​നാ​യി ജോലി ചെയ്യു​മ്പോ​ഴും ജീവി​ത​ച്ചെ​ല​വു​കൾ വഹിക്കാൻ പാടു​പെ​ടു​മ്പോ​ഴും പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടാൻ ശ്രമി​ക്കു​മ്പോ​ഴു​മൊ​ക്കെ പ്രോ​ത്സാ​ഹനം നൽകാൻ അങ്ങനെ​യൊ​രാൾ ഉള്ളതു നല്ലതാണ്‌.”

എന്നിരു​ന്നാ​ലും, മറ്റൊ​രാ​ളോ​ടൊ​പ്പം—പ്രത്യേ​കി​ച്ചും മുമ്പ്‌ ഒട്ടും​തന്നെ പരിച​യ​മി​ല്ലാത്ത ഒരു വ്യക്തി​യോ​ടൊ​പ്പം—മുറി പങ്കിടു​ന്നത്‌ ഒരു വലിയ വെല്ലു​വി​ളി ആയിരു​ന്നേ​ക്കാം. കോ​ളെജ്‌ അന്തരീ​ക്ഷ​ത്തെ​പ്പറ്റി യു.എസ്‌.ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഒത്തു​പോ​കാൻ സാധ്യ​ത​യുള്ള വ്യക്തി​കളെ ഒന്നിച്ചു താമസി​പ്പി​ക്കാൻ പല വിദ്യാ​ല​യ​ങ്ങ​ളും വളരെ ശ്രമം നടത്തു​ന്നു​ണ്ടെ​ങ്കി​ലും സാധാ​ര​ണ​ഗ​തി​യിൽ ഫലങ്ങൾ തൃപ്‌തി​ക​രമല്ല.” കോ​ളെ​ജിൽ ഒരുമി​ച്ചു താമസി​ക്കു​ന്നവർ തമ്മിലുള്ള ശണ്‌ഠകൾ അക്രമ​സം​ഭ​വ​ങ്ങ​ളിൽ പോലും കലാശി​ച്ചി​ട്ടുണ്ട്‌! സഹ താമസ​ക്കാ​രെ കുറി​ച്ചുള്ള തീരാത്ത പരാതി​കൾ തുറന്നു പ്രകടി​പ്പി​ക്കാൻ വിദ്യാർഥി​കളെ അനുവ​ദി​ക്കുന്ന നിരവധി ഇന്റർനെറ്റ്‌ വെബ്‌​സൈ​റ്റു​കൾതന്നെ ഇന്ന്‌ രൂപം​കൊ​ണ്ടി​രി​ക്കു​ന്നു. മറ്റൊ​രാ​ളു​മാ​യി മുറി പങ്കിട്ടു താമസി​ക്കുക എന്നത്‌ മിക്ക​പ്പോ​ഴും ബുദ്ധി​മു​ട്ടാ​യി തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

മുൻപ​രി​ച​യ​മി​ല്ലാത്ത ഒരു വ്യക്തി​യോ​ടൊ​പ്പം താമസി​ക്കൽ

“പരിച​യ​മി​ല്ലാത്ത ഒരു വ്യക്തി​യോ​ടൊ​പ്പം താമസ​മാ​ക്കാൻ പോകു​ന്നത്‌ ആകാംക്ഷ ഉളവാ​ക്കുന്ന ഒരു അനുഭ​വ​മാണ്‌,” മാർക്ക്‌ പറയുന്നു. “അയാൾ എങ്ങനെ​യുള്ള ആളായി​രി​ക്കു​മെന്നു നിങ്ങൾക്ക്‌ അറിയില്ല.” അതേ, തീർത്തും വ്യത്യ​സ്‌ത​നാ​യി​രു​ന്നേ​ക്കാ​വുന്ന ഒരാ​ളോ​ടൊ​പ്പം താമസി​ക്കു​ന്ന​തി​നെ കുറി​ച്ചുള്ള ചിന്ത അസ്വസ്ഥ​ജ​ന​ക​മാ​യി​രു​ന്നേ​ക്കാം. ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ പൊതു​വായ പല കാര്യ​ങ്ങ​ളും ഉണ്ടെന്ന​തും അവർക്കു സംസാ​രി​ക്കാൻ പറ്റിയ പല കാര്യ​ങ്ങ​ളും ഉണ്ടെന്ന​തും ശരിയാണ്‌. എങ്കിൽപ്പോ​ലും ഡേവിഡ്‌ ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “ഒരു സഹതാ​മ​സ​ക്കാ​രൻ ഉണ്ടായി​രി​ക്കു​ന്നതു സംബന്ധിച്ച്‌ എനിക്ക്‌ പലവിധ ആശങ്കകൾ ഉണ്ടായി​രു​ന്നു.”

ഡേവി​ഡി​നു പക്ഷേ കൂടെ താമസി​ക്കാൻ കിട്ടി​യത്‌ സമാന പശ്ചാത്ത​ല​മുള്ള ഒരാളെ തന്നെയാണ്‌. എന്നാൽ എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ അങ്ങനെ സംഭവി​ച്ചെന്നു വരില്ല. മാർക്ക്‌ പറയു​ന്നതു ശ്രദ്ധി​ക്കുക: “ആദ്യം എന്റെ കൂടെ താമസി​ച്ചവൻ ഒരു മിണ്ടാ​പ്പൂ​ച്ച​യാ​യി​രു​ന്നു. ഒരാ​ളോ​ടൊ​പ്പം ഒരേ മുറി​യിൽ കഴിയു​മ്പോൾ എന്തെങ്കി​ലു​മൊ​ക്കെ സംസാ​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കി​ല്ലേ? പക്ഷേ അവൻ ഒരക്ഷരം മിണ്ടി​ല്ലാ​യി​രു​ന്നു. എനിക്ക്‌ ശരിക്കും ദേഷ്യം വന്നു.”

കുടുംബ പശ്ചാത്ത​ല​ങ്ങ​ളി​ലെ വ്യത്യാ​സങ്ങൾ കൂടു​ത​ലായ പിരി​മു​റു​ക്ക​ങ്ങൾക്ക്‌ ഇടയാ​ക്കി​യേ​ക്കാം. ലിൻ പറയുന്നു: “ആദ്യമാ​യി വീട്ടിൽനി​ന്നു മാറി​ത്താ​മ​സി​ക്കു​മ്പോൾ എല്ലാം സ്വന്ത ഇഷ്ടപ്ര​കാ​രം ചെയ്യാൻ നാം ആഗ്രഹി​ക്കും. എന്നാൽ വേറെ ചിലരെ കൂടെ കണക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെന്ന്‌ താമസി​യാ​തെ നമ്മൾ മനസ്സി​ലാ​ക്കു​ന്നു.” സ്വന്തം ഭവനത്തി​ന്റെ സുരക്ഷി​ത​മായ അന്തരീക്ഷം വിട്ടു​പോ​രുന്ന നിങ്ങളെ, മറ്റാളു​കൾ എത്ര വ്യത്യ​സ്‌ത​മാ​യാണ്‌ കാര്യ​ങ്ങളെ വീക്ഷി​ക്കു​ന്നത്‌ എന്നറി​യു​ന്നത്‌ ഞെട്ടി​ച്ചേ​ക്കാം.

വ്യത്യസ്‌ത പശ്ചാത്ത​ലങ്ങൾ, വ്യത്യസ്‌ത രീതികൾ

ഒട്ടുമിക്ക കാര്യ​ങ്ങ​ളും മാതാ​പി​താ​ക്ക​ളിൽനി​ന്നുള്ള പരിശീ​ല​നത്തെ—അല്ലെങ്കിൽ പരിശീ​ല​ന​ത്തി​ന്റെ അഭാവത്തെ—ആശ്രയി​ച്ചി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 22:6) ഫെർണാൻഡോ എന്ന ആൺകുട്ടി പറയുന്നു: “ഞാൻ വളരെ അടുക്കും ചിട്ടയു​മു​ള്ള​വ​നാണ്‌, എന്റെ കൂടെ താമസി​ക്കു​ന്ന​വന്റെ സ്വഭാ​വ​മാ​കട്ടെ അതിനു നേരെ വിപരീ​ത​വും. അവൻ വസ്‌ത്ര​ങ്ങ​ളെ​ല്ലാം വലിച്ചു​വാ​രി​യി​ടും, എനിക്കാ​ണെ​ങ്കിൽ എല്ലാം നല്ല വൃത്തി​യാ​യി തൂക്കി​യി​ടു​ന്ന​താണ്‌ ഇഷ്ടം.” ചില​പ്പോൾ ഇരുകൂ​ട്ട​രു​ടെ​യും നിലവാ​രങ്ങൾ തമ്മിൽ ധ്രുവ​ങ്ങ​ളു​ടെ അന്തരം ഉണ്ടാകും.

റെന്നേ അനുസ്‌മ​രി​ക്കു​ന്നു: “എന്നോ​ടൊ​പ്പം താമസി​ച്ചി​രുന്ന ഒരു കുട്ടി ഉണ്ടായി​രു​ന്നു, അവൾ മുറി ശരിക്കും ഒരു പന്നിക്കൂ​ടു പോലെ ആക്കിയി​ടും! എന്റെ ഒപ്പം താമസി​ച്ചി​രുന്ന മറ്റു ചിലരാ​ണെ​ങ്കിൽ ആഹാരം കഴിച്ച ശേഷം മേശ വൃത്തി​യാ​ക്കു​മാ​യി​രു​ന്നില്ല. അതു​പോ​ലെ ഉപയോ​ഗിച്ച പാത്രങ്ങൾ കഴുകാ​തെ രണ്ടോ മൂന്നോ ദിവസം​വരെ സിങ്കിൽ ഇട്ടേക്കും.” അതേ, ഗൃഹ​ജോ​ലി​ക​ളു​ടെ കാര്യ​ത്തിൽ ചിലർ സദൃശ​വാ​ക്യ​ങ്ങൾ 26:14-ൽ പറഞ്ഞി​രി​ക്കുന്ന വ്യക്തി​യോട്‌ ഒക്കുന്നു: “കതകു ചുഴി​ക്കു​റ​റി​യിൽ എന്നപോ​ലെ മടിയൻ തന്റെ കിടക്ക​യിൽ തിരി​യു​ന്നു.”

ഇനി, അങ്ങേയ​റ്റത്തെ വൃത്തി​യും വെടി​പ്പു​മുള്ള ഒരാ​ളോ​ടൊ​പ്പം കഴിയു​ന്ന​തും അത്ര രസമുള്ള കാര്യമല്ല. ലീ എന്ന യുവതി തന്റെ സഹതാ​മ​സ​ക്കാ​രി​യെ കുറിച്ചു പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “എപ്പോ​ഴും മുറി വൃത്തി​യാ​ക്ക​ലാ​യി​രു​ന്നു അവളുടെ പണി. ഞാനും വൃത്തി​യും വെടി​പ്പും ഉള്ള ആൾത​ന്നെ​യാണ്‌. പക്ഷേ ഞാൻ എങ്ങാനും ഒരു പുസ്‌ത​ക​മോ മറ്റോ കിടക്ക​യിൽ ഇട്ടിട്ടു​പോ​യാൽ അവൾ ഒരു വരവു​വ​രും, എല്ലാം നേരെ​യാ​ക്കാൻ എന്ന മട്ടിൽ.”

വ്യക്തി​പ​ര​മാ​യ ശുചി​ത്വ​ത്തി​ന്റെ കാര്യ​ത്തി​ലും ഓരോ​രു​ത്തർക്കും തങ്ങളു​ടേ​തായ വീക്ഷണങ്ങൾ കാണും. മാർക്ക്‌ വിശദീ​ക​രി​ക്കു​ന്നു: “എന്റെ കൂടെ താമസി​ക്കുന്ന വ്യക്തി വളരെ വൈകി​യേ ഉണരൂ. എഴുന്നേറ്റ ഉടനെ നേരെ സിങ്കി​ന​ടു​ത്തേക്കു ചെല്ലും. മുടി​യിൽ പേരിന്‌ അൽപ്പം വെള്ളം തളിച്ചിട്ട്‌ ഒരു പോക്കാണ്‌.”

കുടുംബ പശ്ചാത്ത​ല​ത്തി​ലെ​യും വ്യക്തി​ത്വ​ത്തി​ലെ​യും വ്യത്യാ​സങ്ങൾ വിനോ​ദ​ങ്ങ​ളു​ടെ​യും കളിക​ളു​ടെ​യും തിര​ഞ്ഞെ​ടു​പ്പു​കളെ ബാധി​ച്ചേ​ക്കാം. “എനിക്ക്‌ ഇഷ്ടമുള്ള സംഗീതം അവന്‌ ഇഷ്ടപ്പെ​ടില്ല” എന്ന്‌ മാർക്ക്‌ പറയുന്നു. എന്നാൽ പരസ്‌പര ആദരവു​ണ്ടെ​ങ്കിൽ അത്തരം വ്യത്യാ​സങ്ങൾ പ്രയോ​ജ​ന​ക​ര​മാ​യി​രു​ന്നേ​ക്കാം, ഒരുപക്ഷേ തങ്ങളുടെ അഭിരു​ചി​കൾ വികസി​പ്പി​ക്കാൻ അത്‌ ഇരുവ​രെ​യും സഹായി​ച്ചേ​ക്കാം. എന്നാൽ ഒട്ടുമി​ക്ക​പ്പോ​ഴും ഇത്തരം വ്യത്യാ​സങ്ങൾ ശണ്‌ഠ​യിൽ കലാശി​ക്കു​ന്നു. “എനിക്ക്‌ സ്‌പാ​നിഷ്‌ സംഗീതം ഇഷ്ടമാണ്‌, പക്ഷേ എന്റെ സഹതാ​മ​സ​ക്കാ​ര​നാ​കട്ടെ എപ്പോ​ഴും അതിനെ വിമർശി​ക്കും” എന്ന്‌ ഫെർണാൻഡോ പറയുന്നു.

ഫോണും ഒരു പ്രശ്‌നം

ശണ്‌ഠ​യ്‌ക്കു വഴി​തെ​ളി​ക്കുന്ന ഏറ്റവും വലിയ കാരണ​ങ്ങ​ളിൽ ഒന്നായി​രി​ക്കാം ടെലി​ഫോ​ണി​ന്റെ ഉപയോ​ഗം. മാർക്ക്‌ പറയുന്നു: “ഞാൻ ഉറങ്ങാൻ കിടന്നി​ട്ടു​ണ്ടാ​കും. പക്ഷേ എന്റെ കൂടെ താമസി​ക്കു​ന്നവൻ രാത്രി വൈകു​ന്ന​തു​വരെ ഫോണിൽ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കും. കുറച്ചു കഴിഞ്ഞാൽ ആർക്കാ​യാ​ലും അരിശം വരും.” ലിന്നി​നും പറയാ​നു​ള്ളത്‌ അതുത​ന്നെ​യാണ്‌: “ചില​പ്പോൾ എന്റെ കൂടെ താമസി​ക്കുന്ന കുട്ടി​യു​ടെ കൂട്ടു​കാർ വെളു​പ്പിന്‌ മൂന്നു മണിക്കും നാലു മണിക്കു​മൊ​ക്കെ അവളെ ഫോണിൽ വിളി​ക്കും. അവൾ ഇല്ലാത്ത​പ്പോൾ ഞാൻ ചെന്ന്‌ ഫോ​ണെ​ടു​ക്കേണ്ടി വരുമാ​യി​രു​ന്നു.” അവർ പ്രശ്‌നം പരിഹ​രി​ച്ചത്‌ എങ്ങനെ​യാണ്‌? “ഞാനും അവളും വെവ്വേറെ ഫോൺ ഉപയോ​ഗി​ക്കാൻ തുടങ്ങി.”

എന്നാൽ എല്ലാ യുവജ​ന​ങ്ങൾക്കും സ്വന്തമാ​യി ഫോൺ വാങ്ങാൻ സാധി​ച്ചെന്നു വരില്ല, ഒരു ഫോൺതന്നെ പലർ ചേർന്ന്‌ ഉപയോ​ഗി​ക്കാൻ നിർബ​ന്ധി​ത​രാ​കു​ന്നു. ഇത്‌ പിരി​മു​റു​ക്ക​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം. റെന്നേ അനുസ്‌മ​രി​ക്കു​ന്നു: “എന്റെ കൂടെ താമസി​ച്ചി​രുന്ന കുട്ടിക്ക്‌ ഒരു ബോയ്‌ഫ്രണ്ട്‌ ഉണ്ടായി​രു​ന്നു, മിക്ക​പ്പോ​ഴും മണിക്കൂ​റു​ക​ളോ​ളം അവൾ ഫോണിൽ സംസാ​രി​ച്ചി​രി​ക്കും. ഒരു മാസം അവൾ 4,000-ത്തിലധി​കം രൂപയ്‌ക്ക്‌ ഫോൺ വിളിച്ചു. ബില്ലിന്റെ പണം തുല്യ​മാ​യി പങ്കിട്ട്‌ അടയ്‌ക്കാൻ ഞങ്ങൾ മുമ്പ്‌ സമ്മതി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ ഓരോ​രു​ത്ത​രും പണം നൽകാൻ അവൾ പ്രതീ​ക്ഷി​ച്ചു.”

ഇനി ഫോൺ ഉപയോ​ഗി​ക്കാൻ അവസരം ലഭിക്കാ​ത്ത​തും ഒരു പ്രശ്‌ന​മാ​യേ​ക്കാം. “എന്റെ കൂടെ താമസി​ച്ചി​രുന്ന വ്യക്തിക്ക്‌ എന്നെക്കാൾ പ്രായം ഉണ്ടായി​രു​ന്നു,” ലീ അനുസ്‌മ​രി​ക്കു​ന്നു. “ഞങ്ങൾക്ക്‌ ഒരു ഫോൺ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. എനിക്ക്‌ ഒത്തിരി കൂട്ടു​കാർ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഞാൻ ഏതു സമയവും ഫോൺ ഉപയോ​ഗി​ക്കും. പക്ഷേ അവൾ ഒരിക്ക​ലും ഒന്നും പറഞ്ഞില്ല. ഫോൺ ഉപയോ​ഗി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ അവൾ അത്‌ എന്നോടു പറയു​മെന്നു ഞാൻ കരുതി. ഒട്ടും പരിഗണന ഇല്ലാ​തെ​യാണ്‌ ഞാൻ പെരു​മാ​റി​യത്‌ എന്ന്‌ ഇപ്പോൾ ഞാൻ മനസ്സി​ലാ​ക്കു​ന്നു.”

സ്വകാ​ര്യ​ത​യി​ല്ലായ്‌മ

“എല്ലാവ​രും കുറ​ച്ചൊ​ക്കെ സ്വകാ​ര്യത ഇഷ്ടപ്പെ​ടു​ന്നു,” ഡേവിഡ്‌ പറയുന്നു. “ചില​പ്പോൾ, ഒന്നും ചെയ്യാതെ വെറു​തെ​യ​ങ്ങനെ കിടക്കാൻ എനിക്കി​ഷ്ട​മാണ്‌.” എന്നാൽ, മറ്റൊ​രാ​ളോ​ടൊ​പ്പം മുറി പങ്കിടു​മ്പോൾ സ്വകാര്യ നിമി​ഷങ്ങൾ കണ്ടെത്തുക വെല്ലു​വി​ളി ആയേക്കാം. “തനിച്ചാ​യി​രി​ക്കാൻ എനിക്ക്‌ ഇഷ്ടമാണ്‌,” മാർക്ക്‌ പറയുന്നു. “അതു​കൊണ്ട്‌ സ്വകാ​ര്യ​ത​യി​ല്ലാ​യ്‌മ​യാണ്‌ എന്നെ ഏറ്റവും ബുദ്ധി​മു​ട്ടി​ക്കു​ന്നത്‌. ഞാനും സഹതാ​മ​സ​ക്കാ​ര​നും പുറത്തു പോകു​ന്ന​തും വരുന്ന​തു​മൊ​ക്കെ ഏതാണ്ട്‌ ഒരേ സമയത്താണ്‌. അതു​കൊണ്ട്‌ തനിച്ചാ​യി​രി​ക്കാൻ എനിക്കു കഴിയു​ന്നില്ല.”

യേശു​ക്രി​സ്‌തു പോലും ചില​പ്പോൾ തനിച്ചാ​യി​രി​ക്കാൻ ആഗ്രഹി​ച്ചു. (മത്തായി 14:13) അതു​കൊണ്ട്‌, കൂടെ താമസി​ക്കുന്ന വ്യക്തി​യു​ടെ സാന്നി​ധ്യം വായന​യ്‌ക്കോ പഠനത്തി​നോ ധ്യാന​ത്തി​നോ വിഘാതം സൃഷ്ടി​ക്കു​മ്പോൾ അതു നിരാ​ശ​യ്‌ക്ക്‌ ഇടയാ​ക്കി​യേ​ക്കാം. മാർക്ക്‌ പറയുന്നു: “എപ്പോ​ഴും അവന്‌ ഓരോ​ന്നു ചെയ്യാ​നു​ണ്ടാ​കും, അത്‌ എന്റെ പഠനത്തെ തടസ്സ​പ്പെ​ടു​ത്തു​ന്നു. ചില​പ്പോൾ അവൻ കൂട്ടു​കാ​രെ ക്ഷണിച്ചു​വ​രു​ത്തും, അല്ലെങ്കിൽ ഫോണിൽ സംസാ​രി​ക്കു​ക​യാ​വും, അതുമ​ല്ലെ​ങ്കിൽ ടിവി കാണു​ക​യോ റേഡി​യോ കേൾക്കു​ക​യോ ചെയ്‌തു​കൊ​ണ്ടി​രി​ക്കും.”

മറ്റൊ​രാ​ളോ​ടൊ​പ്പം മുറി പങ്കിടു​ന്നത്‌ വെല്ലു​വി​ളി ആയിരി​ക്കാ​മെ​ങ്കി​ലും ആയിര​ക്ക​ണ​ക്കി​നു യുവജ​നങ്ങൾ അതിൽ വിജയി​ച്ചി​ട്ടുണ്ട്‌. അങ്ങനെ താമസി​ക്കേണ്ടി വരുന്ന ഒരു സാഹച​ര്യ​ത്തെ ഏറ്റവും നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ കഴിയുന്ന ചില പ്രാ​യോ​ഗിക വഴികൾ ഈ പരമ്പര​യി​ലെ മറ്റു ലേഖനങ്ങൾ ചർച്ച ചെയ്യും. (g02 4/22)

[അടിക്കു​റി​പ്പു​കൾ]

a ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b ഈ ബുദ്ധി​യു​പ​ദേ​ശങ്ങൾ യുവജ​ന​ങ്ങളെ ഉദ്ദേശി​ച്ചു​ള്ള​വ​യാ​ണെ​ങ്കി​ലും സാഹച​ര്യ​ങ്ങൾക്കു മാറ്റം വന്നതിനെ തുടർന്ന്‌—ഉദാഹ​ര​ണ​ത്തിന്‌ ഭാര്യ​യെ​യോ ഭർത്താ​വി​നെ​യോ നഷ്ടപ്പെ​ട്ടതു നിമിത്തം—മറ്റൊരു വ്യക്തി​യോ​ടൊ​പ്പം മുറി പങ്കി​ടേണ്ടി വന്നിരി​ക്കുന്ന പ്രായ​മാ​യ​വർക്കും അവ സഹായ​ക​മാ​യേ​ക്കാം.

[14, 15 പേജു​ക​ളി​ലെ ചിത്രം]

സംഗീതത്തിലെ വ്യത്യസ്‌ത അഭിരു​ചി​കൾ വെല്ലു​വി​ളി ഉയർത്തി​യേ​ക്കാം

[16-ാം പേജിലെ ചിത്രം]

പരിഗണനയില്ലായ്‌മ പിരി​മു​റു​ക്ക​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം