കൂടെ താമസിക്കാൻ പറ്റിയ ഒരു വ്യക്തിയെ എങ്ങനെ കണ്ടെത്താം?
യുവജനങ്ങൾ ചോദിക്കുന്നു . . .
കൂടെ താമസിക്കാൻ പറ്റിയ ഒരു വ്യക്തിയെ എങ്ങനെ കണ്ടെത്താം?
“ഒറ്റയ്ക്കു താമസിച്ചുകൊണ്ട് മുഴു സമയ ശുശ്രൂഷകയായി സേവിക്കാനും വാടകയും മറ്റു ബില്ലുകളും അടയ്ക്കാനും എനിക്കു കഴിയുമായിരുന്നില്ല.”—ലിൻ. a
പലപ്പോഴും ആദ്യമായി യുവജനങ്ങൾ വീടുവിട്ടു പുറത്തു താമസിക്കാൻ തുടങ്ങുമ്പോൾ ‘യഥാർഥ ലോകത്തിലെ’ ജീവിതം എത്ര ചെലവേറിയതാണെന്ന് ഒരു ഞെട്ടലോടെ അവർ മനസ്സിലാക്കുന്നു. ഒന്നോ അതിലധികമോ വ്യക്തികളോടൊത്തു താമസിക്കുന്നത് ഭാരമേറിയ ഈ ചെലവുകൾ വഹിക്കാൻ സഹായിക്കുന്ന ഒരു മാർഗമാണെന്ന് അവരിൽ പലരും കണ്ടെത്തുന്നു.
എന്നാൽ ഈ പരമ്പരയിലെ മുൻ ലേഖനം ചൂണ്ടിക്കാട്ടിയതു പോലെ, മറ്റൊരാളോടൊപ്പം—പ്രത്യേകിച്ച് മുമ്പ് ഒട്ടും പരിചയമില്ലായിരുന്ന ഒരു വ്യക്തിയോടൊപ്പം—ഉള്ള താമസത്തിനു ശരിക്കുമൊരു വെല്ലുവിളി ആയിരിക്കാനാകും. b മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്നതിന് ഒരുമിച്ചു താമസിക്കുന്ന യുവ ക്രിസ്ത്യാനികളുടെ കാര്യത്തിൽ പോലും ഇതു സത്യമാണ്. നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും മറ്റൊരു വ്യക്തിയോടൊപ്പം മുറി പങ്കിട്ടു കഴിയുന്നതിനെ കുറിച്ചു ചിന്തിക്കുന്നെങ്കിൽ, ആ വ്യക്തിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ “പ്രായോഗിക ജ്ഞാനം” പ്രകടമാക്കുന്നതു ന്യായയുക്തമാണ്. c—സദൃശവാക്യങ്ങൾ 3:21, NW.
മോശമായ സഹവാസത്തിന്റെ അപകടങ്ങൾ
അനേകം യുവജനങ്ങളും കൂടെ താമസിക്കാൻ പറ്റിയ ഒരു വ്യക്തിയെ കണ്ടെത്താൻ ബുള്ളറ്റിൻ ബോർഡുകൾ, പത്ര പരസ്യങ്ങൾ, ഇന്റർനെറ്റ് എന്നിവയിലേക്കു തിരിയുന്നു. എന്നാൽ യുവക്രിസ്ത്യാനികൾ അവയിലേക്കു തിരിയുന്നത് അപകടകരമാണ്. കാരണം സാധ്യതയനുസരിച്ച് അവ നിങ്ങളുടെ വിശ്വാസമോ ധാർമിക നിലവാരങ്ങളോ മൂല്യങ്ങളോ പിൻപറ്റാത്ത വ്യക്തികളിലേക്ക് ആയിരിക്കും നിങ്ങളെ നയിക്കുക. ഒരേ വിശ്വാസത്തിലുള്ള വ്യക്തികളോടൊപ്പമേ താമസിക്കൂ എന്നു പറയുന്നത് ഇടുങ്ങിയതും സാമൂഹികവിരുദ്ധവുമായ ചിന്താഗതിയാണോ? അല്ല, മറിച്ച് അത് ജ്ഞാനമാർഗമാണ്. ബൈബിൾതന്നെ ഈ മുന്നറിയിപ്പു നൽകുന്നു: “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW.
ലീ എന്ന പെൺകുട്ടിയുടെ അനുഭവം എടുക്കുക. കോളെജ് ഹോസ്റ്റലിൽ താമസിക്കാൻ തുടങ്ങിയപ്പോൾ അവൾ ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ സ്നാപനമേറ്റിട്ടുണ്ടായിരുന്നില്ല. “അവിടത്തെ അന്തരീക്ഷം അപകടം പിടിച്ചതായിരുന്നു,” അവൾ അനുസ്മരിക്കുന്നു. “ചിലർ മുറിയിൽ തിരിച്ചെത്തുമ്പോൾ കാണുന്നത് കൂടെ താമസിക്കുന്ന കുട്ടി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നത് ആയിരിക്കും.” അവിടത്തെ ജീവിതം പെട്ടെന്നുതന്നെ ലീയുടെ ആത്മീയതയെ മോശമായി ബാധിക്കാൻ തുടങ്ങി. “ഞാൻ കൂടെക്കൂടെ ക്രിസ്തീയ യോഗങ്ങൾ മുടക്കാൻ തുടങ്ങി” എന്ന് അവൾ സമ്മതിച്ചു പറയുന്നു. അവളുടെ സ്വഭാവം ഒന്നിനൊന്നു വഷളാകാൻ തുടങ്ങിയതിൽ അതിശയമില്ല. “ഒരു ദിവസം സംസാരത്തിനിടയ്ക്ക് ഞാൻ വളരെ മോശമായ ഭാഷ ഉപയോഗിച്ചു. ഒരു കുട്ടി ഉടനെ എന്നോടു ചോദിച്ചു: ‘അത്തരം സംസാരമൊക്കെ യഹോവ അംഗീകരിക്കുമോ?’” എത്ര വലിയ നാണക്കേട്! സന്തോഷകരമെന്നു പറയട്ടെ, ലീ അനാരോഗ്യകരമായ ആ ചുറ്റുപാടിൽനിന്നു പുറത്തു പോരുകയും ആത്മീയ പുരോഗതി വരുത്തുകയും ചെയ്തു. എന്നാൽ നിങ്ങളുടെ നിലവാരങ്ങളെ മാനിക്കാത്ത വ്യക്തികളോടൊപ്പം താമസിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടം തിരിച്ചറിയാൻ അവളുടെ അനുഭവം സഹായിക്കുന്നു.
അനുയോജ്യരായ സഹതാമസക്കാരെ കണ്ടെത്തൽ
അങ്ങനെയെങ്കിൽ പിന്നെ നിങ്ങൾ എവിടെ അന്വേഷിക്കും? യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽത്തന്നെ തുടങ്ങാവുന്നതാണ്. മുഴുസമയ ശുശ്രൂഷകർ d മാതാപിതാക്കൾക്കും പ്രാദേശിക സഭയിലെ മൂപ്പന്മാർക്കും സഞ്ചാര മേൽവിചാരകന്മാർക്കും മറ്റും നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും. നിങ്ങളോടൊപ്പം താമസിക്കാൻ പറ്റിയ ചില യുവജനങ്ങളെ അവർക്ക് ഒരുപക്ഷേ അറിയാമായിരിക്കും.
പലപ്പോഴും അവർക്കായി പ്രത്യേകം നടത്തപ്പെടുന്ന അനേകം സ്കൂളുകളിലും യോഗങ്ങളിലും വെച്ച് ആത്മീയ മനസ്കരായ മറ്റു യുവജനങ്ങളെ കണ്ടുമുട്ടുന്നു.കൂടെ താമസിക്കാൻ പറ്റിയ ഒരു വ്യക്തിയെ നിങ്ങൾ തിരയുകയാണെന്ന് മറ്റുള്ളവരോടു പറയുന്നതും സഹായകമായിരുന്നേക്കാം. നിങ്ങളുടെ ആവശ്യം എത്രയധികം പേരെ അറിയിക്കുന്നുവോ അത്രയധികമാണ് ഫലം കിട്ടാനുള്ള സാധ്യതയും. (സഭാപ്രസംഗി 11:6) എല്ലാറ്റിലും ഉപരി, ഈ കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ യഹോവയോട് അപേക്ഷിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുക.—1 യോഹന്നാൻ 5:14, 15.
ആവശ്യമായ വിവരങ്ങൾ അന്വേഷിച്ചറിയുക
കൂടെ താമസിക്കാൻ പറ്റിയതെന്നു തോന്നുന്ന ഒരു വ്യക്തിയെ നിങ്ങൾ കണ്ടെത്തിയെന്നിരിക്കട്ടെ. പെട്ടെന്നുതന്നെ ഒരുമിച്ചു താമസം തുടങ്ങാൻ നിങ്ങൾ ഒരുപക്ഷേ ആഗ്രഹിച്ചേക്കും. എന്നാൽ അതിനു മുമ്പായി അൽപ്പം അന്വേഷണം നടത്തുന്നതു ബുദ്ധിയാണ്. ആ വ്യക്തി സ്വന്തം സഭയിലെ “സഹോദരന്മാരാൽ നല്ല സാക്ഷ്യംകൊണ്ടവൻ” ആണോ? (പ്രവൃത്തികൾ 16:1, 2) ഒരുപക്ഷേ നിങ്ങൾക്കോ മാതാപിതാക്കൾക്കോ അവനെ അല്ലെങ്കിൽ അവളെ അറിയാവുന്ന ആത്മീയ യോഗ്യതയുള്ള വ്യക്തികളുമായി നേരിട്ടു സംസാരിക്കാനാകും. നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ഈ വ്യക്തിയെ കുറിച്ചുള്ള പൊതു അഭിപ്രായം എന്താണ്? ഇയാൾ ആത്മീയമായും വൈകാരികമായും സമനിലയുള്ളവനാണോ? പ്രസംഗപ്രവർത്തനത്തിലും യോഗങ്ങളിൽ അഭിപ്രായം പറയുന്നതിലും ഈ വ്യക്തി പങ്കെടുക്കാറുണ്ടോ? ഇയാൾ നല്ല നടത്തയ്ക്ക് അറിയപ്പെടുന്ന വ്യക്തിയാണോ?’
“ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും” എന്ന കാര്യം ഓർക്കുക. (സദൃശവാക്യങ്ങൾ 13:20) “എന്റെ കൂടെ താമസിക്കുന്നയാൾ നല്ല ആത്മീയതയുള്ള വ്യക്തിയാണ്,” ഡേവിഡ് പറയുന്നു. “എന്റെ ആത്മീയത നിലനിറുത്താൻ അതെന്നെ സഹായിക്കുന്നു.” സമാനമായി, പല വ്യക്തികളോടൊപ്പം താമസിച്ചിട്ടുള്ള റെന്നേ പറയുന്നു: “ദിവസവും രാത്രി ബൈബിളിലെ ഒരു അധ്യായം ഒരുമിച്ചു വായിക്കാമെന്ന് കൂടെ താമസിക്കുന്നവരിൽ ചിലർ പറയുമായിരുന്നു. എന്റെ മാതാപിതാക്കൾ സാക്ഷികളല്ലായിരുന്നതുകൊണ്ട് ഞങ്ങൾക്ക് ഒരു കുടുംബ ബൈബിൾ അധ്യയനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടെ താമസിക്കുന്ന കുട്ടികളുമായി ‘കുടുംബ അധ്യയനം’ നടത്താൻ കഴിഞ്ഞത് എത്ര നല്ല അനുഭവമായിരുന്നെന്നോ!” അതേ, നിങ്ങളെപ്പോലെതന്നെ ആത്മീയ കാര്യങ്ങളെ പ്രിയപ്പെടുന്ന ഒരു വ്യക്തിയോടൊപ്പം താമസിക്കുന്നത് ഒരു യഥാർഥ അനുഗ്രഹം ആയിരിക്കാൻ കഴിയും.
കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യുക
അടുത്തതായി, തമ്മിൽ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യുക. നിങ്ങൾ ഒത്തുപോകുന്നതരം വ്യക്തികളാണോ എന്നു തീരുമാനിക്കാൻ അത്തരം സംഭാഷണങ്ങൾ സഹായിക്കും. ആശയവിനിമയ ഗവേഷണ റിപ്പോർട്ടുകൾ (ഇംഗ്ലീഷ്) എന്ന പത്രികയിൽ വന്ന ഒരു പഠന റിപ്പോർട്ടു ശ്രദ്ധേയമാണ്. കൂടെ താമസിക്കുന്നവരുടെ ആശയവിനിമയ ശൈലികൾ സമാനമായിരിക്കുമ്പോൾ അവർ “ഏറ്റവുമധികം സംതൃപ്തിയും പരസ്പര അടുപ്പവും ഉള്ളവരായിരിക്കുന്നതായി” അതു പറഞ്ഞു. അതുകൊണ്ട് നിങ്ങൾ തുറന്ന് ഇടപെടുകയും ആശയങ്ങൾ തുറന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന സൗഹൃദപ്രകൃതമുള്ള ആളാണെങ്കിൽ അധികമൊന്നും മിണ്ടാത്ത, ഒറ്റയ്ക്കായിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയോടൊപ്പം താമസിക്കുന്നതു പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം.
നിങ്ങളുടെ ചർച്ച പോലീസ് മുറയിലുള്ള ഒരു ചോദ്യംചെയ്യൽ പോലെ ആയിത്തീരാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കില്ല. എങ്കിലും, കൂടെ താമസിക്കാൻ പോകുന്ന വ്യക്തി സമീപ ഭാവിയിലേക്കു വെച്ചിരിക്കുന്ന ലക്ഷ്യങ്ങളെ കുറിച്ചും ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികളെ കുറിച്ചുമൊക്കെ ചർച്ച ചെയ്യുന്നത് സഹായകമായിരുന്നേക്കാം. അവൻ അല്ലെങ്കിൽ അവൾ ആത്മീയമായി പുരോഗമിക്കാൻ ആഗ്രഹിക്കുന്നുവോ അതോ വീട്ടിലെ സുഖകരമല്ലാത്ത ഒരു സാഹചര്യത്തിൽനിന്നു രക്ഷപ്പെടുക മാത്രമാണോ ഉദ്ദേശ്യം? ഉയർന്നു വന്നേക്കാവുന്ന മറ്റൊരു പ്രശ്നം ലിൻ ചൂണ്ടിക്കാട്ടുന്നു: “എന്റെ കൂടെ താമസിച്ചിരുന്ന കുട്ടിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. എപ്പോൾ നോക്കിയാലും അവൻ ഞങ്ങളുടെ താമസ സ്ഥലത്തായിരിക്കും. രാത്രി വളരെ വൈകിയേ തിരിച്ചുപോകുമായിരുന്നുള്ളൂ.” ലിന്നിന് അവരുടെ സ്നേഹപ്രകടനങ്ങൾ അനുചിതമായി തോന്നി. അവൾക്കതിൽ വലിയ അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ നേരത്തേതന്നെ ചില അടിസ്ഥാന ചട്ടങ്ങൾ വെക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും. ഉദാഹരണത്തിനു റെന്നേ പറയുന്നു: “ഒരു പ്രത്യേക സമയം കഴിഞ്ഞാൽ ആൺകുട്ടികൾ ഞങ്ങളുടെ താമസസ്ഥലത്തു വരരുത് എന്ന ഒരു നിയമം ഞങ്ങൾ വെച്ചിരുന്നു.” അതുപോലെ എതിർലിംഗ വർഗത്തിൽ പെട്ട ഒരാളോടൊപ്പം തങ്ങൾ ഒരിക്കലും വീട്ടിലോ മുറിയിലോ തനിച്ചായിരിക്കുകയില്ല എന്ന ഒരു ധാരണയിൽ കൂടെ താമസിക്കുന്ന എല്ലാവരും എത്തുന്നതും നല്ലതായിരിക്കും.
ഹോബികൾ, ഇഷ്ടാനിഷ്ടങ്ങൾ, സംഗീതാഭിരുചികൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതും നന്നായിരിക്കും. “എനിക്കു താത്പര്യമുള്ള കാര്യങ്ങൾ ഇഷ്ടപ്പെടുന്ന, സമാനമായ വ്യക്തിത്വമുള്ള, ഞാൻ ഇഷ്ടപ്പെടുന്നതരം കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളെ കൂടെ താമസിക്കാൻ കിട്ടുന്നതാണ് എനിക്ക് ഇഷ്ടം” എന്നു മാർക്ക് പറയുന്നു. അഭിരുചികൾ വ്യത്യസ്തമായതുകൊണ്ട് ഒപ്പം താമസിക്കാൻ പറ്റില്ല എന്ന് ഇതിന് അർഥമില്ല. നിങ്ങൾ രണ്ടുപേരും എത്ര വഴക്കമുള്ളവരാണ് എന്നതാണ് യഥാർഥ പ്രശ്നം. വ്യത്യസ്തതകളുമായി ഒത്തുപോകാൻ, പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നിങ്ങൾ തയ്യാറാണോ?
ലീ ഈ നിർദേശം നൽകുന്നു: “മറ്റേ വ്യക്തി ഈ ക്രമീകരണത്തിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നും ചോദിക്കുക. ചിലർ നിങ്ങൾ അവരുടെ ഉറ്റ ചങ്ങാതി ആയിരിക്കാൻ പ്രതീക്ഷിക്കുന്നു. എന്നാൽ എനിക്ക് അതിലല്ല താത്പര്യം.” സമാനമായി ഡേവിഡ് പറയുന്നു: “ഒരുമിച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരാൾ കൂടെ താമസിക്കുന്നതു നല്ലതാണ്. എന്നാൽ ഏതു നേരവും, മറ്റുള്ളവരോടൊത്ത് എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുമ്പോൾ പോലും, നിഴൽപോലെ പിന്നാലെ കൂടുന്നത് എനിക്കിഷ്ടമില്ല.” അതുപോലെ, ഈ വ്യക്തിക്ക് സുവിശേഷ വേലയിൽ നിങ്ങളുടെ പങ്കാളി ആയിരിക്കാനാണോ താത്പര്യം അതോ ഒരു വിദേശ ഭാഷാ സഭയിൽ സേവിക്കുന്നതു പോലെയുള്ള മറ്റെന്തിലെങ്കിലുമാണോ താത്പര്യം എന്നു മനസ്സിലാക്കുക.
അവസാനമായി, പാചകം (നിങ്ങളിൽ ആർക്കെങ്കിലും പാചകം അറിയാമോ?), വീട്ടുജോലികളുടെ പങ്കുവെക്കൽ, വ്യക്തിപരമായ ഉപകരണങ്ങളുടെ ഉപയോഗം, വസ്ത്രങ്ങളും മറ്റും വെക്കാനുള്ള സ്ഥലം, ഫർണിച്ചർ, സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം, ഓമനമൃഗങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളും അവഗണിക്കരുത്. ഇത്തരം കാര്യങ്ങളെ കുറിച്ചു നേരത്തേ തന്നെ സംസാരിക്കുന്നത് തെറ്റിദ്ധാരണകളും വ്രണിത വികാരങ്ങളും ഒഴിവാക്കാൻ സഹായിക്കും. സദൃശവാക്യങ്ങൾ 20:18 പറയുന്നു: “ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു.”
“ഉചിതമായും ക്രമമായും”
സഹായകമായ മറ്റൊരു തത്ത്വം ലൂക്കൊസ് 14:28-ൽ (പി.ഒ.സി. ബൈബിൾ) കാണാം. അവിടെ, ‘ചെലവു ആദ്യമേതന്നെ കണക്കുകൂട്ടിനോക്കാൻ’ ഉദ്ബോധിപ്പിക്കുന്നു. അതേ, നിങ്ങളുടെ ജീവിത ചെലവുകൾ എത്രയായിരിക്കുമെന്നു കണക്കുകൂട്ടാൻ ശ്രമിക്കുക. വാടക എത്രയായിരിക്കും? ഭക്ഷണത്തിനും മറ്റു ചെലവുകൾക്കും എത്ര പണം വേണ്ടിവരും? നിങ്ങൾ ഒരു ടെലിഫോണാണോ ഉപയോഗിക്കുക? അങ്ങനെയെങ്കിൽ അതിന്റെ ബില്ല് എങ്ങനെ പകുക്കും? “ചെലവുകൾ പങ്കു വെക്കുമെന്ന് ഉറപ്പുള്ള ഒരു കുട്ടിയെ മാത്രമേ കൂടെ താമസിക്കാൻ ഞാൻ തിരഞ്ഞെടുക്കൂ” എന്ന് ലിൻ പറയുന്നു. അടുത്ത പടി (ഇംഗ്ലീഷ്) എന്ന ഇന്റർനെറ്റ് മാസിക ശരിയായിത്തന്നെ ഇങ്ങനെ പറയുന്നു: “വാടകയ്ക്കും ഭക്ഷണത്തിനുമുള്ള ചെലവിന്റെ പങ്കു വഹിക്കാത്ത . . . അല്ലെങ്കിൽ വലിയ ബില്ലുകൾ വരുത്തിവെക്കുന്ന വ്യക്തികൾ ആവശ്യമില്ലാത്ത സമ്മർദത്തിന് ഇടയാക്കുന്നു.”
“ചിലപ്പോൾ എത്ര അടയ്ക്കുന്നു എന്നതല്ല പ്രശ്നം,” റെന്നേ പറയുന്നു, “എന്നാൽ എപ്പോൾ അടയ്ക്കുന്നു എന്നതാണ്!” അവൾ വിശദീകരിക്കുന്നു: “എല്ലാ മാസവും മൂന്നാം തീയതിയാണ് ഞങ്ങൾ വാടക അടയ്ക്കേണ്ടത്. എന്നാൽ ചിലപ്പോൾ കൂടെ താമസിക്കുന്നവരിൽ ചിലർ വാരാന്തമാകുമ്പോൾ വാടകയിലെ അവരുടെ പങ്കു തരാതെ ഒറ്റ പോക്കു പോകും. പിന്നെ ഞാൻ വേണം ഞങ്ങളുടെ വീട്ടുടമസ്ഥനോടു സമാധാനം പറയാൻ.” വ്യക്തമായും, എല്ലാം “ഉചിതമായും ക്രമമായും” ചെയ്യുന്നത്, പ്രധാനപ്പെട്ട സംഗതികളുടെ കാര്യത്തിൽ എല്ലാം വരുന്നതുപോലെ വരട്ടെ എന്നു വെച്ച് വിടാതിരിക്കുന്നത്, ജ്ഞാനപൂർവകമാണ്. (1 കൊരിന്ത്യർ 14:39ബി) പലപ്പോഴും കരാറുകൾ എഴുതിവെക്കുന്നതാണ് ബുദ്ധി.
നിങ്ങളോടൊപ്പം താമസിക്കാൻ ഒരാളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സൂക്ഷ്മ ശ്രദ്ധയും ജ്ഞാനവും പ്രകടമാക്കുന്നെങ്കിൽ അതിന് ദുഃഖത്തിനു പകരം സന്തോഷം കൈവരുത്താനാകും. എന്നാൽ പ്രശ്നങ്ങളും വ്യക്തിത്വ ഭിന്നതകളും തലപൊക്കുന്നെങ്കിൽ എന്ത്? ഭാവിയിൽ മറ്റൊരു ലേഖനം അതേക്കുറിച്ചു ചർച്ച ചെയ്യും. (g02 5/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ഞങ്ങളുടെ 2002 മേയ് 8 ലക്കത്തിൽ വന്ന “സഹതാമസക്കാരനുമായി പൊരുത്തപ്പെട്ടു പോകുക ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
c ഇന്ന് അധാർമിക ഉദ്ദേശ്യങ്ങൾക്കായി ഒരുമിച്ചു താമസിക്കുന്ന അനേകർ ഉള്ളതിനാൽ, ഈ ലേഖനം സാമ്പത്തിക കാരണങ്ങളെയും മറ്റു സൗകര്യങ്ങളെയും പ്രതി ഒരുമിച്ചു താമസിക്കാൻ തീരുമാനിക്കുന്ന ഒരേ ലിംഗവർഗത്തിൽപ്പെട്ട വ്യക്തികളെ കുറിച്ചാണു ചർച്ച ചെയ്യുന്നതെന്ന് എടുത്തു പറയാൻ ആഗ്രഹിക്കുന്നു.
d മുഴുസമയ സുവിശേഷകർക്ക് പയനിയർ സേവന സ്കൂളിൽ പങ്കെടുക്കാനുള്ള പദവിയുണ്ട്. വാർഷിക സർക്കിട്ട് സമ്മേളനങ്ങളോട് അനുബന്ധിച്ചും മുഴുസമയ ശുശ്രൂഷകരുമായി യോഗങ്ങൾ നടത്തപ്പെടുന്നു.
[14-ാം പേജിലെ ചിത്രം]
ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ പിൻപറ്റാത്തവരുമൊത്തു താമസിക്കുന്നതിൽ അപകടങ്ങളുണ്ട്
[14-ാം പേജിലെ ചിത്രം]
ഒരുമിച്ചു താമസിക്കാമെന്ന് ആർക്കെങ്കിലും വാക്കു കൊടുക്കുന്നതിനു മുമ്പ്, ഒന്നിച്ചിരുന്ന് പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുക