വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ശ്രവണപ്രാപ്‌തി കാത്തുസംരക്ഷിക്കുക!

നിങ്ങളുടെ ശ്രവണപ്രാപ്‌തി കാത്തുസംരക്ഷിക്കുക!

നിങ്ങളു​ടെ ശ്രവണ​പ്രാ​പ്‌തി കാത്തു​സം​ര​ക്ഷി​ക്കുക!

“ലോക​ത്തിൽ 12 കോടി​യി​ല​ധി​കം ആളുകൾക്കു സാരമായ കേൾവി​ത്ത​ക​രാറ്‌ ഉണ്ട്‌.”

—ലോകാ​രോ​ഗ്യ സംഘടന.

ശ്രവണ​പ്രാ​പ്‌തി വിലതീ​രാത്ത ഒരു ദാനമാണ്‌. എന്നാൽ പ്രായം ചെല്ലു​ന്ന​തോ​ടെ നമ്മുടെ കേൾവി​ശക്തി കുറഞ്ഞു​വ​രു​ന്നു. ആധുനിക സമൂഹം അതിന്റെ വിവിധ ശബ്ദകോ​ലാ​ഹ​ല​ങ്ങ​ളാൽ ഈ പ്രക്രി​യയെ ത്വരി​ത​പ്പെ​ടു​ത്തു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. യു.എസ്‌.എ.-യിലെ മിസൗ​റി​യി​ലുള്ള സെന്റ്‌ ലൂയി​സി​ലെ ബധിരർക്കാ​യുള്ള കേന്ദ്ര ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ ഒരു സീനിയർ ശാസ്‌ത്രജ്ഞൻ ഇപ്രകാ​രം പറഞ്ഞു: “ഒരു സാധാരണ അമേരി​ക്ക​ക്കാ​ര​നിൽ ഉണ്ടാകുന്ന കേൾവി​ത്ത​ക​രാ​റിൽ ഏകദേശം 75 ശതമാ​ന​ത്തി​നും കാരണം വാർധക്യ പ്രക്രിയ മാത്രമല്ല, മറിച്ച്‌ ജീവി​ത​കാ​ലത്ത്‌ ഉടനീളം ചെവി എന്തെല്ലാം ശബ്ദങ്ങൾക്കു വിധേ​യ​മാ​കു​ന്നു എന്നതും കൂടി​യാണ്‌.”

അത്യു​ച്ച​ത്തി​ലു​ള്ള ശബ്ദം അൽപ്പ​നേരം ശ്രവി​ച്ചാൽ മതി ആന്തരകർണ​ത്തി​ലെ ലോല​മായ ഭാഗങ്ങൾക്കു കേടു​വ​രാൻ. എന്നാൽ പലപ്പോ​ഴും “ശബ്ദായ​മാ​ന​മായ തൊഴിൽ അന്തരീ​ക്ഷ​വും ഉച്ചത്തി​ലുള്ള ശബ്ദം ഉൾപ്പെ​ട്ടി​രി​ക്കുന്ന ഹോബി​ക​ളും വിനോ​ദ​പ​രി​പാ​ടി​ക​ളു​മൊ​ക്കെ കൂടി​ച്ചേർന്നാണ്‌” കേൾവി​ത്ത​ക​രാറ്‌ ഉണ്ടാക്കു​ന്നത്‌ എന്നു കർണ​രോഗ വിദഗ്‌ധ​യായ ഡോ. മാർഗ​രറ്റ്‌ ചീസ്സ്‌മൻ പറഞ്ഞു. ശ്രവണ​പ്രാ​പ്‌തി സംരക്ഷി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? നിങ്ങൾ ശബ്ദം കേൾക്കു​ന്നത്‌ എങ്ങനെ​യാണ്‌ എന്നതിനെ കുറിച്ച്‌ അൽപ്പം മനസ്സി​ലാ​ക്കു​ന്നത്‌ അതിന്‌ ഉത്തരം കണ്ടെത്താൻ സഹായി​ക്കും.

നാം കേൾക്കുന്ന ശബ്ദങ്ങൾ

നാം ജീവി​ക്കുന്ന അന്തരീക്ഷം ഒന്നി​നൊ​ന്നു ശബ്ദമു​ഖ​രി​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ദിവസേന വ്യത്യസ്‌ത തീവ്ര​ത​യി​ലുള്ള ശബ്ദങ്ങൾ സഹിച്ച്‌ കഴിഞ്ഞു​കൂ​ടു​ന്ന​വ​രാണ്‌ അനേക​രും. റോഡി​ലൂ​ടെ ചീറി​പ്പാ​യുന്ന കാറു​ക​ളും ബസ്സുക​ളും ലോറി​ക​ളും മറ്റും ഉണ്ടാക്കുന്ന ശബ്ദം മുതൽ ജോലി​സ്ഥ​ലത്തെ വൈദ്യു​ത ഉപകര​ണങ്ങൾ മൂലമുള്ള ശബ്ദകോ​ലാ​ഹലം വരെ അതിൽ ഉൾപ്പെ​ടു​ന്നു.

ചില​പ്പോൾ, ഉപകര​ണ​ങ്ങ​ളു​ടെ ശബ്ദം വർധി​പ്പി​ച്ചു​കൊണ്ട്‌ നാം തന്നെ പ്രശ്‌നം കൂടുതൽ രൂക്ഷമാ​ക്കു​ന്നു. ഹെഡ്‌ഫോൺ ഘടിപ്പിച്ച കൊണ്ടു​ന​ട​ക്കാ​വുന്ന ഒരു സിഡി/കാസെറ്റ്‌ പ്ലെയർ ഉപയോ​ഗിച്ച്‌ സംഗീതം ശ്രദ്ധി​ക്കുന്ന രീതി ഇപ്പോൾ വളരെ സാധാ​ര​ണ​മാണ്‌. കാനഡ​യി​ലെ​യും ഐക്യ​നാ​ടു​ക​ളി​ലെ​യും യുവജ​ന​ങ്ങൾക്കി​ട​യിൽ, ഹെഡ്‌ഫോ​ണു​ക​ളി​ലൂ​ടെ സംഗീതം ശ്രദ്ധി​ക്കു​മ്പോൾ ശബ്ദം വളരെ കൂട്ടി വെക്കു​ന്ന​തി​നാ​ലു​ണ്ടാ​കുന്ന കേൾവി​ത്ത​ക​രാ​റു​കൾ വളരെ വ്യാപകം ആയിത്തീർന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ആ രാജ്യ​ങ്ങ​ളിൽ നടത്തിയ സർവേകൾ കാണി​ക്കു​ന്നു​വെന്ന്‌ ‘മ്യുസി​ഷൻസ്‌ ക്ലിനി​ക്‌സ്‌ ഓഫ്‌ കാനഡ’യുടെ സഹസ്ഥാ​പ​ക​നായ മാർഷൽ ചേസിൻ പറയുന്നു.

എന്നാൽ എപ്പോ​ഴാ​ണു ശബ്ദം വളരെ കൂടു​ത​ലാ​ണെന്നു പറയാൻ കഴിയുക? ദൈർഘ്യം, ആവൃത്തി, ഉച്ചത എന്നിവ​യു​ടെ അടിസ്ഥാ​ന​ത്തിൽ ശബ്ദത്തെ മൂന്നു വിധങ്ങ​ളിൽ തരംതി​രി​ച്ചി​ട്ടുണ്ട്‌. ശബ്ദം എത്ര നേര​ത്തേക്കു നീണ്ടു​നിൽക്കു​ന്നു​വോ അതാണു ദൈർഘ്യം. ശബ്ദത്തിന്റെ ആവൃത്തി (ഒരു സെക്കൻഡി​ലെ ശബ്ദതരം​ഗ​ത്തി​ന്റെ ആവർത്തനം) അല്ലെങ്കിൽ സ്ഥായി ഹെർട്‌സിൽ ആണു പറയാ​റു​ള്ളത്‌. സാധാ​ര​ണ​ഗ​തി​യി​ലുള്ള ആരോ​ഗ്യ​ക​ര​മായ ശ്രവണ​ത്തിന്‌ ആവശ്യ​മായ ശബ്ദ ആവൃത്തി​യു​ടെ വ്യാപ്‌തി സെക്കൻഡിൽ 20 മുതൽ 20,000 ഹെർട്‌സാണ്‌.

ഒരു ശബ്ദത്തിന്റെ ഉച്ചത അല്ലെങ്കിൽ തീവ്രത അളക്കു​ന്നതു ഡെസി​ബെ​ല്ലിൽ ആണ്‌. സാധാരണ സംഭാ​ഷ​ണ​ത്തിൽ ശബ്ദത്തിന്റെ അളവ്‌ ഏകദേശം 60 ഡെസി​ബെ​ല്ലാണ്‌. 85 ഡെസി​ബെ​ല്ലിൽ കൂടിയ ശബ്ദം നിങ്ങൾ എത്ര സമയം കേൾക്കു​ന്നു​വോ അതിന​നു​സ​രിച്ച്‌ കേൾവി​ത്ത​ക​രാ​റും അത്ര ഗുരു​ത​ര​മാ​യി​രി​ക്കും എന്ന്‌ കർണ​രോഗ വിദഗ്‌ധർ പറയുന്നു. ശബ്ദം വർധി​ക്കു​ന്തോ​റും കേൾവിക്ക്‌ അത്രയും പെട്ടെന്ന്‌ തകരാറു സംഭവി​ക്കും. ന്യൂസ്‌വീക്ക്‌ മാസി​ക​യി​ലെ ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറഞ്ഞു: “ഒരു വൈദ്യു​ത ഡ്രില്ലി​ന്റെ [തുരക്കാൻ ഉപയോ​ഗി​ക്കുന്ന ഉപകരണം] ശബ്ദം (100 ഡെസി​ബെൽ) രണ്ടു മണിക്കൂർ കേട്ടാ​ലും ചെവിക്കു വലിയ കുഴപ്പ​മൊ​ന്നും സംഭവി​ക്കില്ല. എന്നാൽ വീഡി​യോ ഗെയി​മു​ക​ളും മറ്റും ഉള്ള ശബ്ദമു​ഖ​രി​ത​മായ ഒരു വിനോ​ദ​കേ​ന്ദ്ര​ത്തി​ലെ ഒച്ച (110 ഡെസി​ബെൽ) 30 മിനി​ട്ടിൽ കൂടുതൽ അതിനു താങ്ങാ​നാ​വില്ല. ശബ്ദത്തിലെ ഓരോ 10 ഡെസി​ബെൽ വർധന​യും ചെവിക്കു ഹാനി​ക​ര​മായ ശബ്ദത്തിന്റെ 10 ഇരട്ടി വർധനയെ സൂചി​പ്പി​ക്കു​ന്നു.” ശബ്ദം ഏകദേശം 120 ഡെസി​ബെൽ ആകു​മ്പോൾ ചെവി വേദനി​ക്കാൻ തുടങ്ങു​മെന്ന്‌ പരീക്ഷ​ണങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു. എന്നാൽ അവിശ്വ​സ​നീ​യ​മാ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും, വീടു​ക​ളിൽ കാണുന്ന ചില സ്റ്റീരി​യോ​കൾക്ക്‌ 140 ഡെസി​ബെ​ല്ലിൽ കൂടുതൽ ഉച്ചത്തിൽ ശബ്ദം പുറ​പ്പെ​ടു​വി​ക്കാ​നാ​കും!—ചുവടെ ചേർത്തി​രി​ക്കുന്ന ചതുരം കാണുക.

ഉച്ചത്തി​ലു​ള്ള ശബ്ദം നിങ്ങളു​ടെ ചെവിക്കു ദോഷം ചെയ്യു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ ശബ്ദതരം​ഗങ്ങൾ ചെവി​യിൽ എത്തു​മ്പോൾ എന്തു സംഭവി​ക്കു​ന്നു എന്നു നോക്കാം.

ശബ്ദം കേൾക്കുന്ന വിധം

ചെവി​ക്കുട അല്ലെങ്കിൽ പുറം​ചെവി എന്നറി​യ​പ്പെ​ടുന്ന ബാഹ്യ​കർണ​ത്തി​ന്റെ മാംസ ഭാഗത്തി​ന്റെ ആകൃതി ശബ്ദതരം​ഗങ്ങൾ സ്വീക​രിച്ച്‌ കർണനാ​ള​ത്തി​ലേക്ക്‌ അയയ്‌ക്കാൻ പറ്റിയ രീതി​യിൽ ഉള്ളതാണ്‌. അങ്ങനെ ആ ശബ്ദതരം​ഗങ്ങൾ കർണപ​ട​ത്തിൽ എത്തുന്നു. ഈ തരംഗങ്ങൾ കർണപ​ട​ത്തിൽ ചെന്നു മുട്ടു​മ്പോൾ അതു ചലിക്കു​ന്നു. കർണപ​ട​ത്തി​ന്റെ കമ്പനം മധ്യകർണ​ത്തി​ലെ മൂന്ന്‌ അസ്ഥിക​ളു​ടെ കമ്പനത്തിന്‌ ഇടയാ​ക്കു​ന്നു. അടുത്ത​താ​യി ഈ കമ്പനങ്ങൾ ആന്തരകർണ​ത്തി​ലേക്ക്‌ അതായത്‌ ഒരു അസ്ഥിക്കു​ള്ളി​ലെ ദ്രാവ​ക​പൂ​രിത സഞ്ചിക്കു​ള്ളി​ലേക്കു കടക്കുന്നു. ഒച്ചിന്റെ ആകൃതി​യു​ള്ള​തും രോമ​കോ​ശങ്ങൾ അടങ്ങി​യി​ട്ടു​ള്ള​തു​മായ ആന്തരകർണ​ത്തി​ന്റെ കോക്ലിയ എന്ന ഭാഗത്തെ ദ്രാവ​ക​ത്തി​ലൂ​ടെ സഞ്ചരി​ക്കു​മ്പോൾ രോമ​കോ​ശ​ങ്ങ​ളു​ടെ അഗ്രങ്ങൾ ഈ കമ്പനങ്ങളെ നാഡീയ ആവേഗ​ങ്ങ​ളാ​ക്കി മാറ്റുന്നു. ഈ ആവേഗങ്ങൾ പിന്നീട്‌ മസ്‌തി​ഷ്‌ക​ത്തി​ലെ​ത്തും. മസ്‌തി​ഷ്‌കം അവയെ വായിച്ച്‌ ശബ്ദമായി ഗ്രഹി​ക്കു​ന്നു.

ശ്രദ്ധ നൽകേ​ണ്ട​തും അല്ലാത്ത​തു​മായ ശബ്ദങ്ങൾ വേർതി​രി​ച്ച​റി​യാൻ മസ്‌തി​ഷ്‌ക​ത്തി​ന്റെ ലിമ്പിക്‌ വ്യൂഹം നമ്മെ സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഒരു കുഞ്ഞ്‌ കളിക്കു​മ്പോൾ ഉണ്ടാക്കുന്ന എല്ലാ ശബ്ദങ്ങളും അമ്മ ബോധ​പൂർവം കേൾക്കു​ന്നില്ല. എന്നാൽ കുഞ്ഞ്‌ പെട്ടെന്ന്‌ പേടിച്ച്‌ കരഞ്ഞാൽ അമ്മ ഉടനെ പ്രതി​ക​രി​ക്കും. രണ്ടു ചെവി​ക​ളും കൂടി ചേർന്നാണ്‌ സ്റ്റീരി​യോ​ഫോ​ണിക്‌ ശ്രവണ​ത്തി​നു സഹായി​ക്കു​ന്നത്‌. ഇതു വളരെ പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ശബ്ദത്തിന്റെ ഉറവിടം തിരി​ച്ച​റി​യാൻ അതു നമ്മെ സഹായി​ക്കു​ന്നു. എന്നാൽ ശബ്ദം സംഭാഷണ രൂപത്തി​ലാ​യി​രി​ക്കു​മ്പോൾ മസ്‌തി​ഷ്‌ക​ത്തിന്‌ ഒരു സമയത്ത്‌ ഒരു സന്ദേശം മാത്രമേ ഗ്രഹി​ക്കാൻ സാധിക്കൂ. “അതു​കൊ​ണ്ടാണ്‌ ഒരു ടെലി​ഫോൺ സംഭാ​ഷ​ണ​ത്തി​നി​ട​യ്‌ക്ക്‌ അടുത്തി​രി​ക്കു​ന്ന​യാൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ നമുക്കു ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നത്‌” എന്ന്‌ ഇന്ദ്രി​യ​പ്രാ​പ്‌തി​കൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

ഉച്ചത്തി​ലുള്ള ശബ്ദങ്ങൾ കേൾവി​ക്കു ദോഷം ചെയ്യുന്ന വിധം

ഉച്ചത്തി​ലുള്ള ശബ്ദം കേൾവി​യെ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു മനസ്സി​ലാ​ക്കാൻ പിൻവ​രുന്ന ദൃഷ്ടാന്തം പരിചി​ന്തി​ക്കുക. തൊഴിൽ സുരക്ഷ സംബന്ധിച്ച ഒരു റിപ്പോർട്ട്‌, ആന്തരകർണ​ത്തി​ലെ രോമ സ്‌തര​ങ്ങളെ ഒരു ഗോതമ്പു വയലിൽ വളർന്നു​നിൽക്കുന്ന ചെടി​ക​ളോ​ടും ചെവി​യി​ലേക്കു കടക്കുന്ന ശബ്ദത്തെ കാറ്റി​നോ​ടും ഉപമി​ച്ചി​രി​ക്കു​ന്നു. ഒരു ഇളങ്കാറ്റ്‌ (നേരിയ ശബ്ദം അതു​പോ​ലെ​യാണ്‌) വീശി​യാൽ ചെടി​യു​ടെ മുകൾ ഭാഗം മെല്ലെ ഇളകു​കയേ ഉള്ളൂ, അല്ലാതെ അതിനു ദോഷ​മൊ​ന്നും സംഭവി​ക്കു​ക​യില്ല. എന്നാൽ കാറ്റിന്റെ ശക്തി കൂടു​ന്ന​ത​നു​സ​രിച്ച്‌ ചെടി​യു​ടെ മേലുള്ള സമ്മർദ​വും കൂടും. പെട്ടെന്ന്‌ വളരെ ശക്തമായ ഒരു കാറ്റ്‌ വീശു​ക​യോ ശക്തി കുറഞ്ഞ കാറ്റു​ത​ന്നെ​യും ദീർഘ​സ​മ​യ​ത്തേക്കു വീശു​ക​യോ ചെയ്‌താൽ ചെടിക്കു പൂർണ നാശം സംഭവി​ച്ചേ​ക്കാം.

ഒച്ചയു​ടെ​യും ആന്തരകർണ​ത്തി​ലെ ചെറിയ ലോല​മായ രോമ​കോ​ശ​ങ്ങ​ളു​ടെ​യും കാര്യ​ത്തി​ലും ഇതു ശരിയാണ്‌. പെട്ടെന്ന്‌ അത്യു​ച്ച​ത്തി​ലുള്ള ഒരു ശബ്ദം ഉണ്ടായാൽ അത്‌ ആന്തരകർണ​ത്തി​ലെ കലകൾക്കു ക്ഷതമേൽപ്പി​ക്കു​ക​യും സ്ഥിരമായ കേൾവി​ത്ത​ക​രാ​റിന്‌ ഇടയാ​ക്കു​ക​യും ചെയ്‌തേ​ക്കാം. അതു​പോ​ലെ ദീർഘ നേര​ത്തേക്ക്‌ സുരക്ഷി​ത​മ​ല്ലാത്ത അളവി​ലുള്ള ശബ്ദങ്ങൾ കേൾക്കു​ക​യാ​ണെ​ങ്കി​ലും ലോല​മായ രോമ​കോ​ശ​ങ്ങൾക്കു സ്ഥിരമായ കേടു സംഭവി​ച്ചേ​ക്കാം. ഒരിക്കൽ കേടു സംഭവി​ച്ചാൽ പിന്നെ അവ പുതു​ക്ക​പ്പെ​ടു​ക​യില്ല. ഇത്‌ ടിന്നി​റ്റ​സിന്‌—ചെവി​യു​ടെ​യും തലയു​ടെ​യും അകത്ത്‌ മുഴക്ക​മോ ഇരമ്പലോ ആരവമോ അനുഭ​വ​പ്പെ​ടുന്ന അവസ്ഥ—ഇടയാ​ക്കി​യേ​ക്കാം.

നിങ്ങളു​ടെ കേൾവി​ശക്തി ദീർഘ​കാ​ല​ത്തേക്കു കാത്തു​സം​ര​ക്ഷി​ക്കുക

പാരമ്പര്യ ഘടകങ്ങ​ളോ ഒരു അപകട​മോ കേൾവി​ത്ത​ക​രാ​റിന്‌ ഇടയാ​ക്കി​യേ​ക്കാ​മെ​ങ്കി​ലും, അമൂല്യ​മായ ഈ പ്രാപ്‌തി സംരക്ഷി​ക്കു​ന്ന​തി​നും ദീർഘി​പ്പി​ക്കു​ന്ന​തി​നും നമ്മാലാ​വുന്ന മുൻക​രു​ത​ലു​കൾ നമുക്ക്‌ എടുക്കാൻ കഴിയും. ശ്രവണത്തെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കാ​വുന്ന സംഗതി​കളെ കുറിച്ച്‌ മുന്ന​മേ​തന്നെ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നതു ബുദ്ധി​യാണ്‌. ഒരു കർണ​രോഗ വിദഗ്‌ധ ഇങ്ങനെ പറഞ്ഞു: “എന്തെങ്കി​ലും പ്രശ്‌നം ഉണ്ടാകു​മ്പോൾ അത്‌ കൈകാ​ര്യം ചെയ്യാം എന്നു വിചാ​രി​ക്കു​ന്നത്‌, സൂര്യാ​ഘാ​തം ഏറ്റശേഷം അതു തടയാ​നുള്ള ക്രീം പുരട്ടു​ന്നതു പോ​ലെ​യാണ്‌.”

പലപ്പോ​ഴും നാം എന്തു കേൾക്കു​ന്നു എന്നതി​നെ​ക്കാൾ എങ്ങനെ കേൾക്കു​ന്നു എന്നതാണു പ്രാധാ​ന്യം അർഹി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ നിങ്ങൾ സ്റ്റീരി​യോ ഹെഡ്‌ഫോ​ണു​കൾ ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ, നിങ്ങൾക്കു ചുറ്റു​മുള്ള ശബ്ദങ്ങൾ കേൾക്കാൻ പാകത്തിന്‌ അതിന്റെ ശബ്ദം കുറച്ചു വെക്കുക. നിങ്ങളു​ടെ കാറി​ലെ​യോ വീട്ടി​ലെ​യോ സ്റ്റീരി​യോ​യു​ടെ ശബ്ദം കാരണം മറ്റു ശബ്ദങ്ങ​ളൊ​ന്നും കേൾക്കാൻ കഴിയാ​തെ പോകു​ന്നെ​ങ്കിൽ അതു നിങ്ങളു​ടെ ശ്രവണ​പ്രാ​പ്‌തി​ക്കു ഹാനി​ക​ര​മാണ്‌ എന്നതിന്റെ ശക്തമായ സൂചന​യാ​യി​രി​ക്കാം. 90 ഡെസി​ബെ​ലുള്ള ശബ്ദം രണ്ട്‌ മൂന്നു മണിക്കൂർ നേര​ത്തേക്കു കേട്ടു​കൊ​ണ്ടി​രി​ക്കു​ന്നതു ചെവിക്കു ദോഷം ചെയ്‌തേ​ക്കാം എന്നു വിദഗ്‌ധർ മുന്നറി​യി​പ്പു നൽകുന്നു. ശബ്ദമു​ഖ​രി​ത​മായ അന്തരീ​ക്ഷ​ത്തിൽ എപ്പോ​ഴും ഇയർപ്ല​ഗു​ക​ളോ ശ്രവണ​പ്രാ​പ്‌തി സംരക്ഷി​ക്കാൻ രൂപസം​വി​ധാ​നം ചെയ്‌തി​ട്ടുള്ള മറ്റേ​തെ​ങ്കി​ലും ഉപകര​ണ​മോ ഉപയോ​ഗി​ക്കാൻ ശുപാർശ ചെയ്യ​പ്പെ​ടു​ന്നു.

മുതിർന്ന​വ​രെ​ക്കാൾ പെട്ടെന്നു കുട്ടി​ക​ളു​ടെ കേൾവി​ക്കു തകരാറു സംഭവി​ക്കു​ന്നു​വെന്ന സംഗതി മാതാ​പി​താ​ക്കൾ മനസ്സിൽ പിടി​ക്കു​ന്നതു നല്ലതാണ്‌. വളരെ ശബ്ദം ഉണ്ടാക്കുന്ന കളിപ്പാ​ട്ടങ്ങൾ അപകട​ക​ര​മാ​യി​രു​ന്നേ​ക്കാം എന്ന്‌ ഓർക്കുക. കുലു​ക്കു​മ്പോൾ ഒച്ച കേൾപ്പി​ക്കുന്ന ഒരു കളിപ്പാ​ട്ട​ത്തിന്‌ 110 ഡെസി​ബെൽ വരെ ശബ്ദം ഉളവാ​ക്കാൻ കഴിയും!

ചെവി ചെറു​തും ലോല​വും വിസ്‌മ​യ​ക​ര​വു​മായ ഒരു അവയവ​മാണ്‌. അവ ഉപയോ​ഗിച്ച്‌ ചുറ്റു​മുള്ള ലോക​ത്തി​ലെ വ്യത്യ​സ്‌ത​വും മനോ​ഹ​ര​വു​മായ എല്ലാ ശബ്ദങ്ങളും നമുക്കു കേൾക്കാൻ കഴിയു​ന്നു. തീർച്ച​യാ​യും ശ്രവണ​പ്രാ​പ്‌തി​യെന്ന അമൂല്യ ദാനം സംരക്ഷി​ക്ക​പ്പെ​ടേണ്ട ഒന്നു തന്നെയാണ്‌. (g02 5/22)

[20-ാം പേജിലെ ചതുരം]

ചില സാധാരണ ശബ്ദങ്ങളു​ടെ ഏകദേശ ഡെസി​ബെൽ അളവ്‌

• ശ്വസനം—10 ഡെസി​ബെൽ

• അമർത്തി​യുള്ള സംസാരം—20 ഡെസി​ബെൽ

• സാധാരണ സംഭാ​ഷണം—60 ഡെസി​ബെൽ

• തിര​ക്കേ​റിയ ഗതാഗതം—80 ഡെസി​ബെൽ

• മിക്‌സി—90 ഡെസി​ബെൽ

• കടന്നു പോകുന്ന ട്രെയിൻ—100 ഡെസി​ബെൽ

• വൈദ്യു​ത അറപ്പു​വാൾ—110 ഡെസി​ബെൽ

• കടന്നു പോകുന്ന ജെറ്റ്‌ വിമാനം—120 ഡെസി​ബെൽ

• വെടി​പൊ​ട്ടുന്ന ശബ്ദം—140 ഡെസി​ബെൽ

[21-ാം പേജിലെ ചതുരം]

പിൻവരുന്നവ നിങ്ങളു​ടെ ശ്രവണ​പ്രാ​പ്‌തി കുറയു​ക​യാണ്‌ എന്നതിന്റെ സൂചന ആയിരി​ക്കാം

• നിങ്ങൾ റേഡി​യോ​യു​ടെ​യോ ടിവി-യുടെ​യോ ശബ്ദം കൂട്ടുന്നു, എന്നാൽ മറ്റുള്ള​വർക്ക്‌ അത്‌ അസഹനീ​യ​മാ​യി തോന്നു​ന്നു

• പറഞ്ഞത്‌ ആവർത്തി​ക്കാൻ നിങ്ങൾ എല്ലായ്‌പോ​ഴും മറ്റുള്ള​വ​രോട്‌ ആവശ്യ​പ്പെ​ടു​ന്നു

• ആരെങ്കി​ലും നിങ്ങ​ളോ​ടു സംസാ​രി​ക്കു​മ്പോൾ പലപ്പോ​ഴും അതു കേൾക്കാ​നാ​യി നിങ്ങൾക്ക്‌ നെറ്റി​ചു​ളി​ച്ചു​കൊണ്ട്‌ മുന്നോട്ട്‌ ആയുക​യോ തല തിരി​ക്കു​ക​യോ ചെയ്യേ​ണ്ടി​വ​രു​ന്നു

• ഒരു സാമൂ​ഹിക കൂടി​വ​ര​വോ തിര​ക്കേ​റിയ കടയോ പോലെ വളരെ​യാ​ളു​കൾ കൂടി വരുന്നി​ട​ങ്ങ​ളി​ലും പശ്ചാത്തല ശബ്ദങ്ങൾ ഉള്ള സ്ഥലങ്ങളി​ലും കേൾക്കാൻ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നു

• സംസാരം എന്തിനെ കുറി​ച്ചാ​യി​രു​ന്നു​വെന്ന്‌ പലപ്പോ​ഴും മറ്റാ​രെ​ങ്കി​ലും നിങ്ങൾക്കു പറഞ്ഞു​ത​രേണ്ടി വരുന്നു

[20-ാം പേജിലെ രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ചെവിക്കുട

മധ്യകർണത്തിലെ മൂന്ന്‌ അസ്ഥികൾ

കർണപടം

കോക്ലിയ

മസ്‌തിഷ്‌കത്തിലേക്കുള്ള നാഡികൾ