വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാണി ലോകത്തിലെ മാലിന്യ നിർമാർജന വിദഗ്‌ധർ

പ്രാണി ലോകത്തിലെ മാലിന്യ നിർമാർജന വിദഗ്‌ധർ

പ്രാണി ലോക​ത്തി​ലെ മാലിന്യ നിർമാർജന വിദഗ്‌ധർ

ഏകദേശം 150 വർഷങ്ങൾക്കു മുമ്പ്‌ മനുഷ്യൻ സങ്കീർണ​മായ അഴുക്കു​ചാൽ, മാലിന്യ നിർമാർജന സംവി​ധാ​നങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കാൻ തുടങ്ങി. എന്നാൽ അതിനു​മു​മ്പു​തന്നെ ഈ രംഗത്ത്‌ ഒരു വിദഗ്‌ധൻ ഉണ്ടായി​രു​ന്നു—അമേരി​ക്കൻ ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ങ്ങ​ളിൽ കാണ​പ്പെ​ടുന്ന ഒരു കുഞ്ഞു​റുമ്പ്‌.

സാധാ​ര​ണ​ഗ​തി​യിൽ പത്തു ലക്ഷത്തോ​ളം വരുന്ന ഇലമു​റി​യൻ ഉറുമ്പു​ക​ളു​ടെ ഒരു സമൂഹം ഭൂമി​ക്ക​ടി​യി​ലെ തങ്ങളുടെ വലിയ കൂട്ടി​ലാ​ണു താമസി​ക്കു​ന്നത്‌. ഉറുമ്പു​കൾക്കി​ട​യി​ലെ ജോലി​ക്കാർക്കു വ്യത്യസ്‌ത നിയമ​ന​ങ്ങ​ളാണ്‌ ഉള്ളത്‌. ചിലർ ഇലകളു​ടെ ചെറിയ കഷണങ്ങൾ ശേഖരി​ച്ചു കൊണ്ടു​വ​രും, മറ്റൊരു കൂട്ടം അവ ചവച്ചരച്ച്‌ കുഴമ്പു പരുവ​ത്തി​ലാ​ക്കും. തോട്ട​ക്കാ​രായ ഉറുമ്പു​കൾ കൂട്ടി​നു​ള്ളി​ലെ അറകളിൽ ഭക്ഷ്യ​യോ​ഗ്യ​മായ ഫംഗസു​കളെ കൃഷി​ചെ​യ്യാൻ ഇത്‌ ഉപയോ​ഗി​ക്കു​ന്നു. അതു​പോ​ലെ ഹാനി​ക​ര​മായ ഫംഗസു​കൾ, ചത്തതോ ചാകാ​റാ​യ​തോ ആയ ഉറുമ്പു​കൾ, അഴുകി​ക്കൊ​ണ്ടി​രി​ക്കുന്ന പദാർഥങ്ങൾ, എന്നിങ്ങനെ അണുബാ​ധ​യ്‌ക്ക്‌ ഇടയാ​ക്കി​യേ​ക്കാ​വുന്ന എല്ലാം അവ നീക്കം ചെയ്യുന്നു. എന്നാൽ ഉറുമ്പു​കൾ മാലി​ന്യം നിർമാർജനം ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌?

അതിനുള്ള ഉത്തരം ബ്രിട്ട​നി​ലെ ഷെഫീൽഡ്‌ സർവക​ലാ​ശാ​ല​യി​ലെ ശാസ്‌ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്ന​താ​യി ദി ഇൻഡി​പെൻഡന്റ്‌ വർത്തമാ​ന​പ്പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. തോട്ട​ക്കാ​രായ ഉറുമ്പു​കൾ പണി​യെ​ടു​ക്കു​ന്ന

അറകൾക്കു സമീപം മാലി​ന്യം ശേഖരി​ച്ചു​വെ​ക്കുന്ന കുറെ​ക്കൂ​ടെ വലിയ

അറകളുണ്ട്‌. മാലിന്യ നിർമാർജന പ്രവർത്ത​ക​രായ ഉറുമ്പു​കൾ മാലി​ന്യം തിരി​ച്ചും മറിച്ചും ഇട്ടു​കൊണ്ട്‌ തങ്ങളുടെ ആയുഷ്‌കാ​ലം മുഴു​വ​നും ആ അറകൾക്കു​ള്ളിൽ ചെലവ​ഴി​ക്കു​ന്നു. ഇത്‌ അഴുകൽ പ്രക്രി​യയെ ത്വരി​ത​പ്പെ​ടു​ത്തു​ക​യും രോഗ​കാ​രി​ക​ളായ ബാക്ടീ​രിയ നശിക്കാൻ ഇടയാ​ക്കു​ക​യും ചെയ്യുന്നു. തോട്ട​ക്കാ​രൻ ഉറുമ്പ്‌ ഒരിക്ക​ലും മാലിന്യ അറകളിൽ പ്രവേ​ശി​ക്കില്ല. അവ മാലി​ന്യം ഒരു തുരങ്ക​ത്തി​നു​ള്ളി​ലേക്ക്‌ കൊണ്ടു​വന്ന്‌ ഇട്ടിട്ടു പോകും. മാലിന്യ പ്രവർത്തകർ വന്ന്‌ അത്‌ അവി​ടെ​നി​ന്നു ശേഖരി​ക്കും. ഫലപ്ര​ദ​മായ ഈ മാലിന്യ നിർമാർജന സംവി​ധാ​നം മലിനീ​കരണ സാധ്യത തടയു​ക​യും ഉറുമ്പു​ക​ളു​ടെ ആരോ​ഗ്യ​ത്തെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു.

പ്രാണി​ക​ളെ സഹജജ്ഞാ​ന​ത്തോ​ടെ സൃഷ്ടിച്ച യഹോ​വ​യാം ദൈവം 3,500 വർഷം മുമ്പ്‌ ഇസ്രാ​യേ​ല്യർക്ക്‌ പ്രാ​യോ​ഗി​ക​മായ ആരോഗ്യ പരിപാ​ലന നിർദേ​ശങ്ങൾ നൽകി. ആ നിയമങ്ങൾ അനുസ​രി​ക്കു​ന്നത്‌ ഭക്ഷ്യ-ജല സ്രോ​ത​സ്സു​ക​ളു​ടെ മലിനീ​ക​രണം ഒഴിവാ​ക്കു​ക​യും പകർച്ച​വ്യാ​ധി​കൾ തടയു​ക​യും മലിന​ജലം സുരക്ഷി​ത​മാ​യി നിർമാർജനം ചെയ്യു​ന്നു​വെന്ന്‌ ഉറപ്പു വരുത്താൻ സഹായി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അത്തരം തത്ത്വങ്ങൾ ബാധക​മാ​ക്കുക വഴി എത്രയ​ധി​കം കഷ്ടപ്പാ​ടും മരണങ്ങ​ളും ഒഴിവാ​ക്കാ​നാ​കു​മാ​യി​രു​ന്നു!—ലേവ്യ​പു​സ്‌തകം 11:32-38; സംഖ്യാ​പു​സ്‌തകം 19:11, 12; ആവർത്ത​ന​പു​സ്‌തകം 23:9-14. (g02 5/22)