വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

പൊണ്ണ​ത്ത​ടി​യൻ ഓമന​മൃ​ഗ​ങ്ങൾ

“പട്ടിക​ളെ​യും പൂച്ചക​ളെ​യും ബാധി​ക്കുന്ന പ്രമുഖ ആരോ​ഗ്യ​പ്ര​ശ്‌നം പൊണ്ണ​ത്തടി ആണ്‌,” കാനഡ​യി​ലെ ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ റിപ്പോർട്ടു ചെയ്യുന്നു. “അതിന്റെ കാരണങ്ങൾ മനുഷ്യ​രി​ലും മൃഗങ്ങ​ളി​ലും ഒന്നുതന്നെ ആണ്‌: ആരോ​ഗ്യ​ക​ര​മ​ല്ലാത്ത തീറ്റി​ശീ​ല​ങ്ങ​ളും വ്യായാ​മ​ത്തി​ന്റെ കുറവും.” കനേഡി​യൻ മൃഗചി​കി​ത്സാ മെഡിക്കൽ അസോ​സി​യേഷൻ കൗൺസി​ലി​ലെ ബർണി പൂക്കേ പറയു​ന്നത്‌ ഓമന​മൃ​ഗ​ങ്ങ​ളു​ടെ ഉടമകൾ പിൻപ​റ്റുന്ന ജീവി​ത​ശൈ​ലി​യാണ്‌ ഇതിനു കാരണ​മെ​ന്നാണ്‌: “വളരെ തിരക്കാ​യ​തി​നാൽ നമുക്കു വേണ്ടത്ര വ്യായാ​മം കിട്ടു​ന്നില്ല. ഉടമയ്‌ക്കു തിരക്കാ​യ​തി​നാൽ പട്ടിക്കും വേണ്ടത്ര വ്യായാ​മം കിട്ടു​ന്നില്ല. നമ്മുടെ മനസ്സി​നി​ണ​ങ്ങിയ ഭക്ഷണം നാം കഴിക്കു​ന്നു, അതുതന്നെ ഓമന മൃഗങ്ങൾക്കും കൊടു​ക്കു​ന്നു.” ഗ്ലോബ്‌ ഈ മുന്നറി​യി​പ്പു നൽകുന്നു: “അമിത തൂക്കമുള്ള ഓമന മൃഗങ്ങൾക്കു പ്രമേ​ഹ​വും ഹൃ​ദ്രോ​ഗ​വും ഉയർന്ന രക്തസമ്മർദ​വും വാതവു​മൊ​ക്കെ ഉണ്ടാകാ​നുള്ള സാധ്യത വളരെ കൂടു​ത​ലാണ്‌. . . . ആരോ​ഗ്യ​മുള്ള മൃഗങ്ങളെ അപേക്ഷിച്ച്‌ അവ നേര​ത്തേ​തന്നെ ചത്തു​പോ​കു​ന്നു.” പൊണ്ണ​ത്ത​ടി​യൻ ഓമന​മൃ​ഗ​ങ്ങൾക്കുള്ള ചികി​ത്സ​യിൽ നിയ​ന്ത്രി​ത​മായ ഭക്ഷണ​ക്ര​മ​വും, പട്ടികൾക്കാ​ണെ​ങ്കിൽ, വർധിച്ച വ്യായാ​മ​വും ഉൾപ്പെ​ടു​ന്നു. (g02 5/8)

ഒരു പുതിയ പ്രകാ​ശ​മ​ലി​നീ​കരണ അറ്റ്‌ലസ്‌

“ക്ഷീരപഥം അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു,” സയൻസ്‌ പത്രി​ക​യിൽ വന്ന ഒരു റിപ്പോർട്ടാണ്‌ അങ്ങനെ പറയു​ന്നത്‌. “എന്തെങ്കി​ലും പ്രാപ​ഞ്ചിക കോളി​ളക്കം നിമി​ത്തമല്ല ഇത്‌. മറിച്ച്‌, വിശാ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന നഗരങ്ങ​ളി​ലെ ശോഭ​യേ​റിയ വെളിച്ചം നിമിത്തം നമ്മുടെ താരാ​പം​ക്തി​യി​ലെ നക്ഷത്ര​ങ്ങളെ മിക്ക യൂറോ​പ്പു​കാർക്കും അമേരി​ക്ക​ക്കാർക്കും കാണാൻ കഴിയു​ന്നില്ല. കൃത്രിമ പ്രകാ​ശ​ത്തി​ന്റെ ഈ പ്രളയം ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞരെ അസ്വസ്ഥ​രാ​ക്കു​ന്നു. കാരണം, അവരുടെ നിരീ​ക്ഷ​ണ​ങ്ങളെ ഇതു പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു.” നിരാ​ശ​രായ താരനി​രീ​ക്ഷ​കരെ സഹായി​ക്കാൻ ഇറ്റലി​യി​ലെ​യും ഐക്യ​നാ​ടു​ക​ളി​ലെ​യും ശാസ്‌ത്രജ്ഞർ ആഗോള പ്രകാശ മലിനീ​ക​രണം സൂചി​പ്പി​ക്കുന്ന ഒരു പുതിയ അറ്റ്‌ലസ്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നു. “രാത്രി​യിൽ ഭൂഖണ്ഡ​ങ്ങ​ളിൽ അങ്ങോ​ള​മി​ങ്ങോ​ള​മുള്ള വെളുത്ത പ്രകാശ സ്ഥാനങ്ങൾ” മാത്രം കാട്ടുന്ന ഭൂപട​ങ്ങ​ളിൽനി​ന്നു ഭിന്നമാ​യി, ഇന്റർനെ​റ്റി​ലൂ​ടെ ലഭ്യമായ ഈ പുതിയ അറ്റ്‌ല​സിൽ “ഭൂഖണ്ഡ ഭൂപട​ങ്ങ​ളും കുറെ​ക്കൂ​ടി വിശദാം​ശങ്ങൾ അടങ്ങിയ മറ്റു ഭൂപട​ങ്ങ​ളും ഉണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യൂറോ​പ്പി​ന്റെ വിവിധ ഭാഗങ്ങ​ളിൽനി​ന്നു നക്ഷത്ര​ങ്ങളെ എത്ര വ്യക്തമാ​യി കാണാ​മെന്ന്‌ അതു കാണി​ക്കു​ന്നു” എന്ന്‌ സയൻസ്‌ പറയുന്നു. (g02 5/22)

അവിഹി​ത​ജാത കുട്ടി​ക​ളു​ടെ എണ്ണം കൂടുന്നു

യൂറോ​പ്യൻ യൂണി​യ​നിൽ ജനിക്കുന്ന 25 ശതമാനം കുട്ടി​ക​ളും അവിഹിത ബന്ധത്തിൽ പിറക്കു​ന്ന​വ​രാ​ണെന്നു യൂറോ​പ്യൻ സ്ഥിതി​വി​വ​ര​ക്ക​ണക്ക്‌ ഏജൻസി​യായ യൂറോ​സ്റ്റാറ്റ്‌ പറയു​ന്ന​താ​യി ജർമൻ പത്രമായ വെസ്റ്റ്‌ഡോ​യിറ്റ്‌ഷ ആൽജെ​മൈന റ്റ്‌​സൈ​റ്റുങ്‌ റിപ്പോർട്ടു ചെയ്യുന്നു. 1980-ൽ അത്‌ 10 ശതമാ​ന​ത്തി​ലും കുറവാ​യി​രു​ന്നു. അവിവാ​ഹി​തർക്കു ജനിക്കുന്ന കുട്ടികൾ ഏറ്റവും കുറവു​ള്ളത്‌ ഗ്രീസി​ലാണ്‌—4 ശതമാനം. അതിൽനി​ന്നു വളരെ ഭിന്നമായ അവസ്ഥയാണ്‌ സ്വീഡ​നി​ലേത്‌, അവിടെ പകുതി​യി​ല​ധി​കം കുട്ടി​ക​ളും ജനിക്കു​ന്നത്‌ അവിവാ​ഹി​തർക്കാണ്‌. ഈ സംഗതി​യിൽ ഏറ്റവും വലിയ മാറ്റം ഉണ്ടായി​രി​ക്കു​ന്നത്‌ അയർലൻഡി​ലാണ്‌. അവിടെ അവിവാ​ഹി​തർക്ക്‌ ഉണ്ടാകുന്ന കുട്ടികൾ 1980-ൽ 5 ശതമാ​ന​മാ​യി​രു​ന്നത്‌ വർധിച്ച്‌ 2000-ത്തിൽ 31.8 ശതമാനം ആയിത്തീർന്നു. ശ്രദ്ധേ​യ​മായ അത്തരം വർധനകൾ “വിവാ​ഹ​ത്തോ​ടും കുടും​ബ​ത്തോ​ടു​മുള്ള യൂറോ​പ്പു​കാ​രു​ടെ മനോ​ഭാ​വ​ത്തിൽ വന്നിരി​ക്കുന്ന വലിയ മാറ്റത്തെ സൂചി​പ്പി​ക്കു​ന്നു” എന്ന്‌ പ്രസ്‌തുത റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. (g02 5/8)

നൂറാം വയസ്സി​ലും സന്തുഷ്ട​രും ആരോ​ഗ്യ​വാ​ന്മാ​രും

“നൂറു വയസ്സി​നു​മേൽ പ്രായ​മുള്ള 80 ശതമാനം ആളുക​ളും തങ്ങൾ ആരോ​ഗ്യ​വാ​ന്മാർ ആണെന്നു കരുതു​ക​യും ദിവസങ്ങൾ സന്തോ​ഷ​പൂർവം കഴിച്ചു​കൂ​ട്ടു​ക​യും ചെയ്യു​ന്നവർ ആണ്‌” എന്ന്‌ യോമി​യൂ​റി ഷിമ്പൂൺ പത്രത്തിൽ വന്ന ഒരു റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. ജപ്പാനിൽ നൂറു​വ​യ​സ്സു​കാ​രു​ടെ സംഖ്യ 1,000 കവിഞ്ഞത്‌ 1981-ൽ ആണ്‌. 2000-ാം ആണ്ടിൽ ആ സംഖ്യ 13,000 ആയിത്തീർന്നു. അടുത്ത കാലത്ത്‌, ജപ്പാനി​ലെ ‘ഫൗണ്ടേഷൻ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ സ്റ്റാമിന’ എന്ന സംഘടന 1,900-ത്തിലധി​കം ശതവയ​സ്‌കരെ ഉൾപ്പെ​ടു​ത്തി ഒരു സർവേ നടത്തി. ആ പ്രായ​ഗ​ണ​ത്തിൽ പെടു​ന്ന​വ​രു​ടെ “ജീവിത ഗുണമേന്മ” സംബന്ധി​ച്ചു നടത്ത​പ്പെ​ടുന്ന ഏറ്റവും വലിയ പഠനമാ​യി​രു​ന്നു അത്‌. “സ്‌ത്രീ​കളെ (25.8 ശതമാനം) അപേക്ഷിച്ച്‌ പുരു​ഷ​ന്മാ​രിൽ നല്ലൊരു സംഖ്യ, അതായത്‌ 43.6 ശതമാനം, തങ്ങൾക്കു ‘ജീവി​ത​ത്തിൽ ഒരു ഉദ്ദേശ്യം’ ഉള്ളതായി പറയുന്നു” എന്ന്‌ പ്രസ്‌തുത പത്രം റിപ്പോർട്ടു ചെയ്‌തു. ശതവയ​സ്‌ക​രിൽ മിക്കവ​രും “കുടും​ബം,” “ദീർഘാ​യുസ്സ്‌,” “നല്ല ആരോ​ഗ്യ​വും സന്തുഷ്ട ജീവി​ത​വും ആസ്വദി​ക്കൽ” എന്നിവ തങ്ങളുടെ ജീവിത ഉദ്ദേശ്യ​ങ്ങ​ളിൽ പെടു​ന്ന​താ​യി പറഞ്ഞു. തന്മൂലം, “ജീവി​ത​ത്തിൽ ഒരു ഉദ്ദേശ്യം ഉണ്ടായി​രി​ക്കു​ന്നത്‌ ദീർഘാ​യു​സ്സി​ലേക്കു നയിക്കു​ന്നു” എന്ന്‌ യോമി​യൂ​റി ഷിമ്പൂൺ പറയുന്നു. (g02 5/8)

ലൈം​ഗി​ക​ബന്ധം പുലർത്തുന്ന കൗമാ​ര​പ്രാ​യ​ക്കാർ

കൗമാ​ര​പ്രാ​യ​ക്കാർ, അവരുടെ “മാതാ​പി​താ​ക്കൾ ബന്ധം വേർപി​രി​ഞ്ഞ​വ​രോ വിവാഹം കൂടാതെ ഒന്നിച്ചു താമസി​ക്കു​ന്ന​വ​രോ ആണെങ്കിൽ, ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കാ​നുള്ള സാധ്യത ഇരട്ടി​യാണ്‌” എന്ന്‌ ബ്രിട്ട​നി​ലെ കുടും​ബ​കാ​ര്യ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ ഒരു റിപ്പോർട്ടു സൂചി​പ്പി​ക്കു​ന്ന​താ​യി ലണ്ടനിലെ ദ ഗാർഡി​യൻ പറയുന്നു. ലൈം​ഗി​ക​ബന്ധം പുലർത്തിയ 13 വയസ്സു​കാ​രിൽ നാലി​ലൊ​ന്നു പേർക്കും ചുരു​ങ്ങി​യത്‌ നാലു പങ്കാളി​ക​ളെ​ങ്കി​ലും ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. അഞ്ചി​ലൊന്ന്‌ കൗമാ​ര​പ്രാ​യ​ക്കാർ ആദ്യമാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടത്‌ അവർ മദ്യപി​ച്ചി​രു​ന്ന​പ്പോ​ഴാണ്‌. “കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു വരുന്ന​തി​നുള്ള ഏറ്റവും അനു​യോ​ജ്യ​മായ കുടും​ബ​ഘ​ടകം എന്ന നിലയിൽ വിവാ​ഹ​ബ​ന്ധ​ത്തി​നു ശക്തമായ ഊന്നൽ” കൊടു​ക്കേ​ണ്ട​തി​ന്റെ ആവശ്യം പ്രസ്‌തുത റിപ്പോർട്ട്‌ ഊന്നി​പ്പ​റ​യു​ന്നു. ‘മാതാ​പി​താ​ക്ക​ളും കൗമാ​ര​പ്രാ​യ​ക്കാ​രും തമ്മിലുള്ള ബന്ധം ദുർബ​ല​മാ​കു​മ്പോ​ഴും സമ്പർക്കം കുറയു​മ്പോ​ഴും മേൽനോ​ട്ടം ഇല്ലാതാ​കു​മ്പോ​ഴും’ പ്രശ്‌നങ്ങൾ ഉടലെ​ടു​ക്കു​ന്നു. പ്രസ്‌തുത റിപ്പോർട്ട്‌ ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “ഇളം കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ മാതാ​പി​താ​ക്കൾ തങ്ങളുടെ കുട്ടി​ക​ളു​ടെ പെരു​മാ​റ്റം സംബന്ധി​ച്ചു കൂടു​ത​ലായ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ന്ന​തു​വരെ, പ്രായം കുറഞ്ഞ​വ​രു​ടെ ഇടയിലെ ലൈം​ഗി​കത കുറയു​ക​യി​ല്ലെന്നു മാത്രമല്ല, കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ ഇടയിലെ ഗർഭധാ​ര​ണ​വും ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളും വർധി​ക്കു​ക​യും ചെയ്യും.”(g02 5/8)

ഉറക്കം​തൂ​ങ്ങി​ക​ളായ ഡ്രൈ​വർമാർ

വല്ലാത്ത ക്ഷീണം തോന്നു​മ്പോൾ വാഹനം ഓടി​ക്ക​രു​തെന്ന്‌ ഉറക്ക ഗവേഷ​ക​രും ഗതാഗത സുരക്ഷാ വക്താക്ക​ളും ഡ്രൈ​വർമാ​രെ ഉപദേ​ശി​ക്കു​ന്നു എന്ന്‌ ഫ്‌ളീറ്റ്‌ മെയ്‌ന്റ​നൻസ്‌ & സേഫ്‌റ്റി റിപ്പോർട്ട്‌ പറയുന്നു. ഓരോ രാത്രി​യി​ലും എട്ടു മണിക്കൂർ ഉറങ്ങാൻ ഉറക്കത്തെ കുറിച്ചു ഗവേഷണം നടത്തു​ന്നവർ ശുപാർശ ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും, പലർക്കും അത്ര​ത്തോ​ളം ഉറക്കം ലഭിക്കു​ന്നില്ല എന്ന്‌ പഠനങ്ങൾ കാണി​ക്കു​ന്നു. 19-നും 29-നും ഇടയ്‌ക്കു പ്രായ​മുള്ള ഡ്രൈ​വർമാർ മറ്റു പ്രായ​ക്കാ​രെ അപേക്ഷിച്ച്‌ ഉറക്കം തൂങ്ങി​യി​രി​ക്കു​മ്പോൾ വാഹന​മോ​ടി​ക്കാ​നും ഉറക്കം വരു​മ്പോൾ വാഹന​ത്തി​ന്റെ വേഗം കൂട്ടാ​നും കൂടുതൽ ചായ്‌വു കാണി​ക്കു​ന്ന​താ​യി സർവേകൾ വെളി​പ്പെ​ടു​ത്തു​ന്നു. “ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ഉപയോ​ഗ​വും വാഹനം ഓടി​ക്കു​മ്പോൾ ഉറങ്ങാ​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു,” ആ റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. റേഡി​യോ പ്രവർത്തി​പ്പി​ക്കു​ന്ന​തും ജാലക​ച്ചില്ല്‌ താഴ്‌ത്തി വെക്കു​ന്ന​തും ഉണർന്നി​രി​ക്കാൻ സഹായി​ക്കു​ക​യില്ല, മറിച്ച്‌ ചെറു​താ​യൊ​ന്നു മയങ്ങു​ന്നത്‌ ഉറക്കം തൂങ്ങാ​തി​രി​ക്കാൻ സഹായി​ച്ചേ​ക്കും എന്ന്‌ ഗതാഗത സുരക്ഷ​യ്‌ക്കാ​യുള്ള അമേരി​ക്കൻ ഓട്ടോ​മൊ​ബൈൽ അസോ​സി​യേഷൻ ഫൗണ്ടേ​ഷന്റെ പ്രസി​ഡ​ന്റായ ഡേവിഡ്‌ വിലിസ്‌ ചൂണ്ടി​ക്കാ​ട്ടു​ന്നു. അദ്ദേഹം ഇങ്ങനെ ഊന്നി​പ്പ​റ​യു​ന്നു: “ഉറക്കം തൂങ്ങലി​നുള്ള ഏക പരിഹാ​രം ഉറക്കമാണ്‌.” (g02 5/8)

മാനസിക രോഗത്തെ മനസ്സി​ലാ​ക്കൽ

“ലോക​ത്തി​ലെ നാലി​ലൊന്ന്‌ ആളുകൾ തങ്ങളുടെ ജീവി​ത​ത്തിൽ എപ്പോ​ഴെ​ങ്കി​ലും മാനസി​ക​മോ നാഡീ​സം​ബ​ന്ധ​മോ ആയ ക്രമ​ക്കേ​ടു​കൾ അനുഭ​വി​ക്കും” എന്നു ലോകാ​രോ​ഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. പല മാനസിക രോഗ​ങ്ങ​ളും ചികി​ത്സി​ക്കാ​വു​ന്ന​വ​യാ​ണെ​ങ്കി​ലും, അങ്ങനെ​യൊ​രു പ്രശ്‌ന​മുള്ള മൂന്നിൽ രണ്ടോളം പേരും ഒരിക്ക​ലും വിദഗ്‌ധ സഹായം തേടു​ന്നില്ല. “മാനസിക രോഗം ഒരു വ്യക്തി​പ​ര​മായ പരാജയം അല്ല” എന്നു ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഡയറക്ടർ ജനറലായ ഡോ. ഗ്രോ ഹാർലം ബ്രണ്ട്‌ലാൻ പറയുന്നു. “വാസ്‌ത​വ​ത്തിൽ പരാജയം ഉണ്ടെങ്കിൽത്തന്നെ മാനസി​ക​വും മസ്‌തി​ഷ്‌ക​പ​ര​വു​മായ ക്രമ​ക്കേ​ടു​കൾ ഉള്ളവ​രോ​ടു നാം പ്രതി​ക​രി​ച്ചി​ട്ടുള്ള വിധത്തി​ലാണ്‌ അതുള്ളത്‌.” അവർ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഇതു ദീർഘ​കാല സംശയ​ങ്ങ​ളെ​യും വിശ്വാ​സ​ങ്ങ​ളെ​യും ദൂരീ​ക​രി​ക്കു​മെ​ന്നും മാനസിക ആരോഗ്യ രംഗത്ത്‌ ഒരു പുതിയ പൊതു​ജ​നാ​രോ​ഗ്യ യുഗത്തി​നു നാന്ദി കുറി​ക്കു​മെ​ന്നും ഞാൻ പ്രത്യാ​ശി​ക്കു​ന്നു.” നിലവി​ലുള്ള ആരോഗ്യ പ്രവണ​തകൾ അനുസ​രിച്ച്‌, “2020 ആകുന്ന​തോ​ടെ വിഷാ​ദ​സം​ബ​ന്ധ​മായ ക്രമ​ക്കേ​ടു​കൾ . . . ഇസ്‌ക്കീ​മിക്‌ ഹൃ​ദ്രോ​ഗം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തും മറ്റെല്ലാ രോഗ​ങ്ങൾക്കും മുന്നി​ലും ആയിരി​ക്കു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു,” എന്നു ലോകാ​രോ​ഗ്യ സംഘടന പറയുന്നു. എന്നിരു​ന്നാ​ലും, ഉചിത​മായ ചികിത്സ ലഭിക്കു​ന്ന​പക്ഷം ഈ പ്രശ്‌നം ഉള്ളവർക്ക്‌ “ഗുണ​മേ​ന്മ​യുള്ള ജീവിതം നയിക്കാ​നും തങ്ങളുടെ സമൂഹ​ത്തിൽ ഒരു സുപ്ര​ധാന പങ്കു വഹിക്കാ​നും കഴിയും.” (g02 5/22)

ആധുനിക മാർബിൾ പുനഃ​സ്ഥി​തീ​ക​രണം

“ചുരു​ങ്ങിയ ദിവസ​ങ്ങൾക്കു​ള്ളിൽ ബാക്ടീ​രി​യ​യിൽനി​ന്നു മാർബിൾ ഉത്‌പാ​ദി​പ്പി​ക്കാൻ സഹായി​ക്കുന്ന ഒരു വിപ്ലവാ​ത്മ​ക​മായ വിദ്യ ശാസ്‌ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്നു” എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ പ്രസ്‌താ​വി​ക്കു​ന്നു. സ്വാഭാ​വി​ക​മാ​യി മണ്ണിൽ കാണ​പ്പെ​ടുന്ന അതിസൂക്ഷ്‌മ കാൽസ്യോ​ത്‌പാ​ദക ബാക്ടീ​രി​യയെ പരീക്ഷ​ണ​ശാ​ല​യിൽ വളർത്തി​യെ​ടു​ക്കു​ക​യും എന്നിട്ട്‌ പെക്ടിൻ അടങ്ങിയ ദ്രാവ​ക​ത്തി​ലേക്കു മാറ്റു​ക​യും ചെയ്യുന്നു. അവയുടെ ധാതു​ഭ​ക്ഷ്യ​ശേ​ഖരം തീർന്നു​പോ​കു​മ്പോൾ ഈ ബാക്ടീ​രിയ ചാകു​ക​യും ലായനി​യിൽ ശുദ്ധമായ കാൽസ്യം കാർബ​ണേറ്റ്‌—മാർബിൾ—ഉണ്ടാകു​ക​യും ചെയ്യുന്നു. പ്രസ്‌തുത ലായനി, കാലപ്പ​ഴ​ക്ക​മോ പ്രകൃ​തി​ശ​ക്തി​ക​ളോ നിമിത്തം ദ്രവി​ച്ചു​പോയ ശിൽപ്പ​ങ്ങ​ളി​ലും മറ്റു മാർബിൾ പ്രതല​ങ്ങ​ളി​ലും ചീറ്റി​ക്കു​മ്പോൾ അവയു​ടെ​മേൽ സൂക്ഷ്‌മ​മായ ഒരു പാളി ഉണ്ടാകു​ക​യും അത്‌ ഉപരി​ത​ല​ത്തി​ലേക്കു തുളഞ്ഞു​ക​യ​റു​ക​യും ആ കല്ലിനെ ഉറപ്പി​ച്ചു​നി​റു​ത്തു​ക​യും ചെയ്യുന്നു. ഉയർന്ന ഗുണനി​ല​വാ​ര​മുള്ള മാർബി​ളി​ന്റെ ലഭ്യത ഇപ്പോൾ കുറവാ​യ​തി​നാൽ, ഹാനി​ക​ര​മായ പാർശ്വ​ഫ​ലങ്ങൾ കൂടാതെ എളുപ്പ​ത്തി​ലും വലിയ അളവി​ലും വളരെ ചെലവു കുറഞ്ഞ രീതി​യിൽ ഈ ലായനി ഉണ്ടാക്കാൻ കഴിയു​ന്നത്‌ വളരെ സഹായ​ക​മാ​ണെന്ന്‌ ഇംഗ്ലണ്ടി​ലെ മേഴ്‌സി​സൈ​ഡി​ലുള്ള ‘നാഷണൽ മ്യൂസി​യംസ്‌ ആൻഡ്‌ ഗാലറീ​സി’ലെ വാസ്‌തു​ശിൽപ്പ പരിരക്ഷണ വിഭാ​ഗ​ത്തി​ന്റെ തലവനായ ജോൺ ലാർസൺ പറയുന്നു. (g02 5/22)

ദൈവ​ത്തി​ന്റെ പേരിൽ മോഷണം

“ഇരുപതു വർഷമാ​യി ഞാൻ നിക്ഷേപ കാര്യങ്ങൾ നിയ​ന്ത്രി​ക്കുന്ന ഒരു ഉദ്യോ​ഗ​സ്ഥ​യാണ്‌. ദൈവ​ത്തി​ന്റെ പേരി​ലുള്ള പണമോ​ഷണം മറ്റേ​തൊ​രു മോഷ​ണ​ത്തെ​ക്കാ​ളും അധിക​മാ​ണെന്നു ഞാൻ കണ്ടിരി​ക്കു​ന്നു” എന്ന്‌ വടക്കേ അമേരി​ക്ക​യി​ലെ നിക്ഷേപ കാര്യ​നിർവാ​ഹ​ക​രു​ടെ അസോ​സി​യേ​ഷന്റെ പ്രസി​ഡ​ന്റായ ഡെബോറ ബോർട്ട്‌നർ പറഞ്ഞു. “പണം നിക്ഷേ​പി​ക്കാൻ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വ്യക്തി നിങ്ങളു​ടെ മതത്തെ​യോ വിശ്വാ​സ​ത്തെ​യോ കുറിച്ചു സംസാ​രി​ക്കു​ന്നു എന്നു കരുതി നിങ്ങൾ ജാഗ്രത കൈ​വെ​ടി​യ​രുത്‌.” ക്രിസ്റ്റ്യൻ സെഞ്ച്വറി എന്ന മാസിക പറയു​ന്ന​ത​നു​സ​രിച്ച്‌, “കഴിഞ്ഞ മൂന്നു വർഷത്തി​നു​ള്ളിൽ 27 സംസ്ഥാ​ന​ങ്ങ​ളി​ലുള്ള നിക്ഷേപ ഉദ്യോ​ഗസ്ഥർ, നിക്ഷേ​പ​ക​രു​ടെ വിശ്വാ​സം നേടാൻ ആത്മീയ​മോ മതപര​മോ ആയ വിശ്വാ​സങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുള്ള നൂറു​ക​ണ​ക്കി​നു വ്യക്തി​കൾക്കും കമ്പനി​കൾക്കു​മെ​തി​രെ നടപടി എടുത്തി​ട്ടുണ്ട്‌. . . . [അഞ്ചില​ധി​കം വർഷം] നീണ്ടു​നിന്ന കുപ്ര​സി​ദ്ധ​മായ ഒരു കേസിൽ” ഒരു പ്രൊ​ട്ട​സ്റ്റന്റ്‌ സ്ഥാപനം “രാജ്യ​വ്യാ​പ​ക​മാ​യി 13,000-ത്തിലധി​കം നിക്ഷേ​പ​ക​രിൽനിന്ന്‌ 59 കോടി​യി​ല​ധി​കം ഡോളർ സമാഹ​രി​ച്ചു. സംസ്ഥാന നിക്ഷേപ ഉദ്യോ​ഗസ്ഥർ 1999-ൽ ആ സ്ഥാപനം അടച്ചു​പൂ​ട്ടി. അതിലെ മൂന്ന്‌ ഉദ്യോ​ഗസ്ഥർ തങ്ങൾ തട്ടിപ്പു നടത്തി​യി​ട്ടു​ണ്ടെന്നു സമ്മതി​ക്കു​ക​യും ചെയ്‌തു.” മറ്റു മൂന്നു കേസു​ക​ളിൽ “150 കോടി ഡോള​റി​ന്റെ നഷ്ടം ഉണ്ടായ​താ​യി” ക്രിസ്റ്റ്യൻ സെഞ്ച്വറി റിപ്പോർട്ടു ചെയ്യുന്നു. (g02 5/22)