വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹിമപുള്ളിപ്പുലി ഈ നിഗൂഢ ജീവിയെ പരിചയപ്പെടുക

ഹിമപുള്ളിപ്പുലി ഈ നിഗൂഢ ജീവിയെ പരിചയപ്പെടുക

ഹിമപു​ള്ളി​പ്പു​ലി ഈ നിഗൂഢ ജീവിയെ പരിച​യ​പ്പെ​ടു​ക

ഫിൻലൻഡിലെ ഉണരുക! ലേഖകൻ

ഹിമപു​ള്ളി​പ്പു​ലി​യെ പോലെ നിഗൂ​ഢ​മായ മൃഗങ്ങൾ നന്നേ കുറവാണ്‌. വളരെ ചുരുക്കം ചില ആളുകളേ അവയുടെ പ്രകൃ​തി​ദത്ത വാസസ്ഥ​ല​ത്തു​വെച്ച്‌ അവയെ കണ്ടിട്ടു​ള്ളൂ. ഈ മൃഗങ്ങ​ളു​ടെ ജീവി​ത​രീ​തി​യെ​പ്പറ്റി ഇതുവരെ കാര്യ​മാ​യൊ​ന്നും അറിയാ​നാ​യി​ട്ടില്ല.

ഫിൻലൻഡി​ലെ ഹെൽസി​ങ്കി മൃഗശാ​ല​യി​ലെ ഒരു മുഖ്യ ആകർഷ​ണ​മാ​ണു ഹിമപു​ള്ളി​പ്പു​ലി. പൂച്ചവർഗ​ത്തിൽപ്പെട്ട വലിയ ജീവി​ക​ളിൽ ഏറ്റവും അഴകു​ള്ള​താ​യി പലരും കണക്കാ​ക്കുന്ന ഈ പുലി​യു​ടെ പ്രത്യേക സ്വഭാ​വങ്ങൾ അതിനെ വശ്യത​യാർന്ന ഒരു ജീവി​യാ​ക്കു​ന്നു.

ലോക​ത്തി​ന്റെ നെറു​ക​യി​ലെ പുലി

ഭൂട്ടാൻ മുതൽ റഷ്യ വരെ, ചുരു​ങ്ങി​യത്‌ 12 രാജ്യ​ങ്ങ​ളി​ലെ​ങ്കി​ലും ഹിമപു​ള്ളി​പ്പു​ലി​കൾ ഉണ്ടെങ്കി​ലും, സാധാ​ര​ണ​മാ​യി ഹിമാ​ലയൻ പർവത നിരക​ളി​ലാണ്‌ ഇവ കൂടു​ത​ലാ​യി ഉള്ളത്‌. ലോക​ത്തി​ലേ​ക്കും ഏറ്റവും ഉയരം കൂടിയ അതിമ​നോ​ഹ​ര​മായ ഈ പർവത​പ്ര​ദേശം മനുഷ്യ​വാ​സ​ത്തി​നു യോജി​ച്ചതല്ല. ലോക​ത്തിൽ ഏറ്റവും തണു​പ്പേ​റി​യ​തും നിമ്‌നോ​ന്ന​ത​വു​മായ പർവത​നി​ര​ക​ളാണ്‌ മധ്യേ​ഷ്യ​യി​ലെ ഈ പർവത​നി​രകൾ.

എന്നാൽ, 3,000 മുതൽ 4,500 വരെ മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ സുഖമാ​യി കഴിയാൻ ഹിമപു​ള്ളി​പ്പു​ലി​ക്കു കഴിയു​ന്നു. അതിന്റെ കട്ടികൂ​ടിയ രോമ​ക്കു​പ്പാ​യം തണുപ്പിൽനി​ന്നു സംരക്ഷ​ണ​മേ​കു​ന്നു, വലിയ നാസാ​ര​ന്ധ്ര​ങ്ങ​ളാ​കട്ടെ ഓക്‌സി​ജൻ കുറഞ്ഞ അന്തരീ​ക്ഷ​ത്തിൽനി​ന്നു വേണ്ടത്ര പ്രാണ​വാ​യു വലി​ച്ചെ​ടു​ക്കാ​നും സഹായി​ക്കു​ന്നു. ഹിമപു​ള്ളി​പ്പു​ലി​യു​ടെ വീതി​യുള്ള, രോമാ​വൃ​ത​മായ പാദങ്ങൾ ആഴമുള്ള ഹിമത്തി​ലൂ​ടെ വിദഗ്‌ധ​മാ​യി വേഗത്തിൽ നടക്കാൻ അവയെ സഹായി​ക്കു​ന്നു. എന്നാൽ, പരുക്കൻ പർവത​പ്ര​ദേ​ശ​ങ്ങ​ളു​ടെ കാര്യ​മോ? അത്‌ അവയ്‌ക്ക്‌ ഒരു പ്രശ്‌നമല്ല. നീളമുള്ള രോമാ​വൃ​ത​മായ വാൽ ഒരു ഗതിനി​യ​ന്ത്രണ ഉപകരണം പോലെ ഉപയോ​ഗിച്ച്‌ ഹിമപു​ള്ളി​പ്പു​ലിക്ക്‌ പൊക്ക​മുള്ള ഒരു പാറയിൽനിന്ന്‌ 15 മീറ്റർ ദൂരെ​യുള്ള മറ്റൊരു പാറയി​ലേക്കു ചാടാൻ സാധി​ക്കും. അങ്ങനെ ഇതു ചാട്ടത്തിൽ ചാരനി​റ​മുള്ള കങ്കാരു​വി​നെ പോലും കടത്തി​വെ​ട്ടു​ന്നു.

ഹിമപു​ള്ളി​പ്പു​ലി​ക്കു സാധാ​ര​ണ​ഗ​തി​യിൽ 27 കിലോ​ഗ്രാ​മി​നും 45 കിലോ​ഗ്രാ​മി​നും ഇടയ്‌ക്കു തൂക്കമുണ്ട്‌. ഏകദേശം 60 സെന്റി​മീ​റ്റർ പൊക്ക​മുള്ള അതിനു മൂക്കു മുതൽ വാൽ വരെ 2 മീറ്റർ നീളവും കാണും. എന്നാൽ അതിന്റെ പ്രകൃ​ത​മാണ്‌ അതിനെ വളരെ സവി​ശേ​ഷ​ത​യുള്ള ഒരു മൃഗമാ​ക്കു​ന്നത്‌. “അതു വളരെ മൃദു​സ്വ​ഭാ​വം ഉള്ളതാണ്‌,” ഹെൽസി​ങ്കി മൃഗശാ​ല​യു​ടെ മേൽനോ​ട്ട​ക്കാ​ര​നായ ലേവ്‌ ബ്ലോം​ക്വിസ്റ്റ്‌ പറയുന്നു. “ഹിമപു​ള്ളി​പ്പു​ലി മനുഷ്യ​രു​മാ​യി എളുപ്പം അടുക്കും. മൃഗശാ​ല​യിൽ രാവിലെ അത്‌ അതിന്റെ പരിപാ​ല​കയെ വരവേൽക്കാ​നെ​ത്തും.” കുഞ്ഞു​ങ്ങ​ളിൽ പോലും ഈ സൗമ്യ​പ്ര​കൃ​തം കാണാൻ കഴിയു​മെന്നു ബ്ലോം​ക്വിസ്റ്റ്‌ കൂട്ടി​ച്ചേർക്കു​ന്നു. “മൃഗശാ​ല​യി​ലെ ജീവന​ക്കാർ അവയുടെ ഭാരം നോക്കു​ക​യോ അവയ്‌ക്കു മരുന്നു കുത്തി​വെ​ക്കു​ക​യോ ചെയ്യു​മ്പോൾ അവ അടങ്ങി​യൊ​തു​ങ്ങി നിന്നു​കൊ​ടു​ക്കും,” അദ്ദേഹം പറയുന്നു. എന്നാൽ ആ സ്ഥാനത്ത്‌ അതേ പ്രായ​ത്തി​ലുള്ള മറ്റേ​തെ​ങ്കി​ലും പുള്ളി​പ്പു​ലി​യാ​ണെ​ങ്കി​ലോ? “അതൊക്കെ ചെയ്യുക ഏറെക്കു​റെ അസാധ്യ​മാണ്‌,” ബ്ലോം​ക്വിസ്റ്റ്‌ പറയുന്നു. “അവ ഉഗ്രമാ​യി ആക്രമി​ക്കു​മെ​ന്ന​തി​നാൽ നിങ്ങൾക്കു സംരക്ഷക വസ്‌ത്ര​വും കയ്യുറ​ക​ളും മറ്റും ആവശ്യ​മാണ്‌.”

അപൂർവ​മാ​യി മാത്രം കാണു​ന്നത്‌ എന്തു​കൊണ്ട്‌?

ഹിമപു​ള്ളി​പ്പു​ലി​യു​മാ​യി ഒളിച്ചു​ക​ളി​ക്കാൻ ഒരു​മ്പെ​ട്ടാൽ അത്‌ അങ്ങേയറ്റം നിരാ​ശാ​ജ​ന​ക​മായ അനുഭ​വ​മാ​യി​രി​ക്കും. കാരണം, വെളു​പ്പും ചാരനി​റ​വു​മുള്ള ഈ പുലി ഒരു ഓന്തി​നെ​പ്പോ​ലെ തന്റെ വാസ​കേ​ന്ദ്ര​മായ ഹിമ പർവത​പ്ര​ദേ​ശ​വു​മാ​യി തിരി​ച്ച​റി​യാ​നാ​വാത്ത വിധം പറ്റി​ച്ചേ​രു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. അതിനെ അതിന്റെ സ്വാഭാ​വിക ചുറ്റു​പാ​ടിൽ കണ്ടിട്ടു​ള്ള​വ​രു​ടെ എണ്ണം വളരെ കുറവാ​യി​രി​ക്കു​ന്ന​തി​ന്റെ ഒരു കാരണം ഇതാണ്‌. എന്തു പറയേണ്ടു, ഈ നിഗൂഢ പുലിയെ കുറിച്ചു പഠിക്കാൻ പരുക്കൻ പർവത​പ്ര​ദേ​ശത്തു ചെന്നി​ട്ടുള്ള ചില ഗവേഷ​കർക്ക്‌ ആ മൃഗത്തെ ഒന്നു കാണു​ക​പോ​ലും ചെയ്യാതെ നിരാ​ശ​രാ​യി മടങ്ങേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌!

ഹിമപു​ള്ളി​പ്പു​ലി​കളെ കാണാൻ വളരെ പ്രയാ​സ​മാ​യി​രി​ക്കു​ന്ന​തി​നു മറ്റൊരു കാരണം, അവ ഏകാന്ത​മാ​യി കഴിയാൻ ഇഷ്ടപ്പെ​ടു​ന്നു എന്നതാണ്‌. മാത്രമല്ല, സാധാരണ ഗതിയിൽ അവയുടെ ഇരയായ കാട്ടാ​ടു​കൾ പർവത​നി​ര​ക​ളിൽ അപൂർവ​മാ​യ​തി​നാൽ അവയുടെ വിഹാ​ര​സ്ഥലം വളരെ വിശാ​ല​മാണ്‌. ദുഃഖ​ക​ര​മെന്നു പറയട്ടെ, ഹിമപു​ള്ളി​പ്പു​ലി​യു​ടെ രോമ​ചർമ​ത്തോട്‌ ആർത്തി​പൂണ്ട അനധി​കൃത വേട്ടക്കാർ നിമിത്തം അവയുടെ എണ്ണം വളരെ കുറഞ്ഞി​രി​ക്കു​ന്ന​തി​നാൽ, ഈ പുലിയെ വംശനാശ ഭീഷണി നേരി​ടുന്ന മൃഗങ്ങ​ളു​ടെ കൂട്ടത്തിൽ ഇപ്പോൾ പെടു​ത്തി​യി​രി​ക്കു​ക​യാണ്‌. a ഈ അസാധാ​രണ മൃഗത്തെ പരിര​ക്ഷി​ക്കാൻ മൃഗശാ​ലകൾ വളരെ ശ്രമി​ക്കു​ന്നുണ്ട്‌.

ഹെൽസി​ങ്കി​യി​ലെ ഹിമപു​ള്ളി​പ്പു​ലി

ഹിമപു​ള്ളി​പ്പു​ലി​കളെ പ്രജനനം ചെയ്യി​ക്കു​ന്ന​തിൽ ഹെൽസി​ങ്കി​യി​ലെ മൃഗശാല കാര്യ​മാ​യി വിജയി​ച്ചി​ട്ടുണ്ട്‌. വാസ്‌ത​വ​ത്തിൽ, ഹിമപു​ള്ളി​പ്പു​ലി​ക​ളു​ടെ വംശപ​ര​മ്പരാ വിവരങ്ങൾ അടങ്ങിയ അന്താരാ​ഷ്‌ട്ര രേഖ സൂക്ഷി​ക്കാ​നുള്ള നിയമനം ഈ മൃഗശാ​ല​യ്‌ക്ക്‌ 1976-ൽ ലഭിച്ചു. മൃഗശാ​ല​യി​ലോ മൃഗപാർക്കു​ക​ളി​ലോ വളർത്തുന്ന ഹിമപു​ള്ളി​പ്പു​ലി​ക​ളു​ടെ പരിര​ക്ഷ​ണ​ത്തിൽ ഈ രേഖ ഉപയോ​ഗ​പ്ര​ദ​മാ​യി​രു​ന്നി​ട്ടുണ്ട്‌.

മൃഗശാ​ല​ക​ളിൽ കഴിയുന്ന പല ജീവി​വർഗ​ങ്ങ​ളു​ടെ​യും—വിശേ​ഷി​ച്ചും വംശനാ​ശ​ഭീ​ഷ​ണി​യെ നേരി​ടു​ന്ന​വ​യു​ടെ—കാര്യ​ത്തിൽ ഇത്തരം വംശപ​ര​മ്പരാ രേഖകൾ സൂക്ഷി​ക്കാ​റുണ്ട്‌. മൃഗശാ​ല​യിൽ വളർത്തുന്ന ഒരു പ്രത്യേക വർഗത്തിൽപ്പെട്ട എല്ലാ മൃഗങ്ങ​ളു​ടെ​യും വിശദാം​ശങ്ങൾ അതിൽ അടങ്ങി​യി​രി​ക്കും. കുഞ്ഞുങ്ങൾ ജനിക്കു​ക​യോ മൃഗങ്ങളെ ഒരു സ്ഥലത്തു​നി​ന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റു​ക​യോ അവ ചത്തു​പോ​കു​ക​യോ ചെയ്‌താൽ, വംശപ​ര​മ്പരാ രേഖയു​ടെ മേൽനോ​ട്ടം വഹിക്കുന്ന മൃഗശാ​ലയെ അക്കാര്യം അറിയി​ക്കാ​നുള്ള ബാധ്യത മറ്റു മൃഗശാ​ല​കൾക്ക്‌ ഉണ്ട്‌. മൃഗശാ​ല​യിൽ വളർത്തുന്ന മൃഗങ്ങളെ പ്രജനനം ചെയ്യി​ക്കാൻ യോജിച്ച പങ്കാളി മൃഗങ്ങളെ കണ്ടെത്താൻ ഈ വംശപ​ര​മ്പരാ രേഖകൾ ഉപയോ​ഗി​ക്കു​ന്നു. “ഇത്തരം മൃഗങ്ങ​ളു​ടെ എണ്ണം താരത​മ്യേന കുറവാ​യ​തി​നാൽ, സ്വാഭാ​വിക ഗുണങ്ങ​ളു​ടെ അഭാവ​വും അന്തഃ​പ്ര​ജ​ന​ന​വും സംഭവി​ക്കാം,” ബ്ലോം​ക്വിസ്റ്റ്‌ വിശദീ​ക​രി​ക്കു​ന്നു.

ഹെൽസി​ങ്കി മൃഗശാ​ല​യിൽത്തന്നെ നൂറി​ല​ധി​കം ഹിമപു​ള്ളി​പ്പു​ലി​കൾ പിറന്നി​ട്ടുണ്ട്‌. അവയിൽ മിക്കതി​നെ​യും മറ്റു രാജ്യ​ങ്ങ​ളി​ലുള്ള മൃഗശാ​ല​ക​ളി​ലേക്ക്‌ അയയ്‌ക്കു​ക​യാ​ണു ചെയ്‌തി​ട്ടു​ള്ളത്‌. ഇവയുടെ വൈവി​ധ്യം ഉറപ്പു​വ​രു​ത്താൻ, മൃഗശാ​ല​യിൽ വളർത്തുന്ന ഹിമപു​ള്ളി​പ്പു​ലി​കളെ മൃഗശാ​ലകൾ കൂടെ​ക്കൂ​ടെ പരസ്‌പരം കൈമാ​റാ​റുണ്ട്‌. മൃഗശാ​ല​യിൽ വളർത്തുന്ന ഹിമപു​ള്ളി​പ്പു​ലി​കൾക്ക്‌ ഇപ്പോൾത്തന്നെ നല്ല വൈവി​ധ്യം ഉള്ളതി​നാൽ, സ്വത​ന്ത്ര​മായ പുലി​കളെ ഇനിയും കെണി​വെച്ചു പിടി​ക്കേണ്ട ആവശ്യ​മില്ല.

ഹെൽസി​ങ്കി മൃഗശാല ഉൾപ്പെ​ടെ​യുള്ള പല മൃഗശാ​ല​ക​ളും, ജനിത​ക​പ​ര​മാ​യി ആരോ​ഗ്യ​മുള്ള മൃഗങ്ങളെ നിലനി​റു​ത്താൻ ശ്രമി​ക്കു​ന്ന​തി​ലൂ​ടെ വന്യജീ​വി​ക​ളു​ടെ പരിര​ക്ഷ​ണ​ത്തിൽ സഹായി​ക്കു​ന്നു. കൂടാതെ, ഈ അപൂർവ ജീവികൾ സന്ദർശ​കർക്ക്‌ ആനന്ദം പകരു​ക​യും ചെയ്യുന്നു. തീർച്ച​യാ​യും, മനസ്സിൽ ദീർഘ​കാ​ലം നിലനിൽക്കുന്ന ഒരു ചിത്രം അവശേ​ഷി​പ്പി​ക്കുന്ന ഹിമപു​ള്ളി​പ്പു​ലി ‘സകലവും ഭംഗി​യാ​യി ചെയ്‌ത’ സ്രഷ്ടാ​വി​നു മഹത്ത്വം കരേറ്റു​ക​തന്നെ ചെയ്യുന്നു.—സഭാ​പ്ര​സം​ഗി 3:11. (g02 5/8)

[അടിക്കു​റിപ്പ്‌]

a എത്ര ഹിമപു​ള്ളി​പ്പു​ലി​കൾ ശേഷി​ച്ചി​ട്ടുണ്ട്‌ എന്നു കൃത്യ​മാ​യി പറയുക ദുഷ്‌ക​ര​മാണ്‌. എന്നാൽ 3,500 മുതൽ 7,000 വരെ ഉണ്ടെന്നാ​ണു കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌.

[17-ാം പേജിലെ തലവാ​ചകം]

പേജ്‌ 16: മധ്യത്തിൽ: ©Aaron Ferster, Photo Researchers; പേജ്‌ 17: മുകളിൽ വലത്ത്‌: © Korkeasaaren Eläintarha/Markku Bussman; താഴെ: ©T. Kitchin/V. Hurst, Photo Researchers

[18-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Chuck Dresner/Saint Louis Zoo