വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അടിമത്തം അവസാനിക്കുമ്പോൾ!

അടിമത്തം അവസാനിക്കുമ്പോൾ!

അടിമത്തം അവസാ​നി​ക്കു​മ്പോൾ!

സ്വാത​ന്ത്ര്യം! ഇതി​നെ​ക്കാൾ ഹൃദ്യ​മായ വാക്കുകൾ ചുരു​ക്ക​മാണ്‌. ആളുകൾ സ്വാത​ന്ത്ര്യ​ത്തി​നാ​യി പോരാ​ടി​യി​ട്ടുണ്ട്‌, യാതനകൾ സഹിച്ചി​ട്ടുണ്ട്‌. അതിനാ​യി അവർ തങ്ങളുടെ ജീവിതം ഉഴിഞ്ഞു​വെ​ച്ചി​ട്ടുണ്ട്‌, മരണം വരിച്ചി​ട്ടുണ്ട്‌. എന്നാൽ ഇതൊക്കെ ചെയ്‌തി​ട്ടും പലർക്കും തങ്ങളുടെ ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞി​ട്ടില്ല എന്നതു സങ്കടക​ര​മാണ്‌. അടിമ​ത്ത​ത്തിൽനി​ന്നു സ്വാത​ന്ത്ര്യം ലഭിക്കു​മെന്നു നമുക്കു പ്രത്യാ​ശി​ക്കാൻ കഴിയു​മോ, ആ പ്രത്യാശ നിരാ​ശ​യി​ലും ഇച്ഛാഭം​ഗ​ത്തി​ലും അവസാ​നി​ക്കു​ക​യി​ല്ലെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​മോ? തീർച്ച​യാ​യും.

ദൈവ​ത്തി​ന്റെ പിൻവ​രുന്ന വാഗ്‌ദാ​നം രേഖ​പ്പെ​ടു​ത്താൻ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു: ‘സൃഷ്ടി​ത​ന്നെ​യും ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനി​ന്നു സ്വത​ന്ത്ര​മാ​ക്ക​പ്പെ​ടു​ക​യും ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം പ്രാപി​ക്കു​ക​യും ചെയ്യും.’ (റോമർ 8:19-21, NW) എന്നാൽ ദൈവം യഥാർഥ​ത്തിൽ ഈ “മഹത്തായ സ്വാത​ന്ത്ര്യം” സാധ്യ​മാ​ക്കു​മെന്നു നമു​ക്കെ​ങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും? ചരി​ത്ര​ത്തി​ലു​ട​നീ​ളം ദൈവം മനുഷ്യ​വർഗ​ത്തോട്‌ ഇടപെ​ട്ടി​ട്ടുള്ള വിധത്തെ കുറിച്ചു പരിചി​ന്തി​ക്കു​ന്ന​താണ്‌ ഒരു മാർഗം.

“കർത്താ​വി​ന്റെ ആത്മാവു​ള്ളേ​ടത്തു സ്വാത​ന്ത്ര്യം ഉണ്ട്‌” എന്നു ബൈബിൾ പറയുന്നു. (2 കൊരി​ന്ത്യർ 3:17) അതേ, ദൈവ​ത്തി​ന്റെ ആത്മാവ്‌ അഥവാ പ്രവർത്തന നിരത​മായ ശക്തി അതിശ​ക്ത​മാണ്‌. കാലങ്ങ​ളാ​യി അത്‌ ഉപയോ​ഗിച്ച്‌ അവൻ പല വിധങ്ങ​ളിൽ സ്വാത​ന്ത്ര്യം നൽകി​യി​രി​ക്കു​ന്നു. അതെങ്ങ​നെ​യാണ്‌? വ്യത്യസ്‌ത തരത്തി​ലുള്ള അടിമത്തം ഉണ്ടെന്ന കാര്യം നാം ആദ്യം​തന്നെ മനസ്സിൽ പിടി​ക്കേ​ണ്ട​തുണ്ട്‌. അതിൽ വളരെ നീചമായ ഒന്നിനെ കുറിച്ച്‌, ബലവാ​ന്മാർ ബലഹീ​നരെ ബലപ്ര​യോ​ഗ​ത്തി​ലൂ​ടെ​യും അക്രമ​ത്തി​ലൂ​ടെ​യും കീഴ്‌പെ​ടു​ത്തു​ന്ന​തി​നെ കുറിച്ചു നാം ചർച്ച ചെയ്യു​ക​യു​ണ്ടാ​യി. എന്നാൽ മറ്റുത​ര​ത്തി​ലുള്ള ചില അടിമ​ത്ത​ങ്ങളെ കുറിച്ചു ചിന്തി​ക്കുക.

ഉപേക്ഷി​ക്കാൻ പ്രയാ​സ​മുള്ള പലവിധ ആസക്തി​കൾക്ക്‌ ആളുകൾ തങ്ങളെ​ത്തന്നെ അടിമ​ക​ളാ​ക്കി​യേ​ക്കാം. ചിലർ വ്യാജ​പ​ഠി​പ്പി​ക്ക​ലു​കൾക്ക്‌ അധീന​മായ ഒരു ജീവിതം നയിക്കും​വി​ധം ഭോഷ്‌കി​നാ​ലും വഞ്ചനയാ​ലും അടിമ​ക​ളാ​ക്ക​പ്പെ​ട്ടേ​ക്കാം. ഇനി ശ്രദ്ധി​ക്ക​പ്പെ​ടാ​തെ പോകുന്ന മറ്റൊ​രു​തരം അടിമത്തം ഉണ്ട്‌. നാം തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും അതു നമ്മെ ഓരോ​രു​ത്ത​രെ​യും ബാധി​ക്കു​ന്നു. അതിന്റെ ഫലങ്ങൾ മാരക​മാണ്‌. ഈ ചർച്ചയിൽ നമ്മൾ വ്യത്യസ്‌ത തരം അടിമ​ത്ത​ങ്ങളെ ഉൾപ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒരു പ്രകാ​ര​ത്തി​ലും അവയെ​ല്ലാം തുല്യ​മാ​ണെന്നു സമർഥി​ക്കു​ന്നില്ല. അവയെ​ല്ലാം വളരെ വ്യത്യ​സ്‌ത​മാണ്‌. എന്നാൽ ഇവയ്‌ക്കെ​ല്ലാം പൊതു​വായ ഒന്നുണ്ട്‌. ഒടുവിൽ, എല്ലാത്തരം അടിമ​നു​ക​വും മനുഷ്യ​വർഗ​ത്തി​ന്മേൽനി​ന്നു നീക്ക​പ്പെ​ടു​ന്നു​വെന്ന്‌ സ്വാത​ന്ത്ര്യ​ത്തി​ന്റെ ദൈവം ഉറപ്പു വരുത്തും.

ആസക്തി​കൾക്ക്‌ അടിമ​പ്പെ​ടു​മ്പോൾ

ഭാഗ്യം കൈ​വെ​ടി​യു​മ്പോൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ചൂതാട്ട ആസക്തിയെ വർണി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണുക: “ഈ തകരാറ്‌ ഉള്ള വ്യക്തിക്ക്‌ ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ടാ​നുള്ള അതിശ​ക്ത​വും അനിയ​ന്ത്രി​ത​വു​മായ അഭിനി​വേശം തോന്നു​ന്നു. ആ അഭിനി​വേ​ശ​ത്തി​ന്റെ തീവ്ര​ത​യും അടിയ​ന്തി​ര​ത​യും വർധിച്ച്‌ . . . ഒടുവിൽ അയാളു​ടെ ജീവി​ത​ത്തി​ലെ വില​പ്പെ​ട്ട​തി​നെ​യെ​ല്ലാം അതു കീഴട​ക്കു​ക​യും ദുർബ​ല​മാ​ക്കു​ക​യും പലപ്പോ​ഴും നശിപ്പി​ക്കു​ക​യും ചെയ്യുന്നു.” ചൂതാ​ട്ട​ത്തി​ന്റെ അടിമ​ക​ളാ​യി​ത്തീർന്നി​ട്ടുള്ള എത്ര പേരു​ണ്ടെന്ന്‌ ആർക്കും അറിയില്ല. ഒറ്റയൊ​രു രാജ്യത്ത്‌, അതായത്‌ ഐക്യ​നാ​ടു​ക​ളിൽ മാത്രം ഏകദേശം 60 ലക്ഷം പേർ ഉള്ളതായി കണക്കാ​ക്ക​പ്പെ​ടു​ന്നു.

മദ്യാ​സ​ക്തിക്ക്‌ അത്രയും​ത​ന്നെ​യോ അതില​ധി​ക​മോ വിനാ​ശ​ക​മാ​യി​രി​ക്കാൻ കഴിയും. മിക്ക സ്ഥലങ്ങളി​ലും അതു വളരെ വ്യാപ​ക​വു​മാണ്‌. ഒരു വലിയ രാജ്യത്തെ കാര്യം നോക്കു​ന്നെ​ങ്കിൽ അവിടത്തെ മുതിർന്ന പുരു​ഷ​ന്മാ​രിൽ പകുതി​യോ​ള​വും മദ്യത്തിന്‌ ഒരളവു വരെ​യെ​ങ്കി​ലും അടിമ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാണ്‌. 20 വർഷം മുമ്പ്‌ മദ്യത്തിന്‌ അടിമ​യാ​യി​ത്തീർന്ന റിക്കാർഡോ മദ്യാ​സക്തി എന്നാൽ എന്താ​ണെന്നു വിശദീ​ക​രി​ക്കു​ന്നു: “നിങ്ങൾ ഉണരുന്ന സമയം മുതൽ നിങ്ങളു​ടെ ശരീരം മദ്യത്തി​നാ​യി വെമ്പു​ക​യാണ്‌—മനസ്സിനെ ശാന്തമാ​ക്കു​ന്ന​തിന്‌, പ്രശ്‌നങ്ങൾ മറക്കു​ന്ന​തിന്‌, ജീവി​തത്തെ നേരി​ടാൻ ആവശ്യ​മായ ആത്മ​ധൈ​ര്യ​ത്തിന്‌ എല്ലാം അതു കൂടിയേ തീരൂ എന്നു നിങ്ങൾ കരുതു​ന്നു. മദ്യം കഴിക്കു​ന്ന​തി​നെ കുറി​ച്ച​ല്ലാ​തെ മറ്റൊ​ന്നി​നെ കുറി​ച്ചും ചിന്തി​ക്കാൻ നിങ്ങൾക്കു കഴിയാ​താ​കു​ന്നു. എന്നാൽ അപ്പോ​ഴും നിങ്ങളു​ടെ പെരു​മാ​റ്റ​ത്തിൽ യാതൊ​രു അപാക​ത​യു​മില്ല എന്നു നിങ്ങ​ളെ​ത്ത​ന്നെ​യും ചുറ്റു​മു​ള്ള​വ​രെ​യും ധരിപ്പി​ക്കാൻ നിങ്ങൾ ശ്രമി​ക്കു​ന്നു.”

എന്നാൽ ആളുക​ളിൽ ആസക്തി ഉളവാ​ക്കി​ക്കൊണ്ട്‌ അവരെ അടിമ​പ്പെ​ടു​ത്തുന്ന ഏക പദാർഥമല്ല മദ്യം. ലോക​വ്യാ​പ​ക​മാ​യി മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കുന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ഉണ്ട്‌. ഏതാണ്ട്‌ 110 കോടി ആളുകൾ ഏറ്റവു​മ​ധി​കം ആസക്തി​യു​ള​വാ​ക്കുന്ന ഒരു മയക്കു​മ​രുന്ന്‌ അടങ്ങി​യി​രി​ക്കുന്ന പുകയില ഉപയോ​ഗി​ക്കു​ന്ന​വ​രാണ്‌. പലരും ഈ ശീലം ഉപേക്ഷി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നു. എന്നാൽ തങ്ങൾ അതിന്‌ അടിമ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി അവർ കണ്ടെത്തു​ന്നു. അടിമ​ത്ത​ത്തി​ന്റെ ഇത്തരം ശക്തമായ രൂപങ്ങ​ളിൽനിന്ന്‌ ആളുകളെ വിടു​വി​ക്കു​ന്ന​തിൽ യഹോവ വിജയി​ച്ചി​ട്ടു​ണ്ടോ? a

റിക്കാർഡോ​യു​ടെ ദൃഷ്ടാന്തം എടുക്കുക. “ഏകദേശം പത്തു വർഷം മുമ്പ്‌, മദ്യം എന്റെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ക​യാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി” എന്ന്‌ റിക്കാർഡോ പറയുന്നു. “എന്റെ ദാമ്പത്യം, ജോലി, കുടും​ബം എന്നിവ​യെ​ല്ലാം അതിനാൽ നശിക്കു​ക​യാ​യി​രു​ന്നു. അതിന്റെ പിടി​യിൽനി​ന്നു രക്ഷപ്പെ​ടാ​തെ ഒരിക്ക​ലും എന്റെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിയി​ല്ലെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. ബൈബിൾ പഠനത്തി​ലൂ​ടെ, ദാരി​ദ്ര്യം—അക്ഷരീ​യ​വും ആത്മീയ​വു​മായ അർഥത്തിൽ—അമിത മദ്യപാ​നി​യു​ടെ സന്തതസ​ഹ​ചാ​രി​യാ​യി​രി​ക്കു​മെന്നു ഞാൻ മനസ്സി​ലാ​ക്കി. (സദൃശ​വാ​ക്യ​ങ്ങൾ 23:20, 21) ദൈവ​വു​മാ​യി ഒരു നല്ല ബന്ധം ഉണ്ടായി​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. ദിവ്യ​സ​ഹാ​യ​ത്തി​നാ​യുള്ള എന്റെ ആത്മാർഥ പ്രാർഥ​നകൾ എന്നോ​ടു​തന്നെ സത്യസ​ന്ധ​നാ​യി​രി​ക്കാൻ എന്നെ സഹായി​ച്ചു. ഒരു വ്യക്തി എന്നെ ബൈബിൾ പഠിപ്പി​ച്ചു. അദ്ദേഹം ഒരു അമൂല്യ സുഹൃ​ത്താ​യി​രു​ന്നു. ഇടയ്‌ക്കൊ​ക്കെ ഞാൻ വീണ്ടും എന്റെ പഴയ ശീലത്തി​ലേക്കു വീണു​പോ​യ​പ്പോ​ഴും അദ്ദേഹം എന്നെ എഴുതി​ത്ത​ള്ളി​യില്ല. മറിച്ച്‌, ക്ഷമയോ​ടും ദൃഢത​യോ​ടും കൂടെ അദ്ദേഹം സത്യ​ക്രി​സ്‌ത്യാ​നി​കൾ പിൻപ​റ്റാൻ ദൈവം പ്രതീ​ക്ഷി​ക്കുന്ന ഗതി എനിക്കു കാണിച്ചു തന്നു.”

ഇന്ന്‌ റിക്കാർഡോ​യ്‌ക്ക്‌ തന്റെ മുൻ അടിമ​ത്ത​ത്തിൽനി​ന്നു മോചനം ലഭിച്ചി​രി​ക്കു​ന്ന​താ​യി—മുമ്പത്തെ അവസ്ഥ​യോ​ടുള്ള താരത​മ്യ​ത്തി​ലെ​ങ്കി​ലും—തോന്നു​ന്നു. ആദ്യ​മൊ​ക്കെ താൻ ആ പഴയ ശീലത്തി​ലേക്ക്‌ ഇടയ്‌ക്കി​ടെ വീണു​പോ​യി​രു​ന്ന​താ​യി അദ്ദേഹം സമ്മതിച്ചു പറയുന്നു. “എന്നാൽ അത്തരം തിരി​ച്ച​ടി​കൾ ഉണ്ടായ​പ്പോൾ പോലും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നുള്ള ആഗ്രഹ​വും ഭാര്യ​യു​ടെ​യും സഹക്രി​സ്‌ത്യാ​നി​ക​ളു​ടെ​യും പിന്തു​ണ​യും സാഹച​ര്യ​ത്തെ വീണ്ടും നിയ​ന്ത്ര​ണാ​ധീ​ന​മാ​ക്കാൻ എന്നെ സഹായി​ച്ചു” എന്ന്‌ അദ്ദേഹം പറയുന്നു. “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയി”ല്ലാത്തതും മദ്യാ​സക്തി ഒരു പഴങ്കഥ ആയിത്തീ​രു​ന്ന​തു​മായ ദൈവ​ത്തി​ന്റെ വാഗ്‌ദത്ത സമയത്തി​നാ​യി ഞാൻ നോക്കി​പ്പാർത്തി​രി​ക്കു​ക​യാണ്‌. അതുവരെ, എന്റെ ശരീരത്തെ “ജീവനും വിശു​ദ്ധി​യും ദൈവ​ത്തി​ന്നു പ്രസാ​ദ​വു​മുള്ള യാഗമാ​യി സമർപ്പി”ക്കാനുള്ള എന്റെ ദൈനം​ദിന പോരാ​ട്ടം ഞാൻ തുടരും.”—യെശയ്യാ​വു 33:24; റോമർ 12:1.

ലോക​മെ​മ്പാ​ടു​മുള്ള ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ വ്യത്യ​സ്‌ത​തരം ആസക്തി​ക​ളിൽനി​ന്നു തങ്ങളെ​ത്തന്നെ വിടു​വി​ക്കു​ന്ന​തിൽ ദൈവ​ത്തി​ന്റെ സഹായം നേരിട്ട്‌ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. ഒരുപക്ഷേ വിവിധ സമ്മർദ​ങ്ങൾക്കും പ്രലോ​ഭ​ന​ങ്ങൾക്കും വശംവ​ദ​രാ​യി​ക്കൊണ്ട്‌, തങ്ങളെ​ത്തന്നെ അടിമ​ക​ളാ​ക്കു​ന്ന​തിൽ അവർ തന്നെയാണ്‌ മുഖ്യ പങ്കു വഹിച്ച​തെ​ന്നു​ള്ളതു സത്യമാണ്‌. എങ്കിൽപ്പോ​ലും യഹോവ വളരെ ക്ഷമയുള്ള ഒരു വിമോ​ച​ക​നാ​ണെന്ന്‌ അവർ കണ്ടെത്തി​യി​രി​ക്കു​ന്നു. തന്നെ സേവി​ക്കാൻ യഥാർഥ താത്‌പ​ര്യ​മു​ള്ള​വരെ സഹായി​ക്കാ​നും ശക്തീക​രി​ക്കാ​നും അവൻ മനസ്സു​ള്ള​വ​നാണ്‌.

സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും’

ഭോഷ്‌കി​നും വഞ്ചനയ്‌ക്കും അടിമ​പ്പെ​ടു​ന്നതു സംബന്ധി​ച്ചെന്ത്‌? അവയിൽ നിന്നുള്ള സ്വാത​ന്ത്ര്യ​വും സാധ്യ​മാ​ണെന്ന്‌ യേശു​ക്രി​സ്‌തു ഉറപ്പു നൽകുന്നു. അവൻ പറഞ്ഞു: “എന്റെ വചനത്തിൽ നിലനി​ല്‌ക്കു​ന്നു എങ്കിൽ നിങ്ങൾ വാസ്‌ത​വ​മാ​യി എന്റെ ശിഷ്യ​ന്മാ​രാ​യി, സത്യം അറിക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​ന്മാ​രാ​ക്കു​ക​യും ചെയ്യും.” (യോഹ​ന്നാൻ 8:31, 32) അവൻ ഇതു പറഞ്ഞ സമയത്ത്‌ അവന്റെ ശ്രോ​താ​ക്ക​ളിൽ പലരും പരീശ പാരമ്പ​ര്യ​ത്തി​ന്റെ വഴക്കമി​ല്ലാത്ത ഒരു നിയമ​സം​ഹി​ത​യ്‌ക്ക്‌ അടിമ​പ്പെ​ട്ടി​രു​ന്നു. വാസ്‌ത​വ​ത്തിൽ, യേശു തന്റെ കാലത്തെ മതനേ​താ​ക്ക​ന്മാ​രെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “അവർ ഘനമുള്ള ചുമടു​കളെ കെട്ടി മനുഷ്യ​രു​ടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊ​ണ്ടു​പോ​ലും അവയെ തൊടു​വാൻ അവർക്കു മനസ്സില്ല.” (മത്തായി 23:4) യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ ജനങ്ങളെ അത്തരം അടിമ​ത്ത​ത്തിൽനി​ന്നു മോചി​പ്പി​ച്ചു. അവൻ മതപര​മായ ഭോഷ്‌കു​കളെ തുറന്നു​കാ​ട്ടു​ക​യും അവയുടെ ഉറവി​ടത്തെ തിരി​ച്ച​റി​യി​ക്കു​ക​യും ചെയ്‌തു. (യോഹ​ന്നാൻ 8:44) ഭോഷ്‌കി​ന്റെ സ്ഥാനത്ത്‌ സത്യങ്ങൾ പഠിപ്പി​ച്ചു​കൊണ്ട്‌ മനുഷ്യ​വർഗത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ന്യായ​മായ പ്രതീ​ക്ഷകൾ എന്തൊ​ക്കെ​യാ​ണെന്ന്‌ അവൻ ആളുകൾക്കു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു.—മത്തായി 11:28-30.

യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ പോലെ ഇന്ന്‌ ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ ദൈവ​ത്തി​ന്റെ സഹായ​ത്തോ​ടെ മതപര​മായ ഭോഷ്‌കി​ന്റെ​യും വ്യാജ സമ്പ്രദാ​യ​ങ്ങ​ളു​ടെ​യും അടിമ​ത്ത​ത്തിൽനി​ന്നു സ്വാത​ന്ത്ര്യം നേടി​യി​രി​ക്കു​ന്നു. ബൈബി​ളി​ലെ നവോ​ന്മേ​ഷ​ദാ​യ​ക​മായ സത്യങ്ങൾ പഠിച്ചു​ക​ഴി​യു​മ്പോൾ അവർ മരിച്ച​വരെ സംബന്ധിച്ച ഞെരു​ക്കുന്ന ഭയത്തിൽനി​ന്നും ഒരു തീനര​ക​ത്തി​ലെ നിത്യ ദണ്ഡനം സംബന്ധിച്ച ഭീതി​യിൽനി​ന്നും മോചി​ത​രാ​കു​ന്നു. കഷ്ടപ്പെ​ട്ടു​ണ്ടാ​ക്കുന്ന പണം, “സൌജ​ന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു സൌജ​ന്യ​മാ​യി കൊടു​പ്പിൻ” എന്നു പറഞ്ഞ ക്രിസ്‌തു​വി​നെ പ്രതി​നി​ധീ​ക​രി​ക്കു​ന്നവർ എന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രായ വൈദി​കർ നിർവ​ഹി​ക്കുന്ന മതകർമ​ങ്ങൾക്കു കൊടു​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്റെ സമ്മർദ​ത്തിൽനിന്ന്‌ അവർ വിമു​ക്ത​രാ​ക്ക​പ്പെ​ടു​ന്നു. (മത്തായി 10:8) എന്നാൽ ഇതി​നെ​ക്കാൾ വലിയ ഒരു സ്വാത​ന്ത്ര്യം പെട്ടെ​ന്നു​തന്നെ വരാനി​രി​ക്കു​ക​യാണ്‌.

ഒട്ടും തിരി​ച്ച​റി​യ​പ്പെ​ടാ​തെ പോകുന്ന അടിമത്തം

മുമ്പ്‌ പരാമർശിച്ച, ഭൂമു​ഖ​ത്തുള്ള ഓരോ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും കുട്ടി​യെ​യും ബാധി​ക്കുന്ന അടിമ​ത്ത​ത്തി​ന്റെ ഒരു രൂപത്തെ കുറിച്ചു യേശു പറഞ്ഞതു ശ്രദ്ധി​ക്കുക: “പാപം ചെയ്യു​ന്നവൻ എല്ലാം പാപത്തി​ന്റെ ദാസൻ ആകുന്നു.” (യോഹ​ന്നാൻ 8:34) താൻ പാപം ചെയ്‌തി​ട്ടി​ല്ലെന്ന്‌ ആർക്കാണ്‌ അവകാ​ശ​പ്പെ​ടാൻ കഴിയുക? അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പോലും ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യു​ന്നി​ല്ല​ല്ലോ; ഇച്ഛിക്കാത്ത തിന്മയ​ത്രേ പ്രവർത്തി​ക്കു​ന്നതു.” (റോമർ 7:19) പാപത്തി​ന്റെ ചങ്ങല സ്വയം പൊട്ടി​ച്ചെ​റി​യാൻ ആർക്കും കഴിയി​ല്ലെ​ങ്കി​ലും നമ്മുടെ അവസ്ഥ പ്രത്യാ​ശ​യി​ല്ലാ​ത്തതല്ല.

യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ പിൻവ​രുന്ന ഉറപ്പു നൽകി: “പുത്രൻ നിങ്ങൾക്കു സ്വാത​ന്ത്ര്യം വരുത്തി​യാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.” (യോഹ​ന്നാൻ 8:36) ഈ വാഗ്‌ദാ​നം നിവൃ​ത്തി​യേ​റു​മ്പോൾ അടിമ​ത്ത​ത്തി​ന്റെ ഏറ്റവും ഹാനി​ക​ര​മായ രൂപത്തിൽനിന്ന്‌ നമുക്കു സ്വാത​ന്ത്ര്യം ലഭിക്കും. അതിൽനിന്ന്‌ എങ്ങനെ രക്ഷപ്പെ​ടാൻ കഴിയു​മെന്നു മനസ്സി​ലാ​ക്കാൻ ആദ്യം​തന്നെ നാം അതിന്‌ അടിമ​ക​ളാ​യി​ത്തീർന്നത്‌ എങ്ങനെ​യെന്ന്‌ അറി​യേ​ണ്ട​തുണ്ട്‌.

ദൈവം മനുഷ്യ​നെ സ്വന്തം ഗതി തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തോ​ടെ​യാണ്‌ സൃഷ്ടി​ച്ച​തെന്ന്‌ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. അവനു പാപത്തി​ലേ​ക്കുള്ള ചായ്‌വ്‌ ഇല്ലായി​രു​ന്നു. എന്നാൽ സ്വാർഥ​നായ ഒരു അദൃശ്യ ദൈവ​പു​ത്രൻ മനുഷ്യ​വർഗ​ത്തി​ന്മേൽ അധികാ​രം പ്രയോ​ഗി​ക്കാൻ ആഗ്രഹി​ച്ചു, മനുഷ്യ​വർഗ​ത്തി​ന്മേൽ അതു യാതനകൾ വരുത്തി​വെ​ക്കു​മെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും. ആ ലക്ഷ്യം പ്രാപി​ക്കാ​നാ​യി പിശാ​ചായ സാത്താൻ എന്ന്‌ പിന്നീട്‌ അറിയ​പ്പെ​ടാ​നി​ട​യായ മത്സരി​യായ ആ ദൂതൻ നമ്മുടെ ആദ്യ മാതാ​പി​താ​ക്ക​ളായ ആദാമി​നെ​യും ഹവ്വാ​യെ​യും ദൈവ​ത്തിൽനി​ന്നു തിരി​ച്ചു​ക​ളഞ്ഞു. ആദാം ദൈവ​ത്തി​ന്റെ കൃത്യ​മായ നിർദേ​ശ​ങ്ങളെ ധിക്കരി​ച്ച​പ്പോൾ അവൻ സ്വയം ഒരു പാപി​യാ​യി​ത്തീർന്നു. കൂടാതെ അവൻ തന്റെ സന്താന​ങ്ങ​ളി​ലേക്ക്‌ അപൂർണ​ത​യും മരണവും കൈമാ​റി. (റോമർ 5:12) അങ്ങനെ സാത്താൻ “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി” ആയിത്തീർന്നു. മാത്രമല്ല മനുഷ്യ​വർഗ​ത്തി​ന്മേൽ ‘പാപം മരണത്തി​ലൂ​ടെ ആധിപ​ത്യം പുലർത്താൻ’ തുടങ്ങു​ക​യും ചെയ്‌തു.—യോഹ​ന്നാൻ 12:31; റോമർ 5:21, പി.ഒ.സി. ബൈബിൾ; വെളി​പ്പാ​ടു 12:9.

നമു​ക്കെ​ങ്ങ​നെ അതിൽനി​ന്നു സ്വാത​ന്ത്ര്യം പ്രാപി​ക്കാൻ കഴിയും? യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി​ത്തീ​രു​ന്ന​തി​ലൂ​ടെ നമുക്ക്‌ “മരണത്തി​ന്റെ അധികാ​രി​യായ പിശാ​ചി​നെ . . . നീക്കി ജീവപ​ര്യ​ന്തം മരണഭീ​തി​യാൽ അടിമ​ക​ളാ​യി​രു​ന്ന​വരെ ഒക്കെയും വിടുവി”ക്കാൻ ശക്തിയുള്ള ക്രിസ്‌തു​വി​ന്റെ ബലിമ​ര​ണ​ത്തി​ന്റെ പ്രയോ​ജനം അനുഭ​വി​ക്കാൻ കഴിയും. (എബ്രായർ 2:14, 15) അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക—പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനി​ന്നുള്ള മോചനം! അത്തരം സ്വാത​ന്ത്ര്യ​ത്തെ കുറി​ച്ചുള്ള ചിന്ത ആകർഷ​ക​മല്ലേ?

എന്നാൽ തുടക്ക​ത്തിൽ നാം ചർച്ച ചെയ്‌ത​തരം അടിമ​ത്തത്തെ കുറിച്ച്‌ എന്ത്‌? സ്വന്ത ഇഷ്ടത്തിന്‌ എതിരാ​യി ആളുകളെ ബലം​പ്ര​യോ​ഗിച്ച്‌ അടിമ​ക​ളാ​ക്കുന്ന രീതിക്ക്‌ എന്നെങ്കി​ലും ഒരു അവസാനം വരുമോ?

പ്രത്യാ​ശ​യ്‌ക്കുള്ള ഉറച്ച അടിസ്ഥാ​നം

വെറു​പ്പു​ള​വാ​ക്കുന്ന അത്തരം അടിമത്തം തുടച്ചു​നീ​ക്ക​പ്പെ​ടു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. എന്തു​കൊണ്ട്‌? ഇതിനെ കുറിച്ചു ചിന്തി​ക്കുക: മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും വലിയ സ്വാത​ന്ത്ര്യ ലബ്ധിക്കു പിന്നിൽ പ്രവർത്തി​ച്ചത്‌ യഹോ​വ​യാം ദൈവം ആയിരു​ന്നു. ആ ചരിത്ര രേഖ ഒരുപക്ഷേ നിങ്ങൾക്കു സുപരി​ചി​തം ആയിരി​ക്കും.

ഇസ്രാ​യേൽ ജനത ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്നു. അവിടെ അവർ കഠിനാ​ധ്വാ​നം ചെയ്യാൻ നിർബ​ന്ധി​ത​രാ​യി, ഒപ്പം ക്രൂര പെരു​മാ​റ്റ​വും അവർക്കു സഹി​ക്കേ​ണ്ടി​വന്നു. അവർ ദൈവ​ത്തോ​ടു സഹായ​ത്തി​നാ​യി നിലവി​ളി​ച്ചു. അത്യന്തം കാരു​ണ്യ​വാ​നായ അവൻ ആ പ്രാർഥന കേട്ട്‌ അതിന്‌ ഉത്തരമ​രു​ളി. മോ​ശെ​യെ​യും അഹരോ​നെ​യും തന്റെ വക്താക്ക​ളാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോവ, ഇസ്രാ​യേ​ല്യ​രെ സ്വത​ന്ത്ര​രാ​യി വിട്ടയ​യ്‌ക്കാൻ ഈജി​പ്‌തി​ന്റെ ഭരണാ​ധി​കാ​രി​യായ ഫറവോ​നോ​ടു കൽപ്പിച്ചു. യഹോവ ആ ദേശത്തി​ന്മേൽ ഒന്നൊ​ന്നാ​യി വിനാ​ശ​ക​മായ ബാധകൾ വരുത്തി​യി​ട്ടും അഹങ്കാ​രി​യായ ചക്രവർത്തി അതിനു കൂട്ടാ​ക്കി​യില്ല. ഒടുവിൽ, ദൈവം ഫറവോ​നെ മുട്ടു​കു​ത്തി​ച്ചു. ഇസ്രാ​യേ​ല്യർ സ്വത​ന്ത്ര​രാ​ക്ക​പ്പെട്ടു!—പുറപ്പാ​ടു 12:29-32.

എത്ര പുളക​പ്ര​ദ​മായ ഒരു വിവരണം, അല്ലേ? എന്നാൽ ഈ ആധുനിക കാലത്തു ദൈവം സമാന​മായ വിധത്തിൽ പ്രവർത്തി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. അവൻ എന്തു​കൊ​ണ്ടാണ്‌ മനുഷ്യ കാര്യാ​ദി​ക​ളിൽ ഇടപെ​ട്ടു​കൊണ്ട്‌ അടിമ​ത്ത​ത്തിന്‌ അവസാനം വരുത്താ​ത്തത്‌? ഓർക്കുക, യഹോ​വയല്ല, സാത്താ​നാണ്‌ ‘ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി.’ ഏദെനിൽ ഉന്നയി​ക്ക​പ്പെട്ട വെല്ലു​വി​ളി​കൾ കാരണം യഹോവ ഒരു പരിമിത സമയ​ത്തേക്കു ഭരണം ദുഷ്ടനായ ഈ എതിരാ​ളി​ക്കു വിട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാണ്‌. അടിമ​ത്ത​വും മർദന​വും ക്രൂര​ത​യും സാത്താന്റെ ഭരണാ​ധി​പ​ത്യ​ത്തി​ന്റെ മുഖമു​ദ്ര​ക​ളാണ്‌. അത്തരം സ്വാധീ​ന​ത്തിൻകീ​ഴിൽ മനുഷ്യ ഭരണാ​ധി​പ​ത്യം ഒരു വൻ പരാജ​യ​മാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. ബൈബിൾ അതിനെ കൃത്യ​മാ​യി ഇങ്ങനെ സംക്ഷേ​പി​ക്കു​ന്നു: ‘മനുഷ്യൻ മനുഷ്യ​ന്റെ മേൽ അവന്റെ ദോഷ​ത്തി​ന്നാ​യി അധികാ​രം’ നടത്തി​യി​രി​ക്കു​ന്നു.—സഭാ​പ്ര​സം​ഗി 8:9.

എന്നാൽ എത്ര കാല​ത്തേക്ക്‌ ഇതു തുടരും? നാം “അന്ത്യകാല”ത്താണ്‌ ജീവി​ക്കു​ന്ന​തെ​ന്നും ആ സമയത്തു സ്വാർഥ​ത​യും അത്യാ​ഗ്ര​ഹ​വും കൊടി​കു​ത്തി വാഴു​മെ​ന്നും ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1, 2) ഇതിന്റെ അർഥം പെട്ടെ​ന്നു​തന്നെ ദൈവ​ത്തി​ന്റെ രാജ്യം—അതിനു​വേണ്ടി പ്രാർഥി​ക്കാ​നാണ്‌ യേശു നമ്മെ പഠിപ്പി​ച്ചത്‌—അടിമ​ത്തത്തെ പൂർണ​മാ​യും നിർമാർജനം ചെയ്‌തു​കൊണ്ട്‌ നീതി​യുള്ള ഒരു സമുദാ​യം സ്ഥാപി​ക്കു​മെ​ന്നാണ്‌. (മത്തായി 6:9, 10) ദൈവ​ത്തി​ന്റെ നിയമിത രാജാ​വായ യേശു​ക്രി​സ്‌തു അടിമ​ത്ത​ത്തി​ന്റെ എല്ലാ കണിക​യും തുടച്ചു​നീ​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ ഉറപ്പു വരുത്തും. ഒടുക്കത്തെ ശത്രു​വായ മരണ​ത്തെ​യും അവൻ നീക്കി​ക്ക​ള​യും.—1 കൊരി​ന്ത്യർ 15:25, 26.

ആ ദിവസം വന്നെത്തു​മ്പോൾ, ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നുള്ള ദൈവ​ജ​ന​ത​യു​ടെ വിടു​വി​ക്കൽ വരാനി​രുന്ന വൻ വിമോ​ച​ന​ത്തി​ന്റെ ഒരു ചെറിയ മുൻനി​ഴൽ മാത്ര​മാ​യി​രു​ന്നു​വെന്ന്‌ വിശ്വസ്‌ത മനുഷ്യ​വർഗം തിരി​ച്ച​റി​യും. അതേ, കാലാ​ന്ത​ര​ത്തിൽ, ‘സൃഷ്ടി​ത​ന്നെ​യും ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനി​ന്നു സ്വത​ന്ത്ര​മാ​ക്ക​പ്പെ​ടും.’ ഒടുവിൽ, സകലർക്കും “ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം” പൂർണ​മാ​യി ആസ്വദി​ക്കാൻ കഴിയും.—റോമർ 8:21, NW. (g02 6/22)

[അടിക്കു​റിപ്പ്‌]

a ഒന്നാം നൂറ്റാ​ണ്ടിൽ റോമാ​ക്കാ​രു​ടെ വിരുന്നു സത്‌കാര വേളക​ളിൽ അതിഭ​ക്ഷണം വളരെ സാധാ​ര​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഭക്ഷണമോ അതു​പോ​ലുള്ള മറ്റെ​ന്തെ​ങ്കി​ലു​മോ തങ്ങളെ അടിമ​ക​ളാ​ക്കു​ന്ന​തി​നെ​തി​രെ സൂക്ഷി​ക്കാൻ ക്രിസ്‌ത്യാ​നി​കൾക്കു മുന്നറി​യി​പ്പു ലഭിച്ചി​രു​ന്നു.—റോമർ 6:16; 1 കൊരി​ന്ത്യർ 6:12, 13; തീത്തൊസ്‌ 2:3.

[7-ാം പേജിലെ ചിത്രം]

ഐക്യനാടു കളിൽ മാത്രം, ചൂതാ​ട്ട​ത്തി​ന്റെ അടിമ​ക​ളായ 60 ലക്ഷത്തോ​ളം ആളുക​ളുണ്ട്‌

[7-ാം പേജിലെ ചിത്രങ്ങൾ]

കോടിക്കണക്കിന്‌ ആളുകൾ മയക്കു​മ​രു​ന്നി​നും മദ്യത്തി​നും പുകയി​ല​യ്‌ക്കും അടിമ​പ്പെ​ട്ടി​രി​ക്കു​ന്നു

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

റിക്കാർഡോയെ പോലെ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ ആസക്തി​ക​ളിൽനി​ന്നു മോചനം നേടു​ന്ന​തിൽ ദൈവ​ത്തി​ന്റെ സഹായം അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌

[10-ാം പേജിലെ ചിത്രങ്ങൾ]

പുരാതന ഇസ്രാ​യേൽ ജനത അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെ​ട്ടതു പോലെ പെട്ടെ​ന്നു​തന്നെ ദൈവ​ത്തി​ന്റെ സത്യാ​രാ​ധകർ ഏറെ ബൃഹത്തായ ഒരു വിമോ​ചനം ആസ്വദി​ക്കും