വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അടിമത്തം ഇന്നും തുടരുന്ന ഒരു നീച സമ്പ്രദായം

അടിമത്തം ഇന്നും തുടരുന്ന ഒരു നീച സമ്പ്രദായം

അടിമത്തം ഇന്നും തുടരുന്ന ഒരു നീച സമ്പ്രദാ​യം

ചരി​ത്ര​ത്തി​ലെ ഒരു അടഞ്ഞ അധ്യാ​യ​മാ​ണോ അടിമത്തം? ആണെന്നു ചിന്തി​ക്കാ​നാ​ണു മിക്കവ​രും ആഗ്രഹി​ക്കുക. ആ വാക്കു കേൾക്കു​മ്പോൾത്തന്നെ മൃഗീയ പീഡന​ത്തി​ന്റെ​യും മർദന​ത്തി​ന്റെ​യും ഭയാനക ചിത്ര​ങ്ങ​ളാ​ണു മനസ്സിൽ തെളി​യു​ന്നത്‌. എന്നാൽ, പലരു​ടെ​യും കാര്യ​ത്തിൽ അത്‌ ചരി​ത്ര​ത്തി​ന്റെ ചവറ്റു​കു​ട്ട​യിൽ തള്ളിയ ഒരു പഴഞ്ചൻ സമ്പ്രദാ​യം മാത്ര​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ഈ വിഷയത്തെ കുറിച്ചു പറയു​മ്പോൾ ചിലർ ചിന്തി​ക്കു​ന്നത്‌ പോയ നൂറ്റാ​ണ്ടു​ക​ളി​ലെ അടിമ​ക്ക​പ്പ​ലു​കളെ കുറി​ച്ചും നിരങ്ങി​നീ​ങ്ങുന്ന ആ മരക്കപ്പ​ലു​ക​ളു​ടെ ചരക്കു​ക​യ​റ്റുന്ന ഭാഗത്ത്‌ അങ്ങേയറ്റം വൃത്തി​ഹീ​ന​മായ ചുറ്റു​പാ​ടു​ക​ളിൽ തിക്കി​ക്കൊ​ള്ളി​ച്ചി​രി​ക്കുന്ന ഭയവി​ഹ്വ​ല​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ കുറി​ച്ചു​മാണ്‌.

ഇന്ന്‌ സമു​ദ്ര​ങ്ങ​ളിൽ ഇത്തരം കപ്പലുകൾ കാണാൻ കഴിയില്ല എന്നതു ശരിയാണ്‌. അന്താരാ​ഷ്‌ട്ര കരാറു​കൾ ഈ വിധത്തി​ലുള്ള അടിമ​ത്തത്തെ നിരോ​ധി​ച്ചി​രി​ക്കു​ന്നു. എന്നാൽ അടിമ​ത്ത​ത്തി​നു തിരശ്ശീല വീണി​രി​ക്കു​ന്നു​വെന്ന്‌ ഒരു പ്രകാ​ര​ത്തി​ലും പറയാ​നാ​വില്ല. മനുഷ്യാ​വ​കാശ സംഘട​ന​യായ ‘അന്താരാ​ഷ്‌ട്ര അടിമത്ത വിരുദ്ധ സംഘടന’ കണക്കാ​ക്കു​ന്ന​പ്ര​കാ​രം 20 കോടി ആളുകൾ ഇന്നും ഏതെങ്കി​ലും വിധത്തി​ലുള്ള അടിമ​നു​ക​വും പേറി ജീവി​ക്കു​ന്ന​വ​രാണ്‌. കഴിഞ്ഞ നൂറ്റാ​ണ്ടി​ലെ അടിമ​കൾക്കു സഹി​ക്കേണ്ടി വന്നതി​നെ​ക്കാൾ ശോച​നീ​യ​മായ ചുറ്റു​പാ​ടു​ക​ളി​ലാ​യി​രി​ക്കാം ഇവർ പണി​യെ​ടു​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ, ചില വിശക​ല​ന​വി​ദ​ഗ്‌ധർ “ലോക​ത്തിൽ ഇന്ന്‌ മുമ്പെ​ന്ന​ത്തെ​ക്കാ​ളു​മ​ധി​കം അടിമ​ക​ളുണ്ട്‌” എന്ന്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഈ ആധുനിക അടിമ​കൾക്കു കരളലി​യി​ക്കുന്ന കഥകളാ​ണു പറയാ​നു​ള്ളത്‌. കാഞ്ചിക്ക്‌ a വെറും പത്തു വയസ്സേ ഉള്ളൂ. ദിവസ​വും നിഷ്‌ഠു​ര​രായ യജമാ​ന​ന്മാ​രു​ടെ തല്ലും​കൊണ്ട്‌ കാലി​കളെ മേയ്‌ക്ക​ലാണ്‌ അവന്റെ പണി. “ഭാഗ്യ​ത്തി​നെ​ങ്ങാ​നും ഒരു കഷണം ഉണക്ക​റൊ​ട്ടി കിട്ടി​യാ​ലാ​യി, അല്ലെങ്കിൽ ദിവസം മുഴു​വ​നും പട്ടിണി തന്നെ,” അവൻ പറയുന്നു. “എനിക്ക്‌ ഇതുവരെ കൂലി​യൊ​ന്നും തന്നിട്ടില്ല, കാരണം ഞാൻ അവരുടെ അടിമ​യാണ്‌, അവരുടെ മുതലാണ്‌. . . . എന്റെ പ്രായ​ത്തി​ലുള്ള മറ്റു കുട്ടികൾ കളിച്ചു​ചി​രി​ച്ചു നടക്കുന്നു, ഇങ്ങനെ ജീവി​ക്കു​ന്ന​തി​നെ​ക്കാൾ ഭേദം മരിക്കു​ന്ന​താണ്‌.”

കാഞ്ചിയെ പോലെ ആധുനിക അടിമ​ക​ളിൽ മിക്കവ​രും കുട്ടി​ക​ളോ സ്‌ത്രീ​ക​ളോ ആണ്‌. സ്വന്തം ഇഷ്ടത്തി​നെ​തി​രാ​യി, പരവതാ​നി നെയ്‌ത്തു​കാ​രോ റോഡു പണിക്കാ​രോ കരിമ്പു മുറി​ക്കു​ന്ന​വ​രോ വേശ്യ​ക​ളോ പോലു​മാ​യി പണി​യെ​ടു​ക്കാൻ അവർ നിർബ​ന്ധി​ത​രാ​യി​ത്തീ​രു​ന്നു. ചില​പ്പോൾ വെറും 500 രൂപയ്‌ക്കും മറ്റുമാണ്‌ അവരെ വിൽക്കു​ന്നത്‌. കടം വീട്ടാ​നാ​യി സ്വന്തം മക്കളെ​പ്പോ​ലും അടിമ​ക​ളാ​യി വിൽക്കുന്ന ആളുക​ളുണ്ട്‌.

ഇത്തരം വിവര​ണങ്ങൾ നിങ്ങളെ വേദനി​പ്പി​ക്കു​ന്നു​വോ? എങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. വിൽപ്പ​ന​ച്ച​ര​ക്കു​ക​ളാ​കുന്ന മനുഷ്യർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ കെവിൻ ബേൽസ്‌ പറയുന്നു: “അടിമത്തം നീചമാണ്‌. ഒരാളു​ടെ അധ്വാനം മാത്രമല്ല, മുഴു ജീവി​ത​വു​മാണ്‌ ചൂഷണം ചെയ്യ​പ്പെ​ടു​ന്നത്‌.” മനുഷ്യൻ സഹമനു​ഷ്യ​നോട്‌ ഇത്ര നിർദ​യ​മാ​യി പെരു​മാ​റു​മ്പോൾ അടിമത്തം എന്ന നീച സമ്പ്രദാ​യ​ത്തിന്‌ എന്നെങ്കി​ലും തിരശ്ശീല വീഴു​മെന്നു വിശ്വ​സി​ക്കാൻ നമുക്കു കഴിയു​മോ? നിങ്ങൾ വിചാ​രി​ച്ചേ​ക്കാ​വു​ന്ന​തി​നെ​ക്കാൾ വലി​യൊ​രു വിധത്തിൽ നിങ്ങളെ വ്യക്തി​പ​ര​മാ​യി ബാധി​ക്കുന്ന ഒരു ചോദ്യ​മാണ്‌ ഇത്‌.

നാം കാണാൻ പോകു​ന്നതു പോലെ അടിമ​ത്ത​ത്തി​നു വ്യത്യസ്‌ത രൂപങ്ങ​ളുണ്ട്‌. അവയിൽ ചിലത്‌ ജീവി​ച്ചി​രി​ക്കുന്ന ഓരോ​രു​ത്ത​രെ​യും ബാധി​ക്കു​ന്നു. അതു​കൊണ്ട്‌ മനുഷ്യന്‌ എന്നെങ്കി​ലും യഥാർഥ സ്വാത​ന്ത്ര്യം ലഭിക്കു​മോ എന്നു നമ്മളെ​ല്ലാം അറി​യേ​ണ്ടി​യി​രി​ക്കു​ന്നു. എന്നാൽ ആദ്യം നമുക്ക്‌ അടിമ​ക്ക​ച്ച​വ​ട​ത്തി​ന്റെ ചരിത്രം അൽപ്പമാ​യൊ​ന്നു പരി​ശോ​ധി​ക്കാം. (g02 6/22)

[അടിക്കു​റിപ്പ്‌]

a യഥാർഥ പേരല്ല.

[3-ാം പേജിലെ ചിത്രങ്ങൾ]

ദരിദ്രരായ സ്‌ത്രീ​ക​ളും കുട്ടി​ക​ളും കാലങ്ങ​ളാ​യി അടിമ​ക്ക​ച്ച​വ​ട​ത്തി​ന്റെ ഇരകളാ​യി​രു​ന്നി​ട്ടുണ്ട്‌

[കടപ്പാട്‌]

മുകളിലത്തെ ഫോട്ടോ: UN PHOTO 148000/Jean Pierre Laffont

U.S. National Archives photo