അടിമത്തത്തിന് എതിരെയുള്ള നീണ്ട പോരാട്ടം
അടിമത്തത്തിന് എതിരെയുള്ള നീണ്ട പോരാട്ടം
“പീഡനം നിശ്ശബ്ദം സഹിക്കുക, മർദനത്തെ ഭയന്ന് അനീതിക്ക് എതിരെ ശബ്ദം ഉയർത്താതിരിക്കുക. അടിമയായിരിക്കുകയെന്നാൽ ഇതാണ് അർഥം.”—യുറിപിഡിസ്, പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് നാടകകൃത്ത്.
അടിമത്തത്തിന്റെ ചരിത്രം നീണ്ടതും വിരൂപവുമായ ഒന്നാണ്. ആദ്യകാല സംസ്കാരങ്ങളായ ഈജിപ്തിന്റെയും മെസൊപ്പൊത്താമ്യയുടെയും കാലംതൊട്ടേ ശക്തരായ രാഷ്ട്രങ്ങൾ ശക്തികുറഞ്ഞ അയൽരാഷ്ട്രങ്ങളെ അടക്കിഭരിച്ചിട്ടുണ്ട്. അങ്ങനെ മാനവ അനീതിയുടെ ദുഃഖപൂർണമായ ഒരു അധ്യായത്തിനു തുടക്കം കുറിക്കപ്പെട്ടു.
പൊതുയുഗത്തിനു മുമ്പുള്ള രണ്ടാം സഹസ്രാബ്ദത്തിൽ ലക്ഷക്കണക്കിന് ആളുകൾ അടങ്ങുന്ന ഒരു ജനതയെ ഒന്നടങ്കം ഈജിപ്ത് അടിമകളാക്കി. (പുറപ്പാടു 1:13, 14; 12:37) മെഡിറ്ററേനിയൻ പ്രദേശത്തിനു മേൽ ഗ്രീസ് ആധിപത്യം പുലർത്തിയിരുന്ന സമയത്ത് പല ഗ്രീക്കു കുടുംബങ്ങൾക്കും ഒരു അടിമയെങ്കിലും ഉണ്ടായിരുന്നു—ഇന്നു ചില രാജ്യങ്ങളിൽ ഓരോ സാധാരണ കുടുംബത്തിനും ഒരു കാറുള്ളതുപോലെ. മനുഷ്യവർഗം യജമാനന്മാർ, അടിമകൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും ആദ്യത്തെ കൂട്ടർ ആജ്ഞകൾ നൽകാനും രണ്ടാമത്തെ കൂട്ടർ ആജ്ഞകൾ അനുസരിക്കാനുമായി ജനിച്ചവരാണ് എന്നും പറഞ്ഞുകൊണ്ട് ഗ്രീക്കു തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ ഈ സമ്പ്രദായത്തെ ന്യായീകരിച്ചു.
എന്നാൽ ഗ്രീക്കുകാരെക്കാൾ അധികമായി റോമാക്കാരാണ് ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിച്ചത്. ഒരുപക്ഷേ അപ്പൊസ്തലനായ പൗലൊസിന്റെ കാലത്ത് റോമാ നഗരത്തിലെ ജനസംഖ്യയിൽ പകുതിയും—ലക്ഷക്കണക്കിന് ആളുകൾ—അടിമകളായിരുന്നു. സ്മാരകങ്ങൾ പണിയാനും ഖനികളിലും പാടങ്ങളിലുമൊക്കെ പണിയെടുക്കാനും സമ്പന്നരുടെ മണിമാളികകളിൽ ജോലി ചെയ്യാനുമായി ഓരോ വർഷവും റോമാ സാമ്രാജ്യത്തിന് അഞ്ചു ലക്ഷം അടിമകളുടെ ആവശ്യമുണ്ടായിരുന്നു. a സാധാരണമായി യുദ്ധത്തടവുകാരെയാണ് അടിമകളാക്കിയിരുന്നത്. അതുകൊണ്ട് കൂടുതൽ അടിമകൾക്കായുള്ള റോമിന്റെ അടങ്ങാത്ത ആവശ്യമായിരുന്നിരിക്കാം യുദ്ധങ്ങളിൽ തുടർച്ചയായി ഏർപ്പെടാൻ അതിനെ ശക്തമായി പ്രേരിപ്പിച്ച ഒരു ഘടകം.
റോമൻ സാമ്രാജ്യത്തിന്റെ പതനത്തോടെ അടിമത്തത്തിന് കുറെ ശമനമുണ്ടായെങ്കിലും അതു പൂർണമായി അവസാനിച്ചില്ല. ‘ഡൂംസ്ഡേ ബുക്ക്’ (പൊ.യു. 1086) പറയുന്നതനുസരിച്ച് മധ്യകാല ഇംഗ്ലണ്ടിൽ തൊഴിലാളികളുടെ 10 ശതമാനവും അടിമകളായിരുന്നു. യുദ്ധത്തിലൂടെ അടിമകളെ സമ്പാദിക്കുന്ന രീതിയും തുടർന്നുപോന്നു. അടിമ എന്നതിന്റെ ഇംഗ്ലീഷ് പദമായ ‘സ്ലേവ്’ രൂപംകൊണ്ടിരിക്കുന്നത് “സ്ലാവ്” എന്ന പദത്തിൽനിന്നാണ്. മധ്യകാലഘട്ടങ്ങളുടെ തുടക്കത്തിൽ യൂറോപ്പിലെ അടിമകളിൽ വലിയൊരു ഭാഗം സ്ലാവിക് ഭാഷ സംസാരിക്കുന്നവർ ആയിരുന്നു എന്നതാണ് അതിനു കാരണം.
എന്നാൽ ക്രിസ്തുവിനു ശേഷമുള്ള കാലഘട്ടങ്ങളിൽ അടിമക്കച്ചവടത്തിന്റെ യാതനകൾ ഏറ്റവും അനുഭവിച്ചിട്ടുള്ളത് ആഫ്രിക്കൻ ഭൂഖണ്ഡമാണ്. യേശുവിന്റെ സമയത്തിനു മുമ്പു പോലും പുരാതന ഈജിപ്തുകാർ എത്യോപ്യൻ അടിമകളെ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. 1,250-ഓളം വർഷത്തെ ഒരു കാലഘട്ടത്തിനിടയിൽ 1.8 കോടി ആഫ്രിക്കക്കാരെ അടിമകളായി യൂറോപ്പിലേക്കും മധ്യപൂർവ ദേശങ്ങളിലേക്കും കൊണ്ടുപോയതായി കണക്കാക്കപ്പെടുന്നു. 16-ാം നൂറ്റാണ്ടിൽ അമേരിക്കകളുടെ അധിനിവേശം ആരംഭിച്ചതോടെ ഒരു പുതിയ അടിമക്കമ്പോളം തുറക്കപ്പെട്ടു. താമസിയാതെ അറ്റ്ലാന്റിക്കിനു കുറുകെയുള്ള അടിമക്കച്ചവടം ലോകത്തിലെ ഏറ്റവും ലാഭകരമായ ബിസിനസ്സുകളിൽ ഒന്നായിത്തീർന്നു. 1650-നും 1850-നും ഇടയ്ക്ക് 1.2 കോടിയിലധികം ആഫ്രിക്കക്കാരെ അടിമകളായി മറ്റു സ്ഥലങ്ങളിലേക്കു b അനേകരെയും അടിമക്കമ്പോളങ്ങളിൽ വിറ്റു.
കൊണ്ടുപോയതായി ചരിത്രകാരന്മാർ കണക്കാക്കുന്നു.അടിമത്തത്തിന് എതിരെയുള്ള പോരാട്ടങ്ങൾ
നൂറ്റാണ്ടുകളിലുടനീളം വ്യക്തികളും രാഷ്ട്രങ്ങളും അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയിട്ടുണ്ട്. ക്രിസ്തുവിനു മുമ്പ് ഒന്നാം നൂറ്റാണ്ടിൽ സ്പാർട്ടക്കസ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ 70,000-ത്തോളം റോമൻ അടിമകൾ സ്വാതന്ത്ര്യത്തിനായി പോരാടിയെങ്കിലും പരാജയപ്പെട്ടു. ഹെയ്റ്റിക്കാരായ അടിമകൾ ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് നടത്തിയ വിപ്ലവം കുറെക്കൂടെ വിജയകരമായിരുന്നു. അത് 1804-ൽ ഒരു സ്വതന്ത്ര ഗവൺമെന്റ് സ്ഥാപിക്കപ്പെടുന്നതിലേക്കു നയിച്ചു.
ഐക്യനാടുകളിൽ വളരെക്കാലം കൂടെ അടിമത്ത സമ്പ്രദായം നിലനിന്നു. ചില അടിമകൾ തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും അടിമനുകത്തിൽനിന്നു മോചിപ്പിക്കാൻ കഠിനമായി യത്നിച്ചു. അതുപോലെ അടിമത്ത സമ്പ്രദായം അവസാനിപ്പിക്കണമെന്നു ശക്തമായി വാദിക്കുകയും രക്ഷപ്പെട്ട് ഓടുന്ന അടിമകൾക്കു വേണ്ട സഹായങ്ങൾ നൽകുകയും ചെയ്ത സ്വതന്ത്ര വ്യക്തികൾ ഉണ്ടായിരുന്നു. എങ്കിലും 19-ാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോൾ മാത്രമാണ് രാജ്യത്തുടനീളം ഈ സമ്പ്രദായം നിരോധിക്കപ്പെട്ടത്. എന്നാൽ ഇന്നത്തെ കാര്യമോ?
പോരാട്ടങ്ങളെല്ലാം വ്യർഥമായിരുന്നോ?
“ആരെക്കൊണ്ടെങ്കിലും അടിമവൃത്തി ചെയ്യിക്കുകയോ ആരെയും അടിമത്തത്തിൽ വെക്കുകയോ ചെയ്യാൻ പാടുള്ളതല്ല: എല്ലാത്തരം അടിമത്തവും അടിമക്കച്ചവടവും നിരോധിക്കപ്പെടണം” എന്നു ‘സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം’ പറയുന്നു. 1948-ൽ ആവേശപൂർവം പ്രഖ്യാപിക്കപ്പെട്ട ആ ലക്ഷ്യം തീർച്ചയായും ശ്രേഷ്ഠമായ ഒന്നാണ്. ആത്മാർഥഹൃദയരായ പലരും തങ്ങളുടെ സമയവും ഊർജവും മറ്റ് ആസ്തികളും ആ ലക്ഷ്യപ്രാപ്തിക്കായി ഉഴിഞ്ഞുവെച്ചിട്ടുണ്ട്. എന്നാൽ വിജയം അത്ര എളുപ്പമല്ല.
കഴിഞ്ഞ ലേഖനം ചൂണ്ടിക്കാട്ടിയതു പോലെ, ദശലക്ഷക്കണക്കിന് ആളുകൾ ഇന്നും യാതൊരു പ്രതിഫലവും ലഭിക്കാതെ ഞെട്ടിക്കുന്നതരം അവസ്ഥകളിൽ കഠിനാധ്വാനം ചെയ്യുന്നവരാണ്. അവരിൽ പലരെയും സ്വന്ത ഇഷ്ടത്തിന് എതിരായി വിൽക്കുകയും വാങ്ങുകയും ചെയ്തിരിക്കുന്നതാണ്. അടിമത്ത നിർമാർജനത്തിനുള്ള സദുദ്ദേശ്യപരമായ പല ശ്രമങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും—അതിനെ നിരോധിക്കാനുള്ള അന്താരാഷ്ട്ര കരാറുകൾ ഒപ്പു വെച്ചിട്ടുണ്ടെങ്കിലും—സകലർക്കും യഥാർഥ സ്വാതന്ത്ര്യം എന്ന ലക്ഷ്യം ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. സമ്പദ്വ്യവസ്ഥയുടെ ആഗോളവത്കരണം രഹസ്യ അടിമക്കച്ചവടത്തെ കൂടുതൽ ലാഭകരമാക്കിയിരിക്കുന്നു. ചിലയിടങ്ങളിൽ അടിമത്തം മനുഷ്യവർഗത്തിന്മേലുള്ള അതിന്റെ നീരാളിപ്പിടിത്തം മുറുക്കിയിരിക്കുന്നതായാണ് കാണാൻ കഴിയുന്നത്. പ്രത്യാശയ്ക്കു യാതൊരു വകയുമില്ലേ? നമുക്കു നോക്കാം. (g02 6/22)
[അടിക്കുറിപ്പുകൾ]
a അതിസമ്പന്നരായ ചില റോമാക്കാർക്ക് 20,000 അടിമകൾ വരെ ഉണ്ടായിരുന്നിരിക്കാമെന്ന് ഒരു പുരാതന ഗ്രന്ഥം സൂചിപ്പിക്കുന്നു.
b മനുഷ്യ ജീവിതങ്ങളെ വിൽപ്പനച്ചരക്കാക്കുന്ന ഈ മൃഗീയ സമ്പ്രദായത്തിന് ദൈവ പിന്തുണയുണ്ടെന്ന് തത്ത്വദീക്ഷയില്ലാത്ത ചില വൈദികർ അവകാശപ്പെട്ടു. തത്ഫലമായി ഇന്നും ചിലർക്ക് ബൈബിൾ ഇത്തരം ക്രൂരതയെ ന്യായീകരിക്കുന്നുവെന്ന തെറ്റിദ്ധാരണ ഉണ്ട്. ഉണരുക!യുടെ 2001 ഒക്ടോബർ 8 ലക്കത്തിൽ വന്ന “അടിമക്കച്ചവടം ദൈവം അനുവദിച്ചതോ?” എന്ന ലേഖനം ദയവായി കാണുക.
[4, 5 പേജുകളിലെ ചിത്രങ്ങൾ]
ആഫ്രിക്കയിൽനിന്ന് ആളുകളെ അടിമക്കപ്പലുകളിൽ കൊണ്ടുവന്ന് (മുകളിൽ) അമേരിക്കൻ അടിമക്കമ്പോളങ്ങളിൽ പതിവായി വിറ്റിരുന്നു
[കടപ്പാട്]
Godo-Foto
Archivo General de las Indias