വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അസഹിഷ്‌ണുതയുടെ കാലത്ത്‌ സഹിഷ്‌ണുത പ്രകടമാക്കിയ ഒരു രാജ്യം

അസഹിഷ്‌ണുതയുടെ കാലത്ത്‌ സഹിഷ്‌ണുത പ്രകടമാക്കിയ ഒരു രാജ്യം

അസഹി​ഷ്‌ണു​ത​യു​ടെ കാലത്ത്‌ സഹിഷ്‌ണുത പ്രകട​മാ​ക്കിയ ഒരു രാജ്യം

“സകലർക്കും സ്വമന​സ്സാ​ലെ ഇഷ്ടമുള്ള മതം സ്വീക​രി​ക്കാ​നും സ്വന്തം മതപ്ര​സം​ഗ​കരെ പിന്തു​ണ​യ്‌ക്കാ​നു​മുള്ള സ്വാത​ന്ത്ര്യ​മുണ്ട്‌.”

ആ വാക്കു​കൾ എപ്പോൾ എഴുത​പ്പെട്ടു എന്ന്‌ ഊഹി​ക്കാൻ ആവശ്യ​പ്പെ​ട്ടാൽ നിങ്ങൾ എന്തു പറയും? അത്‌ ആധുനിക കാലത്തെ ഏതെങ്കി​ലും അവകാ​ശ​പ​ത്രി​ക​യു​ടെ ഭാഗമാ​ണെ​ന്നാ​യി​രി​ക്കും അനേക​രും അനുമാ​നി​ക്കുക.

എന്നാൽ ഈ പ്രഖ്യാ​പനം നടന്നത്‌ 400-ലധികം വർഷം മുമ്പാണ്‌ എന്ന്‌ അറിയു​മ്പോൾ നിങ്ങൾ അതിശ​യി​ച്ചേ​ക്കാം. അസഹി​ഷ്‌ണു​ത​യു​ടെ സമു​ദ്ര​ത്തിൽ സഹിഷ്‌ണു​ത​യു​ടെ ഒരു ദ്വീപു പോലെ നില​കൊണ്ട ഒരു ദേശത്താ​യി​രു​ന്നു അത്‌. ഏതായി​രു​ന്നു ആ ദേശം? ആദ്യം, അൽപ്പം പശ്ചാത്തല വിവരങ്ങൾ പരിചി​ന്തി​ക്കുക.

അസഹി​ഷ്‌ണുത പ്രബലം

മധ്യയു​ഗ​ങ്ങ​ളിൽ ഉടനീളം മതപര​മായ അസഹി​ഷ്‌ണുത സാധാ​ര​ണ​മാ​യി​രു​ന്നു. എന്നാൽ 16-ാം നൂറ്റാ​ണ്ടിൽ അത്‌ ആളിക്കത്തി. ഇംഗ്ലണ്ട്‌, ജർമനി, നെതർലൻഡ്‌സ്‌, ഫ്രാൻസ്‌ തുടങ്ങിയ രാജ്യ​ങ്ങ​ളിൽ രക്തപ്പുഴ ഒഴുകു​ന്ന​തിന്‌ ഇടയാ​ക്കിയ ബീഭത്സ​മായ യുദ്ധങ്ങൾക്കു മതം പിന്തുണ നൽകി. പാശ്ചാത്യ ക്രൈ​സ്‌തവ രാജ്യ​ങ്ങ​ളിൽ 1520-നും ഏതാണ്ട്‌ 1565-നും ഇടയ്‌ക്കുള്ള കാലഘ​ട്ട​ത്തിൽ 3,000-ത്തോളം ആളുകളെ പാഷണ്ഡി​ക​ളെന്നു മുദ്ര​കു​ത്തി വധിച്ചു. പ്രമാ​ണ​ങ്ങ​ളെ​യും ആശയങ്ങ​ളെ​യും ചോദ്യം ചെയ്യു​ന്നത്‌ പൊതു​വേ സ്വീകാ​ര്യ​മാ​യി​രു​ന്നില്ല, മതത്തിന്റെ കാര്യ​ത്തിൽ ഇതു വിശേ​ഷാൽ സത്യമാ​യി​രു​ന്നു.

കാലങ്ങ​ളാ​യി തർക്കവി​ധേ​യ​മാ​യി​രുന്ന ഒരു കത്തോ​ലിക്ക പഠിപ്പി​ക്ക​ലാ​യി​രു​ന്നു ത്രിത്വം—ദൈവ​ത്തിൽ മൂന്നു വ്യക്തി​ക​ളു​ണ്ടെന്ന വിശ്വാ​സം. വാസ്‌ത​വ​ത്തിൽ “മധ്യയു​ഗ​ങ്ങ​ളിൽ പാപ്പാ​മാർ ഉൾപ്പെ​ടെ​യുള്ള കത്തോ​ലിക്ക ദൈവ​ശാ​സ്‌ത്ര​ജ്ഞ​രു​ടെ ഇടയിൽ വളരെ​യ​ധി​കം വാദ​പ്ര​തി​വാ​ദ​ങ്ങൾക്ക്‌ ഇടയാ​ക്കിയ ഒരു വിഷയം” ആയിരു​ന്നു അതെന്ന്‌ ചരി​ത്ര​കാ​ര​നായ ഏൾ മോഴ്‌സ്‌ വിൽബർ പറയുന്നു. എന്നാൽ പൊതു​ജനം സാധാ​ര​ണ​ഗ​തി​യിൽ അത്തരം തർക്കങ്ങ​ളി​ലൊ​ന്നും പങ്കെടു​ത്തി​രു​ന്നില്ല. കാരണം അത്തരം പഠിപ്പി​ക്ക​ലു​കളെ അവർ “ദിവ്യ മർമങ്ങൾ” ആയി സ്വീക​രി​ക്കാൻ പ്രതീ​ക്ഷി​ച്ചി​രു​ന്നു.

എന്നാൽ ഈ മർമങ്ങൾക്കു വിശദീ​ക​രണം നേടാ​നുള്ള ശ്രമത്തിൽ 16-ാം നൂറ്റാ​ണ്ടി​ലെ ചിലർ മാമൂ​ലു​കളെ ലംഘി​ച്ചു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കാൻ തുടങ്ങി. സോളേ സ്‌ക്രി​പ്‌ച്ചൂ​റാ (തിരു​വെ​ഴു​ത്തു​കൾ മാത്രം) എന്നതാ​യി​രു​ന്നു അവരുടെ ആപ്‌ത​വാ​ക്യം. ത്രി​ത്വോ​പ​ദേ​ശത്തെ തള്ളിക്ക​ള​ഞ്ഞ​വർക്ക്‌—ത്രിത്വ​ദൈവ വിശ്വാ​സി​ക​ളിൽനി​ന്നു വേർതി​രി​ച്ചു​കാ​ണി​ക്കാ​നാ​യി ഇവരിൽ ചിലരെ ഏകദൈവ വിശ്വാ​സി​കൾ എന്നർഥ​മുള്ള യൂണി​റ്റേ​റി​യൻകാർ എന്നു പിൽക്കാ​ലത്തു വിളി​ച്ചി​രു​ന്നു—പലപ്പോ​ഴും കത്തോ​ലി​ക്ക​രു​ടെ​യും പ്രൊ​ട്ട​സ്റ്റ​ന്റു​കാ​രു​ടെ​യും ഉഗ്ര പീഡന​ത്തിന്‌ ഇരകളാ​കേ​ണ്ടി​വന്നു. പീഡനം ഒഴിവാ​ക്കാ​നാ​യി അവർ ഒളിവി​ലാ​ണു കഴിഞ്ഞി​രു​ന്നത്‌. അതു​പോ​ലെ തൂലി​കാ​നാ​മങ്ങൾ ഉപയോ​ഗി​ച്ചാ​യി​രു​ന്നു അവർ പുസ്‌ത​കങ്ങൾ എഴുതി​യി​രു​ന്നത്‌. ഇവർ രചിച്ച പുസ്‌ത​കങ്ങൾ വളരെ പ്രചാരം നേടു​ക​യും ചെയ്‌തി​രു​ന്നു. മതസഹി​ഷ്‌ണു​ത​യ്‌ക്കാ​യുള്ള പോരാ​ട്ട​ത്തി​ലും ത്രിത്വ​വി​രു​ദ്ധർ മുൻപ​ന്തി​യിൽ ഉണ്ടായി​രു​ന്നു. സ്‌പാ​നിഷ്‌ ദൈവ​ശാ​സ്‌ത്ര​ജ്ഞ​നായ മിഗെൽ സെർവേ​റ്റോ​യെ പോലുള്ള ചിലർക്ക്‌ തങ്ങളുടെ വിശ്വാ​സ​ങ്ങൾക്കാ​യി ജീവൻ ബലിക​ഴി​ക്കേ​ണ്ട​താ​യി പോലും വന്നു. a

സഹിഷ്‌ണു​ത​യാൽ ഏകീകൃ​തർ

എന്നാൽ മതയു​ദ്ധ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തിൽനി​ന്നും മതവി​മ​തരെ പീഡി​പ്പി​ക്കു​ന്ന​തിൽനി​ന്നും വിട്ടു​നി​ന്നു​കൊണ്ട്‌ ഒരു രാജ്യം തീർത്തും വ്യത്യ​സ്‌ത​മായ ഒരു സമീപനം കൈ​ക്കൊ​ണ്ടു. ട്രാൻസിൽവേ​നിയ ആയിരു​ന്നു ആ രാജ്യം. ഇപ്പോൾ കിഴക്കൻ യൂറോ​പ്പി​ലെ റൊ​മേ​നി​യ​യു​ടെ ഭാഗമായ അത്‌ സ്വയം​ഭ​ര​ണാ​വ​കാ​ശ​മുള്ള ഒരു രാജാ​ധി​കാര മണ്ഡലം ആയിരു​ന്നു. ഭർത്താ​വി​ന്റെ മരണ​ത്തോ​ടെ രാജ്യ​ഭ​ര​ണാ​ധി​കാ​രം ലഭിച്ച ട്രാൻസിൽവേ​നി​യ​യു​ടെ ഇസബെല്ല രാജ്ഞി “എല്ലാ വിഭാ​ഗ​ങ്ങ​ളു​ടെ​യും സംരക്ഷക ആയിത്തീർന്നു​കൊണ്ട്‌ മതസം​ഘ​ട്ട​ന​ങ്ങ​ളിൽനി​ന്നു വിട്ടു​നിൽക്കാൻ ശ്രമി​ച്ച​താ​യി” ഹംഗേ​റി​യൻ ചരി​ത്ര​കാ​രൻ കറ്റാലിൻ പേറ്റർ പറയുന്നു. 1544-നും 1574-നും ഇടയ്‌ക്ക്‌ ട്രാൻസിൽവേ​നി​യൻ പാർല​മെന്റ്‌ അഥവാ നിയമ​നിർമാ​ണസഭ, മതസ്വാ​ത​ന്ത്ര്യം ഉറപ്പാ​ക്കുന്ന 22 നിയമങ്ങൾ പാസാ​ക്കു​ക​യു​ണ്ടാ​യി.

ഉദാഹ​ര​ണ​ത്തിന്‌, 1557-ൽ ടോർഡോ നഗരത്തിൽ നടന്ന നിയമ​നിർമാ​ണ​സഭാ യോഗത്തെ തുടർന്ന്‌ രാജ്ഞി​യും പുത്ര​നും ചേർന്ന്‌ പിൻവ​രുന്ന ശാസനം പുറ​പ്പെ​ടു​വി​ച്ചു: “ഓരോ​രു​ത്തർക്കും ഇഷ്ടമുള്ള മതവി​ശ്വാ​സം വെച്ചു​പു​ലർത്തു​ക​യും പഴയതും പുതി​യ​തു​മായ ആചാരങ്ങൾ അനുഷ്‌ഠി​ക്കു​ക​യും ചെയ്യാ​വു​ന്ന​താണ്‌. മറ്റാർക്കും ദോഷം വരുത്താ​ത്തി​ട​ത്തോ​ളം കാലം വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ സ്വന്തം അഭി​പ്രാ​യ​പ്ര​കാ​രം പ്രവർത്തി​ക്കാൻ നാം ഏവരെ​യും അനുവ​ദി​ക്കു​ന്നു.” ഇതിനെ “സ്വാത​ന്ത്ര്യം ഉറപ്പാ​ക്കു​ന്ന​തി​നാ​യി പുറ​പ്പെ​ടു​വി​ക്ക​പ്പെട്ട ആദ്യത്തെ നിയമം” എന്നു വിളി​ച്ചി​രി​ക്കു​ന്നു. 1559-ൽ പൂർണ ഭരണാ​ധി​കാ​രം ലഭിച്ച ഇസബെ​ല്ല​യു​ടെ മകൻ യാനോഷ്‌ രണ്ടാമൻ ഷിഗി​സ്‌മു​ണ്ടി​ന്റെ കാലത്ത്‌ ട്രാൻസിൽവേ​നി​യ​യിൽ മതസഹി​ഷ്‌ണുത അതിന്റെ ഉച്ചകോ​ടി​യിൽ എത്തി.

പൊതു സംവാദം

ട്രാൻസിൽവേ​നി​യ​യി​ലെ ത്രിത്വ​വി​രുദ്ധ പ്രസ്ഥാ​ന​ത്തിൽ മുഖ്യ പങ്കുവ​ഹിച്ച മറ്റൊരു വ്യക്തി ജോർജോ ബ്യാൻഡ്രാ​റ്റാ എന്ന ഒരു ഇറ്റാലി​യൻ വൈദ്യ​നാ​യി​രു​ന്നു. ഒട്ടനവധി ത്രിത്വ​വി​രുദ്ധ അഭയാർഥി​കൾ അഭയം തേടി​യി​രുന്ന ഇറ്റലി​യി​ലും സ്വിറ്റ്‌സർലൻഡി​ലും സമയം ചെലവ​ഴി​ച്ച​പ്പോൾ ത്രിത്വം സംബന്ധിച്ച അദ്ദേഹ​ത്തി​ന്റെ സംശയങ്ങൾ കൂടുതൽ ശക്തമാ​യി​ത്തീർന്നി​രി​ക്കാം. പോള​ണ്ടി​ലേക്കു പോയ​ശേഷം, പിന്നീട്‌ പോളിഷ്‌ ബ്രദറു​കാർ എന്ന്‌ അറിയ​പ്പെ​ടാ​നി​ട​യായ ‘മൈനർ സഭ’യുടെ വളർച്ച​യ്‌ക്കാ​യി ബ്യാൻഡ്രാ​റ്റാ വളരെ​യ​ധി​കം പ്രവർത്തി​ച്ചു. b 1563-ൽ ഷിഗി​സ്‌മു​ണ്ടി​ന്റെ കൊട്ടാര വൈദ്യ​നും ഉപദേ​ശ​ക​നു​മെന്ന നിലയിൽ നിയമനം ലഭിച്ച അദ്ദേഹം ട്രാൻസിൽവേ​നി​യ​യി​ലേക്കു മാറി.

ട്രാൻസിൽവേ​നി​യ​യി​ലെ അഭ്യസ്‌ത​വി​ദ്യ​രിൽ ത്രിത്വ​ത്തെ ചോദ്യം ചെയ്‌ത മറ്റൊ​രാൾ നവീകൃത സഭയുടെ സൂപ്ര​ണ്ടും കൊട്ടാര മതപ്ര​സം​ഗ​ക​നും ആയിരുന്ന ഫ്രാൻസിസ്‌ ഡാവിഡ്‌ ആയിരു​ന്നു. ത്രിത്വ​വു​മാ​യി ബന്ധപ്പെട്ട സങ്കീർണ പഠിപ്പി​ക്ക​ലു​കളെ കുറിച്ച്‌ അദ്ദേഹം ഇങ്ങനെ എഴുതി: “ഈ കാര്യങ്ങൾ രക്ഷയ്‌ക്ക്‌ ആവശ്യ​മാ​ണെ​ങ്കിൽ, പാവപ്പെട്ട ഒരു ക്രിസ്‌തീയ കർഷക​നും രക്ഷപ്രാ​പി​ക്കില്ല എന്നതു സുനി​ശ്ചി​ത​മാണ്‌. കാരണം ആയുഷ്‌കാ​ലം മുഴുവൻ ശ്രമി​ച്ചാ​ലും അയാൾക്ക്‌ അവ മനസ്സി​ലാ​ക്കാൻ കഴിയില്ല.” ഡാവി​ഡും ബ്യാൻഡ്രാ​റ്റാ​യും ചേർന്ന്‌ സെർവേ​റ്റോ​യു​ടെ ചില എഴുത്തു​കൾ അടങ്ങുന്ന ഒരു പുസ്‌തകം പ്രസി​ദ്ധീ​ക​രി​ച്ചു. അവർ ആ പുസ്‌തകം ഷിഗി​സ്‌മു​ണ്ടിന്‌ സമർപ്പി​ച്ചു.

ത്രിത്വ​ത്തെ ചൊല്ലി​യുള്ള തർക്കങ്ങൾ വർധിച്ചു. അതോടെ ഈ വിഷയത്തെ കുറി​ച്ചുള്ള ഒരു പൊതു സംവാ​ദ​ത്തി​ന്റെ ആവശ്യം ഉയർന്നു​വന്നു. സോളേ സ്‌ക്രി​പ്‌ച്ചൂ​റാ എന്ന തത്ത്വത്തി​നു ചേർച്ച​യിൽ അത്തരം സംവാ​ദ​ങ്ങ​ളിൽ തത്ത്വജ്ഞാ​നത്തെ ആധാര​മാ​ക്കി​യല്ല തിരു​വെ​ഴു​ത്തു​കളെ ആധാര​മാ​ക്കി മാത്രമേ സംസാ​രി​ക്കാ​വൂ എന്ന്‌ ബ്യാൻഡ്രാ​റ്റാ അഭ്യർഥി​ച്ചു. 1566-ൽ നടത്തിയ വാദ​പ്ര​തി​വാ​ദം പ്രത്യേ​കി​ച്ചൊ​രു നിഗമ​ന​ത്തിൽ എത്താൻ സഹായി​ച്ചി​ല്ലെ​ങ്കി​ലും അതേത്തു​ടർന്ന്‌ ഷിഗി​സ്‌മുണ്ട്‌ ത്രിത്വ​വി​രു​ദ്ധർക്ക്‌ തങ്ങളുടെ ആശയങ്ങൾ പ്രചരി​പ്പി​ക്കാൻ കഴി​യേ​ണ്ട​തിന്‌ ഒരു അച്ചടി​ശാല നൽകി.

ബ്യാൻഡ്രാ​റ്റാ​യും ഡാവി​ഡും ഉത്സാഹ​പൂർവം തങ്ങളുടെ പ്രവർത്തനം ആരംഭി​ച്ചു. ഡെ ഫാൽസാ എറ്റ്‌ വേറാ യൂന്യുസ്‌ ഡെയീ പാറ്റ്രിസ്‌ ഫിൽയി എറ്റ്‌ സ്‌പീ​രി​റ്റുസ്‌ സാങ്ങ്‌റ്റി കോഗ്നി​റ്റ്യോ​നി (പിതാ​വായ ദൈവ​ത്തി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും ഏകത സംബന്ധിച്ച സത്യവും വ്യാജ​വു​മായ അറിവ്‌) എന്ന ഒരു പുസ്‌തകം അവർ തയ്യാറാ​ക്കി. ത്രിത്വ​ത്തിൽ വിശ്വ​സി​ക്കാൻ വിസമ്മ​തിച്ച വ്യക്തി​കളെ കുറി​ച്ചുള്ള ഒരു ചരി​ത്രാ​വ​ലോ​കനം ആ പുസ്‌ത​ക​ത്തിൽ അടങ്ങി​യി​രു​ന്നു. വ്യത്യസ്‌ത സഭകളു​ടെ ത്രിത്വ ചിത്രീ​ക​ര​ണ​ങ്ങളെ ആക്ഷേപി​ക്കുക എന്ന ഉദ്ദേശ്യ​ത്തിൽ തയ്യാറാ​ക്കിയ ചിത്രങ്ങൾ അടങ്ങിയ ഒരു അധ്യാ​യ​വും അതിൽ ഉണ്ടായി​രു​ന്നു. ഇത്‌ എതിരാ​ളി​കളെ ഞെട്ടിച്ചു. ആ ചിത്രീ​ക​ര​ണങ്ങൾ തങ്ങളെ അപകീർത്തി​പ്പെ​ടു​ത്തു​ന്ന​വ​യാ​ണെന്ന്‌ പറഞ്ഞ്‌ അവർ പുസ്‌ത​ക​ത്തി​ന്റെ എല്ലാ പ്രതി​ക​ളും നശിപ്പി​ക്കാൻ ശ്രമിച്ചു. വിവാ​ദ​പ​ര​മായ ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ഫലമായി ത്രി​ത്വോ​പ​ദേ​ശത്തെ കുറി​ച്ചുള്ള ചർച്ചക​ളും പെരുകി. അതി​നോ​ടുള്ള പ്രതി​ക​ര​ണ​മെന്ന നിലയിൽ ഷിഗി​സ്‌മുണ്ട്‌ രണ്ടാമ​തൊ​രു സംവാ​ദ​ത്തിന്‌ ഉത്തരവി​ട്ടു.

ഏകതയ്‌ക്കു വിജയം

സംവാദം 1568 മാർച്ച്‌ 3-ന്‌ പുലർച്ചെ അഞ്ചു മണിക്ക്‌ ആരംഭി​ച്ചു. ലത്തീനിൽ നടത്തപ്പെട്ട അത്‌ പത്തു ദിവസം നീണ്ടു​നി​ന്നു. ട്രാൻസിൽവേ​നി​യൻ നവീകൃത സഭാ നേതാവ്‌ പീറ്റർ മേല്യു​സാണ്‌ ത്രിത്വ​വാ​ദി​ക​ളു​ടെ പക്ഷത്തെ നയിച്ചത്‌. അദ്ദേഹ​വും ത്രിത്വ​ത്തെ അനുകൂ​ലിച്ച മറ്റുള്ള​വ​രും വിശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളെ​യും സഭാപി​താ​ക്ക​ന്മാ​രു​ടെ എഴുത്തു​ക​ളെ​യും ഓർത്ത​ഡോ​ക്‌സ്‌ ദൈവ​ശാ​സ്‌ത്ര​ത്തെ​യും ബൈബി​ളി​നെ​യും ആസ്‌പ​ദ​മാ​ക്കി​യാണ്‌ വാദമു​ഖങ്ങൾ നിരത്തി​യത്‌. അതേസ​മയം, ഡാവിഡ്‌ ബൈബിൾ മാത്ര​മാണ്‌ ഉപയോ​ഗി​ച്ചത്‌. ഡാവിഡ്‌ പിതാ​വി​നെ ദൈവ​മാ​യും പുത്രനെ പിതാ​വി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​വ​നാ​യും പരിശു​ദ്ധാ​ത്മാ​വി​നെ ദൈവ​ത്തി​ന്റെ ശക്തിയാ​യും തിരി​ച്ച​റി​യി​ച്ചു. മതപര​മായ വിഷയ​ങ്ങ​ളിൽ അതീവ തത്‌പരൻ ആയിരുന്ന ഷിഗി​സ്‌മുണ്ട്‌, സത്യം പുറത്തു​കൊ​ണ്ടു​വ​രാൻ ഏറ്റവും പറ്റിയ മാർഗ​മാണ്‌ ആ ചർച്ച എന്നു വിശ്വ​സി​ച്ചു​കൊണ്ട്‌ അതിൽ പങ്കുപറ്റി. അദ്ദേഹ​ത്തി​ന്റെ സാന്നി​ധ്യം, ചൂടു​പി​ടി​ച്ച​തെ​ങ്കി​ലും തുറന്ന​തും സ്വത​ന്ത്ര​വു​മായ ഒരു ചർച്ചയ്‌ക്കു വഴി​യൊ​രു​ക്കി.

സംവാ​ദ​ത്തിൽ ത്രിത്വ​വി​രു​ദ്ധർ വിജയി​ച്ച​താ​യി കണക്കാ​ക്ക​പ്പെട്ടു. ഡാവി​ഡിന്‌ തന്റെ ജന്മനാ​ടായ കോ​ളോ​ഴ്വാർ പട്ടണത്തിൽ (ഇപ്പോൾ റൊ​മേ​നി​യ​യി​ലെ ക്ലൂഴ്‌ നാപോക്ക) ഒരു വീരപു​രു​ഷനു ലഭിക്കുന്ന സ്വീക​ര​ണ​മാണ്‌ കിട്ടി​യത്‌. തിരി​ച്ചെ​ത്തിയ ഡാവിഡ്‌ ഒരു തെരു​വു​കോ​ണിൽ ഒരു വലിയ കല്ലിന്മേൽ കയറി​നിന്ന്‌ തന്റെ വിശ്വാ​സ​ങ്ങളെ കുറിച്ച്‌ അത്യന്തം ബോധ്യം​വ​രു​ത്തുന്ന വിധത്തിൽ സംസാ​രി​ച്ച​തി​ന്റെ ഫലമായി എല്ലാവ​രും അദ്ദേഹ​ത്തി​ന്റെ പഠിപ്പി​ക്ക​ലു​കൾ സ്വീക​രി​ച്ച​താ​യി പറയ​പ്പെ​ടു​ന്നു.

മതംമാ​റ്റ​വും മരണവും

ഇതുവരെ സംവാ​ദ​ങ്ങ​ളെ​ല്ലാം നടത്ത​പ്പെ​ട്ടത്‌ വിദ്യാ​സ​മ്പ​ന്നർക്കു മാത്രം മനസ്സി​ലാ​കുന്ന ലത്തീൻ ഭാഷയിൽ ആയിരു​ന്നു. എന്നാൽ തന്റെ സന്ദേശം സാധാരണ ജനങ്ങളു​ടെ അടുക്കൽ എത്തിക്കാൻ ഡാവിഡ്‌ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ ഷിഗി​സ്‌മു​ണ്ടി​ന്റെ അനുമ​തി​യോ​ടെ 1569 ഒക്ടോബർ 20-ന്‌ നോജ്വാ​റോ​ഡിൽ (ഇപ്പോൾ റൊ​മേ​നി​യ​യി​ലെ ഒറാഡിയ) നടത്തപ്പെട്ട അടുത്ത സംവാദം ഹംഗേ​റി​യൻ ഭാഷയിൽ ആയിരു​ന്നു. വീണ്ടും ഷിഗി​സ്‌മുണ്ട്‌ ഇരു പക്ഷങ്ങൾക്കും ഇടയിൽ മധ്യസ്ഥ​നാ​യി വർത്തിച്ചു.

തലേന്ന്‌ രാത്രി ഒരു ദർശന​ത്തിൽ കർത്താവ്‌ തന്റെ യഥാർഥ സ്വരൂപം തനിക്കു വെളി​പ്പെ​ടു​ത്തി​യെന്ന്‌ ത്രിത്വ​വാ​ദി പീറ്റർ മേല്യുസ്‌ പ്രഖ്യാ​പി​ച്ചു. രാജാവ്‌ ഇങ്ങനെ പ്രതി​വ​ചി​ച്ചു: “പീറ്റർ പാസ്റ്റർ, കഴിഞ്ഞ ദിവസം രാത്രി​യിൽ മാത്ര​മാണ്‌ ദൈവ​പു​ത്രൻ ആരാണെന്ന അറിവു താങ്കൾക്കു ലഭിച്ച​തെ​ങ്കിൽ ഇതിനു മുമ്പ്‌ താങ്കൾ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നത്‌ എന്തായി​രു​ന്നു? തീർച്ച​യാ​യും, ഈ നിമിഷം വരെ താങ്കൾ ജനങ്ങളെ വഴി​തെ​റ്റി​ക്കു​ക​യാ​യി​രു​ന്നു!” മേല്യുസ്‌ വാക്കു​കൾകൊണ്ട്‌ ഡാവി​ഡി​നെ ആക്രമി​ച്ച​പ്പോൾ ഷിഗി​സ്‌മുണ്ട്‌ അദ്ദേഹത്തെ ശാസിച്ചു. “വിശ്വാ​സം ദൈവ​ത്തി​ന്റെ ദാനം” ആണെന്നും ആരു​ടെ​യും “മനസ്സാ​ക്ഷി​യു​ടെ​മേൽ നിർബന്ധം ചെലു​ത്താ​നാ​വില്ല” എന്നും അദ്ദേഹം ആ ത്രിത്വ​വാ​ദി​യെ ഓർമി​പ്പി​ച്ചു. സംവാ​ദ​ത്തി​ന്റെ ഒടുവിൽ നടത്തിയ പ്രസം​ഗ​ത്തിൽ രാജാവു പറഞ്ഞു: “നമ്മുടെ ഭരണ​പ്ര​ദേ​ശത്ത്‌ മനസ്സാക്ഷി സ്വാത​ന്ത്ര്യം ഉണ്ടായി​രി​ക്ക​ണ​മെന്നു നാം കൽപ്പി​ക്കു​ന്നു.”

സംവാ​ദ​ത്തെ തുടർന്ന്‌ ഷിഗി​സ്‌മു​ണ്ടും രാജസ​ദ​സ്സിൽ ഭൂരി​പ​ക്ഷ​വും യൂണി​റ്റേ​റി​യൻ പക്ഷത്തു ചേർന്നു. 1571-ൽ യൂണി​റ്റേ​റി​യൻ സഭയ്‌ക്ക്‌ നിയമാം​ഗീ​കാ​രം നൽകുന്ന ഒരു രാജശാ​സനം പുറ​പ്പെ​ടു​വി​ക്ക​പ്പെട്ടു. യൂണി​റ്റേ​റി​യൻകാർക്ക്‌ കത്തോ​ലി​ക്ക​രു​ടെ​യും ലൂഥറൻകാ​രു​ടെ​യും കാൽവി​നി​സ്റ്റു​ക​ളു​ടെ​യും അതേ സ്ഥാനം ഉണ്ടായി​രുന്ന ഏക രാജ്യം ട്രാൻസിൽവേ​നിയ ആയിരു​ന്നു. ത്രിത്വ​വി​രുദ്ധ വിശ്വാ​സം സ്വീക​രി​ച്ച​താ​യി അറിയ​പ്പെ​ടുന്ന ഏക രാജാവ്‌ ആയിരു​ന്നു ഷിഗി​സ്‌മുണ്ട്‌. എന്നാൽ ദുഃഖ​ക​ര​മെന്നു പറയട്ടെ, അതുക​ഴിഞ്ഞ്‌ അധികം താമസി​യാ​തെ ഡാവി​ഡി​നോ​ടും ബ്യാൻഡ്രാ​റ്റ​യോ​ടു​മൊ​പ്പം നായാ​ട്ടി​നു പോയ​പ്പോൾ മുപ്പതു​കാ​ര​നായ രാജാ​വി​നു പരി​ക്കേൽക്കു​ക​യും ഏതാനും മാസത്തി​നകം അദ്ദേഹം മരണമ​ട​യു​ക​യും ചെയ്‌തു.

അദ്ദേഹ​ത്തി​ന്റെ പിൻഗാ​മി​യാ​യി​രുന്ന കത്തോ​ലി​ക്ക​നായ സ്റ്റിഫാൻ ബാട്ടോ​രി, അംഗീ​കൃത മതങ്ങളെ സംരക്ഷി​ക്കുന്ന നിയമ​ത്തി​നു മാറ്റ​മൊ​ന്നും ഇല്ലെന്നു പ്രഖ്യാ​പി​ച്ചെ​ങ്കി​ലും കൂടു​ത​ലായ മാറ്റങ്ങ​ളൊ​ന്നും താൻ അനുവ​ദി​ക്കു​ക​യി​ല്ലെന്നു സൂചി​പ്പി​ച്ചു. താൻ ജനങ്ങളു​ടെ ഭരണാ​ധി​പ​നാണ്‌, അല്ലാതെ അവരുടെ മനസ്സാ​ക്ഷി​യു​ടേതല്ല എന്ന്‌ തുടക്ക​ത്തിൽ സ്റ്റിഫാൻ പ്രഖ്യാ​പി​ച്ചു. എന്നാൽ താമസി​യാ​തെ, വിശ്വാ​സങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കിടു​ന്ന​തി​നുള്ള മുഖ്യ ഉപാധി​യായ പുസ്‌ത​ക​ങ്ങ​ളു​ടെ അച്ചടി​യി​ന്മേൽ അദ്ദേഹം നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തി. ഡാവി​ഡി​നു തന്റെ സ്ഥാനം നഷ്ടപ്പെട്ടു. മറ്റു യൂണി​റ്റേ​റി​യൻകാർക്കും കൊട്ടാ​ര​ത്തി​ലെ സ്ഥാനമാ​ന​ങ്ങ​ളും മറ്റ്‌ ഔദ്യോ​ഗിക പദവി​ക​ളും നഷ്ടമായി.

ക്രിസ്‌തു​വി​നെ ആരാധി​ക്ക​രു​തെന്ന്‌ ഡാവിഡ്‌ പഠിപ്പി​ക്കാൻ തുടങ്ങി​യ​പ്പോൾ അദ്ദേഹത്തെ പ്രസം​ഗി​ക്കു​ന്ന​തിൽനി​ന്നു നിരോ​ധി​ച്ചു​കൊ​ണ്ടുള്ള ഒരു ഉത്തരവു പുറ​പ്പെ​ടു​വി​ക്ക​പ്പെട്ടു. എന്നാൽ നിരോ​ധ​നത്തെ വകവെ​ക്കാ​തെ തുടർന്നുള്ള ഞായറാഴ്‌ച ഡാവിഡ്‌ രണ്ടുവട്ടം പ്രസം​ഗി​ച്ചു. അദ്ദേഹത്തെ അറസ്റ്റു ചെയ്യു​ക​യും മത “നവീക​രണം” നടത്താൻ ശ്രമി​ച്ചു​വെന്ന കുറ്റം ചുമത്തി ജീവപ​ര്യ​ന്തം തടവിനു ശിക്ഷി​ക്കു​ക​യും ചെയ്‌തു. 1579-ൽ കൊട്ടാര തടവറ​യിൽ കിടന്ന്‌ അദ്ദേഹം മരിച്ചു. മരിക്കു​ന്ന​തി​നു മുമ്പ്‌ ഡാവിഡ്‌ തടവറ ഭിത്തി​യിൽ ഇങ്ങനെ എഴുതി: “പാപ്പാ​മാ​രു​ടെ വാളി​നോ . . . മരണഭീ​ഷ​ണി​ക്കോ സത്യത്തി​ന്റെ പുരോ​ഗ​തി​യെ തടയാൻ കഴിയില്ല. . . . എന്റെ മരണ​ശേഷം വ്യാജ​പ്ര​വാ​ച​ക​ന്മാ​രു​ടെ പഠിപ്പി​ക്ക​ലു​കൾ നിലം​പ​രി​ചാ​ക്ക​പ്പെ​ടും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.”

രാജകീയ പാഠങ്ങൾ

യാനോഷ്‌ ഷിഗി​സ്‌മുണ്ട്‌ രാജാവ്‌ വിദ്യാ​ഭ്യാ​സം, സംഗീതം, കല എന്നിവയെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്നാൽ അദ്ദേഹം കുറച്ചു​കാ​ലം മാത്രമേ ജീവി​ച്ചു​ള്ളൂ. കൂടാതെ പലപ്പോ​ഴും അദ്ദേഹം രോഗ​ബാ​ധി​ത​നാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ ഭരണത്തി​നു രാജ്യ​ത്തി​ന​ക​ത്തു​നി​ന്നും—അദ്ദേഹ​ത്തി​നെ​തി​രെ ഒമ്പതു വധശ്ര​മങ്ങൾ എങ്കിലും ഉണ്ടായി​ട്ടുണ്ട്‌—മത്സരത്തെ പ്രോ​ത്സാ​ഹി​പ്പിച്ച വിദേശ ശക്തിക​ളിൽനി​ന്നും വളരെ​യ​ധി​കം ഭീഷണി ഉണ്ടായി​രു​ന്നു. സഹിഷ്‌ണു ആയിരുന്ന ഈ രാജാ​വി​നു പലപ്പോ​ഴും അദ്ദേഹ​ത്തി​ന്റെ മതപര​മായ വീക്ഷണ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ നിശി​ത​മായ വിമർശ​ന​ത്തി​നു പാത്ര​മാ​കേണ്ടി വന്നിട്ടുണ്ട്‌. രാജാവ്‌ “നരകത്തിൽ പോ​യെ​ന്ന​തി​നു സംശയ​മില്ല” എന്ന്‌ ഒരു എതിരാ​ളി പിന്നീ​ടൊ​രി​ക്കൽ പറഞ്ഞു.

എന്നാൽ കാര്യ​ങ്ങളെ കുറിച്ചു വസ്‌തു​നി​ഷ്‌ഠ​മായ ഒരു വീക്ഷണം ഉണ്ടായി​രി​ക്കാൻ ചരി​ത്ര​കാ​ര​നായ വിൽബർ സഹായി​ക്കു​ന്നു: “സെർവേ​റ്റോ​യെ ജീവ​നോ​ടെ ചുട്ടെ​രി​ച്ച​തിന്‌ പ്രൊ​ട്ട​സ്റ്റന്റ്‌ ദൈവ​ശാ​സ്‌ത്രജ്ഞർ കാൽവി​നെ പുകഴ്‌ത്തി​ക്കൊ​ണ്ടി​രു​ന്ന​തും പ്രൊ​ട്ട​സ്റ്റന്റ്‌ രക്തം ചിന്തി​ക്കൊണ്ട്‌ നെതർലൻഡ്‌സിൽ മതവി​ചാ​രണ തുടർന്നു​പോ​ന്ന​തു​മായ ഒരു സമയത്ത്‌, . . . തെറ്റായ മത വീക്ഷണങ്ങൾ വെച്ചു​പു​ലർത്തു​ന്ന​വരെ സ്‌തം​ഭ​ത്തി​ലേറ്റി ചുട്ടെ​രി​ക്കു​ന്നത്‌ ഇംഗ്ലണ്ടിൽ നിറു​ത്ത​ലാ​ക്കു​ന്ന​തിന്‌ 40-ലേറെ വർഷങ്ങൾക്കു മുമ്പ്‌ ആയിരു​ന്നു അങ്ങേയറ്റം എതിർപ്പിന്‌ ഇരയാ​യി​രുന്ന നവീകൃത വിഭാ​ഗ​ങ്ങൾക്കു പോലും പൂർണ മതസ്വാ​ത​ന്ത്ര്യം ഉറപ്പു​നൽകുന്ന അവസാന ശാസനം യാനോഷ്‌ [ഷിഗി​സ്‌മുണ്ട്‌] രാജാവു പുറ​പ്പെ​ടു​വി​ച്ചത്‌.”

ഒരു ഭാഷ്യ​കാ​രൻ പറഞ്ഞതു​പോ​ലെ “ഏതു നിലവാ​ര​ങ്ങ​ളു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോ​ഴും—അദ്ദേഹം ജീവി​ച്ചി​രുന്ന കാലത്തെ നിലവാ​ര​ങ്ങ​ളു​മാ​യാ​ണെ​ങ്കിൽ തീർച്ച​യാ​യും—യാനോഷ്‌ ഷിഗി​സ്‌മുണ്ട്‌ രാജാവ്‌ ശ്രദ്ധേ​യ​നായ ഒരു ഭരണാ​ധി​കാ​രി ആയിരു​ന്നു. . . . സഹിഷ്‌ണുത അദ്ദേഹ​ത്തി​ന്റെ ഭരണത്തി​ന്റെ മുഖമു​ദ്ര ആയിരു​ന്നു.” മതപര​മായ സമാധാ​നം രാജ്യ​ത്തി​ന്റെ ക്ഷേമത്തിന്‌ അനിവാ​ര്യ​മാ​ണെന്നു മനസ്സി​ലാ​ക്കിയ അദ്ദേഹം മതസ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും മനസ്സാക്ഷി സ്വാത​ന്ത്ര്യ​ത്തി​ന്റെ​യും തീക്ഷ്‌ണ​ത​യുള്ള സംരക്ഷകൻ ആയിത്തീർന്നു.

മതപര​മാ​യ അസഹി​ഷ്‌ണുത വിരൂ​പ​മായ അതിന്റെ മുഖം ഇപ്പോ​ഴും പ്രദർശി​പ്പി​ക്കുന്ന നമ്മുടെ നാളു​ക​ളിൽ, ഈ കൊച്ചു രാജ്യത്ത്‌ പണ്ടു സംഭവിച്ച സംഗതി​കളെ കുറിച്ചു ചിന്തി​ക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നേ​ക്കാം. അസഹി​ഷ്‌ണു​ത​യു​ടെ കാലഘ​ട്ട​ത്തിൽ സഹിഷ്‌ണുത പ്രകട​മാ​ക്കിയ ഒരു രാജ്യ​മാ​യി ട്രാൻസിൽവേ​നിയ കുറച്ചു കാല​ത്തേ​ക്കെ​ങ്കി​ലും നില​കൊ​ണ്ടു. (g02 6/22)

[അടിക്കു​റി​പ്പു​കൾ]

a 1988 നവംബർ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 19-22 പേജുകൾ കാണുക.

[14-ാം പേജിലെ ആകർഷക വാക്യം]

“മനസ്സാ​ക്ഷി​യു​ടെ​മേൽ നിർബന്ധം ചെലു​ത്താ​നാ​വില്ല . . . നമ്മുടെ ഭരണ​പ്ര​ദേ​ശത്ത്‌ മനസ്സാക്ഷി സ്വാത​ന്ത്ര്യം ഉണ്ടായി​രി​ക്ക​ണ​മെന്നു നാം കൽപ്പി​ക്കു​ന്നു.”—യാനോഷ്‌ രണ്ടാമൻ ഷിഗി​സ്‌മുണ്ട്‌ രാജാവ്‌

[12, 13 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ജോർജോ ബ്യാൻഡ്രാ​റ്റാ

ബ്യാൻഡ്രാറ്റായും ഡാവി​ഡും പ്രസി​ദ്ധീ​ക​രിച്ച പുസ്‌ത​ക​ത്തി​ലെ ഏതാനും താളുകൾ, ത്രിത്വ​വാ​ദി​കളെ ഞെട്ടിച്ച രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ

ഫ്രാൻസിസ്‌ ഡാവിഡ്‌ ടോർഡോ​യി​ലെ നിയമ​നിർമാ​ണ​സ​ഭ​യ്‌ക്കു മുമ്പാകെ

[കടപ്പാട്‌]

ത്രിത്വത്തിന്റെ രണ്ട്‌ ചിത്രീകരണങ്ങൾ: © Cliché Bibliothèque nationale de France, Paris; മറ്റെല്ലാ ഫോട്ടോകളും: Országos Széchényi Könyvtár

[14-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

2, 14 പേജുകൾ: Országos Széchényi Könyvtár