വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉപ്പ്‌—ഒരു അമൂല്യ പദാർഥം

ഉപ്പ്‌—ഒരു അമൂല്യ പദാർഥം

ഉപ്പ്‌—ഒരു അമൂല്യ പദാർഥം

നിങ്ങൾ ഭൂമി​യു​ടെ ഉപ്പാകു​ന്നു” എന്ന്‌ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. (മത്തായി 5:13) “ഞങ്ങൾക്കി​ട​യിൽ ഉപ്പുണ്ട്‌” എന്ന്‌ അറബികൾ പറയാ​റുണ്ട്‌. അതു​പോ​ലെ വിശ്വ​സ്‌ത​ത​യും നന്ദിയും ഇല്ലാത്ത ഒരുവനെ കുറി​ക്കാൻ “ഉപ്പി​നോട്‌ അവിശ്വ​സ്‌തൻ” എന്ന പ്രയോ​ഗം പേർഷ്യ​ക്കാർ ഉപയോ​ഗി​ക്കു​ന്നു. “ഉപ്പിട്ട​വരെ ഉള്ളോളം നിനയ്‌ക്കുക” എന്ന മലയാള പഴഞ്ചൊ​ലും നിങ്ങൾ കേട്ടി​രി​ക്കു​മ​ല്ലോ. ഭക്ഷ്യപ​ദാർഥങ്ങൾ കേടു​കൂ​ടാ​തെ സൂക്ഷി​ക്കാൻ ഉപ്പിനുള്ള കഴിവു നിമിത്തം അതിന്‌ പുരാ​ത​ന​വും ആധുനി​ക​വു​മായ ഭാഷക​ളിൽ ബഹുമാ​ന​ത്തി​ന്റേ​തും ആദരവി​ന്റേ​തു​മായ ഒരു ശ്രേഷ്‌ഠ സ്ഥാനം ലഭിച്ചി​രി​ക്കു​ന്നു.

കൂടാതെ, ഉപ്പ്‌ ഉറപ്പി​ന്റെ​യും സ്ഥിരത​യു​ടെ​യും പ്രതീകം ആയിത്തീർന്നു. അതു​കൊണ്ട്‌ നിലനിൽക്കുന്ന ഒരു ഉടമ്പടി​യെ ബൈബി​ളിൽ “ലവണനി​യമം” അഥവാ ഉപ്പുനി​യമം എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഉടമ്പടി ഉറപ്പാ​ക്കു​ന്ന​തിന്‌ എല്ലാ കക്ഷിക​ളും സാധാ​ര​ണ​ഗ​തി​യിൽ ഉപ്പു ചേർത്ത ഭക്ഷണം ഒരുമി​ച്ചി​രുന്ന്‌ കഴിച്ചി​രു​ന്നു. (സംഖ്യാ​പു​സ്‌തകം 18:19) യാഗപീ​ഠ​ത്തിൽ അർപ്പി​ക്കുന്ന ഏതൊരു വസ്‌തു​വി​ലും ഉപ്പ്‌ ചേർക്ക​ണ​മെന്ന്‌ മോ​ശൈക ന്യായ​പ്ര​മാ​ണം ആവശ്യ​പ്പെ​ട്ടി​രു​ന്നു. അപക്ഷയ​ത്തിൽ നിന്ന്‌ അഥവാ അഴുക​ലിൽ നിന്ന്‌ ഉള്ള സ്വാത​ന്ത്ര്യ​ത്തെ ഉപ്പു പ്രതി​നി​ധീ​ക​രി​ച്ച​തു​കൊ​ണ്ടാ​യി​രു​ന്നു ഇത്‌.

രസകര​മായ ചില ചരിത്ര വസ്‌തു​ത​കൾ

ഒരു അമൂല്യ പദാർഥം എന്ന നിലയി​ലാണ്‌ ചരി​ത്ര​ത്തിൽ ഉടനീളം ഉപ്പിനെ (സോഡി​യം ക്ലോ​റൈഡ്‌) കണക്കാക്കി പോന്നി​ട്ടു​ള്ളത്‌. അതു​കൊ​ണ്ടു​തന്നെ, അതിന്റെ പേരിൽ യുദ്ധങ്ങൾ വരെ നടന്നി​ട്ടുണ്ട്‌. ലൂയി പതിനാ​റാ​മൻ ഉപ്പിന്മേൽ ചുമത്തിയ ഉയർന്ന നികു​തി​യാ​യി​രു​ന്നു ഫ്രഞ്ച്‌ വിപ്ലവ​ത്തി​ലേക്കു നയിച്ച ഘടകങ്ങ​ളി​ലൊന്ന്‌. വിലപ്പെട്ട ഒരു വിനിമയ മാധ്യമം എന്ന നിലയി​ലും ഉപ്പ്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. വടക്കേ ആഫ്രി​ക്ക​യി​ലെ മൂർ വംശജ​രായ വ്യാപാ​രി​കൾ ഒരു ഗ്രാം ഉപ്പിന്‌ ഒരു ഗ്രാം സ്വർണ​ത്തി​ന്റെ അതേ വില കൽപ്പി​ച്ചു​കൊ​ണ്ടാണ്‌ വ്യാപാ​രം ചെയ്‌തി​രു​ന്നത്‌. ചില മധ്യാ​ഫ്രി​ക്കൻ ഗോ​ത്രങ്ങൾ കല്ലുപ്പ്‌ പലകകൾ നാണയ​മാ​യി ഉപയോ​ഗി​ച്ചു. വേതനം എന്നർഥ​മുള്ള “സാലറി” എന്ന ഇംഗ്ലീഷ്‌ പദം സലേറി​യം (സാൽ എന്നാൽ ഉപ്പ്‌ എന്നർഥം) എന്ന ലാറ്റിൻ പദത്തിൽനിന്ന്‌ ഉരുത്തി​രി​ഞ്ഞ​താണ്‌. പ്രാചീന റോമൻ പടയാ​ളി​കൾക്ക്‌ വേതന​ത്തി​ന്റെ ഭാഗമെന്ന നിലയിൽ ഒരു ഉപ്പുബത്ത നൽകി​യി​രു​ന്ന​താണ്‌ ഇതിനു കാരണം. ഗ്രീക്കു​കാർ അടിമ​കൾക്കുള്ള വിലയാ​യി നൽകി​യി​രു​ന്നത്‌ ഉപ്പായി​രു​ന്നു. “ഉപ്പിനു തക്ക മൂല്യ​മി​ല്ലാ​ത്തവൻ” എന്ന പ്രയോ​ഗം വന്നത്‌ അതിൽനി​ന്നാണ്‌.

മധ്യയു​ഗ​ങ്ങ​ളിൽ ഉപ്പിനെ ചുറ്റി​പ്പറ്റി ചില അന്ധവി​ശ്വാ​സങ്ങൾ നിലവിൽ വന്നു. ഉപ്പു മറിഞ്ഞു​പോ​കു​ന്നത്‌ നാശത്തി​ന്റെ സൂചന​യാ​യി കണക്കാ​ക്കി​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ലിയൊ​ണാർഡോ ഡാവി​ഞ്ചി​യു​ടെ, ‘ഒടുക്കത്തെ അത്താഴ’ത്തിന്റെ ചിത്ര​ത്തിൽ യൂദാ ഈസ്‌ക​ര്യോ​ത്താ​വി​ന്റെ മുന്നിൽ ഒരു ഉപ്പു പാത്രം മറിഞ്ഞു​കി​ട​ക്കു​ന്ന​താ​യി ചിത്രീ​ക​രി​ച്ചി​ട്ടുണ്ട്‌. ഇനി, 18-ാം നൂറ്റാണ്ടു വരെ, ഒരു വിരുന്നു മേശയിൽ ഉപ്പുപാ​ത്രം വെച്ചി​രി​ക്കു​ന്ന​തി​ന്റെ ഏതു വശത്താണ്‌ ഇരിക്കു​ന്നത്‌ എന്നത്‌ ഒരുവന്റെ സാമൂ​ഹിക പദവിയെ സൂചി​പ്പി​ച്ചി​രു​ന്നു. ഉയർന്ന പദവി ഉള്ളവർ മേശയു​ടെ തലപ്പത്തെ സ്ഥാനത്തി​നും ഉപ്പുപാ​ത്ര​ത്തി​നും ഇടയ്‌ക്കുള്ള ഇരിപ്പി​ട​ങ്ങ​ളി​ലാണ്‌ ഇരുന്നി​രു​ന്നത്‌.

പുരാതന കാലം മുതൽ ഉപ്പുറ​വ​ക​ളിൽനി​ന്നും സമു​ദ്ര​ജ​ല​ത്തിൽനി​ന്നും ഉപ്പുപാ​റ​ക​ളിൽനി​ന്നും ഉപ്പു ശേഖരി​ക്കുന്ന രീതി മനുഷ്യൻ വശമാ​ക്കി​യി​രു​ന്നു. ഔഷധ​ശാ​സ്‌ത്രം സംബന്ധിച്ച ഒരു പുരാതന ചൈനീസ്‌ പ്രബന്ധ​ത്തിൽ വ്യത്യസ്‌ത തരത്തി​ലുള്ള 40-ലധികം ഉപ്പിനെ കുറിച്ചു പറഞ്ഞി​രി​ക്കു​ന്നു. കൂടാതെ, അതിൽ വിവരി​ച്ചി​രി​ക്കുന്ന ഉപ്പു ശേഖരണ രീതി​ക​ളിൽ രണ്ടെണ്ണ​ത്തിന്‌ ഇന്നത്തെ രീതി​ക​ളു​മാ​യി അത്ഭുത​ക​ര​മായ സാമ്യ​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ മെക്‌സി​ക്കോ​യി​ലെ ബാഹാ കാലി​ഫോർണിയ സുവെ​റി​ലുള്ള ബായീയാ സെബാ​സ്റ്റ്യാൻ ബിസ്‌ക്കാ​യി​നോ തീരങ്ങ​ളിൽ സ്ഥിതി ചെയ്യുന്ന ലോക​ത്തി​ലെ ഏറ്റവും വലിയ സൗരോർജ ഉപ്പുനി​ല​യ​ത്തിൽ സൗരോർജം ഉപയോ​ഗ​പ്പെ​ടു​ത്തി​യാണ്‌ കടൽവെ​ള്ള​ത്തിൽനിന്ന്‌ ഉപ്പു വേർതി​രി​ച്ചെ​ടു​ക്കു​ന്നത്‌.

രസാവ​ഹ​മാ​യി, ലോക​ത്തി​ലെ എല്ലാ മഹാസ​മു​ദ്ര​ങ്ങ​ളും പൂർണ​മാ​യി വറ്റിക്കു​ക​യാ​ണെ​ങ്കിൽ “കുറഞ്ഞ​പക്ഷം 1.9 കോടി ക്യൂബിക്‌ കിലോ​മീ​റ്റർ അല്ലെങ്കിൽ വേലി​യേറ്റ സമയത്തെ ഏറ്റവും ഉയർന്ന ജലനി​ര​പ്പി​നു മുകളിൽ ഉള്ള യൂറോ​പ്യൻ ഭൂഖണ്ഡ​ത്തി​ന്റെ പിണ്ഡത്തി​ന്റെ 14.5 ഇരട്ടി കല്ലുപ്പ്‌ എങ്കിലും കിട്ടും” എന്ന്‌ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പറയുന്നു. ചാവു​ക​ട​ലി​ലെ ലവണാം​ശ​മാ​കട്ടെ സമു​ദ്ര​ത്തി​ന്റേ​തി​നെ​ക്കാൾ ഒമ്പത്‌ ഇരട്ടി​യാണ്‌!

ഉപ്പിന്റെ ആധുനി​ക​കാല ഉപയോ​ഗ​ങ്ങൾ

ഇന്നും ഉപ്പിനെ ഒരു അമൂല്യ പദാർഥ​മാ​യി​ട്ടു​ത​ന്നെ​യാ​ണു കണക്കാ​ക്കു​ന്നത്‌. ഭക്ഷണത്തി​നു സ്വാദു നൽകു​ന്ന​തി​നും ഇറച്ചി കേടു​കൂ​ടാ​തെ സൂക്ഷി​ക്കു​ന്ന​തി​നും സോപ്പി​ന്റെ​യും സ്‌ഫടി​ക​ത്തി​ന്റെ​യും നിർമാ​ണ​ത്തി​ലും മറ്റും ഉപയോ​ഗി​ക്കു​ന്ന​തി​നു പുറമേ ഉപ്പിനു മറ്റു വളരെ​യ​ധി​കം ഉപയോ​ഗ​ങ്ങ​ളു​മുണ്ട്‌. എന്നാൽ പൊതു​ജ​നാ​രോ​ഗ്യ മേഖല​യി​ലെ അതിന്റെ ഉപയോ​ഗം പ്രത്യേക ശ്രദ്ധ അർഹി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ലോക​ത്തി​ലെ അനേകം രാജ്യ​ങ്ങ​ളും പ്രാ​ദേ​ശി​ക​മാ​യി നിലവി​ലുള്ള അയഡിന്റെ കുറവു നികത്തു​ന്ന​തി​നാ​യി അയഡിൻ ചേർത്ത ഉപ്പ്‌ ഉപയോ​ഗി​ക്കു​ന്നു. കാരണം അയഡിന്റെ കുറവ്‌ ഗോയി​റ്റ​റി​നും (തൈ​റോ​യ്‌ഡ്‌ ഗ്രന്ഥി​യു​ടെ വീക്കം) അങ്ങേയ​റ്റത്തെ ചില കേസു​ക​ളിൽ ബുദ്ധി​മാ​ന്ദ്യ​ത്തി​നും ഇടയാ​ക്കി​യേ​ക്കാം. അതു​പോ​ലെ ചില രാജ്യങ്ങൾ ദന്തക്ഷയം തടുക്കു​ന്ന​തിന്‌ ഉപ്പിൽ ഫ്‌ളൂ​റൈഡ്‌ ചേർക്കു​ന്നു.

നല്ല ആരോ​ഗ്യ​ത്തിന്‌—രക്തത്തിന്റെ വ്യാപ്‌ത​വും സമ്മർദ​വും നിയ​ന്ത്രി​ക്കു​ന്ന​തിന്‌—ഉപ്പ്‌ അനിവാ​ര്യ​മാ​ണെ​ന്നി​രി​ക്കെ ഉയർന്ന രക്തസമ്മർദ​വും ഉപ്പും തമ്മിലുള്ള ബന്ധം (ഇതിനെ കുറിച്ചു തർക്കങ്ങൾ നിലവി​ലുണ്ട്‌) സംബന്ധി​ച്ചെന്ത്‌? ഉയർന്ന രക്തസമ്മർദ​മുള്ള രോഗി​ക​ളോട്‌ ഉപ്പും സോഡി​യ​വും കഴിക്കു​ന്ന​തിൽ നിയ​ന്ത്രണം പാലി​ക്ക​ണ​മെന്ന്‌ ഡോക്ടർമാർ സാധാ​ര​ണ​മാ​യി നിർദേ​ശി​ക്കാ​റുണ്ട്‌. ഉയർന്ന രക്തസമ്മർദ​മുള്ള രോഗി​ക​ളു​ടെ മൂന്നി​ലൊ​ന്നു മുതൽ പകുതി വരെ പേരെ​യും ഉപ്പ്‌ കഴിക്കു​ന്നതു ബാധി​ക്കു​ന്നു. അങ്ങനെ​യു​ള്ള​പ്പോൾ ഉപ്പിന്റെ അളവു കുറച്ചു​കൊണ്ട്‌ രക്തസമ്മർദം കുറയ്‌ക്കാ​നാ​കു​മെന്നു കണ്ടിട്ടുണ്ട്‌.

ഉപ്പ്‌ തീർച്ച​യാ​യും ഭക്ഷണത്തെ കൂടുതൽ ആസ്വാ​ദ്യ​മാ​ക്കി​ത്തീർക്കു​ന്നു. “രുചി​യി​ല്ലാ​ത്തതു ഉപ്പുകൂ​ടാ​തെ തിന്നാ​മോ?” എന്ന ഇയ്യോ​ബി​ന്റെ ചോദ്യ​ത്തിൽ ആ വസ്‌തുത പ്രതി​ഫ​ലി​ച്ചു കാണാം. (ഇയ്യോബ്‌ 6:6) അമൂല്യ പദാർഥ​മായ ഉപ്പ്‌ ഉൾപ്പെ​ടെ​യുള്ള എല്ലാം “നമ്മുടെ സന്തോ​ഷ​ത്തി​ന്നു​വേണ്ടി വളരെ ഉദാര​മാ​യി പ്രദാ​നം​ചെ​യ്യുന്ന” നമ്മുടെ സ്രഷ്ടാ​വി​നോട്‌ നമുക്ക്‌ അങ്ങേയറ്റം നന്ദിയു​ള്ളവർ ആയിരി​ക്കാം.—1 തിമൊ​ഥെ​യൊസ്‌ 6:17, ഓശാന ബൈബിൾ.(g02 6/8)

[27-ാം പേജിലെ ചിത്രം]

വ്യത്യസ്‌ത തരം ഉപ്പുക​ളിൽ ചിലത്‌ (മുകളിൽനിന്ന്‌ ഘടികാര ദിശയിൽ): (1) കടൽവെള്ളം വറ്റി​ച്ചെ​ടു​ക്കുന്ന ആലയീയാ ഉപ്പ്‌, ഹവായ്‌;

(2) ഫ്‌ള്യോർ ഡെ സെൽ, ഫ്രാൻസ്‌; (3) അസംസ്‌കൃത കടലുപ്പ്‌;

(4) സെൽ ഗ്രി (ഗ്രേ സോൾട്ട്‌ ), ഫ്രാൻസ്‌;

(5) കടലിൽനി​ന്നുള്ള പരലുപ്പ്‌;

(6) പൊടിച്ച കറുത്ത ഉപ്പ്‌, ഇന്ത്യ