ഒരു രാഷ്ട്രീയ വിപ്ലവകാരി നിഷ്പക്ഷ ക്രിസ്ത്യാനിയായി മാറുന്നു
ഒരു രാഷ്ട്രീയ വിപ്ലവകാരി നിഷ്പക്ഷ ക്രിസ്ത്യാനിയായി മാറുന്നു
ലഡീസ്ലഫ് ഷ്മേക്കാൽ പറഞ്ഞപ്രകാരം
വിധി പ്രഖ്യാപിക്കപ്പെട്ട ശേഷം എന്നെ വീണ്ടും തടവറയിലേക്കു കൊണ്ടുപോയി. ഉടനെ ഞാൻ ഒരു സുഹൃത്തിന് മോഴ്സ് കോഡ് ഉപയോഗിച്ച് ഒരു സന്ദേശം നൽകി, അദ്ദേഹം രണ്ടു നില മുകളിലുള്ള തടവറയിലായിരുന്നു. എനിക്കു കിട്ടിയ ശിക്ഷ എന്താണെന്ന് അറിയാൻ അദ്ദേഹം കാത്തിരിക്കുകയായിരുന്നു.
“പതിന്നാലു വർഷം,” ഞാൻ അറിയിച്ചു.
വിശ്വാസം വരാതെ സുഹൃത്തു ചോദിച്ചു: “പതിന്നാലു മാസമോ?”
“അല്ല,” ഞാൻ മറുപടി പറഞ്ഞു. “പതിന്നാലു വർഷം.”
ഈസംഭവം നടന്നത് 1953-ലായിരുന്നു. സ്ഥലം—ചെക്കോസ്ലോവാക്യയിലെ (ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്ക്) ലിബെറെറ്റ്സ്. രാഷ്ട്രീയ പരിവർത്തനത്തിനു വേണ്ടി പ്രവർത്തിക്കുകയായിരുന്ന 19 വയസ്സുള്ള ഒരു വിപ്ലവകാരി ആയിരുന്നു ഞാൻ. അന്ന് അധികാരത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചുകൊണ്ടുള്ള നോട്ടീസുകൾ വിതരണം ചെയ്തുകൊണ്ട് വിപ്ലവകാരികളായ ഞങ്ങൾ ഞങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിച്ചു. ഞങ്ങളുടെ പ്രവർത്തനത്തെ വലിയ രാജ്യദ്രോഹ കുറ്റമായിട്ടാണു കണക്കാക്കിയിരുന്നത്. അതുകൊണ്ടാണ് എന്നെ അത്രയും നീണ്ട ഒരു കാലാവധിക്കു ശിക്ഷിച്ചത്.
ഈ വിധി പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ ഏകദേശം ഒരു വർഷമായി ഞാൻ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. വിധി വരുന്നതുവരെ രണ്ടു തടവുപുള്ളികളെ ഒരുമിച്ച് ഒരു തടവറയിൽ ഇടുകയായിരുന്നു പതിവ്. ഇടയ്ക്കിടയ്ക്ക് കണ്ണു മൂടിക്കെട്ടി ഞങ്ങളെ ചോദ്യം ചെയ്യാനായി കൊണ്ടുപോയിരുന്നു. തടവറയിൽ പരസ്പരം സംസാരിക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് ശബ്ദം അടക്കി സംസാരിച്ചും മോഴ്സ് കോഡ് ഉപയോഗിച്ചുമൊക്കെയാണ് ഞങ്ങൾ ആശയവിനിമയം ചെയ്തിരുന്നത്.
ജയിലിലുള്ള അനേകരും യഹോവയുടെ സാക്ഷികൾ ആണെന്ന് താമസിയാതെ ഞാൻ മനസ്സിലാക്കി. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ തടവുകാരെ ഒരു തടവറയിൽനിന്നു മറ്റൊന്നിലേക്കു മാറ്റുന്ന രീതി ഞങ്ങളുടെ ജയിലിൽ ഉണ്ടായിരുന്നു. എനിക്കു ബൈബിളിൽ താത്പര്യം ഉണ്ടായിരുന്നതുകൊണ്ട് ഒടുവിൽ ഒരു സാക്ഷിയോടൊപ്പം ഒരു തടവറയിൽ കഴിയാൻ അവസരം കിട്ടിയപ്പോൾ ഞാൻ സന്തോഷിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ആ സാക്ഷിയോടൊപ്പം ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി.
ബൈബിളോ ബൈബിൾ പ്രസിദ്ധീകരണങ്ങളോ ഇല്ലായിരുന്നെങ്കിലും ഞങ്ങളുടെ ചർച്ചകളെ ബൈബിൾ അധ്യയനങ്ങൾ എന്നു വിളിക്കാൻ കഴിയുമായിരുന്നെന്നു തോന്നുന്നു. വാസ്തവത്തിൽ ഞാൻ ഒരു ബൈബിൾ കണ്ടിട്ടു പോലും ഇല്ലായിരുന്നു. എന്നാൽ സാക്ഷി തന്റെ ഓർമയിൽനിന്ന് ബൈബിൾ വിഷയങ്ങൾ വിശദീകരിച്ചു തരും, ഞാനാകട്ടെ അദ്ദേഹം പറയുന്ന കാര്യങ്ങൾ കുറിച്ചെടുക്കുകയും ചെയ്യും. അടുത്തടുത്ത് ഇരുന്ന് അടക്കിപ്പിടിച്ച ശബ്ദത്തിലാണു ഞങ്ങൾ സംസാരിച്ചിരുന്നത്.
അവിടെ ആകെ ലഭ്യമായിരുന്നത് ടോയ്ലറ്റ് പേപ്പറും ഒരു ചീപ്പുമായിരുന്നു. ചീപ്പ് ഉപയോഗിച്ച് ഞാൻ ടോയ്ലറ്റ് പേപ്പറിൽ കാര്യങ്ങൾ കുറിച്ചെടുത്തു. ഞങ്ങൾ ചർച്ച ചെയ്ത തിരുവെഴുത്തുകളിൽ പലതും
ഞാൻ മനഃപാഠമാക്കി. സാക്ഷികൾ എന്നെ രാജ്യഗീതങ്ങളും പഠിപ്പിച്ചു. ഒരു സാക്ഷി എന്നോടു പറഞ്ഞു: “ഇപ്പോൾ ഒരു രാഷ്ട്രീയ തടവുകാരനാണ് നിങ്ങൾ, എന്നാൽ ഭാവിയിൽ യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുന്നതു കൊണ്ട് നിങ്ങൾക്കു തടവുശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം.”ഒടുവിൽ എണ്ണമറ്റ ചോദ്യംചെയ്യലുകൾക്കു ശേഷം എന്റെ വിധി വന്നു. യാഹിമോഫ് പട്ടണത്തിനടുത്തുള്ള ഒരു തൊഴിൽ പാളയത്തിലേക്ക് എന്നെ കൊണ്ടുപോയി. ആ സമയം ആയപ്പോഴേക്കും എന്നെങ്കിലുമൊരിക്കൽ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാകുമെന്ന് എനിക്കു ബോധ്യമായിരുന്നു.
തടവിൽ അനേകം വർഷം
യൂറേനിയം ഖനനം ചെയ്തിരുന്ന പാളയത്തിൽ എത്തിയ ഉടനെ ഞാൻ സാക്ഷികളെ തിരയാൻ തുടങ്ങി. എന്നാൽ അവരെയെല്ലാം മറ്റെങ്ങോട്ടോ കൊണ്ടുപോയെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ പാചകക്കാരൻ ആയിരുന്നതിനാൽ ഒരു സാക്ഷി മാത്രം അവിടെത്തന്നെ ഉണ്ടായിരുന്നു. പല ഒളിസങ്കേതങ്ങൾ കടന്ന് അവിടെ എത്തിയ കീറിപ്പറിഞ്ഞ ഒരു ബൈബിൾ അദ്ദേഹം എനിക്കു വായിക്കാൻ തന്നു. അങ്ങനെ, ഓർമയിൽ സൂക്ഷിച്ചിരുന്ന തിരുവെഴുത്തുകൾ ബൈബിളിൽനിന്നു നേരിട്ടു വായിക്കാൻ എനിക്കു കഴിഞ്ഞു. വായിച്ചുകൊണ്ടിരുന്നപ്പോൾ ‘സഹോദരങ്ങൾ എന്നെ പഠിപ്പിച്ചത് കൃത്യമായും ഇങ്ങനെതന്നെയാണ്’ എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ പർഷീബ്രാം പട്ടണത്തിനടുത്തുള്ള ബിറ്റിസ് പാളയത്തിലേക്ക് എന്നെ മാറ്റി. അവിടെ ഞാൻ മറ്റു സാക്ഷികളെ കണ്ടുമുട്ടി. ഒളിച്ചു കടത്തിയ ബൈബിൾ സാഹിത്യങ്ങൾ അവിടെ ഞങ്ങൾക്കു നിരന്തരം ലഭിച്ചിരുന്നു. ഈ സാഹിത്യങ്ങൾ ഞങ്ങളുടെ പക്കൽ എത്തുന്നത് എങ്ങനെയാണെന്നു കണ്ടുപിടിക്കാൻ പാളയ അധികാരികൾ ശ്രമിച്ചെങ്കിലും അവർക്ക് അതിനു കഴിഞ്ഞില്ല. മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതിൽ സജീവമായി പങ്കുപറ്റിയിരുന്ന 14 തടവുകാർ അവിടെ ഉണ്ടായിരുന്നു. ഇതിൽ പകുതി പേർ സ്നാപനമേറ്റ സാക്ഷികളും മറ്റുള്ളവർ എന്നെപ്പോലെ ജയിലിൽ വെച്ച് സാക്ഷികളുടെ വിശ്വാസങ്ങൾ സ്വീകരിച്ചവരും ആയിരുന്നു.
ഞങ്ങളിൽ പലരും ദൈവത്തിനുള്ള ഞങ്ങളുടെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്താൻ ആഗ്രഹിച്ചു. എന്നാൽ വെള്ളം ഇല്ലായിരുന്നതിനാൽ—കുറെക്കൂടെ കൃത്യമായി പറഞ്ഞാൽ ആവശ്യമായത്രയും വെള്ളം നിറയ്ക്കാൻ പറ്റിയ വലിപ്പമുള്ള യാതൊന്നും ഇല്ലായിരുന്നതിനാൽ—നിമജ്ജനം എളുപ്പമായിരുന്നില്ല. അതുകൊണ്ട് ആ കാലത്തു പലർക്കും സ്നാപനമേൽക്കാൻ ജയിലിൽനിന്ന് ഇറങ്ങുന്നതു വരെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ ബിറ്റിസ് പാളയത്തിൽ ഖനിയിലെ കംപ്രസ്സറുകൾക്കു വേണ്ടിയുള്ള കൂറ്റൻ കൂളിങ് ടവറുകൾ ഉണ്ടായിരുന്നു. 1950-കളുടെ മധ്യത്തിൽ ഞങ്ങളിൽ പലരും ആ ടവറുകളിലൊന്നിലെ ജലസംഭരണിയിൽ സ്നാപനമേറ്റു.
ഏതാനും വർഷം കഴിഞ്ഞ് 1960 മാർച്ചിൽ രാഷ്ട്രീയ തടവുകാരുടെ ചുമതല ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ എന്നെ ഹാജരാക്കി. മറ്റു തടവുകാരുടെ പ്രവർത്തനത്തെ കുറിച്ച് അദ്ദേഹത്തിന് അറിവു നൽകുകയാണെങ്കിൽ എന്റെ തടവുശിക്ഷയിൽ ഇളവു വരുത്താൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അതു ചെയ്യാൻ ഞാൻ വിസമ്മതിച്ചപ്പോൾ അദ്ദേഹം എന്റെ നേർക്ക് അസഭ്യ വർഷം തുടങ്ങി. “ഒരു നല്ല ജീവിതത്തിനുള്ള അവസരമല്ലേ നീ കളഞ്ഞുകുളിച്ചത്,” അദ്ദേഹം അലറി. “നീ ഒരിക്കലും വീട്ടിലേക്കു മടങ്ങാൻ പോകുന്നില്ല, അതിന് എന്തു ചെയ്യണമെന്ന് എനിക്ക് അറിയാം! നോക്കിക്കോ, ഇവിടെ കിടന്നു തന്നെ നീ ചാകും.” എന്നാൽ രണ്ടു മാസം കഴിഞ്ഞപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഒരു പൊതുമാപ്പിന്റെ അടിസ്ഥാനത്തിൽ എട്ടു വർഷത്തെ തടവുശിക്ഷയ്ക്കു ശേഷം എനിക്കു വീട്ടിലേക്കു മടങ്ങാൻ കഴിഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ ഒരു ഹ്രസ്വ കാലഘട്ടം
ചെക്കോസ്ലോവാക്യയിൽ 1949 ഏപ്രിൽ മുതൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരുന്നു. അതുകൊണ്ട് സ്വാതന്ത്ര്യമെന്നു വിശേഷിപ്പിക്കപ്പെട്ട ആ അവസ്ഥയിൽ ദൈവത്തെ സേവിക്കുന്നതും തടവിൽ അങ്ങനെ ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലെന്നു ഞാൻ പെട്ടെന്നുതന്നെ മനസ്സിലാക്കി. തടവിൽനിന്നു മോചിതനായ ശേഷം ഞാൻ ഒരു പുതിയ പ്രശ്നത്തെ നേരിട്ടു. രാജ്യത്തെ ഓരോ പുരുഷനും രണ്ടു വർഷത്തേക്കു സൈന്യത്തിൽ സേവിക്കണമെന്നുള്ളത് അപ്പോൾ നിർബന്ധമായിരുന്നു.
ചില സർക്കാർ വക ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് സൈനിക സേവനത്തിൽനിന്ന് ഒഴിവു ലഭിച്ചിരുന്നു. ഉദാഹരണത്തിന് കൽക്കരി ഖനികളിൽ ജോലി ചെയ്തിരുന്നവർക്ക്
ഒഴിവുണ്ടായിരുന്നു. ജോലിയിൽ മുൻപരിചയം ഉണ്ടായിരുന്നതിനാൽ എനിക്ക് ഒരു ഖനിയിൽ ജോലി കിട്ടി. അവിടെ എനിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. “ഇനി സൈനിക സേവനത്തെ കുറിച്ച് ഓർത്തു വിഷമിക്കേണ്ട. അതിൽനിന്ന് താങ്കളെ ഒഴിവാക്കാൻ വേണ്ടതെല്ലാം ഞങ്ങൾക്ക് ചെയ്യാവുന്നതേയുള്ളൂ,” അവിടത്തെ മേൽനോട്ടക്കാർ എന്നോടു പറഞ്ഞു.രണ്ടു മാസം കഴിഞ്ഞ് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ് എനിക്കു ലഭിച്ചപ്പോൾ ഖനിയുടെ നടത്തിപ്പുകാർ എനിക്ക് ഉറപ്പു നൽകി: “വിഷമിക്കേണ്ട, അവർക്ക് എന്തോ തെറ്റു പറ്റിയതാണ്. ഞങ്ങൾ ഉടനെ പട്ടാളത്തിന് എഴുതാം, എല്ലാം ശരിയാകും.” എന്നാൽ എല്ലാം ശരിയായില്ല. പിന്നീട്, ഒരു ഉദ്യോഗസ്ഥൻ എന്റെ അടുക്കൽ വന്ന് ക്ഷമാപണ സ്വരത്തിൽ പറഞ്ഞു: “ഇത് ആദ്യമായാണ് ഇങ്ങനെയൊരു കാര്യം സംഭവിക്കുന്നത്, ഏതായാലും നിങ്ങൾ സൈന്യത്തിൽ റിപ്പോർട്ടു ചെയ്യണം.” യുദ്ധം ചെയ്യാൻ മനസ്സാക്ഷിപരമായി വിസമ്മതിച്ചതിനെ തുടർന്ന് എന്നെ അറസ്റ്റ് ചെയ്ത് ഏറ്റവും അടുത്തുള്ള സൈനിക യൂണിറ്റിലേക്കു കൊണ്ടുപോയി.—യെശയ്യാവു 2:4.
അന്വേഷക സമിതിയുടെ മുമ്പാകെ
എന്നെ 1961 ജനുവരിയിൽ ക്ലാഡ്നോ പട്ടണത്തിലെ ജയിലിൽ അടച്ചു. അതിനുശേഷം സൈന്യത്തിൽ ചേരാൻ എന്നെ പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു. ഒരു ഉയർന്ന പട്ടാള ഉദ്യോഗസ്ഥൻ ഒരു യോഗം ക്രമീകരിച്ചു. എന്നെ ഒരു കോൺഫറൻസ് മുറിയിലേക്കു കൊണ്ടുപോയി. അവിടെ ഒരു വലിയ വട്ടമേശയ്ക്കു ചുറ്റും സൗകര്യപ്രദമായ വലിയ തുകൽ കസേരകൾ ഇട്ടിരുന്നു. താമസിയാതെ ഓഫീസർമാർ എത്തി മേശയ്ക്കു ചുറ്റുമുള്ള കസേരകളിൽ സ്ഥാനം പിടിച്ചു. യോഗത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ അവരെ ഓരോരുത്തരെയും എനിക്കു പരിചയപ്പെടുത്തി. എന്നിട്ട് ഇരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: “ശരി, ഇനി നിന്റെ ഈ മതത്തെ കുറിച്ചു ഞങ്ങളോടു പറ.”
പെട്ടെന്ന് നിശ്ശബ്ദമായി ഒന്നു പ്രാർഥിച്ചശേഷം ഞാൻ സംസാരിച്ചു തുടങ്ങി. പറഞ്ഞതത്രയും അവർ ശ്രദ്ധിച്ചു കേട്ടു. സംഭാഷണം പെട്ടെന്നു പരിണാമത്തിലേക്കു തിരിഞ്ഞു. പരിണാമം ഒരു ശാസ്ത്രീയ വസ്തുതയാണെന്ന അവകാശവാദം ഉന്നയിക്കപ്പെട്ടു. ഞാൻ മുമ്പ് ഒരു തൊഴിൽ പാളയത്തിൽ വെച്ച് പരിണാമത്തിനെതിരെ പുതിയലോകം (ഇംഗ്ലീഷ്) a എന്ന ചെറുപുസ്തകം പഠിച്ചിരുന്നു. അതുകൊണ്ട് പട്ടാള ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചുകൊണ്ട് പരിണാമം തെളിയിക്കപ്പെടാത്ത വെറുമൊരു സിദ്ധാന്തമാണെന്നു സ്ഥാപിക്കാൻ എനിക്കു കഴിഞ്ഞു.
പിന്നെ, വ്യക്തമായും കത്തോലിക്ക മതപശ്ചാത്തലം ഉണ്ടായിരുന്ന ഒരു മേജർ സംഭാഷണത്തിൽ പങ്കുചേർന്നു. “കന്യാമറിയത്തെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്?, വിശുദ്ധ കുർബാനയെ കുറിച്ചു നിങ്ങൾ എന്തു പറയുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ശേഷം ഞാൻ പറഞ്ഞു: “സാറ് ഒരു വിശ്വാസിയാണല്ലേ, സാറിന്റെ ചോദ്യങ്ങൾ മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്തമാണ്.”
“അല്ലല്ല! ഞാൻ ഒരു വിശ്വാസിയൊന്നുമല്ല!,” ഉച്ചത്തിൽ അദ്ദേഹം അതു നിഷേധിച്ചു. ആ കമ്മ്യൂണിസ്റ്റ് രാജ്യത്ത് ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ടവരെ ആരും ബഹുമാനിച്ചിരുന്നില്ല, കൂടാതെ അവർക്ക് ഉത്തരവാദിത്വങ്ങളൊന്നും ലഭിച്ചിരുന്നുമില്ല. അതുകൊണ്ട് അതിനുശേഷം ആ ഉദ്യോഗസ്ഥൻ പിന്നെ ചർച്ചയിൽ പങ്കെടുത്തതേ ഇല്ല. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ ആ ഉദ്യോഗസ്ഥന്മാരോടു വിശദീകരിക്കാനുള്ള അവസരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം നന്ദി ഉള്ളവനായിരുന്നു.
സാക്ഷ്യം നൽകുന്നതിനുള്ള കൂടുതലായ അവസരങ്ങൾ
ഏതാനും ദിവസം കഴിഞ്ഞപ്പോൾ പ്രാഗിലുള്ള ഒരു സൈനിക കെട്ടിടത്തിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ പട്ടാളക്കാർ എനിക്കു കാവൽനിന്നു. എനിക്കു കാവൽനിൽക്കാൻ ആദ്യമായി നിയമനം ലഭിച്ച ഭടന് പ്രത്യേക സുരക്ഷാ നടപടികൾ കണ്ട് അതിശയം തോന്നി. “ഞങ്ങൾ ഏതെങ്കിലും വ്യക്തിക്ക് ഇങ്ങനെ പ്രത്യേകം കാവൽനിൽക്കേണ്ടി വരുന്നത് ആദ്യമായാണ്,” അദ്ദേഹം എന്നോടു പറഞ്ഞു. അതുകൊണ്ട് എന്നെ തടവിൽ ആക്കിയിരിക്കുന്നതിന്റെ കാരണം ഞാൻ അദ്ദേഹത്തോടു വിശദീകരിച്ചു. വളരെ താത്പര്യം തോന്നിയ അദ്ദേഹം തോക്ക് മുട്ടിനിടയിൽ വെച്ച് അവിടെ കുത്തിയിരുന്ന് ഞാൻ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ടു. രണ്ടു മണിക്കൂറിനു ശേഷം അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരു പട്ടാളക്കാരൻ വന്നു. സമാനമായ ചോദ്യങ്ങൾ
ചോദിച്ച അദ്ദേഹവുമായും ഒരു ബൈബിൾ ചർച്ച നടത്താൻ എനിക്കു കഴിഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ എനിക്കു കാവൽനിന്ന ഭടന്മാരുമായും അവർ അനുവദിക്കുമ്പോൾ മറ്റു തടവുകാരുമായും ചർച്ചകൾ നടത്താനുള്ള അവസരം എനിക്കു ലഭിച്ചു. ഭടന്മാർ തടവറകൾ തുറന്ന് ബൈബിൾ ചർച്ചകൾക്കായി കൂടിവരാൻ തടവുകാരെ അനുവദിക്കുക പോലും ചെയ്തു! കുറച്ചു കഴിഞ്ഞപ്പോൾ, മറ്റുള്ളവരോടു സംസാരിക്കാൻ ഭടന്മാർ എനിക്കു നൽകിയ സ്വാതന്ത്ര്യത്തെ കുറിച്ച് പുറത്ത് അറിയാനിടയാകുമെന്നും അതു പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഞാൻ ഭയപ്പെട്ടു തുടങ്ങി. പക്ഷേ മുഴു സംഗതിയും രഹസ്യമായിത്തന്നെ സൂക്ഷിക്കപ്പെട്ടു.
പിന്നീട് വിധി പറയുന്ന ദിവസം എന്നെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ എന്റെ വിശ്വാസങ്ങളെ കുറിച്ചു ഞാൻ സംസാരിച്ചിരുന്നവർ എന്നെ പ്രോത്സാഹിപ്പിച്ചു. രണ്ടു വർഷത്തെ തടവിനാണ് എന്നെ ശിക്ഷിച്ചത്. എന്നാൽ പൊതുമാപ്പ് ലഭിച്ചതിനെ തുടർന്ന് എനിക്ക് ഇളച്ചു കിട്ടിയ ആറുവർഷവും കൂടെ അതിനോടു കൂട്ടിച്ചേർക്കപ്പെട്ടു. അതായത്, എട്ടു വർഷത്തെ തടവുശിക്ഷ കൂടി ഞാൻ അനുഭവിക്കണമായിരുന്നു.
ദൈവസഹായം അനുഭവിച്ചറിയുന്നു
ചെക്കോസ്ലോവാക്യയിലെ പാളയങ്ങൾ തോറും ജയിലുകൾ തോറും എന്നെ മാറ്റിപ്പാർപ്പിച്ചുകൊണ്ടിരുന്ന കാലത്ത് പലപ്പോഴും ഞാൻ ദൈവസഹായം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വാൽഡിറ്റ്സെയിലുള്ള ജയിലിൽ എത്തിയപ്പോൾ ഞാൻ അവിടെ എത്താനുള്ള കാരണം എന്താണെന്ന് കമാൻഡർ ചോദിച്ചു. “ഞാൻ സൈനിക സേവനത്തിനു വിസമ്മതിച്ചു. യുദ്ധത്തിൽ പങ്കെടുക്കുന്നത് എന്റെ വിശ്വാസങ്ങൾക്കു വിരുദ്ധമാണ്” എന്നു ഞാൻ മറുപടി പറഞ്ഞു.
“എല്ലാവർക്കും ആ മനോഭാവം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു” എന്ന് അദ്ദേഹം അനുകമ്പാപൂർവം പറഞ്ഞു. എന്നാൽ ഒരു നിമിഷം ചിന്തിച്ച ശേഷം അദ്ദേഹം പറഞ്ഞു: “എന്നാൽ ഇന്നു മിക്കവരും അങ്ങനെ ചിന്തിക്കാത്തതിനാൽ നിങ്ങളെ ശിക്ഷിക്കേണ്ടിയിരിക്കുന്നു—കഠിനമായിത്തന്നെ ശിക്ഷിക്കേണ്ടിയിരിക്കുന്നു!”
ഗ്ലാസ്സിൽ കൊത്തുപണികൾ ചെയ്യുന്ന വിഭാഗത്തിൽ പണിയെടുക്കാൻ എന്നെ നിയമിച്ചു. കഠിനതടവിനു ശിക്ഷിക്കപ്പെടുന്നവരെയാണ് അവിടെ ജോലി ചെയ്യാൻ ആക്കിയിരുന്നത്. യഹോവയുടെ സാക്ഷി എന്ന നിലയിൽ സൈനിക സേവനത്തിനു വിസമ്മതിച്ചതിനാലാണു ഞാൻ ശിക്ഷിക്കപ്പെട്ടതെങ്കിലും അപ്പോഴും എന്നെ രാഷ്ട്രീയ തടവുകാരനായി മുദ്രകുത്തി ഏറ്റവും ബുദ്ധിമുട്ടുള്ള നിയമനങ്ങളാണു നൽകിയിരുന്നത്. അലങ്കാര വിളക്കുകൾക്കും മറ്റ് ആഡംബര വസ്തുക്കൾക്കും വേണ്ടി ഗ്ലാസ്സിൽ കൊത്തുപണി ചെയ്യുന്നത് പ്രത്യേകിച്ചും ബുദ്ധിമുട്ടുള്ള പണിയായിരുന്നു. കാരണം അതിൽ ഒരു പിഴവു പോലും വരാൻ പാടില്ലായിരുന്നു. സാധാരണഗതിയിൽ പണികഴിഞ്ഞ് തടവുകാർ തിരിച്ചേൽപ്പിക്കുന്ന ഗ്ലാസ്സിൽ പകുതിയും പിറ്റേ ദിവസം പിഴവുകൾ നികത്തുന്നതിന് തിരിച്ചെത്തിയിരുന്നു. അതുകൊണ്ട് പറഞ്ഞിരിക്കുന്ന അത്രയും പണി ചെയ്തുതീർക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല.
എന്നെ ആ വിഭാഗത്തിൽ നിയമിച്ച ദിവസം ജോലി തുടങ്ങുന്നതിനു മുമ്പു ഞാൻ ഡിപ്പാർട്ട്മെന്റ് മേധാവിക്കായി കാത്തുനിൽക്കണമായിരുന്നു. അദ്ദേഹം എത്തിയപ്പോൾ തടവുകാർ കഠിനമായി അധ്വാനിക്കുന്നില്ലെന്നും മറ്റും പറഞ്ഞ് ഏവരുടെയും നേരെ ആക്രോശിക്കാൻ തുടങ്ങി. ഒടുവിൽ അദ്ദേഹം എന്റെയടുത്ത് എത്തി ചോദിച്ചു: “നീയെന്താ പണിയെടുക്കാതെ നിൽക്കുന്നത്?”
ഞാൻ പുതിയതായി വന്ന തടവുകാരൻ ആണെന്ന് വിശദീകരിച്ചു. അദ്ദേഹം എന്നെ ഓഫീസിൽ കൊണ്ടുപോയി ഞാൻ തടവിലാകാനുള്ള കാരണം എന്താണ് എന്നും മറ്റുമുള്ള പതിവു ചോദ്യങ്ങൾ ചോദിച്ചു. എന്റെ സാഹചര്യം ഞാൻ വിശദീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു: “അപ്പോൾ നീ യഹോവയുടെ സാക്ഷികളിൽ ഒരാളാണല്ലേ?”
“അതേ,” ഞാൻ മറുപടി നൽകി.
അതോടെ എന്നോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിനു മാറ്റം വന്നു. അദ്ദേഹം പറഞ്ഞു, “വിഷമിക്കേണ്ട, യഹോവയുടെ സാക്ഷികളായ പലരും മുമ്പ് ഇവിടെ വന്നിട്ടുണ്ട്. ഞങ്ങൾ അവരെ ബഹുമാനിക്കുന്നു, കാരണം അവർ കഠിനാധ്വാനികളും മാന്യരുമാണ്. ചെയ്തുതീർക്കാൻ കഴിയുന്നത്ര ജോലിയേ നിനക്കു ലഭിക്കുന്നുള്ളൂ എന്നു ഞാൻ ഉറപ്പുവരുത്തും.”
അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ മാറ്റം എന്നെ വളരെ അതിശയിപ്പിച്ചു. യഹോവയോടും ആ ജയിലിൽ സാക്ഷികൾക്ക് അത്രയും നല്ല ഒരു പേര് ഉണ്ടാക്കിത്തന്ന എന്റെ അജ്ഞാത സഹവിശ്വാസികളോടും ഞാൻ നന്ദിയുള്ളവനായിരുന്നു. വാസ്തവത്തിൽ, ജയിലിൽ കഴിഞ്ഞ മുഴുവൻ സമയവും യഹോവയുടെ സ്നേഹപൂർവകമായ സഹായം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു.
എത്ര ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും ഒടുവിൽ എന്റെ ക്രിസ്തീയ സഹോദരങ്ങളെ കണ്ടുമുട്ടുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. അപ്പോൾ അവരുടെ ഹൃദ്യമായ പുഞ്ചിരി കാണാനും അവരിൽനിന്നു പ്രോത്സാഹനം സ്വീകരിക്കാനും എനിക്കു കഴിയുമായിരുന്നു. അവർ ഇല്ലായിരുന്നെങ്കിൽ എന്റെ തടവുകാലത്തു സഹിച്ചുനിൽക്കുക എത്രയോ പ്രയാസകരമായിരുന്നേനെ.
തങ്ങൾക്കു ലഭിച്ച മോശമായ പെരുമാറ്റത്തിനെല്ലാം പകരം ചോദിക്കണമെന്ന ചിന്താഗതിക്കാരായിരുന്നു ചില തടവുകാർ. എന്നാൽ എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. സങ്കീർത്തനം 37:29; 2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4.
ദൈവത്തിന്റെ നീതിയുള്ള തത്ത്വങ്ങളോടുള്ള അനുസരണം നിമിത്തമാണു ഞാൻ കഷ്ടപ്പെടുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ജയിലിൽ കഴിയുന്ന ഓരോ ദിവസത്തിനും പകരമായി പുതിയ ഭൂമിയിലെ പറുദീസയിൽ എണ്ണമറ്റ സന്തോഷപ്രദമായ ദിവസങ്ങൾ എനിക്കു നൽകാൻ യഹോവയ്ക്കു കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു.—ഇപ്പോഴത്തെ അനുഗ്രഹങ്ങൾക്കു നന്ദിയുള്ളവൻ
ഒടുവിൽ 1968 മേയിൽ, 15-ലധികം വർഷത്തെ തടവുശിക്ഷയ്ക്കു ശേഷം ഞാൻ മോചിതനായി. ആദ്യമൊക്കെ ആളുകളുമായി സംസാരിക്കുന്നതിൽ എനിക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തടവുകാരുടെയും ഭടന്മാരുടെയും യൂണിഫോം ധരിച്ചവരോടൊപ്പം ആയുഷ്കാലത്തിലധികവും ചെലവഴിച്ചവർക്ക് ഇങ്ങനെ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ പെട്ടെന്നുതന്നെ പ്രസംഗപ്രവർത്തനത്തിൽ—അപ്പോഴും അതു നിരോധനത്തിൻ കീഴിലായിരുന്നു—പങ്കെടുക്കാൻ എന്റെ ക്രിസ്തീയ സഹോദരങ്ങളുടെ സഹായത്താൽ എനിക്കു സാധിച്ചു.
തടവിൽനിന്നു മോചിതനായി ഏതാനും ആഴ്ചകൾക്കകം ഞാൻ ഇവ്വാ എന്ന സഹോദരിയെ കണ്ടുമുട്ടി. കുടുംബത്തിൽനിന്നു കഠിനമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും ഏതാണ്ടു മൂന്നു വർഷം മുമ്പ് അവൾ തന്റെ ജ്യേഷ്ഠനോടൊപ്പം ബൈബിൾ സത്യത്തിനായി ധൈര്യപൂർവം ഒരു നിലപാട് എടുത്തിരുന്നു. പെട്ടെന്നുതന്നെ ഞങ്ങൾ ഒരുമിച്ചു പ്രസംഗവേലയിൽ പങ്കെടുക്കാൻ തുടങ്ങി. കൂടാതെ ബൈബിൾ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കുന്നതിലും ഞങ്ങൾ ഏർപ്പെട്ടു. രഹസ്യ ഭൂഗർഭ അറകളിലെ അച്ചടിശാലകളിലാണ് സാഹിത്യങ്ങൾ ഉത്പാദിപ്പിച്ചിരുന്നത്. 1969 നവംബറിൽ ഞങ്ങൾ വിവാഹിതരായി.
ഞങ്ങളുടെ ആദ്യത്തെ കുട്ടി, യാനാ 1970-ൽ ജനിച്ചു. പിന്നീട് യഹോവയുടെ സാക്ഷികളുടെ സഞ്ചാരമേൽവിചാരകനായി നിയമനം ലഭിച്ചപ്പോൾ വാരാന്തങ്ങളിൽ ഞാൻ സഭകൾ സന്ദർശിച്ച് അവർക്ക് ആത്മീയ പ്രോത്സാഹനം നൽകാൻ തുടങ്ങി. 1975-ൽ ഈ പ്രവർത്തനത്തിനിടയ്ക്ക് എന്നെ വീണ്ടും അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചു. എന്നാൽ ഇപ്രാവശ്യം ഏതാനും മാസങ്ങളേ ഞാൻ അവിടെ ചെലവഴിച്ചുള്ളൂ. പിന്നെ, 1977-ൽ ഞങ്ങളുടെ മകൻ ഷ്റ്റൈപാൻ ജനിച്ചു.
ഒടുവിൽ 1993 സെപ്റ്റംബർ 1-ന് ചെക്ക് റിപ്പബ്ലിക്ക് യഹോവയുടെ സാക്ഷികൾക്ക് ഔദ്യോഗിക അംഗീകാരം നൽകി. അതിനടുത്ത വർഷം ഞങ്ങളുടെ മകൾ യാനായും ഒരു ക്രിസ്തീയ മൂപ്പനായ ഡാലിബോർ ഡ്രാഷാനും വിവാഹിതരായി. 1999-ൽ, ശുശ്രൂഷാദാസനായിരുന്ന ഞങ്ങളുടെ മകൻ ഷ്റ്റൈപാൻ ഒരു മുഴുസമയ ശുശ്രൂഷകയായ ബ്ലാങ്കായെ വിവാഹം ചെയ്തു. ഞങ്ങളെല്ലാം ഇപ്പോൾ പ്രാഗിലുള്ള സഭകളിൽ അംഗങ്ങളാണ്. പുതിയ ലോകം വന്നെത്തുന്ന ദിനത്തിനായി ഞങ്ങളെല്ലാവരും നോക്കിപ്പാർത്തിരിക്കുകയാണ്—എന്നാൽ എവിടെയും ഒരു ജയിൽ പോലും ഇല്ലാത്ത സമയത്തിനായാണ് ഞാൻ വിശേഷിച്ചും കാത്തിരിക്കുന്നത്. (g02 6/22)
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ 1950-ൽ പ്രസിദ്ധീകരിച്ചത്.
[20-ാം പേജിലെ ചിത്രങ്ങൾ]
ഒരു ചീപ്പ് ഉപയോഗിച്ച് ഞാൻ ബൈബിൾ വാക്യങ്ങൾ കുറിച്ചുവെച്ചു
[21-ാം പേജിലെ ചിത്രം]
ഞാൻ തടവിലാക്കപ്പെട്ട ബിറ്റിസ് പാളയം, ഇവിടെ ആയിരിക്കെയാണു ഞാൻ സ്നാപനമേറ്റത്
[23-ാം പേജിലെ ചിത്രം]
ഞങ്ങളുടെ വിവാഹദിനം
[23-ാം പേജിലെ ചിത്രം]
ഇവ്വായും ഞാനും, ഇടത്ത് ഷ്റ്റൈപാനും ബ്ലാങ്കായും, വലത്ത് യാനായും ഡാലിബോറും