ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
എലിയും മനുഷ്യനും തമ്മിൽ ആഹാരത്തിനു മത്സരം
ലോകവ്യാപകമായി, ഒരു മനുഷ്യക്കുഞ്ഞു ജനിക്കുമ്പോൾ പത്ത് എലിക്കുഞ്ഞുങ്ങളും ജനിക്കുന്നുവെന്ന് ‘ഓസ്ട്രേലിയൻ കോമൺവെൽത്ത് ശാസ്ത്ര-വ്യാവസായിക ഗവേഷക സംഘടന’ (സിഎസ്ഐആർഒ) പറയുന്നു. അതിന്റെ അർഥം ദിവസവും, പുതുതായി ജനിക്കുന്ന 3,60,000 മനുഷ്യശിശുക്കളെ പോറ്റേണ്ടതുണ്ടെന്നിരിക്കെ 36,00,000 എലികൾക്കും കൂടെ ഭക്ഷണം ആവശ്യമായി വരുന്നു എന്നാണ്. ഉദാഹരണത്തിന്, ഏതാണ്ട് 23 കോടി ജനങ്ങളുള്ള ഇന്തൊനീഷ്യയിൽ 60 ശതമാനത്തോളം പേരും ദിവസവും അരിഭക്ഷണമാണു കഴിക്കുന്നത്. എന്നാൽ ആ രാജ്യത്ത് കൃഷിചെയ്യുന്ന നെല്ലിന്റെ ഏകദേശം 15 ശതമാനം വർഷംതോറും എലികൾ തിന്നുതീർക്കുന്നു. “അതിന്റെ അർഥം രണ്ടു കോടിയിലധികം ഇന്തൊനീഷ്യക്കാർക്ക് ഒരു വർഷം മുഴുവൻ കഴിക്കാനുള്ള അരി എലികൾ അകത്താക്കുന്നു എന്നാണ്” എന്ന് സിഎസ്ഐആർഒ ശാസ്ത്രജ്ഞൻ ഡോ. ഗ്രാന്റ് സിംഗൾട്ടൺ പറയുന്നു. (g02 6/22)
കോഴി സൂപ്പ്—ജലദോഷത്തിന് ഒരു പ്രകൃതിജന്യ പ്രതിവിധി
ജലദോഷം പോലെയുള്ള ശ്വസന സംബന്ധ രോഗങ്ങൾക്കുള്ള നാടൻ ചികിത്സയെന്ന നിലയിൽ കോഴി സൂപ്പ് കാലങ്ങളായി ഉപയോഗിച്ചു വന്നിട്ടുണ്ട്. ആഹാരം—നിങ്ങളുടെ അത്ഭുത ഔഷധം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ റിപ്പോർട്ടു ചെയ്ത പ്രകാരം, ലോസാഞ്ചലസിലുള്ള കാലിഫോർണിയ സർവകലാശാലയിലെ ശ്വാസകോശ വിദഗ്ധൻ ഡോ. ഇർവിൻ സിമെന്റ് അതിന്റെ പ്രവർത്തനം എങ്ങനെയെന്നു വിശദീകരിച്ചു: “മാംസ്യം അടങ്ങിയിട്ടുള്ള മിക്ക ഭക്ഷ്യപദാർഥങ്ങളെയും പോലെ കോഴിയിറച്ചിയിലും സിസ്റ്റീൻ എന്ന പ്രകൃതിജന്യ അമിനോ അമ്ലം അടങ്ങിയിട്ടുണ്ട്. സൂപ്പ് ഉണ്ടാക്കുമ്പോൾ അതു സ്വതന്ത്രമാക്കപ്പെടുന്നു. ശ്വാസനാള വീക്കവും (bronchitis) ശ്വസന സംബന്ധ രോഗങ്ങളും ഉള്ള രോഗികൾക്ക് ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന അസറ്റിൽസിസ്റ്റീൻ എന്ന മരുന്നുമായി സിസ്റ്റീന് രാസപരമായി വളരെയധികം സാമ്യമുണ്ട്.” കോഴിയുടെ തൂവലിൽനിന്നും തൊലിയിൽനിന്നും തയ്യാറാക്കുന്ന ഈ മരുന്ന് മൂക്കിലെയും തൊണ്ടയിലെയും ശ്വാസകോശത്തിലെയും കഫം ഇളക്കി പുറത്തു കൊണ്ടുവരുന്നു. കോഴി സൂപ്പും ഏതാണ്ട് അതുപോലെ തന്നെയാണു പ്രവർത്തിക്കുന്നത്. കഫക്കെട്ടിനെതിരെയുള്ള സൂപ്പിന്റെ ഫലപ്രദത്വം വർധിപ്പിക്കാൻ അതിൽ വെളുത്തുള്ളി, സവാള, മുളക് എന്നിവ ചേർക്കാൻ ഡോ. സിമെന്റ് നിർദേശിക്കുന്നു. (g02 6/22)
ഏറ്റവും പഴക്കമുള്ള അച്ചടിച്ച പരസ്യം
ലോകത്തിൽ അറിയപ്പെടുന്നതിലേക്കും ഏറ്റവും പുരാതനമായ അച്ചടിച്ച പരസ്യങ്ങൾ ചൈനീസ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു എന്ന് ഇന്റർനെറ്റിലെ ചൈനയുടെ ‘പീപ്പൾസ് ഡെയ്ലി’ റിപ്പോർട്ടു ചെയ്യുന്നു. ചൈനയിലെ ഹൂനാൻ പ്രവിശ്യയിലെ ഒരു ശവകുടീരത്തിൽനിന്ന് എണ്ണച്ചായ വർണകം പൊതിയാൻ ഉപയോഗിച്ച ഏതാണ്ട് 700 വർഷം പഴക്കമുള്ള രണ്ട് കടലാസു കഷണങ്ങൾ കണ്ടെടുക്കപ്പെട്ടു. “കടലാസിന്റെ മുകളിൽ വലത്തു ഭാഗത്ത് ഉത്പന്നത്തിന്റെ വൈവിധ്യം, ഗുണമേന്മ, സവിശേഷതകൾ എന്നിവ വിവരിക്കുന്ന 70 ചൈനീസ് അക്ഷരങ്ങൾ ഉണ്ട്. കൂടാതെ കടയുടെ വിലാസവും അതിൽ അച്ചടിച്ചിട്ടുണ്ട്” എന്നു റിപ്പോർട്ടു പറയുന്നു. പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില വാചകങ്ങൾക്ക് ആധുനിക പരസ്യങ്ങളോടുള്ള സമാനത അപാരമാണ്. ഭാഗികമായി അത് ഇങ്ങനെ വായിക്കുന്നു: “മറ്റ് എണ്ണച്ചായങ്ങളോടുള്ള താരതമ്യത്തിൽ ഞങ്ങളുടെ ഉത്പന്നത്തിന്റെ നിറം അനുപമമാണ്.” കടലാസ് യൂറോപ്പിൽ എത്തിയത് 12-ാം നൂറ്റാണ്ടിൽ മാത്രമാണ്, ഗുട്ടൻബർഗ് അച്ചടിവിദ്യ കണ്ടുപിടിച്ചതാകട്ടെ 15-ാം നൂറ്റാണ്ടിലും. ഈ വസ്തുതയുടെ വീക്ഷണത്തിൽ റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “പൊ.യു. 105-ൽ ചൈ ല്വുൻ ആദ്യമായി ഒരു ഷീറ്റ് കടലാസ് ഉണ്ടാക്കിയപ്പോൾ ചൈനയിൽ കടലാസു നിർമാണം തുടങ്ങി. അച്ചടിയുടെ കാര്യമെടുത്താൽ, ഒരു മരപ്പലകയിൽ അക്ഷരങ്ങൾ കൊത്തിയുണ്ടാക്കുകയും അതിന്മേൽ മഷി പുരട്ടിയശേഷം ഒരു കടലാസ്സിൽ അമർത്തി അതിന്റെ പകർപ്പെടുക്കുകയും ചെയ്യുന്ന വിദ്യ 9-ാം നൂറ്റാണ്ടിൽത്തന്നെ ചൈനയിൽ നിലവിലുണ്ടായിരുന്നു.”(g02 6/22)
പള്ളികൾ ബിസിനസ്സിലേക്ക്
ഹാജർ വർധിക്കാത്തതും സംഭാവനകൾ കുറയുന്നതും നിമിത്തം ഐക്യനാടുകളിലെ പള്ളികളെല്ലാം ചെലവു നടത്തുന്നതിന് ലൗകിക ബിസിനസ്സുകളിലേക്കു തിരിയുകയാണ്. “മുൻകൈയെടുത്തു പ്രവർത്തിക്കുന്ന ഏതൊരു പള്ളിയും അതു ചെയ്യും” എന്ന് ഇൻഡ്യാനയിലെ മുൻസ്റ്ററിലുള്ള ഫാമിലി ക്രിസ്റ്റ്യൻ സെന്ററിലെ സീനിയർ പാസ്റ്റർ സ്റ്റീവൻ മുൻസി പറയുന്നു. ദ വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നത് അനുസരിച്ച് പള്ളിയുടെ ബിസിനസ് പ്രവർത്തനങ്ങളിൽ പള്ളിത്തിണ്ണയിൽ കാപ്പിയും ഡോനട്ടുകളും വിൽക്കുന്നതു മുതൽ കെട്ടിട ടെറസിൽ പൂർണ സജ്ജീകൃത റെസ്റ്ററന്റുകൾ നടത്തുന്നതു വരെ ഉൾപ്പെടുന്നു. ഫ്ളോറിഡയിലെ ജാക്സൺവില്ലിൽ ഉള്ള ഒരു പള്ളി അതിനടുത്ത് ഒരു ഷോപ്പിങ് സെന്റർ തുടങ്ങി. അതിൽ ഒരു ട്രാവൽ ഏജൻസി, ബ്യൂട്ടി സലൂൺ, രാജ്യത്തിന്റെ തെക്കുഭാഗത്തെ കറുത്ത അമേരിക്കക്കാരുടെ പരമ്പരാഗത ഭക്ഷണം കിട്ടുന്ന ഒരു റെസ്റ്ററന്റ് എന്നിവയെല്ലാം ഉണ്ട്. പള്ളിയുടെ സ്ഥാപകനായ ബിഷപ്പ് വോൺ മക്ലാഫ്ലിൻ പറയുന്നു: “യേശുവിന്റെ ആഗ്രഹം, അവൻ തരുന്ന ദാനങ്ങൾ ഞങ്ങൾ സ്വീകരിച്ച് അതുകൊണ്ട് ലാഭം ഉണ്ടാക്കണം എന്നതായിരുന്നു.” 2000-ാമാണ്ടിൽ പള്ളിയുടെ ബിസിനസ്സുകളിൽനിന്ന് 20 ലക്ഷത്തിലധികം ഡോളർ (10 കോടിയിലധികം രൂപ) ആദായം ലഭിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. (g02 6/22)
ചാവുകടൽ ചുരുളുകളുടെ പ്രകാശനം
“യഹൂദ്യ മരുഭൂമിയിലെ ഗുഹകളിൽ ചാവുകടൽ ചുരുളുകൾ കണ്ടെത്തി അര നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കെ, പണ്ഡിതന്മാർ 2,000 വർഷം പഴക്കമുള്ള മത എഴുത്തുകളിൽ അവസാനത്തേതിന്റെ പ്രകാശനം ആഘോഷിക്കുകയാണ്” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. ചുരുളുകൾ പഠനവിധേയമാക്കിയ പണ്ഡിത സംഘത്തിനു നേതൃത്വം നൽകിയ പ്രൊഫസർ ഇമ്മാനുവൽ ടോവ്, 37 വാല്യങ്ങളുള്ള ഈ പരമ്പര പ്രകാശനം ചെയ്തതായി അറിയിച്ചു. ഇതിന്റെ പൂർത്തീകരണത്തിനുള്ള ബഹുമതി ഡിജിറ്റൽ ഫോട്ടോഗ്രഫി, ബഹുസ്പെക്ട്ര ഇമേജിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾക്കാണു നൽകപ്പെട്ടത്. കാരണം, ഈ ചുരുളുകളിലെ മങ്ങലേറ്റ എഴുത്തുകൾ മനസ്സിലാക്കാൻ പണ്ഡിതന്മാർക്ക് കഴിഞ്ഞത് അവയുടെ സഹായത്തോടെ ആണ്. എബ്രായ, അരമായ, ഗ്രീക്ക്, ലത്തീൻ ഭാഷകളിൽനിന്നു വിവർത്തനം ചെയ്ത എഴുത്തുകൾ പൊ.യു.മു. 250 മുതൽ പൊ.യു. 70 വരെയുള്ള കാലഘട്ടത്തിലേതാണെന്നു കണക്കാക്കപ്പെടുന്നു. (g02 6/8)
അനിശ്ചിതത്വങ്ങളെ വിജയകരമായി നേരിടൽ
ഐക്യനാടുകളിലെ തീവ്രവാദി ആക്രമണങ്ങൾക്കു ശേഷം കാനഡയിലെ ‘ക്രിസ്റ്റ്യൻ ബുക്ക്സെല്ലേഴ്സ് അസോസിയേഷൻ’ അംഗങ്ങളുടെ ബൈബിൾ വിൽപ്പനാ നിരക്കിൽ 30 ശതമാനം വർധന ഉണ്ടായിട്ടുള്ളതായി കാനഡയുടെ ഗ്ലോബ് ആൻഡ് മെയിൽ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. “ആളുകൾ വിശദീകരണങ്ങൾക്കായി തിരയുകയാണ്” എന്ന് സംഘടനയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ മാർലിൻ ലോക്ലിൻ പറയുന്നു. “ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഘടകം ആശങ്കയാണ്. ജനങ്ങളുടെ മനസ്സിലും ഹൃദയത്തിലും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾ ഉണ്ട്.” ചെറിയ പുസ്തകശാലകളിൽ പോലും “ദുരന്തസംഭവങ്ങൾക്കു വിശദീകരണം നൽകാൻ സഹായിച്ചേക്കുമെന്നു തോന്നുന്ന മതപരമായ എല്ലാത്തിന്റെയും വിൽപ്പന വർധിച്ചിട്ടുള്ളതായി” റിപ്പോർട്ട് പറയുന്നു. ടൊറന്റോ സർവകലാശാലയിലെ ഒരു ദൈവശാസ്ത്ര പ്രൊഫസറുടെ അഭിപ്രായത്തിൽ ഇത്തരം പ്രതികരണം സാധാരണമാണ്. “വലിയ അനിശ്ചിതത്വത്തിന്റെ സമയങ്ങളിൽ ആളുകൾ അടിസ്ഥാനപരമായ മത ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നു. ഉത്തരങ്ങൾക്കായി ബൈബിളിൽ പരതുന്നതു സഹായകമായിരുന്നേക്കാം” എന്ന് അവർ പറഞ്ഞു. (g02 6/8)
എയ്ഡ്സ്—ദക്ഷിണാഫ്രിക്കയിലെ ഒന്നാം നമ്പർ കൊലയാളി
“എയ്ഡ്സ് ദക്ഷിണാഫ്രിക്കയിലെ മരണങ്ങളുടെ മുഖ്യ കാരണം ആയിത്തീർന്നിരിക്കുന്നു, അത് ഏറ്റവും രൂക്ഷമായി ബാധിക്കുന്നതു യുവാക്കളെയാണ്,” ദക്ഷിണാഫ്രിക്കയുടെ വൈദ്യശാസ്ത്ര ഗവേഷക സമിതിയുടെ ഒരു പഠനത്തെ പരാമർശിച്ചുകൊണ്ട് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. അടുത്ത പതിറ്റാണ്ടിൽ ദക്ഷിണാഫ്രിക്കയിൽ 50 ലക്ഷത്തിനും 70 ലക്ഷത്തിനും ഇടയ്ക്ക് ആളുകൾ എയ്ഡ്സ് പിടിപെട്ടു മരിക്കുമെന്ന് ഗവേഷകർ കണക്കാക്കുന്നു. തങ്ങളുടെ 20-കളിൽ ആയിരിക്കുന്ന യുവതികളുടെ മരണനിരക്ക് 60-കളിൽ ആയിരിക്കുന്ന സ്ത്രീകളെക്കാൾ കൂടുതലാണ്. “എയ്ഡ്സിനു കാരണമായ വൈറസ്, അതായത് എച്ച്.ഐ.വി. ബാധിച്ചിട്ടുള്ളവർ ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത്” ദക്ഷിണാഫ്രിക്കയിലാണ് എന്ന് ലേഖനം തുടർന്നു പറയുന്നു. മൊത്തം ദക്ഷിണാഫ്രിക്കക്കാരിൽ ഒമ്പതിൽ ഒരാൾ വീതവും മുതിർന്ന ആളുകളിൽ [30-നും 34-നും ഇടയ്ക്ക് പ്രായമുള്ളവർ] നാലിൽ ഒരാൾ വീതവും എച്ച്.ഐ.വി. വാഹകരാണെന്നു കരുതപ്പെടുന്നതായി ഗവൺമെന്റ് ഉദ്യോഗസ്ഥർ പറയുന്നു.”(g02 6/8)
നഗര ജീവിതം
“ലണ്ടൻ, ന്യൂയോർക്ക്, പാരീസ്, ബെർലിൻ, ഷിക്കാഗോ എന്നിവയായിരുന്നു 1900-ത്തിലെ ഏറ്റവും വലിയ നഗരങ്ങൾ” എന്ന് ലണ്ടനിലെ ദ സൺഡേ ടൈംസ് പറയുന്നു. എന്നാൽ പുതിയ കണക്കുകൂട്ടലുകൾ അനുസരിച്ച് “2015 ആകുമ്പോഴേക്കും പാശ്ചാത്യ നഗരങ്ങൾക്ക് അവയുടെ സ്ഥാനം നഷ്ടപ്പെടും. ടോക്കിയോ, ബോംബെ, ലാഗോസ്, ബംഗ്ലാദേശിലെ ധാക്കാ, ബ്രസീലിലെ സാവൊ പൗലോ എന്നിവ ആയിരിക്കും ഏറ്റവും വലിയ നഗരങ്ങൾ.” ഇവ ഓരോന്നിലും മറ്റ് 25 നഗരങ്ങളിൽ ഓരോന്നിലും താമസിക്കുന്നവരുടെ എണ്ണം രണ്ടു കോടി കവിയും. എന്നിരുന്നാലും “2015 ആകുമ്പോൾ ഏറ്റവും കൂടുതൽ ജനപ്പാർപ്പുള്ള 30 നഗരങ്ങളിൽ ഒന്ന് എന്ന സ്ഥാനവും ലണ്ടന് നഷ്ടമാകും എന്നു കണക്കുകൾ കാണിക്കുന്നു, മുൻപന്തിയിൽ നിന്ന നഗരങ്ങളിൽ ജനസംഖ്യ കുറയുന്ന ഏക നഗരം അതായിരിക്കും” എന്ന് ടൈംസ് പറയുന്നു. ത്വരിതഗതിയിലുള്ള വളർച്ച പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. “ചില പ്രദേശങ്ങളിൽ ദരിദ്രരുടെ എണ്ണം വർധിച്ചു വരികയും അവിടങ്ങളിൽ കുറ്റകൃത്യവും അക്രമവും സാമൂഹിക ക്രമക്കേടും പെരുകുകയും ചെയ്യും” എന്ന് യു.എസ്.എ.-യിലുള്ള പെൻസിൽവേനിയ സർവകലാശാലയിലെ മാനവസമുദായ ശാസ്ത്ര പ്രൊഫസർ ഡഗ്ലസ് മാസി പറഞ്ഞു. ടോക്കിയോയിലെ വളർച്ച—അവിടത്തെ ജനസംഖ്യ 2.6 കോടിയിൽനിന്ന് പെട്ടെന്നുതന്നെ 3 കോടിയിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു—താരതമ്യേന മന്ദഗതിയിലായിരുന്നതിനാലും അവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഉള്ളതിനാലും നഗരത്തിന് അതു താങ്ങാൻ കഴിഞ്ഞിട്ടുണ്ട്. മാസി പറയുന്നതനുസരിച്ച് റോമൻ കാലത്തിനും വിക്ടോറിയൻ കാലഘട്ടത്തിനും ഇടയ്ക്ക് ലോക ജനസംഖ്യയുടെ 5 ശതമാനം വരെ മാത്രമാണു നഗരങ്ങളിൽ ജീവിച്ചിരുന്നത്. എന്നാൽ 2015 ആകുമ്പോഴേക്കും അത് 53 ശതമാനം ആകുമെന്ന് അദ്ദേഹം കണക്കാക്കുന്നു. (g02 6/8)
പുകവലി സ്ഥിരമായി ഉപേക്ഷിക്കുക!
“പുകവലിക്കുന്നവർ എല്ലാവരും അതു നിറുത്താൻ ശ്രമിക്കണം. അതിൽ വിജയിക്കുന്നെങ്കിൽ വീണ്ടും ആ ശീലം തുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുക” എന്ന് സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വർക്കിങ് ലൈഫി’ലെ ബോ ല്യൂൻബാഹ് മുന്നറിയിപ്പു നൽകുന്നു. എന്തുകൊണ്ട്? കാരണം, ഒരിക്കൽ പുകവലിച്ചിരുന്നവർ അതു നിറുത്തിയിട്ട് വീണ്ടും ആ ശീലം തുടങ്ങുമ്പോൾ അത് പുകവലി ഒരിക്കലും ഉപേക്ഷിക്കാതിരുന്നവരെക്കാൾ അധികമായി അവരുടെ ശ്വാസകോശ പ്രവർത്തനത്തെ തകരാറിലാക്കിയേക്കാം. 35-നും 68-നും ഇടയ്ക്കു പ്രായമുള്ള 1,116 സ്ത്രീപുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ പത്തു വർഷത്തെ ഒരു പഠനം ആ കാലഘട്ടത്തിലുടനീളം പുകവലിച്ചവരുടെ ശ്വാസകോശ പ്രവർത്തനത്തിനു 3 ശതമാനം തകരാറു സംഭവിച്ചതായി കാണിച്ചപ്പോൾ ഒരു വർഷത്തേക്കോ അതിലേറെ കാലത്തേക്കോ പുകവലി നിറുത്തിയിട്ട് അതു വീണ്ടും തുടങ്ങിയവരുടെ കാര്യത്തിൽ അത് 5 ശതമാനം ആയിരുന്നു. “മുമ്പ് പുകവലിച്ചിരുന്നയാൾ അതു വീണ്ടും തുടങ്ങുമ്പോൾ ആദ്യത്തെ ഏതാനും വർഷങ്ങളിൽ ശ്വാസകോശ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറു വളരെ വലുതാണ്,” ല്യൂൻബാഹ് മുന്നറിയിപ്പു നൽകി. “തങ്ങളുടെ ശ്വാസകോശ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറ് പുകവലിക്കുന്നവർക്ക് ഒരിക്കലും പരിഹരിക്കാൻ കഴിയില്ല.” പത്തു വർഷത്തെ പഠന കാലഘട്ടത്തിൽ പുകവലിശീലം ഉപേക്ഷിക്കുന്നതിൽ വിജയിച്ചവരുടെ ശ്വാസകോശ പ്രവർത്തനത്തിൽ 1 ശതമാനം തകരാറേ സംഭവിച്ചുള്ളൂ എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. (g02 6/8)