പുല്ല്—പുല്ലുവില കൽപ്പിക്കേണ്ട ഒന്നോ?
പുല്ല്—പുല്ലുവില കൽപ്പിക്കേണ്ട ഒന്നോ?
ചിലരെ സംബന്ധിച്ചിടത്തോളം അതു വീടിനു വെളിയിൽ വളരുന്ന, വെട്ടിനിറുത്തേണ്ട, പച്ച നിറമുള്ള ഒരു സാധനമാണ്. നേരെ മറിച്ച്, കൃഷിക്കാർക്കും പന്തുകളിക്കാർക്കും അത് അവരുടെ തൊഴിലുമായി ബന്ധപ്പെട്ട ഒരു വസ്തുവാണ്. കുട്ടികൾക്കാകട്ടെ പുൽപ്പുറങ്ങൾ ഒന്നാന്തരമൊരു കളിസ്ഥലവും. എന്നാൽ പുല്ല് എന്ന പദത്തിന് പുൽത്തകിടികളും കൃഷിയിടങ്ങളും കളിസ്ഥലങ്ങളും ആയി മാത്രമേ ബന്ധമുള്ളോ?
നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിൽ താമസിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ പുല്ലിന്റെ യാതൊരു ഇനങ്ങളുമായും നിങ്ങൾക്കു കാര്യമായ ബന്ധമില്ലെന്നു നിങ്ങൾ കരുതിയേക്കാം. എന്നാൽ, നമ്മിൽ മിക്കവരും പുല്ലിന്റെ ഏതെങ്കിലും ഇനങ്ങളുമായും അതിൽനിന്ന് ഉണ്ടാക്കുന്ന ഉത്പന്നങ്ങളുമായും നിത്യേന സമ്പർക്കത്തിൽ വരുന്നുണ്ട് എന്നതാണു വാസ്തവം. എന്താണു പുല്ല്? നാം അതിനെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത്?
എന്താണ് പുല്ല്?
നിസ്സാരമെന്നു പലരും കരുതുന്ന ഈ ചെടിയെ നമുക്കൊന്ന് അടുത്തു പരിശോധിക്കാം. പൊക്കത്തിൽ വളരാത്ത, പച്ച നിറമുള്ള എല്ലാ സസ്യങ്ങളെയും പൊതുവേ പുല്ല് എന്നു വിളിച്ചുവരുന്നു. തൃണവർഗത്തിലെ (ഗ്രാമിനേ അഥവാ പോവസിയേ) അംഗങ്ങളെന്ന നിലയിൽ ശാസ്ത്രീയമായി തരംതിരിക്കപ്പെട്ടിട്ടുള്ള സസ്യങ്ങൾക്കു പുറമേ ചിലർ സൈപ്പെറേസിയേ, ജങ്കേസിയേ കുടുംബങ്ങളിൽ പെടുന്ന ചെടികളെയും പുല്ലിന്റെ ഗണത്തിൽ പെടുത്തുന്നു. എന്നാൽ തൃണകുടുംബം മാത്രമാണ് യഥാർഥ പുല്ല്. സാധാരണഗതിയിൽ അതിന്റെ അംഗങ്ങൾക്കു ചില തനതു സവിശേഷതകൾ പൊതുവായുണ്ട്. ഒരു പുൽത്തണ്ട് എന്നു നിങ്ങൾ കരുതുന്ന ഒന്ന് സൂക്ഷ്മമായി പരിശോധിക്കുക.
അതിന്റെ തണ്ട് ഉരുണ്ടതും പൊള്ളയുമാണോ, അതിനു പർവസന്ധികൾ അഥവാ മുട്ടുകളുണ്ടോ? നീണ്ടു വീതികുറഞ്ഞ പരന്ന പത്രപാളികളാണോ അതിന്റേത്? അവയിലെ ഞരമ്പുകൾ സമാന്തരങ്ങളാണോ, തണ്ടിനെ പൊതിയുന്ന പോളകളിൽനിന്നാണോ പത്രപാളികൾ ഉത്ഭവിക്കുന്നത്? പത്രപാളികൾ ലംബമായ രണ്ടു വരികൾ സൃഷ്ടിച്ചുകൊണ്ട് തണ്ടിന്റെ എതിർവശങ്ങളിലായാണോ സ്ഥിതി ചെയ്യുന്നത്? പ്രധാന വേരിൽനിന്നു ശാഖോപശാഖകളായി പിരിയുന്നതിനു പകരം അതിന്റെ വേരുകൾ നേർത്ത നാരുകളുടെ കൂടിപ്പിണഞ്ഞ ഒരു പടലമാണോ? പൂക്കൾ എന്തെങ്കിലും കാണാൻ കഴിയുന്നുണ്ടെങ്കിൽത്തന്നെ അവ തീരെ ചെറിയതും പെട്ടെന്നു ഗോചരമല്ലാത്തതും ആണോ, അവ പ്രകീലം, സ്തൂപമഞ്ജരി, അല്ലെങ്കിൽ പാനിക്കിൾ ആയാണോ ക്രമീകരിച്ചിരിക്കുന്നത്? നിങ്ങളുടെ ഉത്തരങ്ങൾ അതേ എന്നാണെങ്കിൽ ആ ചെടി തൃണവർഗത്തിൽ പെട്ടതായിരിക്കാനാണു സാധ്യത.
തൃണകുടുംബത്തിലെ ചെടികളെല്ലാം കാഴ്ചയ്ക്ക് ഏതാണ്ട് ഒരേപോലിരിക്കുമെങ്കിലും അവ വിസ്മയാവഹമായ വൈവിധ്യം കാഴ്ചവെക്കുന്നു. ഈ കുടുംബത്തിൽ 8,000-ത്തിനും 10,000-ത്തിനും ഇടയ്ക്കു സ്പീഷീസുകൾ ഉണ്ട്. ഏകദേശം 2 സെന്റിമീറ്റർ മുതൽ ചിലയിനം മുളകൾപോലെ 40 മീറ്റർ വരെ ഉയരമുള്ള ചെടികളെ ഈ കുടുംബത്തിൽ കാണാൻ കഴിയും. ഭൂമിയിലെ സസ്യങ്ങളിൽ വലിയൊരു ഭാഗം പുൽച്ചെടികളാണ്. അതിൽ അതിശയിക്കാനുമില്ല. കാരണം, ഭൂമിയിലെ ഏറ്റവുമധികം അനുകൂലന സ്വഭാവം ഉള്ള സസ്യവർഗങ്ങളിൽ ഒന്നാണ് അത്. ധ്രുവപ്രദേശങ്ങളിലും മണലാരണ്യങ്ങളിലും, ഉഷ്ണമേഖലാ മഴവനങ്ങളിലും ശക്തമായ കാറ്റുവീശുന്ന പർവതചെരിവുകളിലും ഒക്കെ അവ വളരും. ചിലപ്പോൾ അവ ഒരു ഭൂപ്രദേശമാകെ കയ്യടക്കിയെന്നും വരാം—സ്റ്റെപ്പികൾ, ലാനോകൾ, പാംപകൾ, പ്രെയറികൾ, സാവന്നകൾ എന്നിവ അതിന് ഉദാഹരണങ്ങളാണ്.
വിവിധയിനം പുല്ലുകളുടെ വിജയ രഹസ്യങ്ങളിലൊന്ന് അവയുടെ കരുത്താണ്. മറ്റു പല സസ്യങ്ങളുടെയും കാര്യത്തിലെന്ന പോലെ പുല്ലിന്റെ വളർച്ച അവയുടെ അഗ്രഭാഗത്തല്ല മറിച്ച് പർവസന്ധികളുടെ മുകളിലുള്ള പ്രത്യേക സ്ഥാനങ്ങളിലാണ്. മാത്രമല്ല, മണ്ണിനു മുകളിലായോ അടിയിലായോ തിരശ്ചീനമായി വളരുന്ന തണ്ടുകളിൽനിന്നു പുതിയ
മുളകൾ പൊട്ടിവന്നേക്കാം. അതുകൊണ്ട് പുല്ലുചെത്തുകാരനോ പുല്ലുവെട്ടിയന്ത്രമോ പശുവോ അതിന്റെ അഗ്രഭാഗം നശിപ്പിച്ചാലും പുൽച്ചെടി വളർന്നുകൊണ്ടേയിരിക്കുന്നു, എന്നാൽ മറ്റു പല ചെടികളുടെയും കാര്യത്തിലാണെങ്കിൽ അവയുടെ വളർച്ച അതോടെ നിലയ്ക്കും. അതുകൊണ്ടാണ് പുൽത്തകിടി കൂടെക്കൂടെ വെട്ടിമിനുക്കുമ്പോൾ, അതു കൂടുതൽ ഇടതൂർന്ന് മനോഹരമായി തീരുന്നത്. കാരണം, അത് കൂട്ടത്തിലെ മറ്റു ചെടികളുടെ വളർച്ച മുരടിപ്പിച്ചുകൊണ്ട് പുല്ലിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.കൂടാതെ, മിക്ക പുൽച്ചെടികളുടെയും കാര്യത്തിൽ അവയുടെ തണ്ട് കാറ്റേറ്റു വളഞ്ഞുപോകുകയോ ചവിട്ടേൽക്കുകയോ ചെയ്താൽ, നിലത്തിന് അഭിമുഖമായി നിൽക്കുന്ന വശം കൂടുതൽ വേഗത്തിൽ വളരുകയും അങ്ങനെ തണ്ടു വീണ്ടും നിവർന്നുവരികയും ചെയ്യും. ഇക്കാരണങ്ങളാൽ പുൽച്ചെടിക്കു കേടുപറ്റിയാലും സാധാരണഗതിയിൽ അതു പെട്ടെന്നുതന്നെ പൂർവസ്ഥിതി പ്രാപിക്കും, ഇതാകട്ടെ, സൂര്യപ്രകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ മറ്റു സസ്യങ്ങളെ കടത്തിവെട്ടാൻ അതിനെ സഹായിക്കുന്നു. പുല്ല് ഇത്രയേറെ കരുത്തുറ്റ ഒരു ചെടിയായതിൽ നമുക്കു സന്തോഷിക്കാം. കാരണം അതിനെ ആശ്രയിച്ചാണല്ലോ നമ്മൾ ജീവിക്കുന്നത്.
ബഹുമുഖോപയോഗമുള്ള ഒരു സസ്യം
പുല്ല് ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഒരു സസ്യമാണെന്നു മാത്രമല്ല, ഭൂമുഖത്തുള്ള, പൂവണിയുന്ന സസ്യങ്ങളുടെ കുടുംബങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും കൂടെയാണ്. പുല്ല് നമ്മുടെ ആഹാരത്തിന്റെ
അടിസ്ഥാനമാണെന്ന് ഒരു സസ്യശാസ്ത്രജ്ഞൻ പറയുകയുണ്ടായി. “മനുഷ്യവർഗത്തെ ക്ഷാമത്തിൽനിന്നു സംരക്ഷിക്കുന്ന ഒരു അണക്കെട്ടുപോലെ”യാണ് അത്. ഇന്നു നിങ്ങൾ എന്തൊക്കെയാണു കഴിച്ചതെന്ന് ഒന്നോർത്തു നോക്കൂ. പ്രഭാതഭക്ഷണത്തിന് ചാമയോ ഓട്സോ പഞ്ഞപ്പുല്ലോ കൊണ്ടുള്ള കുറുക്ക് ആണോ നിങ്ങൾ കഴിച്ചത്? എങ്കിൽ നിങ്ങളുടെ ഭക്ഷണം പുല്ലിന്റെ വിത്തുകളായിരുന്നു. അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ അപ്പമോ റൊട്ടിയോ ആയിരിക്കാം കഴിച്ചത്. അതിന് ഉപയോഗിച്ച മാവും പുല്ലിന്റെ വിത്തിൽനിന്നു തയ്യാറാക്കിയതാണ്—അരി, ഗോതമ്പ്, വരക്, ബാർളി തുടങ്ങിയ ധാന്യങ്ങളെല്ലാം പുൽവർഗത്തിൽ പെട്ടവയാണ്. കോൺഫ്ളേക്സും കോൺ പുഡിങ്ങും ടോർട്ടിയയുമൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചോളവും നിങ്ങൾ ഊഹിച്ചതുപോലെതന്നെ പുൽവർഗംതന്നെ. പഞ്ചസാരയിട്ട ചായയോ കാപ്പിയോ നിങ്ങൾ ഇന്ന് കുടിക്കുകയുണ്ടായോ? പഞ്ചസാരയുടെ പകുതിയിലധികവും ഉത്പാദിപ്പിക്കപ്പെടുന്നത് ഒരു പുൽച്ചെടിയായ കരിമ്പിൽനിന്നാണ്. പാലും പാൽക്കട്ടിയും പോലും ഒരർഥത്തിൽ പുല്ലിൽനിന്ന്, ഉപാപചയ പ്രവർത്തനത്തിലൂടെ ലഭിക്കുന്ന ഉത്പന്നങ്ങളാണ്, കാരണം പശുക്കളുടെയും ആടുകളുടെയുമൊക്കെ ആഹാരമാണ് അത്.ഇനി നിങ്ങളുടെ ഉച്ചഭക്ഷണത്തെ കുറിച്ചു ചിന്തിക്കുക. ചോറും ചപ്പാത്തിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിയും ഗോതമ്പും പുല്ലുത്പന്നമാണ്. കോഴിക്കും മറ്റും സാധാരണ തീറ്റയായി കൊടുക്കുന്നതു ധാന്യമാണ്. കന്നുകാലികൾക്കു പലതരം പുല്ലുകൾ തിന്നാൻ കൊടുക്കുന്നു. അതുകൊണ്ട്, വലിയൊരളവുവരെ നാം ഭക്ഷിക്കുന്ന മുട്ടയും കോഴിയിറച്ചിയും മാട്ടിറച്ചിയുമൊക്കെ ഒരു ജീവിയുടെ ഉപാപചയത്താൽ പുല്ല് പരിവർത്തന പ്രകിയകൾക്കു വിധേയമാകുന്നതിന്റെ ഫലമായി ലഭിക്കുന്നവയാണ്. കൂടാതെ, നിങ്ങൾക്കു പുല്ലു കുടിക്കാനും കഴിയും. പാലിനു പുറമേ, ജനപ്രീതിയാർജിച്ച പല ലഹരിപാനീയങ്ങളും പുല്ലിൽനിന്നു തയ്യാറാക്കുന്നവയാണ്: ബിയർ, വിസ്ക്കി, റം, സാക്കി, കവാസ്, വോഡ്കയിൽ മിക്കവയും എല്ലാം അതിന് ഉദാഹരണങ്ങളാണ്.
നിങ്ങളുടെ ഇഷ്ടഭക്ഷണത്തെ പരാമർശിച്ചില്ലെന്നു വെച്ച് വിഷമം തോന്നരുതേ, പുല്ലിൽനിന്നു തയ്യാറാക്കുന്ന എല്ലാ ആഹാരസാധനങ്ങളുടെയും ഒരു പട്ടിക ഉണ്ടാക്കാമെന്നു വെച്ചാൽ അതു നടക്കുന്ന കാര്യമല്ല. ലോകവ്യാപകമായി ഉപയോഗിച്ചുതീർക്കുന്ന കലോറികളിൽ പകുതിയിലധികവും പുല്ലിൽനിന്നു വരുന്നതാണെന്നു ചില കണക്കുകൾ പ്രകടമാക്കുന്നു. അതിൽ അതിശയിക്കാനില്ല, കാരണം ലോകത്തിലെ മൊത്തം കൃഷിസ്ഥലത്തിന്റെ 70 ശതമാനംവരെ പുല്ല് കയ്യടക്കി വെച്ചിരിക്കുകയല്ലേ!
പുല്ലിന്റെ ഉപയോഗം ഭക്ഷ്യരംഗത്തു മാത്രം ഒതുങ്ങിനിൽക്കുന്നില്ല. നിങ്ങളുടെ വീടിന്റെ ചുവരുകൾ കളിമണ്ണും വൈക്കോലും കൊണ്ടു പണിതിരിക്കുന്നതാണോ? എങ്കിൽ അതിന് ആവശ്യമായ ഉറപ്പു നൽകുന്നതു പുല്ലാണ്. ലോകത്തിൽ പലയിടങ്ങളിലും വീടുകളുടെ മേൽക്കൂരകൾ മേയുന്നത് പുല്ല് ഉപയോഗിച്ചാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ കെട്ടിടംപണി നടത്തുന്നവർക്ക് കയറിനിന്നു പണിയാനുള്ള ചട്ടക്കൂടുകളും പൈപ്പുകളും ഫർണിച്ചറും ചുവരുകളും മറ്റും നിർമിക്കുന്നത് മുളയിൽനിന്നാണ്. പായയും കുട്ടയും നെയ്യുന്നത് പുല്ല് ഉപയോഗിച്ചാണ്. പശയും കടലാസും നിർമിക്കാനുള്ള അസംസ്കൃത പദാർഥങ്ങൾ പ്രദാനം ചെയ്യുന്നതും പുല്ലുതന്നെ. നിങ്ങളുടെ വസ്ത്രത്തിന്റെ കാര്യവും മറക്കേണ്ട. നമുക്കു കമ്പിളിയും തുകലും നൽകുന്ന മിക്ക മൃഗങ്ങളുടെയും തീറ്റ പുല്ലാണ്. അരുൻഡോ ഡൊണാക്സ് എന്ന സ്പീഷീസിൽപ്പെട്ട പുല്ലുകൊണ്ടാണ് ക്ലാരിനറ്റ് പോലുള്ള സുഷിരവാദ്യങ്ങളുടെ റീഡ് നിർമിക്കുന്നത്, ഈ പ്രകൃതിദത്ത റീഡിനു പകരം നിൽക്കാവുന്ന മറ്റൊന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പുല്ല് ഭൂമുഖത്തിന്റെ നല്ലൊരു ഭാഗത്തെ അലങ്കരിക്കുന്നു. ഹരിതാഭമായ ഒരു പുൽപ്പുറം അല്ലെങ്കിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന ഒരു പുൽത്തകിടി—കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന സുന്ദര ദൃശ്യമല്ലേ അത്! ഭൂമിയിൽ വളരുന്ന പച്ച സസ്യങ്ങളിൽ ഒരു വലിയ ഭാഗവും പുൽവർഗമായതിനാൽ ഓക്സിജൻ പ്രദാനം ചെയ്യുന്നതിൽ പുല്ല് ഒരു സുപ്രധാന പങ്കുവഹിക്കുന്നു. അതിന്റെ നാരുപോലെയുള്ള നേർത്ത വേരുകൾ മണ്ണൊലിപ്പു തടയുന്നു. പുല്ലിന്റെ ബഹുമുഖോപയോഗം കണക്കിലെടുക്കുമ്പോൾ ദീർഘകാലം മുമ്പുതന്നെ അതു കൃഷി ചെയ്യപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു എന്നതിൽ നമുക്ക് അതിശയം തോന്നുകയില്ല.
പുല്ലിന്റെ ചരിത്രം
പുല്ലിനെ കുറിച്ചുള്ള ആദ്യ പരാമർശം നാം കാണുന്നതു ബൈബിളിലെ സൃഷ്ടിപ്പിൻ വിവരണത്തിലാണ്. മൂന്നാമത്തെ സൃഷ്ടിപ്പിൻ ദിവസം, ‘ഭൂമിയിൽനിന്നു പുല്ല് മുളെച്ചുവരട്ടെ’ എന്നു ദൈവം പറഞ്ഞതായി നാം വായിക്കുന്നു. (ഉല്പത്തി 1:11) a എല്ലാ വൻ സംസ്കാരങ്ങളും പുല്ലിന്റെ ഏതെങ്കിലും ഇനങ്ങളെ ആശ്രയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഈജിപ്തുകാരുടെയും ഗ്രീക്കുകാരുടെയും റോമാക്കാരുടെയും പ്രധാന ഭക്ഷണം ഗോതമ്പും ബാർളിയുമായിരുന്നു. ചൈനക്കാരുടേത് ചാമയും അരിയും; സിന്ധുനദീതടത്തിൽ ജീവിച്ചിരുന്നവരുടേത് ഗോതമ്പും ബാർളിയും ചാമയുമായിരുന്നു. മൈയകളുടെയും ആസ്റ്റക്കുകാരുടെയും ഇങ്കകളുടെയും പ്രധാന ഭക്ഷണം ചോളമായിരുന്നു. നോക്കെത്താ ദൂരത്തേക്കു വ്യാപിച്ചു കിടന്നിരുന്ന സ്റ്റെപ്പി പുൽപ്പുറങ്ങൾ, മംഗോൾ കുതിരപ്പടകളിലെ കുതിരകൾക്കുവേണ്ട പുല്ലു പ്രദാനം ചെയ്തു. അതേ, പുല്ല് എല്ലാ കാലങ്ങളിലും മനുഷ്യവർഗത്തിന്റെ ജീവിതത്തിൽ വലിയ പ്രാധാന്യം വഹിച്ചിട്ടുണ്ട്.
ഇനി എപ്പോഴെങ്കിലും നിങ്ങൾ കാറ്റത്ത് ഉലയുന്ന ഒരു നെൽപ്പാടമോ ഹരിതമനോഹരമായ പുൽത്തകിടിയോ അതുമല്ലെങ്കിൽ വഴിയോരത്തു വളർന്നു നിൽക്കുന്ന പുൽക്കൊടികളോ കാണുകയാണെന്നിരിക്കട്ടെ. വിസ്മയം ജനിപ്പിക്കുന്ന, ബഹുമുഖോപയോഗത്തിന്റെ കാര്യത്തിൽ മറ്റെല്ലാറ്റിനെക്കാളും മികച്ചുനിൽക്കുന്ന ഈ സസ്യകുടുംബത്തെ പറ്റി ഒരു നിമിഷം ഒന്നു ചിന്തിക്കാൻ നിങ്ങൾ സമയമെടുക്കില്ലേ? സങ്കീർത്തനക്കാരനെ പോലെ അതിന്റെ മഹാ രൂപരചയിതാവായ യഹോവയാം ദൈവത്തിന് കൃതജ്ഞത നൽകാൻ നിങ്ങളും പ്രേരിതരായേക്കാം. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “എന്റെ ദൈവമായ യഹോവേ, നീ ഏററവും വലിയവൻ; . . . അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു; അവൻ ഭൂമിയിൽനിന്നു ആഹാരവും . . . ഉത്ഭവിപ്പിക്കുന്നു. . . . യഹോവയെ സ്തുതിപ്പിൻ.”—സങ്കീർത്തനം 104:1, 14, 15, 31-35. (g02 6/8)
[അടിക്കുറിപ്പ്]
a ഈ പാഠത്തിന്റെ പുരാതന ലേഖകൻ, പുല്ലുപോലിരിക്കുന്ന സസ്യങ്ങളും ഇന്ന് യഥാർഥ പുൽവർഗമായി കണക്കാക്കുന്ന സസ്യങ്ങളും തമ്മിൽ വ്യത്യാസം കൽപ്പിച്ചില്ലായിരുന്നിരിക്കാം.
[22, 23 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
പുൽച്ചെടികളുടെ ഘടന
പുല്ലിന്റെ പൂക്കളുടെ പ്രധാന രൂപങ്ങൾ
പ്രകീലം
സ്തൂപമഞ്ജരി
പാനിക്കിൾ
വേരുപടലം
പോള
പത്രപാളി
തണ്ട്
പർവസന്ധി
[24-ാം പേജിലെ ചിത്രങ്ങൾ]
ഇന്നു നിങ്ങൾ പുല്ലു ഭക്ഷിച്ചോ?
[24-ാം പേജിലെ ചിത്രങ്ങൾ]
അല്ലെങ്കിൽ കുടിച്ചോ?
[24-ാം പേജിലെ ചിത്രങ്ങൾ]
അവയും പുല്ലു തിന്നു ജീവിക്കുന്നു
[24-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾക്ക് അതുകൊണ്ട് ഉണ്ടാക്കിയ ഒരു വീട്ടിൽ താമസിക്കാനും കഴിയും