ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
പക്ഷികൾക്കുള്ള “മിഠായികൾ”
‘ബ്രസീലിലെ ഒരു സസ്യം അതിന്റെ പരാഗണ നിരക്കു വർധിപ്പിക്കാനായി ഇന്നോളം നിഗൂഢമായിരുന്ന ഒരു തന്ത്രം ഉപയോഗിക്കുന്നു’ എന്നു ജർമൻ മാസികയായ ഗേയോ റിപ്പോർട്ടു ചെയ്യുന്നു. കോമ്പ്രെറ്റം ലാൻസിയോലേറ്റം എന്ന കുറ്റിച്ചെടി തന്റെ വിരുന്നുകാരെ ദ്രവരൂപത്തിലുള്ള പൂന്തേനിനു പകരം “മിഠായി” നൽകിയാണു സത്കരിക്കുന്നത്. രാത്രിയിൽ അതിന്റെ പൂക്കൾ ജെല്ലിപോലുള്ള, ഗുളികരൂപത്തിലുള്ള മധുരമേറിയ ഒരുതരം വസ്തു ഉത്പാദിപ്പിക്കുന്നു, അവ പിന്നീട് ഉറച്ച് ഏതാണ്ട് 6 മില്ലിമീറ്റർ വ്യാസമുള്ള ഉരുളകളായി മാറുന്നു. ഗ്ലൂക്കോസും ഫ്രക്ടോസുമാണ് ഈ ജെല്ലിക്കു മധുരം നൽകുന്നത്. വിപണിയിൽ വാങ്ങാൻ കിട്ടുന്ന “ജെല്ലി ബേബി” എന്ന മിഠായിയുടെ ‘ഏതാണ്ട് അതേ സ്വാദാണ്’ അവയ്ക്ക് എന്ന് ഗവേഷകർ പറയുന്നു. “സൂര്യോദയ സമയത്ത് പൂക്കൾ വിരിയുമ്പോൾ മിന്നുന്ന, സുതാര്യമായ ഈ മിഠായികൾ ഒരു ട്രേയിലെന്നപോലെ നിരന്നിരിപ്പുണ്ടാകും,” റിപ്പോർട്ട് വിശദീകരിക്കുന്നു. പുക്കളൊരുക്കുന്ന ഈ വിരുന്ന് കുറഞ്ഞത് “എട്ട് കുടുംബങ്ങളിൽനിന്നുള്ള 28 പക്ഷി വർഗങ്ങളെ”യെങ്കിലും ആകർഷിക്കുന്നുണ്ട്. കുറ്റിച്ചെടികൾതോറും കയറിയിറങ്ങി വിരുന്നുണ്ണുന്ന പക്ഷികളുടെ മേലാകെ പൂമ്പൊടി പറ്റിപ്പിടിക്കുന്നു, അത് ഈ സസ്യത്തിന്റെ ത്വരിതഗതിയിലുള്ള പരാഗണത്തിനു സഹായിക്കുകയും ചെയ്യുന്നു. (g02 7/8)
പക്ഷികൾ ‘V’ ആകൃതിയിലുള്ള കൂട്ടമായി പറക്കുന്നത് എന്തുകൊണ്ട്?
വാത്തകളും ഞാറപ്പക്ഷികളും മറ്റും “V ആകൃതിയിലുള്ള കൂട്ടമായി പറക്കുന്നത് ദീർഘദൂര ദേശാടനങ്ങൾ നടത്തുമ്പോൾ, വലിവു കുറയ്ക്കാനും ഊർജം ലാഭിക്കാനും ആണ്” എന്നതിനു ഗവേഷകർക്ക് ഇപ്പോൾ ഈടുറ്റ തെളിവു ലഭിച്ചിരിക്കുന്നതായി നേച്ചർ മാസികയിലെ ഒരു റിപ്പോർട്ട് ചർച്ച ചെയ്യവേ ലണ്ടന്റെ ദ ഡെയ്ലി ടെലിഗ്രാഫ് പറയുന്നു. ഫ്രാൻസിലെ വിൽയേ ആൻ ബ്വായിലുള്ള നാഷണൽ സെന്റർ ഓഫ് സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞർ, V ആകൃതിയിൽ പറക്കുകയായിരുന്ന ഒരു ഞാറപ്പക്ഷിക്കൂട്ടത്തിലെ എട്ട് പക്ഷികളുടെ ഹൃദയമിടിപ്പ് അളന്നശേഷം ആ സംഖ്യകളെ അവയുടെ “ചിറകടികളും പറക്കൽ രീതിയും” ആയി താരതമ്യം ചെയ്തു. തനിച്ചു പറക്കുമ്പോഴത്തേതിനെ അപേക്ഷിച്ച്, ഇങ്ങനെ കൂട്ടമായി പറക്കുമ്പോൾ പക്ഷികളുടെ ഹൃദയമിടിപ്പു താഴുന്നതായും അതുപോലെ വേഗത്തിനു മാറ്റമില്ലാഞ്ഞിട്ടും അവയുടെ ചിറകടിയുടെ തോതു കുറയുന്നതായും ഗവേഷകർ കണ്ടെത്തി. ഇങ്ങനെ “പക്ഷികൾ കൂട്ടമായി പറക്കുമ്പോൾ കൂട്ടത്തിലുള്ള മറ്റു പക്ഷികളുടെ ചിറകടി മൂലം വായു മുകളിലേക്കു വിസ്ഥാപനം ചെയ്യപ്പെടുന്നു. അത് ഓരോ പക്ഷിയുടെയും സുഗമമായ പറക്കലിനു സഹായിക്കുന്നു,” നേച്ചർ പറയുന്നു. തനിച്ചു പറക്കുമ്പോഴത്തേതിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതൽ ഊർജം ലാഭിക്കാൻ ഈ തന്ത്രം വലിയ വെള്ള-ഞാറപ്പക്ഷികളെ സഹായിക്കുന്നു. (g02 7/8)
ഫ്രാൻസിലെ ബൈബിൾ വായന
കത്തോലിക്കാ പത്രമായ ലാ ക്രവോയിൽ പ്രസിദ്ധീകരിച്ച ഒരു സർവേ റിപ്പോർട്ടു കാണിക്കുന്ന പ്രകാരം, സർവേയിൽ പങ്കെടുത്ത ഫ്രഞ്ചുകാരിൽ 42 ശതമാനത്തിന്റെയും കൈവശം ബൈബിൾ ഉണ്ടെങ്കിലും ഏതാണ്ടു 2 ശതമാനം മാത്രമേ അത് എല്ലാ ദിവസവുംതന്നെ വായിക്കുന്നതായി അവകാശപ്പെട്ടുള്ളൂ. 72 ശതമാനം പറഞ്ഞത് അവർ “ഒരിക്കലും ബൈബിൾ വായിക്കാറില്ല” എന്നാണ്. സർവേയിൽ പങ്കെടുത്തവരിൽ 54 ശതമാനം “ആധുനിക ലോകത്തിനു ചേരാത്ത ഒരു പഴഞ്ചൻ ഗ്രന്ഥം” ആയിട്ടാണു ബൈബിളിനെ വീക്ഷിച്ചത്. “ഫ്രഞ്ചുകാർ ബൈബിളിനെ മുഖ്യമായും വിദ്യാഭ്യാസപരമായ ഒരു തലത്തിൽനിന്നുകൊണ്ടാണു പരിചിന്തിക്കുന്നത്” എന്നു റിപ്പോർട്ട് വിശദമാക്കുന്നു, “അതായത്, യഹൂദ മതത്തിന്റെയും ക്രിസ്ത്യാനിത്വത്തിന്റെയും ഉത്ഭവങ്ങൾ” സംബന്ധിച്ച് അവർ അതിൽ വിശദീകരണം തെരയുന്നു. “ഓരോ വർഷവും ഏതാണ്ട് 2,50,000 ബൈബിളുകളും 30,000 പുതിയ നിയമങ്ങളും ഫ്രാൻസിൽ വിറ്റഴിക്കപ്പെടുന്നുണ്ട്,” ലാ ക്രവോ വ്യക്തമാക്കുന്നു. (g02 7/8)
എവറസ്റ്റ് പർവത ശുചീകരണ പരിപാടി
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റിനെ (8,850 മീറ്റർ) സാധാരണ ചിത്രീകരിച്ചു കാണുന്നത് കളങ്കമറ്റ മനോഹാരിതയും ഗാംഭീര്യവും ഒത്തിണങ്ങിയ ഒന്നായിട്ടാണ്. എന്നാൽ ന്യൂഡൽഹിയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഡൗൺ റ്റു എർത്ത് മാഗസിനിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം എവറസ്റ്റ് പർവതം ഇപ്പോൾ ഒരു കൂറ്റൻ ചവറ്റുകൂനയായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളിലുടനീളം എവറസ്റ്റ് കയറിയിട്ടുള്ള നൂറുകണക്കിനു പർവതാരോഹകർ “കാലി ഓക്സിജൻ സിലിണ്ടറുകളും പഴയ ഏണികളും നാട്ടുകാലുകളും പ്ലാസ്റ്റിക്ക് കാനുകളുമൊക്കെയായി” ടൺകണക്കിനു ചപ്പുചവറുകൾ അവിടെ ഉപേക്ഷിച്ചിട്ടു പോന്നിരിക്കുന്നു. ഏറ്റവും വൃത്തിഹീനമായ ക്യാമ്പ്, “സൗത്ത് കോൾ ക്യാമ്പ്” ആണെന്ന് റിപ്പോർട്ട് പറയുന്നു. “അവിടെനിന്നാണ് മിക്ക പർവതാരോഹകരും പർവതത്തിന്റെ കൊടുമുടിയിലേക്കുള്ള കയറ്റം കയറുന്നത്.” “[ഷെർപ്പകൾക്ക്] അവർ ശേഖരിക്കുന്ന ഓരോ കിലോഗ്രാം [2.2 പൗണ്ട്] പാഴ്വസ്തുക്കൾക്കും 650 രൂപാ വീതം നൽകുന്നതിനെ കുറിച്ച് ആലോചിക്കു”ന്നതായി നേപ്പാൾ പർവതാരോഹണ സമിതിയിലെ ഒരു ഉദ്യോഗസ്ഥനായ ഭൂമിലാൽ ലാമ പറഞ്ഞു. ഷെർപ്പകൾ “സാധാരണഗതിയിൽ” എവറസ്റ്റ് കയറുന്നവർക്ക് “വഴികാട്ടികളായി വർത്തിക്കുന്നുവെന്നും അവർക്ക് ആവശ്യമായ സാധനങ്ങൾ ചുമന്നുകൊണ്ടു പോകുന്നു”വെന്നും റിപ്പോർട്ട് പറയുന്നു. (g02 7/8)
പാളിപ്പോയ “മന്ത്രപ്രയോഗം”
“ശരീരത്തിൽ വെടിയുണ്ട ഏൽക്കാതിരിക്കാനുള്ള ഒരു മന്ത്രപ്രയോഗത്തിന്റെ പരീക്ഷണത്തിനിടയിൽ ഒരു ഘാനാക്കാരൻ സഹ ഗ്രാമവാസിയുടെ വെടിയേറ്റു മരിച്ചു,” റോയിറ്റേഴ്സ് ന്യൂസ് സർവീസ് റിപ്പോർട്ടു ചെയ്യുന്നു. തങ്ങളുടെ ശരീരം വെടിയുണ്ട ഏൽക്കാത്ത തരത്തിലുള്ളതാക്കിത്തരണം എന്ന് ആവശ്യപ്പെട്ട് വടക്കുകിഴക്കൻ ഘാനയിലെ നിരവധി ഗ്രാമവാസികൾ ഒരു മന്ത്രവാദിയെ സമീപിച്ചിരുന്നു. റിപ്പോർട്ട് തുടരുന്നു: “[മന്ത്രവാദി] ഓരോ ദിവസവും ഏതോ പച്ചമരുന്നുകൂട്ട് അരച്ച് ആ വ്യക്തിയുടെ ശരീരത്തിൽ തേച്ചുപിടിപ്പിച്ചിരുന്നു. ഇതു രണ്ടാഴ്ച തുടർന്നു. ഒടുവിൽ, മന്ത്രപ്രയോഗം വിജയിച്ചോ എന്നറിയാൻ [അയാൾ] നിറയൊഴിക്കാനായി സ്വമേധയാ നിന്നുകൊടുക്കുകയായിരുന്നു.” എന്നാൽ ഒറ്റ വെടിക്കുതന്നെ ആൾ മരിച്ചുവീഴുകയാണുണ്ടായത്. മന്ത്രപ്രയോഗം പാളിപ്പോയതിൽ രോഷാകുലരായ നാട്ടുകാർ മന്ത്രവാദിയെ പിടികൂടി മർദിച്ചവശനാക്കി. ഘാനയിൽ അങ്ങു വടക്ക് താമസിക്കുന്ന ആളുകൾ, എതിർ ഗോത്രക്കാരിൽനിന്നു സംരക്ഷണം നേടാനായി മന്ത്രവാദികളെ ചെന്നുകാണുന്നതു പതിവാണ്. (g02 7/8)