വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചൂതാട്ടം ഒരു ആഗോള ഭ്രമം

ചൂതാട്ടം ഒരു ആഗോള ഭ്രമം

ചൂതാട്ടം ഒരു ആഗോള ഭ്രമം

സ്‌കോ​ട്ട്‌ലൻഡി​ലാണ്‌ ജോൺ വളർന്നത്‌. ഒരു ലോട്ടറി അടിച്ചി​രു​ന്നെ​ങ്കിൽ എന്ന്‌ അദ്ദേഹം എന്നും ആഗ്രഹി​ച്ചി​രു​ന്നു. “ആഴ്‌ച​തോ​റും ഞാൻ ഭാഗ്യ​ക്കു​റി എടുത്തി​രു​ന്നു,” അദ്ദേഹം പറയുന്നു. “അതത്ര പണച്ചെ​ല​വുള്ള കാര്യ​മാ​യി​രു​ന്നില്ല, ആഗ്രഹി​ക്കുന്ന എന്തും നേടാ​നാ​കു​മെന്ന പ്രതീ​ക്ഷ​യാണ്‌ ആ കുറി എനിക്കു തന്നത്‌.”

ജപ്പാനിൽനി​ന്നു​ള്ള കാസൂ​ഷി​ഗെ​യ്‌ക്ക്‌ കുതി​ര​പ്പ​ന്ത​യ​ങ്ങ​ളിൽ വലിയ കമ്പമാ​യി​രു​ന്നു. “മത്സര വേളക​ളിൽ കൂട്ടു​കാ​രു​മൊ​ത്തു പന്തയം വെക്കു​ന്നത്‌ വലിയ രസമാ​യി​രു​ന്നു, ചില​പ്പോൾ എനിക്കു ധാരാളം പണം ലഭിച്ചി​രു​ന്നു,” അദ്ദേഹം അനുസ്‌മ​രി​ക്കു​ന്നു.

“ബിംഗോ എന്ന ചൂതു​കളി ആയിരു​ന്നു എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട വിനോ​ദം,” ഓസ്‌​ട്രേ​ലി​യ​യി​ലെ ലിൻഡ പറയുന്നു. “ആഴ്‌ച​തോ​റും ഏകദേശം 1,500 രൂപയാണ്‌ ഞാൻ ഇതിനാ​യി ചെലവ​ഴി​ച്ചി​രു​ന്നത്‌. എങ്കിൽപ്പോ​ലും അതിലെ ജയം എന്നെ ഹരം പിടി​പ്പി​ച്ചി​രു​ന്ന​തി​നാൽ ഞാൻ അതിൽ തുടർന്നു.”

ജോണും കാസൂ​ഷി​ഗെ​യും ലിൻഡ​യു​മൊ​ക്കെ ചൂതാ​ട്ടത്തെ താരത​മ്യേന നിരു​പ​ദ്ര​വ​ക​ര​മായ ഒരു വിനോ​ദ​മാ​യാ​ണു വീക്ഷി​ച്ചത്‌. ലോക​വ്യാ​പ​ക​മാ​യി ഇതേ വീക്ഷണ​മുള്ള കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ഉണ്ട്‌. അമേരി​ക്ക​ക്കാ​രിൽ മൂന്നിൽ രണ്ടു പേരും ചൂതാ​ട്ടത്തെ അനുകൂ​ലി​ച്ച​താ​യി 1999-ൽ നടത്തിയ ഒരു സർവേ വെളി​പ്പെ​ടു​ത്തി. 1998-ൽ അമേരി​ക്ക​യിൽ അംഗീ​കൃത ചൂതാ​ട്ട​ത്തി​നാ​യി 2,40,000 കോടി രൂപയാണ്‌ ആളുകൾ ചെലവ​ഴി​ച്ചത്‌. സിനിമ ടിക്കറ്റു​കൾ, റെക്കോർഡ്‌ ചെയ്‌ത സംഗീതം, മത്സരക്ക​ളി​കൾ, തീം പാർക്കു​കൾ, വീഡി​യോ ഗെയി​മു​കൾ എന്നിവ​യ്‌ക്കെ​ല്ലാം കൂടി ചെലവാ​ക്കിയ പണത്തെ​ക്കാൾ അധിക​മാ​യി​രു​ന്നു അത്‌.

അടുത്ത​കാ​ല​ത്തെ ഒരു പഠനം അനുസ​രിച്ച്‌, ഒറ്റ വർഷത്തെ ഒരു കാലയ​ള​വിൽ ഓസ്‌​ട്രേ​ലി​യ​യി​ലെ ജനങ്ങളു​ടെ 80 ശതമാ​ന​ത്തി​ല​ധി​കം ഒരിക്ക​ലെ​ങ്കി​ലും ചൂതാ​ട്ട​ത്തിൽ ഏർപ്പെട്ടു, 40 ശതമാനം എല്ലാ ആഴ്‌ച​യി​ലും. അവിടെ മുതിർന്നവർ വർഷം​തോ​റും ശരാശരി 19,000-ത്തിലധി​കം രൂപ ചൂതാ​ട്ട​ത്തി​നാ​യി ചെലവ​ഴി​ക്കു​ന്നു. ഇതു യൂറോ​പ്പു​കാ​രും അമേരി​ക്ക​ക്കാ​രും ഇതിനാ​യി ചെലവ​ഴി​ക്കുന്ന തുകയു​ടെ ഏകദേശം ഇരട്ടി വരും. അതിനാൽ ഓസ്‌​ട്രേ​ലി​യ​ക്കാർ ലോക​ത്തി​ലെ ഏറ്റവും വലിയ ചൂതാ​ട്ട​പ്രി​യ​രു​ടെ ഗണത്തിൽ പെടും.

അനേകം ജപ്പാൻകാർ പാച്ചി​ങ്കോ എന്ന ഒരു ചൂതു​ക​ളി​യോട്‌ ആസക്തി വളർത്തി​യെ​ടു​ത്തി​രി​ക്കു​ന്നു. ഈ കളിയിൽ വാതു​വെച്ച്‌ ഓരോ വർഷവും അവർ ചെലവ​ഴി​ക്കു​ന്നത്‌ ശതകോ​ടി​ക​ളാണ്‌. ബ്രസീ​ലിൽ എല്ലാ വർഷവും ചൂതാ​ട്ട​ത്തി​നാ​യി 19,200 കോടി രൂപ​യെ​ങ്കി​ലും ചെലവാ​ക്ക​പ്പെ​ടു​ന്നു, അതിൽ ഏറിയ പങ്കും ഭാഗ്യ​ക്കു​റി​കൾക്കാ​യാണ്‌. എന്നാൽ ഭാഗ്യ​ക്കു​റി ഭ്രമം ഉള്ളത്‌ ബ്രസീ​ലു​കാർക്കു മാത്രമല്ല. പബ്ലിക്ക്‌ ഗെയ്‌മിങ്‌ ഇന്റർനാ​ഷണൽ എന്ന മാസി​ക​യു​ടെ അടുത്ത​കാ​ലത്തെ ഒരു കണക്കു പ്രകാരം “102 രാജ്യ​ങ്ങ​ളി​ലാ​യി 306 ഭാഗ്യ​ക്കു​റി​കൾ ഉണ്ട്‌.” ചൂതാട്ടം തീർച്ച​യാ​യും ഒരു ആഗോള ഭ്രമമാണ്‌—ചിലരു​ടെ അഭി​പ്രാ​യ​ത്തിൽ വളരെ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തുന്ന ഒരു ഭ്രമം.

‘പൊതു ചൂതാട്ട ഗവേഷണ ഇൻസ്റ്റി​റ്റ്യൂ​ട്ടി’ന്റെ ഒരു പ്രതി​നി​ധി​യായ ഷാരൺ ഷാർപ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, 1964 മുതൽ 1999 വരെയുള്ള കാലഘ​ട്ട​ത്തിൽ ഐക്യ​നാ​ടു​ക​ളി​ലെ ഭാഗ്യ​ക്കു​റി വിൽപ്പ​ന​യിൽനിന്ന്‌ “ദേശീയ ഖജനാ​വിന്‌ ഏകദേശം 6,00,000 കോടി രൂപ വരുമാ​നം ഉണ്ടായി, ഏറ്റവു​മ​ധി​കം വരുമാ​നം ലഭിച്ചത്‌ 1993 മുതലുള്ള വർഷങ്ങ​ളി​ലാണ്‌.” ഈ പണത്തി​ല​ധി​ക​വും പൊതു വിദ്യാ​ഭ്യാ​സ പരിപാ​ടി​കൾ, സർക്കാർ പാർക്കു​കൾ, പൊതു സ്‌പോർട്‌സ്‌ സംവി​ധാ​ന​ങ്ങ​ളു​ടെ വികസനം എന്നിവ​യ്‌ക്കാ​യി മാറ്റി​വെച്ചു. ചൂതാട്ട വ്യവസാ​യം വളരെ​യ​ധി​കം പേർക്ക്‌ തൊഴിൽ പ്രദാനം ചെയ്യുന്ന ഒരു മേഖല​യും കൂടെ​യാണ്‌. ഓസ്‌​ട്രേ​ലി​യ​യിൽ മാത്രം ചൂതാ​ട്ട​ത്തോ​ടു ബന്ധപ്പെട്ട 7,000 ബിസി​ന​സ്സു​ക​ളി​ലാ​യി ഏകദേശം 1,00,000 ആളുകൾ ജോലി ചെയ്യുന്നു.

അതു​കൊണ്ട്‌ അംഗീ​കൃത ചൂതാട്ടം ഒരു വിനോ​ദം എന്നതിനു പുറമേ, തൊഴി​ല​വ​സ​രങ്ങൾ സൃഷ്ടി​ക്കു​ക​യും നികുതി വരുമാ​നം വർധി​പ്പി​ക്കു​ക​യും പ്രാ​ദേ​ശിക സമ്പദ്‌വ്യ​വ​സ്ഥകൾ മെച്ച​പ്പെ​ടു​ത്തു​ക​യും ചെയ്യുന്ന ഒന്നാ​ണെന്ന്‌ ചൂതാ​ട്ടത്തെ അനുകൂ​ലി​ക്കു​ന്നവർ എടുത്തു​കാ​ട്ടു​ന്നു.

‘അപ്പോൾപ്പി​ന്നെ ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ടു​ന്ന​തിൽ എന്താണു കുഴപ്പം?’ എന്നു പലരും ചോദി​ച്ചേ​ക്കാം. ഈ ചോദ്യ​ത്തി​നുള്ള ഉത്തരം അടുത്ത ലേഖന​ങ്ങ​ളിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്നു. ചൂതാട്ടം സംബന്ധിച്ച നിങ്ങളു​ടെ വീക്ഷണ​ത്തിന്‌ അതു മാറ്റം വരുത്തി​യേ​ക്കാം. (g02 7/22)

[3-ാം പേജിലെ ചിത്രം]

ജോൺ

[3-ാം പേജിലെ ചിത്രം]

കാസൂഷിഗെ

[3-ാം പേജിലെ ചിത്രം]

ലിൻഡ