ചൂതാട്ടത്തിൽ ഏർപ്പെടുന്നതിൽ എന്താണു കുഴപ്പം?
ചൂതാട്ടത്തിൽ ഏർപ്പെടുന്നതിൽ എന്താണു കുഴപ്പം?
“ഏകദേശം 2,90,000 ഓസ്ട്രേലിയക്കാർ ചൂതാട്ട ആസക്തരാണ്. അവർ പ്രതിവർഷം 14,400 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിവെക്കുന്നു. ചൂതാട്ട ആസക്തരെ മാത്രമല്ല ഇതു പ്രതികൂലമായി ബാധിക്കുന്നത്. മറിച്ച് ഇവരുടെ പാപ്പരത്തം, വിവാഹമോചനം, ആത്മഹത്യ, ജോലിസമയ നഷ്ടം എന്നിവയാൽ നേരിട്ടു ബാധിക്കപ്പെടുന്ന 15 ലക്ഷത്തോളം ആളുകളുടെ കാര്യത്തിലും ഇതു സത്യമാണ്.”—ജെ. ഹൗവാർഡ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി, 1999.
കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച ജോൺ ഒരു ചൂതാട്ട ആസക്തൻ ആയിത്തീർന്നു. a ഓസ്ട്രേലിയയിലേക്കു കുടിയേറിയ അദ്ദേഹം വിവാഹം ചെയ്ത ലിൻഡയും ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നു. ജോണിന്റെ ആസക്തി ഒന്നിനൊന്നു വർധിച്ചു. അദ്ദേഹം പറയുന്നു: “ഭാഗ്യക്കുറികൾ വാങ്ങിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഞാൻ കുതിരപ്പന്തയങ്ങളിൽ വാതുവെക്കാനും ചൂതാട്ടശാലകൾ സന്ദർശിക്കാനുമൊക്കെ തുടങ്ങി. ഏതാണ്ട് എല്ലാ ദിവസവുംതന്നെ ഞാൻ ചൂതാട്ടത്തിൽ ഏർപ്പെട്ടു. ചിലപ്പോൾ വായ്പ തിരിച്ചടയ്ക്കാനോ കുടുംബത്തിനു വേണ്ട ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പോലുമോ ഉള്ള പണം മാറ്റി വെക്കാതെ കിട്ടുന്ന ശമ്പളം മുഴുവൻ ഞാൻ ചൂതാട്ടത്തിനായി ചെലവഴിച്ചിരുന്നു. എത്രതന്നെ പണം കിട്ടിയാലും ഞാൻ ചൂതാട്ടം അവസാനിപ്പിച്ചിരുന്നില്ല. ജയിക്കുന്നതിന്റെ ഹരമാണ് എന്നെ അടിമപ്പെടുത്തിയത്.”
ജോണിനെ പോലുള്ള വ്യക്തികൾ വിരളമല്ല. ചില സമൂഹങ്ങളെ ഒന്നാകെ ചൂതാട്ട ജ്വരം പിടികൂടിയിരിക്കുന്നതായി കാണാം. ഐക്യനാടുകളിൽ നിയമപരമായ ചൂതാട്ടത്തിനായി ചെലവഴിക്കപ്പെട്ട തുകയിൽ 1976-നും 1997-നും ഇടയ്ക്ക് അതിശയകരമായ 3,200 ശതമാനം വർധന ഉണ്ടായതായി യുഎസ്എ ടുഡേ എന്ന മാസിക പറഞ്ഞു.
“ചൂതാട്ടം ധാർമികവും സാമൂഹികവുമായ ഒരു തിന്മയായിട്ടാണു വീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് അത് സാമൂഹിക അംഗീകാരമുള്ള ഒരു നേരമ്പോക്കാണ്” എന്ന് കാനഡയിലെ വർത്തമാനപ്പത്രമായ ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. പൊതുജനങ്ങളുടെ മനോഭാവത്തിലെ ഈ മാറ്റത്തിനുള്ള ഒരു കാരണത്തെ കുറിച്ചു പത്രം പറയുന്നു: “കനേഡിയൻ ചരിത്രത്തിലെ ഒരുപക്ഷേ ഏറ്റവും ചെലവേറിയതും സുദീർഘവുമായ സർക്കാർ പിന്തുണയുള്ള പരസ്യ പരിപാടിയുടെ നേരിട്ടുള്ള ഫലമാണ് മനോഭാവത്തിൽ വന്നിരിക്കുന്ന ഈ മാറ്റം.” ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചില സമൂഹങ്ങളുടെമേൽ എന്തു ഫലമാണ് ഉണ്ടായിരുന്നിട്ടുള്ളത്?
ചൂതാട്ട ആസക്തി എന്ന ബാധ
ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ‘ആസക്തി വിഭാഗത്തിന്റെ’ കണക്കനുസരിച്ച്, 1996-ൽ “അമേരിക്കയിൽ ചൂതാട്ട ആസക്തരായ—അത്യാസക്തർ ഉൾപ്പെടെ—75 ലക്ഷം മുതിർന്നവരും 79 ലക്ഷം കൗമാരപ്രായക്കാരും” ഉണ്ടായിരുന്നു. യു.എസ്. കോൺഗ്രസ്സിനു സമർപ്പിച്ച ‘ദേശീയ ചൂതാട്ട ഫല പഠന കമ്മീഷന്റെ’ (എൻജിഐഎസ്സി) ഒരു റിപ്പോർട്ടിൽ ഈ കണക്കുകൾ ഉൾപ്പെടുത്തിയിരുന്നു. ചൂതാട്ടസംബന്ധമായ പ്രശ്നങ്ങളുള്ള അമേരിക്കക്കാരുടെ എണ്ണം വാസ്തവത്തിൽ രേഖകൾ പ്രകടമാക്കുന്നതിനെക്കാൾ വളരെ കൂടുതൽ ആയിരുന്നേക്കാം എന്ന് ആ റിപ്പോർട്ട് പ്രസ്താവിച്ചു.
ചൂതാട്ട ആസക്തരുടെ ജോലി നഷ്ടം, ആരോഗ്യക്കുറവ്, അവർക്കു നൽകേണ്ടി വരുന്ന തൊഴിലില്ലായ്മ വേതനം, ചികിത്സാ ചെലവുകൾ എന്നിവ ഓരോ വർഷവും യു.എസ്. സമൂഹത്തിന് ശതകോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിവെക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ചൂതാട്ട ആസക്തി മനുഷ്യനു കൈവരുത്തുന്ന ദുരിതങ്ങൾ—മോഷണം, പണാപഹരണം, ആത്മഹത്യ, വീട്ടിലെ അക്രമം, ശിശുദ്രോഹം എന്നിവയുടെ
ഫലമായി കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നേരിടേണ്ടിവരുന്ന വേദനയും ബുദ്ധിമുട്ടും—ഈ കണക്കിൽ പെടുന്നില്ല. ഓരോ വ്യക്തിയുടെയും ചൂതാട്ട ആസക്തിക്ക് പത്തു പേരെ വരെ നേരിട്ട് ബാധിക്കാനാകുമെന്ന് ഓസ്ട്രേലിയയിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ഐക്യനാടുകളിലെ ‘ദേശീയ ഗവേഷക സമിതി’യുടെ ഒരു റിപ്പോർട്ടു പറയുന്നതനുസരിച്ച്, “50 ശതമാനത്തോളം ഇണകളും 10 ശതമാനത്തോളം കുട്ടികളും ചൂതാട്ട അത്യാസക്തരിൽനിന്നുള്ള ശാരീരിക ഉപദ്രവത്തിന് ഇരയാകുന്നു.”പകരുന്ന ആസക്തി
ചില രോഗങ്ങൾ പോലെ ചൂതാട്ട ആസക്തിയും മാതാപിതാക്കളിൽനിന്നു മക്കളിലേക്കു പകരുന്നതായി കാണപ്പെട്ടേക്കാം. “ചൂതാട്ട ആസക്തരുടെ കുട്ടികൾ പുകവലി, മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം എന്നിങ്ങനെയുള്ള മോശമായ കാര്യങ്ങളിൽ ഏർപ്പെടാനും ചൂതാട്ട ആസക്തി—അത്യാസക്തി പോലും—വളർത്തിയെടുക്കാനും ഉള്ള സാധ്യത ഏറെയാണ്” എന്ന് എൻജിഐഎസ്സി റിപ്പോർട്ടു പറയുന്നു. അതുപോലെ “ചൂതാട്ട ആസക്തി—അത്യാസക്തി പോലും—വളർത്തിയെടുക്കാൻ മുതിർന്നവരെക്കാൾ കൂടുതൽ സാധ്യത ഉള്ളത് ചൂതാട്ടത്തിൽ ഏർപ്പെടുന്ന കൗമാരപ്രായക്കാരാണ്” എന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ആസക്തി പഠന വിഭാഗത്തിന്റെ ഡയറക്ടറായ ഡോ. ഹൗവാർഡ് ജെ. ഷാഫർ പറയുന്നു: “അംഗീകൃത ചൂതാട്ടത്തിനുള്ള
അവസരങ്ങൾ വർധിക്കുന്നതിന് ആനുപാതികമായെങ്കിലും യുവജനങ്ങൾക്കിടയിലെ നിയമവിരുദ്ധ ചൂതാട്ടവും വർധിക്കുന്നുണ്ടെന്നു സൂചിപ്പിക്കുന്ന ധാരാളം തെളിവുകൾ ഉണ്ട്.” ചൂതാട്ട അത്യാസക്തർ ഇന്റർനെറ്റിനെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെ കുറിച്ച് അദ്ദേഹം പറയുന്നു: “ക്രാക് കൊക്കെയ്ന്റെ രംഗപ്രവേശം കൊക്കെയ്ൻ അനുഭൂതിയെ പാടേ മാറ്റിമറിച്ചതുപോലെ ഇലക്ട്രോണിക്സ് ചൂതാട്ട രംഗത്തെ മാറ്റിമറിക്കുമെന്നാണ് എനിക്കു തോന്നുന്നത്.”ചൂതാട്ടം മിക്കപ്പോഴും നിരുപദ്രവകരമായ വിനോദമായാണു ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ കൗമാരപ്രായക്കാരുടെ കാര്യത്തിൽ ചൂതാട്ടത്തിന് മയക്കുമരുന്നുകൾ പോലെതന്നെ ആസക്തി ഉളവാക്കാനും കുറ്റകൃത്യത്തിലേക്കു നയിക്കാനും കഴിയും. യുകെ-യിൽ നടത്തിയ ഒരു സർവേ ചൂതാട്ട ശീലമുണ്ടായിരുന്ന കൗമാരപ്രായക്കാരിൽ “46 ശതമാനം” അതിൽ ഏർപ്പെടുന്നതിനായി “സ്വന്തം വീട്ടിൽനിന്നു മോഷണം നടത്തിയതായി” വെളിപ്പെടുത്തി.
ഈ വസ്തുതകളെല്ലാം ഉണ്ടായിരുന്നിട്ടും ഒരു പ്രമുഖ ചൂതാട്ട സംഘടന തങ്ങൾ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ ഇപ്രകാരം പറഞ്ഞുകൊണ്ടു ന്യായീകരിക്കുന്നു: “ചൂതുകളിയിൽ ഏർപ്പെടുന്ന അമേരിക്കക്കാരിൽ ഭൂരിഭാഗത്തിനും അതുനിമിത്തം പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല.” ഇനി, ചൂതാട്ടം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെയോ ശാരീരിക ആരോഗ്യത്തെയോ പ്രതികൂലമായി ബാധിക്കുന്നില്ലെന്നു തോന്നിയാൽത്തന്നെ, അതു നിങ്ങളുടെ ആത്മീയ ആരോഗ്യത്തെ എങ്ങനെ ബാധിക്കും? ചൂതാട്ടം ഒഴിവാക്കുന്നതിന് ഈടുറ്റ കാരണങ്ങൾ ഉണ്ടോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതാണ്. (g02 7/22)
[അടിക്കുറിപ്പ്]
a 4, 5 പേജുകളിലെ “ഞാൻ ഒരു ചൂതാട്ട ആസക്തനാണോ?” എന്ന ചതുരം കാണുക.
[4, 5 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഞാൻ ഒരു ചൂതാട്ട ആസക്തനാണോ?
അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ അഭിപ്രായപ്രകാരം പിൻവരുന്ന പട്ടിക ഒരാൾ ചൂതാട്ട അത്യാസക്തനാണോ എന്നു നിർണയിക്കാൻ സഹായിക്കും. 5-ാം പേജിൽ നൽകിയിരിക്കുന്ന ലക്ഷണങ്ങളിൽ പലത് പ്രകടമാണെങ്കിൽ നിങ്ങളൊരു ചൂതാട്ട ആസക്തനാണെന്നും ഏതെങ്കിലും ഒരു ലക്ഷണമേ ഉള്ളുവെങ്കിൽ ചൂതാട്ട ആസക്തി വളർത്തിയെടുക്കാൻ സാധ്യത ഉണ്ടെന്നുമുള്ള കാര്യത്തിൽ മിക്ക വിദഗ്ധരും യോജിക്കുന്നു.
ആമഗ്നതചൂതാട്ടം നിങ്ങളുടെ സമയത്തിലേറെയും കവർന്നെടുക്കുന്നു. ചൂതാട്ടത്തിൽ ഏർപ്പെടാത്ത സമയത്ത് നിങ്ങൾ ഒന്നുകിൽ മുൻ ചൂതാട്ട അനുഭവങ്ങളെ കുറിച്ചു ചിന്തിക്കുകയോ അടുത്ത നീക്കം ആസൂത്രണം ചെയ്യുകയോ ചൂതാട്ടത്തിനുള്ള പണം എങ്ങനെ സ്വരൂപിക്കാം എന്നതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നു.
പണത്തിന്റെ അളവു വർധിപ്പിക്കൽആഗ്രഹിക്കുന്ന അനുഭൂതി ലഭിക്കണമെങ്കിൽ ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന പണത്തിന്റെ അളവ് വർധിപ്പിക്കേണ്ടി വരുന്നു.
പിന്മാറ്റ ലക്ഷണങ്ങൾചൂതാട്ടശീലം കുറയ്ക്കാനോ നിറുത്താനോ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥതയോ ഈർഷ്യയോ അനുഭവപ്പെടുന്നു.
ഒളിച്ചോട്ടംപ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാനോ നിസ്സഹായത, കുറ്റബോധം, ഉത്കണ്ഠ, വിഷാദം എന്നിവയിൽ നിന്ന് ആശ്വാസം നേടാനോ ഉള്ള വഴിയായി നിങ്ങൾ ചൂതാട്ടത്തെ കാണുന്നു.
പിന്തുടരൽചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടാൽ അതു തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തിൽ മറ്റൊരു ദിവസം നിങ്ങൾ മടങ്ങിയെത്തുന്നു. ഈ സ്വഭാവവിശേഷതയെ ഒരുവന്റെ നഷ്ടങ്ങളുടെ പിന്നാലെയുള്ള ഓട്ടം എന്നു വിശേഷിപ്പിച്ചിരിക്കുന്നു.
നുണ പറയൽചൂതാട്ടത്തിൽ എത്രമാത്രം ഉൾപ്പെട്ടിട്ടുണ്ട് എന്നതു മറച്ചുവെക്കാൻ നിങ്ങൾ കുടുംബാംഗങ്ങളോടോ ചികിത്സകരോടോ മറ്റുള്ളവരോടോ നുണ പറയുന്നു.
നിയന്ത്രണ നഷ്ടംചൂതാട്ടം നിറുത്താനോ നിയന്ത്രിക്കാനോ വെട്ടിച്ചുരുക്കാനോ പല തവണ ശ്രമിച്ച് നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു.
നിയമവിരുദ്ധ പ്രവൃത്തികൾചൂതാട്ടത്തിനുള്ള പണത്തിനായി നിങ്ങൾ തട്ടിപ്പോ കളവോ പണാപഹരണമോ പോലുള്ള നിയമവിരുദ്ധ നടപടികളിൽ ഏർപ്പെട്ടിട്ടുണ്ട്.
പ്രധാനപ്പെട്ട ഒരു ബന്ധം അപകടത്തിലാക്കപ്പെട്ടുചൂതാട്ടം നിമിത്തം വിലപ്പെട്ട ഒരു ബന്ധം അപകടത്തിലാവുകയോ നഷ്ടപ്പെടുകയോ ചെയ്തു. അല്ലെങ്കിൽ ഒരു തൊഴിൽ അവസരമോ വിദ്യാഭ്യാസ അവസരമോ തൊഴിലോ നഷ്ടപ്പെട്ടു.
ജാമ്യംചൂതാട്ടത്തിന്റെ ഫലമായുണ്ടായ വലിയ സാമ്പത്തിക കടത്തിൽനിന്ന് നിങ്ങളെ രക്ഷിക്കുന്നതിന് മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടിവന്നു.
[കടപ്പാട്]
ഉറവ്: National Opinion Research Center at the University of Chicago, Gemini Research, and The Lewin Group.
[7-ാം പേജിലെ ചതുരം/ചിത്രം]
ഭാഗ്യക്കുറി പരസ്യങ്ങളിലെ യഥാർഥ സന്ദേശം
“ഭാഗ്യക്കുറി പ്രോത്സാഹനത്തെ . . . മൂല്യങ്ങളെ കുറിച്ചുള്ള വിദ്യാഭ്യാസമായി, ചൂതാട്ടം നിരുപദ്രവകരവും പ്രയോജനപ്രദം പോലുമായ ഒരു പ്രവർത്തനമാണെന്ന പഠിപ്പിക്കലായി വീക്ഷിക്കാവുന്നതാണ്” എന്ന് ഐക്യനാടുകളിലെ ഡ്യൂക്ക് സർവകലാശാലയിലെ ഗവേഷകർ ‘ദേശീയ ചൂതാട്ട ഫല പഠന കമ്മീഷന്’ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. ഭാഗ്യക്കുറി പരസ്യങ്ങൾക്ക് യഥാർഥത്തിൽ സമൂഹത്തിന്മേൽ എന്തു ഫലമാണുള്ളത്? ആ റിപ്പോർട്ടു പറയുന്നു: “ഭാഗ്യക്കുറി പരസ്യങ്ങളിലെ സന്ദേശം—ശരിയായ സംഖ്യ തിരഞ്ഞെടുക്കുന്നതാണ് വിജയത്തിലേക്കുള്ള താക്കോൽ എന്നത്—ദുർബലീകരിക്കുന്ന ഒന്നാണെന്നു പറഞ്ഞാൽ അത് ഒരു അതിശയോക്തി ആവില്ലെന്നു തോന്നുന്നു. ഭാഗ്യക്കുറി സംഘടനകൾ പ്രോത്സാഹിപ്പിക്കുന്ന ഈ വികല ‘വിദ്യാഭ്യാസ’ പരിപാടി യഥാർഥത്തിൽ കാലാന്തരത്തിൽ സാമ്പത്തിക വളർച്ച കുറച്ചുകൊണ്ട് സർക്കാർ വരുമാനം കുറയ്ക്കുക എന്ന മോശമായ ഫലം ചെയ്തേക്കാം. പ്രത്യേകിച്ചും, ജോലി ചെയ്യാനും പണം മിച്ചം വെക്കാനും സ്വന്തം വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി പണം ഉപയോഗിക്കാനുമുള്ള ചായ്വുകളെ ഇല്ലാതാക്കുന്നെങ്കിൽ ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നത് കാലക്രമേണ ഉത്പാദനക്ഷമതയെ ദുർബലമാക്കും. എന്തായിരുന്നാലും ഒരു അത്ഭുതത്തിന്മേൽ പന്തയം വെക്കുന്നതാണ് വിജയത്തിലേക്കുള്ള വഴി എന്നല്ല സാധാരണഗതിയിൽ നാം കുട്ടികളെ പഠിപ്പിക്കുന്നത്.”
[8-ാം പേജിലെ ചതുരം/ചിത്രം]
ഓരോ ഭവനവും ഒരു ചൂതാട്ടശാല
ചൂതാട്ടത്തിനായി പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ചെലവാക്കേണ്ടി വരുന്ന തുകയുടെ ചെറിയൊരു അംശം കൊണ്ടുതന്നെ ചൂതാട്ട സംഘടനകൾക്ക് ഇപ്പോൾ വെബ് സൈറ്റുകൾ സൃഷ്ടിക്കാനാകുന്നു. അങ്ങനെ ഇന്റർനെറ്റ് കണക്ഷനുള്ള ഓരോ ഭവനവും പ്രത്യക്ഷത്തിൽ ഒരു ചൂതാട്ട ശാലയായിത്തീരുകയാണ്. 1990-കളുടെ മധ്യത്തിൽ ഇന്റർനെറ്റിൽ ഏതാണ്ട് 25 ചൂതാട്ട സൈറ്റുകൾ ഉണ്ടായിരുന്നു. 2001 ആയപ്പോഴേക്കും അത് 1,200-ലധികമായി. ഇന്റർനെറ്റ് ചൂതാട്ടത്തിൽനിന്നുള്ള വരുമാനം ഓരോ വർഷവും ഇരട്ടിച്ചുകൊണ്ടിരിക്കുകയാണ്. 1997-ൽ ഇന്റർനെറ്റിലെ ചൂതാട്ട സൈറ്റുകളിൽനിന്ന് 300 ദശലക്ഷം ഡോളർ വരുമാനം ലഭിച്ചു. 1998-ൽ അതിൽനിന്നുള്ള വരുമാനം 650 ദശലക്ഷം ഡോളറായി ഉയർന്നു. 2000-ത്തിൽ ഇന്റർനെറ്റ് ചൂതാട്ട സൈറ്റുകൾ 220 കോടി ഡോളർ ഉണ്ടാക്കി. 2003 ആകുമ്പോഴേക്കും ഈ സംഖ്യ “640 കോടി ഡോളറാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു” എന്ന് ഒരു റോയിറ്റേഴ്സ് വാർത്താ റിപ്പോർട്ടു പറയുന്നു.
[6-ാം പേജിലെ ചിത്രം]
ചൂതാട്ട ആസക്തിയുടെ ഒരു ദുരന്തഫലം ഭക്ഷണത്തിനു വകയില്ലാത്ത കുടുംബങ്ങൾ
[7-ാം പേജിലെ ചിത്രം]
യുവജനങ്ങൾക്കിടയിലെ ചൂതാട്ടം ഞെട്ടിക്കുന്ന അളവിൽ വർധിക്കുകയാണ്
[8-ാം പേജിലെ ചിത്രം]
ചൂതാട്ടത്തോട് ആസക്തിയുള്ളവരുടെ കുട്ടികൾ അതേ ആസക്തി വളർത്തിയെടുക്കാനുള്ള സാധ്യത കൂടുതലാണ്