വാഹന അപകടങ്ങൾ—നിങ്ങൾ സുരക്ഷിതനോ?
വാഹന അപകടങ്ങൾ—നിങ്ങൾ സുരക്ഷിതനോ?
“ഇതുവരെ ഞാൻ വണ്ടിയോടിക്കുമ്പോൾ അപകടമൊന്നും വരുത്തിയിട്ടില്ല, അതുകൊണ്ടിപ്പോൾ അതേക്കുറിച്ച് ഓർത്ത് തലപുകയ്ക്കേണ്ട കാര്യമില്ല.” “പ്രായംകുറഞ്ഞ, അശ്രദ്ധരായ ഡ്രൈവർമാർക്കാണ് അപകടങ്ങൾ ഉണ്ടാകുന്നത്.” തങ്ങൾക്ക് ഒരിക്കലും ഒരു വാഹനാപകടം ഉണ്ടാകുകയില്ലെന്ന് അനേകരും വിചാരിക്കുന്നു. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ? നിങ്ങൾക്ക് ഒരിക്കലും ഒരു വാഹനാപകടം ഉണ്ടാകില്ലെന്ന് തറപ്പിച്ചു പറയാൻ കഴിയുമോ?
നിങ്ങൾ ജീവിക്കുന്നത് ഒരു വികസിത രാജ്യത്താണെങ്കിൽ ആയുഷ്കാലത്ത് ഒരിക്കലെങ്കിലും ഒരു വാഹനാപകടത്തിൽപ്പെട്ട് പരിക്കേൽക്കാനുള്ള സാധ്യതയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. പലരുടെയും കാര്യത്തിൽ അത്തരം അപകടങ്ങൾ അവരുടെ മരണത്തിൽ കലാശിക്കുന്നു. ലോകവ്യാപകമായി ഇപ്പോൾ ഓരോ വർഷവും അഞ്ചു ലക്ഷത്തിലധികം പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നു. ഒരുപക്ഷേ ഇക്കഴിഞ്ഞ വർഷം കൊല്ലപ്പെട്ടവരിൽ പലരും കരുതിയിരുന്നത് തങ്ങൾക്ക് അത് ഒരിക്കലും സംഭവിക്കുകയില്ല എന്നായിരിക്കാം. ഒരു വാഹനാപകടത്തിന് ഇരയാകാനുള്ള സാധ്യത കുറയ്ക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? അപകടം തടയുകയാണ് പ്രധാന സംഗതി. ഉറക്കംതൂങ്ങലിന്റെയും പ്രായാധിക്യത്തിന്റെയും ഫലമായുള്ള അപകടങ്ങൾ എങ്ങനെ തടയാൻ കഴിയുമെന്നു പരിചിന്തിക്കുക.
ഉറക്കംതൂങ്ങുന്ന ഡ്രൈവർ
ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം എന്ന് ചില വിദഗ്ധർ പറയുന്നു. ഉറക്കംതൂങ്ങൽ മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരൊറ്റ വർഷത്തെ കണക്കെടുത്തപ്പോൾ നോർവേയിലെ 12 ഡ്രൈവർമാരിൽ ഒരാൾ വീതം വണ്ടിയോടിക്കുന്ന സമയത്ത് ഉറങ്ങിപ്പോയതായി സമ്മതിച്ചെന്ന് ഫ്ളീറ്റ് മെയ്ന്റനൻസ് & സേഫ്റ്റി റിപ്പോർട്ട് അടുത്തകാലത്തു പ്രസ്താവിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽനിന്നുള്ള ദ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, ആ രാജ്യത്തെ വാഹനാപകടങ്ങളുടെ മൂന്നിലൊന്നിനും കാരണം ഡ്രൈവർമാർ ക്ഷീണിച്ചിരിക്കെ വണ്ടി ഓടിക്കുന്നതാണ്. മറ്റു രാജ്യങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ ക്ഷീണം എല്ലായിടത്തുമുള്ള ഡ്രൈവർമാരെ ബാധിക്കുന്നു എന്നു കാണിക്കുന്നു. ഇത്രയധികം ഡ്രൈവർമാരുടെ കാര്യത്തിൽ ഉറക്കംതൂങ്ങൽ ഒരു പ്രശ്നമായിരിക്കുന്നത് എന്തുകൊണ്ടാണ്?
ഒരു കാരണം ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയാണ്. ന്യൂസ്വീക്ക് മാസികയുടെ അടുത്തകാലത്തെ ഒരു റിപ്പോർട്ട്, അമേരിക്കക്കാർ ഇപ്പോൾ “ഈ നൂറ്റാണ്ടിന്റെ [20-ാം നൂറ്റാണ്ടിന്റെ] തുടക്കത്തിൽ ഉറങ്ങിയിരുന്നതിനെക്കാൾ ഒന്നര മണിക്കൂർ കുറവായിരിക്കാം ദിവസവും ഉറങ്ങുന്നത്” എന്നും “ഈ പ്രശ്നം കൂടുതൽ വഷളാകാനാണു സാധ്യത” എന്നും പറഞ്ഞു. എന്തുകൊണ്ട്? നിദ്രാഗവേഷകൻ ടെറി യങ്ങിന്റെ പിൻവരുന്ന വാക്കുകൾ മാസിക ഉദ്ധരിച്ചു: “ഉറക്കത്തിന്റെ സമയം കുറച്ചാലും കുഴപ്പമില്ല എന്ന് ആളുകൾ ചിന്തിക്കുന്നു. തീരെ കുറച്ച് ഉറങ്ങുക എന്നത് ഒരുവൻ കഠിനാധ്വാനിയും പുരോഗമനേച്ഛുവും ആണ് എന്നതിന്റെ ലക്ഷണം ആയാണ് കണക്കാക്കപ്പെടുന്നത്.”
ഒരു ശരാശരി വ്യക്തിക്ക് ദിവസവും ആറര മുതൽ ഒമ്പതു വരെ മണിക്കൂർ ഉറക്കം ആവശ്യമാണെന്നു പറയപ്പെടുന്നു. ഇതു കിട്ടാതെ വരുമ്പോൾ, “ഉറക്കക്കടം” എന്നു വിശേഷിപ്പിക്കുന്ന അവസ്ഥ സംജാതമാകുന്നു. ഗതാഗത സുരക്ഷയ്ക്കായുള്ള എഎഎ ഫൗണ്ടേഷന്റെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ജോലിയുള്ള ഒരു സാധാരണ ആഴ്ചയിൽ ദിവസവും ആവശ്യമായതിനെക്കാൾ 30 അല്ലെങ്കിൽ 40 മിനിട്ടു പോലും കുറച്ച് ഉറങ്ങുന്നത് വാരാന്തമാകുമ്പോഴേക്കും മൂന്നുനാലു മണിക്കൂർ സമയത്തെ ഉറക്കക്കടം ഉളവാക്കും, ഇത് പകൽസമയത്തെ ഉറക്കംതൂങ്ങൽ വളരെ വർധിപ്പിക്കും.”
ചിലപ്പോൾ നിങ്ങൾക്കു രാത്രിയിൽ നല്ലവണ്ണം ഉറങ്ങാൻ പറ്റിയെന്നു വരില്ല. ഉറക്കമില്ലായ്മ, സുഖമില്ലാത്ത കുഞ്ഞിനെ പരിചരിക്കേണ്ടിവരിക എന്നിങ്ങനെ നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ പല ഘടകങ്ങളും നിമിത്തം ആവശ്യത്തിന് ഉറങ്ങാൻ കഴിയാതെ വന്നേക്കാം. പിറ്റേ ദിവസം വണ്ടിയോടിക്കുമ്പോൾ നിങ്ങൾക്ക് ഉറക്കം വന്നേക്കാം. ഇങ്ങനെ സംഭവിക്കുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും?
പലരും സ്വീകരിക്കാറുള്ള പരിഹാരങ്ങളാണ് കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുക, ജനാല തുറന്നിടുക, ച്യൂയിംഗം ചവയ്ക്കുക, എരിവുള്ള എന്തെങ്കിലും കഴിക്കുക എന്നിവ. എന്നാൽ ഇതൊന്നും ഉണർന്നിരിക്കാൻ നിങ്ങളെ സഹായിച്ചെന്നു വരില്ല.
പരിഹാരങ്ങളായി കരുതപ്പെടുന്ന ഇവയൊന്നും യഥാർഥ പ്രശ്നത്തെ ഇല്ലാതാക്കുന്നില്ല. നിങ്ങൾക്ക് ആവശ്യം ഉറക്കമാണ്. അതുകൊണ്ട് കുറച്ചു സമയത്തേക്ക് ഒന്നു മയങ്ങാൻ ശ്രമിക്കരുതോ? ദ ന്യൂയോർക്ക് ടൈംസ് ഈ നിർദേശം നൽകി: “പകൽസമയത്തെ മയക്കം ഉന്മേഷദായകം ആയിരിക്കണമെങ്കിൽ അത് 30 മിനിട്ടിൽ കൂടരുത്; അതിലും കൂടിയാൽ ശരീരം ഗാഢനിദ്രയിലേക്ക് വഴുതിവീഴുകയും ഉണരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.” ഒന്നു മയങ്ങുന്നത് നിങ്ങൾ ലക്ഷ്യസ്ഥാനത്ത് വൈകി എത്താൻ ഇടയാക്കിയേക്കാം. എന്നാൽ അതിന് നിങ്ങളുടെ ആയുസ്സ് ദീർഘിപ്പിക്കാൻ കഴിയും.നിങ്ങളുടെ ജീവിതശൈലി നിങ്ങൾ വാഹനം ഓടിക്കുമ്പോൾ ഉറക്കംതൂങ്ങാനുള്ള സാധ്യത വർധിപ്പിച്ചേക്കാം. ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടോ ടെലിവിഷൻ കണ്ടുകൊണ്ടോ നിങ്ങൾ രാത്രിയിൽ വളരെ നേരം ഉറക്കമിളയ്ക്കുന്നുണ്ടോ? അല്ലെങ്കിൽ, പുലർകാലം വരെ നീണ്ടുപോകുന്ന സാമൂഹിക കൂടിവരവുകളിൽ നിങ്ങൾ സംബന്ധിക്കുന്നുവോ? ഇത്തരം സംഗതികൾ നിങ്ങളുടെ ഉറക്കത്തെ കവർന്നു കളയാൻ അനുവദിക്കരുത്. ജ്ഞാനിയായ ശലോമോൻ രാജാവ് ഒരിക്കൽ “ഒരുപിടി” വിശ്രമത്തിന്റെ പോലും മൂല്യം എടുത്തുകാട്ടി.—സഭാപ്രസംഗി 4:6, പി.ഒ.സി. ബൈബിൾ.
അനുഭവസ്ഥരെങ്കിലും പ്രായക്കൂടുതൽ ഉള്ളവർ
പ്രായം കൂടുതലുള്ള ഡ്രൈവർമാർക്കാണ് മിക്കപ്പോഴും ഏറ്റവും കൂടുതൽ അനുഭവപരിചയം ഉള്ളത്. കൂടാതെ, അവർ അപകടകരമായ സാഹചര്യങ്ങളിൽ ചെന്നു ചാടാതെ ശ്രദ്ധിക്കുന്നു. അവർ തങ്ങളുടെ പരിമിതികൾ മനസ്സിലാക്കിയാണ് പ്രവർത്തിക്കുക. എന്നിരുന്നാലും, പ്രായക്കൂടുതലുള്ള ഡ്രൈവർമാർ വാഹനാപകടത്തിന്റെ സാധ്യതയിൽനിന്ന് ഒഴിവുള്ളവരല്ല. വാസ്തവത്തിൽ പ്രായം കൂടുന്തോറും അവരുടെ അപകടസാധ്യതയും വർധിച്ചേക്കാം. കാർ & ട്രാവൽ എന്ന യു.എസ്. മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “70 വയസ്സിനു മുകളിലുള്ളവർ ജനസംഖ്യയുടെ 9 ശതമാനം വരും, എന്നാൽ വാഹനാപകടങ്ങൾ നിമിത്തമുള്ള മരണങ്ങളുടെ 13 ശതമാനവും അവരുടെ ഇടയിലാണു സംഭവിക്കുന്നത്.” ദുഃഖകരമെന്നു പറയട്ടെ, പ്രായമുള്ള ഡ്രൈവർമാർ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്.
എൺപതു വയസ്സുള്ള മെർട്ടിലിനു പറയാനുള്ളതു ശ്രദ്ധിക്കുക. a അവർ ഡ്രൈവിങ് തുടങ്ങിയിട്ട് 60 വർഷത്തിലേറെയായി. ഇതുവരെ ഒരൊറ്റ അപകടം പോലും ഉണ്ടായിട്ടില്ല. എന്നാൽ മറ്റു പലരെയും പോലെ മെർട്ടിലിനു വാർധക്യസഹജമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്—ഒരു അപകടം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്ന പ്രശ്നങ്ങൾ. അടുത്തകാലത്ത് അവർ ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “പ്രായം ചെല്ലുമ്പോൾ ജീവിതത്തിലെ എല്ലാ കാര്യങ്ങളും [ഡ്രൈവിങ് ഉൾപ്പെടെ] വെല്ലുവിളി നിറഞ്ഞതായിത്തീരുന്നു.”
ഒരു വാഹനാപകടത്തിന്റെ സാധ്യത കുറയ്ക്കാൻ അവർ എന്താണു ചെയ്തിട്ടുള്ളത്? “ഈ കഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം എന്റെ പ്രായം കണക്കിലെടുത്ത് ഞാൻ പല പൊരുത്തപ്പെടുത്തലുകളും വരുത്തിയിരിക്കുന്നു” എന്നു മെർട്ടിൽ പറയുന്നു. ഉദാഹരണത്തിന് വാഹനം ഓടിക്കുന്ന സമയം അവർ കുറച്ചിരിക്കുന്നു, പ്രത്യേകിച്ചും രാത്രി സമയങ്ങളിൽ. ഈ ചെറിയ മാറ്റം അപകടമൊന്നും വരുത്താതിരിക്കാൻ സഹായിച്ചിരിക്കുന്നതിനാൽ അവർക്ക് ഡ്രൈവിങ് പാടേ ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല.
അംഗീകരിക്കാൻ വിഷമം തോന്നിയേക്കാമെങ്കിലും, പ്രായമേറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാവരെയും ബാധിക്കുന്നു. (സഭാപ്രസംഗി 12:1-7) പല ആരോഗ്യപ്രശ്നങ്ങളും തലപൊക്കുന്നു, നമ്മുടെ പ്രതികരണശേഷി മന്ദഗതിയിലാവുന്നു, കാഴ്ചശക്തി കുറയുന്നു. ഇതെല്ലാം സുരക്ഷിതമായി വാഹനം ഓടിക്കുക ബുദ്ധിമുട്ടാക്കിത്തീർക്കുന്നു. എന്നാൽ പ്രായാധിക്യം ഒന്നുകൊണ്ടു മാത്രം ഒരാൾ വാഹനമോടിക്കാൻ അയോഗ്യൻ ആയിത്തീരുന്നില്ല. അയാൾ എത്ര നന്നായി വാഹനം ഓടിക്കുന്നു എന്നതാണു പ്രധാനം. ശാരീരിക പ്രാപ്തികളിൽ മാറ്റം സംഭവിക്കുന്നു എന്ന കാര്യം അംഗീകരിക്കുകയും നമ്മുടെ ദിനചര്യയിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുന്നത് നമ്മുടെ ഡ്രൈവിങ് മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം.
നിങ്ങൾ അതു ശ്രദ്ധിക്കുന്നില്ലായിരിക്കാം, എന്നാൽ നിങ്ങളുടെ കാഴ്ചശക്തിക്കു മാറ്റം വരുന്നുണ്ട്. പ്രായംചെല്ലുന്തോറും നിങ്ങളുടെ ദൃഷ്ടിമണ്ഡലം ചുരുങ്ങുകയും റെറ്റിനയ്ക്ക് കൂടുതൽ വെളിച്ചം ആവശ്യമായിത്തീരുകയും ചെയ്യുന്നു. പ്രായവും ജ്ഞാനവും കൂടുതലുള്ള ഡ്രൈവർ (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം പറയുന്നു: “60 വയസ്സുള്ള ഒരു ഡ്രൈവർക്ക് ഒരു കൗമാരപ്രായക്കാരനെക്കാൾ മൂന്നിരട്ടി വെളിച്ചം വേണം, അതുപോലെ വെളിച്ചത്തിൽനിന്നു പെട്ടെന്ന് ഇരുട്ടിലേക്കു വരുമ്പോൾ അതുമായി പൊരുത്തപ്പെടാൻ അയാൾ ഇരട്ടി സമയം എടുക്കും.” കണ്ണിന് ഉണ്ടാകുന്ന ഈ മാറ്റങ്ങൾ രാത്രികാല ഡ്രൈവിങ് അങ്ങേയറ്റം ബുദ്ധിമുട്ടുള്ളതാക്കിത്തീർത്തേക്കാം.
ഹെൻട്രിക്ക് 72 വയസ്സുണ്ട്. 50 വർഷമായി അദ്ദേഹം സുരക്ഷിതമായി വാഹനം ഓടിക്കുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ രാത്രിസമയത്ത് വാഹനങ്ങളുടെ വെളിച്ചം കണ്ണിലടിക്കുന്നത് വണ്ടിയോടിക്കാൻ വളരെ ബുദ്ധിമുട്ടുളവാക്കുന്നതായി അദ്ദേഹം കണ്ടെത്തി. ഒരു കണ്ണു പരിശോധനയ്ക്കു ശേഷം, അദ്ദേഹം മറ്റു വാഹനങ്ങളുടെ വെളിച്ചം
കണ്ണിലേക്ക് അടിക്കുന്നതു കുറയ്ക്കാൻ സഹായിക്കുന്ന പുതിയ കണ്ണട ധരിക്കാൻ തുടങ്ങി. “രാത്രിയിലെ ഡ്രൈവിങ് ഇപ്പോൾ ഒരു പ്രശ്നമല്ല,” ഹെൻട്രി പറയുന്നു. ഈ ചെറിയ പൊരുത്തപ്പെടുത്തൽ അദ്ദേഹത്തിന്റെ ഡ്രൈവിങ്ങിൽ വലിയ മാറ്റം വരുത്തി. എന്നാൽ മെർട്ടിലിനെ പോലുള്ള മറ്റു ചിലരെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ രാത്രികാല ഡ്രൈവിങ് പൂർണമായും നിറുത്തുക എന്ന ഒരു പരിഹാരം മാത്രമായിരിക്കാം ഉള്ളത്.പ്രായം കൂടുന്നതനുസരിച്ച് ഒരു വ്യക്തി പ്രതികരിക്കാൻ എടുക്കുന്ന സമയത്തിലും മാറ്റം വരുന്നു. പ്രായം കൂടുതൽ ഉള്ളവർക്ക് പ്രായം കുറഞ്ഞവരെക്കാൾ ബുദ്ധിയും വിവരവും ഉണ്ടായിരിക്കാം. എന്നാൽ പ്രായം കൂടുന്നതനുസരിച്ച് ഒരു വ്യക്തി വിവരങ്ങൾ അപഗ്രഥിച്ച് അവയോടു പ്രതികരിക്കാനും കൂടുതൽ സമയം എടുക്കുന്നു. ഇതു ഡ്രൈവിങ് വെല്ലുവിളി നിറഞ്ഞതാക്കിത്തീർക്കുന്നു, കാരണം ഗതാഗതത്തിലും റോഡിന്റെ അവസ്ഥയിലും നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആവശ്യമുള്ളപ്പോൾ വേണ്ട നടപടികൾ സ്വീകരിക്കണമെങ്കിൽ ഈ മാറ്റങ്ങൾ സമയംകളയാതെ പെട്ടെന്ന് അപഗ്രഥിക്കേണ്ടതുണ്ട്.
“പ്രായം കൂടുതലുള്ള ഡ്രൈവർമാരുടെ മരണത്തിനിടയാക്കുന്ന അപകടങ്ങൾക്കുള്ള മുഖ്യ കാരണം ഡ്രൈവർ ഒരു ഗതാഗത നിയന്ത്രണ സൂചന അവഗണിച്ചു മുന്നോട്ടു പോയി എന്നതാണ്” എന്ന് കാർ & ട്രാവൽ എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. ഇതു സംഭവിക്കുന്നത് എന്തുകൊണ്ടാണ്? അതേ റിപ്പോർട്ട് തുടർന്നു പറയുന്നു: “ഈ പ്രശ്നം . . . പ്രായമേറിയ ഡ്രൈവർ ഒരു ജങ്ഷനിലേക്കു വണ്ടി എടുക്കുന്നതിനു മുമ്പ് ഇടത്തും വലത്തുമുള്ള ദൃഷ്ടിമണ്ഡലത്തിലെ വിവരങ്ങൾ അപഗ്രഥിക്കേണ്ടി വരുന്നതുമായി ബന്ധപ്പെട്ട ഒന്നായിരിക്കുന്നതായി കാണപ്പെടുന്നു.”
പ്രതികരണശേഷി മന്ദഗതിയിൽ ആകുന്നതിന്റെ കുറവു നികത്താൻ എന്തു ചെയ്യാൻ കഴിയും? ജങ്ഷനുകളെ സമീപിക്കുമ്പോൾ ജാഗ്രത പാലിക്കുക. എപ്പോഴും വാഹനം മുമ്പോട്ട് എടുക്കുന്നതിനു മുമ്പ് മറ്റു വാഹനങ്ങളൊന്നുമില്ലെന്ന് രണ്ടാമതൊരിക്കൽ കൂടി ഉറപ്പുവരുത്തുക. വണ്ടി തിരിക്കുമ്പോൾ പ്രത്യേകിച്ചും ജാഗ്രത പാലിക്കുക. ജങ്ഷനുകളിൽ വണ്ടി തിരിക്കുന്നത് വളരെ അപകടകരമാണ്, പ്രത്യേകിച്ച് എതിർ വശത്തുനിന്നുള്ള വാഹനങ്ങളുടെ മാർഗം മുറിച്ചുകടക്കേണ്ടി വരുന്നെങ്കിൽ.
റോഡിന്റെ വലതുവശത്തുകൂടെ വാഹനങ്ങൾ ഓടിക്കുന്ന ഐക്യനാടുകളിൽ 75 വയസ്സിനു മേലോട്ടുള്ള ഡ്രൈവർമാരുടെ മരണത്തിനിടയാക്കുന്ന 40 ശതമാനം ജങ്ഷൻ അപകടങ്ങളും ഇടത്തോട്ടു തിരിയുമ്പോൾ സംഭവിക്കുന്നവയാണ്. ഗതാഗത സുരക്ഷയ്ക്കായുള്ള എഎഎ ഫൗണ്ടേഷൻ ആ രാജ്യത്തെ ഡ്രൈവർമാർക്ക് ഈ നിർദേശം നൽകുന്നു: “ചിലപ്പോൾ വലത്തോട്ടു മൂന്നു പ്രാവശ്യം വാഹനം തിരിച്ചുകൊണ്ടു നിങ്ങൾക്ക് ഇടത്തോട്ടുള്ള ഒരു തിരിയൽ ഒഴിവാക്കാൻ കഴിയും.” നിങ്ങൾ ജീവിക്കുന്നിടത്തെ സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്ന വിധത്തിൽ നിങ്ങൾക്ക് ഈ തത്ത്വം ബാധകമാക്കാൻ കഴിഞ്ഞേക്കും. മുൻകൂട്ടിയുള്ള അൽപ്പം ആസൂത്രണം ഉണ്ടെങ്കിൽ അപകടകരവും വെല്ലുവിളി നിറഞ്ഞതുമായ ജങ്ഷനുകൾ നിങ്ങൾക്ക് ഒഴിവാക്കാനായേക്കും.
പരിചിന്തനം അർഹിക്കുന്ന ഒരു തീരുമാനം
നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ ഡ്രൈവിങ് പ്രാപ്തികൾ വിലയിരുത്താൻ കഴിയും? ഒരുപക്ഷേ നിങ്ങൾ ആദരിക്കുന്ന ഒരു കുടുംബാംഗത്തോടോ സുഹൃത്തിനോടോ വണ്ടിയോടിക്കുമ്പോൾ കൂടെ ഇരിക്കാൻ ആവശ്യപ്പെടാവുന്നതാണ്. എന്നിട്ട് അവർക്കു പറയാനുള്ളത് ശ്രദ്ധാപൂർവം കേൾക്കുക. ഒരു സുരക്ഷിത ഡ്രൈവിങ് പരിശീലന പരിപാടിയിൽ ചേരാനും നിങ്ങൾക്കു കഴിഞ്ഞേക്കും. അനേകം ഡ്രൈവിങ് സംഘടനകളും പ്രായമേറിയ ഡ്രൈവർമാർക്കു വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ കോഴ്സുകൾ നടത്തുന്നുണ്ട്. ഒന്നുരണ്ടു തവണ നിങ്ങൾ അപകടത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെടുന്നെങ്കിൽ, നിങ്ങളുടെ ഡ്രൈവിങ് പണ്ടത്തെയത്ര നല്ലതല്ല എന്നതിന്റെ സൂചന ആയിരിക്കാം അത്.
വസ്തുനിഷ്ഠമായി നോക്കുമ്പോൾ, ഒരു ഘട്ടം എത്തുമ്പോൾ ഡ്രൈവിങ് നിറുത്തുന്നതായിരിക്കാം നിങ്ങൾക്ക് ഏറ്റവും നല്ലത്. ഈ തീരുമാനം വേദനാജനകമായ ഒന്നായിരിക്കാം. നേരത്തേ പരാമർശിച്ച മെർട്ടിലിന് ഏറെ താമസിയാതെ ഒരുനാൾ തനിക്കു ഡ്രൈവിങ് നിറുത്തേണ്ടി വരുമെന്ന് അറിയാം. ആ ദിവസം സമീപിച്ചുകൊണ്ടിരിക്കെ, ഇപ്പോൾത്തന്നെ അവർ കൂടുതലും മറ്റുള്ളവർ ഓടിക്കുന്ന വാഹനങ്ങളിലാണു യാത്ര ചെയ്യുന്നത്. മറ്റാരെയെങ്കിലുംകൊണ്ട് വണ്ടി ഓടിപ്പിക്കുന്നതിനെ കുറിച്ച് അവരുടെ അഭിപ്രായം എന്താണ്? “ഡ്രൈവിങ്ങിന്റെ സമ്മർദം ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്നതു നല്ലതാണ്,” അവർ പറയുന്നു.
ഇതിനെ കുറിച്ചു ഗൗരവമായി ചിന്തിച്ചശേഷം നിങ്ങൾക്കും അങ്ങനെ തോന്നിയേക്കാം. കടയിൽ പോകാനും കൂടിക്കാഴ്ചകൾക്കോ യോഗങ്ങൾക്കോ വേണ്ടി യാത്ര ചെയ്യാനും മറ്റും ഒരു സുഹൃത്ത് കൂടെയുണ്ടെങ്കിൽ അവ കൂടുതൽ ആസ്വാദ്യമായിരുന്നേക്കാം. ഒരുപക്ഷേ നിങ്ങളുടെ കാറിൽത്തന്നെ നിങ്ങൾക്കു യാത്ര ചെയ്യാനാകും, എന്നാൽ സുഹൃത്തിനെക്കൊണ്ട് വണ്ടിയോടിപ്പിക്കുക. ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിനെക്കാൾ സുരക്ഷിതവും ആസ്വാദ്യവുമായിരുന്നേക്കാം അത്. സാധ്യമായ ഇടങ്ങളിൽ പൊതു വാഹനങ്ങൾ ഉപയോഗിക്കുന്നതായിരിക്കാം മറ്റൊരു പ്രായോഗിക സംഗതി. ഒരു വ്യക്തി എന്ന നിലയിലുള്ള നിങ്ങളുടെ മൂല്യം നിങ്ങളുടെ ഡ്രൈവിങ് പ്രാപ്തിയെ ആശ്രയിച്ചിരിക്കുന്നില്ല എന്ന് ഓർക്കുക. നിങ്ങളുടെ നല്ല ഗുണങ്ങളാണ് നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സർവോപരി ദൈവത്തിനും നിങ്ങളെ വിലപ്പെട്ടവനാക്കുന്നത്.—സദൃശവാക്യങ്ങൾ 12:2; റോമർ 14:18.
പ്രായമുള്ള വ്യക്തിയോ പ്രായം കുറഞ്ഞ വ്യക്തിയോ അനുഭവപരിചയം ഉള്ളയാളോ ഇല്ലാത്ത ആളോ ആയിരുന്നാലും, വാഹനാപകടം ഉണ്ടാകാനുള്ള സാധ്യതയിൽനിന്ന് നിങ്ങൾ ഒഴിവുള്ളവനല്ല. ഡ്രൈവിങ്ങിനോടു ബന്ധപ്പെട്ട ഗൗരവമായ ഉത്തരവാദിത്വം തിരിച്ചറിയുക. ഒരു അപകടത്തിൽ പെടാനുള്ള സാധ്യത കുറയ്ക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുക. അങ്ങനെ ചെയ്യുന്നതിനാൽ വരാനിരിക്കുന്ന പല യാത്രകളിലും നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. (g02 8/22)
[അടിക്കുറിപ്പ്]
a ഈ ലേഖനത്തിൽ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[28-ാം പേജിലെ ചിത്രം]
രാത്രിയിൽ നന്നായി ഉറങ്ങിക്കൊണ്ട് ശരീരത്തിന് ആവശ്യമായ “ഇന്ധനം” ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക
[29-ാം പേജിലെ ചിത്രം]
ചെറുതായൊന്നു മയങ്ങുന്നത് ലക്ഷ്യസ്ഥാനത്ത് വൈകി എത്താൻ ഇടയാക്കിയേക്കാം, എന്നാൽ അതിനു ജീവരക്ഷാകരം ആയിരിക്കാൻ കഴിയും
[29-ാം പേജിലെ ചിത്രം]
പ്രായമുള്ള ഡ്രൈവർമാർക്ക് അനുഭവപരിചയം കൂടുമെങ്കിലും അവർ പ്രത്യേക വെല്ലുവിളികളെ നേരിടുന്നു
[30-ാം പേജിലെ ചിത്രം]
മറ്റൊരാളുടെ കൂടെ യാത്ര ചെയ്യുന്നതിന് പ്രയോജനങ്ങളുണ്ട്