വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഗ്നിയുടെ ഇരട്ട ഭാവങ്ങൾ

അഗ്നിയുടെ ഇരട്ട ഭാവങ്ങൾ

അഗ്നിയു​ടെ ഇരട്ട ഭാവങ്ങൾ

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

അഗ്നി—അതിന്‌ ഒരു മിത്ര​മോ ശത്രു​വോ ആയിരി​ക്കാ​നാ​കും. ഒരു പ്രദേ​ശ​ത്തി​ന്റെ ഭംഗി വർധി​പ്പി​ക്കാ​നോ അതിനെ ചുട്ടു ചാമ്പലാ​ക്കാ​നോ അതിനു കഴിയും. ആളിക്ക​ത്തുന്ന തീ അത്യന്തം വിനാ​ശ​ക​വും നിയ​ന്ത്ര​ണാ​തീ​ത​വും ആയിത്തീർന്നേ​ക്കാം.

തീയുടെ അങ്ങേയ​റ്റത്തെ സംഹാ​ര​ശ​ക്തി​യു​ടെ പ്രകട​ന​മാണ്‌ 1997-ൽ ഇന്തൊ​നീ​ഷ്യ​യിൽ ദൃശ്യ​മാ​യത്‌. ആ വർഷം രാജ്യ​ത്തി​ന്റെ നാനാ ഭാഗങ്ങ​ളിൽ ഉണ്ടായ തീപി​ടു​ത്തങ്ങൾ ഭൂമി​ക്കും മനുഷ്യ​ന്റെ ആരോ​ഗ്യ​ത്തി​നും സമ്പദ്‌വ്യ​വ​സ്ഥ​യ്‌ക്കും വളരെ ഹാനി വരുത്തി. ഈ തീപി​ടു​ത്ത​ങ്ങ​ളു​ടെ ഫലമായി ഉണ്ടായ ഹാനി​ക​ര​മായ പുക എട്ട്‌ അയൽരാ​ജ്യ​ങ്ങ​ളി​ലേക്കു പടരു​ക​യും ഏതാണ്ട്‌ 7.5 കോടി ജനങ്ങളെ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ക​യും ചെയ്‌തു​വെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. രണ്ടു കോടി ജനങ്ങൾക്ക്‌ ആസ്‌ത്‌മ, എം​ഫൈ​സിമ, ഹൃദയ​ത്തെ​യും രക്തക്കു​ഴ​ലു​ക​ളെ​യും ബാധി​ക്കുന്ന രോഗങ്ങൾ, നേത്ര സംബന്ധ​മായ പ്രശ്‌നങ്ങൾ, ത്വ​ഗ്രോ​ഗങ്ങൾ എന്നിവ​യ്‌ക്കാ​യി ചികി​ത്സാ​വി​ധേ​യ​രാ​കേണ്ടി വന്നെന്ന്‌ റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു.

സിംഗ​പ്പൂ​രിൽ മലിനീ​കരണ നിരക്ക്‌ ഉയർന്ന്‌ അപകട​ക​ര​മായ അളവി​ലെത്തി. ഒരു കരിമ്പടം കണക്കെ പുക നഗരത്തെ മൂടി. “ഞങ്ങൾ വീട്ടു​ത​ട​ങ്ക​ലി​ലാണ്‌,” എയർക​ണ്ടീ​ഷൻ ചെയ്‌ത തന്റെ വീടിനു വെളി​യിൽ കടക്കാൻ ഭയന്ന ഒരു സ്‌ത്രീ വിലപി​ച്ചു. പുക നിമിത്തം സൂര്യനെ കാണാൻ പോലും കഴിയാ​തി​രുന്ന ദിവസങ്ങൾ ഉണ്ടായി​രു​ന്നു.

പിറ്റേ വർഷം, അതായത്‌ 1998-ൽ, അതിശീ​ഘ്രം വ്യാപി​ച്ചു​കൊ​ണ്ടി​രുന്ന തീയെ ഭയന്ന്‌ കാനഡ​യി​ലെ ബ്രിട്ടീഷ്‌ കൊളം​ബി​യ​യി​ലുള്ള 8,000 ആളുകൾക്ക്‌ തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷി​ച്ചു പലായനം ചെയ്യേണ്ടി വന്നു. കാനഡ​യിൽ ഉടനീളം നാശം വിതച്ച ആയിര​ത്തോ​ളം തീപി​ടു​ത്ത​ങ്ങ​ളിൽ ഒന്നു മാത്ര​മാ​യി​രു​ന്നു അത്‌—കണക്കനു​സ​രിച്ച്‌, അവയിൽ 115 എണ്ണം ഏതെങ്കി​ലും ഒരവസ​ര​ത്തിൽ നിയ​ന്ത്ര​ണാ​തീ​തം ആയിരു​ന്നു. കാനഡ​യി​ലെ വടക്കൻ ആൽബർട്ട​യിൽ ഉണ്ടായ ഒരു അഗ്നിബാ​ധ​യിൽ 90,000 ഏക്കർ വനമാണു കത്തിന​ശി​ച്ചത്‌. തദ്ദേശ​വാ​സി​ക​ളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഒരു അണു​ബോംബ്‌ വിസ്‌ഫോ​ടനം നടന്നതു പോ​ലെ​യാ​യി​രു​ന്നു അത്‌. കറുത്ത ഒരു ഭീമാ​കാ​രൻ മേഘം പ്രദേ​ശത്തെ മൂടി​യി​രു​ന്നു.”

അഗ്നിയു​ടെ ഭീകര ഭാവം

കരുത്തുറ്റ ഒരു പ്രകൃതി ശക്തിയാ​ണു തീ. ആളിക്ക​ത്തുന്ന ഒരു കാട്ടു​തീ​യ്‌ക്ക്‌ ഭൂപ്ര​കൃ​തി മാറ്റി​മ​റി​ക്കാ​നും സസ്യവർഗ​ങ്ങ​ളു​ടെ താളം തെറ്റി​ക്കാ​നും വന്യജീ​വി സമൂഹ​ത്തി​നു മാറ്റം വരുത്താ​നും ജീവനും വസ്‌തു​വ​ക​കൾക്കും ഭീഷണി ഉയർത്താ​നും സാധി​ക്കും.

ഉഗ്രമായ തീപി​ടു​ത്ത​ത്തിന്‌ മണ്ണൊ​ലി​പ്പി​നുള്ള സാധ്യത വർധി​പ്പി​ക്കാൻ കഴിയും. മിക്ക​പ്പോ​ഴും കടുത്ത വേനലി​നു ശേഷം, തരിശ്ശാ​യി കിടക്കുന്ന ഭൂമി​യിൽ മഴവെള്ളം ശക്തിയാ​യി പതിക്കു​മ്പോൾ മേൽമണ്ണ്‌ ഒഴുകി​പ്പോ​കു​ന്നു. ഇതു സസ്യജാ​ല​ങ്ങളെ ബാധി​ക്കു​ന്നു. താരത​മ്യേന ദുർബ​ല​മായ വർഗങ്ങൾ നശിക്കു​ന്നു, മറ്റു ചിലവ പുതിയ സാഹച​ര്യ​വു​മാ​യി നന്നായി പൊരു​ത്ത​പ്പെ​ടു​ന്നു. അതിജീ​വി​ക്കു​ന്നതു മിക്ക​പ്പോ​ഴും ഉപദ്ര​വ​കാ​രി​ക​ളായ പാഴ്‌ച്ചെ​ടി​ക​ളാണ്‌ എന്നതാണു ദുഃഖ​ക​ര​മായ സംഗതി. ഉപയോ​ഗ​പ്ര​ദ​മായ തദ്ദേശ സസ്യങ്ങ​ളു​ടെ സ്ഥാനം കയ്യടക്കി​ക്കൊണ്ട്‌ അവ പ്രദേശം മുഴു​വ​നും വ്യാപി​ക്കു​ന്നു.

അപ്പോൾ ചില തദ്ദേശ സസ്യങ്ങളെ ആശ്രയി​ച്ചു ജീവി​ക്കുന്ന മൃഗങ്ങ​ളും അപകട​ത്തി​ലാ​കു​ന്നു. ഓസ്‌​ട്രേ​ലി​യൻ സസ്‌ത​നി​ക​ളായ കൊയാ​ല​ക​ളും പോസ​മു​ക​ളും—ഇതിന്റെ വാൽ ബ്രഷ്‌ പോലി​രി​ക്കും—വംശനാ​ശ​ഭീ​ഷണി നേരി​ടുന്ന ജീവി​വർഗ​ങ്ങ​ളാണ്‌. അവയുടെ സ്വാഭാ​വിക ആവാസ​ത്തിൽ വലി​യൊ​രു ഭാഗം തീയാൽ നശിപ്പി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കിൽ അവയ്‌ക്കു വളരെ പെട്ടെന്ന്‌ വംശനാ​ശം സംഭവി​ക്കാം. കഴിഞ്ഞ 200 വർഷത്തി​നി​ട​യ്‌ക്ക്‌ ഓസ്‌​ട്രേ​ലി​യൻ ഭൂഖണ്ഡ​ത്തിന്‌ അതിന്റെ 75 ശതമാനം മഴക്കാ​ടു​കൾ, 66 ശതമാനം വനം, 19 സസ്‌തനി വർഗങ്ങൾ, 68 തദ്ദേശ സസ്യവർഗങ്ങൾ എന്നിവ നഷ്ടമാ​യി​രി​ക്കു​ന്നു. ഇവയിൽ മിക്കവ​യും ലോക​ത്തി​ന്റെ മറ്റൊരു ഭാഗത്തും കാണാൻ കഴിയാ​ത്ത​വ​യാണ്‌.

മനുഷ്യൻ കാടു വെട്ടി​ത്തെ​ളിച്ച്‌ നഗരങ്ങൾ സ്ഥാപി​ക്കാൻ തുടങ്ങി​യ​തോ​ടെ അവരെ കാട്ടുതീ ബാധി​ക്കാ​നുള്ള സാധ്യ​ത​യും വർധി​ച്ചി​രി​ക്കു​ന്നു. 1997 ഡിസം​ബ​റിൽ ഓസ്‌​ട്രേ​ലി​യ​യി​ലെ സിഡ്‌നി​യു​ടെ പ്രാന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ബ്ലൂ മൗണ്ടൻസ്‌ പീഠഭൂ​മി​ക്കു ചുറ്റു​മുള്ള ഏതാനും ചെറിയ പട്ടണങ്ങ​ളി​ലു​മാ​യി 6,00,000-ത്തിലധി​കം ഏക്കർ സ്ഥലത്ത്‌ തീപി​ടു​ത്ത​മു​ണ്ടാ​യി. ഇതിൽ പകുതി​യോ​ള​വും നിയ​ന്ത്ര​ണാ​തീ​ത​മാ​യി​ത്തീർന്നു. 30 വർഷത്തി​നു​ള്ളിൽ താൻ കണ്ട ഏറ്റവും വലിയ തീപി​ടു​ത്ത​മാ​യി​രു​ന്നു ഇതെന്ന്‌ അഗ്നിശമന വിഭാ​ഗ​ത്തി​ന്റെ കമ്മീഷണർ പറഞ്ഞു. നൂറു​ക​ണ​ക്കിന്‌ ആളുകൾ വീടു വിട്ടു പോകാൻ നിർബ​ന്ധി​ത​രാ​യി. ചിലരു​ടെ ഭവനങ്ങൾ കത്തിച്ചാ​മ്പ​ലാ​യി. രണ്ടു പേരുടെ ജീവഹാ​നി​ക്കും അതു കാരണ​മാ​യി. കൊള്ളി​വെ​പ്പു​കാർ തുടങ്ങി​വെ​ച്ച​തെന്നു കരുത​പ്പെ​ടുന്ന കാട്ടുതീ 2001 ഡിസംബർ അവസാനം മുതൽ 19 ലക്ഷം ഏക്കർ കാട്‌ നശിപ്പി​ച്ചി​രി​ക്കു​ന്നു.

തീ അപകട​ക​ര​മാ​കു​ന്നത്‌ എപ്പോൾ?

നിയ​ന്ത്ര​ണാ​തീ​ത​മായ തീപി​ടു​ത്ത​ങ്ങൾക്ക്‌ ഇടയാ​ക്കുന്ന പല ഘടകങ്ങ​ളുണ്ട്‌. ഒരു സ്വാഭാ​വിക ഘടകം എൽ നിന്യോ​യു​മാ​യി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന ഒരു കാലാവസ്ഥ പ്രതി​ഭാ​സ​മാണ്‌. ലോക​ത്തി​നു ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളിൽ ഇടയ്‌ക്കി​ടെ ചൂടുള്ള വരണ്ട കാലാവസ്ഥ അനുഭ​വ​പ്പെ​ടാൻ ഇടയാ​ക്കുന്ന ഒരു പ്രതി​ഭാ​സ​മാണ്‌ ഇത്‌. അസാധാ​ര​ണ​മാ​യി ഉണ്ടാകുന്ന ഈ വരണ്ട കാലാവസ്ഥ തീപി​ടു​ത്ത​ത്തിന്‌ ഇടയാ​ക്കാ​വുന്ന സാഹച​ര്യം സൃഷ്ടി​ക്കു​ന്നു.

എന്നാൽ ഒട്ടുമി​ക്ക​പ്പോ​ഴും നാശക​ര​മായ തീപി​ടു​ത്ത​ങ്ങൾക്കു കാരണ​മാ​കു​ന്നത്‌ മനുഷ്യ​ന്റെ സ്വാർഥ​പ​ര​മായ പ്രവൃ​ത്തി​ക​ളാണ്‌. മനഃപൂർവം ഏതെങ്കി​ലു​മൊ​രു പ്രദേ​ശ​ത്തി​നു തീകൊ​ടു​ക്കു​ന്ന​തി​നെ ഒരു ക്രിമി​നൽ കുറ്റമാ​യി പല രാജ്യ​ങ്ങ​ളും പ്രഖ്യാ​പി​ച്ചി​ട്ടുണ്ട്‌. ഓസ്‌​ട്രേ​ലി​യ​യി​ലെ ന്യൂ സൗത്ത്‌ വെയിൽസി​ലെ ഗവൺമെന്റ്‌ വക വനങ്ങളിൽ ഉണ്ടായി​ട്ടുള്ള തീപി​ടു​ത്ത​ങ്ങ​ളിൽ പകുതി​യി​ല​ധി​ക​ത്തി​നും കാരണം മനഃപൂർവ​മോ അല്ലാ​തെ​യോ ഉള്ള മനുഷ്യ​ന്റെ​തന്നെ പ്രവർത്ത​ന​ങ്ങ​ളാ​ണെന്നു കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

വലിയ തീപി​ടു​ത്ത​ങ്ങൾക്കു കാരണ​മായ മറ്റൊരു ഘടകം നിരു​ത്ത​ര​വാ​ദി​ത്വ​പ​ര​മായ ഒരു വിധത്തിൽ പരിസ്ഥി​തി​യെ കൈകാ​ര്യം ചെയ്യു​ന്ന​താണ്‌. വനനശീ​ക​ര​ണ​വും മരം മുറി​ക്ക​ലും വനങ്ങൾ എളുപ്പം തീപി​ടി​ക്കാ​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു. മരം മുറി​ക്കു​ന്ന​തി​നെ തുടർന്ന്‌ അടിഞ്ഞു​കൂ​ടുന്ന അവശി​ഷ്ടങ്ങൾ തീ ആളിപ്പ​ട​രാൻ ആവശ്യ​മായ ഇന്ധനമാ​യി വർത്തി​ക്കു​ന്നു. കൂടാതെ ഇലകൾകൊ​ണ്ടുള്ള മേലാപ്പ്‌ വെട്ടി നീക്കു​ന്ന​തോ​ടെ നിലത്തു​കി​ട​ക്കുന്ന ഈ ഇന്ധനത്തിൽ സൂര്യ​പ്ര​കാ​ശം നേരിട്ടു പതിച്ച്‌ അവ ശരിക്കും ഉണങ്ങാൻ ഇടയാ​കു​ന്നു. ഇങ്ങനെ ഉണങ്ങി കിടക്കുന്ന ചപ്പുച​വ​റിൽ ഒരു തീപ്പൊ​രി വീണാൽ മതി അത്‌ അനിയ​ന്ത്രി​ത​മാ​യി ആളിപ്പ​ട​രാൻ.

സാമ്പത്തിക ഉത്‌ക​ണ്‌ഠകൾ ഈ പ്രശ്‌നത്തെ കൂടുതൽ രൂക്ഷമാ​ക്കു​ന്നു. ഇന്തൊ​നീ​ഷ്യ​യിൽ നൂറ്റാ​ണ്ടു​ക​ളാ​യി കർഷകർ തുടർന്നു​പോ​രുന്ന ഒരു രീതി​യാണ്‌ മരം വെട്ടി​മാ​റ്റി കത്തിച്ച ശേഷമുള്ള കൃഷി. പ്രകൃ​തി​യു​ടെ സന്തുലി​താ​വ​സ്ഥയെ യാതൊ​രു വിധത്തി​ലും ബാധി​ക്കാത്ത വിധത്തി​ലാണ്‌ ഇതു ചെയ്‌തു പോന്നി​രു​ന്നത്‌. കർഷകർ നിയ​ന്ത്രി​ത​മായ ഒരു വിധത്തിൽ സൂക്ഷിച്ച്‌ കൈകാ​ര്യം ചെയ്യു​മ്പോൾ ഇവയ്‌ക്ക്‌ പരിസ്ഥി​തി​യു​ടെ മേൽ സ്വാഭാ​വിക തീപി​ടു​ത്ത​ങ്ങ​ളു​ടെ അതേ ഫലമേ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. എന്നാൽ അടുത്ത കാലങ്ങ​ളി​ലാ​യി പരമ്പരാ​ഗ​ത​മായ ഈ കൃഷി​സം​വി​ധാ​നം വ്യവസാ​യ​വ​ത്‌ക​രി​ക്ക​പ്പെ​ടു​ക​യും വൻ തോതിൽ നടത്ത​പ്പെ​ടാൻ തുടങ്ങു​ക​യും ചെയ്‌തി​രി​ക്കു​ന്നു. പാമോ​യിൽ പോലുള്ള ഉത്‌പ​ന്ന​ങ്ങൾക്കുള്ള ലോക​വ്യാ​പക ഡിമാൻഡ്‌ വനങ്ങൾ വെട്ടി​ത്തെ​ളിച്ച്‌ അവയുടെ സ്ഥാനത്ത്‌ വേഗം വളരുന്ന വളരെ ലാഭക​ര​മായ വിളകൾ വെച്ചു പിടി​പ്പി​ക്കു​ന്ന​തി​ലേക്കു നയിച്ചി​രി​ക്കു​ന്നു. ഒരു പ്രദേശം തെളി​ക്കു​ന്ന​തി​നുള്ള ഏറ്റവും എളുപ്പ​മു​ള്ള​തും ചെലവു കുറഞ്ഞ​തു​മായ മാർഗം അവിടെ സ്വാഭാ​വി​ക​മാ​യി വളരുന്ന സസ്യങ്ങളെ തീയിട്ടു നശിപ്പി​ക്കുക എന്നതാണ്‌. അങ്ങനെ, വനം പരിര​ക്ഷി​ക്കു​ന്ന​തി​ന്റെ ദീർഘ​കാല പ്രയോ​ജ​ന​ങ്ങൾക്കു തെല്ലും വില കൽപ്പി​ക്കാ​തെ ആളുകൾ ആയിര​ക്ക​ണ​ക്കിന്‌ ഏക്കർ വനഭൂമി തീവെച്ചു നശിപ്പി​ക്കു​ന്നു.

തീയുടെ സൗഹൃദ ഭാവം

തീയ്‌ക്ക്‌, നാശം വിതയ്‌ക്കാ​നാ​കു​മെ​ങ്കി​ലും സസ്യജ​ന്തു​വർഗ​ങ്ങൾക്ക്‌ വളരെ പ്രയോ​ജനം കൈവ​രു​ത്താ​നും അതിനാ​കും. വാസ്‌ത​വ​ത്തിൽ പ്രകൃ​തി​യു​ടെ താളം തെറ്റാതെ പരിര​ക്ഷി​ക്കു​ന്ന​തിൽ അത്‌ ഒരു പ്രധാന പങ്കുവ​ഹി​ക്കു​ന്നു. എങ്ങനെ?

മനുഷ്യ​ന്റെ അതിപു​രാ​തന സുഹൃ​ത്തു​ക്ക​ളിൽ ഒന്നാണു തീ. അത്‌ അവനു ചൂടും വെളി​ച്ച​വും പകർന്നി​രി​ക്കു​ന്നു. അത്‌ ഉപയോ​ഗിച്ച്‌ അവൻ ഭക്ഷണം പാകം ചെയ്‌തി​രി​ക്കു​ന്നു. നൂറ്റാ​ണ്ടു​ക​ളാ​യി ഓസ്‌​ട്രേ​ലി​യൻ ആദിവാ​സി​ക​ളു​ടെ ദൈനം​ദിന ജീവി​ത​ത്തിൽ തീ വലിയ പങ്കുവ​ഹി​ച്ചി​ട്ടുണ്ട്‌. തദ്ദേശ യാൻയൂ​വാ​ക്കാർക്ക്‌ തീ അങ്ങേയറ്റം പ്രധാ​ന​മാ​യ​തി​നാൽ വ്യത്യസ്‌ത തരം തീയെ​യും അവയുടെ ഫലങ്ങ​ളെ​യും കുറി​ക്കാൻ അവർക്ക്‌ ഒരു ഡസനി​ല​ധി​കം പദങ്ങളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ കാട്ടു​തീ​യെ കുറി​ക്കാൻ അവർ ഗംബാം​ബാ​രാ എന്ന വാക്ക്‌ ഉപയോ​ഗി​ച്ചേ​ക്കാം. എന്നാൽ നായാ​ട്ടി​നു പറ്റിയ വിധത്തിൽ നന്നായി തീയിട്ടു പാക​പ്പെ​ടു​ത്തിയ നാട്ടിൻപു​റ​ങ്ങളെ വർണി​ക്കാൻ അവർ ഉപയോ​ഗി​ക്കു​ന്നത്‌ വോർമാൻ എന്ന പദമാണ്‌. മുകളി​ലോട്ട്‌ ഉയർന്ന്‌ മേഘങ്ങ​ളാ​യി രൂപം​കൊ​ള്ളുന്ന പുകയെ അവർ വിളി​ക്കു​ന്നത്‌ റൂമാരി എന്നാണ്‌.

തങ്ങൾ ജീവി​ക്കുന്ന പ്രദേ​ശത്ത്‌ ഈ ആദിവാ​സി​കൾ തീക്കൊ​ള്ളി കൃഷി എന്നറി​യ​പ്പെ​ടുന്ന ഒന്നു നടത്തി​വ​രു​ന്നു. കാട്ടുതീ ആളിപ്പ​ട​രു​ന്ന​തി​നുള്ള മുഖ്യ ഇന്ധനമാ​യി വർത്തി​ക്കുന്ന ഉണങ്ങിയ സസ്യാ​വ​ശി​ഷ്ടം കുറയ്‌ക്കു​ന്ന​തിന്‌ ചെറു​തും നിയ​ന്ത്രി​ത​വു​മായ തീ ഉപയോ​ഗി​ക്കു​ന്നത്‌ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഇപ്രകാ​രം സസ്യജ​ന്തു​ജാ​ല​ങ്ങ​ളു​ടെ ആവാസ​ത്തി​നു കോട്ടം​ത​ട്ടാത്ത വിധത്തിൽ ഭൂമി​യിൽനിന്ന്‌ ഉപജീ​വനം കഴിക്കാൻ അവർക്കു സാധി​ച്ചി​രി​ക്കു​ന്നു. ആളുകൾ അപകട​ക​ര​മായ കാട്ടു​തീ​യിൽ പെട്ടു​പോ​കാ​നുള്ള സാധ്യ​തയെ അതു കുറച്ചി​രി​ക്കു​ന്നു.

നിയ​ന്ത്രിത തീയി​ട​ലി​ന്റെ മൂല്യം

ഇരുനൂ​റു വർഷങ്ങൾക്ക്‌ അൽപ്പം മുമ്പായി യൂറോ​പ്യൻ കുടി​യേ​റ്റ​ക്കാർ ഓസ്‌​ട്രേ​ലി​യ​യിൽ എത്തിയ​തോ​ടെ മനുഷ്യ​നും പ്രകൃ​തി​ക്കും തീയ്‌ക്കും ഇടയിൽ നിലനി​ന്നി​രുന്ന ലോല​മായ സന്തുലി​താ​വ​സ്ഥ​യ്‌ക്കു കോട്ടം തട്ടാൻ തുടങ്ങി. യൂറോ​പ്യ​ന്മാ​രു​ടെ ദൃഷ്ടി​യിൽ തീ എന്നത്‌ അടിച്ച​മർത്ത​പ്പെ​ടേണ്ട ഒന്നായി​രു​ന്നു. കാട്ടു​തീ​യു​ടെ എണ്ണം കുറഞ്ഞു. അതോടെ തീപി​ടു​ത്ത​ത്തിന്‌ ആവശ്യ​മായ ഇന്ധനം അടിഞ്ഞു​കൂ​ടാൻ തുടങ്ങി. അതു​കൊണ്ട്‌ പിന്നീട്‌ ഉണ്ടായ തീപി​ടു​ത്തങ്ങൾ, കൂടുതൽ ഉഗ്രവും നിയ​ന്ത്രി​ക്കാൻ പ്രയാ​സ​മു​ള്ള​വ​യും ആയിത്തീർന്നു. എന്നിരു​ന്നാ​ലും സമീപ​കാ​ല​ങ്ങ​ളിൽ ആദിവാ​സി​കളെ അനുക​രി​ച്ചു​കൊണ്ട്‌ ഗവൺമെന്റ്‌ നിയ​ന്ത്രിത കത്തിക്കൽ എന്ന ഒരു പരിപാ​ടി​ക്കു തുടക്ക​മി​ട്ടി​രി​ക്കു​ന്നു. വിനാശം വിതയ്‌ക്കുന്ന വലിയ അഗ്നിബാ​ധകൾ ഒഴിവാ​ക്കാൻ തക്കവണ്ണം ചെറു​തും നിയ​ന്ത്രി​ത​വു​മായ തോതി​ലുള്ള തീപി​ടു​ത്ത​ങ്ങ​ളു​ണ്ടാ​കാൻ അനുവ​ദി​ക്കുന്ന ഒരു പരിപാ​ടി​യാണ്‌ ഇത്‌. സാധാ​ര​ണ​മാ​യി കാട്ടുതീ ഉണ്ടാകാത്ത സമയങ്ങ​ളിൽ ചെറിയ തീ കത്താൻ അനുവ​ദി​ക്കു​ന്നു. ഈ തീ ആളിപ്പ​ട​രാ​തെ മെല്ലെ മുന്നോ​ട്ടു നീങ്ങു​ക​യും വൃക്ഷങ്ങൾക്ക്‌ യാതൊ​രു കേടും വരുത്താ​തെ അടിഞ്ഞു​കി​ട​ക്കുന്ന ചപ്പുച​വ​റു​കൾ നീക്കു​ക​യും ചെയ്യുന്നു. സാധാ​ര​ണ​ഗ​തി​യിൽ സായാ​ഹ്ന​ത്തി​ലെ മഞ്ഞിൽ ഈ തീ താനേ കെട്ടു​പോ​കും.

നിയ​ന്ത്രി​ത കത്തിക്കൽ മാർഗ​ത്തി​ലൂ​ടെ കാട്ടുതീ ഇല്ലാതാ​ക്കു​ന്നത്‌ ജീവനും വസ്‌തു​വ​ക​ക​ളും സംരക്ഷി​ക്കു​ന്ന​തി​നും തദ്ദേശ സസ്യജ​ന്തു​ജാ​ല​ങ്ങ​ളു​ടെ വൈവി​ധ്യം നിലനി​റു​ത്തു​ന്ന​തി​നും വേണ്ടി​യാണ്‌. അതു​പോ​ലെ നിയ​ന്ത്രി​ത​മായ തീയിടൽ പുതു​താ​യി വളർന്നു​വ​രുന്ന കളകൾ പെട്ടെന്നു വ്യാപി​ക്കു​ന്നതു തടയാൻ സഹായി​ക്കു​ന്നു. കൂടാതെ, തദ്ദേശ ജീവി​ക​ളു​ടെ പരിര​ക്ഷ​ണ​ത്തിന്‌ ആവശ്യ​മായ വാസസ്ഥാ​ന​ങ്ങ​ളു​ടെ വൈവി​ധ്യം നിലനി​റു​ത്താ​നും ഇതു സഹായി​ക്കു​ന്നു.

ചില സസ്യവർഗ​ങ്ങ​ളു​ടെ വിത്തുകൾ മുളയ്‌ക്കു​ന്ന​തിന്‌ തീയുടെ സഹായം വേണം. ചിലതി​ന്റെ പുറം​തോട്‌ അങ്ങേയറ്റം കട്ടിയു​ള്ള​താ​യ​തി​നാൽ തീയുടെ സഹായ​ത്തോ​ടെ അവ പൊട്ടി​ത്തു​റ​ന്നാൽ മാത്രമേ വെള്ളം ഉള്ളി​ലേക്കു കടക്കു​ക​യു​ള്ളൂ. തീയുടെ ഫലമാ​യുള്ള പുകയും വിത്തു മുളപ്പി​ക്കു​ന്ന​തിൽ സഹായി​ക്കു​ന്ന​താ​യി ഗവേഷണം കാണി​ക്കു​ന്നു. വിത്തു മുളയ്‌ക്കു​ന്ന​തി​നു സഹായ​ക​മായ ഏതാണ്ട്‌ 70 ഘടകങ്ങൾ പുകയിൽ അടങ്ങി​യി​ട്ടു​ള്ള​താ​യി കരുത​പ്പെ​ടു​ന്നു. അവയിൽ പ്രധാ​ന​പ്പെട്ട ഒന്നാണ്‌ നൈ​ട്രജൻ ഡൈ ഓക്‌​സൈഡ്‌.

ഒരു പ്രദേശം കത്തിക്ക​ഴി​ഞ്ഞാൽ അവിടത്തെ മണ്ണ്‌ നൈ​ട്രജൻ, ഫോസ്‌ഫ​റസ്‌ എന്നിങ്ങ​നെ​യുള്ള പോഷ​ക​ങ്ങ​ളാൽ സമ്പുഷ്ട​മാ​ക്ക​പ്പെ​ടും. അടിഞ്ഞു​കൂ​ടി​യി​രി​ക്കുന്ന ഇലകളി​ലെ പോഷ​കങ്ങൾ സ്വത​ന്ത്ര​മാ​ക്ക​പ്പെ​ടു​ന്ന​തി​നും സൂര്യ​പ്ര​കാ​ശം ഭൂമി​യിൽ പതിക്കു​ന്ന​തി​നും പുതിയ സസ്യങ്ങ​ളു​ടെ വളർച്ച​യ്‌ക്ക്‌ ഉത്തമമായ ഒരു വിളനി​ലം സൃഷ്ടി​ക്ക​പ്പെ​ടു​ന്ന​തി​നും തീ ഇടയാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ അക്കേഷ്യ​കൾ ഒരു തീയ്‌ക്ക്‌ ശേഷം പുതു​താ​യി നാമ്പെ​ടു​ക്കു​ക​യും തീപി​ടു​ത്തത്തെ തുടർന്നുള്ള അവസ്ഥക​ളിൽ തഴച്ചു​വ​ള​രു​ക​യും ചെയ്യും.

പല മൃഗങ്ങ​ളും തീയ്‌ക്കു ശേഷമുള്ള അവസ്ഥക​ളിൽനി​ന്നു പ്രയോ​ജനം നേടു​ന്ന​താ​യി കാണുന്നു, പ്രത്യേ​കി​ച്ചും പുതു​താ​യി തളിർക്കുന്ന സസ്യങ്ങൾ കിളു​ന്തും കൂടുതൽ നീരു​ള്ള​വ​യും ആയിരി​ക്കു​ന്ന​തി​നാൽ. ചിലയി​നം കംഗാ​രു​ക്ക​ളും വാളബി​യും ഇടയ്‌ക്കി​ടെ കത്തിക്ക​പ്പെ​ടുന്ന വനമാണ്‌ ഇഷ്ടപ്പെ​ടു​ന്നത്‌. അവ അഗ്നിയു​ടെ ആശ്രി​ത​രാ​ണെന്നു പറയ​പ്പെ​ടു​ന്നു. അവയ്‌ക്കു ഭക്ഷണവും അഭയവും നൽകുന്ന സസ്യങ്ങൾ പുനരു​ജ്ജീ​വ​ന​ത്തി​നും നിലനിൽപ്പി​നു​മാ​യി അഗ്നിയെ ആശ്രയി​ക്കു​ന്നു എന്നതാണ്‌ ഇതിനു കാരണം.

പഠിക്കാൻ ഇനിയും ഏറെ

മനുഷ്യൻ ഇപ്പോൾ തീയുടെ രണ്ട്‌ മുഖങ്ങൾ കൂടുതൽ മെച്ചമാ​യി മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. എന്നാൽ പരിസ്ഥി​തി​യു​ടെ​മേ​ലുള്ള തീയുടെ പ്രഭാവം വളരെ സങ്കീർണ​മാ​യ​തി​നാൽ മനസ്സി​ലാ​ക്കാൻ ഇനിയും ഏറെയുണ്ട്‌. പ്രത്യേക വർഗങ്ങ​ളിൽപ്പെട്ട സസ്യങ്ങ​ളെ​യും ജന്തുക്ക​ളെ​യും തീ എങ്ങനെ ബാധി​ക്കു​ന്നു എന്നത്‌ കൂടുതൽ പഠനം അർഹി​ക്കു​ന്നു. കൂടുതൽ വ്യാപ​ക​മായ ഒരു തലത്തിൽ തീ എങ്ങനെ​യാണ്‌ ആവാസ വ്യവസ്ഥയെ സ്വാധീ​നി​ക്കു​ന്നത്‌ എന്നതും കൂടുതൽ ഗവേഷണം ആവശ്യ​മുള്ള ഒരു വിഷയ​മാണ്‌. തീ ഹരിത​ഗൃഹ പ്രഭാ​വ​ത്തിന്‌ ഇടയാ​ക്കുന്ന ഒരു ഘടകമാ​ണോ? കാലാ​വ​സ്ഥയെ പുക എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌? ചില പ്രത്യേക അവസ്ഥക​ളോട്‌ തീ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌? എന്നീ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം ലഭി​ക്കേ​ണ്ട​തുണ്ട്‌.

തീയുടെ സ്വഭാവം പ്രവചി​ക്കു​ന്ന​തി​നു രൂപസം​വി​ധാ​നം ചെയ്യ​പ്പെ​ട്ടി​ട്ടുള്ള കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​കൾ ഇന്നുണ്ട്‌. മോഡ​ലു​കൾ എന്നാണ്‌ അവ അറിയ​പ്പെ​ടു​ന്നത്‌. ഇന്ധനം, താപം, കാറ്റിന്റെ വേഗം, കാലാ​വ​സ്ഥ​യു​മാ​യി ബന്ധപ്പെട്ട മറ്റു സംഗതി​കൾ എന്നിവയെ കുറി​ച്ചുള്ള വിവരങ്ങൾ വിശക​ലനം ചെയ്യാ​നാണ്‌ അവ ഉപയോ​ഗി​ക്കു​ന്നത്‌. ദുഃഖ​ക​ര​മെന്നു പറയട്ടെ, ഈ മോഡ​ലു​കൾ എല്ലായ്‌പോ​ഴും കൃത്യത പുലർത്തു​ന്നില്ല. തീയുടെ പെട്ടെ​ന്നുള്ള ആളിക്കത്തൽ പോലുള്ള അസാധാ​രണ പ്രതി​ഭാ​സ​ങ്ങളെ മുൻകൂ​ട്ടി കാണാൻ അവയ്‌ക്കു കഴിയാ​റില്ല. 1997-ൽ സിഡ്‌നി​യിൽ ഉണ്ടായ ഇത്തര​മൊ​രു ആളിക്ക​ത്ത​ലിൽ പരിച​യ​സ​മ്പ​ന്ന​രായ രണ്ട്‌ അഗ്നിശമന പ്രവർത്ത​കർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. തീയുടെ പെട്ടെ​ന്നുള്ള ഈ ആളിക്ക​ത്ത​ലു​കളെ “മരണത്തി​ന്റെ വിരലു​കൾ” എന്നു വിശേ​ഷി​പ്പി​ക്കു​ന്നത്‌ ഉചിതം തന്നെ.

വലിയ തോതി​ലുള്ള തീപി​ടു​ത്ത​ങ്ങൾക്ക്‌ സ്വന്തം കാലാവസ്ഥ—ശക്തമായ കാറ്റുകൾ, മേഘങ്ങൾ, ഇടിമഴ പോലും—സൃഷ്ടി​ക്കാൻ ആകു​മെ​ന്ന​തി​നാൽ അവയെ മുൻകൂ​ട്ടി കാണുക പ്രത്യേ​കി​ച്ചും ബുദ്ധി​മു​ട്ടാണ്‌. അവ സൃഷ്ടി​ക്കുന്ന കാറ്റു​കൾക്കു പെട്ടെന്ന്‌ ദിശയും വേഗവും മാറാൻ കഴിയും എന്നത്‌ തീയെ അസ്ഥിരത ഉള്ളതാ​ക്കു​ന്നു. പ്രദേശം ഏതു തരത്തി​ലു​ള്ള​താണ്‌, അതിന്റെ ചെരിവ്‌, അവിടെ തീയ്‌ക്ക്‌ ഇന്ധനമാ​യി ഉതകാ​വുന്ന വസ്‌തു​ക്കൾ എത്രയുണ്ട്‌ എന്നിങ്ങ​നെ​യുള്ള മറ്റു വിവര​ങ്ങ​ളോ​ടൊ​പ്പം ഈ ഘടകങ്ങ​ളും ചേർത്തു​കൊണ്ട്‌ ഇപ്പോ​ഴത്തെ ‘മോഡ​ലു​കൾ’ മെച്ച​പ്പെ​ടു​ത്താൻ കഴിയു​മെന്ന്‌ ഗവേഷകർ പ്രത്യാ​ശി​ക്കു​ന്നു.

യു.എസ്‌.എ.-യിലെ കോള​റാ​ഡോ​യി​ലുള്ള ‘നാഷണൽ സെന്റർ ഫോർ ആറ്റ്‌മൊ​സ്‌ഫെ​റിക്‌ റിസർച്ച്‌’ (എൻസി​എആർ) ഈ ലക്ഷ്യം കൈവ​രി​ക്കു​ന്ന​തി​നുള്ള ഒരു പദ്ധതി ഏറ്റെടു​ത്തി​രി​ക്കു​ന്നു. ഒരു സി-130 യാത്രാ​വി​മാ​നം എൻസി​എആർ ഏറ്റവും നൂതന​മായ ശാസ്‌ത്രീയ ഉപകര​ണ​ങ്ങ​ളും ഏഴ്‌ കമ്പ്യൂ​ട്ട​റു​ക​ളും കൊണ്ട്‌ സജ്ജീക​രി​ച്ചി​രി​ക്കു​ന്നു. ഇതെല്ലാം കട്ടിയുള്ള ഇൻസു​ലേഷൻ കൊണ്ട്‌ സംരക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ആളിക്ക​ത്തുന്ന തീയ്‌ക്കു മുകളി​ലൂ​ടെ പറക്കാൻ തക്കവണ്ണം ആണ്‌ ഈ വിമാനം രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്നത്‌. വിവരങ്ങൾ ശേഖരി​ക്കാൻ പറ്റുന്ന സംവേ​ദി​നി​കൾ വിമാ​ന​ത്തി​ന്റെ ചിറകു​ക​ളിൽ ക്രമീ​ക​രി​ച്ചി​ട്ടുണ്ട്‌. ശേഖരി​ക്ക​പ്പെ​ടുന്ന വിവരങ്ങൾ വിശക​ല​ന​ത്തി​നാ​യി കമ്പ്യൂ​ട്ട​റു​ക​ളി​ലേക്ക്‌ അയയ്‌ക്കു​ന്നു. തീയുടെ ഓരോ ഭാഗ​ത്തെ​യും ആപേക്ഷിക തീവ്രത കാണി​ക്കാൻ കഴിയുന്ന തെർമ​കാം എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു ഇൻഫ്രാ​റെഡ്‌ കാമറ​യും വിമാ​ന​ത്തി​നുണ്ട്‌. ഈ വിധങ്ങ​ളിൽ നിലവി​ലുള്ള മോഡ​ലു​കൾ മെച്ച​പ്പെ​ടു​ത്താൻ എൻസി​എആർ ശാസ്‌ത്രജ്ഞർ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

മെച്ച​പ്പെ​ടു​ത്തി​യ ഈ മോഡ​ലു​കൾ കൂടുതൽ സുരക്ഷി​ത​മാ​യി തീപി​ടു​ത്തങ്ങൾ നിയ​ന്ത്രി​ക്കാൻ വിദഗ്‌ധരെ സഹായി​ക്കു​മെന്നു കരുത​പ്പെ​ടു​ന്നു. തീയുടെ ഗതി കൃത്യ​മാ​യി മുൻകൂ​ട്ടി കാണാ​നുള്ള പ്രാപ്‌തി സമൂഹത്തെ സംരക്ഷി​ക്കു​ന്ന​തിൽ അഗ്നിശമന പ്രവർത്തകർ നേരി​ടുന്ന അപകടങ്ങൾ കുറയ്‌ക്കു​ന്ന​തി​നും സഹായി​ക്കും.

അതേ, നിയ​ന്ത്ര​ണാ​തീ​ത​മാ​യാൽ തീ വിനാ​ശ​ക​മായ ഒരു ശത്രു ആണെങ്കി​ലും അതിന്‌ നല്ല ഒരു മിത്രം ആയിരി​ക്കാ​നും കഴിയും. ഭൂമിയെ പുതു​ക്കാ​നും ജീവജാ​ല​ങ്ങ​ളു​ടെ വൈവി​ധ്യം സന്തുലി​ത​മാ​യി നിലനി​റു​ത്താ​നും സ്രഷ്ടാവ്‌ സ്ഥാപി​ച്ചി​ട്ടുള്ള സ്വാഭാ​വിക ചക്രങ്ങ​ളിൽ അത്‌ ഒരു പ്രധാന പങ്കു വഹിക്കു​ന്നു. (g02 9/22)

[23-ാം പേജിലെ ചിത്രം]

മോൺടാനയുടെ ബിറ്റെ​റൂട്ട്‌ നദീ താഴ്‌വ​ര​യി​ലൂ​ടെ ആളിപ്പ​ട​രുന്ന തീയിൽ പെടാതെ മാറി നിൽക്കുന്ന എൽക്കുകൾ

[കടപ്പാട്‌]

John McColgan, BLM, Alaska Fire Service

[24-ാം പേജിലെ ചിത്രം]

ഓസ്‌ട്രേലിയയിലെ ഒരു പ്രദേശം നിയ​ന്ത്രി​ത​മായ വിധത്തിൽ കത്തിക്കു​ന്നു

[കടപ്പാട്‌]

Photo provided courtesy of Queensland Rural Fire Service