വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എവ്‌റിപോസിലെ നിഗൂഢ ഏറ്റിറക്കങ്ങൾ

എവ്‌റിപോസിലെ നിഗൂഢ ഏറ്റിറക്കങ്ങൾ

എവ്‌റി​പോ​സി​ലെ നിഗൂഢ ഏറ്റിറ​ക്ക​ങ്ങൾ

ഗ്രീസിലെ ഉണരുക! ലേഖകൻ

ഗ്രീസി​ന്റെ കിഴക്കൻ ഭാഗത്ത്‌ ഹാൽകിസ്‌ നഗരത്തി​ന​ടു​ത്താ​യി വൻകരയെ എവിയാ ദ്വീപിൽനി​ന്നു വേർതി​രി​ക്കുന്ന നന്നേ വീതി കുറഞ്ഞ ഒരു കടലി​ടുക്ക്‌ ഉണ്ട്‌. എവ്‌റി​പോസ്‌ എന്നാണ്‌ അതിന്റെ പേര്‌. എട്ടു കിലോ​മീ​റ്റർ നീളവും 40 മീറ്റർ മുതൽ 1.6 കിലോ​മീ​റ്റർ വരെ വീതി​യും ആണ്‌ അതിനു​ള്ളത്‌. അതിന്റെ ഏറ്റവും ആഴം കുറഞ്ഞ ഭാഗത്ത്‌ വെറും ആറ്‌ മീറ്റർ താഴ്‌ചയേ ഉള്ളൂ. എവ്‌റി​പോസ്‌ എന്ന പേരിന്റെ അർഥം “വേഗമുള്ള ജലപ്ര​വാ​ഹം” എന്നാണ്‌. ചില​പ്പോൾ മണിക്കൂ​റിൽ 20 കിലോ​മീ​റ്റർ വരെ വേഗത്തിൽ ശക്തമായി വെള്ളം ഒഴുകുന്ന കടലി​ടു​ക്കി​നു നന്നേ യോജി​ക്കുന്ന പേര്‌. എന്നാൽ വിചി​ത്ര​മെന്നു പറയട്ടെ, ചില ദിവസ​ങ്ങ​ളിൽ വെള്ളത്തി​ന്റെ മുമ്പോ​ട്ടും പുറ​കോ​ട്ടും ഉള്ള ഒഴുക്ക്‌ വളരെ മന്ദഗതി​യി​ലാ​കു​ന്നു. മാത്രമല്ല, വെള്ളത്തി​ന്റെ ഒഴുക്ക്‌ പൂർണ​മാ​യി നില​ച്ചെ​ന്നും വരാം! ഹാൽകിസ്‌ സന്ദർശി​ക്കുന്ന പലരും വേലി​യേറ്റ-വേലി​യി​റ​ക്ക​ങ്ങ​ളു​ടെ ഈ അസാധാ​രണ പ്രതി​ഭാ​സം കാണാൻ കടലി​ടു​ക്കി​നു മുകളി​ലുള്ള ചെറിയ പാലത്തിൽ വന്നു നിൽക്കാ​റുണ്ട്‌.

ഭൂമി​യി​ലെ സമു​ദ്ര​ങ്ങ​ളു​ടെ മേൽ സൂര്യ​ച​ന്ദ്ര​ന്മാർ ചെലു​ത്തുന്ന ആകർഷ​ണ​മാണ്‌ വേലി​യേറ്റ-വേലി​യി​റ​ക്ക​ങ്ങൾക്കു കാരണ​മാ​കു​ന്നത്‌. തന്നിമി​ത്തം സൂര്യ​നോ​ടും ചന്ദ്ര​നോ​ടു​മുള്ള ബന്ധത്തിൽ ഭൂമി​യു​ടെ സ്ഥാനം എവി​ടെ​യാണ്‌ എന്നതി​ന​നു​സ​രിച്ച്‌ വേലി​യേറ്റ-വേലി​യി​റ​ക്ക​ങ്ങൾക്കു മാറ്റം സംഭവി​ക്കു​ന്നു. കറുത്ത​വാ​വി​ന്റെ സമയത്ത്‌ സൂര്യ​നും ചന്ദ്രനും ഭൂമി​യു​ടെ ഒരേ വശത്ത്‌ ആയിരി​ക്കും. വെളു​ത്ത​വാ​വിന്‌ അവ ഭൂമി​യു​ടെ എതിർ വശങ്ങളിൽ ആകുന്നു. ഈ രണ്ട്‌ സന്ദർഭ​ങ്ങ​ളി​ലും സൂര്യ​ച​ന്ദ്ര​ന്മാർ സമു​ദ്ര​ങ്ങ​ളു​ടെ​മേൽ ഒരുമിച്ച്‌ ചെലു​ത്തുന്ന ആകർഷണം ഏറ്റവും ശക്തമായ വേലി​യേറ്റ-വേലി​യി​റ​ക്ക​ങ്ങൾക്ക്‌ ഇടയാ​ക്കു​ന്നു.

എവ്‌റി​പോസ്‌ കടലി​ടു​ക്കിൽ സാധാ​ര​ണ​മാ​യി ഏതാണ്ട്‌ ഓരോ 24 മണിക്കൂ​റി​ലും രണ്ട്‌ വേലി​യേ​റ്റ​ങ്ങ​ളും രണ്ട്‌ വേലി​യി​റ​ക്ക​ങ്ങ​ളും ഉണ്ടാകു​ന്നു. 6 മണിക്കൂർ 13 മിനിട്ടു നേര​ത്തേക്ക്‌ ജലപ്ര​വാ​ഹം ഒരു ദിശയി​ലേ​ക്കാ​യി​രി​ക്കും. പിന്നെ കുറച്ചു സമയം നിശ്ചല​മാ​യി നിന്നിട്ട്‌ ഒഴുക്ക്‌ എതിർദി​ശ​യി​ലേ​ക്കാ​കു​ന്നു. ചന്ദ്രമാ​സ​ത്തി​ലെ 23-ഓ 24-ഓ ദിവസ​ത്തേക്ക്‌ അത്‌ ഈ ക്രമം പിൻപ​റ്റു​ന്നു. എന്നാൽ മാസത്തി​ലെ അവസാ​നത്തെ നാലഞ്ചു ദിവസം വിചി​ത്ര​മായ കാര്യങ്ങൾ സംഭവി​ക്കു​ന്നു. ചില ദിവസ​ങ്ങ​ളിൽ ഒഴുക്കി​ന്റെ ദിശ മാറു​കയേ ഇല്ല. മറ്റു ചില ദിവസ​ങ്ങ​ളി​ലാ​കട്ടെ അത്‌ 14 പ്രാവ​ശ്യം വരെ മാറി​യേ​ക്കാം!

പ്രതി​ഭാ​സ​ത്തി​ന്റെ ചുരു​ള​ഴി​ക്കാ​നുള്ള ശ്രമങ്ങൾ

എവ്‌റി​പോ​സി​ലെ പ്രതി​ഭാ​സം ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി നിരീ​ക്ഷ​കരെ കുഴക്കി​യി​രി​ക്കു​ന്നു. പൊ.യു.മു. നാലാം നൂറ്റാ​ണ്ടിൽ ഈ പ്രഹേ​ളി​ക​യു​ടെ ചുരു​ള​ഴി​ക്കാ​നുള്ള ശ്രമം പരാജ​യ​പ്പെ​ട്ട​തിൽ നിരാ​ശ​നാ​യി അരി​സ്റ്റോ​ട്ടിൽ ഈ കടലി​ടു​ക്കിൽ ചാടി മരിച്ചു എന്ന ഒരു പരമ്പരാ​ഗത വിശ്വാ​സം പ്രചാ​ര​ത്തി​ലുണ്ട്‌. വാസ്‌ത​വ​ത്തിൽ ആ കടലി​ടു​ക്കിൽ ചാടി ആത്മഹത്യ ചെയ്യു​ന്ന​തി​നു പകരം അദ്ദേഹം ചെയ്‌തത്‌ മെറ്റെ​യോ​റോ​ളോ​ഷി​ക്കാ എന്ന തന്റെ കൃതി​യിൽ കടലി​ടു​ക്കി​ലെ പ്രതി​ഭാ​സ​ത്തിന്‌ ഒരു വിശദീ​ക​രണം നൽകാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. അദ്ദേഹം എഴുതി: “കടൽ ഈ ഇടുക്കി​ലൂ​ടെ ഒഴുകു​ന്ന​തിന്‌ ഇടയാ​ക്കു​ന്നത്‌ ചുറ്റു​മുള്ള കരപ്ര​ദേശം ആണെന്നു തോന്നു​ന്നു. കരയുടെ മുമ്പോ​ട്ടും പിമ്പോ​ട്ടു​മുള്ള ചലനത്തി​ന്റെ ഫലമായി കടൽവെള്ളം ഒരു ചെറിയ ജലാശ​യ​ത്തിൽനിന്ന്‌ വലിയ ജലാശ​യ​ത്തി​ലേക്ക്‌ ഒഴുകു​ന്നു.” തിരമാ​ല​ക​ളും ആ പ്രദേ​ശത്ത്‌ കൂടെ​ക്കൂ​ടെ ഉണ്ടാകുന്ന ഭൂകമ്പ​ങ്ങ​ളു​മാ​ണു കരയുടെ ചലനത്തി​നു കാരണ​മാ​കു​ന്നത്‌ എന്ന്‌ അരി​സ്റ്റോ​ട്ടിൽ തെറ്റി​ദ്ധ​രി​ച്ചു. എന്നാൽ ഏതാണ്ട്‌ ഒരു നൂറ്റാ​ണ്ടി​നു ശേഷം, കടലി​ടു​ക്കി​ന്റെ “ഇരുവ​ശ​ങ്ങ​ളി​ലെ​യും ജലനി​രപ്പ്‌ വ്യത്യ​സ്‌ത​മാ​ണെന്ന്‌” ഗ്രീക്ക്‌ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​നായ എററ്റോ​സ്‌തെ​നിസ്‌ തിരി​ച്ച​റി​ഞ്ഞു. കടലി​ടു​ക്കി​ന്റെ ഇരു ഭാഗങ്ങ​ളി​ലു​മുള്ള ഉയര വ്യത്യാ​സ​മാണ്‌ അതിലെ ജലപ്ര​വാ​ഹ​ങ്ങൾക്കു കാരണ​മെന്ന നിഗമ​ന​ത്തിൽ അദ്ദേഹം എത്തി​ച്ചേർന്നു.

ഇന്നും എവ്‌റി​പോ​സി​ലെ വേലി​യേറ്റ-വേലി​യി​റ​ക്ക​ങ്ങ​ളി​ലെ ക്രമരാ​ഹി​ത്യം പൂർണ​മാ​യും മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടില്ല. എന്നാൽ അതിലെ സാധാരണ ഒഴുക്ക്‌ കടലി​ടു​ക്കി​ന്റെ രണ്ട്‌ അറ്റങ്ങളി​ലെ​യും ജലനി​ര​പ്പി​ലെ വ്യത്യാ​സം മൂലം ഉണ്ടാകു​ന്ന​താ​ണെന്ന സംഗതി ഏതാണ്ട്‌ വ്യക്തമാണ്‌. ഇത്‌ ഉയർന്ന നിരപ്പിൽനിന്ന്‌ വെള്ളം താഴ്‌ന്ന നിരപ്പി​ലേക്കു കുത്തി​യൊ​ഴു​കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു. ജലനി​ര​പ്പി​ലെ വ്യത്യാ​സം 40 സെന്റി​മീ​റ്റ​റോ​ളം ആയിരു​ന്നേ​ക്കാം. അത്‌ ഹാൽകിസ്‌ പാലത്തിൽനി​ന്നു നോക്കി​യാൽ തിരി​ച്ച​റി​യാൻ കഴിയും.

വ്യത്യാ​സം ഉള്ളത്‌ എന്തു​കൊണ്ട്‌?

ജലനി​ര​പ്പി​ലെ വ്യത്യാ​സ​ത്തിന്‌ എന്തു വിശദീ​ക​ര​മാണ്‌ ഉള്ളത്‌? കിഴക്കൻ മെഡി​റ്റ​റേ​നി​യ​നിൽനിന്ന്‌ ഒഴുകി​വ​രുന്ന വേലാ പ്രവാഹം (tidal stream) എവിയാ ദ്വീപിൽ എത്തു​മ്പോൾ രണ്ടു ശാഖക​ളാ​യി പിരി​യു​ന്നു. പടിഞ്ഞാ​റൻ ശാഖ കടലി​ടു​ക്കി​ന്റെ തെക്കു ഭാഗത്തു​കൂ​ടി അതി​ലേക്ക്‌ ഒഴുകി ചെല്ലുന്നു. എന്നാൽ കിഴക്കൻ ശാഖ ദ്വീപി​നെ ചുറ്റി സഞ്ചരിച്ച ശേഷം മാത്ര​മാണ്‌ വടക്കു ഭാഗത്തു​കൂ​ടി കടലി​ടു​ക്കിൽ പ്രവേ​ശി​ക്കു​ന്നത്‌. ദൈർഘ്യം കൂടിയ ഈ സഞ്ചാര​പാത കാരണം കിഴക്കൻ ശാഖ ഏതാണ്ട്‌ ഒന്നേകാൽ മണിക്കൂർ വൈകി​യാണ്‌ എവ്‌റി​പോ​സിൽ എത്തുന്നത്‌. അതു​കൊണ്ട്‌ കടലി​ടു​ക്കി​ന്റെ ഒരു വശത്തെ ജലനി​ര​പ്പും തത്‌ഫ​ല​മാ​യി ജലമർദ​വും മറുവ​ശ​ത്തേ​തി​നെ​ക്കാൾ വളരെ കൂടുതൽ ആയിരി​ക്കും. വർധിച്ച മർദം എവ്‌റി​പോ​സി​ലൂ​ടെ​യുള്ള ക്രമമായ വേലാ ജലപ്ര​വാ​ഹ​ങ്ങ​ളു​ടെ ശക്തി വർധി​പ്പി​ക്കു​ന്നു.

എന്നാൽ ക്രമം​തെ​റ്റിയ ജലപ്ര​വാ​ഹ​ങ്ങൾക്ക്‌ ഇടയാ​ക്കു​ന്നത്‌ എന്താണ്‌? ഭൂമിക്കു ചുറ്റു​മുള്ള ചന്ദ്രന്റെ ഭ്രമണ കാലഘ​ട്ട​ത്തി​ന്റെ ആദ്യത്തെ കാൽ ഭാഗത്തും അവസാന കാൽ ഭാഗത്തും സൂര്യന്റെ ആകർഷ​ണ​ശക്തി ചന്ദ്രന്റെ ആകർഷ​ണ​ശ​ക്തി​യെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു പകരം അതിന്‌ എതിരാ​യാ​ണു പ്രവർത്തി​ക്കു​ന്നത്‌. ചന്ദ്രൻ വേലി​യി​റ​ക്ക​ത്തിന്‌ ഇടയാ​ക്കാൻ ശ്രമി​ക്കു​മ്പോൾ സൂര്യൻ വേലി​യേ​റ്റ​ത്തിന്‌ ഇടയാ​ക്കാൻ ശ്രമി​ക്കു​ന്നു. തത്‌ഫ​ല​മാ​യി ഈ സമയങ്ങ​ളിൽ കടലി​ടു​ക്കി​ന്റെ വടക്കു ഭാഗ​ത്തെ​യും തെക്കു ഭാഗ​ത്തെ​യും ജലനി​ര​പ്പു​കൾ തമ്മിലുള്ള വ്യത്യാ​സം കുറവാ​യി​രി​ക്കും. അപ്പോൾ ഒഴുക്കി​ന്റെ ശക്തിയും കുറയും. ചില സമയങ്ങ​ളിൽ കാറ്റിന്റെ പ്രവർത്തനം കൂടെ​യാ​കു​മ്പോൾ ഒഴുക്ക്‌ പൂർണ​മാ​യി നിലയ്‌ക്കു​ന്നു.

കടലി​ടു​ക്കി​ലെ ജലപ്ര​വാ​ഹ​ത്തി​ന്റെ രസകര​വും നിഗൂ​ഢ​വു​മായ സ്വഭാ​വത്തെ കുറിച്ച്‌ ഇനിയും പലതും പറയാ​നുണ്ട്‌. നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഗ്രീസ്‌ സന്ദർശി​ക്കു​ന്നെ​ങ്കിൽ എവിയാ​യി​ലേക്കു വരിക. ഇവിടെ വന്ന്‌ എവ്‌റി​പോ​സി​ലെ വേലി​യേറ്റ-വേലി​യി​റ​ക്ക​ങ്ങ​ളു​ടെ അത്ഭുത​ക​ര​മായ പ്രതി​ഭാ​സം നേരിൽ കാണുക! (g02 9/22)

[18, 19 പേജു​ക​ളി​ലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

മെഡിറ്ററേനിയൻകടൽ

ഈജിയൻകടൽ

എവിയാ

ഹാൽകിസ്‌

എവ്‌റി​പോസ്‌ കടലി​ടുക്ക്‌

ഗ്രീസ്‌

ഏഥൻസ്‌

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[19-ാം പേജിലെ ചിത്രം]

എവ്‌റിപോസ്‌ കടലി​ടുക്ക്‌, മുകളിൽനിന്ന്‌ എടുത്ത ചിത്രം