വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബാമക്കോയിലെ വസ്‌ത്രം തല്ലുകാർ

ബാമക്കോയിലെ വസ്‌ത്രം തല്ലുകാർ

ബാമ​ക്കോ​യി​ലെ വസ്‌ത്രം തല്ലുകാർ

പശ്ചിമാ​ഫ്രി​ക്കൻ രാജ്യ​മായ മാലി​യു​ടെ തലസ്ഥാ​ന​മാ​ണു ബാമക്കോ. ദിവസം മുഴു​വ​നും അവിടെ ഒരേ താളത്തി​ലുള്ള ഒരു കൊട്ടു കേൾക്കാം. എന്നാൽ ചെണ്ട​കൊ​ട്ടു​ന്നതു പോലുള്ള ഈ ശബ്ദം പുറ​പ്പെ​ടു​വി​ക്കു​ന്നതു വാദ്യ​ക്കാ​രല്ല. വസ്‌ത്രം തല്ലുകാ​രു​ടെ ചെറിയ കുടി​ലു​ക​ളിൽനി​ന്നാണ്‌ അതു കേൾക്കു​ന്നത്‌. വസ്‌ത്രം തല്ലുക​യോ, അതെന്തി​നാണ്‌ എന്നായി​രി​ക്കും നിങ്ങളു​ടെ ചിന്ത.

അസാധാ​ര​ണ​മാ​യ ഒരു വസ്‌ത്ര​നിർമാണ പ്രക്രി​യ​യി​ലെ അവസാന പടിയാ​യാണ്‌ വസ്‌ത്രം തല്ലുന്നത്‌. ആദ്യം ഒരു കഷണം വെള്ള തുണി​യോ ഏതെങ്കി​ലും വസ്‌ത്ര​മോ എടുത്ത്‌ അതിൽ വ്യത്യസ്‌ത നിറങ്ങ​ളി​ലും മാതൃ​ക​ക​ളി​ലും ചായം മുക്കുന്നു. പിന്നെ കപ്പക്കി​ഴങ്ങ്‌ പൊടി​ച്ച​തു​കൊണ്ട്‌ ഉണ്ടാക്കുന്ന കൊഴുത്ത ഒരു ദ്രാവ​ക​ത്തി​ലോ വിവിധ പശമര​ങ്ങ​ളു​ടെ കറയി​ലോ അതു മുക്കുന്നു. ഇത്‌ വെയി​ല​ത്തിട്ട്‌ ഉണക്കു​ന്ന​തോ​ടെ തുണി വടി​പോ​ലെ ആയിത്തീ​രും. ഇപ്പോൾ അവസാ​നത്തെ പടിക്കാ​യി അത്‌ വസ്‌ത്രം തല്ലുകാ​രു​ടെ അടു​ത്തേക്കു വിടുന്നു.

കട്ടിയുള്ള ആ തുണി​യി​ലെ ചുളി​വു​കൾ അടിച്ച​ടി​ച്ചു നിവർക്കുക എന്നതാണു വസ്‌ത്രം തല്ലുകാ​രു​ടെ മുഖ്യ ജോലി. സാധാ​ര​ണ​മാ​യി കൊച്ചു കുടി​ലു​ക​ളിൽ വെണ്ണമ​ര​ത്തി​ന്റെ ഒരു തടിക്ക്‌ അപ്പുറ​ത്തും ഇപ്പുറ​ത്തു​മാ​യി ഇരിക്കുന്ന രണ്ടു ചെറു​പ്പ​ക്കാ​രെ കാണാം. അവർ വസ്‌ത്ര​ത്തിൽ അൽപ്പം മെഴുകു പുരട്ടിയ ശേഷം അത്‌ തടിയിൽ നിവർത്തി​യി​ടു​ന്നു. പിന്നെ, വെണ്ണമ​ര​ത്തി​ന്റെ തടി​കൊ​ണ്ടു​തന്നെ ഉണ്ടാക്കുന്ന വലിയ കൊട്ടു​വ​ടി​കൾ ഉപയോ​ഗിച്ച്‌ അവർ വസ്‌ത്ര​ത്തിൽ മാറി​മാ​റി അടിക്കു​ന്നു. ഒരാൾ അടിക്കാൻ വിട്ടു​പോ​കുന്ന ഭാഗത്ത്‌ വളരെ കൃത്യ​മാ​യി മറ്റെയാൾ അടിക്കു​ന്നു.

എന്തിനാണ്‌ ഇത്ര പാടു​പെ​ടു​ന്നത്‌, ഒരു ഇസ്‌തി​രി​പ്പെട്ടി ഉപയോ​ഗി​ക്കേണ്ട കാര്യ​മല്ലേ ഉള്ളൂ? അല്ല. ഒരു സംഗതി ഇസ്‌തി​രി​പ്പെ​ട്ടി​യു​ടെ ചൂട്‌ തുണി​യു​ടെ നിറം പെട്ടെന്നു മങ്ങാൻ ഇടയാ​ക്കും എന്നതാണ്‌. മാത്രമല്ല, വസ്‌ത്രം തല്ലുക​വഴി തുണിക്കു കിട്ടുന്ന ഉജ്ജ്വല നിറങ്ങൾ നൽകാൻ ഇസ്‌തി​രി​പ്പെ​ട്ടി​ക്കു കഴിയില്ല. കൊട്ടു​വടി കൊണ്ട്‌ ഓരോ പ്രാവ​ശ്യം അടിക്കു​മ്പോ​ഴും നിറത്തി​ന്റെ മാറ്റു കൂട്ടുന്ന ഒരു തിളക്കം തുണിക്കു ലഭിക്കു​ന്നു. നന്നായി അടിച്ചു കഴിഞ്ഞ തുണി കണ്ടാൽ അതിൽ അപ്പോൾ ചായം പുരട്ടി​യതേ ഉള്ളു​വെന്നു തോന്നും.

അതു​കൊണ്ട്‌ നിങ്ങൾ ഈ നഗരത്തി​ന്റെ തെരു​വു​ക​ളി​ലൂ​ടെ നടക്കാൻ ഇടയാ​യാൽ ചെണ്ടയ​ടി​പോ​ലെ തോന്നി​ക്കുന്ന താളാ​ത്മ​ക​മായ കൊട്ട്‌ കേൾക്കു​മ്പോൾ ചുറ്റു​മുള്ള കുടി​ലു​ക​ളി​ലേക്ക്‌ ഒന്നു നോക്കുക. അത്‌ ചെണ്ടക​ളിൽനിന്ന്‌ ഉതിരുന്ന ശബ്ദമേ ആയിരി​ക്കില്ല; ബാമ​ക്കോ​യി​ലെ വസ്‌ത്രം തല്ലുകാർ ഉണ്ടാക്കുന്ന ശബ്ദമാ​യി​രി​ക്കാം. (g02 9/22)