അവർ അധരചലനം വായിച്ചെടുക്കുന്ന വിധം
അവർ അധരചലനം വായിച്ചെടുക്കുന്ന വിധം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഭീകരവാദികൾ എന്നു സംശയിക്കപ്പെട്ട രണ്ടുപേർ ഒരു പാർക്കിൽ സംസാരിച്ചുനിൽക്കുന്ന രംഗം ഒരു വീഡിയോ പിടിച്ചെടുത്തു. അവർ എന്താണ് പറഞ്ഞതെന്നു കേൾക്കാൻ കഴിയുമായിരുന്നില്ല. എന്നിട്ടും പോലീസ് അവരെ അറസ്റ്റുചെയ്തു, അനന്തരം അവരെ അനേക വർഷത്തെ തടവിനും വിധിച്ചു. വീഡിയോയിൽ പിടിച്ച അവരുടെ സംഭാഷണം അധരചലന വായനാവിദ്യയിൽ പ്രാവീണ്യം നേടിയ ഒരു സ്ത്രീ വായിച്ചെടുത്തു. ബ്രിട്ടനിൽ ഈ വിദ്യയുടെ പ്രയോഗം ഒരു വിദഗ്ധ സാക്ഷ്യമായി അംഗീകരിച്ചിട്ടുണ്ട്. മാത്രമല്ല, ബ്രിട്ടീഷ് പോലീസിന്റെ “ശക്തമായ ഒരു രഹസ്യായുധം” എന്നും ഇതിനെ വർണിക്കുന്നു.
അധരചലന വായനാവിദ്യയെ കുറിച്ചു കൂടുതൽ അറിയാൻ ഞാൻ മൈക്കിനെയും ക്രിസ്റ്റീനയെയും കാണാൻ പോയി. ക്രിസ്റ്റീന മൂന്നു വയസ്സു മുതൽ ബധിരയാണ്. പിൽക്കാലത്ത് ഒരു ബധിരവിദ്യാലയത്തിൽ പഠിക്കവേ, അധരചലനം വായിച്ചെടുക്കുന്ന വിദ്യ അവൾ പഠിച്ചെടുത്തു. മൈക്കാകട്ടെ ക്രിസ്റ്റീനയുമായുള്ള വിവാഹശേഷം സ്വന്തമായി പഠിച്ചെടുത്തതാണ് ഈ വിദ്യ.
അധരചലനം വായിച്ചെടുക്കുന്നത് അത്ര എളുപ്പമുള്ള സംഗതിയാണോ? “ചുണ്ടുകൾ, നാവ്, കീഴ്ത്താടി എന്നിവയുടെ ചലനത്തിലും രൂപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം” എന്ന് മൈക്ക് പറയുന്നു. ക്രിസ്റ്റീന ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിങ്ങളോടു സംസാരിക്കുന്ന വ്യക്തിയെ സുസൂക്ഷ്മം നോക്കിക്കൊണ്ടിരിക്കണം. ചുണ്ടുകളുടെ ചലനം വായിച്ചെടുക്കാനുള്ള നിങ്ങളുടെ പ്രാപ്തി അഭിവൃദ്ധിപ്പെടവേ, മുഖഭാവവും ശരീരഭാഷയും കൂടെ ശ്രദ്ധിക്കുക.”
ബധിരനെ സഹായിക്കുകയെന്ന ഉദ്ദേശ്യത്തിൽ ഉച്ചത്തിലും ചുണ്ടുകൾ കൂടുതൽ കോട്ടിയും സംസാരിക്കുന്നത് ഏറ്റവും വലിയ മണ്ടത്തരമായി ഞാൻ മനസ്സിലാക്കുന്നു. അത് അയാളെ ആകെ കുഴപ്പിക്കും എന്നു മാത്രമല്ല, സഹായിക്കാനുള്ള മറ്റേ ആളുടെ ശ്രമത്തെ വൃഥാവാക്കുകയും ചെയ്യും. പ്രാവീണ്യം നേടിക്കഴിഞ്ഞാൽ പിന്നെ ഉച്ചാരണത്തിലെ ദേശ്യഭേദങ്ങൾ പോലും തിരിച്ചറിയുക സാധ്യമാണ്. എന്നിരുന്നാലും, ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ലെന്നു തീർച്ച! അധരചലനം വായിച്ചെടുക്കുന്നതിൽ പരിശീലനം നൽകുന്ന ഒരു സ്ഥാപനമായ ‘ഹിയറിംഗ് കൺസേൺ’ ഇപ്രകാരം തുറന്നുപറഞ്ഞു: “അധരചലന വായനയ്ക്കു പരിശീലനമാണ് ആവശ്യം, ആവർത്തിച്ചുള്ള പരിശീലനം.”
ചിലപ്പോഴൊക്കെ ബസ്സിലോ തീവണ്ടിയിലോ വെച്ച് മനപ്പൂർവമല്ലെങ്കിലും ആളുകളുടെ സംഭാഷണങ്ങൾ ഇരുന്നു “കേട്ടു” പോകാറുണ്ട് എന്നു ക്രിസ്റ്റീന സമ്മതിക്കുന്നു. കേൾക്കേണ്ട എങ്കിൽ പെട്ടെന്നു നോട്ടം മാറ്റുകയേ വേണ്ടൂ. പക്ഷേ, ഈ പ്രാപ്തി അവർക്കൊരു സംരക്ഷണം കൂടെയാണ്. ക്രിസ്റ്റീന ടെലിവിഷനിൽ പന്തുകളി കാണുന്നതു നിറുത്തിയിരിക്കുകയാണ്, കളിക്കാരിൽ ചിലരുടെ അസഭ്യ വർഷങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതുകൊണ്ടാണ് അവർ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
ബ്രിട്ടീഷ് പോലീസിന്റെ ഈ “രഹസ്യായുധ” വിദ്യ അധികമാരും പഠിച്ചെടുക്കുമെന്നു തോന്നുന്നില്ല. ശ്രവണശേഷി പൂർണമായി നഷ്ടപ്പെട്ട ശേഷം അധരചലന വായനയുടെ ലളിതമായ ഒരു രൂപമെങ്കിലും പഠിച്ചെടുക്കുന്നത് തക്ക മൂല്യമുള്ള ഒരു കലയാണ്. (g02 10/8)
[31-ാം പേജിലെ ചിത്രം]
ക്രിസ്റ്റീന
[31-ാം പേജിലെ ചിത്രം]
മൈക്ക്