ഈ വെള്ളമെല്ലാം എങ്ങോട്ടു പോകുന്നു?
ഈ വെള്ളമെല്ലാം എങ്ങോട്ടു പോകുന്നു?
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഞാനാകെ പരിഭ്രാന്തിയിലായി! കുളിമുറിയുടെ ഓവിൽനിന്ന് അതാ ചാരനിറത്തിലുള്ള ഒരു ദ്രാവകം കുമിളകളായി പൊന്തിവരുന്നു. എന്റെ വീട് ദുർഗന്ധം വമിക്കുന്ന ഒരു ചതുപ്പായി മാറാൻ ഏറെ സമയമൊന്നും വേണ്ട. ഞാൻ പെട്ടെന്ന് ഒരു പ്ലമറെ വിളിച്ചു. ആകപ്പാടെ വിഷമിച്ച് അയാളെയും കാത്തുനിൽക്കുമ്പോൾ, വെള്ളം പതിയെ പൊങ്ങിപ്പൊങ്ങി എന്റെ സോക്സ് കുതിർന്നു തുടങ്ങി. ‘ഈ വെള്ളമെല്ലാം എവിടെ നിന്നാണു വരുന്നത്’ എന്നു ഞാൻ അതിശയിച്ചുപോയി.
പ്ലമർ വന്നു ക്ഷമയോടെ ഓവിലെ തടസ്സം നീക്കുന്നതിനിടയിൽ എന്നോടു പറഞ്ഞു: “ഒരു ശരാശരി നഗരവാസി 200 മുതൽ 400 വരെ ലിറ്റർ വെള്ളം ഒരു ദിവസം ഉപയോഗിക്കും. ഓരോ പുരുഷനും സ്ത്രീയും കുട്ടിയും ഏതാണ്ട് 1,00,000 ലിറ്റർ വെള്ളം വീതം ഒരു വർഷം അഴുക്കുചാലിലേക്കു വിടുന്നു.” അപ്പോൾ ഞാൻ ചോദിച്ചു: “അത്രയും വെള്ളം ഞാൻ എങ്ങനെ ഉപയോഗിക്കാനാണ്, ഏതായാലും ഞാൻ അത്രയും വെള്ളം കുടിക്കില്ല!” “അതല്ല” അയാൾ തുടർന്നു: “ഓരോ ദിവസവും നിങ്ങൾ കുളിക്കുന്നു, കക്കൂസ് ഉപയോഗിക്കുന്നു, വാഷിങ്മെഷീൻ ഉപയോഗിക്കുന്നു, പാത്രം കഴുകുന്നു. ഇതല്ലാതെ മറ്റു പലതരത്തിലും ഈ ആധുനിക യുഗത്തിൽ നമ്മൾ, നമ്മുടെ വല്യമ്മവല്യപ്പന്മാർ ഉപയോഗിച്ചതിന്റെ രണ്ടിരട്ടി വെള്ളം ഉപയോഗിക്കുന്നുണ്ട്.” അപ്പോൾ എന്റെ മനസ്സിലേക്കു പൊടുന്നനെ വന്ന ചോദ്യമിതാണ്, ‘ഈ വെള്ളമെല്ലാം എങ്ങോട്ടു പോകുന്നു?’
ആളുകൾ ദിവസവും ഉപയോഗിച്ചുതള്ളുന്ന വെള്ളം പല രാജ്യങ്ങളിലും നഗരങ്ങളിലും വ്യത്യസ്തമായ വിധങ്ങളിൽ സംസ്കരിക്കപ്പെടുന്നു എന്നു ഞാൻ മനസ്സിലാക്കി. ചില രാജ്യങ്ങളിൽ ജലജന്യ രോഗങ്ങൾ നിമിത്തം മരണം വരെ സംഭവിക്കുന്നതുകൊണ്ട് ജല സംസ്കരണം ജീവനെത്തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നു പറയാൻ കഴിയും. (27-ാം പേജിലെ ചതുരം കാണുക.) എന്റെ താമസസ്ഥലത്തിന് അടുത്തുള്ള ഒരു മലിനജല സംസ്കരണ കേന്ദ്രത്തിലേക്ക് എന്നോടൊപ്പം നിങ്ങളും പോരുക, എന്നിട്ട്, ഈ വെള്ളമെല്ലാം എങ്ങോട്ടുപോകുന്നു എന്നും അഴുക്കുചാലിലും കക്കൂസിലുമൊക്കെ അതുമിതും ഇടുന്നതിനുമുമ്പ് എന്തുകൊണ്ടു ശ്രദ്ധിക്കണം എന്നും മനസ്സിലാക്കുക. നാം എവിടെ ജീവിച്ചാലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണല്ലോ ഇതൊക്കെ.
സംസ്കരണകേന്ദ്രത്തിൽ
സന്ദർശിക്കാൻ പറ്റിയ ആകർഷകമായ ഒരു സ്ഥലമല്ലല്ലോ മലിനജല സംസ്കരണകേന്ദ്രം എന്നു നിങ്ങൾക്കു തോന്നുന്നുണ്ടാവും. ഞാനും അതിനോടു യോജിക്കുന്നു. എന്നാൽ നമ്മുടെ നഗരം അതിന്റെ തന്നെ മാലിന്യത്തിൽ മുങ്ങിപ്പോകുന്നതിനെ തടയാൻ നമ്മിൽ മിക്കവരും ഇത്തരം സംവിധാനങ്ങളെ ആശ്രയിക്കുന്നു—ഇതിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ നമുക്കെല്ലാം ഒരു പങ്കുണ്ട്. വിഖ്യാതമായ സിഡ്നി തുറമുഖത്തിനു തെക്കു സ്ഥിതിചെയ്യുന്ന മലബാറിലെ മുഖ്യ സംസ്കരണകേന്ദ്രത്തിലേക്കാണു നാം പോകുന്നത്. എന്റെ കുളിമുറിയിലെ വെള്ളം എങ്ങനെയാണ് ഈ സംസ്കരണകേന്ദ്രത്തിൽ എത്തുന്നത്?
ഞാൻ കക്കൂസ് ഉപയോഗിച്ചശേഷം വെള്ളം ഒഴിക്കുമ്പോൾ, പാത്രം കഴുകുമ്പോൾ, കുളിക്കുമ്പോൾ എല്ലാം വെള്ളം മലിനജല സംസ്കരണകേന്ദ്രത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഈ വെള്ളം 50 കിലോമീറ്റർ ദൂരം ഒഴുകിയെത്തുമ്പോൾ, മറ്റു സ്ഥലങ്ങളിൽ നിന്നൊക്കെ ദിവസവും സംസ്കരണശാലയിലേക്കു പ്രവഹിക്കുന്ന 48 കോടി ലിറ്റർ വെള്ളവുമായി ചേരുന്നു.
ഈ സംസ്കരണകേന്ദ്രം കണ്ണിനും മൂക്കിനുമൊന്നും അസ്വാസ്ഥ്യം ഉണ്ടാക്കാത്തത് എന്തുകൊണ്ടെന്ന്, ഇവിടത്തെ കമ്മ്യൂണിറ്റി ലെയ്സൺ ഓഫീസറായ റോസ് എന്നോടു പറഞ്ഞു: “ഇതിന്റെ പ്രവർത്തനങ്ങളിൽ അധികപങ്കും നടക്കുന്നത് ഭൂമിക്കടിയിലാണ്. ദുഷിച്ച വാതകങ്ങളെ പുറത്തുപോകാതെ തടഞ്ഞിട്ട്, വായു ശുദ്ധീകരണത്തിനുള്ള അരിപ്പകളോടു കൂടിയ ചിമ്മിനികളിലൂടെ കടത്തി വിടുന്നു. കുടത്തിന്റെ ആകൃതിയിലുള്ള ഈ ചിമ്മിനികൾ ദുർഗന്ധം ഇല്ലാതാക്കുന്നു. അങ്ങനെ ശുദ്ധീകരിക്കപ്പെട്ട വായുവാണ് അന്തരീക്ഷത്തിലേക്കു വിടുന്നത്. ഈ
സംസ്കരണകേന്ദ്രത്തിനു ചുറ്റും ആയിരക്കണക്കിനു വീടുകളുണ്ട്, ദുർഗന്ധത്തെക്കുറിച്ചു പരാതിപ്പെടുന്ന ഏതാണ്ടു പത്തു ഫോൺകോളുകളേ വർഷത്തിൽ എനിക്കു ലഭിക്കാറുള്ളൂ.” റോസ് ഇനി നമ്മെ കൊണ്ടുപോകുന്നത് ആ “ദുർഗന്ധപ്രശ്നങ്ങളു”ടെ ഉറവിടത്തിലേക്കാണ്.എന്താണ് മലിനജലം?
നമ്മൾ കൂടുതൽ താഴേക്കിറങ്ങുമ്പോൾ, വഴികാട്ടി നമ്മോടു പറയുന്നു: “മലിനജലത്തിന്റെ 99.9 ശതമാനം വെള്ളമാണ്, ബാക്കി ഭാഗം മനുഷ്യ വിസർജ്യവും രാസവസ്തുക്കളും മറ്റുപല ചെറിയ ചെറിയ വസ്തുക്കളും ചേർന്നതാണ്. 1,30,000 ഏക്കർ പ്രദേശത്തെ വീടുകളിൽ നിന്നും വ്യവസായശാലകളിൽ നിന്നുമുള്ള മലിനജലം, 20,000 കിലോമീറ്റർ നീളത്തിലുള്ള പൈപ്പുകളിലൂടെ ഒഴുകി, സമുദ്രനിരപ്പിൽനിന്നു മൂന്നുമീറ്റർ താഴെ സ്ഥിതി ചെയ്യുന്ന സംസ്കരണകേന്ദ്രത്തിൽ പ്രവേശിക്കുന്നു. ഇവിടെവെച്ച്, പഴന്തുണി, പാറക്കഷണങ്ങൾ, കടലാസ്, പ്ലാസ്റ്റിക്ക് എന്നിവയൊക്കെ അരിച്ചുമാറ്റുന്ന അരിപ്പകളുടെ ഒരു ശ്രേണിയിലൂടെ
ഈ മലിനജലം കടന്നു പോകുന്നു. അടുത്തതായി, ചരലും കടുപ്പമേറിയ മണൽത്തരിയും വേർതിരിക്കുന്ന ഗ്രിറ്റ് ചേംബറിൽവെച്ച്, മലിനജലത്തിലെ ജൈവഘടകങ്ങൾ വായുകുമിളകളോടൊപ്പം വെള്ളത്തിൽ തങ്ങിനിൽക്കുന്നു. അജൈവഘടകങ്ങളായ മണൽത്തരിയും ചരലും പോലുള്ള ഭാരമുള്ള വസ്തുക്കൾ താഴെ അടിയുന്നു. താഴെ അടിയുന്ന ഇത്തരം അജൈവമാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നു. ശേഷിക്കുന്ന മലിനജലം 15 മീറ്റർ മുകളിലുള്ള ചെളിയൂറൽ ടാങ്കിലേക്കു പമ്പുചെയ്യുന്നു.”ഈ ടാങ്കിന് ഒരു ഫുട്ബോൾ കളത്തിന്റെ വലിപ്പമുണ്ട്. ഇവിടത്തെ വായു ശുദ്ധീകരണ സംവിധാനം തികച്ചും പ്രവർത്തനക്ഷമമായിരിക്കണം. ഇല്ലെങ്കിൽ അയൽക്കാരുടെ പരാതി എത്രയായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ടാങ്കിലേക്കു പതിയെ ഒഴുകിയെത്തുന്ന വെള്ളത്തിൽനിന്നും പൊങ്ങിക്കിടക്കുന്ന എണ്ണയും കൊഴുപ്പും മാറ്റുന്നു. ജൈവമാലിന്യങ്ങൾ അഥവാ വഴുവഴുത്ത ഊറൽ താഴെ അടിയുന്നു. വലിയ യന്ത്രവത്കൃത ബ്ലെയിഡുകൾ, ഈ സ്ലഡ്ജ് (ഊറൽ) അടുത്ത സംസ്കരണ നടപടികൾക്കായുള്ള സ്ഥലത്തേക്കു പമ്പുചെയ്തു നീക്കുന്നു.
സംസ്കരിക്കപ്പെട്ട മലിനജലം 3 കിലോമീറ്റർ നീളമുള്ള ഒരു ഭൂഗർഭ ടണൽവഴി കടലിലേക്ക് ഒഴുക്കിവിടുന്നു. കടൽത്തറയിലേക്കു തുറക്കുന്ന തുരങ്കത്തിൽ നിന്നും ശക്തിയോടെ കുതിച്ചുയരുന്ന ഈ വെള്ളം, തിരമാലകളിൽ നിന്നും 60-80 മീറ്റർ വരെ താഴെ വെച്ചു കടലിൽ വ്യാപിക്കുന്നു. ശക്തിയേറിയ തീരപ്രവാഹങ്ങൾ മലിനജലത്തെ അങ്ങുമിങ്ങും ചിതറിക്കുന്നു. അങ്ങനെ, സ്വാഭാവിക അണുനാശകശക്തിയുള്ള ഉപ്പുവെള്ളം സംസ്കരണപ്രക്രിയ പൂർത്തിയാക്കുന്നു. സംസ്കരണശാലയിൽ അവശേഷിച്ചിരുന്ന ഊറൽ, അനെയ്റോബിക് ഡൈജസ്റ്ററുകൾ എന്നു വിളിക്കുന്ന വായുകടക്കാത്ത ടാങ്കുകളിലേക്കു പമ്പു ചെയ്യുന്നു. അവിടെ സൂക്ഷ്മാണുജീവികൾ ജൈവഘടകങ്ങളെ വിഘടിപ്പിച്ചു മീഥെയ്ൻ വാതകം ഉണ്ടാക്കുന്നു, മാത്രമല്ല, ഊറലിനെ രാസപരമായി കൂടുതൽ സ്ഥിരതയുള്ളതും ആക്കിത്തീർക്കുന്നു.
സ്ലഡ്ജ് മണ്ണായി മാറുന്നു
ശുദ്ധവായു കിട്ടുന്ന സ്ഥലത്തേക്ക് വലിയ ആശ്വാസത്തോടെ ഞാൻ റോസിനെ അനുഗമിച്ചു. എന്നിട്ട് സ്ലഡ്ജ് സൂക്ഷിക്കുന്ന വായു കടക്കാത്ത ഒരു ടാങ്കിനു മുകളിലേക്കു ഞങ്ങൾ കയറി. റോസ് പിന്നെയും പറഞ്ഞുതുടങ്ങി: “സൂക്ഷ്മാണുജീവികൾ ഉത്പാദിപ്പിക്കുന്ന മീഥെയ്ൻ വാതകം വൈദ്യുത ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നു. സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയുടെ 60 ശതമാനത്തിൽ അധികവും ലഭിക്കുന്നത് ഇങ്ങനെയാണ്. സ്ലഡ്ജ് അണുവിമുക്തമാക്കി ചുണ്ണാമ്പു ചേർത്ത്,
സസ്യങ്ങൾക്കുള്ള സമൃദ്ധമായ പോഷകമടങ്ങിയ ബയോസോളിഡ് (ജൈവപദാർഥങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നുണ്ടാക്കുന്ന വളം) ആക്കി മാറ്റുന്നു. മലബാറിലെ മലിനജല സംസ്കരണശാല മാത്രം വർഷം തോറും 40,000 ടൺ ബയോസോളിഡ് ഉത്പാദിപ്പിക്കുന്നു. പത്തു വർഷം മുമ്പുവരെ സംസ്കരിക്കാത്ത സ്ലഡ്ജ് ചുട്ടുചാമ്പലാക്കുകയോ സമുദ്രത്തിൽ തള്ളുകയോ ആണ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇത് പ്രയോജനകരമായ ഒരു വിധത്തിൽ ഉപയോഗിച്ചുവരുന്നു.”
റോസ് എനിക്കു തന്ന ഒരു ലഘുപത്രികയിൽ ഇങ്ങനെ പറയുന്നു. “ന്യൂ സൗത്ത് വെയ്ൽസിലെ വനത്തിൽ ബയോസോളിഡ് പ്രയോഗിച്ചപ്പോൾ 20-35 ശതമാനം വളർച്ച വർധിച്ചു.” ‘ബയോസോളിഡ് കലർത്തിയ മണ്ണിൽ വളർന്ന ഗോതമ്പിന് ഉത്പാദനത്തിൽ 70 ശതമാനം വർദ്ധനയുണ്ടായതായും’ ലഘുപത്രിക പറയുന്നു. അങ്ങനെയെങ്കിൽ, മറ്റു വളത്തോടൊപ്പം ബയോസോളിഡും ചേർത്ത് എന്റെ പൂന്തോട്ടത്തിൽ ഉപയോഗിക്കാമല്ലോ എന്നു ഞാനോർത്തു.
കാഴ്ചയ്ക്കപ്പുറത്തുള്ള കാര്യങ്ങൾ വേഗം വിസ്മരിക്കപ്പെടുന്നു
അഴുക്കുചാലിൽ നാം പെയിന്റ്,
കീടനാശിനികൾ, മരുന്നുകൾ, എണ്ണ എന്നിവ ഒഴിക്കുന്നത് സംസ്കരണശാലയിലെ സൂക്ഷ്മാണുക്കൾ നശിക്കാനിടയാക്കുമെന്നും അത് ശുദ്ധീകരണപ്രക്രിയയ്ക്കു തടസ്സം സൃഷ്ടിക്കുമെന്നും വഴികാട്ടി എന്നോടു പറഞ്ഞു. ‘എണ്ണയും കൊഴുപ്പുമൊക്കെ നമ്മുടെ ധമനികളിൽ തടസ്സം സൃഷ്ടിക്കുന്നതുപോലെ മലിനജലവാഹികളായ പൈപ്പുകളിലും തടസ്സമുണ്ടാക്കുന്നു’ എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ‘ഉപയോഗശേഷം കളയുന്ന ഡയപ്പറുകൾ, തുണി, പ്ലാസ്റ്റിക്ക് എന്നിവ കക്കൂസിലിട്ടു വെള്ളമൊഴിച്ചാൽ അതു പൈപ്പിനുള്ളിൽ തങ്ങിനിൽക്കുന്നു. ചപ്പുചവറുകൾ കക്കൂസിലോ അഴുക്കുചാലിലോ ഇട്ടിട്ടു വെള്ളമൊഴിക്കുമ്പോൾ അത് പോയിക്കിട്ടിയല്ലോ എന്നു നമ്മൾ വിചാരിച്ചേക്കാം.’ പിന്നീട്, അതു പൈപ്പിനുള്ളിൽ തടസ്സമുണ്ടാക്കി വെള്ളം തിരിച്ചുപൊങ്ങിവരുമ്പോഴേ നമ്മൾ ചെയ്തതിന്റെ ഗൗരവം നാം മനസ്സിലാക്കൂ. അതുകൊണ്ട്, അടുത്ത തവണ നിങ്ങൾ കുളിക്കുമ്പോഴും കക്കൂസ് ഉപയോഗിക്കുമ്പോഴും പാത്രം കഴുകുമ്പോഴുമെല്ലാം ഈ വെള്ളം എങ്ങോട്ടാണ് പോകുന്നത് എന്നു ചിന്തിക്കുക. (g02 10/8)
[25-ാം പേജിലെ ചതുരം/ചിത്രം]
മലിനജലം കുടിവെള്ളമായി മാറുന്നു
ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള ഓറഞ്ച് കൗണ്ടിയിൽ മഴ തീരെ കുറവാണ്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനു വരുന്ന നിവാസികളുടെ പ്രയോജനാർഥം ഒരു നവീന മലിനജലസംസ്കരണ സംവിധാനം ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും ലക്ഷക്കണക്കിനു ലിറ്റർ മലിനജലം വെറുതെ സമുദ്രത്തിലേക്ക് ഒഴുക്കിവിടാതെ, അധികഭാഗവും ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കുന്നു. ഒരു മലിനജല സംസ്കരണകേന്ദ്രമാണ് വർഷങ്ങളായി ഇതു ചെയ്തുകൊണ്ടിരിക്കുന്നത്. പ്രാഥമിക സംസ്കരണത്തിനുശേഷം മലിനജലത്തെ രണ്ടാമതും മൂന്നാമതും സംസ്കരണത്തിനു വിധേയമാക്കുന്നു. ഇങ്ങനെ കിട്ടുന്ന വെള്ളം സാധാരണ കുടിവെള്ളം പോലെതന്നെ ശുദ്ധമാണ്. ഈ വെള്ളം കിണർജലവുമായി കൂട്ടിക്കലർത്തി വീണ്ടും ഭൂമിക്കടിയിലെ ജലസംഭരണിയിലേക്കു വിടുന്നു. ഭൂഗർഭസംഭരണി വീണ്ടും നിറയാനും അങ്ങനെ ഉപ്പുവെള്ളം അരിച്ചിറങ്ങി സംഭരണി നശിക്കാതിരിക്കാനും ഇതു സഹായിക്കുന്നു. ജില്ലയ്ക്ക് ആവശ്യമായ ജലത്തിന്റെ 75 ശതമാനത്തോളം ലഭിക്കുന്നത് ഈ സംഭരണിയിൽ നിന്നാണ്.
വെള്ളം മിതവ്യയം ചെയ്യുന്നതിനുള്ള അഞ്ചു വഴികൾ
◻✔ ചോർച്ചയുള്ള വാഷറുകൾ മാറിയിടുക—ചോർച്ചയുള്ള ഒരു ടാപ്പിലൂടെ വർഷം 7,000 ലിറ്റർ വെള്ളം നഷ്ടപ്പെടാൻ ഇടയുണ്ട്.
◻✔ നിങ്ങളുടെ കക്കൂസിന് ചോർച്ചയില്ല എന്ന് ഉറപ്പുവരുത്തുക—ചോരുന്ന കക്കൂസിലൂടെ ഒരു വർഷം 16,000 ലിറ്റർ വെള്ളം നഷ്ടപ്പെട്ടേക്കാം.
◻✔ ഷവർ ഹെഡ്ഡിൽ വെള്ളം നിയന്ത്രിതമായ വിധത്തിൽ സ്പ്രേ ചെയ്യുന്ന ഒരു നോസിൽ ഘടിപ്പിക്കുക. സാധാരണ ഷവർ ഹെഡ്ഡ് ഒരു മിനിട്ടിൽ 18 ലിറ്റർ വെള്ളം പുറത്തുവിടുന്നു.നിയന്ത്രിതമായ വിധത്തിൽ സ്പ്രേ ചെയ്യുന്ന ലോ-ഫ്ളോ ഷവർഹെഡ്ഡിലൂടെ മിനിട്ടിൽ 9 ലിറ്റർ വെള്ളമേ പുറത്തുവരൂ—അങ്ങനെയാകുമ്പോൾ, നാലുപേർ അടങ്ങുന്ന ഒരു കുടുംബത്തിന് വർഷം 80,000 ലിറ്റർ വെള്ളം ലാഭിക്കാൻ കഴിയും.
◻✔ നിങ്ങളുടെ കക്കൂസിന് വെള്ളം ഫ്ളഷ് ചെയ്യുന്നതിനുള്ള രണ്ടുതരം സംവിധാനം ഉണ്ടെങ്കിൽ, കുറച്ചു വെള്ളം മതിയാകുന്നിടത്ത് അതിനുള്ള ചെറിയ ബട്ടൺ ഉപയോഗിക്കുക—ഇങ്ങനെ ഒരു നാലംഗ കുടുംബത്തിന് വർഷം 36,000 ലിറ്റർ വെള്ളം ലാഭിക്കാം.
◻✔ നിങ്ങളുടെ ടാപ്പിൽ ഒരു എയ്റേറ്റർ ഘടിപ്പിക്കുക—ഇത് ചുരുങ്ങിയ ചെലവിൽ ചെയ്യാം, കാര്യക്ഷമത കുറയാതെതന്നെ വെള്ളത്തിന്റെ ഉപയോഗം പകുതിയായി കുറയ്ക്കാം.
[27-ാം പേജിലെ ചതുരം]
ലോകത്തിലെ മലിനജല പ്രതിസന്ധി
നെതർലൻഡ്സിലെ ഹേഗിൽ വിളിച്ചുകൂട്ടിയ ദ സെക്കൻഡ് വേൾഡ് വാട്ടർ ഫോറം ഇങ്ങനെ പറയുന്നു: “1.2 ശതകോടിയിലധികം ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല, 2.9 ശതകോടി പേർക്ക് മാലിന്യ നിർമാർജനത്തിനുള്ള അവശ്യ സൗകര്യങ്ങൾ ഇല്ല. മലിനജല-ജന്യ രോഗങ്ങൾ വർഷംതോറും 50 ലക്ഷം പേരുടെ മരണത്തിൽ കലാശിക്കുന്നു, ഇവരിലനേകരും കുട്ടികളാണ്.”
[26-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മലബാറിലെ മലിനജല സംസ്കരണ സംവിധാനം (ഏകദേശരൂപം)
1. മലിനജലം ശുദ്ധീകരണ ശാലയിലേക്കു പ്രവേശിക്കുന്നു
↓
2. ജലം അരിപ്പകളിലൂടെ കടന്നു പോകുന്നു
↓
3. ഗ്രിറ്റ് ചേമ്പറിൽ ചരലും തരികളും വേർതിരിക്കുന്നു ⇨ ⇨ 4.അജൈവഘടകങ്ങൾ നീക്കം ചെയ്ത് കൊണ്ടുപോകുന്നു
↓
5. ഊറൽ ടാങ്കുകൾ ⇨ ⇨ 6.സമുദ്രത്തിലേക്ക്
↓
7. അനെയ്റോബിക് ഡൈജസ്റ്ററുകൾ ⇨ ⇨ 8.വൈദ്യുത ജനറേറ്ററുകൾ
↓
9. ബയോസോളിഡ് സൂക്ഷിച്ചുവെക്കുന്ന ടാങ്ക്
[ചിത്രങ്ങൾ]
അനെയ്റോബിക് ഡൈജസ്റ്റിങ് ടാങ്കുകൾ സ്ലഡ്ജിനെ വളവും മീഥേൻ വാതകവുമാക്കി മാറ്റുന്നു
മീഥെയ്ൻ വാതകം കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു