എനിക്ക് ഒരു മൊബൈൽ ഫോൺ ആവശ്യമുണ്ടോ?
യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് ഒരു മൊബൈൽ ഫോൺ ആവശ്യമുണ്ടോ?
“മൊബൈൽ ഫോൺ കയ്യിലില്ലെങ്കിൽ എനിക്കാകെ അരക്ഷിതത്വവും അസ്വസ്ഥതയും തോന്നും.”—ഓക്കികൊ. a
മിക്ക ദേശങ്ങളിലും മൊബൈൽ ഫോണുകൾക്ക് പ്രചാരം ഏറിവരികയാണ്. അവ കൊണ്ടുനടക്കാൻ വളരെ സൗകര്യമാണ്. ഏതു സമയത്തും എവിടെ വെച്ചും നിങ്ങളുടെ കൂട്ടുകാർക്കും മാതാപിതാക്കൾക്കും നിങ്ങളുമായി ബന്ധപ്പെടാം—നിങ്ങൾക്കങ്ങോട്ടും. ചിലതരം മൊബൈൽ ഫോണുകളിൽ നിങ്ങൾക്കു പരസ്പരം കൊച്ചുകൊച്ചു സന്ദേശങ്ങൾ ടൈപ്പ് ചെയ്ത് അയയ്ക്കാം. “യുവജനങ്ങളുടെ ആശയവിനിമയത്വരയെ തൃപ്തിപ്പെടുത്താനുള്ള ഏറ്റവും പുതിയ മാർഗ”മാണ് ഇത് എന്ന് ലണ്ടന്റെ ദ ടൈംസ് അഭിപ്രായപ്പെടുന്നു. നിങ്ങളെ ഇന്റർനെറ്റുമായി പോലും ബന്ധിപ്പിക്കാൻ കഴിവുള്ള മൊബൈൽ ഫോണുകൾ ഉണ്ട്, അവ ഉപയോഗിച്ചു വെബ്സൈറ്റുകളിലേക്കു പ്രവേശിക്കാനും ഇ-മെയിൽ അയയ്ക്കാനും നിങ്ങൾക്കു കഴിയും.
നിങ്ങൾക്ക് ഇപ്പോൾത്തന്നെ ഒരു മൊബൈൽ ഫോൺ ഉണ്ടായിരിക്കാം, അല്ലെങ്കിൽ ഒരെണ്ണം വാങ്ങാൻ ആലോചിക്കുന്നുണ്ടാവാം. എന്തായിരുന്നാലും, “ഒരു നാണയത്തിനു രണ്ടു വശങ്ങളുണ്ട്” എന്ന പഴമൊഴി നിങ്ങൾ ഓർക്കേണ്ടതുണ്ട്. മൊബൈൽ ഫോൺകൊണ്ടു ചില പ്രയോജനങ്ങൾ ഉണ്ടെന്നുള്ളതു ശരിയാണ്. എന്നുവരികിലും, നാണയത്തിന്റെ മറുവശത്തെക്കുറിച്ചും ചിന്തിക്കുന്നതു നന്നായിരിക്കും. കാരണം, നിങ്ങൾ ഒരെണ്ണം വാങ്ങാൻ
തന്നെ തീരുമാനിക്കുന്നെങ്കിൽ പോലും, ഉണ്ടാകാവുന്ന കുഴപ്പങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് അതു ജ്ഞാനപൂർവം ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കും.“ചെലവു കണക്കുകൂട്ടിനോക്കുക”
ഒരു സുപ്രധാന പദ്ധതി ഏറ്റെടുക്കുന്നതിനു മുമ്പ്, അതിനു വരാവുന്ന ‘ചെലവു കണക്കുകൂട്ടിനോക്കണ’മെന്ന ജ്ഞാനപൂർവകമായ തത്ത്വം യേശു നൽകുകയുണ്ടായി. (ലൂക്കൊസ് 14:28, പി.ഒ.സി. ബൈബിൾ) മൊബൈൽ ഫോണിന്റെ കാര്യത്തിൽ ആ തത്ത്വം ബാധകമാകുമോ? തീർച്ചയായും. നിങ്ങൾക്ക് ഒരു മൊബൈൽ ഫോൺ വളരെ നിസ്സാരവിലയ്ക്കോ അല്ലെങ്കിൽ സൗജന്യമായോ ലഭിച്ചേക്കാം. എന്നിരുന്നാലും, 17 വയസ്സുള്ള ഹെന്ന പറയുന്നത് ശ്രദ്ധിക്കുക: “ഫോൺ ബിൽ എത്ര പെട്ടെന്നാണു കുതിച്ചുയരുന്നത്.” മാത്രമല്ല, കൂടുതൽ സവിശേഷതകളുള്ള, വിലയേറിയ മോഡലുകൾ വാങ്ങാനുള്ള നിരന്തര സമ്മർദവും നിങ്ങൾക്കുണ്ടായിരിക്കും. ഹിറോഷി ഇപ്രകാരം പറയുന്നു: “എനിക്കൊരു അംശകാല ജോലിയുണ്ട്, എല്ലാ വർഷവും പുതിയ പുതിയ മോഡലുകൾ വാങ്ങാനായി ഞാൻ പണം കൂട്ടിവെക്കുന്നു.” മിക്ക ചെറുപ്പക്കാരും ഇതു തന്നെയാണു ചെയ്യുന്നത്. b
ഇനി, മാതാപിതാക്കൾ നിങ്ങളുടെ ഫോൺ ബിൽ അടയ്ക്കാമെന്നു സമ്മതിച്ചാൽത്തന്നെ അതിന്റെ ചെലവു തിരിച്ചറിയുന്നതു പ്രധാനമാണ്. ജപ്പാനിലെ ക്രിസ്തീയ ശുശ്രൂഷകനായ ഒരു സഞ്ചാര മേൽവിചാരകൻ പിൻവരുന്നപ്രകാരം പ്രസ്താവിച്ചു. “തങ്ങളുടെ കുട്ടികളുടെ മൊബൈൽ ഫോൺ ബിൽ അടയ്ക്കുന്നതിനായി മാത്രം ചില അമ്മമാർക്ക് സാധാരണ ജോലിസമയത്തിനു ശേഷം വേറെ എന്തെങ്കിലും തൊഴിൽകൂടെ ചെയ്യേണ്ടി വരുന്നു. വാസ്തവത്തിൽ കുട്ടികൾക്ക് മൊബൈൽ ഫോണിന്റെ ആവശ്യം പോലും ഉണ്ടായിരിക്കില്ല.” നിങ്ങളുടെ മാതാപിതാക്കളുടെമേൽ അത്തരമൊരു ഭാരം ചുമത്താൻ നിങ്ങൾ ആഗ്രഹിക്കില്ലെന്നുള്ളതു തീർച്ചയാണ്!
“ഒരു സമയംകൊല്ലി”
തങ്ങളുടെ മൊബൈൽ ഫോണുകൾ മിതമായ രീതിയിൽ ഉപയോഗിക്കാൻ ആരംഭിച്ച പലരും, തങ്ങൾ പ്രതീക്ഷിച്ചതിലേറെ സമയം അതു കവർന്നെടുക്കുന്നതായി തിരിച്ചറിയാനിടയുണ്ട്. പ്രാധാന്യമേറിയ കാര്യങ്ങൾക്കുള്ള സമയം അതു കവർന്നു കളയുന്നു. മീക്കാ തന്റെ കുടുംബാംഗങ്ങളോടൊത്ത് അത്താഴമേശയിൽ ധാരാളം സമയം ചെലവഴിക്കുമായിരുന്നു. എന്നാൽ “ഇപ്പോൾ, ഭക്ഷണം കഴിഞ്ഞാലുടൻ ഞങ്ങൾ അവരവരുടെ മൊബൈൽ ഫോണുകളുമായി സ്വന്തം മുറികളിലേക്കു പോകുന്നു” എന്ന് അവൾ പറയുന്നു.
“പതിനാറിനും ഇരുപതിനും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളിൽ മൂന്നിലൊരു ഭാഗം, മറ്റെല്ലാ ലിഖിത ആശയവിനിമയ ഉപാധികളെക്കാളും അധികം ഇഷ്ടപ്പെടുന്നത് ഫോണിലൂടെ ലിഖിത സന്ദേശങ്ങൾ അയയ്ക്കാനാണ്” എന്ന് ലണ്ടന്റെ ദ ഗാർഡിയൻ പറയുന്നു. ലിഖിത സന്ദേശങ്ങൾക്കു നേരിട്ടുള്ള സംഭാഷണത്തെക്കാൾ പണച്ചെലവു കുറവായിരുന്നേക്കാം, എന്നാൽ അതു ടൈപ് ചെയ്യാൻ നിങ്ങൾക്കു കൂടുതൽ സമയം ചെലവാകുന്നു. മീയേക്കോ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ആരെങ്കിലും എനിക്ക് ‘ഗുഡ്നൈറ്റ്’ എന്ന് എഴുതി അയച്ചാൽ ഞാനും അങ്ങനെതന്നെ മറുപടി അയയ്ക്കും. പിന്നെ ഒരു മണിക്കൂറോളം സന്ദേശങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പ്രവഹിച്ചുകൊണ്ടിരിക്കും. അതാകട്ടെ, ഒരു കഴമ്പുമില്ലാത്ത കാര്യങ്ങളായിരിക്കും.”
മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പലരും, തങ്ങൾ ഒരു മാസം അതിനായി ചെലവഴിച്ച സമയം ഒന്നു കൂട്ടി നോക്കുകയാണെങ്കിൽ അതിശയിച്ചുപോയേക്കാം. തേജ എന്ന പത്തൊമ്പതുകാരി പിൻവരുന്നപ്രകാരം സമ്മതിച്ചു പറഞ്ഞു: “പലരുടെയും കാര്യത്തിൽ മൊബൈൽ ഫോണുകൾ സമയം ലാഭിക്കാൻ സഹായിക്കുന്നതിനു പകരം സമയം നഷ്ടമാകാൻ ഇടയാക്കുകയാണു ചെയ്യുന്നത്.” ഇനി ഒരു മൊബൈൽ ഫോൺ ഉണ്ടായിരിക്കേണ്ട സാഹചര്യമാണ് നിങ്ങൾക്കുള്ളതെങ്കിൽ പോലും, അത് ഉപയോഗിക്കുമ്പോൾ സമയബോധം ഉള്ളവരായിരിക്കേണ്ടതു പ്രധാനമാണ്.
മാര്യ എന്ന ക്രിസ്തീയ പെൺകുട്ടി ഇപ്രകാരം അഭിപ്രായപ്പെട്ടു: “ക്രിസ്തീയ സമ്മേളനങ്ങളിൽ നിരവധി യുവജനങ്ങൾ മറ്റുള്ളവർക്കു വെറും നിസ്സാര കാര്യങ്ങളെ കുറിച്ച് സന്ദേശങ്ങൾ അയച്ചുകൊണ്ടേയിരിക്കുന്നു. ഇതു വളരെ സാധാരണമായി തീർന്നിരിക്കുകയാണ്!” ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുമ്പോഴും ചില യുവപ്രായക്കാർ ഇപ്രകാരം ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആത്മീയ പ്രവർത്തനങ്ങൾക്കായി സമയം വിലയ്ക്കു വാങ്ങണമെന്ന് ബൈബിൾ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. (എഫെ. 5:16, NW) എന്നാൽ അത്തരം വിലപ്പെട്ട സമയം ടെലിഫോൺ സംഭാഷണങ്ങൾക്കായി വിനിയോഗിക്കുന്നത് എത്ര ഖേദകരമാണ്!
രഹസ്യ സംഭാഷണങ്ങൾ
മാരിയേ എന്ന യുവതി മറ്റൊരു കെണിയെ കുറിച്ചു പറയുന്നു: “ഫോൺ കോളുകൾ വ്യക്തിക്കു നേരിട്ടു ലഭിക്കുന്നതിനാൽ, തങ്ങളുടെ കുട്ടികൾ ആരോടാണു സംസാരിക്കുന്നത് എന്ന് മാതാപിതാക്കൾക്കു മനസ്സിലായെന്നു വരില്ല. എന്തിന്, കുട്ടികൾ ഫോണിലൂടെ സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യംതന്നെ ചിലപ്പോൾ അവർ തിരിച്ചറിയുകയില്ല.” ഇപ്രകാരം ചില യുവജനങ്ങൾ വിപരീത ലിംഗവർഗത്തിൽ പെട്ടവരുമായി രഹസ്യ ബന്ധങ്ങൾ സ്ഥാപിക്കാൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു. ചിലരാകട്ടെ, സാധാരണഗതിയിൽ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ പാലിക്കാറുള്ള നിലവാരങ്ങൾ മറന്നുകൊണ്ട് പ്രവർത്തിക്കുന്നു. അതെങ്ങനെ?
“[യുവപ്രായക്കാർ] ചെയ്യുന്നത് എന്താണെന്ന് ആർക്കും നിരീക്ഷിക്കാൻ കഴിയില്ല എന്നതാണു ലിഖിത സന്ദേശത്തിന്റെ ഒരു പ്രശ്നം” എന്ന് ലണ്ടന്റെ ദ ഡെയ്ലി ടെലഗ്രാഫ് പറയുന്നു. അങ്ങേത്തലയ്ക്കലുള്ള ആളെ കാണാനോ അയാൾ പറയുന്നതു കേൾക്കാനോ കഴിയില്ലെന്നുള്ളതും പ്രശ്നം സൃഷ്ടിക്കുന്നു. ടിമൊ പറയുന്നു: “ലിഖിത സന്ദേശം അയയ്ക്കുന്നതിനെ നേരിട്ടുള്ള സംഭാഷണം ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ആശയവിനിമയ മാർഗമായി ചിലർ കാണുന്നു. അതുകൊണ്ടുതന്നെ മുഖത്തുനോക്കി പറയാൻ മടിക്കുന്ന കാര്യങ്ങൾ എഴുതി അറിയിക്കാൻ അവർ ധൈര്യപ്പെടുന്നു.”
പതിനേഴു വയസ്സുള്ള കെയ്കോ എന്ന ക്രിസ്തീയ പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയപ്പോൾ, കൂട്ടുകാരിൽ മിക്കവർക്കും തന്റെ നമ്പർ നൽകി. അധികം വൈകാതെ സ്വന്തം സഭയിലുള്ള ഒരു ആൺകുട്ടിയുമായി അവൾ നിത്യേന സന്ദേശങ്ങൾ കൈമാറാൻ തുടങ്ങി. കെയ്കോ പറയുന്നു: “ആദ്യമൊക്കെ ഞങ്ങൾ സാധാരണ കാര്യങ്ങളെ പറ്റിയായിരുന്നു സംസാരിച്ചിരുന്നത്. പിന്നെ ഞങ്ങൾ പരസ്പരം പ്രശ്നങ്ങൾ പങ്കുവെക്കാൻ തുടങ്ങി. അങ്ങനെ മൊബൈൽ ഫോണിലൂടെ ഞങ്ങൾ ഞങ്ങളുടേതായ ഒരു കൊച്ചുലോകം സൃഷ്ടിച്ചെടുത്തു.”
സന്തോഷകരമെന്നു പറയട്ടെ, കാര്യങ്ങൾ വഷളാകുന്നതിനു മുമ്പ് മാതാപിതാക്കളിൽ നിന്നും ക്രിസ്തീയ മൂപ്പന്മാരിൽ നിന്നും അവൾക്കു സഹായം ലഭിച്ചു. അവൾ ഇങ്ങനെ c
സമ്മതിച്ചു പറയുന്നു: “എനിക്കൊരു മൊബൈൽ ഫോൺ തരുന്നതിനു മുമ്പു തന്നെ, വിപരീത ലിംഗവർഗത്തിൽപ്പെട്ടവരുമായി സന്ദേശങ്ങൾ കൈമാറുന്നതു സംബന്ധിച്ച് എന്റെ മാതാപിതാക്കൾ വളരെയധികം മുന്നറിയിപ്പുകൾ നൽകിയിരുന്നു. പക്ഷേ ഞാൻ എല്ലാ ദിവസവും അവനു മെയിൽ അയച്ചുകൊണ്ടിരുന്നു. ഞാൻ അത്തരത്തിൽ ഫോൺ ദുരുപയോഗം ചെയ്യാൻ പാടില്ലായിരുന്നു.”‘നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ’ എന്നു ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (1 പത്രൊസ് 3:16) മൊബൈൽ ഫോൺ ഉപയോഗിക്കവേ ഈ ബുദ്ധിയുപദേശം പിൻപറ്റുന്നെങ്കിൽ, കോയ്ചീ പറയുന്നതുപോലെ, ആരെങ്കിലും നിങ്ങളുടെ സന്ദേശങ്ങൾ കണ്ടാലോ, നിങ്ങളുടെ സംഭാഷണം കേട്ടാലോ “നിങ്ങൾക്കു ലജ്ജിക്കേണ്ട കാര്യമില്ല.” നമ്മുടെ സ്വർഗീയ പിതാവിന്റെ മുമ്പാകെ യാതൊരു രഹസ്യവുമില്ല എന്ന സംഗതി എല്ലായ്പോഴും ഓർക്കുക. ബൈബിൾ ഇപ്രകാരം പറയുന്നു: “അവനു മറഞ്ഞിരിക്കുന്ന യാതൊരു സൃഷ്ടിയുമില്ല, സകലവും അവന്റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു, അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.” (എബ്രായർ 4:13) പിന്നെയെന്തിന് ഒരു രഹസ്യ ബന്ധം വെച്ചുപുലർത്താൻ ശ്രമിക്കണം?
പരിധികൾ വെക്കുക
ഒരു മൊബൈൽ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ, നിങ്ങൾക്ക് ഒരെണ്ണം യഥാർഥത്തിൽ ആവശ്യമുണ്ടോ എന്നു കാണാൻ സാഹചര്യങ്ങളെ ശ്രദ്ധാപൂർവം വിലയിരുത്തരുതോ? ഇക്കാര്യം നിങ്ങളുടെ മാതാപിതാക്കളുമായി ചർച്ച ചെയ്യുക. യെന്നാ പറയുന്നതിനോടു ചിലർ യോജിച്ചേക്കാം: “മൊബൈൽ ഫോൺ ഉള്ളത് മിക്ക യുവപ്രായക്കാരെയും സംബന്ധിച്ചിടത്തോളം ഒരു ഭാരിച്ച ചുമതലയാണ്.”
ഇനി നിങ്ങൾ ഒരെണ്ണം വാങ്ങുന്നു എന്നിരിക്കട്ടെ, അത് ഉചിതമായ രീതിയിൽ ഉപയോഗിക്കുന്നതു പ്രധാനമാണ്. എങ്ങനെ? ഉപയോഗത്തിനു ന്യായമായ പരിധികൾ വെക്കുക. ഉദാഹരണത്തിന്, അതിലെ എല്ലാ സവിശേഷതകളും നിങ്ങൾ ഉപയോഗിക്കണമെന്നില്ല, അതിനായി ചെലവിടുന്ന പണവും സമയവും പരിമിതപ്പെടുത്തുക. നിങ്ങൾ ഫോൺ എത്രമാത്രം ഉപയോഗിച്ചു എന്നതു സംബന്ധിച്ചു മിക്ക കമ്പനികളും വിശദമായ റിപ്പോർട്ടുകൾ നൽകാറുള്ളതുകൊണ്ട്, ഇടയ്ക്കിടെ നിങ്ങളുടെ മാതാപിതാക്കളുമായി ഫോൺ ബിൽ വിശകലനം ചെയ്യുക. മുൻകൂട്ടി ഒരു തുക അടച്ചതിനു ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അതിന്റെ ഉപയോഗം നിയന്ത്രിക്കാൻ പറ്റിയ ഒരു മാർഗമായി ചിലർ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ഫോൺവിളികളോടും സന്ദേശങ്ങളോടും എപ്പോൾ, എങ്ങനെ പ്രതികരിക്കുന്നു എന്നതു സംബന്ധിച്ചു ജാഗ്രതയുള്ളവർ ആയിരിക്കുക. ഉചിതമായ ഒരു മാർഗരേഖ നിങ്ങൾക്കുതന്നെ ഉണ്ടാക്കാവുന്നതാണ്. ഷിൻജി ഇപ്രകാരം പറയുന്നു: “ഞാൻ ദിവസത്തിൽ ഒരു തവണയേ എനിക്കുള്ള സന്ദേശങ്ങൾ തുറന്നു നോക്കാറുള്ളൂ, വളരെ പ്രധാനപ്പെട്ടവയ്ക്കു മാത്രമേ സാധാരണ ഞാൻ മറുപടി അയയ്ക്കാറുള്ളൂ. അതുകൊണ്ട്, എന്റെ കൂട്ടുകാർ വെറുതേ അതുമിതുമൊക്കെ എഴുതി അയയ്ക്കുന്നതു നിറുത്തി. എന്തെങ്കിലും അടിയന്തിര പ്രശ്നമുണ്ടെങ്കിൽ എന്തായാലും അവർ എന്നെ വിളിക്കും.” അതിലും പ്രധാനമായി, നിങ്ങൾ ആരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നു എന്ന കാര്യത്തിൽ ശ്രദ്ധിക്കുക. നിങ്ങളുടെ ഫോൺ നമ്പർ മറ്റുള്ളവർക്കു നൽകുന്നതിൽ ജാഗ്രത പാലിക്കുക. നല്ല സഹവാസത്തിന്റെ കാര്യത്തിൽ നിങ്ങൾ എല്ലായ്പോഴും പിൻപറ്റുന്ന അതേ നിലവാരം ഇവിടെയും ബാധകമാക്കുക.—1 കൊരിന്ത്യർ 15:33, NW.
‘എല്ലാററിന്നും ഒരു സമയമുണ്ട്. മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.’ (സഭാപ്രസംഗി 3:1, 7) സ്പഷ്ടമായും, മൊബൈൽ ഫോണിനും ‘മിണ്ടാതിരിപ്പാനുള്ള’ ഒരു സമയമുണ്ട്. നമ്മുടെ ക്രിസ്തീയ ശുശ്രൂഷയും യോഗങ്ങളും ദൈവത്തെ ആരാധിക്കുന്നതിനുള്ള ‘സമയമാണ്,’ അല്ലാതെ ഫോൺ ചെയ്യാനുള്ളതല്ല. ചില റസ്റ്ററന്റിന്റെയും, തീയേറ്ററിന്റെയുമൊക്കെ മാനേജർമാർ തങ്ങളുടെ പതിവുകാരോടു പ്രസ്തുത സ്ഥലങ്ങളിൽ വെച്ചു മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അഭ്യർഥിക്കാറുണ്ട്. അത്തരം അഭ്യർഥനകളെ നാം ആദരവോടെ മാനിക്കാറുമുണ്ട്. അങ്ങനെയെങ്കിൽ, അഖിലാണ്ഡ പരമാധികാരിയെ നാം അതിലേറെ ബഹുമാനിക്കേണ്ടതല്ലേ?
അതിപ്രധാന സന്ദേശങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ, പലരും തങ്ങളുടെ മൊബൈൽ ഫോൺ ഓഫ് ചെയ്തു വെക്കുന്നു. അല്ലെങ്കിൽ അത്യാവശ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ശ്രദ്ധ പതറാതിരിക്കാൻ അതു നിശ്ശബ്ദമാക്കി വെക്കുന്നു. ചിലർ അത് തങ്ങൾക്കു പെട്ടെന്ന് എടുക്കാൻ പറ്റാത്ത സ്ഥലത്തു കൊണ്ടുപോയി വെക്കുന്നു. മിക്ക സന്ദേശങ്ങളും ഒഴിവുകിട്ടുമ്പോൾ എടുത്തു നോക്കിയാൽ മതിയായിരിക്കുമല്ലോ.
നിങ്ങൾ ഒരു മൊബൈൽ ഫോൺ വാങ്ങാൻ തീരുമാനിച്ചു എന്നിരിക്കട്ടെ. അതു നിങ്ങളെ നിയന്ത്രിക്കാൻ ഇടംകൊടുക്കാതെ നിങ്ങൾ അതിനെ നിയന്ത്രിക്കുമെന്നു ദൃഢനിശ്ചയം ചെയ്യുക. നിങ്ങൾ മുൻഗണന കൊടുക്കേണ്ട കാര്യങ്ങൾക്ക് മൊബൈൽ ഫോൺ ഒരു തടസ്സം ആകുന്നില്ല എന്ന് ഉറപ്പു വരുത്തുക. ബൈബിൾ പിൻവരുന്നപ്രകാരം നമ്മെ പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങളുടെ സൗമ്യത [“ന്യായബോധം,” NW] സകല മനുഷ്യരും അറിയട്ടെ.” (ഫിലിപ്പിയർ 4:5) ഒരു മൊബൈൽ ഫോൺ സ്വന്തമാക്കാൻ തീരുമാനിച്ചെങ്കിൽ, അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ നിങ്ങൾ ന്യായബോധം ഉള്ളവരാണെന്നു പ്രകടമാക്കുക. (g02 10/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
b സ്കൂൾ സമയം കഴിഞ്ഞുള്ള ജോലികളെ സംബന്ധിച്ച വിവരങ്ങൾക്കായി 1997 സെപ്റ്റംബർ 22 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു—പണമുണ്ടാക്കുന്നതിൽ എന്താണു തെറ്റ്?” എന്ന ലേഖനം കാണുക.
c വിപരീത ലിംഗവർഗത്തിൽപ്പെട്ട ഒരാളുമായി ഫോണിലൂടെ നിരന്തരം സംസാരിക്കുന്നതോ സന്ദേശങ്ങൾ കൈമാറുന്നതോ ഒരുതരം ഡേറ്റിങ് ആയിരിക്കാൻ കഴിയും. 1992 ആഗസ്റ്റ് 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്), “യുവജനങ്ങൾ ചോദിക്കുന്നു—പരസ്പരം സംസാരിക്കുന്നതിൽ എന്താണു തെറ്റ്?” എന്ന ലേഖനം കാണുക.
[20-ാം പേജിലെ ചിത്രങ്ങൾ]
ചില ചെറുപ്പക്കാർ മൊബൈൽ ഫോണിലൂടെ രഹസ്യബന്ധങ്ങൾ പുലർത്തുന്നു