ഒരു അസാധാരണ പുനഃസംഗമം മുപ്പതു വർഷത്തിനു ശേഷം
ഒരു അസാധാരണ പുനഃസംഗമം മുപ്പതു വർഷത്തിനു ശേഷം
രണ്ടു യുവാക്കൾ 1967-ൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഐക്യനാടുകളിലെ മിഷിഗൺ സാങ്കേതിക സർവകലാശാലയിൽ പഠനത്തിനെത്തിയ അവർ ഇരുവരും താമസിച്ചിരുന്നതും ഒരുമിച്ചായിരുന്നു. ഒഹായോയിലെ ലൈമയിൽ നിന്നും വനസംരക്ഷണ ശാസ്ത്രം പഠിക്കാനെത്തിയ പതിനെട്ടുകാരനായ ഡെന്നിസ് ഷീറ്റ്സും ന്യൂയോർക്കിലെ ബഫലോയിൽ നിന്നും വന്ന സിവിൽ എഞ്ചിനീയറിങ്ങ് മൂന്നാം വർഷ വിദ്യാർഥിയായിരുന്ന ഇരുപതുകാരൻ മാർക്കും ആയിരുന്നു ആ യുവാക്കൾ.
വളരെ ചുരുങ്ങിയ കാലത്തെ സൗഹൃദമേ അവർക്ക് ആസ്വദിക്കാനായുള്ളൂ. സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കാതെ ഇരുവരും ഓരോ വഴിക്കു പോയി. മൂന്നിലധികം ദശാബ്ദങ്ങൾ കടന്നു പോയി. അങ്ങനെയിരിക്കെ, ഒരു ദിവസം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വെച്ച് അവർ വീണ്ടും കണ്ടുമുട്ടി. അതിശയകരമായ ഈ പുനഃസംഗമം ഒരു പരിധിവരെ യാദൃച്ഛികമായിരുന്നു, എന്നാൽ ഈ കൂടിക്കാഴ്ചയിലേക്കു നയിച്ച മറ്റൊരു സംഗതിയും ഉണ്ടായിരുന്നു. എന്തായിരുന്നു അത്? ഉത്തരം കണ്ടെത്തുന്നതിനു മുമ്പ്, അവർ പിന്തുടർന്ന വ്യത്യസ്ത ജീവിത പാതകളിലേക്കു നമുക്കൊന്നു കണ്ണോടിക്കാം.
ഡെന്നിസ് യുദ്ധത്തിനു പോകുന്നു
ഒരു വർഷത്തെ കലാലയ ജീവിതത്തിനു ശേഷം ഡെന്നിസ് വീട്ടിലേക്കു തിരിച്ചുപോന്നു. 1967 ഡിസംബറിൽ, നിർബന്ധിത സൈനിക സേവനത്തിനായി യു.എസ്. സേനയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു, 1968 ജൂണിൽ വിയറ്റ്നാമിലേക്ക് അയയ്ക്കുകയും ചെയ്തു. അവിടെ അദ്ദേഹം യുദ്ധത്തിന്റെ ഭീകരതകൾ നേരിൽ കണ്ടു. 1969-ൽ തന്റെ സൈനിക സേവനം അവസാനിച്ചപ്പോൾ അദ്ദേഹം ഐക്യനാടുകളിൽ മടങ്ങിയെത്തി. കാലാന്തരത്തിൽ, ഒഹായോയിലുള്ള ഒരു വലിയ കമ്പനിയിൽ ഒരു ജോലിയും തരപ്പെട്ടു. എങ്കിലും, അദ്ദേഹം അസംതൃപ്തനായിരുന്നു.
ഡെന്നിസ് ഇപ്രകാരം പറയുന്നു: “അലാസ്കയിൽ കുറച്ചു സ്ഥലം വാങ്ങി അവിടെ എന്തെങ്കിലും കൃഷിയൊക്കെ ചെയ്തു ജീവിക്കണം എന്നുള്ളത് എന്റെ ഒരു ബാല്യകാല സ്വപ്നം ആയിരുന്നു.” 1971-ൽ അദ്ദേഹവും ഒരു വിദ്യാലയ സുഹൃത്തും കൂടി ഈ സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. എന്നാൽ ഒരു കൃഷിസ്ഥലം വാങ്ങുന്നതിനു പകരം, അദ്ദേഹം കിട്ടുന്ന അല്ലറചില്ലറ ജോലിയൊക്കെ ചെയ്യാൻ തുടങ്ങി. കുറച്ചുനാൾ ഒരു കൂടാരത്തിൽ താമസിച്ച് കാട്ടുതീ പടരാതെ കാവൽ നോക്കുന്ന ജോലിയും ചെയ്തു. അദ്ദേഹം താടിയും മുടിയുമൊക്കെ വളർത്തി, മരിജ്വാനയും വലിച്ചു തുടങ്ങിയിരുന്നു.
നൊയമ്പുകാലവുമായി ബന്ധപ്പെട്ട പ്രശസ്ത ഉത്സവമായ മാർഡി ഗ്രാസിൽ പങ്കെടുക്കുന്നതിനായി 1972-ൽ ഡെന്നിസ് ആങ്കറിജ് നഗരത്തിൽനിന്ന് ലൂസിയാനയിലുള്ള ന്യൂ ഓർലിയൻസിലെത്തി. അതുകഴിഞ്ഞ്, അർക്കൻസസിലെ വൃക്ഷനിബിഡമായ ഒരിടത്ത് ഒരു കൊച്ചു വീടു കെട്ടി താമസം ആരംഭിച്ചു. അവിടെ വീടുകളുടെ ഉത്തരം നിർമിക്കുകയും കോൺക്രീറ്റ് ഇടുകയും ചെയ്യുന്ന ജോലി നോക്കി. തുടർന്ന്, 1973 ജൂണിൽ, ജീവിതത്തിന്റെ അർഥം തേടി, കിട്ടുന്ന വാഹനങ്ങളിലൊക്കെ കയറി രാജ്യമൊട്ടാകെ സഞ്ചരിക്കാൻ തുടങ്ങി.
മാർക്ക് യുദ്ധവിരുദ്ധ പ്രസ്ഥാനത്തിൽ ഏർപ്പെടുന്നു
ഡെന്നിസ് പോയതിനുശേഷം കുറച്ചുനാൾ കൂടി മാർക്ക് സർവകലാശാലയിൽ തുടർന്നു. എന്നാൽ, യുദ്ധത്തെ പിന്തുണയ്ക്കുന്ന ഒരു വ്യവസ്ഥിതിയുടെ ഭാഗമായിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. പഠനം നിറുത്തി ബഫലോയിലേക്കു തിരിച്ചു പോയ അദ്ദേഹം കുറച്ചുകാലം ഒരു ഉരുക്കു ഫാക്ടറിയിൽ ഫോർമാനായി ജോലിനോക്കി. യുദ്ധശ്രമങ്ങളിൽ അസന്തുഷ്ടനായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച്, ഒരു മോട്ടോർസൈക്കിൾ വാങ്ങി കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിലേക്കു പോയി. ഡെന്നിസും മാർക്കും ഒരേ സമയത്തു കുറച്ചുകാലം സാൻഫ്രാൻസിസ്കോയിൽ ഉണ്ടായിരുന്നു, പരസ്പരം അറിയാതെയാണെങ്കിലും.
ഡെന്നിസിനെപ്പോലെ മാർക്കും, താടിയും മുടിയും വളർത്തി, മരിജ്വാനയും ഉപയോഗിച്ചു തുടങ്ങിയിരുന്നു. എങ്കിലും പ്രതിഷേധ പ്രകടനങ്ങളിലും ജാഥകളിലും ഒക്കെ പങ്കെടുത്തുകൊണ്ടു മാർക്ക്, യുദ്ധവിരുദ്ധ പ്രസ്ഥാനത്തിൽ സജീവമായി ഉൾപ്പെട്ടിരുന്നു. നിർബന്ധിത സൈനികസേവനത്തിൽ നിന്നു സൂത്രത്തിൽ ഒഴിഞ്ഞു നടക്കുകയായിരുന്നതിനാൽ, എഫ്ബിഐ മാർക്കിനെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ
ചില വർഷങ്ങളായി കള്ളപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാൻഫ്രാൻസിസ്കോയിൽ ഒരു ഹിപ്പിയായിട്ടാണ് അദ്ദേഹം ജീവിച്ചത്. അങ്ങനെയിരിക്കെ, 1970-ൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടു പേർ മാർക്കിന്റെ വീട്ടുവാതിൽക്കൽ എത്തി.മാർക്ക് ഇങ്ങനെ പറയുന്നു: “ഞാൻ അൽപ്പം താത്പര്യം കാണിച്ചു എന്ന് തോന്നിയിട്ടായിരിക്കണം, അവർ പിന്നെയും വന്നു. അപ്പോൾ ഞാൻ വീട്ടിൽ ഇല്ലായിരുന്നു, എന്നാൽ അവർ പച്ച നിറത്തിലുള്ള ഒരു ബൈബിളും മൂന്നു പുസ്തകങ്ങളും വെച്ചിട്ടുപോയി.” രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പൂർണമായും മുഴുകിയിരുന്ന മാർക്കിന് ആ പുസ്തകങ്ങൾ വായിച്ചുനോക്കാനൊന്നും സമയമില്ലായിരുന്നു. മാത്രമല്ല, എഫ്ബിഐ അദ്ദേഹത്തിന്റെ തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റൊരു കള്ളപ്പേരിൽ അദ്ദേഹം വാഷിങ്ടൺ ഡി.സി.യിലെത്തി. അവിടെ, സർവകലാശാലയിൽ വെച്ച് അദ്ദേഹം കണ്ടുമുട്ടിയ കാമുകി, കാത്തി യാനിസ്കിവിസ് അദ്ദേഹത്തോടു ചേർന്നു.
ഒടുവിൽ, 1971-ൽ എഫ്ബിഐ മാർക്കിനെ പിടികൂടി. രണ്ട് എഫ്ബിഐ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെ മാർക്കിനെ വിമാനത്തിൽ വാഷിങ്ടൺ ഡി.സി.യിൽ നിന്നു ന്യൂയോർക്കിലേക്കു കൊണ്ടുവന്നു. എന്നിട്ട്, അവിടെനിന്ന് അദ്ദേഹത്തെ കാനഡയിലെ ടൊറന്റോയിലേക്കു വിട്ടു. അദ്ദേഹം ആഭ്യന്തര ക്രമസമാധാനത്തിന് ഒരു ഭീഷണിയാണെന്ന് എഫ്ബിഐ വിചാരിച്ചില്ല, അദ്ദേഹം രാജ്യം വിട്ടുപോയാൽ മാത്രം മതിയായിരുന്നു അവർക്ക്. തൊട്ടടുത്ത വർഷം മാർക്കും കാത്തിയും വിവാഹിതരായി, പിന്നെ അവർ കാനഡയിലുള്ള ബ്രിട്ടീഷ് കൊളംബിയയിലെ ഗാബ്രിയോലാ ദ്വീപിലേക്കു പോയി. സമൂഹത്തിൽ നിന്ന് ഓടിയൊളിക്കാൻ അവർ ആഗ്രഹിച്ചു. എന്നിരുന്നാലും, ജീവിതത്തിനു മറ്റെന്തൊക്കെയോ ഉദ്ദേശ്യങ്ങളും കൂടിയുണ്ടെന്ന് അവർക്കു തോന്നി.
അവർ സാക്ഷികളായിത്തീരുന്നു
ഡെന്നിസ്, ജീവിതത്തിന്റെ അർഥമന്വേഷിച്ചു രാജ്യമൊട്ടാകെ അലയുകയായിരുന്നെന്ന കാര്യം ഓർക്കുന്നുണ്ടാകുമല്ലോ. ഡെന്നിസിന്റെ യാത്ര അവസാനിച്ചതു മൊൺടാനയിലാണ്. അവിടെ, ഷനുക്ക് പട്ടണത്തിനു പുറത്ത് അദ്ദേഹത്തിന് ഒരു പണി തരപ്പെട്ടു, ഒരു കൃഷിക്കാരനെ വിളവെടുപ്പിനു സഹായിക്കുക. കൃഷിക്കാരന്റെ ഭാര്യയും മകളും യഹോവയുടെ സാക്ഷികൾ ആയിരുന്നു. അവർ അദ്ദേഹത്തിന് ഒരു ഉണരുക! മാസിക വായിക്കാൻ കൊടുത്തു. താമസിയാതെ, സാക്ഷികളാണ് സത്യമതം ആചരിക്കുന്നവർ എന്ന് അദ്ദേഹത്തിനു ബോധ്യമായി.
ഒരു ബൈബിളുമെടുത്ത് ഡെന്നിസ് ആ കൃഷിഭൂമിയിൽ നിന്നു മൊൺടാനയിലെ കാലിസ്പെൽ നഗരത്തിലേക്കു പോയി. അവിടെ, യഹോവയുടെ സാക്ഷികളുടെ യോഗത്തിൽ അദ്ദേഹം ആദ്യമായി സംബന്ധിച്ചു. ആ യോഗത്തിൽവെച്ചുതന്നെ ഡെന്നിസ് ഒരു ബൈബിൾ അധ്യയനം ആവശ്യപ്പെട്ടു. അധികം താമസിയാതെ, അദ്ദേഹം തന്റെ മുടി മുറിച്ചു, താടി വടിച്ചു. 1974 ജനുവരിയിൽ ആദ്യമായി പ്രസംഗവേലയിൽ പങ്കുപറ്റി. 1974 മാർച്ച് 3-ാംതീയതി മൊൺടാനയിലെ പോൾസൺ നഗരത്തിൽ വെച്ച് സ്നാപനമേൽക്കുകയും ചെയ്തു.
ഇതിനിടയിൽ, ഗാബ്രിയോലാ ദ്വീപിൽ താമസമാക്കിയ മാർക്കും കാത്തിയും, തങ്ങൾക്ക് അപ്പോൾ വേണ്ടത്ര സമയമുള്ളതിനാൽ ബൈബിളൊന്നു പരിശോധിച്ചു നോക്കിയാലോ എന്നു ചിന്തിച്ചു. അങ്ങനെ അവർ ജയിംസ് രാജാവിന്റെ ഭാഷാന്തരം വായിക്കാൻ ആരംഭിച്ചു, പക്ഷേ അതിലെ പഴയ ശൈലിയിലുള്ള ഇംഗ്ലീഷ് മനസ്സിലാക്കാൻ പ്രയാസം തോന്നി. അപ്പോഴാണ്, വർഷങ്ങൾക്കു മുമ്പു സാക്ഷികൾ തന്നിട്ടുപോയ ബൈബിളും പുസ്തകങ്ങളും തന്റെ കൈയിൽ ഇപ്പോഴുമുണ്ടല്ലോ എന്നു മാർക്ക് ഓർത്തത്. ബൈബിളിനോടൊപ്പം, നിത്യജീവനിലേക്കു നയിക്കുന്ന സത്യം, ബൈബിൾ യഥാർഥത്തിൽ ദൈവത്തിന്റെ വചനമോ? (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങളും അവർ വായിച്ചു. തങ്ങൾ മനസ്സിലാക്കിയ കാര്യങ്ങളിൽ മാർക്കിനും കാത്തിക്കും ആഴമായ മതിപ്പു തോന്നി.
മാർക്ക് ഇങ്ങനെ പറയുന്നു: “യാതൊരു കാരണവശാലും യുദ്ധത്തിൽ ഏർപ്പെടുകയില്ലാത്ത ഒരു കൂട്ടം ക്രിസ്ത്യാനികൾ ഉണ്ടെന്ന് സത്യം പുസ്തകത്തിൽനിന്നു വായിച്ചതാണ് എന്നെ ഏറ്റവും ആകർഷിച്ചത്, ഇത്തരം ആളുകളാണ് യഥാർഥ ക്രിസ്ത്യാനിത്വം ആചരിക്കുന്നവർ എന്ന് എനിക്കു തോന്നി.” താമസിയാതെ, അറസ്റ്റിന്റെ ഭീഷണി ഉണ്ടായിട്ടും കാത്തിയുടെ കുടുംബത്തെ സന്ദർശിക്കാനായി, മാർക്കും കാത്തിയും മിഷിഗണിലെ ഹോട്ടണിൽ തിരിച്ചെത്തി. അവിടെ വെച്ച്, ഹിപ്പിവേഷത്തിൽത്തന്നെ, അവർ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിച്ചു. അവർ ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു, മിഷിഗണിൽ ഉണ്ടായിരുന്ന ആ മാസം അവർ കുറെ കാര്യങ്ങൾ പഠിച്ചു.
ഗാബ്രിയോലാ ദ്വീപിൽ മടങ്ങിയെത്തിയ ശേഷം, ബ്രിട്ടീഷ് കൊളംബിയയിലെ നനൈമോ നഗരത്തെരുവിൽ വെച്ച് അവർ ഒരു സഹോദരിയെ കണ്ടുമുട്ടി. തങ്ങൾക്കൊരു ബൈബിൾ അധ്യയനം വേണമെന്ന് അപ്പോൾത്തന്നെ അവർ ആവശ്യപ്പെട്ടു. അന്നുതന്നെ, ഒരു കാർ നിറയെ സാക്ഷികൾ ഒരു കടത്തു ബോട്ടിൽ അവരെ കാണാനെത്തി. അങ്ങനെ ബൈബിൾ അധ്യയനം ആരംഭിച്ചു. മൂന്നു മാസത്തിനു ശേഷം, മാർക്കും കാത്തിയും പ്രസംഗവേലയിൽ ഏർപ്പെടാൻ തുടങ്ങി. പിന്നെയും മൂന്നു മാസം കഴിഞ്ഞ്, 1974 മാർച്ച് 10-ാം തീയതി ഇരുവരും സ്നാപനമേറ്റു. ഇതു ഡെന്നിസ് സ്നാപനമേറ്റ് ഒരാഴ്ചക്കു ശേഷമായിരുന്നു!
ഡെന്നിസ് മുഴുസമയ ശുശ്രൂഷയിൽ
ഡെന്നിസ് 1974 സെപ്റ്റംബർ മുതൽ ഒരു പയനിയർ അഥവാ മുഴുസമയ ശുശ്രൂഷകൻ ആയി സേവിക്കാൻ തുടങ്ങി. അദ്ദേഹം ഇപ്രകാരം പറയുന്നു: “പയനിയറിങ്ങിൽ ഞാൻ സന്തുഷ്ടനായിരുന്നു, എങ്കിലും എന്റെ ശുശ്രൂഷ വിപുലപ്പെടുത്താൻ ഞാനാഗ്രഹിച്ചു; തന്മൂലം 1975 ജൂലൈയിൽ, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള, യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തു സേവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഞാനൊരു അപേക്ഷ അയച്ചു. ഡിസംബറിൽ എന്നെ അവിടേക്കു ക്ഷണിച്ചു.”
ലോക ആസ്ഥാനത്തുള്ള അംഗങ്ങൾക്കു താമസിക്കാനായി, ടവേഴ്സ് എന്ന ഹോട്ടൽ പുതുക്കിപ്പണിയുന്നതിൽ സഹായിക്കാനായിരുന്നു ഡെന്നിസിന്റെ ആദ്യ നിയമനം. അവിടെ കുറേ വർഷങ്ങൾ അദ്ദേഹം ജോലി ചെയ്തു, ടൈൽസ് ഇടുന്ന പണിക്ക് മേൽനോട്ടം വഹിച്ചിരുന്നത് അദ്ദേഹമാണ്. പിന്നീട്, വിവാഹിതനാകാൻ ആഗ്രഹിച്ചപ്പോൾ ഡെന്നിസ് കാലിഫോർണിയയിലേക്കു പോയി. 1984-ൽ കത്തീഡ്രൽ സിറ്റി സഭയിൽ ഒരു മൂപ്പനായി സേവിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പയനിയർ സഹോദരിയായ കാത്തി എൻസിനെ അദ്ദേഹം വിവാഹം ചെയ്തു.
ജീവിതം ലളിതമാക്കിക്കൊണ്ടു രാജ്യതാത്പര്യങ്ങൾ പിന്തുടരാൻ ഡെന്നിസും കാത്തിയും ദൃഢചിത്തരായിരുന്നു. അതുകൊണ്ട്, ദക്ഷിണ കാലിഫോർണിയയിലെ തഴച്ചുവളരുന്ന നിർമാണ വ്യവസായത്തിലൂടെ പണം വാരാനുള്ള അവസരങ്ങളെല്ലാം ഡെന്നിസ് തള്ളിക്കളഞ്ഞു. 1988-ൽ ഡെന്നിസും കാത്തിയും യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര നിർമാണവേലയെ സഹായിക്കാനായി അപേക്ഷ സമർപ്പിച്ചു. ആ വർഷം ഡിസംബറിൽ, അർജന്റീനയിലുള്ള ബ്യൂനസ് ഐറിസിലെ ബ്രാഞ്ച് നിർമാണ പദ്ധതിയിൽ സേവിക്കാനുള്ള നിയമനം അവർക്കു ലഭിച്ചു.
പിന്നീട് 1989-ൽ, യഹോവയുടെ സാക്ഷികളുടെ നിർമാണവേലയിൽ സ്ഥിരമായി സേവിക്കുന്നതിന്, ഡെന്നിസിനെയും കാത്തിയെയും ക്ഷണിക്കുകയുണ്ടായി. ഈ പ്രത്യേക മുഴുസമയ ശുശ്രൂഷയുടെ ഭാഗമായി അവർ സുരിനാമിലും കൊളംബിയയിലും രണ്ടുതവണ വീതം സേവനം അനുഷ്ഠിച്ചു. ഇക്വഡോറിലും മെക്സിക്കോയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ബ്രാഞ്ചു നിർമാണത്തിൽ ഇവർ പങ്കെടുത്തിട്ടുണ്ട്.
മാർക്ക് മുഴുസമയ ശുശ്രൂഷയിൽ
നിർബന്ധിത സൈനിക സേവനത്തിൽനിന്നു രക്ഷപ്പെടാൻ, കാനഡയിലേക്കു പലായനം ചെയ്ത ആയിരക്കണക്കിന് അമേരിക്കൻ യുവാക്കളോടൊപ്പം മാർക്കിനും, യു.എസ്. ഭരണകൂടം 1976-ൽ പൊതുമാപ്പു നൽകി. തങ്ങളുടെ ജീവിതം ലളിതമാക്കിക്കൊണ്ടു ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ മാർക്കും കാത്തിയും ആഗ്രഹിച്ചു. മാർക്ക് ഒരു സർവേയർ ആയി അംശകാല ജോലി നോക്കി. അങ്ങനെ, സ്നാപനമേൽക്കുന്നതിനു മുമ്പ് തങ്ങൾ വരുത്തിവെച്ച കടങ്ങളെല്ലാം അവർ ക്രമേണ വീട്ടിത്തീർത്തു.
കാനഡയിലെ സാക്ഷികൾ 1978-ൽ ഒൺടേറിയോയിലെ ടൊറൊന്റോക്കു സമീപം ഒരു ബ്രാഞ്ചു സമുച്ചയം പണിയാൻ പദ്ധതിയിട്ടപ്പോൾ, തങ്ങളുടെ സേവനം ലഭ്യമാക്കാൻ പറ്റിയ അവസ്ഥയിലായിരുന്നു മാർക്കും കാത്തിയും. മാർക്കിനു സർവേ ജോലിയിൽ പരിചയം ഉണ്ടായിരുന്നതിനാൽ, നിർമാണത്തിൽ പങ്കെടുക്കാൻ അവരെ ക്ഷണിച്ചു. 1981 ജൂണിൽ ജോർജ്ടൗണിലെ പദ്ധതി പൂർത്തിയാകുന്നതുവരെ അവർ അവിടെത്തന്നെ സേവിച്ചു. അതിനുശേഷം, അവർ ബ്രിട്ടീഷ് കൊളംബിയയിലേക്കു മടങ്ങിച്ചെന്ന്, യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനഹാൾ നിർമാണത്തെ സഹായിച്ചുകൊണ്ടു നാലു വർഷം അവിടെ ചെലവഴിച്ചു. അതു പൂർത്തിയായപ്പോൾ, കാനഡയിലെ ബ്രാഞ്ച് സൗകര്യങ്ങൾ വിപുലീകരിക്കുന്ന ജോലിയിൽ സഹായിക്കാനായി അവരെ തിരികെ വിളിച്ചു.
ജോർജ്ടൗണിൽ വന്ന് ഏതാനും മാസങ്ങൾക്കു ശേഷം, അതായത് 1986-ൽ, മാർക്കിനെയും കാത്തിയെയും കാനഡാ ബ്രാഞ്ചിലേക്ക് സ്ഥിര അംഗങ്ങളായി ക്ഷണിച്ചു. അന്നുമുതൽ ബ്രാഞ്ച് അംഗങ്ങളായി സേവിക്കുന്ന അവർക്കു നിരവധി രാജ്യങ്ങളിൽ നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ലഭ്യമായിട്ടുണ്ട്. സർവേ ജോലിയിലെ പരിചയസമ്പത്തു നിമിത്തം, തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും കരീബിയൻ ദ്വീപസമൂഹങ്ങളിലും യഹോവയുടെ സാക്ഷികളുടെ സമ്മേളനഹാളുകളുടെയും ബ്രാഞ്ചുകെട്ടിടങ്ങളുടെയും നിർമാണ വേലയിൽ മാർക്കിനെ ഉപയോഗിക്കാൻ തുടങ്ങി.
വർഷങ്ങളിലുടനീളം മാർക്കും കാത്തിയും വെനസ്വേല, നിക്കരാഗ്വ, ഹെയ്റ്റി, ഗയാന, ബാർബഡോസ്, ബഹാമാസ്, ഡൊമിനിക്ക, ഐക്യനാടുകൾ (ഫ്ളോറിഡ), ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുഴുസമയ ശുശ്രൂഷയുടെ ഈ പ്രത്യേക വശമാണ് മാർക്കും ഡെന്നിസും വീണ്ടും കണ്ടുമുട്ടാൻ ഇടയാക്കിയത്.
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വെച്ചുള്ള പുനഃസംഗമം
പരസ്പരം അറിയാതെ, മാർക്കും ഡെന്നിസും ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരേ നിർമാണപദ്ധതിയിൽ ജോലി
ചെയ്യുകയായിരുന്നു. ഒരു ദിവസം യഹോവയുടെ സാക്ഷികളുടെ, സാന്റോ ഡൊമിങ്കോയിലെ ബ്രാഞ്ചിൽ വെച്ച് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടി. പരിചയം പുതുക്കിയപ്പോഴുള്ള അവരുടെ ആഹ്ലാദം ഒന്നു വിഭാവന ചെയ്തു നോക്കൂ! നീണ്ട 33 വർഷത്തിനുശേഷം കണ്ടുമുട്ടിയ അവർക്കു പരസ്പരം പങ്കുവെക്കാൻ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. അത്ഭുതപരതന്ത്രരായ അവർ, നിങ്ങൾ മുകളിൽ വായിച്ച കാര്യങ്ങളിലധികവും പങ്കുവെച്ചു. അവർക്കും അതുപോലെ അവരുടെ അനുഭവങ്ങൾ കേട്ടിട്ടുള്ളവർക്കും ഏറ്റവും ശ്രദ്ധേയമായി തോന്നിയിട്ടുള്ളത് അവർ ഇരുവരുടെയും ജീവിതത്തിലെ സമാനതകളായിരുന്നു.രണ്ടു പേരും ഹിപ്പികളായി ജീവിച്ചു, ഭൗതികത്വം നിറഞ്ഞ ആധുനിക ജീവിതരീതിയിൽനിന്നും അതിന്റെ ഉത്കണ്ഠകളിൽ നിന്നും അകന്നുമാറി വിദൂര ഇടങ്ങളിൽ പോയി താമസിച്ചു. ഡെന്നിസ് വിവാഹം ചെയ്തത് കാത്തി എന്നു പേരുള്ള ഒരു പെൺകുട്ടിയെ ആയിരുന്നു; മാർക്ക് വിവാഹം ചെയ്തതും കാത്തി എന്നു പേരുള്ള ഒരു പെൺകുട്ടിയെത്തന്നെ. യഹോവയുടെ സാക്ഷികളുടെ യോഗത്തിൽ സംബന്ധിച്ച ആദ്യ ദിവസംതന്നെ ഇരുവരും ബൈബിളധ്യയനം സ്വീകരിച്ചു. രണ്ടുപേരും സ്നാപനമേറ്റതോ, 1974 മാർച്ചിലും. ഇരുവരും യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് കുടുംബാംഗങ്ങളായി—ഡെന്നിസ് ഐക്യനാടുകളിലും മാർക്ക് കാനഡയിലും. ആത്മീയ ലക്ഷ്യങ്ങൾ പിന്തുടരാൻ രണ്ടുപേരും തങ്ങളുടെ ജീവിതം ലളിതമാക്കി. (മത്തായി 6:22, NW) രണ്ടുപേരും അന്താരാഷ്ട്ര നിർമാണവേലയിൽ പങ്കെടുത്തുകൊണ്ടു നിരവധി രാജ്യങ്ങളിൽ തങ്ങളുടെ നിയമനങ്ങൾ നിറവേറ്റി. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വെച്ച് ആകസ്മികമായി ഇവർ ഒത്തുചേരുന്നതുവരെ, ബൈബിൾ സത്യം സ്വീകരിച്ച ഒരു മുൻ സുഹൃത്തിനെപ്പോലും ഇരുവരും കണ്ടുമുട്ടിയിട്ടില്ലായിരുന്നു.
ആശ്ചര്യകരമായ ഈ യാദൃച്ഛിക സമാഗമം വിധിയാണെന്നാണോ ഡെന്നിസും മാർക്കും കരുതുന്നത്? തീർച്ചയായുമല്ല. ബൈബിൾ പറയുന്നതുപോലെ, “എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ്” എന്ന് അവർ തിരിച്ചറിയുന്നു—ചിലപ്പോൾ വളരെ രസകരമായ വിധങ്ങളിലാവാം. (സഭാപ്രസംഗി 9:11, പി.ഒ.സി.ബൈ.) എന്നിരുന്നാലും, തങ്ങളുടെ പുനഃസംഗമത്തിനു കാരണമായ മറ്റൊരു ഘടകത്തെക്കൂടെ അവർ തിരിച്ചറിയുന്നു; ജീവിതത്തിന്റെ ഉദ്ദേശ്യം അറിയാനുള്ള അവരുടെ അതിയായ വാഞ്ഛയും, യഹോവയാം ദൈവത്തോടുള്ള സ്നേഹവും.
ബൈബിൾ സത്യം പഠിക്കുന്ന ആത്മാർഥഹൃദയരായ സകലരുടെയും കാര്യത്തിൽ പൊതുവായി നിരീക്ഷിക്കാൻ കഴിയുന്ന ചില സംഗതികൾ ഡെന്നിസിന്റെയും മാർക്കിന്റെയും അനുഭവകഥ വ്യക്തമാക്കുന്നു. ഡെന്നിസ് ഇങ്ങനെ പറയുന്നു: “യഹോവ ആളുകളുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി ബോധവാനാണ് എന്ന് എന്റെയും മാർക്കിന്റെയും അനുഭവം വ്യക്തമാക്കുന്നു, അവർക്കു ശരിയായ ഹൃദയനിലയുണ്ടാകുമ്പോൾ, അവൻ തീർച്ചയായും അവരെ തന്നിലേക്ക് ആകർഷിക്കുന്നു.”—2 ദിനവൃത്താന്തം 16:9; യോഹന്നാൻ 6:44; പ്രവൃത്തികൾ 13:48, NW.
മാർക്ക് പിൻവരുന്നപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഞങ്ങളുടെ അനുഭവം മറ്റൊരു കാര്യംകൂടെ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ഒരുവൻ യഹോവയുടെ നിലവാരങ്ങളുമായി പൊരുത്തപ്പെടുകയും തന്റെ ജീവിതം അവനു സമർപ്പിക്കുകയും അവന്റെ സേവനത്തിനായി തന്നെത്തന്നെ ലഭ്യമാക്കുകയും ചെയ്യുമ്പോൾ, തന്റെ ജനത്തിനു പ്രയോജനകരമാം വിധത്തിൽ സത്യാരാധന ഉന്നമിപ്പിക്കുന്നതിൽ, യഹോവയ്ക്ക് ആ വ്യക്തിയുടെ പ്രാപ്തികളും കഴിവുകളും ഉപയോഗിക്കാൻ കഴിയും.”—എഫെസ്യർ 4:8, NW.
തന്റെ ജനത്തിന്റെ മുഴുഹൃദയത്തോടെയുള്ള സേവനത്തെ യഹോവ അനുഗ്രഹിക്കുന്നു എന്നും അവരുടെ അനുഭവം വ്യക്തമാക്കുന്നു. ഡെന്നിസും മാർക്കും ഈ അനുഗ്രഹം അനുഭവിച്ചറിഞ്ഞു. ഡെന്നിസ് പറയുന്നു: “രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാനായി മുഴുസമയ ശുശ്രൂഷയുടെ ഈ പ്രത്യേക വശത്ത് ആയിരിക്കുന്നത് ഒരു പദവി തന്നെയാണ്. കാരണം, ഗോളമെമ്പാടുനിന്നുമുള്ള സഹോദരീസഹോദരന്മാരോടൊപ്പം വേല ചെയ്യവേ പരസ്പരം പ്രോത്സാഹിപ്പിക്കാൻ അതു ഞങ്ങൾക്ക് അവസരം തന്നിരിക്കുന്നു.”
മാർക്ക് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ദൈവരാജ്യ താത്പര്യങ്ങൾ ഒന്നാമതു വെക്കുന്നവരെ യഹോവ നിശ്ചയമായും അനുഗ്രഹിക്കും. കാനഡാ ബ്രാഞ്ച് കുടുംബത്തിലെ ഒരംഗമായി സേവിച്ചുകൊണ്ട് അന്താരാഷ്ട്ര നിർമാണ പ്രവർത്തനത്തിൽ പങ്കുപറ്റാൻ കഴിയുന്നത് ഒരു മഹത്തായ അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു.”
എത്ര അനുപമമായ ഒരു പുനഃസംഗമം അല്ലേ? തീർച്ചയായും. മാർക്ക് പറയുന്നു: “വീണ്ടുമുള്ള ഈ കൂടിക്കാഴ്ച ഞങ്ങളെ ഇത്രമാത്രം പുളകിതരാക്കിയതിന്റെ യഥാർഥ കാരണം, അതുല്യനായ യഹോവയാം ദൈവത്തെ അറിയാനും സ്നേഹിക്കാനും സേവിക്കാനും ഇടയായതാണ്.”(g02 10/22)
[21-ാം പേജിലെ ചിത്രം]
ഡെന്നിസ്, 1966-ൽ
[21-ാം പേജിലെ ചിത്രം]
മാർക്ക്, 1964-ൽ
[23-ാം പേജിലെ ചിത്രം]
ഡെന്നിസ് സൗത്ത് ഡക്കോട്ടയിൽ, 1974-ൽ
[23-ാം പേജിലെ ചിത്രം]
മാർക്ക് ഒൺടേറിയോയിൽ, 1971-ൽ
[24-ാം പേജിലെ ചിത്രം]
ഡെന്നിസും മാർക്കും ഭാര്യമാരോടൊപ്പം, 2001-ൽ യാദൃച്ഛികമായി വീണ്ടും കണ്ടുമുട്ടിയശേഷം