ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
അധ്യാപകർ കഴിഞ്ഞ നാലു വർഷമായി, ഒരു പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയാണു ഞാൻ. “അധ്യാപകർ—അവർ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്തേനെ!” (മാർച്ച് 8, 2002) എന്ന ലേഖന പരമ്പര ഞാൻ നന്നായി ആസ്വദിച്ചു. പൊതുവേ, ഇന്നത്തെ കുട്ടികൾ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നില്ല എന്നത് ഗുരുതരമായ ഒരു പ്രശ്നമായി ഞാൻ കാണുന്നു. കുട്ടികൾ തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചു ബോധവാന്മാരാകുന്നതിനു മുമ്പേ, തങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നു പഠിക്കുമ്പോൾ അത് അധ്യാപകർക്ക് ഒരു വെല്ലുവിളിയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അധ്യാപനം പ്രതിഫലദായകമായ ഒരു ജീവിതവൃത്തിയാണ്, വിശേഷിച്ചും വിദ്യാർഥികൾ പഠനത്തിൽ ഉത്സാഹവും പുരോഗതിയും കാണിക്കുമ്പോൾ.
ജെ. കെ., ഐക്യനാടുകൾ (g02 10/22)
ഈ ലേഖനങ്ങൾക്കു നന്ദി. നാം അധ്യാപകർക്കു വേണ്ടി ത്യാഗങ്ങൾ ഒന്നുംതന്നെ ചെയ്യുന്നില്ലെങ്കിലും അവർ നമുക്കുവേണ്ടി എത്രമാത്രം ത്യാഗങ്ങളാണു ചെയ്യുന്നത് എന്നു മനസ്സിലാക്കാൻ അവ എന്നെ സഹായിച്ചു.
എസ്. എം., ഇറ്റലി (g02 10/22)
എനിക്ക് എട്ടു വയസ്സുണ്ട്. അധ്യാപകർ വിദ്യാർഥികളെ സ്നേഹിക്കുന്നുണ്ട് എന്നു മനസ്സിലാക്കാൻ നിങ്ങളുടെ ലേഖനങ്ങൾ എന്നെ സഹായിച്ചു. ദുഷ്കരമായിരിക്കുമ്പോൾ പോലും കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് ഇഷ്ടമാണ്. ഞാൻ എന്റെ ടീച്ചറിന് നന്ദി പറഞ്ഞുകൊണ്ട് ഒരു കത്തെഴുതി. ഞാനും എന്റെ നാലു വയസ്സുള്ള പെങ്ങളും ആളുകളെ സ്നേഹിക്കുന്നതുകൊണ്ട് യഹോവയെക്കുറിച്ച് അവരെ പഠിപ്പിക്കാൻ—ചിലപ്പോൾ അത് ബുദ്ധിമുട്ടാണെങ്കിൽ പോലും—പഠിക്കുകയാണ്.
റ്റി. എം., ഐക്യനാടുകൾ (g02 10/22)
അധ്യാപനവൃത്തിയിൽ നിന്നു വിരമിച്ച് നാലു വർഷത്തിനു ശേഷം, ഒരു വിദ്യാർഥിനി ഞാൻ അവളെ പഠിപ്പിച്ചിരുന്ന കാലത്തെ സ്മരിച്ചുകൊണ്ടു നന്ദി നിറഞ്ഞ ഒരു കത്തെഴുതി. സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ, പുസ്തകത്തിൽ അടയാളം വെക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ബുക്ക്മാർക്കും അവൾ എനിക്ക് അയച്ചുതന്നു. ആ കത്തു കിട്ടിയപ്പോഴത്തെ എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല!
എ. ആർ., സ്ലോവേനിയ (g02 10/22)
എന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകനും രണ്ട് അധ്യാപികമാർക്കും ഞാൻ ഈ മാസിക കൊടുത്തു. രണ്ടു ദിവസത്തിനു ശേഷം അവരുടെ അഭിപ്രായം അറിയാൻ ഞാൻ തിരികെച്ചെന്നു. മാതാപിതാക്കൾക്കു കൊടുത്തുവിടാൻ ഇംഗ്ലീഷിലും സ്പാനിഷിലും ഉള്ള 20 പ്രതികൾ കൂടെ അവർ ആവശ്യപ്പെട്ടു.
എം. എം., ഐക്യനാടുകൾ (g02 10/22)
കഴിഞ്ഞ വർഷം ഒരു പ്രാഥമിക വിദ്യാലയത്തിൽ ഞാൻ നാലുമാസം അധ്യാപകനായി ജോലി നോക്കി. മാതാപിതാക്കളുടെ പക്ഷത്തെ വിലമതിപ്പില്ലായ്മ അധ്യാപകർ എന്ന നിലയിലുള്ള തങ്ങളുടെ തൊഴിലിനെ ദുഷ്കരമാക്കിയിരിക്കുന്നു എന്ന് കൂടെ ജോലി ചെയ്ത അധ്യാപകർ പറയുകയുണ്ടായി. അതുകൊണ്ട് അർപ്പണ ബോധമുള്ള അധ്യാപകരെ ഈ ലേഖന പരമ്പരയിൽ ആദരിച്ചിരിക്കുന്നതു കണ്ടപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. അധ്യയന കാലാവധി അവസാനിച്ചപ്പോൾ നന്ദി പ്രകടനങ്ങൾ നിറഞ്ഞ ധാരാളം കത്തുകൾ വിദ്യാർഥികളിൽ നിന്ന് എനിക്കു ലഭിച്ചു. ഓരോന്നും എത്ര വിലമതിപ്പോടെയാണെന്നോ ഞാൻ വീക്ഷിക്കുന്നത്!
എസ്. ഐ., ജപ്പാൻ (g02 10/22)
ബലൂൺ സവാരി “കാറ്റിനൊപ്പം” എന്ന നിങ്ങളുടെ മനോഹരമായ ലേഖനത്തിനു വളരെ നന്ദി. (മാർച്ച് 8, 2002) വളരെ നാളായുള്ള എന്റെ അഭിലാഷമാണ് ഒരു ബലൂൺ സവാരി, അത് ഇതേവരെ സഫലമായിട്ടില്ല. നിങ്ങളുടെ ലേഖനം ഒരു ഇടക്കാല ആശ്വാസം പോലെ തോന്നി. അതു വായിച്ചപ്പോൾ ഞാൻ ശരിക്കും ഒരു ബലൂൺ സവാരി നടത്തുകയാണെന്നു തോന്നിപ്പോയി! ബലൂണിൽ ഘടിപ്പിച്ചിരിക്കുന്ന കൂട ഉയരുന്നതും അതു ചാഞ്ചാടുന്നതുമൊക്കെ നേരിട്ട് അനുഭവിച്ചറിയുന്ന ഒരു പ്രതീതി ആയിരുന്നു അപ്പോൾ. ഉയരത്തിൽനിന്നു നോക്കുമ്പോൾ ലോകം തീർത്തും ചെറുതാണെന്നു തോന്നുമായിരിക്കണം. എങ്കിലും അതും മനുഷ്യവർഗവും യഹോവയ്ക്ക് എത്ര വിലപ്പെട്ടതാണ്!
എസ്. എ., ജർമനി (g02 10/22)
കുറ്റബോധം “കുറ്റബോധം—അത് എല്ലായ്പോഴും അനഭിലഷണീയമോ?” എന്ന ലേഖനം എനിക്കു ശരിക്കും ആവശ്യമായിരുന്നു. (ഏപ്രിൽ 8, 2002) എന്റെ പ്രതീക്ഷകൾ വളരെ ഉയർന്നതായിരുന്നതിനാൽ മുഴുസമയ ശുശ്രൂഷയിലെ എന്റെ സഹകാരിയോട് ഇടപെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കുക എനിക്കു ബുദ്ധിമുട്ടായിരുന്നു. മറ്റുള്ളവർ നാം വിചാരിക്കുന്ന വിധത്തിൽ എല്ലായ്പോഴും പ്രവർത്തിക്കാതെ വരുമ്പോൾ കുറ്റപ്പെടുത്തുന്നത് സ്നേഹശൂന്യമാണെന്നും അത് വിപരീതഫലമേ ഉളവാക്കൂ എന്നും ആ ലേഖനം ചൂണ്ടിക്കാണിച്ചു. എന്റെ വ്യക്തിത്വത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. യഹോവ കാര്യങ്ങളെ വീക്ഷിക്കുന്ന വിധം സംബന്ധിച്ചു ദയവായി തുടർന്നും ഞങ്ങളെ പഠിപ്പിക്കുക.
കെ. കെ., ജപ്പാൻ (g02 10/22)