നിലനിൽക്കുന്ന സമാധാനം ആർ കൊണ്ടുവരും?
നിലനിൽക്കുന്ന സമാധാനം ആർ കൊണ്ടുവരും?
ലോകത്തിലെ വിവിധ മതനേതാക്കന്മാർ സമാധാനത്തിനായി നടത്തിയിട്ടുള്ള പ്രാർഥനകൾക്ക് ദൈവം ഉത്തരം നൽകിയിട്ടില്ലാത്തത് എന്തുകൊണ്ടാണ്? ബൈബിളിന്റെ ഉത്തരം താത്പര്യജനകമാണ്. അത്, സമാധാനം സ്ഥാപിച്ചു കാണാൻ ദൈവത്തിന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. വാസ്തവത്തിൽ, സമാധാനത്തിനായുള്ള ദൈവത്തിന്റെ ആഗ്രഹം അതിനു വേണ്ടി പ്രാർഥിക്കുന്ന മതനേതാക്കന്മാരുടേതിനെക്കാൾ എത്രയോ ശക്തമാണ്. എന്തിന്, ലോകസമാധാനം കൊണ്ടുവരുന്നതിനുള്ള സുനിശ്ചിത ക്രമീകരണങ്ങൾ അവൻ ഇപ്പോൾത്തന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നു. ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക നടപടികൾ അവൻ എടുത്തിരിക്കുന്നു. തന്റെ ഉദ്ദേശ്യങ്ങൾ വളരെ വ്യക്തമായി അവൻ മനുഷ്യവർഗത്തെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ലോകമതങ്ങൾ ദൈവത്തിന്റെ വാക്കുകൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല.
ദൈവം ഒരു “സന്തതി”യെ, ഒരു ഭരണാധികാരിയെ എഴുന്നേൽപ്പിക്കുമെന്ന് കാലങ്ങൾക്കു മുമ്പുതന്നെ വാഗ്ദാനം ചെയ്തിരുന്നു. അത് ആരായിരിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ബൈബിളിൽ ക്രമാനുഗതമായി വെളിപ്പെടുത്തപ്പെട്ടു. (ഉല്പത്തി 3:15; 22:18; 49:10) മിശിഹായെ സംബന്ധിച്ച തികച്ചും ശ്രദ്ധേയമായ പ്രവചനങ്ങൾ രേഖപ്പെടുത്തിയ യെശയ്യാ പ്രവാചകൻ, മുൻകൂട്ടി പറയപ്പെട്ട ഈ നേതാവ് മുഴുഭൂമിയുടെയുംമേൽ “സമാധാനപ്രഭു” എന്ന നിലയിൽ വാഴുമെന്നും അവന്റെ ഭരണത്തിൻകീഴിൽ ‘സമാധാനത്തിന് അവസാനം ഉണ്ടാകയില്ല’ എന്നും പ്രവചിച്ചു. (യെശയ്യാവു 9:6, 7) സ്വർഗീയ ഭരണാധികാരിയെന്ന നിലയിൽ അവൻ ഇടപെട്ട് ദുഷ്ടത നീക്കം ചെയ്യുകയും ഭൂമിയെ പറുദീസയായി രൂപാന്തരപ്പെടുത്തുകയും ചെയ്യും. അപ്പോൾ അനീതിയും രോഗവും ദാരിദ്ര്യവും മരണവും നീക്കപ്പെടും. സമാധാനവും നിത്യജീവനും യാഥാർഥ്യമായിത്തീരും. (സങ്കീർത്തനം 72:3, 7, 16; യെശയ്യാവു 33:24; 35:5, 6; ദാനീയേൽ 2:44; വെളിപ്പാടു 21:4, 5) ഇത് എപ്പോഴായിരിക്കും സംഭവിക്കുക?
ലോക സമാധാനം അടുത്തെത്തിയിരിക്കുന്നു
ഈ ദുഷ്ട വ്യവസ്ഥിതിയുടെ നാശത്തിനും ഒരു പുതിയ മനുഷ്യ സമുദായത്തിന്റെ പിറവിക്കും മുമ്പായി, ലോകത്തെ പിടിച്ചുലയ്ക്കുന്ന ശ്രദ്ധേയമായ ഒരു കൂട്ടം സംഭവങ്ങൾ ഒരുമിച്ച് ഒരേ കാലത്ത് അരങ്ങേറുമെന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മത്തായി 24:3, 7-13) ഈ സംഭവങ്ങളിൽ പലതും—ഉദാഹരണത്തിന് യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ തുടങ്ങിയവ—എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്നത്തെപ്പോലെ ഒരേസമയത്ത് ആഗോള തലത്തിൽ അവ മനുഷ്യവർഗത്തെ മുമ്പൊരിക്കലും ബാധിച്ചിട്ടില്ല. അതുപോലെ ഭൂമി ഇന്നു കൂടുതൽ ജനനിബിഡമായിരിക്കുന്നതിനാൽ ഇത്തരം വിപത്തുകൾ കൂടുതൽ വിനാശകമായ ഫലങ്ങൾ ഉളവാക്കുന്നു.
മനുഷ്യന്റെ പ്രവൃത്തികളുടെ ഫലമായി ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി നശീകരണമാണ് ബൈബിളിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന മറ്റൊരു സംഗതി. (വെളിപ്പാടു 11:18) കൂടാതെ, മുൻകൂട്ടി പറയപ്പെട്ട നാശത്തിനു മുമ്പായി ലോകവ്യാപകമായ ഒരു മുന്നറിയിപ്പു മുഴക്കപ്പെടേണ്ടതുണ്ട്, അതായത് ‘രാജ്യത്തിന്റെ സുവിശേഷം’ മുഴു ഭൂമിയിലും പ്രസംഗിക്കപ്പെടണം. ഇന്ന് യഹോവയുടെ സാക്ഷികൾ ഗോളവ്യാപകമായി ആ വേല നിർവഹിച്ചുകൊണ്ടിരിക്കുന്നു.—മത്തായി 24:14.
വിശ്വസ്ത മനുഷ്യവർഗത്തെ സംബന്ധിച്ചിടത്തോളം ഈ പ്രവചനങ്ങളുടെ നിവൃത്തി ഒരു സുവാർത്തയാണ്. കാരണം മുൻകൂട്ടി പറഞ്ഞിരിക്കുന്ന, സമാധാനം കളിയാടുന്ന പുതിയ ലോകം തൊട്ടടുത്ത് എത്തിയിരിക്കുന്നതായി അത് പ്രകടമാക്കുന്നു! അത് വിദ്വേഷത്തെയും ഭീകരപ്രവർത്തനത്തെയും എന്നേക്കുമായി പിഴുതെറിയും. ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:9.
ദൈവം കേൾക്കുന്ന പ്രാർഥനകൾ
ദൈവത്തോടു പ്രാർഥിക്കുന്നത് ഒരിക്കലും വ്യർഥമായ ഒരു പ്രവൃത്തിയോ അർഥശൂന്യമായ ഒരു ചടങ്ങോ അല്ല. ബൈബിൾ യഹോവയെ ‘പ്രാർഥന കേൾക്കുന്നവൻ’ എന്നു വിളിക്കുന്നു. (സങ്കീർത്തനം 65:2) അതുകൊണ്ട് ഭൂമിയിലെ ആത്മാർഥഹൃദയർ നടത്തുന്ന അസംഖ്യം പ്രാർഥനകൾ അവൻ എല്ലായ്പോഴും കേട്ടുകൊണ്ടാണിരിക്കുന്നത്. എന്നാൽ ദൈവം നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ നാം എന്തെങ്കിലും നിബന്ധനകൾ അനുസരിക്കേണ്ടതുണ്ടോ? ദൈവത്തെ കുറിച്ചുള്ള സത്യം ബൈബിളിൽനിന്നു മനസ്സിലാക്കുന്ന ആത്മാർഥഹൃദയർ അതിനോടു പ്രതികരിക്കുകയും അവനെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്ന “സത്യാരാധകർ” ആയിത്തീരുകയും ചെയ്യേണ്ടതുണ്ടെന്ന് ബൈബിൾ പ്രകടമാക്കുന്നു. (യോഹന്നാൻ 4:23, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) തന്റെ ഹിതത്തിനു തെല്ലും വില കൽപ്പിക്കാത്തവരുടെ പ്രാർഥനകൾ ദൈവം കേൾക്കുന്നില്ല: “[ദൈവത്തിന്റെ] ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു.”—സദൃശവാക്യങ്ങൾ 28:9.
ദുഃഖകരമെന്നു പറയട്ടെ, ഇന്നത്തെ മതനേതാക്കന്മാരിൽ അനേകരും സമാധാനം സ്ഥാപിക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചു പഠിപ്പിക്കുകയോ അതിനുവേണ്ടി പ്രാർഥിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യ ഗവൺമെന്റുകൾക്കു കഴിയട്ടെ എന്നാണ് അവർ പ്രാർഥിക്കുന്നത്. അങ്ങനെ, ‘മനുഷ്യന്നു തന്റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല’ എന്ന ബൈബിളിന്റെ വ്യക്തമായ വാക്കുകളെ അവർ അവഗണിക്കുന്നു.—യിരെമ്യാവു 10:23.
‘അന്ത്യകാലത്ത്,’ അതായത് നമ്മുടെ കാലത്ത് സമാധാനപ്രേമികൾ യഹോവയുടെ ‘ആലയമുള്ള [പ്രതീകാത്മക] പർവതത്തിലേക്ക്’—സത്യാരാധനയിലേക്ക്—ഒഴുകിച്ചെല്ലുമെന്നു പ്രവചിക്കപ്പെട്ടിട്ടുണ്ട്. അത്തരം ആളുകൾ തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:2-4.
ഇന്ന് ഏതെങ്കിലും മതത്തിൽ പെട്ടവർ ആ വാക്കുകൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നുണ്ടോ? അതോ എല്ലാവരും സമാധാനശ്രമങ്ങൾ ചർച്ചകളിൽ മാത്രം ഒതുക്കിക്കൊണ്ട് യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണോ ചെയ്യുന്നത്? അടുത്ത പ്രാവശ്യം നിങ്ങൾ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുമ്പോൾ സമാധാനം എന്ന വിഷയത്തെ കുറിച്ച് അവരുമായി സംസാരിക്കുക. സകലരുമായി സമാധാനത്തിലായിരിക്കാൻ മനുഷ്യരെ പഠിപ്പിക്കുന്ന മതം ഏതാണെന്നു മനസ്സിലാക്കുക.
(g02 10/22)