ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
“ധനത്തെക്കുറിച്ചുള്ള മിഥ്യാ സങ്കൽപ്പങ്ങൾ”
ചൂതാട്ടത്തിലൂടെ ദാരിദ്ര്യത്തിൽ നിന്നു കരകയറാമെന്നു വിശ്വസിപ്പിച്ചുകൊണ്ട്, പരസ്യങ്ങൾ നിരവധി നിർധനരെ വഞ്ചിച്ചിരിക്കുന്നതായി ടൈംസ് ഓഫ് സാംബിയ റിപ്പോർട്ടു ചെയ്യുന്നു. വാസ്തവത്തിൽ, വലിയ തുക നേടിക്കൊണ്ടു വിജയിക്കാനുള്ള സാധ്യത തീരെ കുറവാണ് എന്നും അതു കൂട്ടിച്ചേർത്തു. പ്രസ്തുത ലേഖനം പറയുന്നതനുസരിച്ച്, “ലോട്ടറി പരസ്യങ്ങൾ, ആളുകളുടെ മനസ്സിൽ ധനത്തെയും ആഡംബരത്തെയും കുറിച്ചുള്ള വിചിത്ര ഭാവനകൾ സൃഷ്ടിക്കുന്നു, പ്രശ്നരഹിതമായ ഒരു ജീവിതം ക്ഷണത്തിൽ കൈവരിക്കാനാകുമെന്ന് അവ അവരെ വ്യാമോഹിപ്പിക്കുന്നു. അതേസമയം, വിജയസാധ്യത തീരെ കുറവാണെന്ന യാഥാർഥ്യം ഇവ വിരളമായേ പരാമർശിക്കാറുള്ളൂ.” ആ പത്രറിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: “ഒരുവൻ എന്തൊക്കെ വാദഗതികൾ നിരത്തിയാലും ചൂതാട്ടം അതിനിന്ദ്യമായ മോഷണമാണ്, നീതിബോധമുള്ള ഏതൊരു സമൂഹത്തിലും അതു നിയമവിരുദ്ധമാക്കേണ്ടതാണ്.” (g02 10/22)
ഇരുട്ടിനെ പേടി
“മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്കാലത്ത് ഇരുട്ടിനെ പേടിച്ചതിലുമധികം അവരുടെ കുട്ടികൾ ഇരുട്ടിനെ ഭയക്കുന്നു” എന്ന് ലണ്ടന്റെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “കൃത്രിമ വെളിച്ചങ്ങളുടെ ഉപയോഗത്തിലെ വർധന മൂലം കൂരിരുട്ടിലാകുന്ന അവസരങ്ങൾ നന്നേ കുറഞ്ഞുപോയതാണ് അതിനുള്ള കാരണം” എന്ന് പത്രം പറയുന്നു. മനശ്ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഓറിക്ക് സിഗ്മാന്റെ ഗവേഷണഫലം അനുസരിച്ച്, പത്തു വയസ്സിനു താഴെയുള്ള കുട്ടികളിൽ മൂന്നിൽ രണ്ടു ഭാഗവും ഉറങ്ങുമ്പോൾ, രാത്രിയിൽ ഉടനീളം വെളിച്ചം വേണമെന്നു ശാഠ്യം പിടിക്കുന്നു. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പോലും ഇരുട്ടുമായി സമ്പർക്കം ഇല്ലാത്തതുമൂലം യുവജനങ്ങളുടെ ഭാവന അടിച്ചമർത്തപ്പെടുകയാണ് എന്ന് അദ്ദേഹം പറയുന്നു. “കുട്ടികളുടെ ഭാവന വികസിക്കാൻ അവസരമൊരുക്കണം” എന്നു റിപ്പോർട്ട് തുടർന്നു പറയുന്നു. “ഇരുട്ടിൽ തങ്ങളുടെ കൊച്ചുമനസ്സുകളിൽ സൃഷ്ടിക്കപ്പെടുന്ന അനുപമമായ ഭാവനാചിത്രങ്ങളോടൊപ്പം തന്നെത്താൻ കളിക്കുന്നതും വിനോദിക്കുന്നതും കുട്ടികൾക്കു ഹരം പകരുന്ന ഒരു അനുഭവമായിരിക്കാൻ കഴിയും.” എന്നാൽ ഇന്ന്, “ടെലിവിഷനിലൂടെയും സിനിമയിലൂടെയും കമ്പ്യൂട്ടർ കളികളിലൂടെയുമെല്ലാം കുട്ടികളുടെ മനസ്സിൽ പതിയുന്ന രൂപങ്ങൾ അവരെ പേടിപ്പെടുത്തുന്നു.” ഡോ. സിഗ്മൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ടെലിവിഷൻ കാണുന്നതു കുറച്ചുകൊണ്ട് കൂടുതൽ സമയം വായിക്കുക എന്നത് കേട്ടുതഴമ്പിച്ച ഒരു പഴയ ഉപദേശമാണെന്നു തോന്നിയേക്കാം. എന്നാൽ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടേണ്ട ഒന്നാണ് അത്.”(g02 10/22)
മനുഷ്യരോട് അലർജി
“അനേകം മൃഗങ്ങൾ മനുഷ്യരോട് അലർജിയുള്ളവയാണ്,” ജർമൻ വർത്തമാനപ്പത്രമായ ലൈപ്റ്റ്സിഗർ ഫോൽക്ക്സ്റ്റൈറ്റൂൺ പറയുന്നു. അലർജിയെക്കുറിച്ചും ആസ്തമയെക്കുറിച്ചും പഠനം നടത്തുന്ന ഒരു ജർമൻ അസോസിയേഷൻ (ഡിഎഎബി) അടുത്തകാലത്ത് ഇങ്ങനെ പ്രസ്താവിച്ചു: “ഇരുപത് ഓമനമൃഗങ്ങളിൽ ഒരെണ്ണത്തിനു വീതം, മനുഷ്യനുമായുള്ള സമ്പർക്കത്തിൽ നിന്ന് അലർജിയുടെ ലക്ഷണങ്ങളായ സ്ഥിരമായ തുമ്മൽ, തൊലി ചൊറിഞ്ഞു പൊട്ടൽ എന്നിവ ഉണ്ടാകുന്നു.” മനുഷ്യ ശരീരത്തിൽനിന്നു പൊഴിയുന്ന മൃതചർമവും അതിലൂടെ ഉപജീവനം നടത്തുന്ന പൊടിച്ചെള്ളുകളുടെ വിസർജ്യങ്ങളുമാണു പലപ്പോഴും ഇതിനു കാരണമാകുന്നത്. ഓമനമൃഗത്തിന്റെ ശരീരത്തിൽ ചെള്ളുകളൊന്നു ഇല്ലെങ്കിലും അത് ചൊറിയുകയോ നക്കുകയോ രോമം പിഴുതുകളയുകയോ ചെയ്യുന്നതു കാണുമ്പോൾ അതിനു മനുഷ്യനോട് അലർജിയാണ് എന്ന് ഉടമസ്ഥനു മനസ്സിലാക്കാം. യജമാനൻ അടുത്തില്ലാത്തപ്പോൾ മൃഗത്തിന്റെ അവസ്ഥ മെച്ചപ്പെടുന്നെങ്കിൽ അത് മറ്റൊരു തെളിവായി കണക്കാക്കാവുന്നതാണ്. ആഹാരവും പൂമ്പൊടിയും മൃഗങ്ങളിൽ അലർജി ഉണ്ടാക്കുന്നുവെന്നു പറയപ്പെടുന്നു. ഉദാഹരണത്തിന്, ചില പ്രത്യേകതരം പൂമ്പൊടികൾ കുതിരകളുടെ കൺപോളകൾക്കു വീക്കം ഉണ്ടാക്കുന്നു എന്ന് അടുത്തകാലത്തു ഡിഎഎബി നിരീക്ഷിച്ചിട്ടുണ്ട്. (g02 8/22)
അനൊറെക്സിയയുടെ പ്രഥമ ലക്ഷണങ്ങൾ
“തങ്ങളുടെ കുട്ടികളിലെ അനൊറെക്സിയ, ബൂളിമിയ എന്നിങ്ങനെയുള്ള ഭക്ഷണക്രമക്കേടുകളുടെ ആദ്യ ലക്ഷണങ്ങൾ അവരുടെ ആഹാരശീലങ്ങളിൽ നിന്നു മാതാപിതാക്കൾക്കു കണ്ടുപിടിക്കാനാവും” എന്നു ലണ്ടന്റെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഭക്ഷണക്രമക്കേടുകൾ ഗുരുതരാവസ്ഥയിൽ എത്തുന്നതിനു മുമ്പ് അവ തിരിച്ചറിയാൻ മാതാപിതാക്കളെയും ആയമാരെയും സഹായിക്കുന്ന ഒരു പുസ്തകം ഭക്ഷണക്രമക്കേടുകളെപ്പറ്റി പഠിക്കുന്ന സമിതി (ഇഡിഎ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്ഷണപദാർഥങ്ങൾ കുനുകുനെ മുറിക്കുന്നതും ഓരോ തവണയും ഭക്ഷണം വായിൽ വെക്കുന്നതിന് അഞ്ചു മിനിട്ടോളം സമയമെടുക്കുന്നതും ആദ്യ മുന്നറിയിപ്പുകളിൽ പെടുന്നു. ഇത്തരം ക്രമക്കേടുള്ള ചിലർ വളരെ അയഞ്ഞവസ്ത്രം ധരിച്ചിട്ട് കഴിക്കാത്ത ഭക്ഷണം സൂത്രത്തിൽ അതിലൊളിപ്പിക്കുന്നു. സാധാരണ വണ്ണം തോന്നിപ്പിക്കുന്ന, നല്ല ആരോഗ്യമുള്ളതായി കാണിക്കുന്ന തങ്ങളുടെ ഫോട്ടോകൾ എടുത്തു മാറ്റാനും ഇവർ ആവശ്യപ്പെട്ടേക്കാം. ഈ ലക്ഷണങ്ങൾ അവഗണിക്കുന്നതിനു പകരം കുട്ടികളുമായി കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ഇഡിഎ പ്രസിദ്ധീകരിച്ച പുസ്തകം മാതാപിതാക്കളോടു നിർദേശിക്കുന്നു. (g02 10/8)
തെർമോമീറ്ററുകളിൽ നിന്നു വിഷം
“ഒരൊറ്റ തെർമോമീറ്ററിലെ മെർക്കുറി മതി പതിനൊന്ന് ഏക്കർ വിസ്താരമുള്ള തടാകം മലിനമാക്കാൻ. പൊട്ടിയ തെർമോമീറ്ററുകളിൽ നിന്ന് വർഷം തോറും 17 ടൺ മെർക്കുറിയാണ് ഐക്യനാടുകളുടെ മലിനജലത്തിൽ കലരുന്നത്” എന്ന് നാഷണൽ ജിയോഗ്രഫിക്ക് മാസിക പറയുന്നു. ഈ മെർക്കുറി, മത്സ്യങ്ങൾ ആഗിരണം ചെയ്യുന്നു, മനുഷ്യർ ഈ മത്സ്യങ്ങളെ ഭക്ഷിക്കുമ്പോൾ മെർക്കുറിയെന്ന ലോഹം അവരുടെ ഉള്ളിൽ പ്രവേശിക്കുന്നു. ഇതു നാഡീസംബന്ധമായ തകരാറുകൾക്ക് ഇടയാക്കുന്നു. ഐക്യനാടുകളിലെ ബോസ്റ്റൺ ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളിൽ മെർക്കുറിയുള്ള തെർമോമീറ്ററുകൾ നിരോധിച്ചിട്ടുണ്ട്. ചില സ്റ്റോറുകളിൽ, മെർക്കുറിയുള്ള തെർമോമീറ്ററുകൾ കൊടുക്കുകയാണെങ്കിൽ, ഡിജിറ്റൽ തെർമോമീറ്ററുകളോ അപകടസാധ്യത കുറഞ്ഞ ഉപകരണങ്ങളോ പകരം നൽകാറുണ്ട്.
(g02 10/8)
മിതമായ വ്യായാമം
“നീന്തൽ, സൈക്കിൾസവാരി, പതിയെയുള്ള ഓട്ടം എന്നിങ്ങനെയുള്ള വ്യായാമങ്ങൾ ആഴ്ചയിൽ മൂന്നു തവണ ഒരു മണിക്കൂറോ അരമണിക്കൂറോ ചെയ്യുന്നതു പ്രയോജനപ്രദമാണ്” എന്ന് ഫ്രഞ്ച് വാർത്താമാസികയായ ലെക്സ്പ്രസ് അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും അതിരുകടന്ന വ്യായാമം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു വഴിതെളിക്കുമെന്ന് ഓർക്കുക. അമിതമായ കായികാഭ്യാസം സന്ധികൾക്കു തേയ്മാനം, തരുണാസ്ഥികൾ പൊടിയൽ, ഡിസ്കുകൾക്കു സ്ഥാനഭ്രംശം, ആവർത്തിച്ചുള്ള ഉപയോഗത്താൽ എല്ലുകൾക്ക് ഉണ്ടാകുന്ന പോറൽ, ഉയർന്ന രക്തസമ്മർദം, ദഹനസംബന്ധമായ പ്രശ്നങ്ങൾ, അകാലത്തിലുണ്ടാകുന്ന അസ്ഥിദ്രവീകരണം എന്നിവയ്ക്കു പുറമേ, ഹൃദയാഘാതത്തിനുപോലും കാരണമാകുന്നു. ലെക്സ്പ്രസ് പിൻവരുന്നപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഓരോ വർഷവും ഫ്രാൻസിൽ, കായികാഭ്യാസങ്ങൾ, അരോഗദൃഢഗാത്രരായ 1,500 കളിക്കാരുടെ പെട്ടെന്നുള്ള മരണത്തിന് ഇടയാക്കുന്നു.” വാരാന്ത്യങ്ങളിൽ കളികളിലേർപ്പെട്ട്, അവസാനം ആശുപത്രിയെ അഭയം പ്രാപിക്കേണ്ടിവരുന്ന “ഞായറാഴ്ച കളിക്കാർ”ക്ക് പാരീസിലെ പിറ്റ്യേ സാൽപെട്രെയർ ആശുപത്രിയിലെ സ്പോട്സ് മെഡിസിൻ വിദഗ്ധൻ ഡോ. സ്റ്റീഫൻ കാസ്ക്വ ഈ ഉപദേശം നൽകുന്നു: “ക്രമമായി വ്യായാമം ചെയ്തോളൂ, പക്ഷേ അതു നിങ്ങളുടെ ഹൃദയധമനീ പ്രാപ്തിയുടെ 75 ശതമാനത്തോളമേ ആകാവൂ.”(g02 10/8)
ചൈനയുടെ ബഹിരാകാശ പരിപാടി
ഒരാഴ്ചത്തെ ദൗത്യത്തിനുശേഷം, ചൈനയുടെ ഷെൻജോ III എന്ന മനുഷ്യവാഹിയല്ലാത്ത ബഹിരാകാശ പേടകം, 2002 ഏപ്രിൽ 1-ന് ഇന്നർ മംഗോളിയയിൽ വിജയകരമായി ഇറങ്ങി എന്ന് ബിബിസി വാർത്ത റിപ്പോർട്ടു ചെയ്യുന്നു. പേടകത്തിൽ ഒരു കൃത്രിമ മനുഷ്യഡമ്മി ഉണ്ടായിരുന്നു, ഊഷ്മാവും ഓക്സിജന്റെ അളവും നിരീക്ഷിക്കാൻ കഴിവുള്ള സജ്ജീകരണങ്ങൾ ഈ ഡമ്മിയിൽ ഉണ്ടായിരുന്നു. ഭാവിയിൽ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള യാത്രയിൽ, ജീവൻ നിലനിറുത്തുന്നതിന് അനുയോജ്യമായ സാഹചര്യമില്ലാത്ത ബഹിരാകാശത്ത് അതിനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തിൽ രൂപകൽപ്പന ചെയ്തതാണ് ഈ സാങ്കേതിക സജ്ജീകരണം. രണ്ടായിരത്തഞ്ച് ആകുമ്പോഴേയ്ക്ക് മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതിയിലാണു തങ്ങൾ എന്നു ചൈനയുടെ ബഹിരാകാശ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. “2010 ആകുമ്പോഴേയ്ക്കു മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള ഒരു ദീർഘകാല പദ്ധതിയും ചൈനയുടെ ബഹിരാകാശ ഏജൻസിക്ക് ഉണ്ട്” എന്ന് റിപ്പോർട്ട് പറയുന്നു. (g02 10/22)
ആപത്തിലായ സിംഹങ്ങൾ
“ആഫ്രിക്കയുടെ ഒരു വലിയ പ്രദേശത്തുനിന്നു പെട്ടെന്നുതന്നെ സിംഹങ്ങൾ നാമാവശേഷമാകും” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. അന്തഃപ്രജനനം ഒഴിവാക്കി, 100 പ്രജനന ജോഡികളെ ലഭ്യമാക്കാൻ ഒരു പ്രദേശത്ത് 500 മുതൽ 1,000 വരെ സിംഹങ്ങൾ വേണം. വേൾഡ് കൺസർവേഷൻ യൂണിയന്റെ അഭിപ്രായമനുസരിച്ച്, പശ്ചിമ, മധ്യ ആഫ്രിക്കകളിലെ സിംഹങ്ങളുടെ എണ്ണം അതിലും കുറവാണ്. “ഇത് ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ്,” നെതർലൻഡ്സിലെ ലീഡൻ സർവകലാശാലയിൽ നിന്നുള്ള ഹാൻസ് ബാവുവ പറയുന്നു. “ഒരു പ്രദേശത്തുള്ള സിംഹങ്ങളെങ്കിലും അവിടെ അതിജീവിക്കുമോ എന്നു നമുക്ക് ഉറപ്പില്ല.” മൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലത്തേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് ഈ നാശത്തിനു പ്രധാന കാരണം. സിംഹങ്ങൾക്കു വേട്ടയാടാൻ വിസ്താരമേറിയ പ്രദേശം ആവശ്യമാണ്—അതായത് ഒരു ആൺ സിംഹത്തിന് 200 ചതുരശ്ര കിലോമീറ്റർ പ്രദേശം വേണം. “സിംഹങ്ങൾ ആവാസവ്യവസ്ഥയുടെ ഒരു കാതലായ ഭാഗമാണ്” എന്ന് ബാവുവ മുന്നറിയിപ്പു നൽകുന്നു. “സിംഹങ്ങൾ ഭീഷണിയിലാണെങ്കിൽ, അതു കാണിക്കുന്നത് 20 മുതൽ 30 വരെ വർഷത്തിനിടയിൽ മറ്റു ജീവി വർഗ്ഗങ്ങളും ഭീഷണിയിലാകാനുള്ള സാധ്യതയാണ്.”(g02 10/22)
മദ്യാസക്തി
ബ്രിട്ടീഷുകാരിൽ, പതിമൂന്നു പേരിൽ ഒരാൾ വീതം മദ്യത്തിന് അടിമയാണ് എന്ന് ലണ്ടന്റെ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടു ചെയ്യുകയുണ്ടായി. “കുറിപ്പടിപ്രകാരം കിട്ടുന്ന മരുന്നുകൾക്കോ നിയമവിരുദ്ധമായ മയക്കുമരുന്നുകൾക്കോ അടിമപ്പെടുന്നതിലും രണ്ടിരട്ടി മദ്യത്തിന്” അടിമപ്പെടുന്നതായി റിപ്പോർട്ടു സൂചിപ്പിച്ചു. 1994 മുതൽ 1999 വരെയുള്ള കാലയളവിൽ, മദ്യത്തിന്റെ ദുരുപയോഗവുമായി നേരിട്ടു ബന്ധമുള്ള മരണങ്ങൾ—ഹൃദ്രോഗം, കരൾദ്രവീകരണം, മദ്യവിഷബാധ എന്നിവ അതിൽ ഉൾപ്പെടുന്നു—43 ശതമാനം വർധിച്ചിരിക്കുന്നു. മദ്യപിച്ചു വാഹനമോടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ, 1998-ൽ 10,100 ആയിരുന്നത് 2000-ത്തിൽ 11,780 ആയി ഉയർന്നു. റോഡിലെ 7 മരണങ്ങളിൽ ഒരെണ്ണത്തിനു കാരണവും ഇതുതന്നെയാണ്. അറുപതു ശതമാനം തൊഴിലുടമകളും മുഴുക്കുടിയന്മാരായ തൊഴിലാളികൾ മൂലം പ്രശ്നം അനുഭവിക്കുന്നവരാണ്. അക്രമാസക്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ 40 ശതമാനവും അതു ചെയ്യുന്നതു മദ്യത്തിന്റെ ലഹരിയിലാണ്. ബ്രിട്ടീഷ് ചാരിറ്റി ആൾക്കഹോൾ കൺസേണിന്റെ ഡയറക്ടർ എറിക് ആപ്പിൾബീ ഇങ്ങനെ പറയുന്നു: “ആളുകളുടെ ആരോഗ്യം, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ, പണനഷ്ടം, പൊതുസേവനങ്ങൾ എന്നിവയുടെമേൽ മദ്യപാനത്തിനുള്ള ദൂരവ്യാപക ഫലങ്ങൾ ഒറ്റക്കെട്ടായി ഒരു അടിയന്തിര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യത്തെ കാണിക്കുന്നു.”(g02 10/22)