വിശ്വാസം ഉണ്ടായിരിക്കാൻ പുരാവസ്തുശാസ്ത്രം അനിവാര്യമോ?
ബൈബിളിന്റെ വീക്ഷണം
വിശ്വാസം ഉണ്ടായിരിക്കാൻ പുരാവസ്തുശാസ്ത്രം അനിവാര്യമോ?
ഇംഗ്ലീഷ് വൈദികനായ സാമുവേൽ മാനിങ് 1873-ൽ യെരൂശലേമിനെ കുറിച്ച് ഇങ്ങനെ എഴുതി: “അങ്ങേയറ്റത്തെ ആകർഷണീയത നിമിത്തം ഭൂമിയുടെ നാനാഭാഗങ്ങളിൽനിന്നുള്ള തീർഥാടകർ ഇവിടേക്കു പ്രവഹിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ ചുവരുകളെയും മലീമസമായ തെരുവുകളെയും ദ്രവിച്ചുകൊണ്ടിരിക്കുന്ന നാശാവശിഷ്ടങ്ങളെയുമൊക്കെ ആഴമായ താത്പര്യത്തോടും ഭക്ത്യാദരവോടും കൂടിയാണു ദശലക്ഷങ്ങൾ വീക്ഷിക്കുന്നത്. ആളുകളെ ആവേശഭരിതരാക്കാൻ പോന്ന ഇത്തരമൊരു സ്ഥലം വേറെയില്ല.”
റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയ്നിന്റെ കാലം മുതൽ എങ്കിലും വിശുദ്ധനാടിന്റെ വശ്യത ആളുകളെ ആകർഷിച്ചിട്ടുണ്ട്. a വിശുദ്ധനാടുമായി മതപരവും വ്യക്തിപരവുമായ ബന്ധം സ്ഥാപിക്കുന്നതിനായി ഏതാണ്ട് 1,500 വർഷക്കാലം തീർഥാടകർ വന്നുംപോയുമിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പണ്ഡിതന്മാരും ഈ തീർഥാടകരോടൊപ്പം കൂടി! അത് ബൈബിൾ പുരാവസ്തുശാസ്ത്ര യുഗത്തിനു നാന്ദികുറിച്ചു. പുരാതന വിശുദ്ധനാട്ടിലെ ശിൽപ്പങ്ങളെയും ജനതകളെയും സ്ഥലങ്ങളെയും ഭാഷകളെയും കുറിച്ചുള്ള പഠനമാണ് ബൈബിൾ പുരാവസ്തുശാസ്ത്രം.
പുരാവസ്തുശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ബൈബിൾ കാലങ്ങളുടെ വ്യത്യസ്ത സവിശേഷതകളെ കുറിച്ചു വർധിച്ച ഗ്രാഹ്യം പ്രദാനം ചെയ്തിരിക്കുന്നു. മാത്രമല്ല, പുരാവസ്തുശാസ്ത്രപരമായ രേഖകൾ പലപ്പോഴും ബൈബിൾ ചരിത്രവുമായി ഒത്തുവന്നിട്ടുമുണ്ട്. എന്നാൽ ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തിന് അത്തരം അറിവ് അത്യന്താപേക്ഷിതമാണോ? ഉത്തരത്തിനായി, അനേകം പുരാവസ്തു ഖനനങ്ങൾക്കു വിധേയമായ ഒരു സ്ഥലത്തേക്ക്, യെരൂശലേം നഗരത്തിലേക്കും അതിലെ ആലയത്തിലേക്കും, നമുക്കു ശ്രദ്ധ തിരിക്കാം.
‘കല്ലിന്മേൽ കല്ലു ശേഷിക്കയില്ല’
പൊ.യു. 33-ലെ വസന്തകാലം. യഹൂദ കലണ്ടർ അനുസരിച്ച് നീസാൻ 11-ന് യേശു അവസാനമായി യെരൂശലേമിലെ ആലയം വിട്ടുപോകുകയാണ്. യേശുവിനോടൊപ്പം അവന്റെ ശിഷ്യന്മാരിൽ ചിലരുമുണ്ട്. ഒലിവുമലയിലേക്കുള്ള യാത്രാമധ്യേ ശിഷ്യന്മാരിൽ ഒരാൾ പറഞ്ഞു: “ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി!”—മർക്കൊസ് 13:1.
ഈ വിശ്വസ്ത യഹൂദന്മാർക്ക് ദൈവത്തോടും അവന്റെ ആലയത്തോടും ആഴമായ സ്നേഹം ഉണ്ടായിരുന്നു. 15 നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ആ പ്രൗഢഗംഭീരമായ കെട്ടിട സമുച്ചയത്തിൽ അവർ അഭിമാനംകൊണ്ടിരുന്നു. എന്നാൽ തന്റെ ശിഷ്യനോടുള്ള യേശുവിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. “നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല” എന്ന് അവൻ പറഞ്ഞു.—മർക്കൊസ് 13:2.
ഇപ്പോൾ വാഗ്ദത്ത മിശിഹാ പ്രത്യക്ഷപ്പെട്ടിരിക്കെ, തന്റെ സ്വന്തം ആലയം നശിപ്പിക്കപ്പെടാൻ അനുവദിക്കുന്നതിന് ദൈവത്തിന് എങ്ങനെ കഴിയുമായിരുന്നു? പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ക്രമാനുഗതമായി മാത്രമേ യേശു പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർക്കു ഗ്രഹിക്കാൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെയെങ്കിൽ യേശുവിന്റെ വാക്കുകൾക്ക് ബൈബിൾ പുരാവസ്തുശാസ്ത്രവുമായി എന്തു ബന്ധമാണുള്ളത്?
ഒരു പുതിയ “നഗരം”
പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ, യഹൂദ ജനതയ്ക്ക് ദൈവമുമ്പാകെ ഉണ്ടായിരുന്ന അംഗീകൃത നില നഷ്ടപ്പെട്ടു. (മത്തായി 21:43) ഇത് കൂടുതൽ മഹത്തരമായ ഒന്നിന്—മുഴു മനുഷ്യവർഗത്തിനും അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു സ്വർഗീയ ഗവണ്മെന്റിന്—അടിത്തറ പാകി. (മത്തായി 10:7) യേശുവിന്റെ പ്രവചനത്തിനു ചേർച്ചയിൽ പൊ.യു. 70-ൽ യെരൂശലേമും അതിലെ ആലയവും നശിപ്പിക്കപ്പെട്ടു. പുരാവസ്തുശാസ്ത്രം ആ സംഭവത്തെ കുറിച്ചുള്ള ബൈബിൾരേഖയെ പിന്താങ്ങുന്നുണ്ട്. എങ്കിലും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, അവരുടെ വിശ്വാസം ആ പുരാതന ആലയത്തിന്റെ നാശാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നില്ല. അവരുടെ വിശ്വാസം മറ്റൊരു യെരൂശലേമിനെ, തികച്ചും വ്യത്യസ്തമായ ഒരു നഗരത്തെ കേന്ദ്രീകരിച്ചുള്ളതാണ്.
യെരൂശലേമിനെയും അതിലെ ആലയത്തെയും കുറിച്ചുള്ള യേശുവിന്റെ പ്രവചനം കേൾക്കുകയും അതിന്റെ നിവൃത്തി കാണാൻ ജീവിച്ചിരിക്കുകയും ചെയ്ത യോഹന്നാൻ അപ്പൊസ്തലന് പൊ.യു. 96-ൽ പിൻവരുന്ന ദർശനം ലഭിച്ചു: ‘പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നുതന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.’ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു: ‘അവൻ അവരോടുകൂടെ [മനുഷ്യരോടു കൂടെ] വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.’—വെളിപ്പാടു 21:2-5എ.
സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരായി ഭരിക്കാനിരിക്കുന്ന വിശ്വസ്ത ക്രിസ്ത്യാനികൾ അടങ്ങുന്നതാണ് ഈ “നഗരം.” അവരും യേശുവും ചേർന്നതാണ് സ്വർഗീയ ഗവണ്മെന്റ് അഥവാ ദൈവരാജ്യം. ഈ ഗവൺമെന്റ് ഭൂമിയെ ഭരിക്കുകയും സഹസ്രാബ്ദ വാഴ്ചക്കാലത്ത് മനുഷ്യവർഗത്തെ പൂർണതയിലേക്കു തിരികെ കൊണ്ടുവരികയും ചെയ്യും. (മത്തായി 6:10; 2 പത്രൊസ് 3:13) അതിന്റെ ഭാഗമാകാനിരുന്ന ഒന്നാം നൂറ്റാണ്ടിലെ യഹൂദ ക്രിസ്ത്യാനികൾ, ക്രിസ്തുവിനോടുകൂടെ സ്വർഗത്തിൽ ഭരിക്കുകയെന്ന പദവിയോടു തുലനം ചെയ്യാവുന്ന യാതൊന്നും യഹൂദ വ്യവസ്ഥിതിയിൽ ഇല്ലെന്നു തിരിച്ചറിഞ്ഞു.
യഹൂദമതത്തിൽ തനിക്കുണ്ടായിരുന്ന പ്രമുഖ സ്ഥാനത്തെ കുറിച്ച് എഴുതവേ, അവരുടെ വക്താവെന്ന നിലയിൽ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറഞ്ഞു: “എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും ചേതം എന്നു എണ്ണുന്നു.”—ഫിലിപ്പിയർ 3:7, 8.
അപ്പൊസ്തലനായ പൗലൊസിന് ദൈവത്തിന്റെ ന്യായപ്രമാണത്തോടും ആലയ ക്രമീകരണത്തോടും ആഴമായ ആദരവ് ഉണ്ടായിരുന്നതിനാൽ, അവൻ ഇത്തരം ദിവ്യ ക്രമീകരണങ്ങളെ പുച്ഛിക്കുകയായിരുന്നില്ല എന്നു വ്യക്തം. b (പ്രവൃത്തികൾ 21:20-24) ക്രിസ്തീയ ക്രമീകരണം യഹൂദ വ്യവസ്ഥിതിയെക്കാൾ ശ്രേഷ്ഠമാണെന്നു പ്രകടമാക്കുക മാത്രമായിരുന്നു പൗലൊസ്.
യഹൂദ വ്യവസ്ഥിതിയുടെ ആകർഷണീയമായ സവിശേഷതകളെ കുറിച്ച് പൗലൊസിനും ഒന്നാം നൂറ്റാണ്ടിലെ മറ്റു യഹൂദ ക്രിസ്ത്യാനികൾക്കും നല്ല ഗ്രാഹ്യം ഉണ്ടായിരുന്നു എന്നതിൽ സംശയമില്ല. പുരാവസ്തുശാസ്ത്രം കഴിഞ്ഞ കാലത്തിന്റെ ഇരുളിമയിലേക്കു വെളിച്ചം വീശുന്നതു നിമിത്തം ആ വിശദാംശങ്ങളിൽ ചിലത് ഇന്നു ക്രിസ്ത്യാനികൾക്കു മനസ്സിലാക്കാൻ കഴിയുന്നു. എന്നിരുന്നാലും തന്റെ ശ്രദ്ധ പ്രധാനമായും എന്തിൽ കേന്ദ്രീകരിക്കണം എന്നാണ് യുവാവായ തിമൊഥെയൊസിനോട് പൗലൊസ് പറഞ്ഞതെന്നു നോക്കുക: ‘[ക്രിസ്തീയ സഭയുമായി ബന്ധപ്പെട്ട] സംഗതികളെക്കുറിച്ചു ധ്യാനിച്ച് അവയിൽ ആമഗ്നനായിരിക്കുക, അങ്ങനെ നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രകടമാകട്ടെ.’—1 തിമൊഥെയൊസ് 4:15, NW.
ബൈബിൾ പുരാവസ്തുശാസ്ത്രം ബൈബിളിന്റെ പശ്ചാത്തലത്തെ കുറിച്ചുള്ള നമ്മുടെ അറിവു വർധിപ്പിച്ചിരിക്കുന്നു എന്നതു ശരിതന്നെ. എന്നിരുന്നാലും, മനുഷ്യർ കുഴിച്ചെടുത്തിരിക്കുന്ന തെളിവുകളിലല്ല, മറിച്ച് ദൈവവചനമായ ബൈബിളിലാണ് തങ്ങളുടെ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത് എന്ന് ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു.—1 തെസ്സലൊനീക്യർ 2:13; 2 തിമൊഥെയൊസ് 3:16, 17.
(g02 10/8)
[അടിക്കുറിപ്പുകൾ]
a യെരൂശലേമിലെ വിശുദ്ധസ്ഥലങ്ങൾ കണ്ടെത്തുന്നതിൽ തത്പരരായിരുന്നു കോൺസ്റ്റന്റയ്നും അദ്ദേഹത്തിന്റെ മാതാവ് ഹെല്ലനയും. ഹെല്ലന വ്യക്തിപരമായി യെരൂശലേം സന്ദർശിച്ചിട്ടുണ്ട്. തുടർന്നുവന്ന നൂറ്റാണ്ടുകളിൽ അനേകർ അവരുടെ പാത പിന്തുടർന്നു.
b ഒന്നാം നൂറ്റാണ്ടിൽ യെരൂശലേമിൽ ഉണ്ടായിരുന്ന യഹൂദ ക്രിസ്ത്യാനികൾ അൽപ്പകാലത്തേക്ക് മോശൈക ന്യായപ്രമാണത്തിന്റെ വ്യത്യസ്ത വശങ്ങൾ പ്രമാണിച്ചിരുന്നു. പിൻവരുന്ന കാരണങ്ങൾ നിമിത്തമായിരിക്കാം അവർ അങ്ങനെ ചെയ്തത്. ന്യായപ്രമാണം ദൈവത്തിൽനിന്ന് ഉള്ളതായിരുന്നു. (റോമർ 7:12, 14) അത് ഒരു സമ്പ്രദായമെന്ന നിലയിൽ യഹൂദ ജനത്തിനിടയിൽ വേരുറച്ചു പോയിരുന്നു. (പ്രവൃത്തികൾ 21:20) അത് ദേശത്തിന്റെ നിയമമായിരുന്നു. അതിനോടുള്ള വിരോധം ക്രിസ്തീയ സന്ദേശത്തോടുള്ള അനാവശ്യ എതിർപ്പിനു കാരണമാകുമായിരുന്നു.
[10-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: യെരൂശലേം 1920-ൽ; യഹൂദ ഉപയോഗത്തിനുള്ള റോമൻ നാണയം, പൊ.യു. 43; സാധ്യതയനുസരിച്ച് ശലോമോന്റെ ആലയത്തിൽനിന്നുള്ള ഒരു ദന്തനിർമിത മാതളനാരങ്ങ, പൊ.യു.മു. എട്ടാം നൂറ്റാണ്ട്
[കടപ്പാട്]
പേജുകൾ 2, 10: നാണയം: Photograph © Israel Museum, Jerusalem; courtesy of Israel Antiquities Authority; മാതളനാരങ്ങ: Courtesy of Israel Museum, Jerusalem