സമാധാനം തേടി മതങ്ങൾ അസ്സീസിയിൽ സമ്മേളിക്കുന്നു
സമാധാനം തേടി മതങ്ങൾ അസ്സീസിയിൽ സമ്മേളിക്കുന്നു
“അക്രമം അവസാനിക്കട്ടെ! യുദ്ധം അവസാനിക്കട്ടെ! ഭീകരപ്രവർത്തനം അവസാനിക്കട്ടെ! ഭൂമിയിൽ നീതിയും സമാധാനവും ക്ഷമയും ജീവനും സ്നേഹവും സാധ്യമാക്കിത്തീർക്കാൻ സകല മതങ്ങളും ദൈവത്തിന്റെ നാമത്തിൽ യത്നിക്കട്ടെ!”—ജോൺ പോൾ രണ്ടാമൻ പാപ്പാ.
ഇറ്റലിയിലെ അസ്സീസി. 2002 ജനുവരി 24-ന് ലോകത്തിലെ സംഘടിത മതങ്ങളുടെ പ്രതിനിധികൾ സമാധാനത്തിന്—ഭീകരപ്രവർത്തനം, അസഹിഷ്ണുത അനീതി എന്നിവ മൂലം അപകടത്തിലായിരിക്കുന്ന സമാധാനത്തിന്—വേണ്ടി പ്രാർഥിക്കാൻ അവിടെ കൂടിവന്നു. പാപ്പാ ആയിരുന്നു ആ യോഗം വിളിച്ചുകൂട്ടിയത്, ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ തകർക്കപ്പെട്ട് ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ. മതനേതാക്കന്മാരിൽ അനേകരും വത്തിക്കാന്റെ ക്ഷണം ഉത്സാഹപൂർവം സ്വീകരിച്ചു.
ഇതിനു മുമ്പ് രണ്ടു തവണ—1986-ലും 1993-ലും—ഇറ്റലിയിലെ ഇതേ പട്ടണത്തിൽ പാപ്പായുടെ ആഹ്വാനപ്രകാരം പ്രാർഥനാ ദിനങ്ങൾ ആചരിക്കപ്പെട്ടിട്ടുണ്ട്. a 2002-ലെ യോഗത്തിനു സാക്ഷ്യം വഹിക്കാൻ ലോകമെമ്പാടുനിന്നും ആയിരത്തിലധികം പത്രപ്രവർത്തകർ എത്തിച്ചേർന്നു. വിവിധ മതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള സമാധാന പ്രാർഥനകൾ അർപ്പിക്കപ്പെട്ടു. ക്രൈസ്തവ മതം (കത്തോലിക്കർ, ലൂഥറൻകാർ, ആംഗ്ലിക്കൻ സഭക്കാർ, ഓർത്തഡോക്സുകാർ, മെഥഡിസ്റ്റുകാർ, ബാപ്റ്റിസ്റ്റുകാർ, പെന്തക്കോസ്തുകാർ, മെനൊനൈറ്റ് വിഭാഗക്കാർ, ക്വേക്കർ സഭക്കാർ തുടങ്ങിയവർ), ഇസ്ലാം, ഹിന്ദു മതം, കൺഫ്യൂഷ്യസ് മതം, സിക്കു മതം, ജൈന മതം, ടെന്റിക്യോ, ബുദ്ധ മതം, യഹൂദ മതം, പരമ്പരാഗത ആഫ്രിക്കൻ മതങ്ങൾ, ഷിന്റോ മതം, സൊറാസ്ട്രിയൻ മതം തുടങ്ങി പല മതങ്ങളുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നു. കൂടാതെ ലോക സഭാ സമിതിയുടെ ഒരു പ്രതിനിധിയും ഉണ്ടായിരുന്നു.
സമാധാനത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രസ്താവനകൾ
രാവിലെ 8:40-ന് ‘സമാധാന സംഘത്തെ’ വഹിച്ചുകൊണ്ടുള്ള ട്രെയിൻ വത്തിക്കാനിലെ ചെറിയ റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ടു. എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ ഏഴു ബോഗികളാണ് അതിലുണ്ടായിരുന്നത്. യാത്രക്കാരുടെ സംരക്ഷണാർഥം രണ്ടു ഹെലിക്കോപ്റ്ററുകൾ അതിനെ പിന്തുടർന്നു. രണ്ടു മണിക്കൂർ നേരത്തെ യാത്രയ്ക്കുശേഷം പാപ്പായും മറ്റു മതനേതാക്കന്മാരും അസ്സീസിയിൽ എത്തി. അവിടെ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു—ആയിരത്തോളം പോലീസുകാർ അതീവ ജാഗ്രതയോടെ കാവൽനിന്നു.
പട്ടണത്തിലെ ഒരു പുരാതന ചത്വരത്തിൽ ഒരുക്കിയിരുന്ന വലിയ പന്തലിലാണു മതനേതാക്കന്മാർ കൂടിവന്നത്. ‘V’ ആകൃതിയിലുള്ള ഒരു വലിയ ചെമന്ന സ്റ്റേജിലാണ് മത പ്രതിനിധികൾക്കുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരുന്നത്. മധ്യത്തിലായിരുന്നു പാപ്പായുടെ ഇരിപ്പിടം. സ്റ്റേജിന്റെ ഒരു വശത്ത് സമാധാനത്തിന്റെ പ്രതീകമായി ഒരു ഒലിവു വൃക്ഷം ഉണ്ടായിരുന്നു. ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത 2,000-ത്തിലധികം അതിഥികൾ സദസ്സിൽ ഉണ്ടായിരുന്നു. ഇറ്റലിയിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥന്മാരിൽ ചിലരായിരുന്നു മുൻനിരയിൽ. പ്രഭാഷണങ്ങൾക്കിടയിൽ മതിപ്പുളവാക്കും വിധത്തിലുള്ള സമാധാന കീർത്തനങ്ങൾ ആലപിക്കപ്പെട്ടു. പട്ടണത്തിന്റെ ഇതര ഭാഗങ്ങളിൽ ആയിരക്കണക്കിന് ആളുകൾ, വിശേഷിച്ചും യുവജനങ്ങൾ, പല ഭാഷകളിൽ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിക്കുകയും സമാധാനത്തെ കുറിച്ചുള്ള ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. പലരുടെയും കൈയിൽ ഒലിവ് വൃക്ഷത്തിന്റെ ശാഖകൾ കാണാമായിരുന്നു.
സ്റ്റേജിൽ ആസനസ്ഥനായശേഷം, പാപ്പാ കൂടിവന്ന വ്യത്യസ്ത മതപ്രതിനിധികളെ സ്വാഗതം ചെയ്തു. തുടർന്ന്, യെശയ്യാവു 2:4-നെ—‘ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ലാത്ത’ കാലം വരുമെന്ന പ്രവചനത്തെ—ആസ്പദമാക്കിയുള്ള ഒരു കീർത്തനം ലത്തീനിൽ ആലപിക്കപ്പെട്ട ശേഷം വ്യതിരിക്ത മത വേഷങ്ങൾ അണിഞ്ഞ പന്ത്രണ്ടു പ്രതിനിധികൾ ഔദ്യോഗിക സമാധാന പ്രഖ്യാപനങ്ങൾ നടത്തി. ചില ഉദാഹരണങ്ങളാണു താഴെ കൊടുക്കുന്നത്.
“ഈ ചരിത്രപ്രധാന വേളയിൽ മനുഷ്യവർഗം സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കാണുകയും പ്രത്യാശ പകരുന്ന വാക്കുകൾ കേൾക്കുകയും ചെയ്യേണ്ടതുണ്ട്.”—കർദിനാൾ ഫ്രാൻസ്വാ ഗ്സാവ്യേ നുവീയേൻ വാൻ ടൂവാൻ.
ദൈവം “യുദ്ധത്തിന്റെയും കലഹത്തിന്റെയും ദൈവമല്ല, മറിച്ച് സമാധാനത്തിന്റെ ദൈവമാണ്.”—എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബാർത്തൊലൊമേയുസ് ഒന്നാമൻ.
“മത ഭിന്നതകളുടെ പേരിൽ [ആളുകൾ] മറ്റുള്ളവരെ അവഗണിക്കുകയോ വെറുക്കുകയോ ചെയ്യരുത്.”—ഡോ. സേറ്റ്രി നീയോമി, നവീകൃത സഭകളുടെ ലോക സഖ്യം.
“മനുഷ്യർക്കിടയിൽ യഥാർഥ സമാധാനം കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമായ രണ്ടു തൂണുകളാണ് നീതിയും സഹോദരസ്നേഹവും.”—പരമ്പരാഗത ആഫ്രിക്കൻ മതങ്ങളുടെ പ്രതിനിധിയായി എത്തിയ മൂപ്പൻ ആമാഡൂ ഗസെറ്റോ.
“സമാധാനം മാത്രമാണു വിശുദ്ധം, യുദ്ധം ഒരിക്കലും വിശുദ്ധമല്ല!”—ആൻഡ്രേയ റിക്കാർഡോ, കത്തോലിക്ക സഭ.
അസഹിഷ്ണുതയെയും യുദ്ധത്തെയും ഊട്ടിവളർത്തുന്നതിൽ മതങ്ങൾ വളരെ വലിയ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ചില പ്രതിനിധികൾ തുറന്നു സമ്മതിച്ചു. “മതമൗലികവാദികൾ ഊതിക്കത്തിച്ച വിദ്വേഷത്തിന്റെ ചൂടേറ്റ്” ലോകം “നീറിപ്പുകയുകയാണ്” എന്ന് ലൂഥറൻ ലോക ഫെഡറേഷന്റെ പ്രതിനിധി അഭിപ്രായപ്പെട്ടു. ഒരു യഹൂദമത പ്രതിനിധി പറഞ്ഞു: “നിഷ്ഠുരവും രക്തപങ്കിലവുമായ ഒട്ടനവധി യുദ്ധങ്ങൾക്ക് മതങ്ങൾ കാരണമായിട്ടുണ്ട്.” “രക്ഷകന്റെ കുപ്പായമണിഞ്ഞ് എത്തുന്നവർ അധികാരം കയ്യാളാനും ഭിന്നിപ്പുണ്ടാക്കാനും ഉള്ള ഉപകരണമായി മതത്തെ ഉപയോഗിച്ചിട്ടുള്ളതിന്റെ എത്രയോ ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്” എന്ന് ഒരു ഹൈന്ദവ പ്രതിനിധി പ്രഖ്യാപിച്ചു.
ഭീകരപ്രവർത്തനത്തെയും യുദ്ധത്തെയും ഔദ്യോഗികമായി അപലപിച്ച ശേഷം പ്രതിനിധികൾ എല്ലാവരും സമാധാനത്തിനായി അവരവരുടെ ദൈവത്തോടു യാചിക്കുന്നതിന് തങ്ങൾക്കു നിയമിച്ചിരുന്ന സ്ഥാനങ്ങളിലേക്കു പോയി.
സമാധാന പ്രാർഥനകൾ
ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ സെന്റ് ഫ്രാൻസിസ് പള്ളിയുടെ താഴത്തെ ബസിലിക്കയിൽ—പള്ളിക്ക് ആ പേര് വരാൻ കാരണമായ ശവകുടീരം അതിന് അടുത്താണു സ്ഥിതിചെയ്യുന്നത്—പ്രാർഥനയ്ക്കായി ഒരുമിച്ചു കൂടി. പാപ്പായും മറ്റു മൂന്നു പ്രതിനിധികളും “ത്രിത്വദൈവത്തെ സംബോധന ചെയ്തുകൊണ്ട്” പ്രാരംഭപ്രാർഥന നടത്തി. പ്രാർഥനകൾക്കിടയിൽ കീർത്തന ആലാപനവും സമാധാനത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള ശ്ലോകം ചൊല്ലലും അതേ വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിൾ വായനയും ഉണ്ടായിരുന്നു. “വിഭജിതമല്ലാത്ത ഒരു വിശ്വാസം” സ്ഥാപിക്കപ്പെടണമെന്ന അപേക്ഷ ഉൾക്കൊള്ളുന്നതായിരുന്നു ഒരു പ്രാർഥന. സമാപനത്തിങ്കൽ കൂടിവന്നവർ എല്ലാവരും മത്തായി 6-ാം അധ്യായം 9 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ കാണുന്ന സ്വർഗസ്ഥനായ പിതാവേ എന്നു തുടങ്ങുന്ന പ്രാർഥന ലത്തീനിൽ ചൊല്ലി.
അതേസമയം മറ്റു മതങ്ങളുടെ പ്രതിനിധികൾ വെവ്വേറെ സ്ഥാനങ്ങളിൽ അവരുടെ പ്രാർഥനകളിൽ മുഴുകിയിരുന്നു. ഒരു ഹാളിൽ മുസ്ലീങ്ങൾ പരവതാനി വിരിച്ച തറയിൽ മെക്കയുടെ ദിശയിലേക്കു തിരിഞ്ഞ് മുട്ടുകുത്തിനിന്ന് അള്ളാഹുവിനോടു പ്രാർഥിച്ചു. ജൈന മതക്കാരുടെയും കൺഫ്യൂഷ്യസ് മതക്കാരുടെയും സമീപത്തായി പ്രാർഥിച്ചുകൊണ്ടിരുന്ന സൊറാസ്ട്രിയൻ മതക്കാർ പവിത്രാഗ്നി കൊളുത്തി. പരമ്പരാഗത ആഫ്രിക്കൻ മതങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ പൂർവികരുടെ ആത്മാക്കളോടു പ്രാർഥിച്ചു. ഹിന്ദുക്കൾ സമാധാനത്തിനുവേണ്ടി തങ്ങളുടെ ദൈവങ്ങളോട് അപേക്ഷിച്ചു. എല്ലാവരും അവരവരുടെ ആചാരപ്രകാരം സ്വന്തം ദൈവങ്ങളോടു പ്രാർഥിച്ചു.
സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന പൊതു പ്രതിജ്ഞ
പരിപാടിയുടെ സമാപന ചടങ്ങുകൾക്കായി പ്രതിനിധി സംഘങ്ങൾ വീണ്ടും പന്തലിൽ ഒത്തുകൂടി. സമാധാന പ്രതീക്ഷയെ പ്രതിനിധാനം ചെയ്യുന്ന എരിയുന്ന വിളക്കുകൾ ക്രൈസ്തവ സന്ന്യാസിമാർ പ്രതിനിധികൾക്കു കൈമാറി. പ്രൗഢഗംഭീരമായ ഒരു രംഗമായിരുന്നു അത്. തുടർന്ന് വിവിധ പ്രതിനിധികൾ സമാധാനത്തിനായി പ്രവർത്തിക്കുമെന്ന ഒരു പൊതു പ്രതിജ്ഞ വായിച്ചു. ഓരോരുത്തരും അതിനോട് അനുബന്ധിച്ച് വ്യത്യസ്ത പ്രസ്താവനകൾ നടത്തി.
“സമാധാനം സ്ഥാപിക്കുന്നതിന് അയൽക്കാരനെ സ്നേഹിക്കേണ്ടതുണ്ട്.”—എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബാർത്തൊലൊമേയുസ് ഒന്നാമൻ.
“അക്രമവും ഭീകരപ്രവർത്തനവും മതത്തിന്റെ അന്തഃസത്തയുമായി യോജിപ്പിലല്ല.”—ഡോ. കൊൺറാട്ട് റൈസെ, ലോക സഭാ സമിതിയുടെ പ്രതിനിധി.
“പരസ്പര ആദരവും ബഹുമാനവും വളർത്തിയെടുക്കാൻ ആളുകളെ പഠിപ്പിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.”—ബായ് സായിബ്ജി മോഹീന്ദർ സിംഗ്, സിക്കു മത പ്രതിനിധി.
“നീതി നടപ്പാക്കാതെയുള്ള സമാധാനം യഥാർഥ സമാധാനമല്ല.”—ഓർത്തഡോക്സ് ബിഷപ്പ് വാസില്യോസ്.
ഒടുവിൽ, പാപ്പാ ഈ ലേഖനത്തിന്റെ ആമുഖത്തിൽ കാണുന്ന വാക്കുകൾ വായിച്ചു. പിന്നീട് സമാധാനത്തിന്റെ പ്രതീകമായി പ്രതിനിധികൾ പരസ്പരം ആലിംഗനം ചെയ്തു. ശ്രദ്ധാപൂർവം തയ്യാറാക്കിയ വിശിഷ്ട പ്രസ്താവനകൾ ഉൾപ്പെട്ട ആഘോഷകരമായ ചടങ്ങിന് അങ്ങനെ പരിസമാപ്തി കുറിക്കപ്പെട്ടു. മതിപ്പാർന്ന ഈ പരിപാടിയോടുള്ള പുറംലോകത്തിന്റെ പ്രതികരണം എന്തായിരുന്നു?
‘വാക്കുകൾക്കു ചേർച്ചയിലുള്ള പ്രവൃത്തികൾ ഉണ്ടാകുമോ?’
ഇത്തരം ഒരു യോഗം സംഘടിപ്പിക്കാൻ മുൻകൈയെടുത്തതിന് വർത്തമാനപ്പത്രങ്ങളും ടെലിവിഷനും പാപ്പായെ വാനോളം പുകഴ്ത്തി. ചിലർ പാപ്പായെ “മുഴു ക്രൈസ്തവലോകത്തിന്റെയും വക്താവ്” എന്നുവരെ വിശേഷിപ്പിച്ചു. വത്തിക്കാൻ പത്രമായ ലൊസ്സേർവാറ്റോറേ റോമാനോ അസ്സീസിയിലെ ആ ദിനത്തെ “സമാധാനപൂർണമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിലേക്കുള്ള പാതയിലെ ഒരു നാഴികക്കല്ല്” എന്നു വിശേഷിപ്പിച്ചു. കൊറിയറേ ഡെൽ ഉമ്പ്രിയാ എന്ന പത്രത്തിൽ പിൻവരുന്ന തലക്കെട്ട് പ്രത്യക്ഷപ്പെട്ടു: “അസ്സീസിയിൽ സമാധാന ദീപം തെളിയുന്നു.”
എന്നാൽ എല്ലാ നിരീക്ഷകരും അത്ര ആവേശഭരിതരായിരുന്നില്ല. 1986-ലെയും 1993-ലെയും സമാധാനത്തിനു വേണ്ടിയുള്ള ഇത്തരം പ്രാർഥനാ ദിനങ്ങൾക്കു ശേഷവും മതത്തിന്റെ പേരിൽ നടക്കുന്ന യുദ്ധങ്ങൾക്കു കുറവൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ചിലർ യോഗം അതിന്റെ ഉദ്ദേശ്യം സാധിക്കുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. മതപരമായ വിദ്വേഷം ഉഗാണ്ട, മുൻ യൂഗോസ്ലാവിയ, ഇന്തൊനീഷ്യ, പാകിസ്ഥാൻ, മധ്യപൂർവ ദേശങ്ങൾ, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ രക്തപങ്കിലമായ പോരാട്ടങ്ങൾ ഇളക്കിവിട്ടിരിക്കുന്നു.
ചില വിമർശകർ യോഗത്തെ “വെറും പ്രഹസനം” എന്നു പറഞ്ഞ് തള്ളിക്കളഞ്ഞതായി ഇറ്റാലിയൻ പത്രമായ ലാ റേപ്പൂബ്ലിക്കാ റിപ്പോർട്ടു ചെയ്തു. സമാധാനം ഉന്നമിപ്പിക്കണമെങ്കിൽ മതവിശ്വാസികളായ ആളുകൾ “സുവിശേഷം പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതുണ്ട്,” അതായത് “ശത്രുക്കളെ സ്നേഹിക്കുക, മറ്റേ ചെകിടും കൂടെ
കാണിച്ചുകൊടുക്കുക” എന്നിങ്ങനെയുള്ള തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കേണ്ടതുണ്ട് എന്ന് ഒരു യൂറോപ്യൻ പാർലമെന്റ് അംഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ “ആരും ചെയ്യാത്ത” ഒരു കാര്യമാണ് അത്.ഇറ്റലിയിലെ യഹൂദ സമുദായങ്ങളുടെ പ്രസിഡന്റ് പറഞ്ഞു: “ഇനിയിപ്പോൾ എന്താണു സംഭവിക്കുന്നതെന്ന്, വാക്കുകൾക്കു ചേർച്ചയിലുള്ള പ്രവൃത്തികളും യഥാർഥ മാറ്റവും ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.” സമാനമായി, “സമാധാന ആഹ്വാനങ്ങൾ വെറും സദുദ്ദേശ്യങ്ങളായി അവശേഷിക്കുന്നില്ലെന്ന്” ഉറപ്പാക്കേണ്ടതുണ്ട് എന്ന് ഇറ്റലിയിലെ ബുദ്ധമതക്കാരുടെ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇറ്റാലിയൻ മാസികയായ ലെസ്പ്രെസ്സോയുടെ ഒരു ലേഖകൻ അസ്സീസിയിലെ യോഗം അവിടെ കൂടിവന്ന ക്രൈസ്തവ മതങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു ഉദ്ദേശ്യം സാധിച്ചതായി പറഞ്ഞു. അദ്ദേഹം അതിനെ “മതപരമായ അസംതൃപ്തി, അച്ചടക്കരാഹിത്യം, അവിശ്വാസം എന്നിവയെ ചെറുക്കാനും” “ക്രൈസ്തവ പാരമ്പര്യം” വകവെക്കാതെ യൂറോപ്പിനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന മതേതരത്വത്തെ എതിർക്കാനും “നടത്തപ്പെട്ട കൂട്ടായ ഒരു ശ്രമം” എന്നു വിളിച്ചു.
സഭാ പഠിപ്പിക്കലുകളിൽ വെള്ളം ചേർക്കപ്പെടുമെന്നു ഭയക്കുന്ന പരമ്പരാഗത ചിന്താഗതിക്കാരായ കത്തോലിക്കരായിരുന്നു പരിപാടിയെ ഏറ്റവുമധികം വിമർശിച്ചവരിൽ ചിലർ. പ്രസിദ്ധ കത്തോലിക്ക ലേഖകൻ വിറ്റോറ്യോ മെസോറി, അസ്സീസിയിലെ യോഗം മതങ്ങൾ തമ്മിലുള്ള അന്തരം അവ്യക്തമായിത്തീരുന്നതിന് ഇടയാക്കിയേക്കാം എന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ഒരു മത സങ്കലനം നടക്കുകയാണെന്ന ധാരണ ഒഴിവാക്കാൻ മത അധികാരികൾ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നു. പാപ്പാ തന്നെ അത്തരം ആരോപണങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന നടത്തി. എന്നിരുന്നാലും പരിപാടി നടത്തപ്പെട്ട രീതിതന്നെ, വ്യത്യസ്ത മതങ്ങൾ ഒരേ പരമോന്നത ശക്തിയെ സമീപിക്കാനുള്ള വ്യത്യസ്ത പാതകൾ മാത്രമാണെന്ന സൂചന നൽകിയതായാണു പലർക്കും തോന്നിയത്.
മതവും സമാധാനവും
എന്നാൽ സമാധാനം കൈവരുത്താൻ സംഘടിത മതങ്ങൾക്ക് എന്താണു ചെയ്യാനാവുക? അത്തരമൊരു ചോദ്യംതന്നെ വിചിത്രമാണെന്നു ചിലർക്കു തോന്നുന്നു. കാരണം മതങ്ങൾ കൂടുതലും യുദ്ധം നിറുത്തലാക്കുന്നതിനു പകരം അവയെ പ്രോത്സാഹിപ്പിക്കുന്നതായാണു കാണുന്നത്. യുദ്ധത്തിനു തിരികൊളുത്താനായി ലൗകിക ഭരണാധികാരികൾ മതത്തെ ഉപയോഗിച്ചിരിക്കുന്നതിനെ കുറിച്ചുള്ള ചരിത്രരേഖകൾ ഉണ്ട്. അപ്പോൾ ചോദ്യമിതാണ്: ഭരണാധികാരികളുടെ താളത്തിനൊത്തു തുള്ളാൻ മതങ്ങൾ തയ്യാറായിരിക്കുന്നത് എന്തുകൊണ്ടാണ്?
ക്രൈസ്തവ മതങ്ങൾക്കെങ്കിലും യുദ്ധവുമായി ബന്ധപ്പെട്ട രക്തപാതക കുറ്റം ഒഴിവാക്കാനാകുമായിരുന്നു—തങ്ങൾക്കു ലഭിച്ചിട്ടുള്ള ഒരു ദിവ്യനിയമം അനുസരിച്ചിരുന്നെങ്കിൽ. തന്റെ അനുഗാമികൾ ‘ഈ ലോകത്തിന്റെ ഭാഗം ആയിരിക്കില്ല’ എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 15:19; 17:16, NW) ക്രൈസ്തവലോകത്തിലെ മതങ്ങൾ ആ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ, അവ രാഷ്ട്രീയ ശക്തികളുമായി കൈകോർക്കുകയോ യുദ്ധത്തെയും യുദ്ധസൈന്യങ്ങളെയും അംഗീകരിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യുമായിരുന്നില്ല.
വാസ്തവത്തിൽ, അസ്സീസിയിൽ നടത്തപ്പെട്ട വിശിഷ്ട പ്രസ്താവനകൾക്കൊത്തു ജീവിക്കണമെങ്കിൽ മതനേതാക്കന്മാർ രാഷ്ട്രീയ ശക്തികളിൽനിന്നു വിട്ടുനിൽക്കേണ്ടതുണ്ട്. കൂടാതെ, അവർ തങ്ങളുടെ അനുയായികളെ സമാധാനമാർഗം പഠിപ്പിക്കുകയും വേണം. എന്നാൽ ലോകത്തിൽ അക്രമങ്ങൾ നടത്തുന്നവരിൽ അനേകരും ദൈവത്തിൽ വിശ്വസിക്കുന്നവർ—അഥവാ വിശ്വസിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നവർ—ആണെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. അടുത്ത കാലത്ത് ഒരു വർത്തമാനപത്രത്തിന്റെ മുഖപ്രസംഗം ഇങ്ങനെ പറഞ്ഞു: “സെപ്റ്റംബർ 11-നെ തുടർന്ന്, നടുക്കുന്നതെങ്കിലും ചിന്തോദ്ദീപകമായ ഈ വാക്കുകൾ ആരോ വാഷിങ്ടൺ ഡി.സി.-യിലെ ഒരു ചുവരിൽ കുത്തിക്കുറിച്ചു: ‘പ്രിയപ്പെട്ട ദൈവമേ, നിന്നിൽ വിശ്വസിക്കുന്നവരുടെ കൈയിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ.’”
ആർഭാടാഘോഷങ്ങളോടെ അസ്സീസിയിൽ നടത്തപ്പെട്ട യോഗം വിഷമമേറിയ ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചു. അവയിൽ മതവിശ്വാസികളായ പലരെയും ഏറ്റവുമധികം അലട്ടുന്നതും അവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതുമായ ചോദ്യം ഒരുപക്ഷേ ഇതായിരിക്കാം: ലോകമതങ്ങൾ സമാധാനത്തിനായി നടത്തിയിരിക്കുന്ന പ്രാർഥനകൾ ചെവിക്കൊള്ളാൻ ദൈവം ഇതുവരെ വിസമ്മതിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? (g02 10/22)
[അടിക്കുറിപ്പ്]
a 1986-ലെ സമാധാനത്തിനായുള്ള പ്രാർഥനാ ദിനത്തെ കുറിച്ച് കൂടുതൽ അറിയാൻ ദയവായി 1988 ജൂൺ 8-ലെ ഉണരുക! കാണുക.
[7-ാം പേജിലെ ചിത്രം]
സമാധാന പ്രതീക്ഷയുടെ പ്രതീകങ്ങളായ എരിയുന്ന വിളക്കുകളേന്തിയ പ്രതിനിധികൾ
[കടപ്പാട്]
AP Photo/Pier Paolo Cito
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
AP Photo/Pier Paolo Cito