വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹരം തേടുന്നവർ—ജീവന്മരണ കളികളോടുള്ള ആസക്തി എന്തുകൊണ്ട്‌?

ഹരം തേടുന്നവർ—ജീവന്മരണ കളികളോടുള്ള ആസക്തി എന്തുകൊണ്ട്‌?

ഹരം തേടു​ന്നവർ—ജീവന്മരണ കളിക​ളോ​ടുള്ള ആസക്തി എന്തു​കൊണ്ട്‌?

രംഗം ഒരു പുരാതന റോമൻ ഗോദ. മത്സരം തുടങ്ങു​ന്ന​തും കാത്ത്‌ അതീവ ഉത്സാഹ​ത്തോ​ടെ ഇരിക്കുന്ന അരലക്ഷ​ത്തോ​ളം വരുന്ന കാണികൾ. ദിവസ​ങ്ങ​ളാ​യി അവരുടെ ആകാംക്ഷ ഏറിവ​രി​ക​യാ​യി​രു​ന്നു. “ഒരിക്ക​ലും നഷ്ടപ്പെ​ടു​ത്ത​രു​താത്ത ഹരം പകരുന്ന രംഗങ്ങൾ” നിറഞ്ഞ​താ​യി​രി​ക്കും അരങ്ങേ​റുന്ന മത്സരം എന്ന്‌ വിപു​ല​മായ പ്രചാ​രണം നടന്നി​രു​ന്നു.

ഇന്ദ്രജാല പ്രകട​നങ്ങൾ, ആംഗ്യ​നാ​ട​കങ്ങൾ, കോമാ​ളി​ക്കൂ​ത്തു​കൾ, ഹാസ്യ​നാ​ട​കങ്ങൾ തുടങ്ങി​യവ സ്ഥലത്തെ പ്രദർശന ശാലക​ളി​ലേക്ക്‌ ആൾക്കൂ​ട്ട​ങ്ങളെ ആകർഷി​ക്കാ​റു​ണ്ടെ​ങ്കി​ലും ഗോദ​യി​ലെ പ്രകട​നങ്ങൾ ‘ഒന്നു വേറെ തന്നെയാ​യി​രി​ക്കും.’ പരുക്കൻ ഇരിപ്പി​ട​ത്തിൽ ഇരിക്കു​ന്ന​തി​ന്റെ അസ്വസ്ഥ​ത​യും അന്നേദി​വ​സത്തെ ആകുല​ത​ക​ളു​മെ​ല്ലാം അരങ്ങേ​റാ​നി​രി​ക്കുന്ന, ഹരം കൊള്ളി​ക്കുന്ന പ്രകട​ന​ങ്ങൾക്കു മുന്നിൽ വിസ്‌മ​രി​ക്ക​പ്പെ​ടും.

അതാ ഗായകർ എത്തിക്ക​ഴി​ഞ്ഞു, പിന്നാലെ വിശേ​ഷ​വ​സ്‌ത്രം ധരിച്ച പുരോ​ഹി​ത​നും. തുടർന്ന്‌ ധൂപം കാട്ടു​ന്നവർ ദേവീ​ദേവ വിഗ്ര​ഹ​ങ്ങ​ളു​ടെ ഒരു നീണ്ട നിര തന്നെ എഴുന്ന​ള്ളി​ച്ചു​കൊ​ണ്ടു​വന്നു. ഇത്‌ മത്സരത്തി​നു ദിവ്യാം​ഗീ​കാ​രം ഉണ്ടെന്ന പ്രതീതി ജനിപ്പി​ച്ചു.

മൃഗങ്ങ​ളു​ടെ കശാപ്പ്‌

അടുത്ത​താ​യി ഗംഭീ​ര​മായ വിനോ​ദ​പ​രി​പാ​ടി​ക​ളാണ്‌. ആദ്യം, കാണി​ക​ളിൽ അധിക​മാ​രും കണ്ടിട്ടി​ല്ലാത്ത ഒട്ടകപ്പ​ക്ഷി​ക​ളെ​യും ജിറാ​ഫു​ക​ളെ​യും ഗോദ​യി​ലേക്ക്‌ അഴിച്ചു​വി​ട്ടു, അവയ്‌ക്കു രക്ഷപ്പെ​ടാ​നാ​വില്ല. തുടർന്ന്‌ കുറെ വില്ലാ​ളി​വീ​ര​ന്മാർ കാണി​കൾക്കു ഹരം പകർന്നു​കൊണ്ട്‌ ആ മിണ്ടാ​പ്രാ​ണി​കളെ ഒന്നൊ​ഴി​യാ​തെ അമ്പെയ്‌തു കൊന്നു.

കൊമ്പു​ക​ളിൽ കൂർത്ത ഇരുമ്പു​മു​നകൾ പിടി​പ്പിച്ച രണ്ടു ഗജവീ​ര​ന്മാർ തമ്മിലുള്ള ജീവന്മരണ പോരാ​ട്ട​മാണ്‌ ഉന്മത്തരായ കാണി​കൾക്കുള്ള അടുത്ത വിഭവം. മാരക​മാ​യി മുറി​വേറ്റ്‌ അതി​ലൊ​രെണ്ണം ചോര​യിൽ കുതിർന്ന മണലിൽ ചെരി​ഞ്ഞ​പ്പോൾ കാണികൾ മതിമ​റന്നു ഹർഷാ​രവം മുഴക്കി. ഈ രംഗം കാഴ്‌ച​ക്കാ​രു​ടെ തൃഷ്‌ണയെ ഒന്നുകൂ​ടെ വർധി​പ്പി​ച്ച​തേ​യു​ള്ളൂ. മുഖ്യ പ്രകടനം ഏതാനും നിമി​ഷ​ങ്ങൾക്കു​ള്ളിൽ വരാനി​രി​ക്കു​ക​യാണ്‌.

മുഖ്യ പ്രകടനം

വലിയ കൊട്ടും​കു​ര​വ​യു​മാ​യി മല്ലന്മാർ പോർക്ക​ള​ത്തി​ലേക്കു കടന്നു​വ​രവേ, ആവേശ​ത്താൽ മത്തുപി​ടിച്ച ജനം ചാടി എഴു​ന്നേറ്റു. ചിലർ ലോഹം​കൊ​ണ്ടുള്ള ശിരസ്‌ത്രം അണിഞ്ഞ്‌ വാളും പരിച​യും കുന്തവും ഒക്കെ പിടി​ച്ചു​കൊ​ണ്ടാ​ണു വരുന്നത്‌; മറ്റുചി​ലർക്കാ​കട്ടെ ആയുധങ്ങൾ കുറവാണ്‌, പടച്ചട്ട​ക​ളൊ​ന്നു​മി​ല്ല​താ​നും. കാണികൾ ആർപ്പി​ടവേ ഒരാളോ രണ്ടു​പേ​രു​മോ മരിക്കും വരെ ആ ദ്വന്ദ്വ​യു​ദ്ധം തുടരു​ന്നു. നൂറു ദിവസത്തെ അത്തരം ഒരു പ്രദർശ​ന​ത്തിൽ അയ്യായി​രം മൃഗങ്ങളെ അതി​ക്രൂ​ര​മാ​യി കൊന്നു​വെന്ന്‌ രേഖകൾ കാണി​ക്കു​ന്നു. മറ്റൊ​ന്നിൽ പതിനാ​യി​രം മല്ലന്മാ​രാണ്‌ മരിച്ചു​വീ​ണത്‌. അതു​കൊ​ണ്ടൊ​ന്നും തൃപ്‌തി വരാഞ്ഞ കാണികൾ അപ്പോ​ഴും കൂടുതൽ രക്തച്ചൊ​രി​ച്ചി​ലു​കൾക്കാ​യി മുറവി​ളി​കൂ​ട്ടു​ക​യാ​യി​രു​ന്നു.

കുറ്റവാ​ളി​ക​ളെ​യും യുദ്ധത്ത​ട​വു​കാ​രെ​യു​മാണ്‌ ദ്വന്ദ്വ​യു​ദ്ധ​ത്തി​നുള്ള പോരാ​ളി​ക​ളാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌. എന്നിരു​ന്നാ​ലും, ഒരു ഉറവു പറയു​ന്ന​പ്ര​കാ​രം, “ഇവരെ കൂടാതെ, ആയുധങ്ങൾ ഉപയോ​ഗിച്ച്‌ അങ്കം വെട്ടി​യി​രുന്ന പരിശീ​ലനം സിദ്ധിച്ച മല്ലന്മാ​രും ഉണ്ടായി​രു​ന്നു. അത്തരക്കാർ ജീവപ​ര്യ​ന്തം ദ്വന്ദ്വ​യു​ദ്ധ​ക്കാ​രാ​യി കഴിയാൻ ശിക്ഷി​ക്ക​പ്പെ​ട്ടവർ ആയിരു​ന്നില്ല, മാത്രമല്ല അവർ കണക്കറ്റ സമ്പത്ത്‌ വാരി​ക്കൂ​ട്ടു​ക​യും ചെയ്‌തി​രു​ന്നു.” ചില സ്ഥലങ്ങളിൽ ദ്വന്ദ്വ​യു​ദ്ധം പഠിപ്പി​ച്ചി​രുന്ന പ്രത്യേക കളരി​ക​ളിൽ മല്ലന്മാർ പരിശീ​ലനം നേടി​യി​രു​ന്നു. ഈ കായി​ക​മ​ത്സ​ര​ത്തി​ന്റെ ആവേശ​ത്തി​മിർപ്പും മരണക​ര​മായ വശ്യത​യും അവരെ കീഴടക്കി. വീണ്ടും വീണ്ടും അങ്കം കുറി​ക്കാ​നുള്ള അങ്ങേയ​റ്റത്തെ ഒരു ആസക്തി അവർക്ക്‌ അനുഭ​വ​പ്പെ​ട്ടി​രു​ന്നു. “വിരമി​ക്കും മുമ്പ്‌ അമ്പത്‌ അങ്കങ്ങൾ തികയ്‌ക്കുന്ന മല്ലന്‌ വലിയ പേരാ​യി​രു​ന്നു” എന്ന്‌ ഒരു ഗ്രന്ഥം പറയുന്നു.

കാള​പ്പോര്‌

ലോകം ഇന്ന്‌ ഒരു പുതിയ സഹസ്രാ​ബ്ദ​ത്തി​ലേക്കു കാലെ​ടു​ത്തു​വെ​ച്ചി​രി​ക്കു​ന്നു. എങ്കിലും ജീവൻ പണയം​വെ​ച്ചുള്ള സാഹസിക കായി​ക​വി​നോ​ദ​ങ്ങ​ളിൽ ഏർപ്പെ​ടാ​നുള്ള ആസക്തി ആളുക​ളിൽ അന്നത്തെ പോ​ലെ​തന്നെ ഇന്നും ശക്തമാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, കാള​പ്പോര്‌ തെക്കേ അമേരി​ക്ക​യി​ലും മെക്‌സി​ക്കോ​യി​ലും നൂറ്റാ​ണ്ടു​ക​ളാ​യി ജനപ്രീ​തി​യാർജിച്ച വിനോ​ദ​മാണ്‌. ലാറ്റിൻ അമേരിക്ക, പോർച്ചു​ഗൽ, സ്‌പെ​യിൻ എന്നിവി​ട​ങ്ങ​ളിൽ ഇന്ന്‌ അതു വ്യാപ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ഗോദ​ക​ളു​ടെ എണ്ണം മെക്‌സി​ക്കോ​യിൽ ഏതാണ്ട്‌ ഇരുന്നൂ​റും സ്‌പെ​യി​നിൽ നാനൂ​റിൽ അധിക​വും ആണെന്നു റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു. മെക്‌സി​ക്കോ​യി​ലെ ഒരു ഗോദ​യിൽ അരലക്ഷം കാണി​കൾക്ക്‌ ഇരിക്കാം. ചീറി​യ​ടു​ക്കുന്ന കാളക്കൂ​റ്റ​ന്മാ​രു​മാ​യി പുരു​ഷ​ന്മാർ തങ്ങളുടെ പൗരു​ഷ​ത്തി​ന്റെ മാറ്റു​ര​യ്‌ക്കു​ന്നതു നേരിൽ കാണാ​നെ​ത്തു​ന്ന​വ​രെ​ക്കൊണ്ട്‌ ഈ ഗോദ​ക​ളിൽ പലതും തിങ്ങി​നി​റ​ഞ്ഞി​രി​ക്കും. കാള​പ്പോ​രു​കാ​രന്റെ പക്ഷത്തു​നിന്ന്‌ ഭീരു​ത്വ​ത്തി​ന്റെ ചെറി​യൊ​രു പ്രകട​ന​മു​ണ്ടാ​യാൽ മതി കാണി​ക​ളിൽനിന്ന്‌ കൂക്കു​വി​ളി ഉയരാൻ.

കാള​പ്പോ​രിന്‌ പെൺപോ​രാ​ളി​ക​ളും ഇറങ്ങി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു, കാളകളെ വീഴ്‌ത്തു​ന്ന​തിന്‌ ദശലക്ഷ​ക്ക​ണ​ക്കി​നു ഡോള​റാണ്‌ പ്രതി​ഫ​ല​മാ​യി അവർക്കു ലഭിക്കുക. മരണത്തെ സദാ മുഖാ​മു​ഖം കാണേണ്ടി വരു​മെ​ങ്കി​ലും, പോർക്ക​ള​ത്തിൽ കൊമ്പു​കു​ലു​ക്കി മുക്കു​റ​യി​ടുന്ന കാളക്കൂ​റ്റ​നോ​ടൊ​പ്പം ആയിരി​ക്കു​ന്നതു പോലെ തന്റെ സാഹസിക വാഞ്‌ഛയെ തൃപ്‌തി​പ്പെ​ടു​ത്താ​നാ​കുന്ന മറ്റൊ​ന്നും ഇല്ല എന്ന്‌ ഒരു ടെലി​വി​ഷൻ അഭിമു​ഖ​ത്തിൽ ഒരു കാള​പ്പോ​രു​കാ​രി പറയു​ക​യു​ണ്ടാ​യി.

കാള​യോ​ട്ടം

ഒരു റിപ്പോർട്ട്‌ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “പാം​പ്ലോ​നാസ്‌ കായെ എസ്റ്റാ​ഫേറ്റാ തെരു​വിൽ സിക്‌സ്റ്റോസ്‌ റസ്റ്ററന്റി​നു സമീപം നാലു​നി​ര​യാ​യി തടിച്ചു​കൂ​ടിയ പുരു​ഷാ​രം. ആരവമു​ഖ​രി​ത​മാണ്‌ അവിട​മെ​ങ്ങും. ബാസ്‌ക്‌, കാസ്റ്റി​ലി​യൻ, കാറ്റലൻ, ഇംഗ്ലീഷ്‌ തുടങ്ങി നിരവധി ഭാഷക​ളി​ലുള്ള സംസാരം കേൾക്കാം.” മേള കാണാൻ ആളുകൾ നേര​ത്തേ​തന്നെ വന്നെത്തും. ഗോദ​യിൽനിന്ന്‌ വെറും അരമൈൽ ദൂരെ​യുള്ള തൊഴു​ത്തു​ക​ളി​ലാണ്‌ കാള​പ്പോ​രി​നുള്ള കാളകളെ നിറു​ത്തി​യി​രി​ക്കു​ന്നത്‌.

അങ്കം കുറി​ക്കുന്ന ദിവസ​ങ്ങ​ളിൽ രാവിലെ, ആറു കാളകളെ തൊഴു​ത്തു തുറന്ന്‌ അഴിച്ചു​വി​ടു​ന്നു. തെരു​വിന്‌ ഇരുവ​ശ​വും കെട്ടി​ട​ങ്ങ​ളാണ്‌. കാളകൾ ഇടപ്പാ​ത​ക​ളി​ലേക്കു കടക്കാ​തി​രി​ക്കാൻ തടകൾ പിടി​പ്പി​ച്ചി​ട്ടുണ്ട്‌. ഇത്‌ അവയ്‌ക്കു ഗോദ​യി​ലെ​ത്താൻ സുഗമ​മായ ഒരു വഴി പ്രദാനം ചെയ്യുന്നു. എല്ലാം നന്നായി നീങ്ങി​യാൽ ഏതാണ്ട്‌ രണ്ടു മിനി​ട്ടു​മതി അവയ്‌ക്ക്‌ അവിടെ എത്തി​ച്ചേ​രാൻ.

ജീവൻ പണയം വെച്ചാ​യാ​ലും കാളകളെ ഓടി​ത്തോൽപ്പിച്ച്‌ തങ്ങളുടെ കഴിവു​കൾ പരീക്ഷി​ക്കാൻ പണ്ടേ ചിലർ ശ്രമി​ച്ചി​ട്ടുണ്ട്‌. ഇന്നും ചിലർ വർഷം തോറും അതിനു ശ്രമി​ച്ചു​വ​രു​ന്നു. വാസ്‌ത​വ​ത്തിൽ ഇന്ന്‌ ഇതൊരു അന്താരാ​ഷ്‌ട്ര​മ​ത്സ​ര​മാ​യി പരിണ​മി​ച്ചി​രി​ക്കു​ക​യാണ്‌. പലർക്കും മാരക​മാ​യി മുറി​വേ​റ്റി​ട്ടുണ്ട്‌; മറ്റുചി​ല​രാ​കട്ടെ പോർക്കാ​ള​ക​ളു​ടെ കുത്തേറ്റു മരിച്ചി​രി​ക്കു​ന്നു. “അവയെ ഓടി​ത്തോൽപ്പി​ക്കാം എന്നു നിങ്ങൾ കരുതു​ന്നെ​ങ്കിൽ അതു ശുദ്ധ മണ്ടത്തര​മാണ്‌” എന്നാണ്‌ ഒരു പന്തയക്കാ​രന്റെ അഭി​പ്രാ​യം. സ്‌പാ​നിഷ്‌ റെഡ്‌ ക്രോസ്‌ നൽകുന്ന കണക്കനു​സ​രിച്ച്‌, ഇരുപതു വർഷത്തി​നി​ട​യിൽ “ദിന​മ്പ്രതി ശരാശരി ഒരാൾ വീതം” കുത്തേ​റ്റു​വീ​ണി​ട്ടുണ്ട്‌. ഇതിനു പുറമേ വേറെ 20-25 പേരെ കൂടെ ദിവസ​വും പരുക്കു​കൾക്കാ​യി ചികി​ത്സി​ച്ചി​ട്ടുണ്ട്‌.

ജീവന്മരണ കളിക​ളോ​ടുള്ള ഈ ആസക്തി എന്തു​കൊ​ണ്ടാണ്‌? “മൂരി​ക്കു​ട്ട​ന്മാ​രു​ടെ ഗന്ധമറി​ഞ്ഞു​കൊണ്ട്‌ അവയോ​ടൊ​പ്പം ചെലവി​ടുന്ന ആ നിമി​ഷങ്ങൾ ഒന്നു​വേ​റെ​ത​ന്നെ​യാണ്‌. അവയുടെ കൂട്ടത്തിൽ ഓടുക, അവയുടെ കുളമ്പ​ടി​നാ​ദം കേൾക്കുക, വെറും ഇഞ്ചുകൾ ദൂരെ അവയുടെ കൊമ്പു​കൾ ചാഞ്ചാ​ടു​ന്നതു നിരീ​ക്ഷി​ക്കുക ഇതൊ​ക്കെ​യാണ്‌ ഈ പന്തയത്തി​ന്റെ ഒരു ത്രിൽ” എന്നാണ്‌ ഒരു ഓട്ടക്കാ​രന്റെ മറുപടി. കയ്യടി​ച്ചും അട്ടഹാസം മുഴക്കി​യും കാണികൾ ഓട്ടക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. 700 കിലോ​ഗ്രാം തൂക്കം​വ​രുന്ന, വിറളി​പി​ടി​ച്ചോ​ടുന്ന കാളക്കൂ​റ്റൻ ഓട്ടക്കാ​രനെ കൊമ്പിൽ തൂക്കി മുകളി​ലേക്ക്‌ എറിയു​ന്ന​തോ അതുമ​ല്ലെ​ങ്കിൽ അതിന്റെ കൂർത്ത കൊമ്പു​കൾകൊണ്ട്‌ കുത്തി​ക്കൊ​ല്ലു​ന്ന​തോ കാണാൻ പറ്റാതെ വന്നാൽ കൂടി​നിൽക്കു​ന്ന​വ​രിൽ ചിലർ നിരാ​ശി​ത​രാ​കു​മോ? റോമൻ ഗോദ​യി​ലെ ജനസഞ്ച​യ​ങ്ങ​ളെ​പ്പോ​ലെ രക്തച്ചൊ​രി​ച്ചിൽ അവരിൽ ചിലരെ ഉന്മത്തരാ​ക്കു​ന്നു​ണ്ടോ?

ജീവൻ പന്താടൽ

മറ്റുവി​ധ​ങ്ങ​ളിൽ ജീവൻ പന്താടു​ന്ന​തിൽ രസം കണ്ടെത്തു​ന്ന​വ​രു​മുണ്ട്‌. ഗുരു​ത​ര​മാ​യി പരി​ക്കേൽക്കു​ന്ന​തി​നെ​യോ മരണ​ത്തെ​യോ വകവെ​ക്കാ​തെ, അടുത്ത​ടു​ത്തു നിറു​ത്തി​യി​ട്ടി​രി​ക്കുന്ന അമ്പതി​ലേറെ കാറു​കൾക്കോ, അനേകം വലിയ യാത്രാ ബസ്സുകൾക്കോ അതുമ​ല്ലെ​ങ്കിൽ ഒരു മലയി​ടു​ക്കി​നോ മീതേ​കൂ​ടി ചാടി​ക്ക​ട​ക്കുന്ന മോ​ട്ടോർ​സൈ​ക്കിൾ അഭ്യാ​സി​കൾ ഉണ്ട്‌. മുപ്പത്തി​യേഴ്‌ എല്ലുകൾ ഒടിഞ്ഞു മുപ്പതു ദിവസം താൻ ബോധ​ര​ഹി​ത​നാ​യി കിടന്നു എന്ന്‌ അത്തര​മൊ​രു അഭ്യാസി പറയു​ക​യു​ണ്ടാ​യി. അയാൾ തുടരു​ന്നു: “കയ്യും കാലും ഒടിയു​ന്ന​തൊ​ന്നും എനിക്കു പുത്തരി​യല്ല. ഒടിഞ്ഞു സ്ഥാനം​തെ​റ്റിയ എല്ലുകൾ നേരെ​യാ​ക്കാ​നാ​യി പന്ത്രണ്ടു തവണ ഞാൻ വലിയ ശസ്‌ത്ര​ക്രി​യ​കൾക്കു വിധേ​യ​നാ​യി​ട്ടുണ്ട്‌. ഇങ്ങനെ​യുള്ള ശസ്‌ത്ര​ക്രി​യ​ക​ളി​ലാണ്‌ അവർ ശരീരം കീറി പ്ലേറ്റി​ടു​ക​യും സ്‌ക്രൂ പിടി​പ്പി​ക്കു​ക​യു​മൊ​ക്കെ ചെയ്യു​ന്നത്‌. എല്ലുകളെ തമ്മിൽ ബന്ധിപ്പി​ച്ചു നിറു​ത്തുന്ന മുപ്പത്ത​ഞ്ചോ നാൽപ്പ​തോ സ്‌ക്രൂ എങ്കിലും എന്റെ ദേഹത്തു കാണും. ആശുപ​ത്രി കയറി​യി​റ​ങ്ങാ​നേ എനിക്കു നേരമു​ള്ളൂ.” ഒരിക്കൽ പരിശീ​ലന സമയത്ത്‌ പരിക്കു പറ്റിയതു നിമിത്തം ഇദ്ദേഹ​ത്തിന്‌ കാറു​കൾക്കു മീതെ കൂടി ചാടി​ക്ക​ട​ക്കാൻ സാധി​ക്കാ​തെ വന്നപ്പോൾ കാഴ്‌ച​ക്കാർ കൂക്കു​വി​ളി​ച്ചു​കൊണ്ട്‌ തങ്ങളുടെ ഇച്ഛാഭം​ഗം അറിയി​ച്ചു.

ഹരം തേടുന്ന അനേകർ അങ്ങേയറ്റം അപകടം പിടിച്ച സ്‌പോർട്‌സു​ക​ളിൽ പങ്കെടു​ക്കു​ന്നു. സുരക്ഷാ​സാ​മ​ഗ്രി​കൾ കൂടാതെ അംബര​ചും​ബി​ക​ളായ കെട്ടി​ട​ങ്ങ​ളിൽ അള്ളിപ്പി​ടി​ച്ചു കയറുക, കുത്തനെ 20,000 അടി താഴേ​യ്‌ക്ക്‌ മഞ്ഞിൽ തെന്നി​യി​റ​ങ്ങുക, ബഞ്ചീ എന്നു വിളി​ക്കുന്ന ഇലാസ്റ്റിക്‌ വള്ളി അരയിൽ കെട്ടി​ക്കൊണ്ട്‌ ഉയർന്ന ഗോപു​ര​ങ്ങ​ളിൽ നിന്നോ പാലങ്ങ​ളിൽ നിന്നോ ചാടുക, മറ്റൊ​രാ​ളു​ടെ മുതു​ക​ത്തി​രു​ന്നു കൊണ്ട്‌ വിമാ​ന​ത്തിൽ നിന്നും പാരച്യൂ​ട്ടിൽ ചാടുക, കൈയിൽ ഒരു പിക്കാസു മാത്രം പിടിച്ചു ചെങ്കു​ത്തായ മഞ്ഞുമ​ലകൾ കയറുക എന്നിങ്ങനെ മരണത്തെ വെല്ലു​വി​ളി​ക്കുന്ന തരം അഭ്യാ​സ​പ്ര​ക​ട​നങ്ങൾ അവയിൽ ഉൾപ്പെ​ടു​ന്നു. “വർഷം​തോ​റും എന്റെ മൂന്നോ നാലോ കൂട്ടു​കാർ നഷ്ടപ്പെ​ടു​മെ​ന്നത്‌ ഉറപ്പാണ്‌” എന്ന്‌ ഒരു മഞ്ഞുമ​ല​ക​യ​റ്റ​ക്കാ​രി പരിത​പി​ക്കു​ന്നു. കായിക ലോകത്തു ജനപ്രീ​തി​യാർജിച്ച ജീവന്മരണ പ്രകട​ന​ങ്ങ​ളിൽ ഏതാനും ചിലതു മാത്ര​മാണ്‌ ഇവ. ഒരു എഴുത്തു​കാ​രൻ അഭി​പ്രാ​യ​പ്പെ​ടുന്ന പ്രകാരം “ദുരന്ത​ങ്ങൾക്കുള്ള സാധ്യ​ത​യാണ്‌ ഇത്തരം സ്‌പോർട്‌സു​കൾക്ക്‌ വശ്യത പകരു​ന്നത്‌.”

യു.എസ്‌. ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ എന്ന മാസിക ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “അങ്ങേയറ്റം അപകടം നിറഞ്ഞ സ്‌പോർട്‌സു​കൾക്കു പോലും ജനപ്രീ​തി വർധി​ച്ചു​വ​രി​ക​യാണ്‌. സ്‌കൈ സർഫിങ്‌ എന്ന സ്‌പോർട്‌സ്‌—4,000 മീറ്റർ ഉയരത്തിൽ പറക്കുന്ന വിമാ​ന​ത്തിൽ നിന്നും ചാടുന്ന വിദഗ്‌ധ​രായ പാരച്യൂട്ട്‌ അഭ്യാ​സി​കൾ, കാലി​ലോ ശരീര​ത്തി​ലോ ഘടിപ്പി​ച്ചി​രി​ക്കുന്ന ഗ്രാ​ഫൈറ്റ്‌ സർഫ്‌ബോർഡി​ന്റെ സഹായ​ത്താൽ താഴേക്കു വെട്ടി​യും തിരി​ഞ്ഞും തെന്നി നീങ്ങി അഭ്യാ​സ​പ്ര​ക​ട​നങ്ങൾ കാഴ്‌ച​വെ​ക്കുന്ന വിനോ​ദം—1990-ൽ നിലവിൽ ഇല്ലായി​രു​ന്നു. എന്നാൽ ഇന്നത്‌ ആയിര​ക്ക​ണ​ക്കിന്‌ ആരാധ​കരെ ആകർഷി​ച്ചി​രി​ക്കു​ന്നു. 1980-ൽ ഔദ്യോ​ഗി​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെട്ട ബേസ്‌ ജമ്പിങ്‌ എന്നറി​യ​പ്പെ​ടുന്ന അഭ്യാസം നൂറു​ക​ണ​ക്കിന്‌ ആളുകൾക്ക്‌ ഒരു പ്രലോ​ഭ​ന​മാ​യി മാറി​യി​രി​ക്കു​ക​യാണ്‌. ഇക്കൂട്ടർ റേഡി​യോ ടവറു​ക​ളു​ടെ​യോ പാലങ്ങ​ളു​ടെ​യോ മുകളിൽനിന്ന്‌ രാത്രി​കാ​ല​ങ്ങ​ളിൽ, അതും മിക്ക​പ്പോ​ഴും നിയമ​വി​രു​ദ്ധ​മാ​യി, പാരച്യൂ​ട്ടിൽ ചാടാൻ ശ്രമി​ക്കു​ന്നു.” ഈ അഭ്യാസം ഇപ്പോൾത്തന്നെ അനേക​രു​ടെ ജീവ​നൊ​ടു​ക്കി​യി​ട്ടുണ്ട്‌. “ബേസ്‌ ജമ്പിങ്ങിൽ പരിക്കു​പ​റ്റുക എന്നൊ​ന്നില്ല, ഒന്നുകിൽ മരിക്കാം അല്ലെങ്കിൽ ജീവി​ക്കാം.” തഴക്കം വന്ന ഒരു ചാട്ടക്കാ​രൻ പറഞ്ഞതാണ്‌ അത്‌.

പിടി​ച്ചു​ക​യ​റാൻ സഹായി​ക്കുന്ന ചെറിയ കൊളു​ത്തു​കൾ കൈവി​ര​ലു​ക​ളി​ലും കാൽവി​ര​ലു​ക​ളി​ലും ഘടിപ്പി​ച്ചു​കൊ​ണ്ടു മാത്രം ചെങ്കു​ത്തായ മലകൾ കയറുന്ന വിനോ​ദം ആയിര​ങ്ങളെ ആകർഷി​ച്ചു​വ​രു​ന്നു. കിഴു​ക്കാം​തൂ​ക്കായ മലകളിൽ നൂറു​ക​ണ​ക്കിന്‌ അടി മുകളി​ലാ​യി വെറു​മൊ​രു ചരടിന്റെ ബലത്തിൽ പർവതാ​രോ​ഹകർ തൂങ്ങി​ക്കി​ട​ക്കു​ന്നത്‌, വണ്ടിയു​ടെ മുതൽ വേദന​സം​ഹാ​രി​ക​ളു​ടെ വരെ പരസ്യ​ത്തിൽ ടെലി​വി​ഷ​നും മാസി​ക​ക​ളും അവതരി​പ്പി​ക്കു​ന്നു. 1989-ൽ ഐക്യ​നാ​ടു​ക​ളിൽ അരലക്ഷ​ത്തോ​ളം ആളുകൾ ഈ സ്‌പോർട്‌സ്‌ ഇനത്തിൽ പങ്കെടു​ക്കാൻ ധൈര്യ​പ്പെ​ട്ടു​വെന്ന്‌ ഒരു റിപ്പോർട്ടു പറയുന്നു. ഈ അടുത്ത കാലത്താ​കട്ടെ, അഞ്ചു ലക്ഷത്തോ​ളം ആളുക​ളാ​ണ​ത്രേ അതിനു തുനി​ഞ്ഞത്‌. ലോക​വ്യാ​പ​ക​മാ​യി എണ്ണം പിന്നെ​യും വർധി​ക്കു​ക​യാണ്‌.

കുടുംബ വൃത്തം (ഇംഗ്ലീഷ്‌) എന്ന മാസിക റിപ്പോർട്ടു ചെയ്‌ത പ്രകാരം, അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ “അപകടങ്ങൾ നിറഞ്ഞ പുതിയ പുതിയ വിചിത്ര കളിക​ളിൽ ഏർപ്പെ​ടു​ന്നതു മൂലം കൊല്ല​പ്പെ​ടു​ക​യോ അംഗ​വൈ​ക​ല്യം സംഭവി​ക്കു​ക​യോ ചെയ്യുന്ന ‘സാധാ​ര​ണ​ക്കാ​രായ’ ബാലി​കാ​ബാ​ല​ക​ന്മാ​രു​ടെ എണ്ണം വർധി​ച്ചു​വ​രി​ക​യാണ്‌.” “കാർ സർഫിങ്‌”—ഓടി​ക്കൊ​ണ്ടി​രി​ക്കുന്ന കാറിന്റെ ജനാല വഴി മുകളിൽ കയറി എഴു​ന്നേറ്റു നിൽക്കൽ—ചലിക്കുന്ന എലി​വേ​റ്റ​റി​ന്റെ അല്ലെങ്കിൽ പായുന്ന തീവണ്ടി​യു​ടെ മുകളിൽ കയറി നിൽക്കൽ എന്നിങ്ങ​നെ​യുള്ള സാഹസങ്ങൾ അനേകം കുരുന്നു ജീവൻ അപഹരി​ച്ചി​ട്ടുണ്ട്‌.

എവറസ്റ്റ്‌ കൊടു​മു​ടി കയറാ​നും മുമ്പെ​ന്ന​ത്തേ​തി​ലും ആളുകൾ എത്തുന്നുണ്ട്‌. വേണ്ടത്ര പരിശീ​ലനം സിദ്ധി​ച്ചി​ട്ടി​ല്ലാത്ത ആരോ​ഹകർ കയറാ​നും ഇറങ്ങാ​നു​മുള്ള സഹായ​ത്തി​നാ​യി 65,000 യു.എസ്‌. ഡോളർ വരെ പോലും കൊടു​ക്കാൻ തയ്യാറാണ്‌. 1953 മുതൽ ഇങ്ങോട്ട്‌ 700-ൽ അധികം ആരോ​ഹകർ ഈ കൊടു​മു​ടി കീഴട​ക്കി​യി​ട്ടുണ്ട്‌. പലർക്കും തിരിച്ച്‌ ഇറങ്ങി വരാൻ കഴിഞ്ഞി​ല്ലെന്നു മാത്രം. അനേകം മൃത​ദേ​ഹങ്ങൾ ഇപ്പോ​ഴും അവിടെ കിടപ്പുണ്ട്‌. “എവറസ്റ്റ്‌ കീഴട​ക്കിയ ഏറ്റവും പ്രായം കുറഞ്ഞ, പ്രായം​കൂ​ടിയ, വേഗത​യേ​റിയ വ്യക്തി എന്നിങ്ങ​നെ​യുള്ള ഖ്യാതി നേടാൻ ആരോ​ഹകർ മത്സരി​ക്കു​ക​യാണ്‌,” ഒരു പത്ര​പ്ര​വർത്തകൻ എഴുതി. മറ്റൊരു ലേഖകൻ ഇങ്ങനെ എഴുതി: “മറ്റു സ്‌പോർട്‌സു​ക​ളിൽ നിന്നും വ്യത്യ​സ്‌ത​മാ​യി പർവതാ​രോ​ഹകർ മരിക്കാൻ സന്നദ്ധരാ​യി​രി​ക്കണം.” ധീരത തെളി​യി​ക്കാൻ ഒരു വിപത്തി​നെ അറിഞ്ഞു​കൊണ്ട്‌ എതിരി​ട​ണ​മെ​ന്നു​ണ്ടോ? “ധീരത തെളി​യി​ക്കു​ക​യെ​ന്നാൽ മടയത്ത​രങ്ങൾ കാട്ടി​ക്കൂ​ട്ടുക എന്നല്ല അർഥം,” അനുഭ​വ​സ​മ്പ​ന്ന​നായ ഒരു പർവതാ​രോ​ഹകൻ മുന്നറി​യി​പ്പു നൽകുന്നു. “അത്തരം മടയത്ത​ര​ങ്ങ​ളിൽ ഒന്നാണ്‌ വിദഗ്‌ധ​ര​ല്ലാത്ത പർവതാ​രോ​ഹ​ക​രു​ടെ എവറസ്റ്റി​ലേ​ക്കുള്ള ‘സാഹസിക യാത്രകൾ’” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു.

അങ്ങനെ​യാണ്‌ കാര്യ​ങ്ങ​ളു​ടെ പോക്ക്‌. ഇത്തരം സാഹസിക ഉദ്യമങ്ങൾ ആവിഷ്‌ക​രി​ക്കു​ന്ന​വ​രു​ടെ ഭാവന​യ്‌ക്കൊത്ത്‌, ലോക​ത്തി​ലെ​ങ്ങും സാധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഈ വിനോ​ദ​ങ്ങ​ളു​ടെ എണ്ണവും തരവും വർധി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. മത്സരത്തിൽ പങ്കെടു​ക്കു​ന്നവർ ജീവനും മരണത്തി​നും ഇടയിൽ ആടിക്ക​ളി​ക്കുന്ന അതിസാ​ഹ​സിക സ്‌പോർട്‌സ്‌, “ഇരുപ​ത്തൊ​ന്നാം നൂറ്റാ​ണ്ടി​ലെ ഏറ്റവും അധികം കാണി​കളെ ആകർഷി​ക്കുന്ന, ഏറ്റവു​മ​ധി​കം കളിക്കാർ പങ്കെടു​ക്കുന്ന ഇനമായി മാറും” എന്ന്‌ ഒരു മനശ്ശാ​സ്‌ത്രജ്ഞൻ പ്രവചി​ക്കു​ന്നു.

അവർ അത്തരം കളിക​ളിൽ പങ്കെടു​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അതിസാ​ഹ​സി​ക​രായ അനേക​രും തങ്ങളുടെ അഭ്യാ​സ​പ്ര​ക​ട​ന​ങ്ങളെ വിരസ​ത​യിൽ നിന്നുള്ള ഒരു രക്ഷപ്പെ​ട​ലാ​യാണ്‌ ന്യായീ​ക​രി​ക്കു​ന്നത്‌. ആവർത്ത​ന​വി​രസത മൂലം ചിലയാ​ളു​കൾ തങ്ങളുടെ ജോലി ഉപേക്ഷിച്ച്‌ അതിസാ​ഹ​സിക സ്‌പോർട്‌സ്‌ രംഗ​ത്തേക്കു കടന്നി​രി​ക്കു​ന്നു. “എന്റെ പ്രശ്‌നങ്ങൾ എല്ലാം മറക്കാൻ പറ്റിയ ഒരു മയക്കു​മ​രു​ന്നാ​യി ഞാൻ ബഞ്ചീ ജമ്പിങ്ങി​നെ കാണാൻ തുടങ്ങി” എന്ന്‌ ഒരാൾ പറയു​ക​യു​ണ്ടാ​യി. “ചാട്ടത്തിൽ ആമഗ്നനാ​യി​ക്ക​ഴി​ഞ്ഞാൽ പിന്നെ, ‘പ്രശ്‌ന​ങ്ങ​ളോ, എന്തു പ്രശ്‌നങ്ങൾ’ എന്ന മട്ടാ​ണെ​നിക്ക്‌.” “യോ​സെ​മൈ​റ്റ്‌സ്‌ എൽ കാപ്പി​റ്റാൻ ചെങ്കുത്ത്‌, സാൻ ഫ്രാൻസി​സ്‌കോ കടൽപ്പാ​ലം, ലോക​ത്തിൽ ഏറ്റവും ഉയരത്തിൽ മലകൾക്കി​ട​യി​ലൂ​ടെ തൂങ്ങി​യോ​ടുന്ന ഫ്രാൻസി​ലെ ട്രാം വണ്ടി എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ ഉൾപ്പെടെ 456 ബഞ്ചീ ജമ്പിങ്‌ നടത്തി​യി​ട്ടുള്ള ഒരു വീരസാ​ഹ​സി​ക​നാണ്‌ അദ്ദേഹം” എന്ന്‌ ഒരു മാസിക റിപ്പോർട്ടു​ചെ​യ്‌തു.

“സമയം നിശ്ചല​മാ​യി നിൽക്കുന്ന പ്രതീ​തി​യാ​യി​രി​ക്കും നിങ്ങൾക്ക്‌, ലോക​ത്തിൽ നടക്കു​ന്ന​തൊ​ന്നും നിങ്ങൾക്കൊ​രു പ്രശ്‌നമേ ആയിരി​ക്കില്ല,” മറ്റൊരു സാഹസി​കാ​ഭ്യാ​സി പറഞ്ഞു. വേറൊ​രാൾ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “തോക്കു കാട്ടി ഭീഷണി​പ്പെ​ടു​ത്തി ആവശ്യ​പ്പെ​ട്ടാൽ പോലും ആളുകൾ ചെയ്യാൻ മടിക്കുന്ന തരം കാര്യ​ങ്ങ​ളാണ്‌ വെറും രസത്തി​നാ​യി [പലരു​ടെ​യും കാര്യ​ത്തിൽ അതിൽ പാരി​തോ​ഷി​ക​വും ഉൾപ്പെ​ടു​ന്നു] ഞങ്ങൾ ചെയ്യു​ന്നത്‌.” ന്യൂസ്‌വീക്ക്‌ മാഗസിൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “അവരെ​ല്ലാം തന്നെ ഈ ആവേശാ​നു​ഭൂ​തി നുകരാൻ കച്ചകെട്ടി ഇറങ്ങി​യി​രി​ക്കു​ന്ന​വ​രാണ്‌.”

ഹരാ​ന്വേ​ഷണ ത്വര​യെ​ക്കു​റിച്ച്‌ ചില മനശ്ശാ​സ്‌ത്ര​ജ്ഞ​ന്മാർ വിപു​ല​മായ ഗവേഷണം തന്നെ നടത്തി​യി​ട്ടുണ്ട്‌. ഹരം തേടു​ന്നവർ അത്തര​മൊ​രു വ്യക്തി​ത്വം ഉണ്ടായി​രി​ക്കാൻ ജനിത​ക​പ​ര​മാ​യി പ്രോ​ഗ്രാം ചെയ്യ​പ്പെ​ട്ട​വ​രാ​ണെന്ന്‌ (ഇവർ ടൈപ്‌-ടി വ്യക്തി​ത്വ​മു​ള്ള​വ​രാ​യി അറിയ​പ്പെ​ടു​ന്നു) മനശ്ശാ​സ്‌ത്ര​ജ്ഞ​ന്മാ​രിൽ ഒരാൾ അവകാ​ശ​പ്പെ​ടു​ന്നു. ‘സാഹസിക ഉദ്യമങ്ങൾ, ഉത്തേജനം തേടൽ, ലഹരി അന്വേ​ഷി​ക്കൽ തുടങ്ങിയ കാര്യ​ങ്ങ​ളിൽ അവർ ആനന്ദം കണ്ടെത്തു​ന്നു.’ അദ്ദേഹം ഇങ്ങനെ തുടരു​ന്നു: “ജീവി​ത​ത്തിൽ ചട്ടങ്ങളും മാമൂ​ലു​ക​ളും മുറുകെ പിടി​ക്കുന്ന ചിലരുണ്ട്‌. ടൈപ്‌-ടി വ്യക്തി​ത്വ​മു​ള്ളവർ ഈ കീഴ്‌വ​ഴ​ക്ക​ങ്ങ​ളൊ​ക്കെ തെറ്റി​ക്കു​ന്നു. അവർ തങ്ങളു​ടേ​തായ ഒരു ജീവിതം സൃഷ്ടി​ക്കു​ന്നു.” മറ്റുള്ള​വർക്ക്‌ ഉണ്ടാകു​ന്ന​തി​നെ​ക്കാൾ ഇരട്ടി റോഡ​പ​ക​ടങ്ങൾ ഇക്കൂട്ടർക്ക്‌ ഉണ്ടാകു​ന്ന​താ​യി പഠനങ്ങൾ തെളി​യി​ച്ചി​ട്ടു​ണ്ടെന്ന്‌ അദ്ദേഹം പറയുന്നു. “അപകട​ങ്ങ​ളാണ്‌ കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ മുഖ്യ മരണ​ഹേതു. ഹരം തേടി അവർ ഏതെങ്കി​ലും അപകട​ത്തിൽ ചെന്നു​ചാ​ടാ​റാ​ണു പതിവ്‌.”

ആളുകൾ അങ്ങേയറ്റം അപകട​സാ​ധ്യ​ത​യുള്ള സ്‌പോർട്‌സ്‌ അന്വേ​ഷി​ച്ചു പോകു​ന്ന​തിൽ ഒരു അസ്വാ​ഭാ​വി​കത ഉള്ളതായി ശാസ്‌ത്ര​കാ​ര​ന്മാ​രും മനശ്ശാ​സ്‌ത്ര​ജ്ഞ​രും സമ്മതി​ക്കു​ന്നു. അതിഗു​രു​ത​ര​മാ​യി പരി​ക്കേറ്റ്‌ ആശുപ​ത്രി​ക​ളി​ലും ചികി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലും ദിവസ​ങ്ങ​ളോ​ളം കിട​ക്കേ​ണ്ടി​വ​ന്നി​ട്ടുള്ള പലരും സുഖം​പ്രാ​പി​ച്ചാ​ലു​ടൻ വീണ്ടും പഴയ പല്ലവി തന്നെ ആവർത്തി​ക്കു​ന്ന​തി​ന്റെ അർഥം അവരുടെ ചിന്താ​പ്രാ​പ്‌തി​ക്കു സാരമായ എന്തോ തകരാ​റു​ണ്ടെ​ന്നാണ്‌. എങ്കിലും, ഇക്കൂട്ടർ മിക്ക​പ്പോ​ഴും ഉയർന്ന ബുദ്ധി​ശ​ക്തി​യു​ള്ളവർ ആയിരു​ന്നേ​ക്കാ​മെ​ന്നതു ശ്രദ്ധേ​യ​മാണ്‌.

ജീവൻ പണയം​വെ​ക്കാൻ മാത്രം ഹരാ​ന്വേ​ഷ​കരെ ഇത്രകണ്ട്‌ ആകർഷി​ക്കു​ന്നത്‌ എന്താ​ണെ​ന്നതു സംബന്ധി​ച്ചു വിദഗ്‌ധർക്കു തീർച്ച​യില്ല. മസ്‌തിഷ്‌ക സംബന്ധ​മായ കാരണ​ങ്ങ​ളാ​യി​രി​ക്കാം അവയെന്ന്‌ അവർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “നിങ്ങൾക്ക്‌ അവരുടെ ആ വാഞ്‌ഛ​യ്‌ക്കു കടഞ്ഞാ​ണി​ടാ​നാ​കു​മെന്നു തോന്നു​ന്നില്ല. എന്നാൽ അപായം നിറഞ്ഞ സാഹസ​ങ്ങൾക്കു മുതി​രു​ന്ന​തിൽനിന്ന്‌ അവരെ തടയാൻ നിങ്ങൾക്കു ശ്രമി​ക്കാ​വു​ന്ന​താണ്‌. കുറഞ്ഞ​പക്ഷം, മറ്റുള്ള​വ​രു​ടെ ജീവ​നെ​ങ്കി​ലും അപകട​പ്പെ​ടു​ത്താ​തി​രി​ക്കാൻ നിങ്ങൾക്ക്‌ അവരോട്‌ ആവശ്യ​പ്പെ​ടാം” എന്ന്‌ അവർ പറയുന്നു.

ക്രിസ്‌തീയ വീക്ഷണം

യഹോ​വ​യാം ദൈവ​ത്തിൽ നിന്നുള്ള ഒരു അമൂല്യ ദാനമാ​യി​ട്ടാണ്‌ ക്രിസ്‌ത്യാ​നി​കൾ ജീവനെ കാണു​ന്നത്‌. തന്റെ പുരു​ഷ​ത്വം—വീരശൂ​ര​പ​രാ​ക്രമം—കാട്ടു​ന്ന​തി​നോ കാണി​കളെ ആവേശം കൊള്ളി​ക്കു​ന്ന​തി​നോ അതുമ​ല്ലെ​ങ്കിൽ സ്വയം ഉന്മത്തനാ​കു​ന്ന​തി​നോ വേണ്ടി ഒരുവൻ മനപ്പൂർവം അനാവശ്യ പരീക്ഷ​ണങ്ങൾ നടത്തി ജീവൻ അപായ​പ്പെ​ടു​ത്തു​ന്നത്‌, ദൈവം നമുക്കു തന്നിരി​ക്കുന്ന ജീവൻ എന്ന മഹത്തായ ദാന​ത്തോ​ടുള്ള കടുത്ത അനാദ​ര​വാണ്‌. യേശു തന്റെ ജീവ​നോട്‌ ആഴമായ ആദരവു പ്രകട​മാ​ക്കി, ഒരിക്ക​ലും അനാവ​ശ്യ​മാ​യി അതിനെ അപകട​പ്പെ​ടു​ത്താൻ അവൻ തുനി​ഞ്ഞില്ല. ദൈവത്തെ പരീക്ഷി​ക്കാൻ അവൻ വിസമ്മ​തി​ച്ചു.—മത്തായി 4:5-7.

സമാന​മാ​യി, ക്രിസ്‌ത്യാ​നി​കൾക്കും ജീവ​നോട്‌ ആദരവു പ്രകട​മാ​ക്കാ​നുള്ള കടപ്പാ​ടുണ്ട്‌. ഒരു ക്രിസ്‌ത്യാ​നി ഇപ്രകാ​രം എഴുതി: “ഒരിക്കൽ ഞാൻ ചെങ്കു​ത്തായ ഒരു വലിയ പാറയിൽ കയറാൻ ശ്രമിച്ചു. ഇടയ്‌ക്കു​വെച്ച്‌ കയറാ​നും ഇറങ്ങാ​നും വയ്യാത്ത സ്ഥിതി​യി​ലാ​യി. അന്നു ഞാൻ മരണത്തെ മുഖാ​മു​ഖം കണ്ടതോർത്ത്‌ ഇന്നു​മെന്റെ ഉള്ളുകാ​ളു​ന്നു. എത്ര അവി​വേ​ക​മാ​യി​പ്പോ​യേനെ അത്‌!”

ഒരു ക്രിസ്‌തീയ പെൺകു​ട്ടി ഇപ്രകാ​രം എഴുതി: ‘ഞങ്ങളുടെ നാട്ടിൽ, കുട്ടികൾ ഹരംപി​ടി​പ്പി​ക്കുന്ന ഇത്തരം അനേകം സ്‌പോർട്‌സു​ക​ളിൽ പങ്കെടു​ക്കാ​റുണ്ട്‌. അവരോ​ടൊ​പ്പം കൂടാൻ അവരെന്നെ എല്ലായ്‌പോ​ഴും നിർബ​ന്ധി​ക്കു​ന്നു. എന്നിരു​ന്നാ​ലും, കൂട്ടു​കാർ പറയാ​റുള്ള അതേ കായി​ക​വി​നോ​ദ​ങ്ങ​ളിൽ ഏർപ്പെ​ടവേ മാരക​മാ​യി പരി​ക്കേൽക്കു​ക​യോ മരിക്കു​ക​യോ ചെയ്യു​ന്ന​വ​രെ​ക്കു​റി​ച്ചുള്ള റിപ്പോർട്ടു​കൾ കൂടെ​ക്കൂ​ടെ വാർത്ത​ക​ളിൽ കാണാ​റുണ്ട്‌. വെറും നൈമി​ഷി​ക​മായ ഉല്ലാസ​ത്തി​നാ​യി യഹോ​വ​യാം ദൈവം എനിക്കു നൽകി​യി​രി​ക്കുന്ന ജീവനെ അപകട​പ്പെ​ടു​ത്തു​ന്നതു ഭോഷ​ത്ത​മാ​യി​രി​ക്കു​മെന്നു ഞാൻ തിരി​ച്ച​റി​യു​ന്നു.’ നിങ്ങളും അതേ സുബോ​ധ​വും ന്യായ​ബോ​ധ​വും ഉള്ളവരാ​യി​രി​ക്കു​മാ​റാ​കട്ടെ. (g02 10/8)

[13-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© Reuters NewMedia Inc./CORBIS

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Steve Vidler/SuperStock