വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഫ്രിക്കയിൽ എയ്‌ഡ്‌സിന്റെ തേർവാഴ്‌ച

ആഫ്രിക്കയിൽ എയ്‌ഡ്‌സിന്റെ തേർവാഴ്‌ച

ആഫ്രി​ക്ക​യിൽ എയ്‌ഡ്‌സി​ന്റെ തേർവാ​ഴ്‌ച

“അതിവി​പ​ത്‌ക​ര​മായ ഒരു സ്ഥിതി​വി​ശേ​ഷ​ത്തെ​യാണ്‌ നാം ഇന്നു നേരി​ടു​ന്നത്‌.”

ആഫ്രി​ക്ക​യി​ലെ എച്ച്‌ഐവി/എയ്‌ഡ്‌സു​മാ​യി ബന്ധപ്പെട്ട്‌ യുഎൻ നിയോ​ഗിച്ച പ്രത്യേക പ്രതി​നി​ധി സ്റ്റീവെൻ ലൂയി​സി​ന്റെ ഈ വാക്കുകൾ സഹാറ​യ്‌ക്കു തെക്കുള്ള ആഫ്രിക്കൻ നാടു​ക​ളി​ലെ അവസ്ഥ സംബന്ധിച്ച്‌ അനേകർക്കുള്ള ഉത്‌കണ്‌ഠ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.

എച്ച്‌ഐ​വി-യുടെ വ്യാപ​ന​ത്തിന്‌ ഇടയാ​ക്കുന്ന പല ഘടകങ്ങ​ളുണ്ട്‌. അതേസ​മയം, എയ്‌ഡ്‌സി​ന്റെ ഫലമായി രൂക്ഷമാ​കുന്ന പ്രശ്‌ന​ങ്ങ​ളും ഉണ്ട്‌. എയ്‌ഡ്‌സ്‌ വളരെ വേഗം വ്യാപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ചില ആഫ്രിക്കൻ രാജ്യ​ങ്ങ​ളി​ലും ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലും നിലവി​ലി​രി​ക്കുന്ന സാഹച​ര്യ​ങ്ങൾ പലപ്പോ​ഴും പിൻവ​രുന്ന ഘടകങ്ങ​ളു​മാ​യി ബന്ധപ്പെട്ടവ ആണ്‌.

ധാർമി​കത. എച്ച്‌ഐവി പകരു​ന്നത്‌ മുഖ്യ​മാ​യും ലൈം​ഗിക ബന്ധത്തി​ലൂ​ടെ ആയതി​നാൽ വ്യക്തമായ ധാർമിക നിലവാ​ര​ങ്ങ​ളു​ടെ അഭാവം തീർച്ച​യാ​യും രോഗം വ്യാപി​ക്കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു. അവിവാ​ഹി​തരെ ലൈം​ഗി​ക​ത​യിൽനി​ന്നു വിട്ടു​നിൽക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതു കൊണ്ടു കാര്യ​മി​ല്ലെന്നു പലരും വിചാ​രി​ക്കു​ന്നു. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ജോഹാ​ന​സ്‌ബർഗിൽനി​ന്നു പ്രസി​ദ്ധീ​ക​രി​ക്കുന്ന ദ സ്റ്റാർ എന്ന പത്രത്തിൽ ഫ്രാൻസ്വോ ഡുയെ​ഫൂർ ഇങ്ങനെ എഴുതു​ന്നു: “ലൈം​ഗി​ക​ത​യിൽനി​ന്നു വിട്ടു​നിൽക്കാൻ കൗമാ​ര​പ്രാ​യ​ക്കാർക്കു വെറുതെ മുന്നറി​യി​പ്പു നൽകി​യ​തു​കൊ​ണ്ടു കാര്യ​മില്ല. തങ്ങൾ എങ്ങനെ കാണ​പ്പെ​ടണം, എങ്ങനെ പെരു​മാ​റണം എന്നതി​നും മറ്റും ഉള്ള മാതൃ​ക​യാ​യി കാമോ​ദ്ദീ​പ​ക​മായ ധാരാളം ചിത്രീ​ക​ര​ണങ്ങൾ ദിവസ​വും അവരുടെ മുന്നിൽ എത്തുന്നു.”

ഈ വാക്കുകൾ സത്യമാ​ണെന്നു സ്ഥിരീ​ക​രി​ക്കുന്ന തരത്തി​ലു​ള്ള​താണ്‌ ഇന്നത്തെ യുവജ​ന​ങ്ങ​ളു​ടെ പ്രവൃ​ത്തി​കൾ. ഉദാഹ​ര​ണ​ത്തിന്‌, ഒരു രാജ്യത്ത്‌ നടത്തിയ സർവേ 12-നും 17-നും ഇടയ്‌ക്കു പ്രായ​മുള്ള യുവജ​ന​ങ്ങ​ളു​ടെ ഏതാണ്ട്‌ മൂന്നി​ലൊന്ന്‌ ലൈം​ഗിക വേഴ്‌ച​യിൽ ഏർപ്പെ​ട്ടി​ട്ടു​ണ്ടെന്നു സൂചി​പ്പി​ച്ചു.

ദക്ഷിണാ​ഫ്രി​ക്ക​യിൽ ബലാത്സം​ഗത്തെ ഒരു ദേശീയ പ്രതി​സ​ന്ധി​യാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ക​യാണ്‌. ജോഹാ​ന​സ്‌ബർഗിൽ നിന്നുള്ള വർത്തമാ​ന​പ്പ​ത്ര​മായ സിറ്റി​സ​ണി​ലെ ഒരു വാർത്താ റിപ്പോർട്ട്‌ “രാജ്യത്തെ സ്‌ത്രീ​ക​ളും വർധി​ത​മായ അളവിൽ കുട്ടി​ക​ളും നേരി​ടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണി എന്നു വിശേ​ഷി​പ്പി​ക്കാ​വുന്ന അളവിൽ” ബലാത്സം​ഗം “അത്രയ്‌ക്ക്‌ വ്യാപ​ക​മാ​യി​ത്തീർന്നി​രി”ക്കുകയാണ്‌ എന്നു പ്രസ്‌താ​വി​ച്ചു. അതേ ലേഖനം ഇങ്ങനെ​യും പ്രസ്‌താ​വി​ച്ചു: “ബലാത്സം​ഗ​ത്തിന്‌ ഇരയാ​കുന്ന കുട്ടി​ക​ളു​ടെ എണ്ണം അടുത്ത​കാ​ലത്ത്‌ ഇരട്ടി ആയിരി​ക്കു​ക​യാണ്‌ . . . ഒരു കന്യകയെ ബലാത്സം​ഗം ചെയ്‌താൽ എച്ച്‌ഐവി ബാധി​ത​നായ വ്യക്തി സുഖം പ്രാപി​ക്കു​മെന്ന അന്ധവി​ശ്വാ​സം ഇവയ്‌ക്കു പിന്നിൽ ഉള്ളതായി കാണ​പ്പെ​ടു​ന്നു.”

ലൈം​ഗി​ക​മാ​യി പകരുന്ന രോഗങ്ങൾ. ഈ പ്രദേ​ശത്ത്‌ ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളു​ടെ നിരക്ക്‌ വളരെ ഉയർന്ന​താണ്‌. സൗത്ത്‌ ആഫ്രിക്കൻ മെഡിക്കൽ ജേർണൽ പ്രസ്‌താ​വി​ച്ചു: “ഒരു ലൈം​ഗിക രോഗം ഉണ്ടെങ്കിൽ എച്ച്‌ഐവി-1 പകരാ​നുള്ള സാധ്യത 2 മുതൽ 5 വരെ മടങ്ങ്‌ വർധി​ക്കു​ന്നു.”

ദാരി​ദ്ര്യം. ആഫ്രി​ക്ക​യി​ലെ പല രാജ്യ​ങ്ങ​ളും ദാരി​ദ്ര്യ​ത്തി​ന്റെ പിടി​യി​ലാണ്‌. ഇത്‌ എയ്‌ഡ്‌സി​ന്റെ വ്യാപ​ന​ത്തിന്‌ അനുകൂ​ല​മായ ഒരു സാഹച​ര്യം സൃഷ്ടി​ക്കു​ന്നു. വികസിത രാഷ്‌ട്ര​ങ്ങ​ളിൽ അടിസ്ഥാന ആവശ്യ​ങ്ങ​ളാ​യി കരുതി​പ്പോ​രുന്ന പലതും മിക്ക വികസ്വര രാഷ്‌ട്ര​ങ്ങ​ളി​ലും ലഭ്യമല്ല. വളരെ​യേറെ ജനങ്ങൾക്ക്‌ വൈദ്യു​തി സൗകര്യ​മോ ശുദ്ധമായ കുടി​വെള്ളം ലഭിക്കാ​നുള്ള മാർഗ​ങ്ങ​ളോ ഇല്ല. ഉൾനാടൻ പ്രദേ​ശ​ങ്ങ​ളിൽ റോഡു​ക​ളില്ല. ഉണ്ടെങ്കിൽത്തന്നെ ആവശ്യ​ത്തി​നു കാണില്ല. അവിട​ങ്ങ​ളിൽ താമസി​ക്കു​ന്ന​വ​രിൽ പലരും വികല​പോ​ഷി​ത​രാണ്‌. ആവശ്യ​ത്തി​നു ചികിത്സാ സൗകര്യ​ങ്ങ​ളും ഇല്ല.

വ്യാപാ​ര​ത്തെ​യും വ്യവസാ​യ​ത്തെ​യും എയ്‌ഡ്‌സ്‌ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു. കൂടുതൽ കൂടുതൽ തൊഴി​ലാ​ളി​കൾ എച്ച്‌ഐവി ബാധിതർ ആയിത്തീ​രു​ന്ന​തി​നാൽ ഖനന കമ്പനി​ക​ളു​ടെ ഉത്‌പാ​ദ​ന​ക്ഷമത കുറഞ്ഞി​രി​ക്കു​ക​യാണ്‌. ചില കമ്പനികൾ ഈ നഷ്ടം നികത്താ​നാ​യി തങ്ങളുടെ ചില പ്രവർത്ത​നങ്ങൾ യന്ത്രവ​ത്‌ക​രി​ക്കാ​നുള്ള വഴികളെ കുറിച്ച്‌ ആലോ​ചി​ച്ചു​വ​രു​ന്നു. 2000-ാം ആണ്ടിൽ ഒരു പ്ലാറ്റിനം ഖനിയിൽ എയ്‌ഡ്‌സ്‌ ബാധി​ത​രായ തൊഴി​ലാ​ളി​ക​ളു​ടെ എണ്ണം ഏകദേശം ഇരട്ടി​ച്ച​താ​യി കണക്കാ​ക്ക​പ്പെട്ടു. അവിടത്തെ തൊഴി​ലാ​ളി​ക​ളിൽ ഏതാണ്ട്‌ 26 ശതമാനം രോഗ​ബാ​ധി​ത​രാ​യി.

രോഗി​ക​ളാ​യ മാതാ​പി​താ​ക്കൾ മരണത്തി​നു കീഴട​ങ്ങു​മ്പോൾ വളരെ​യേറെ കുട്ടികൾ അനാഥ​രാ​യി​ത്തീ​രു​ന്നു. ഇത്‌ എയ്‌ഡ്‌സി​ന്റെ ദുഃഖ​ക​ര​മായ ഒരു ഫലമാണ്‌. മാതാ​പി​താ​ക്കളെ നഷ്ടപ്പെ​ടു​ക​യും സാമ്പത്തിക ഭദ്രത താറു​മാ​റാ​കു​ക​യും ചെയ്യു​ന്ന​തി​നു പുറമേ ഈ കുട്ടി​കൾക്ക്‌ എയ്‌ഡ്‌സു​മാ​യി ബന്ധപ്പെട്ട നാണ​ക്കേ​ടും സഹി​ക്കേ​ണ്ട​താ​യി വരുന്നു. പലപ്പോ​ഴും ബന്ധുക്കൾക്കും സമൂഹ​ത്തി​നും ഇവരെ സഹായി​ക്കാ​നുള്ള സാമ്പത്തിക ശേഷി​യില്ല, ഉണ്ടെങ്കിൽ തന്നെ അവർ അതിന്‌ ഒരുക്ക​വു​മല്ല. അനാഥ​രാ​കുന്ന കുട്ടി​ക​ളിൽ പലരും പഠിപ്പു നിറു​ത്തു​ന്നു. ചിലർ വേശ്യാ​വൃ​ത്തി​യി​ലേക്കു തിരി​ഞ്ഞു​കൊണ്ട്‌ ഈ രോഗ​ത്തി​ന്റെ കൂടു​ത​ലായ വ്യാപ​ന​ത്തിന്‌ ഇടയാ​ക്കു​ന്നു. ഈ അനാഥർക്ക്‌ സഹായം നൽകാ​നുള്ള ഗവൺമെന്റ്‌ പരിപാ​ടി​ക​ളോ സ്വകാര്യ പരിപാ​ടി​ക​ളോ പല രാജ്യ​ങ്ങ​ളും രൂപീ​ക​രി​ച്ചി​ട്ടുണ്ട്‌.

അജ്ഞത. എച്ച്‌ഐവി ബാധി​ത​രായ അനേകം ആളുക​ളും അതിനെ കുറിച്ചു ബോധ​വാ​ന്മാ​രല്ല. ഈ രോഗ​വു​മാ​യി ബന്ധപ്പെട്ട നാണ​ക്കേട്‌ ഓർത്ത്‌ പലരും പരി​ശോ​ധ​ന​യ്‌ക്കു വിധേ​യ​രാ​കാൻ മടിക്കു​ന്നു. “പലപ്പോ​ഴും എച്ച്‌ഐവി ഉള്ള, അല്ലെങ്കിൽ ഉള്ളതായി സംശയി​ക്കുന്ന വ്യക്തി​കളെ ചികി​ത്സി​ക്കാൻ ആരോ​ഗ്യ​പ​രി​പാ​ലന കേന്ദ്രങ്ങൾ തയ്യാറാ​കു​ന്നില്ല, അവർക്കു താമസ​സൗ​ക​ര്യ​ങ്ങ​ളും ജോലി​യും നിഷേ​ധി​ക്ക​പ്പെ​ടു​ന്നു, സുഹൃ​ത്തു​ക്ക​ളും സഹജോ​ലി​ക്കാ​രും അവരെ ഒറ്റപ്പെ​ടു​ത്തു​ന്നു. അവർക്ക്‌ ഇൻഷ്വ​റൻസ്‌ ആനുകൂ​ല്യ​ങ്ങ​ളും വിദേശ രാജ്യ​ങ്ങ​ളി​ലേ​ക്കുള്ള പ്രവേ​ശ​ന​വും നിഷേ​ധി​ക്ക​പ്പെ​ട്ടേ​ക്കാം” എന്ന്‌ എച്ച്‌ഐവി/എയ്‌ഡ്‌സ്‌ സംയുക്ത ഐക്യ​രാ​ഷ്‌ട്ര പരിപാ​ടി​യു​ടെ (യുഎൻഎ​യ്‌ഡ്‌സ്‌) ഒരു വാർത്താ റിപ്പോർട്ടു പ്രസ്‌താ​വി​ച്ചു. എച്ച്‌ഐവി ഉണ്ടെന്ന്‌ വെളി​വാ​യ​തി​നെ തുടർന്ന്‌ വ്യക്തികൾ കൊല ചെയ്യപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടായി​ട്ടുണ്ട്‌.

സംസ്‌കാ​രം. പല ആഫ്രിക്കൻ സംസ്‌കാ​ര​ങ്ങ​ളി​ലും സ്‌ത്രീ​കൾക്ക്‌, പുരു​ഷ​ന്മാ​രു​ടെ വിവാ​ഹ​ബാ​ഹ്യ ബന്ധങ്ങ​ളെ​ക്കു​റിച്ച്‌ അവരെ ചോദ്യം ചെയ്യാ​നോ, ലൈം​ഗിക ബന്ധത്തിനു വിസമ്മ​തി​ക്കാ​നോ, കൂടുതൽ സുരക്ഷി​ത​മായ ലൈം​ഗിക നടപടി​കൾ നിർദേ​ശി​ക്കാ​നോ ഉള്ള അവകാ​ശ​മില്ല. മിക്ക​പ്പോ​ഴും സാംസ്‌കാ​രിക വിശ്വാ​സ​ങ്ങ​ളിൽ എയ്‌ഡ്‌സി​നെ കുറി​ച്ചുള്ള അജ്ഞതയും അതു സംബന്ധിച്ച യാഥാർഥ്യ​ത്തെ അംഗീ​ക​രി​ക്കാ​നുള്ള മടിയും നിഴലി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ രോഗം കൂടോ​ത്ര​ത്തി​ന്റെ ഫലമാ​ണെന്ന്‌ ആരോ​പി​ച്ചു​കൊണ്ട്‌ ആളുകൾ മന്ത്രവാ​ദി​ക​ളു​ടെ സഹായം തേടി​യേ​ക്കാം.

അപര്യാ​പ്‌ത​മാ​യ ചികിത്സാ സൗകര്യ​ങ്ങൾ. അല്ലെങ്കിൽത്തന്നെ ആവശ്യ​ത്തിന്‌ സൗകര്യ​ങ്ങൾ ഇല്ലാതെ വലയുന്ന ചികിത്സാ കേന്ദ്രങ്ങൾ എയ്‌ഡ്‌സ്‌ രോഗി​കൾ നിമിത്തം വളരെ വലിയ പ്രതി​സ​ന്ധി​യെ നേരി​ടു​ക​യാണ്‌. ആശുപ​ത്രി​യിൽ കിടത്തി ചികി​ത്സി​ക്കുന്ന രോഗി​ക​ളിൽ പകുതി​യി​ല​ധി​കം പേരും എച്ച്‌ഐവി പോസി​റ്റീവ്‌ ആണെന്ന്‌ രണ്ട്‌ വലിയ ആശു​പ്ര​തി​ക​ളിൽ നിന്നുള്ള റിപ്പോർട്ടു​കൾ പറയുന്നു. ക്വാസൂ​ലൂ-നറ്റാലി​ലെ ഒരു ആശുപ​ത്രി​യി​ലെ പ്രധാന മെഡിക്കൽ ഓഫീസർ പറഞ്ഞത്‌ തന്റെ വാർഡു​ക​ളിൽ, അവിടെ കിടത്തി ചികി​ത്സി​ക്കാൻ കഴിയുന്ന രോഗി​ക​ളു​ടെ പരമാ​വധി എണ്ണത്തെ​ക്കാൾ 40 ശതമാനം കൂടുതൽ രോഗി​കൾ ഉണ്ടെന്നാണ്‌. ചില സമയങ്ങ​ളിൽ ഒരു കിടക്ക​യിൽത്തന്നെ രണ്ടു രോഗി​ക​ളും അതിന​ടി​യിൽ തറയിൽ മറ്റൊരു രോഗി​യും ഉണ്ടാകും!—സൗത്ത്‌ ആഫ്രിക്കൻ മെഡിക്കൽ ജേർണൽ.

ആഫ്രി​ക്ക​യി​ലെ സ്ഥിതി തീർച്ച​യാ​യും പരിതാ​പ​ക​ര​മാണ്‌. എന്നാൽ അവസ്ഥകൾ ഇനിയും വഷളാ​യേ​ക്കാ​മെ​ന്നാണ്‌ സ്ഥിതി​ഗ​തി​ക​ളു​ടെ പോക്ക്‌ സൂചി​പ്പി​ക്കു​ന്നത്‌. “നാം ഇപ്പോ​ഴും ഈ പകർച്ച​വ്യാ​ധി​യു​ടെ ആദ്യ ഘട്ടങ്ങളി​ലാണ്‌” എന്ന്‌ യുഎൻഎ​യ്‌ഡ്‌സ്‌ പ്രവർത്ത​ക​നായ പീറ്റർ പ്യോ പറഞ്ഞു.

ചില രാജ്യ​ങ്ങ​ളിൽ ഈ രോഗ​ത്തി​നു കടിഞ്ഞാ​ണി​ടാ​നുള്ള ശ്രമങ്ങൾ നടന്നു​വ​രു​ന്നുണ്ട്‌. 2001 ജൂണിൽ ഐക്യ​രാ​ഷ്‌ട്ര പൊതു​സഭ ആദ്യമാ​യി എച്ച്‌ഐവി/എയ്‌ഡ്‌സി​നെ കുറിച്ച്‌ ചർച്ച ചെയ്യാ​നാ​യി ഒരു പ്രത്യേക സമ്മേളനം വിളി​ച്ചു​കൂ​ട്ടി. എന്നാൽ മാനുഷ ശ്രമങ്ങൾ വിജയി​ക്കു​മോ? എയ്‌ഡ്‌സി​ന്റെ മരണ​ക്കൊ​യ്‌ത്ത്‌ എപ്പോൾ അവസാ​നി​ക്കും? (g02 11/08)

[5-ാം പേജിലെ ചതുരം/ചിത്രം]

എയ്‌ഡ്‌സ്‌ ഔഷധ​മായ നെ​വൈ​റ​പിൻ—ദക്ഷിണാ​ഫ്രി​ക്ക​യു​ടെ പ്രതി​സ​ന്ധി

എന്താണ്‌ നെ​വൈ​റ​പിൻ? ജേർണ​ലിസ്റ്റ്‌ നിക്കോൾ ഇറ്റാനൊ പറയു​ന്ന​ത​നു​സ​രിച്ച്‌ അത്‌ “റെ​ട്രോ​വൈ​റ​സി​നെ പ്രതി​രോ​ധി​ക്കാ​നുള്ള ഒരു മരുന്നാണ്‌. എയ്‌ഡ്‌സ്‌ [അമ്മയിൽനിന്ന്‌] കുഞ്ഞി​ലേക്കു പകരാ​നുള്ള സാധ്യ​തയെ അത്‌ പകുതി​യാ​യി കുറയ്‌ക്കു​ന്നു​വെന്ന്‌ പരീക്ഷ​ണങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു.” അടുത്ത അഞ്ചു വർഷ​ത്തേക്ക്‌ ഈ മരുന്ന്‌ വില ഈടാ​ക്കാ​തെ ദക്ഷിണാ​ഫ്രി​ക്ക​യ്‌ക്കു നൽകാ​മെന്ന്‌ ഒരു ജർമൻ ഔഷധ കമ്പനി വാഗ്‌ദാ​നം ചെയ്‌തു. എന്നാൽ 2001 ആഗസ്റ്റാ​യി​ട്ടും ദക്ഷിണാ​ഫ്രി​ക്കൻ ഗവൺമെന്റ്‌ ആ സഹായം സ്വീക​രി​ച്ചി​രു​ന്നില്ല. എന്തായി​രു​ന്നു പ്രശ്‌നം?

ദക്ഷിണാ​ഫ്രി​ക്ക​യിൽ എച്ച്‌ഐവി പോസി​റ്റീവ്‌ ആയ 47 ലക്ഷം ജനങ്ങളുണ്ട്‌, ലോക​ത്തി​ലെ മറ്റേ​തൊ​രു രാഷ്‌ട്ര​ത്തി​ലേ​തി​നെ​ക്കാ​ളും അധിക​മാണ്‌ അത്‌. ദക്ഷിണാ​ഫ്രി​ക്കൻ രാഷ്‌ട്ര​പതി താബോ മ്പീക്കിക്ക്‌ “എച്ച്‌ഐ​വി​യാണ്‌ എയ്‌ഡ്‌സി​നു കാരണം എന്ന പൊതു അഭി​പ്രാ​യ​ത്തോ​ടു പൂർണ​മാ​യും യോജി​പ്പി​ല്ലെ​ന്നും എയ്‌ഡ്‌സ്‌ ഔഷധ​ങ്ങ​ളു​ടെ വിലയും സുരക്ഷ​യും പ്രയോ​ജ​ന​വും സംബന്ധിച്ച്‌ സന്ദേഹം ഉണ്ടെന്നും” 2002 ഫെബ്രു​വ​രി​യിൽ ലണ്ടനിലെ ദി ഇക്കോ​ണ​മിസ്റ്റ്‌ റിപ്പോർട്ടു ചെയ്‌തു. “അദ്ദേഹം അവ നിരോ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ദക്ഷിണാ​ഫ്രി​ക്ക​യിൽ അവ ഉപയോ​ഗി​ക്കു​ന്ന​തിൽനിന്ന്‌ ഡോക്ടർമാ​രെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാണ്‌.” ഇതു വലിയ ഉത്‌ക​ണ്‌ഠ​യ്‌ക്കു കാരണം ആയിത്തീർന്നി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം, ദക്ഷിണാ​ഫ്രി​ക്ക​യിൽ ഓരോ വർഷവും എച്ച്‌ഐവി ഉള്ള ആയിര​ക്ക​ണ​ക്കി​നു കുഞ്ഞു​ങ്ങ​ളാ​ണു ജനിക്കു​ന്നത്‌. ഗർഭി​ണി​ക​ളിൽ 25 ശതമാ​ന​വും ഈ വൈറ​സി​ന്റെ വാഹക​രാണ്‌.

ഈ അഭി​പ്രായ ഭിന്നത​ക​ളു​ടെ ഫലമായി നെ​വൈ​റ​പിൻ വിതരണം ചെയ്യാൻ ഗവൺമെ​ന്റി​നെ നിർബ​ന്ധി​ക്കുക എന്ന ലക്ഷ്യത്തിൽ കോട​തി​യിൽ കേസ്‌ ഫയൽ ചെയ്യ​പ്പെട്ടു. 2002 ഏപ്രി​ലിൽ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഭരണഘ​ടനാ കോടതി അതിന്റെ വിധി പ്രസ്‌താ​വി​ച്ചു. ദ വാഷി​ങ്‌ടൺ പോസ്റ്റിൽ രാവി നെസ്‌മൻ എഴുതി​യ​പ്ര​കാ​രം “ഈ മരുന്ന്‌ ഉപയോ​ഗിച്ച്‌ ചികിത്സ നടത്താൻ സൗകര്യ​മുള്ള എല്ലാ ചികിത്സാ കേന്ദ്ര​ങ്ങ​ളി​ലും ഗവൺമെന്റ്‌ അതു ലഭ്യമാ​ക്കേ​ണ്ട​താണ്‌” എന്ന്‌ കോടതി വിധിച്ചു. ദക്ഷിണാ​ഫ്രി​ക്കൻ ഗവൺമെന്റ്‌ പരീക്ഷ​ണാർഥം രാജ്യ​ത്തൊ​ട്ടാ​കെ 18 ഇടങ്ങളിൽ ഈ മരുന്ന്‌ വിതരണം ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ ഈ പുതിയ വിധി രാജ്യ​ത്തു​ട​നീ​ള​മുള്ള എച്ച്‌ഐവി ബാധി​ത​രായ ഗർഭി​ണി​കൾക്കു പ്രത്യാശ പകർന്നി​രി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു.

[6-ാം പേജിലെ ചതുരം/ചിത്രം]

സൂത്രശാലിയായ ഒരു വൈറസ്‌ കോശത്തെ കബളി​പ്പി​ക്കു​ന്നു

ഒരു നിമിഷം ഹ്യൂമൻ ഇമ്മ്യൂ​ണോ​ഡെ​ഫി​ഷ്യൻസി വൈറ​സി​ന്റെ (എച്ച്‌ഐവി) അതിസൂക്ഷ്‌മ ലോക​ത്തി​ലേക്ക്‌ എത്തി​നോ​ക്കുക. ഒരു ശാസ്‌ത്രജ്ഞ ഇങ്ങനെ പറഞ്ഞു: “വർഷങ്ങ​ളോ​ളം ഇല​ക്ട്രോൺ മൈ​ക്രോ​സ്‌കോ​പ്പി​ലൂ​ടെ വൈറ​സു​കളെ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇത്രയും ചെറിയ കണിക​ക​ളു​ടെ രൂപകൽപ്പ​ന​യിൽ പ്രകട​മാ​യി​രി​ക്കുന്ന കൃത്യ​ത​യും സങ്കീർണ​ത​യും എന്നിൽ ഇന്നും അതിശ​യ​വും ആവേശ​വും ജനിപ്പി​ക്കു​ന്നു.”

വൈറ​സിന്‌ ബാക്ടീ​രി​യ​ത്തി​ന്റെ അത്രയും പോലും വലിപ്പ​മില്ല. ബാക്ടീ​രി​യ​തന്നെ ഒരു സാധാരണ മനുഷ്യ കോശ​ത്തെ​ക്കാൾ എത്രയോ ചെറു​താണ്‌. ഒരു ഉറവിടം പറയു​ന്ന​ത​നു​സ​രിച്ച്‌ “ഈ വാചക​ത്തി​ന്റെ അവസാ​ന​മുള്ള പൂർണ​വി​രാമ ചിഹ്നത്തിൽ 23 കോടി [എച്ച്‌ഐവി കണിക​കളെ] ഉൾക്കൊ​ള്ളി​ക്കാൻ കഴിയും.” അത്രയ്‌ക്കു ചെറു​താണ്‌ അവ. എന്നാൽ ഒരു ആതിഥേയ കോശ​ത്തിൽ കടന്ന്‌ അതിന്റെ മുഴു നിയ​ന്ത്ര​ണ​വും ഏറ്റെടു​ക്കാ​ത്ത​പക്ഷം ഒരു വൈറ​സിന്‌ പെരു​കാൻ സാധി​ക്കില്ല.

എച്ച്‌ഐവി മനുഷ്യ ശരീര​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ അതിനു വളരെ ശക്തമായ പ്രതി​രോ​ധ​വ്യ​വ​സ്ഥയെ നേരി​ടേണ്ടി വരുന്നു. a ശരീര​ത്തി​ലെ അസ്ഥിമജ്ജ ശ്വേത​ര​ക്താ​ണു​ക്കൾ ഉൾപ്പെട്ട ഒരു പ്രതി​രോധ സംവി​ധാ​ന​ത്തി​നു രൂപം നൽകുന്നു. റ്റി കോശ​ങ്ങ​ളെ​ന്നും ബി കോശ​ങ്ങ​ളെ​ന്നും അറിയ​പ്പെ​ടുന്ന രണ്ടു പ്രധാന തരം ലിം​ഫോ​സൈ​റ്റു​കൾ ശ്വേത​ര​ക്താ​ണു​ക്ക​ളിൽ പെടുന്നു. കൂടാതെ, ഫാഗോ​സൈ​റ്റു​കൾ അഥവാ “കോശം തീനികൾ” എന്നു വിളി​ക്ക​പ്പെ​ടുന്ന ശ്വേത​ര​ക്താ​ണു​ക്ക​ളു​മുണ്ട്‌.

റ്റി കോശ​ങ്ങ​ളിൽത്തന്നെ വ്യത്യസ്‌ത വിഭാ​ഗ​ങ്ങ​ളുണ്ട്‌. ഇവയിൽ ഓരോ​ന്നി​നും വിഭിന്ന ധർമങ്ങ​ളാണ്‌ ഉള്ളത്‌. സഹായി റ്റി കോശങ്ങൾ എന്ന്‌ അറിയ​പ്പെ​ടു​ന്നവ യുദ്ധ തന്ത്രങ്ങ​ളിൽ പ്രധാന പങ്കു വഹിക്കു​ന്നു. ഈ സഹായി റ്റി കോശങ്ങൾ അന്യ ആക്രമ​ണ​കാ​രി​കളെ തിരി​ച്ച​റി​യു​ന്ന​തിൽ സഹായി​ക്കു​ക​യും ശത്രു​വി​നെ ആക്രമി​ച്ചു നശിപ്പി​ക്കുന്ന കോശ​ങ്ങ​ളു​ടെ ഉത്‌പാ​ദ​ന​ത്തി​നുള്ള നിർദേ​ശങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്യുന്നു. എച്ച്‌ഐവി, ആക്രമ​ണ​ത്തി​നാ​യി പ്രത്യേ​കം ലക്ഷ്യമി​ടു​ന്നത്‌ ഈ സഹായി റ്റി കോശ​ങ്ങ​ളെ​യാണ്‌. വൈറസ്‌ ബാധി​ത​മായ ശരീര കോശ​ങ്ങളെ കൊല​യാ​ളി റ്റി കോശങ്ങൾ നശിപ്പി​ക്കു​ന്നു. അണുബാ​ധ​കൾക്ക്‌ എതി​രെ​യുള്ള യുദ്ധത്തിൽ ഉപയോ​ഗി​ക്കുന്ന ആന്റി​ബോ​ഡി​കൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ ബി കോശ​ങ്ങ​ളാണ്‌.

ഒരു കുടില തന്ത്രം

എച്ച്‌ഐവി റെ​ട്രോ​വൈ​റ​സു​ക​ളു​ടെ ഗണത്തി​ലാണ്‌ പെടു​ന്നത്‌. എച്ച്‌ഐവി-യുടെ ജനിതക വിവരങ്ങൾ അടങ്ങി​യി​രി​ക്കു​ന്നത്‌ ഡിഎൻഎ-യിലല്ല (ഡി ഓക്‌സി റൈബോ ന്യൂക്ലിക്‌ അമ്ലം), മറിച്ച്‌ ആർഎൻഎ-യിലാണ്‌ (റൈബോ ന്യൂക്ലിക്‌ അമ്ലം). ഗുരു​ത​ര​മായ രോഗ​ല​ക്ഷ​ണങ്ങൾ പ്രകട​മാ​കു​ന്ന​തിന്‌ ഇടയാ​ക്കാ​തെ വളരെ​ക്കാ​ലം ശരീര​ത്തിൽ നിഷ്‌ക്രി​യാ​വ​സ്ഥ​യിൽ തുടരാൻ എച്ച്‌ഐവി-ക്കു കഴിയു​ന്ന​തി​നാൽ അതിനെ റെ​ട്രോ​വൈ​റ​സു​ക​ളു​ടെ ഒരു പ്രത്യേക ഉപവി​ഭാ​ഗ​മായ ലെന്റി​വൈ​റ​സു​ക​ളു​ടെ ഗണത്തിൽ പെടു​ത്തു​ന്നു.

ഒരു ആതിഥേയ കോശ​ത്തി​നു​ള്ളി​ലേക്കു കടക്കുന്ന എച്ച്‌ഐവി സ്വന്തം കാര്യ​സാ​ധ്യ​ത്തിന്‌ കോശ​ത്തി​ന്റെ തന്നെ പ്രവർത്ത​നങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു. എച്ച്‌ഐവി-യുടെ പല പകർപ്പു​കൾ ഉണ്ടാക്കാൻ തക്കവണ്ണം അത്‌ കോശ​ത്തി​ന്റെ ഡിഎൻഎ-യെ ‘പ്രോ​ഗ്രാം’ ചെയ്യുന്നു. എന്നാൽ ഇതിനു കഴിയ​ണ​മെ​ങ്കിൽ എച്ച്‌ഐവി ഒരു വ്യത്യസ്‌ത “ഭാഷ” ഉപയോ​ഗി​ച്ചേ തീരൂ. സ്വന്തം ആർഎൻഎ അത്‌ ഡിഎൻഎ ആക്കി മാറ്റണം. എങ്കിൽ മാത്രമേ ആതിഥേയ കോശ​ത്തി​ലെ ഭാഗങ്ങൾക്ക്‌ അതിലെ വിവരങ്ങൾ വായിച്ചു മനസ്സി​ലാ​ക്കാൻ സാധിക്കൂ. ഒരു വൈറസ്‌ എൻ​സൈ​മായ റിവേ​ഴ്‌സ്‌ ട്രാൻസ്‌ക്രി​പ്‌റ്റേ​സി​ന്റെ സഹായ​ത്തോ​ടെ​യാണ്‌ എച്ച്‌ഐവി ഇതു നിർവ​ഹി​ക്കു​ന്നത്‌. ആയിര​ക്ക​ണ​ക്കി​നു പുതിയ എച്ച്‌ഐവി കണിക​കളെ ഉത്‌പാ​ദി​പ്പി​ച്ച​ശേഷം ഒടുവിൽ കോശം നശിക്കു​ന്നു. പുതു​താ​യി ഉത്‌പാ​ദി​പ്പി​ക്ക​പ്പെട്ട ഈ കണികകൾ മറ്റു കോശ​ങ്ങളെ ആക്രമി​ക്കു​ന്നു.

സഹായി റ്റി കോശ​ങ്ങ​ളു​ടെ എണ്ണം ഗണ്യമാ​യി കുറഞ്ഞു കഴിഞ്ഞാൽ പിന്നെ മറ്റു ശക്തികൾക്ക്‌ യാതൊ​രു ആക്രമ​ണ​ഭീ​ഷ​ണി​യും കൂടാതെ ശരീരത്തെ ആക്രമി​ക്കാം. ശരീരം എല്ലാത്തരം രോഗ​ങ്ങൾക്കും അണുബാ​ധ​കൾക്കും കീഴ്‌പെ​ടു​ന്നു. ഈ അവസ്ഥയിൽ എച്ച്‌ഐവി ബാധി​ത​നായ വ്യക്തി പൂർണ​മാ​യി വികസിച്ച എയ്‌ഡ്‌സ്‌ രോഗ​ത്തിന്‌ അടിമ ആയിരി​ക്കു​ക​യാ​ണെന്ന്‌ പറയാം. മുഴു പ്രതി​രോധ വ്യവസ്ഥ​യെ​യും താറു​മാ​റാ​ക്കു​ന്ന​തിൽ എച്ച്‌ഐവി വിജയി​ച്ചി​രി​ക്കു​ന്നു.

ഇത്‌ ലളിത​മായ ഒരു വിശദീ​ക​ര​ണ​മാണ്‌. പ്രതി​രോധ വ്യവസ്ഥയെ കുറി​ച്ചും എച്ച്‌ഐ​വി​യു​ടെ പ്രവർത്ത​നത്തെ കുറി​ച്ചും ഗവേഷ​കർക്ക്‌ അറിയാത്ത പല കാര്യങ്ങൾ ഇനിയും ഉണ്ടെന്ന കാര്യം മനസ്സിൽ പിടി​ക്കേ​ണ്ട​താണ്‌.

കഴിഞ്ഞ രണ്ടു ദശാബ്ദ​ങ്ങ​ളു​ടെ ഏറിയ പങ്കും ലോക​മെ​മ്പാ​ടു​മുള്ള പ്രമുഖ വൈദ്യ​ശാ​സ്‌ത്ര ഗവേഷകർ തങ്ങളുടെ മാനസി​ക​വും ശാരീ​രി​ക​വു​മായ പ്രാപ്‌തി​കൾ ഈ കൊച്ചു വൈറ​സി​നെ കുറി​ച്ചുള്ള ഗവേഷ​ണ​ത്തി​നാ​യി ഉഴിഞ്ഞു​വെ​ച്ചി​ട്ടുണ്ട്‌. ഇതിനു വളരെ വലിയ തുക ചെലവ​ഴി​ച്ചി​രി​ക്കു​ന്നു. അതിന്റെ ഫലമായി എച്ച്‌ഐവി-യെ കുറിച്ചു വളരെ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. ഒരു ശസ്‌ത്ര​ക്രി​യാ വിദഗ്‌ധ​നായ ഡോ. ഷെർവിൻ ബി. ന്യൂലൻഡ്‌ ഏതാനും വർഷം മുമ്പ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഹ്യൂമൻ ഇമ്യൂ​ണോ​ഡെ​ഫി​ഷ്യൻസി വൈറ​സി​നെ കുറിച്ചു നേടാൻ കഴിഞ്ഞി​ട്ടുള്ള വിവര​ങ്ങ​ളും അതിന്റെ ആക്രമ​ണത്തെ ചെറു​ക്കാ​നുള്ള ഒരു മാർഗം കെട്ടി​പ്പ​ടു​ക്കു​ന്ന​തിൽ നേടി​യി​രി​ക്കുന്ന പുരോ​ഗ​തി​യും വിസ്‌മ​യാ​വ​ഹ​മാണ്‌.”

എന്നിരു​ന്നാ​ലും എയ്‌ഡ്‌സി​ന്റെ മരണ​ക്കൊ​യ്‌ത്ത്‌ അമ്പരി​പ്പി​ക്കുന്ന വേഗത്തിൽ തുടരു​ക​യാണ്‌.

[അടിക്കു​റി​പ്പു​കൾ]

[ചിത്രം]

എച്ച്‌ഐവി രോഗ​പ്ര​തി​രോധ വ്യവസ്ഥ​യു​ടെ ഭാഗമായ ലിം​ഫോ​സൈ​റ്റു​ക​ളിൽ കടന്ന്‌ എച്ച്‌ഐവി ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി അവയെ പുനഃ​പ്രോ​ഗ്രാം ചെയ്യുന്നു

[കടപ്പാട്‌]

CDC, Atlanta, Ga.

[7-ാം പേജിലെ ചിത്രം]

ആയിരക്കണക്കിന്‌ യുവജ​നങ്ങൾ ബൈബിൾ നിലവാ​രങ്ങൾ അനുസ​രി​ച്ചു ജീവി​ക്കു​ന്നു