വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എയ്‌ഡ്‌സ്‌ തളയ്‌ക്കപ്പെടുമോ? എങ്കിൽ, എങ്ങനെ?

എയ്‌ഡ്‌സ്‌ തളയ്‌ക്കപ്പെടുമോ? എങ്കിൽ, എങ്ങനെ?

എയ്‌ഡ്‌സ്‌ തളയ്‌ക്ക​പ്പെ​ടു​മോ? എങ്കിൽ, എങ്ങനെ?

എയ്‌ഡ്‌സ്‌ എന്ന ഭീകര യാഥാർഥ്യ​ത്തെ നിഷേ​ധി​ക്കാ​നുള്ള ഒരു പ്രവണ​ത​യാണ്‌ കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ പല ആഫ്രിക്കൻ രാജ്യ​ങ്ങ​ളി​ലും കണ്ടുവ​ന്നി​ട്ടു​ള്ളത്‌. പലരും ഈ വിഷയത്തെ കുറിച്ചു ചർച്ച ചെയ്യാൻ ഇഷ്ടപ്പെ​ടു​ന്നില്ല. എങ്കിലും ജനങ്ങളെ, വിശേ​ഷി​ച്ചും യുവജ​ന​ങ്ങളെ ബോധ​വ​ത്‌ക​രി​ക്കാ​നും തുറന്ന ചർച്ചകൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മുള്ള ശ്രമങ്ങൾ അടുത്ത കാലങ്ങ​ളി​ലാ​യി ഉണ്ടായി​ട്ടുണ്ട്‌. പക്ഷേ അതൊ​ന്നും അത്ര വിജയ​ക​ര​മാ​യി​രു​ന്നി​ട്ടില്ല. ആളുക​ളു​ടെ ജീവി​ത​രീ​തി​യും ശീലങ്ങ​ളു​മൊ​ക്കെ വേരു​റ​ച്ചു​പോ​യി​രി​ക്കു​ന്നു. അതിനു മാറ്റം വരുത്തുക അത്ര എളുപ്പമല്ല.

വൈദ്യ​ശാ​സ്‌ത്ര രംഗത്തെ പുരോ​ഗ​തി

വൈദ്യ​ശാ​സ്‌ത്ര രംഗത്ത്‌ ശാസ്‌ത്രജ്ഞർ എച്ച്‌ഐവി-യെ കുറിച്ച്‌ വളരെ​യേറെ കാര്യങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. തത്‌ഫ​ല​മാ​യി പലർക്കും ആയുസ്സ്‌ നീട്ടി​ക്കൊ​ടു​ത്തി​രി​ക്കുന്ന മരുന്നു​കൾ അവർ വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു. റെ​ട്രോ​വൈ​റ​സി​നെ പ്രതി​രോ​ധി​ക്കുന്ന മൂന്നു മരുന്നു​ക​ളെ​ങ്കി​ലും ഒരുമിച്ച്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള ഒരു ചികിത്സ—തീവ്ര റെ​ട്രോ​വൈ​റസ്‌ പ്രതി​രോ​ധക ചികിത്സ—ഫലപ്ര​ദ​മാ​ണെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌.

രോഗം സൗഖ്യ​മാ​ക്കു​ക​യി​ല്ലെ​ങ്കി​ലും, ഈ മരുന്നു​കൾ എച്ച്‌ഐവി ബാധി​ത​രു​ടെ മരണനി​രക്ക്‌ കുറയ്‌ക്കു​ന്ന​തിൽ വിജയി​ച്ചി​ട്ടുണ്ട്‌, പ്രത്യേ​കി​ച്ചും വികസിത രാജ്യ​ങ്ങ​ളിൽ. ഈ മരുന്നു​കൾ വികസ്വര രാഷ്‌ട്ര​ങ്ങ​ളിൽ ലഭ്യമാ​ക്കു​ന്നത്‌ എത്ര പ്രധാനം ആണെന്ന​തിന്‌ പലരും ഊന്നൽ നൽകി​യി​രി​ക്കു​ന്നു. എന്നാൽ ഇത്തരം രാജ്യ​ങ്ങ​ളിൽ താമസി​ക്കുന്ന മിക്കവർക്കും വളരെ വിലകൂ​ടിയ ഈ മരുന്നു​കൾ വാങ്ങാ​നുള്ള ശേഷി​യില്ല.

ഇത്‌ പിൻവ​രുന്ന ചോദ്യം ഉയർത്തി​യി​രി​ക്കു​ന്നു: സാമ്പത്തിക ലാഭമാ​ണോ മനുഷ്യ​ജീ​വ​നെ​ക്കാൾ പ്രധാനം? ബ്രസീ​ലി​ന്റെ എച്ച്‌ഐവി/എയ്‌ഡ്‌സ്‌ പരിപാ​ടി​യു​ടെ ഡയറക്ട​റായ ഡോ. പൗലൂ റ്റേഷേര ഇപ്പോൾ നിലവി​ലുള്ള സാഹച​ര്യം അംഗീ​ക​രി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “സാധാരണ ഉണ്ടാക്കു​ന്ന​തി​ന്റെ പല മടങ്ങ്‌ ലാഭം ഉണ്ടാക്കാൻ നടത്തുന്ന ശ്രമം മൂലം അതിജീ​വി​ക്കാ​നുള്ള മരുന്നി​ല്ലാ​തെ വരുന്ന ആയിര​ക്ക​ണ​ക്കിന്‌ ആളുകളെ നിസ്സഹാ​യ​രാ​യി വിടാൻ നമുക്കാ​വില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “സദാചാ​ര​പ​ര​വും മനുഷ്യ​ത്വ​പ​ര​വു​മായ പരിഗ​ണ​ന​കളെ വാണിജ്യ താത്‌പ​ര്യ​ങ്ങൾക്കു മുമ്പിൽ അടിയറ വെക്കാൻ പാടി​ല്ലെന്ന്‌ ഞാൻ ഉറച്ചു വിശ്വ​സി​ക്കു​ന്നു.”

ഏതാനും രാഷ്‌ട്രങ്ങൾ വലിയ ഔഷധ കമ്പനി​ക​ളു​ടെ നിർമാണ അവകാ​ശ​ങ്ങളെ അവഗണി​ച്ചു​കൊണ്ട്‌ ചില മരുന്നു​ക​ളു​ടെ വ്യാപാര നാമമി​ല്ലാത്ത പകർപ്പു​കൾ വളരെ കുറഞ്ഞ വിലയ്‌ക്കു നിർമി​ക്കു​ക​യോ ഇറക്കു​മതി ചെയ്യു​ക​യോ ചെയ്യാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. a “[വ്യാപാര നാമമി​ല്ലാത്ത മരുന്നു​ക​ളു​ടെ] ഏറ്റവും കുറഞ്ഞ വില സാധാരണ യു.എസ്‌. വില​യെ​ക്കാൾ 82% കുറവാ​ണെന്ന്‌” ഒരു പഠനം വെളി​പ്പെ​ടു​ത്തി​യ​താ​യി സൗത്ത്‌ ആഫ്രിക്കൻ മെഡിക്കൽ ജേർണൽ റിപ്പോർട്ടു ചെയ്യുന്നു.

ചികി​ത്സ​യ്‌ക്കുള്ള പ്രതി​ബ​ന്ധ​ങ്ങൾ

കുറച്ചു കഴിഞ്ഞ​പ്പോൾ വലിയ ഔഷധ കമ്പനികൾ എയ്‌ഡ്‌സ്‌ ഔഷധങ്ങൾ ആവശ്യ​മുള്ള വികസ്വര രാഷ്‌ട്ര​ങ്ങൾക്ക്‌ വളരെ കുറഞ്ഞ വിലയ്‌ക്ക്‌ അവ ലഭ്യമാ​ക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി അനേകർക്കും കൂടെ ഈ മരുന്നു​ക​ളിൽനി​ന്നു പ്രയോ​ജനം നേടാ​നാ​കു​മെന്നു പ്രതീ​ക്ഷി​ച്ചി​രു​ന്നു. എന്നാൽ വികസ്വര രാഷ്‌ട്ര​ങ്ങ​ളി​ലെ ജനങ്ങൾക്ക്‌ ഈ മരുന്നു​കൾ അനായാ​സേന ലഭ്യമാ​ക്കു​ന്ന​തിന്‌ വലിയ പ്രതി​ബ​ന്ധ​ങ്ങളെ മറിക​ട​ക്കേ​ണ്ട​താ​യുണ്ട്‌. അതി​ലൊന്ന്‌ അതിന്റെ വിലയാണ്‌. വില വളരെ​യ​ധി​കം വെട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ടെ​ങ്കിൽപ്പോ​ലും ഇപ്പോ​ഴും അത്‌ ആവശ്യ​ക്കാ​രിൽ ഭൂരി​പ​ക്ഷ​ത്തി​ന്റെ​യും കൊക്കി​ലൊ​തു​ങ്ങില്ല.

മറ്റൊരു പ്രശ്‌നം ഈ മരുന്നു​കൾ ഉപയോ​ഗി​ച്ചുള്ള ചികിത്സ അത്ര എളുപ്പമല്ല എന്നതാണ്‌. ദിവസ​വും കഴിക്കേണ്ട ധാരാളം ഗുളി​ക​ക​ളുണ്ട്‌, അവ കൃത്യ സമയത്തു കഴിക്കു​ക​യും വേണം. മരുന്ന്‌ സമയം തെറ്റി കഴിക്കു​ക​യോ മുടക്കു​ക​യോ ചെയ്‌താൽ എച്ച്‌ഐവി-യുടെ ഔഷധ​പ്ര​തി​രോധ ശേഷി​യുള്ള ഇനങ്ങൾ രൂപം​കൊ​ണ്ടേ​ക്കാം. ഭക്ഷണവും ശുദ്ധമായ കുടി​വെ​ള്ള​വും ചികിത്സാ സൗകര്യ​ങ്ങ​ളും ആവശ്യ​ത്തി​നി​ല്ലാത്ത ആഫ്രി​ക്ക​യി​ലെ സാഹച​ര്യ​ത്തിൽ രോഗി​കൾ കൃത്യ​മായ അളവി​ലുള്ള മരുന്ന്‌ ക്രമമാ​യി കഴിക്കു​ന്നു​വെന്ന്‌ ഉറപ്പു വരുത്തുക പ്രയാ​സ​മാണ്‌.

കൂടാതെ, ചികി​ത്സ​യിൽ ആയിരി​ക്കു​ന്ന​വരെ നിരീ​ക്ഷി​ക്കു​ന്നതു പ്രധാ​ന​മാണ്‌. വൈറസ്‌ പ്രതി​രോ​ധ​ശേഷി വളർത്തി​യെ​ടു​ക്കു​ന്നു എന്നു കണ്ടാൽ രോഗിക്ക്‌ മരുന്നു​കൾ മാറ്റി കൊടു​ക്കേ​ണ്ട​തുണ്ട്‌. ഇതിന്‌ അനുഭ​വ​സ​മ്പ​ന്ന​രായ ചികി​ത്സകർ വേണം, ചെല​വേ​റിയ ടെസ്റ്റുകൾ നടത്തണം. മാത്രമല്ല, ഈ മരുന്നു​കൾ പാർശ്വ​ഫ​ലങ്ങൾ ഉള്ളവയു​മാണ്‌. വൈറ​സി​ന്റെ ഔഷധ​പ്ര​തി​രോധ ശേഷി​യുള്ള ഇനങ്ങൾ രൂപം​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌.

എയ്‌ഡ്‌സി​നെ കുറിച്ചു ചർച്ച ചെയ്യു​ന്ന​തിന്‌ 2001 ജൂണിൽ യുഎൻ പൊതു​സഭ വിളി​ച്ചു​കൂ​ട്ടിയ പ്രത്യേക യോഗ​ത്തിൽ വികസ്വര രാഷ്‌ട്ര​ങ്ങളെ സഹായി​ക്കു​ന്ന​തിന്‌ ഒരു ആഗോള ആരോഗ്യ നിധി രൂപീ​ക​രി​ക്കാ​നുള്ള നിർദേശം ഉണ്ടായി. 700 കോടി ഡോള​റി​നും 1,000 കോടി ഡോള​റി​നും ഇടയ്‌ക്കുള്ള ഒരു തുക വേണ്ടി​വ​രു​മെന്നു കണക്കാ​ക്ക​പ്പെട്ടു. എന്നാൽ ഈ സഹായ​നി​ധി​യി​ലേക്ക്‌ ഇതുവരെ വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​ട്ടുള്ള മൊത്തം തുക അതി​നെ​ക്കാ​ളൊ​ക്കെ വളരെ കുറവാണ്‌.

ഈ രോഗ​ത്തിന്‌ ഒരു വാക്‌സിൻ വികസി​പ്പി​ച്ചെ​ടു​ക്കാൻ സാധി​ക്കു​മെന്ന ഉറച്ച വിശ്വാ​സ​ത്തി​ലാണ്‌ ശാസ്‌ത്രജ്ഞർ. വിവിധ രാജ്യ​ങ്ങ​ളിൽ വ്യത്യസ്‌ത വാക്‌സി​നു​കൾ പരീക്ഷി​ച്ചു നോക്കു​ന്നുണ്ട്‌. എന്നാൽ ഈ ശ്രമങ്ങൾ വിജയി​ച്ചാൽത്തന്നെ ഒരു വാക്‌സിൻ വികസി​പ്പി​ച്ചെ​ടുത്ത്‌ അതിന്റെ സുരക്ഷി​ത​മായ ഉപയോ​ഗം പരീക്ഷിച്ച്‌ ഉറപ്പു​വ​രു​ത്താൻ വളരെ വർഷങ്ങൾ പിടി​ക്കും.

ഉഗാണ്ട, തായ്‌ലൻഡ്‌, ബ്രസീൽ എന്നിങ്ങ​നെ​യുള്ള ചില രാജ്യ​ങ്ങൾക്ക്‌ ചികി​ത്സ​യോ​ടുള്ള ബന്ധത്തിൽ കാര്യ​മായ വിജയം കൈവ​രി​ക്കാൻ സാധി​ച്ചി​ട്ടുണ്ട്‌. പ്രാ​ദേ​ശി​ക​മാ​യി നിർമി​ക്കുന്ന മരുന്നു​കൾ ഉപയോ​ഗിച്ച്‌ എയ്‌ഡ്‌സു​മാ​യി ബന്ധപ്പെട്ട മരണങ്ങ​ളു​ടെ എണ്ണം പകുതി​യാ​യി കുറയ്‌ക്കാൻ ബ്രസീ​ലി​നു സാധി​ച്ചി​രി​ക്കു​ന്നു. ആവശ്യ​ത്തി​നു സാമ്പത്തിക ശേഷി​യുള്ള ബോട്‌സ്വാ​ന എന്ന കൊച്ചു രാജ്യത്ത്‌ അവിടത്തെ ആവശ്യ​ക്കാർക്ക്‌ എല്ലാവർക്കും റെ​ട്രോ​വൈ​റ​സി​നെ പ്രതി​രോ​ധി​ക്കാ​നുള്ള മരുന്നു​ക​ളും അനിവാ​ര്യ​മായ ചികിത്സാ സൗകര്യ​ങ്ങ​ളും ലഭ്യമാ​ക്കാ​നുള്ള ശ്രമം നടന്നു വരുന്നു.

എയ്‌ഡ്‌സ്‌ കീഴട​ങ്ങു​ന്നു

മറ്റു പല പകർച്ച​വ്യാ​ധി​ക​ളിൽനി​ന്നും എയ്‌ഡ്‌സി​നെ വേർതി​രി​ച്ചു നിറു​ത്തുന്ന പ്രധാ​ന​പ്പെട്ട ഒരു സവി​ശേഷത ഉണ്ട്‌: അത്‌ തടയാ​നാ​കുന്ന ഒന്നാണ്‌. അടിസ്ഥാന ബൈബിൾ തത്ത്വങ്ങ​ളോ​ടു പറ്റിനിൽക്കാൻ വ്യക്തികൾ തയ്യാറാ​കു​ന്നെ​ങ്കിൽ മിക്ക​പ്പോ​ഴും എയ്‌ഡ്‌സ്‌ പിടി​പെ​ടു​ന്നത്‌ തടയാൻ സാധി​ക്കും.

ബൈബി​ളി​ന്റെ ധാർമിക നിലവാ​രങ്ങൾ വ്യക്തമാണ്‌. വിവാ​ഹി​ത​ര​ല്ലാ​ത്തവർ ലൈം​ഗിക ബന്ധത്തിൽനി​ന്നു വിട്ടു​നിൽക്കണം. (1 കൊരി​ന്ത്യർ 6:18) വിവാ​ഹി​തർ തങ്ങളുടെ ഇണയോ​ടു വിശ്വ​സ്‌തത പാലി​ക്കു​ക​യും വ്യഭി​ചാ​രം ഒഴിവാ​ക്കു​ക​യും വേണം. (എബ്രായർ 13:4) രക്തം വർജി​ക്കുക എന്ന ബൈബി​ളി​ന്റെ ഉദ്‌ബോ​ധനം അനുസ​രി​ക്കു​ന്ന​തും ഒരു സംരക്ഷ​ണ​മാ​യി ഉതകും.—പ്രവൃ​ത്തി​കൾ 15:28, 29.

ഇപ്പോൾ തന്നെ രോഗ​ബാ​ധി​തർ ആയിരി​ക്കു​ന്ന​വർക്ക്‌ ദൈവം സമീപ​ഭാ​വി​യിൽ കൊണ്ടു​വ​രു​മെന്ന്‌ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന രോഗ​വി​മു​ക്ത​മായ ലോകത്തെ കുറിച്ചു മനസ്സി​ലാ​ക്കു​ന്ന​തിൽനി​ന്നും ദൈവ​ത്തി​ന്റെ നിബന്ധ​നകൾ അനുസ​രി​ച്ചു ജീവി​ക്കു​ന്ന​തിൽനി​ന്നും വളരെ സന്തോ​ഷ​വും ആശ്വാ​സ​വും ലഭിക്കും.

രോഗം ഉൾപ്പെ​ടെ​യുള്ള മനുഷ്യ​ന്റെ സകല വ്യഥകൾക്കും അവസാനം വരു​മെന്ന്‌ ബൈബിൾ ഉറപ്പു നൽകുന്നു. വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ ഈ വാഗ്‌ദാ​നം കാണാം: “സിംഹാ​സ​ന​ത്തിൽനി​ന്നു ഒരു മഹാശബ്ദം പറയു​ന്ന​താ​യി ഞാൻ കേട്ടതു: ഇതാ, മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം; അവൻ അവരോ​ടു​കൂ​ടെ വസിക്കും; അവർ അവന്റെ ജനമാ​യി​രി​ക്കും; ദൈവം താൻ അവരുടെ ദൈവ​മാ​യി അവരോ​ടു​കൂ​ടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 21:3-5.

ചെല​വേ​റി​യ ചികിത്സ നടത്താൻ കഴിവു​ള്ള​വർക്കു മാത്രമല്ല ഈ ഉറപ്പു നൽക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. വെളി​പ്പാ​ടു 21-ാം അധ്യാ​യ​ത്തി​ലെ പ്രാവ​ച​നിക വാഗ്‌ദാ​നം യെശയ്യാ​വു 33:24-ലും കാണാം: “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല.” ആ സമയത്ത്‌ ഭൂമി​യി​ലെ നിവാ​സി​കൾ എല്ലാവ​രും ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കു​ന്നവർ ആയിരി​ക്കും. അവർ എല്ലാവ​രും പൂർണ ആരോ​ഗ്യം ആസ്വദി​ക്കു​ക​യും ചെയ്യും. അങ്ങനെ എയ്‌ഡ്‌സി​ന്റെ—മറ്റു രോഗ​ങ്ങ​ളു​ടെ​യും—മരണ​ക്കൊ​യ്‌ത്ത്‌ എന്നെ​ന്നേ​ക്കു​മാ​യി അവസാ​നി​ക്കും. (g02 11/08)

[അടിക്കു​റി​പ്പു​കൾ]

a മറ്റ്‌ ഔഷധ കമ്പനികൾ നിർമാണ അവകാശം നേടി​യി​ട്ടുള്ള മരുന്നു​ക​ളു​ടെ പകർപ്പു​ക​ളാണ്‌ വ്യാപാര നാമമി​ല്ലാത്ത മരുന്നു​കൾ. ലോക വ്യാപാര സംഘട​ന​യി​ലെ അംഗ രാഷ്‌ട്രങ്ങൾ അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളിൽ ഔഷധ നിർമാ​ണ​വ​കാ​ശ​ങ്ങളെ നിയമ​പ​ര​മാ​യി മറിക​ട​ന്നേ​ക്കാം.

[9, 10 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

ഇത്തരത്തിലുള്ള യഥാർഥ സൗഖ്യ​മാ​ക്ക​ലാണ്‌ ഞാൻ ആഗ്രഹി​ച്ചത്‌

ആഫ്രി​ക്ക​യു​ടെ തെക്കു ഭാഗത്താണ്‌ ഞാൻ താമസി​ക്കു​ന്നത്‌. വയസ്സ്‌ 23. എനിക്ക്‌ എച്ച്‌ഐവി ഉണ്ടെന്ന്‌ അറിഞ്ഞ ആ ദിവസം ഇന്നും ഓർമ​യിൽ മായാതെ നിൽക്കു​ന്നു.

ഡോക്ടർ അദ്ദേഹ​ത്തി​ന്റെ കൺസൽട്ടിങ്‌ റൂമിൽ വെച്ച്‌ എന്നോട്‌ ഇതു പറയു​മ്പോൾ ഒപ്പം അമ്മയും ഉണ്ടായി​രു​ന്നു. ജീവി​ത​ത്തിൽ ഞാൻ കേട്ടി​ട്ടു​ള്ള​തി​ലേ​ക്കും ദുഃഖ​ക​ര​മായ വാർത്ത​യാ​യി​രു​ന്നു അത്‌. എനിക്കത്‌ വിശ്വ​സി​ക്കാൻ കഴിഞ്ഞില്ല. ലബോ​റ​ട്ട​റി​ക്കാർക്കു തെറ്റു പറ്റിയ​താ​യി​രി​ക്കു​മെന്നു ഞാൻ വിചാ​രി​ച്ചു. എന്തു ചെയ്യണ​മെ​ന്നോ പറയണ​മെ​ന്നോ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. കരയണ​മെന്നു തോന്നി, പക്ഷേ എന്തോ കണ്ണുനീ​രെ​ല്ലാം വറ്റി​പ്പോ​യതു പോലെ ആയിരു​ന്നു. റെ​ട്രോ​വൈ​റ​സി​നെ പ്രതി​രോ​ധി​ക്കാ​നുള്ള മരുന്നു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ചികിത്സ തുടങ്ങു​ന്ന​തി​നെ കുറി​ച്ചും മറ്റും ഡോക്ടർ അമ്മയോ​ടു പറഞ്ഞു​കൊ​ണ്ടി​രു​ന്നു. എന്നാൽ അതൊ​ന്നും കേൾക്കാ​നോ മനസ്സി​ലാ​ക്കാ​നോ പറ്റിയ മാനസിക അവസ്ഥയി​ലാ​യി​രു​ന്നില്ല ഞാൻ.

കോള​ജി​ലെ ആരിൽനി​ന്നെ​ങ്കി​ലും ആയിരി​ക്കണം എനിക്കു രോഗം പകർന്നത്‌ എന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. എന്റെ സാഹച​ര്യം മനസ്സി​ലാ​ക്കുന്ന ആരോ​ടെ​ങ്കി​ലും ഉള്ളു തുറന്നു സംസാ​രി​ക്കാൻ ഞാൻ വളരെ ആഗ്രഹി​ച്ചു. എന്നാൽ അങ്ങനെ​യുള്ള ആരും ഉണ്ടായി​രു​ന്നില്ല. എന്നെ ഒന്നിനും കൊള്ളി​ല്ലെ​ന്നും ഞാനൊ​രു പരാജ​യ​മാ​ണെ​ന്നും ഒക്കെയുള്ള ചിന്തകൾ എന്നെ കീഴ്‌പെ​ടു​ത്തി. എന്റെ കുടും​ബം പിന്തു​ണ​യേ​കി​യെ​ങ്കി​ലും എനിക്കു നിരാ​ശ​യും ഭയവും തോന്നി. എല്ലാ യുവജ​ന​ങ്ങ​ളെ​യും പോ​ലെ​തന്നെ എനിക്കു​മു​ണ്ടാ​യി​രു​ന്നു പല സ്വപ്‌ന​ങ്ങ​ളും. ശാസ്‌ത്ര​ത്തിൽ ബിരുദം നേടാൻ രണ്ടു വർഷം കൂടിയേ ശേഷി​ച്ചി​രു​ന്നു​ള്ളൂ. എന്നാൽ എന്റെ പ്രതീ​ക്ഷ​ക​ളെ​ല്ലാം തകർന്നു​ടഞ്ഞു.

ഡോക്ട​റു​ടെ നിർദേ​ശ​പ്ര​കാ​രം റെ​ട്രോ​വൈ​റ​സി​നെ പ്രതി​രോ​ധി​ക്കാ​നുള്ള മരുന്നു​കൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള ചികിത്സ ഞാൻ ആരംഭി​ച്ചു. കൂടാതെ എയ്‌ഡ്‌സ്‌ രോഗി​കളെ ഉപദേ​ശി​ക്കുന്ന കൗൺസ​ലർമാ​രെ​യും പോയി കണ്ടു. ഇതൊ​ക്കെ​യാ​യി​ട്ടും ഞാൻ വിഷാ​ദ​ത്തിന്‌ അടിമ​യാ​യി​രു​ന്നു. മരിക്കു​ന്ന​തി​നു മുമ്പ്‌ സത്യ ക്രിസ്‌തീയ മതം ഏതാ​ണെന്ന്‌ എനിക്കു കാണി​ച്ചു​ത​രേ​ണമേ എന്നു ഞാൻ ദൈവ​ത്തോട്‌ അപേക്ഷി​ച്ചു. ഞാനൊ​രു പെന്തെ​ക്കൊ​സ്‌ത്‌ സഭയിലെ അംഗമാ​യി​രു​ന്നു. എന്നാൽ എന്റെ സഭയിൽനിന്ന്‌ ആരും എന്നെ ഒന്നു വന്ന്‌ കാണുക പോലും ചെയ്‌തില്ല. മരണ ശേഷം ഞാൻ എങ്ങോട്ടു പോകും എന്നതിനെ കുറി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കാൻ ഞാൻ ആഗ്രഹി​ച്ചു.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​ത്തൊ​ണ്ണൂ​റ്റൊ​മ്പത്‌ ആഗസ്റ്റ്‌ ആദ്യം ഒരു ദിവസം രാവിലെ രണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്റെ വാതി​ലിൽ മുട്ടി. അന്ന്‌ എനിക്ക്‌ തീരെ സുഖമി​ല്ലാ​യി​രു​ന്നു. എന്നിട്ടും സ്വീക​ര​ണ​മു​റി​യി​ലേക്കു ഞാൻ ചെന്നു. തങ്ങളെ​ത്തന്നെ പരിച​യ​പ്പെ​ടു​ത്തിയ ശേഷം അവർ മറ്റുള്ള​വരെ ബൈബിൾ പഠിക്കാൻ സഹായി​ക്കു​ക​യാ​ണെന്ന്‌ പറഞ്ഞു. ഒടുവിൽ എന്റെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരം കിട്ടി​യ​പ്പോൾ എത്ര ആശ്വാസം തോന്നി​യെ​ന്നോ! എന്നാൽ ആ സമയം ആയപ്പോ​ഴേ​ക്കും ഞാൻ വളരെ അവശനി​ല​യി​ലാ​യി​രു​ന്നു. കൂടുതൽ നേരം വായി​ക്കാ​നോ എന്തി​ലെ​ങ്കി​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നോ എനിക്കു കഴിയു​മാ​യി​രു​ന്നില്ല.

എന്നിട്ടും എനിക്കു ബൈബിൾ പഠിക്ക​ണ​മെന്നു ഞാൻ അവരോ​ടു പറഞ്ഞു. എന്നെ വീണ്ടും വന്നു കാണാൻ അവർ ഒരു സമയം ക്രമീ​ക​രി​ച്ചു. എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, അതിനു മുമ്പു​തന്നെ വിഷാ​ദ​ത്തി​നു ചികി​ത്സി​ക്കാ​നാ​യി എന്നെ ഒരു മനോ​രോഗ ആശുപ​ത്രി​യിൽ കൊണ്ടു​പോ​യി. മൂന്ന്‌ ആഴ്‌ച കഴിഞ്ഞ​പ്പോ​ഴാണ്‌ ഞാൻ അവി​ടെ​നി​ന്നു പോന്നത്‌. സാക്ഷികൾ എന്നെ മറന്നി​ട്ടില്ല എന്നു കണ്ടപ്പോൾ എനിക്ക്‌ ആശ്വാ​സ​മാ​യി. അവരി​ലൊ​രാൾ ഇടയ്‌ക്കി​ടെ എന്റെ ക്ഷേമം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്റെ ശാരീ​രിക ആരോ​ഗ്യം ഒരുവി​ധം മെച്ച​പ്പെട്ടു. അങ്ങനെ വർഷാ​വ​സാ​ന​ത്തോ​ടെ ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ എന്റെ ആരോ​ഗ്യ​സ്ഥി​തി മാറി​മ​റി​ഞ്ഞു​കൊ​ണ്ടി​രു​ന്ന​തി​നാൽ പഠിക്കു​ന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എങ്കിലും എന്നെ ബൈബിൾ പഠിപ്പി​ച്ചി​രുന്ന വ്യക്തി വളരെ​യ​ധി​കം ക്ഷമയും സഹാനു​ഭൂ​തി​യും പ്രകട​മാ​ക്കി.

യഹോ​വ​യെ​യും അവന്റെ ഗുണങ്ങ​ളെ​യും കുറിച്ചു ബൈബി​ളിൽനി​ന്നു മനസ്സി​ലാ​ക്കിയ സംഗതി​കൾ എന്നിൽ വളരെ മതിപ്പു​ള​വാ​ക്കി. യഹോ​വയെ അറിയുക എന്നു പറഞ്ഞാൽ യഥാർഥ​ത്തിൽ എന്താ​ണെ​ന്നും നിത്യ​ജീ​വ​നാ​യി നോക്കി​പ്പാർത്തി​രി​ക്കുക എന്നതിന്റെ അർഥ​മെ​ന്തെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. ജീവി​ത​ത്തിൽ ആദ്യമാ​യി മനുഷ്യ​ന്റെ കഷ്ടപ്പാ​ടു​കൾക്കുള്ള കാരണം എന്താ​ണെന്ന്‌ എനിക്കു വ്യക്തമാ​യി. എല്ലാ മനുഷ്യ ഗവൺമെ​ന്റു​ക​ളെ​യും നീക്കം ചെയ്‌ത ശേഷം തത്‌സ്ഥാ​നത്തു പെട്ടെ​ന്നു​തന്നെ വരാൻ പോകുന്ന ദൈവ​രാ​ജ്യ​ത്തെ കുറി​ച്ചുള്ള അറിവ്‌ എനിക്കു വളരെ സന്തോഷം നൽകി. എന്റെ ജീവിത ഗതിക്കു പൂർണ​മായ മാറ്റം വരുത്താൻ അതെന്നെ പ്രേരി​പ്പി​ച്ചു.

ഇത്തരത്തി​ലുള്ള യഥാർഥ സൗഖ്യ​മാ​ക്ക​ലാണ്‌ ഞാൻ ആഗ്രഹി​ച്ചത്‌. യഹോവ ഇപ്പോ​ഴും എന്നെ സ്‌നേ​ഹി​ക്കു​ക​യും എനിക്കു​വേണ്ടി കരുതു​ക​യും ചെയ്യു​ന്നുണ്ട്‌ എന്നു മനസ്സി​ലാ​ക്കി​യത്‌ എത്ര സാന്ത്വ​ന​ദാ​യ​ക​മാ​യി​രു​ന്നു! ദൈവം എന്നെ വെറു​ക്കു​ന്നു​വെ​ന്നും അതു​കൊ​ണ്ടാണ്‌ എനിക്ക്‌ ഈ രോഗം വന്നതെ​ന്നു​മാണ്‌ ഞാൻ നേരത്തേ വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ യേശു​ക്രി​സ്‌തു​വി​ന്റെ മറുവില യാഗത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ പാപങ്ങൾ ക്ഷമിക്കാ​നുള്ള കരുതൽ യഹോവ സ്‌നേ​ഹ​പൂർവം ചെയ്‌തി​ട്ടു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. ദൈവം എനിക്കു​വേണ്ടി കരുതു​ന്നു​ണ്ടെന്ന്‌ എനിക്കു ബോധ്യ​പ്പെട്ടു. 1 പത്രൊസ്‌ 5:7 ഇങ്ങനെ പറയു​ന്നു​ണ്ട​ല്ലോ: “അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ.”

യഹോ​വ​യു​മാ​യി കഴിയു​ന്നത്ര അടുക്കാൻ ഞാൻ പരി​ശ്ര​മി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ ഞാൻ ദിവസ​വും ബൈബിൾ പഠിക്കു​ക​യും രാജ്യ​ഹാ​ളി​ലെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യും ചെയ്യുന്നു. ഞാൻ എന്റെ ഉത്‌ക​ണ്‌ഠ​ക​ളെ​ല്ലാം പ്രാർഥ​ന​യിൽ യഹോ​വയെ അറിയി​ക്കു​ക​യും—ഇത്‌ എല്ലായ്‌പോ​ഴും എളുപ്പമല്ല—ശക്തിക്കും ആശ്വാ​സ​ത്തി​നു​മാ​യി അവനോട്‌ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു. അതു​പോ​ലെ സഭയിലെ സഹോ​ദ​ര​ങ്ങ​ളും എന്നെ പിന്തു​ണ​യ്‌ക്കു​ന്നു. അതു​കൊണ്ട്‌ ഞാൻ സന്തുഷ്ട​യാണ്‌.

പ്രാ​ദേ​ശിക സഭയോ​ടൊ​പ്പം ഞാൻ ക്രമമാ​യി സുവി​ശേഷ വേലയിൽ പങ്കെടു​ക്കു​ന്നു. മറ്റുള്ള​വരെ ആത്മീയ​മാ​യി സഹായി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു, പ്രത്യേ​കി​ച്ചും എന്റേതി​നോ​ടു സമാന​മായ സാഹച​ര്യ​ങ്ങൾ ഉള്ളവരെ. 2001 ഡിസം​ബ​റിൽ ഞാൻ സ്‌നാ​പ​ന​മേറ്റു.

[ചിത്രം]

ദൈവരാജ്യത്തെ കുറി​ച്ചുള്ള അറിവ്‌ എനിക്കു വളരെ സന്തോഷം നൽകി

[8-ാം പേജിലെ ചിത്രം]

ബോട്‌സ്വാനയിൽ എയ്‌ഡ്‌സ്‌ രോഗി​കളെ ഉപദേ​ശി​ക്കുന്ന സംഘം

[10-ാം പേജിലെ ചിത്രം]

പറുദീസാ ഭൂമി​യിൽ എല്ലാവ​രും പൂർണ ആരോ​ഗ്യം ആസ്വദി​ക്കും