വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രേസി ഹോഴ്‌സിന്റെ സ്‌മാരകത്തിനായി ഒരു പർവതം രൂപാന്തരപ്പെടുത്തുന്നു

ക്രേസി ഹോഴ്‌സിന്റെ സ്‌മാരകത്തിനായി ഒരു പർവതം രൂപാന്തരപ്പെടുത്തുന്നു

ക്രേസി ഹോഴ്‌സി​ന്റെ സ്‌മാ​ര​ക​ത്തി​നാ​യി ഒരു പർവതം രൂപാ​ന്ത​ര​പ്പെ​ടു​ത്തു​ന്നു

ആദരണീ​യ​നായ ഒരു അമരി​ന്ത്യൻ (അഥവാ അമേരി​ക്കൻ ഇന്ത്യൻ) ധീര​യോ​ദ്ധാ​വി​ന്റെ ശിലാ​രൂ​പം കൊത്തി​യു​ണ്ടാ​ക്കാൻ സമർഥ​നായ ഒരു യുവ ശിൽപ്പി പ്രേരി​ത​നാ​യി. അതിനാ​യി ഒരു പർവതം​തന്നെ രൂപാ​ന്ത​ര​പ്പെ​ടു​ത്താൻ അദ്ദേഹം തീരു​മാ​നി​ച്ചു. അത്തര​മൊ​രു ബൃഹത്തായ സംരംഭം എറ്റെടു​ക്കാൻ അദ്ദേഹത്തെ പ്രചോ​ദി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? അത്‌ പെട്ടെ​ന്നുള്ള ഒരു തീരു​മാ​ന​മാ​യി​രു​ന്നില്ല. കോർച്ചോക്ക്‌ ഷോൽകോ​വ്‌സ്‌കി എന്ന ആ ശിൽപ്പിക്ക്‌ അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ക്കാൻ ഏഴു വർഷം വേണ്ടി​വന്നു.

കോർച്ചോ​ക്കിന്‌ 1939-ൽ ഹെന്‌റി സ്റ്റാൻഡിങ്‌ ബെയറി​ന്റെ ഒരു കത്തുകി​ട്ടി. അമരി​ന്ത്യർക്കാ​യി സംവരണം ചെയ്‌തി​രി​ക്കുന്ന ദക്ഷിണ ഡക്കോ​ട്ട​യി​ലെ പൈൻ റിഡ്‌ജിൽ താമസി​ക്കുന്ന ഒരു മുൻ ലക്കോട്ട ഇൻഡ്യൻ മുഖ്യ​നാണ്‌ സ്റ്റാൻഡിങ്‌ ബെയർ. വിഖ്യാ​ത​നായ ഒരു സേനാ​പ​തി​ക്കാ​യി ദക്ഷിണ ഡക്കോ​ട്ട​യി​ലെ ബ്ലാക്ക്‌ ഹിൽസിൽ ഒരു സ്‌മാ​രകം പണിയാൻ കോർച്ചോ​ക്കി​നെ ക്ഷണിച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു കത്ത്‌

. ലക്കോ​ട്ട​യി​ലെ അമരി​ന്ത്യർ ബ്ലാക്ക്‌ ഹിൽസി​നെ ഒരു പുണ്യ​സ്ഥ​ല​മാ​യാ​ണു കണക്കാ​ക്കു​ന്നത്‌. ഗട്‌സോൺ ബോർഗ്ലം എന്ന ശിൽപ്പി തങ്ങളുടെ പുണ്യ​ഭൂ​മി​യി​ലെ റഷ്‌മോർ മലമു​ക​ളിൽ നാലു യു.എസ്‌. പ്രസി​ഡ​ന്റു​മാ​രു​ടെ ഭീമാ​കാര ശിലാ​രൂ​പങ്ങൾ കൊത്തി​വെ​ച്ചത്‌ അവർക്കത്ര രസിച്ചി​രു​ന്നില്ല. കോർച്ചോ​ക്കി​നുള്ള കത്തിൽ മുഖ്യൻ ഇങ്ങനെ എഴുതി​യി​രു​ന്നു: “അമരി​ന്ത്യ​രു​ടെ ഇടയി​ലും വീരനാ​യ​ക​ന്മാർ ഉണ്ടെന്നു വെള്ളക്കാ​രെ അറിയി​ക്കാൻ ഞാനും എന്റെ സഹ മുഖ്യ​ന്മാ​രും ആഗ്രഹി​ക്കു​ന്നു.”

എന്തു​കൊണ്ട്‌ ക്രേസി ഹോഴ്‌സ്‌?

അവർ ക്രേസി ഹോഴ്‌സി​നെ​ത്തന്നെ (Crazy Horse) തെര​ഞ്ഞെ​ടു​ത്തത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? a റാബ്‌ ഡീവോൾ ഇങ്ങനെ പറയുന്നു: “അമരി​ന്ത്യർ ആണ്‌ ക്രേസി ഹോഴ്‌സി​ന്റെ സ്‌മാ​രകം പണിയാൻ തീരു​മാ​നി​ച്ചത്‌. ആദർശ​ധീ​ര​നായ ഒരു അമരി​ന്ത്യ​നാ​യി​രു​ന്നു ക്രേസി ഹോഴ്‌സ്‌. മാത്രമല്ല, അസാമാ​ന്യ ധൈര്യ​മുള്ള പടയാ​ളി​യും നിപു​ണ​നായ സൈനിക നയത​ന്ത്ര​ജ്ഞ​നും കൂടി​യാ​യി​രു​ന്നു അദ്ദേഹം. ശത്രു​ക്കളെ ചതി​പ്ര​യോ​ഗ​ത്താൽ കുടു​ക്കി​ലാ​ക്കുന്ന രീതി ഉപയോ​ഗിച്ച ആദ്യത്തെ അമരി​ന്ത്യൻ എന്ന ഖ്യാതി​യും അദ്ദേഹ​ത്തി​നുണ്ട്‌. അദ്ദേഹം . . . ആരുമാ​യും സമാധാ​ന​ക്ക​രാർ ഒപ്പു​വെ​ച്ചി​രു​ന്നില്ല, ഒരിക്ക​ലും സംവര​ണ​മേ​ഖ​ല​യിൽ താമസി​ച്ച​തു​മില്ല.”

സ്‌മാ​ര​ക​ത്തി​ന്റെ രൂപകൽപ്പ​ന​യ്‌ക്കുള്ള ആശയം കോർച്ചോ​ക്കിന്‌ എങ്ങനെ​യാ​ണു കിട്ടി​യത്‌? ഒരിക്കൽ തന്നെ കളിയാ​ക്കിയ വെള്ളക്കാ​ര​നായ ഒരു വ്യാപാ​രിക്ക്‌ ക്രേസി ഹോഴ്‌സ്‌ നൽകിയ മറുപ​ടി​യെ കുറിച്ച്‌ അദ്ദേഹം കേട്ടി​രു​ന്നു. അമരി​ന്ത്യ​ന്മാർക്കുള്ള സംവര​ണ​മേ​ഖ​ല​യിൽ താമസി​ക്കാൻ കൂട്ടാ​ക്കാഞ്ഞ ക്രേസി ഹോഴ്‌സി​നെ പരിഹ​സി​ച്ചു​കൊണ്ട്‌ ആ വ്യാപാ​രി ചോദി​ച്ചു​വ​ത്രേ: “നിന്റെ ദേശം ഇപ്പോൾ എവി​ടെ​യാണ്‌?” “കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ക​യാ​യി​രുന്ന” ക്രേസി ഹോഴ്‌സ്‌ “കുതി​ര​യു​ടെ തലയ്‌ക്കു​മീ​തേ കൂടി ചക്രവാ​ള​ത്തി​ലേക്കു ചൂണ്ടി അഭിമാ​ന​ത്തോ​ടെ പറഞ്ഞു, ‘എന്റെ മരിച്ച​വരെ അടക്കി​യി​രി​ക്കുന്ന ദേശമാണ്‌ എന്റെ ദേശം.’”

ഈ സ്‌മാ​രകം എവിടെ പണിയും?

ലോക​ത്തി​ലെ ഏറ്റവും വലിയ—തൊട്ടു സമീപ​ത്തുള്ള റഷ്‌മോർ മലമു​ക​ളി​ലെ സ്‌മാരക ശിൽപ്പ​ങ്ങ​ളെ​പോ​ലും കടത്തി​വെ​ട്ടുന്ന—ഒരു ശിൽപ്പം പണിയുക എന്നതാ​യി​രു​ന്നു ലക്ഷ്യം. അതു​കൊണ്ട്‌ അതിനു പറ്റിയ ഒരു പർവതം തിര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു ആദ്യ നടപടി. 1947-ൽ കോർച്ചോ​ക്കും ലക്കോട്ട മുഖ്യൻ സ്റ്റാൻഡിങ്‌ ബെയറും അനു​യോ​ജ്യ​മായ ഒരു പർവതം കണ്ടെത്തി. സമു​ദ്ര​നി​ര​പ്പിൽ നിന്നു 2,050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പർവത​ത്തി​ന്റെ 200 മീറ്റർ പൊക്ക​മുള്ള കൊടു​മു​ടി​യാ​യി​രു​ന്നു അത്‌. അതിനു മീതെ അസാധാ​ര​ണ​മാ​യി മേഘങ്ങൾ രൂപം​കൊ​ള്ളു​ന്ന​തി​നാൽ, കോർച്ചോക്ക്‌ അതിനെ ‘ഇടിമു​ഴക്ക ഗിരി​ശൃം​ഗം’ എന്നു വിളിച്ചു. ഒരു അമരി​ന്ത്യ​ന്റെ അതികായ പ്രതിമ ഉണ്ടാക്കാൻ പർവതം രൂപ​പ്പെ​ടു​ത്തു​ന്ന​തി​നുള്ള അനുമതി അവർക്ക്‌ എങ്ങനെ ലഭിക്കു​മാ​യി​രു​ന്നു?

കോർച്ചോക്ക്‌—കല്ലുക​ളിൽ കഥ രചിക്കു​ന്നവൻ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഡീവോൾ ഇപ്രകാ​രം പറയുന്നു: “പലരും ലോഹങ്ങൾ ഖനനം ചെയ്‌തെ​ടു​ക്കാ​നാ​യി ബ്ലാക്ക്‌ ഹിൽസിൽ സ്ഥലങ്ങൾ ‘സ്വന്ത’മാക്കാ​റുണ്ട്‌. വർഷം തോറും 100 യു.എസ്‌. ഡോള​റി​നു തുല്യ​മായ തുക അധികാ​രി​കൾക്കു നൽകണം എന്നുമാ​ത്രം. കോർച്ചോ​ക്കി​ന്റെ അഭി​പ്രാ​യ​ത്തിൽ, കുതി​ര​പ്പു​റ​ത്തി​രി​ക്കുന്ന ഒരു ഇന്ത്യന്റെ രൂപത്തിൽ പർവതം പരിണ​മി​ച്ചാ​ലും ഗവൺമെ​ന്റിന്‌ അതൊരു പ്രശ്‌ന​മേയല്ല, അവർക്കു പണം കിട്ടണം, അത്രമാ​ത്രം.”

പർവത​ത്തിൽ നിന്ന്‌ എത്രമാ​ത്രം പാറ നീക്കേ​ണ്ട​തുണ്ട്‌?

ബൃഹത്തായ വേലയ്‌ക്കാ​യി കോർച്ചോ​ക്കി​ന്റെ പക്കൽ വേണ്ടത്ര പണം ഇല്ലായി​രു​ന്നു. ജോലി തുടങ്ങു​മ്പോൾ അദ്ദേഹം തനിച്ചാ​യി​രു​ന്നു. 1948 ജൂൺ 3-ന്‌ പാറ പൊട്ടി​ക്കാ​നുള്ള ആദ്യ സംരംഭം നടന്നു. അന്ന്‌ പത്തു ടൺ പാറയേ നീക്കാ​നാ​യു​ള്ളൂ. അന്നുമു​തൽ 1994 വരെ 84 ലക്ഷം ടൺ പാറ പർവത​ത്തിൽ നിന്നു പൊട്ടി​ച്ചു മാറ്റു​ക​യു​ണ്ടാ​യി. പണിയു​ടെ തുടക്ക​ത്തി​നു സാക്ഷ്യം വഹിക്കാൻ, ലിറ്റിൽ ബിഗ്‌ഹൊൺ യുദ്ധത്തെ (ജൂൺ 25, 1876) അതിജീ​വിച്ച ഒമ്പതു പേരടക്കം നൂറു​ക​ണ​ക്കിന്‌ അമരി​ന്ത്യർ എത്തിയി​രു​ന്നു. b

അർപ്പണ​ബോ​ധ​മു​ള്ള ഒരു പരി​ശ്ര​മ​ശാ​ലി ആയിരു​ന്നു കോർച്ചോക്ക്‌. ഹോഴ്‌സി​ന്റെ ശിരസ്സ്‌ കൊത്തി​യു​ണ്ടാ​ക്കാൻ പദ്ധതി​യിട്ട മലമു​ക​ളിൽ എത്തുന്ന​തി​നാ​യി അദ്ദേഹം ചുറ്റു​പാ​ടു​നി​ന്നും തടികൾ ശേഖരിച്ച്‌ 741 നടകൾ ഉണ്ടാക്കി. പാറ തുരക്കുന്ന യന്ത്രം പ്രവർത്തി​പ്പി​ക്കാൻ ഊർജം ആവശ്യ​മാ​യി​രു​ന്നു. അതിന്‌ അദ്ദേഹം പെ​ട്രോൾകൊണ്ട്‌ പ്രവർത്തി​ക്കുന്ന ഒരു പഴയ കമ്പ്രസ്സർ ഉപയോ​ഗി​ച്ചു. താഴെ​നി​ന്നു മലമു​ക​ളി​ലേ​ക്കും പിന്നെ മലയുടെ കുറു​കെ​യു​മാ​യി 620 മീറ്റർ നീളത്തിൽ 8 സെന്റി​മീ​റ്റർ വ്യാസ​മുള്ള പൈപ്പു​കൾ അദ്ദേഹ​ത്തിന്‌ ഇടേണ്ടി​വന്നു. യാതൊ​രു മുന്നറി​യി​പ്പും ഇല്ലാതെ കമ്പ്രസ്സർ ചില​പ്പോൾ നിന്നു​പോ​കും. മോ​ട്ടോർ വീണ്ടും പ്രവർത്തി​പ്പി​ക്ക​ണ​മെ​ങ്കിൽ 741 നടകൾ ഇറങ്ങി താഴെ വരുകയേ മാർഗ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഒരിക്കൽ ഒമ്പതു തവണ അദ്ദേഹ​ത്തിന്‌ ഇങ്ങനെ കയറി​യി​റ​ങ്ങേണ്ടി വന്നത്രേ! കമ്പ്രസ്സർ പ്രവർത്തി​പ്പി​ക്കു​ന്ന​തിന്‌ ആരെ​യെ​ങ്കി​ലും കൂലി​കൊ​ടു​ത്തു നിറു​ത്താ​നുള്ള സാമ്പത്തി​ക​ശേഷി അദ്ദേഹ​ത്തിന്‌ ഇല്ലായി​രു​ന്നു. എങ്കിലും അദ്ദേഹം തന്റെ ജോലി​യു​മാ​യി മുന്നോ​ട്ടു നീങ്ങി. അത്ര നിശ്ചയ​ദാർഢ്യ​വും ഓജസ്സും അദ്ദേഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.

പിന്നീട്‌ 1951-ൽ 660 ലിറ്റർ വെള്ള പെയിന്റ്‌ ഉപയോ​ഗിച്ച്‌ അദ്ദേഹം പർവത​പാർശ്വ​ത്തിൽ ശിൽപ്പ​ത്തി​ന്റെ രൂപരേഖ വരച്ചു. പണി പൂർത്തി​യാ​കു​മ്പോൾ ശിൽപ്പം എങ്ങനെ​യി​രി​ക്കും എന്നതിന്റെ ഒരു ഏകദേശ ധാരണ കിട്ടാൻ ഇതു സന്ദർശ​കരെ സഹായി​ച്ചു.

ഒരു ദുരന്ത​വും തുടർന്നുള്ള പ്രതി​സ​ന്ധി​യും

ആദ്യം​തന്നെ കുതി​ര​യു​ടെ തല കൊത്തി​യു​ണ്ടാ​ക്കാ​നാ​യി​രു​ന്നു അദ്ദേഹം തീരു​മാ​നി​ച്ചത്‌. അതിനാ​യി അദ്ദേഹം 1970-കളിലും 80-കളുടെ തുടക്ക​ത്തി​ലും പാറ പൊട്ടി​ച്ചു നീക്കു​ക​യും ചെയ്‌തു. മുമ്പ്‌ രണ്ടു പ്രാവ​ശ്യം (1968-ലും 1970-ലും) ഹൃദയാ​ഘാ​തം ഉണ്ടായി​ട്ടുള്ള അദ്ദേഹം 1982-ലെ വേനൽക്കാ​ലത്ത്‌ നാലു ഘട്ടങ്ങളുള്ള ഒരു ബൈപാസ്‌ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നാ​യി. അതു വിജയ​ക​ര​മാ​യി​രു​ന്നു. പക്ഷേ സങ്കടക​ര​മെന്നു പറയട്ടെ, അതേ വർഷം ഒക്ടോ​ബ​റിൽ 74-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇനി ബൃഹത്തായ ക്രേസി ഹോഴ്‌സ്‌ പദ്ധതിക്ക്‌ എന്തു സംഭവി​ക്കും? ശിൽപ്പി​യോ​ടൊ​പ്പം അതും മൺമറ​യു​മോ?

ഒരു മനുഷ്യാ​യു​സ്സി​ല​ധി​കം സമയം ആവശ്യ​മായ ബൃഹത്തായ ഈ പദ്ധതി തനിയെ ചെയ്‌തു തീർക്കാ​നാ​വി​ല്ലെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം ഇതിന്റെ വിശദ​മായ ഒരു രേഖയു​ണ്ടാ​ക്കി. ഭാര്യ രൂത്തും പത്തു മക്കളും അദ്ദേഹ​ത്തെ​പ്പോ​ലെ തന്നെ ഈ സ്‌മാ​ര​ക​ത്തി​ന്റെ പൂർത്തീ​ക​ര​ണ​ത്തി​നാ​യി ആത്മാർഥ​മാ​യി പ്രവർത്തി​ച്ചി​രു​ന്നു. ചെലവു കണക്കു​കൂ​ട്ടു​ന്ന​തി​ലും നിർമാണ പ്രവർത്ത​ന​ത്തി​ലും എന്നുവേണ്ട പദ്ധതി​യു​ടെ ഓരോ ഘട്ടത്തി​ലും രൂത്ത്‌ അദ്ദേഹ​ത്തോ​ടൊ​പ്പം ഉണ്ടായി​രു​ന്നു.

കുതി​ര​യു​ടെ തല എങ്ങനെ​യും പൂർത്തി​യാ​ക്കണം എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ആഗ്രഹം. പക്ഷേ മരണത്തി​നു മുമ്പ്‌ അതു ചെയ്‌തു​തീർക്കാൻ അദ്ദേഹ​ത്തി​നാ​യില്ല. എന്നാൽ ലാഭേച്ഛ കൂടാതെ പ്രവർത്തി​ക്കുന്ന ഒരു സംഘട​ന​യു​ടെ ഡയറക്ടർമാ​രോ​ടൊ​പ്പം അദ്ദേഹ​ത്തി​ന്റെ വിധവ 1987-ൽ, ക്രേസി ഹോഴ്‌സി​ന്റെ മുഖം രൂപ​പ്പെ​ടു​ത്തു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. നിർമാണ പദ്ധതി​യിൽ ഇങ്ങനെ​യൊ​രു മാറ്റം വരുത്താൻ എന്തായി​രു​ന്നു കാരണം? ക്രേസി ഹോഴ്‌സി​ന്റെ മുഖം കുതി​ര​യു​ടെ തലയെ​ക്കാൾ ചെറു​താ​യി​രി​ക്കും എന്നതി​നാൽ കുറഞ്ഞ ചെലവിൽ അതു വേഗം പൂർത്തി​യാ​ക്കാൻ കഴിയു​മാ​യി​രു​ന്നു. മാത്രമല്ല തങ്ങളുടെ വീരനാ​യ​കന്റെ മുഖം ആളുകളെ കുറേ​ക്കൂ​ടെ ആകർഷി​ക്കും എന്നതു​കൊണ്ട്‌, ശേഷി​ക്കുന്ന പണി പൂർത്തി​യാ​ക്കാൻ അവർ ആവേശ​ത്തോ​ടെ പിന്തുണ നൽകു​ക​യും ചെയ്യു​മാ​യി​രു​ന്നു.

അമ്പരപ്പി​ക്കുന്ന വലിപ്പം

ക്രേസി ഹോഴ്‌സി​ന്റെ ശിരസ്സിന്‌ 26.7 മീറ്റർ ഉയരവും 18 മീറ്റർ വീതി​യും ഉണ്ട്‌. റഷ്‌മോർ മലമു​ക​ളി​ലെ 20 മീറ്റർ ഉയരമുള്ള നാലു ശിരസ്സു​ക​ളും ക്രേസി ഹോഴ്‌സി​ന്റെ ശിരസ്സി​നു​ള്ളിൽ ചേർത്തു​വെ​ച്ചാൽ പോലും പിന്നെ​യും സ്ഥലം ബാക്കി​യു​ണ്ടാ​കു​മ​ത്രേ! കുതി​ര​പ്പു​റ​ത്തി​രി​ക്കുന്ന ക്രേസി ഹോഴ്‌സും അദ്ദേഹ​ത്തി​ന്റെ നീട്ടി​പ്പി​ടി​ച്ചി​രി​ക്കുന്ന ഇടതു​കൈ​യും ചേർന്നാൽ ലോക​ത്തി​ലെ ഏറ്റവും വലിപ്പ​മുള്ള ശിലാ ശിൽപ്പം ആയിരി​ക്കു​മെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇതിന്‌ 172 മീറ്റർ ഉയരവും, നീട്ടി​പ്പി​ടി​ച്ചി​രി​ക്കുന്ന ഇടതു​കൈ ഉൾപ്പെടെ 195 മീറ്റർ നീളവും ഉണ്ടായി​രി​ക്കും. ഈ കൈയു​ടെ മാത്രം നീളം 69 മീറ്ററാ​യി​രി​ക്കും. ചൂണ്ടി​യി​രി​ക്കുന്ന വിരലി​നു 11.4 മീറ്റർ നീളവും മൂന്നു മീറ്റർ കനവു​മു​ണ്ടാ​യി​രി​ക്കും.

ഗവൺമെ​ന്റിൽ നിന്നും സഹായ​മൊ​ന്നും സ്വീക​രി​ക്കാ​തെ​യാ​ണു കോർച്ചോക്ക്‌ തന്റെ പദ്ധതി മുന്നോ​ട്ടു കൊണ്ടു​പോ​യത്‌. സർക്കാർ രണ്ടു തവണ ഏകദേശം 50 കോടി രൂപ സഹായ നിധി​യാ​യി വാഗ്‌ദാ​നം ചെയ്‌തെ​ങ്കി​ലും അദ്ദേഹം അതു നിരസി​ക്കു​ക​യാ​ണു​ണ്ടാ​യത്‌. “പ്രതി​ഫലം പറ്റാതെ തന്നെ തന്റെ ഉദ്യമ​വു​മാ​യി മുന്നോ​ട്ടു പോകും എന്നുള്ള തീരു​മാ​ന​ത്തോ​ടു [കോർച്ചോക്ക്‌] പറ്റിനി​ന്നു” എന്ന്‌ ഡീവോൾ പറയുന്നു. “തന്റെ ജീവി​ത​കാ​ലത്ത്‌ അദ്ദേഹം ഒറ്റയ്‌ക്ക്‌ അഞ്ചു ദശലക്ഷം ഡോളർ ശേഖരിച്ച്‌ [ക്രേസി ഹോഴ്‌സ്‌ ശിൽപ്പ​നിർമാണ സംരം​ഭ​ത്തി​നു] ചെലവാ​ക്കി.” ഈ ഉദ്യമ​ത്തി​നാ​യി അദ്ദേഹം വേതനം സ്വീക​രി​ക്കു​ക​യോ അതുമാ​യി ബന്ധപ്പെട്ടു വന്ന വ്യക്തി​പ​ര​മായ ചെലവു​കൾക്കാ​യി പണം ആവശ്യ​പ്പെ​ടു​ക​യോ ചെയ്‌തില്ല.

ഇന്ന്‌ ഇവിടെ സന്ദർശ​ക​രിൽനി​ന്നു പ്രവേ​ശ​ന​ഫീസ്‌ ഈടാ​ക്കു​ന്നുണ്ട്‌. കാറിൽ വരുന്ന​വരെ അപേക്ഷിച്ച്‌ ഇരുച​ക്ര​വാ​ഹ​ന​ങ്ങ​ളിൽ വരുന്ന​വർക്കും കാൽന​ട​ക്കാർക്കും ഫീസ്‌ കുറവാണ്‌. ഇപ്പോൾ വർഷം തോറും പത്തു ലക്ഷത്തി​ല​ധി​കം സന്ദർശകർ അവിടെ എത്തുന്നുണ്ട്‌. സംഭാ​വ​ന​യാ​യി കിട്ടുന്ന പണവും ഉപകര​ണ​ങ്ങ​ളും മറ്റും പദ്ധതി മുന്നോ​ട്ടു കൊണ്ടു​പോ​കാൻ സഹായി​ക്കു​ന്നു.

അവി​ടെ​യുള്ള ഇൻഡ്യൻ മ്യൂസി​യം

വടക്കേ അമേരി​ക്ക​യിൽ, ക്രേസി ഹോഴ്‌സി​ന്റെ സ്‌മാ​രകം പണിയുന്ന സ്ഥലത്ത്‌ തടി​കൊണ്ട്‌ നിർമിച്ച ആകർഷ​ക​മായ ഒരു ഇൻഡ്യൻ മ്യൂസി​യം ഉണ്ട്‌. വടക്കേ അമേരി​ക്ക​യി​ലെ 500-ലധികം വരുന്ന ഗോ​ത്ര​വർഗ​ങ്ങളെ പ്രതി​നി​ധീ​ക​രി​ക്കുന്ന ആയിര​ക്ക​ണ​ക്കി​നു കരകൗശല വസ്‌തു​ക്കൾ അവിടെ പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നു. മാത്രമല്ല, സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രെ കുറി​ച്ചുള്ള വിവര​ണങ്ങൾ അടങ്ങിയ വിശാ​ല​മായ ഒരു ലൈ​ബ്ര​റി​യും അവി​ടെ​യുണ്ട്‌. വിദ്യാർഥി​ക​ളു​ടെ​യും പണ്ഡിത​ന്മാ​രു​ടെ​യും പ്രയോ​ജ​ന​ത്തി​നാ​ണിത്‌.

മ്യൂസി​യ​ത്തിൽ പ്രദർശി​പ്പി​ച്ചി​രി​ക്കുന്ന കരകൗശല വസ്‌തു​ക്കളെ കുറിച്ചു വിശദീ​ക​രി​ച്ചു തരുന്ന​തിന്‌ സ്വദേ​ശി​ക​ളായ ചില അമേരി​ക്ക​ക്കാർ അവി​ടെ​യുണ്ട്‌. ഒഗ്ലാല ലക്കോട്ട ഗോ​ത്ര​ത്തിൽപ്പെട്ട പ്രിസ്സില്ല എൻജൻ, ഫ്രീഡ ഗുഡ്‌സെൽ എന്നിവ​രാണ്‌ ചിലർ. സർവക​ലാ​ശാല അധ്യാ​പ​ക​നും മിനി​ക്കോൻജു എന്ന ലക്കോട്ട ഗോ​ത്ര​ത്തി​ലെ ഒരംഗ​വു​മായ ഡോ​ണോ​വിൻ സ്‌​പ്രേ​ഗി​നോട്‌ വിവരങ്ങൾ ചോദി​ച്ചു മനസ്സി​ലാ​ക്കാ​നുള്ള ക്രമീ​ക​ര​ണ​വും സന്ദർശ​കർക്കാ​യി ചെയ്‌തി​ട്ടുണ്ട്‌. 1876-ലെ ലിറ്റിൽ ബിഗ്‌ഹൊൺ യുദ്ധത്തിൽ പങ്കെടുത്ത ഹംപ്‌ എന്ന മുഖ്യന്റെ പൗത്രന്റെ പൗത്ര​നാണ്‌ അദ്ദേഹം.

ക്രേസി ഹോഴ്‌സ്‌ സ്‌മാ​ര​ക​ത്തി​ന്റെ ഭാവി എന്ത്‌?

മ്യൂസി​യ​ത്തി​നാ​യി ഒരു പുതിയ കെട്ടിടം പണിയാൻ പദ്ധതി​യി​ട്ടി​ട്ടുണ്ട്‌. നാവഹോ ഹോഗൻ (തടിയും മണ്ണും കൊണ്ട്‌ ഉണ്ടാക്കിയ വീട്‌) മാതൃ​ക​യി​ലുള്ള ഒരു മ്യൂസി​യം, സ്‌മാ​ര​ക​ത്തിന്‌ അടുത്തു​തന്നെ വേണം എന്നായി​രു​ന്നു കോർച്ചോ​ക്കി​ന്റെ ആഗ്രഹം. ഇത്‌ 110 മീറ്റർ വ്യാസ​മുള്ള ഒരു ബഹുനില കെട്ടിടം ആയിരി​ക്കും. വടക്കേ അമേരി​ക്കൻ ഇൻഡ്യ​ക്കാർക്കാ​യുള്ള സർവക​ലാ​ശാ​ല​യും ചികിത്സാ പരിശീ​ലന കേന്ദ്ര​വും തുടങ്ങാ​നുള്ള ആലോ​ച​ന​യും ഉണ്ട്‌. എന്നിരു​ന്നാ​ലും, ഈ ഗംഭീര പദ്ധതികൾ യാഥാർഥ്യ​മാ​ക്കു​ന്ന​തി​നു മുമ്പ്‌, ക്രേസി ഹോഴ്‌സി​ന്റെ ശില്‌പം പൂർത്തി​യാ​ക്കേ​ണ്ട​തുണ്ട്‌. അതിന്‌ എത്ര കാലം വേണ്ടി​വ​രും? കോർച്ചോ​ക്കി​ന്റെ ഭാര്യ രൂത്ത്‌ പറയുന്നു: “കാലാവസ്ഥ, അതി​ശൈ​ത്യം, പണം തുടങ്ങിയ നിരവധി ഘടകങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ, പണി എപ്പോൾ പൂർത്തി​യാ​കും എന്നു കൃത്യ​മാ​യി പറയാൻ പറ്റില്ല. ആത്യന്തിക ലക്ഷ്യത്തി​ലേക്കു മുന്നേ​റി​ക്കൊ​ണ്ടി​രി​ക്കുക എന്നതാണു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌.”

(g02 11/08)

[അടിക്കു​റി​പ്പു​കൾ]

a യുവാവായിരിക്കെ, ക്രേസി ഹോഴ്‌സ്‌ (ഏകദേശം 1840-77) ‘അവന്റെ കുതിര കൺമു​മ്പിൽ’ എന്ന അർഥമുള്ള ഹിസ്‌ ഹോഴ്‌സ്‌ സ്റ്റാൻഡ്‌സ്‌ ഇൻ സൈറ്റ്‌ എന്ന പേരി​ലാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. “സാധ്യ​ത​യ​നു​സ​രിച്ച്‌, ഇരുപ​താം പിറന്നാ​ളി​നു മുമ്പാണ്‌ അദ്ദേഹ​ത്തിന്‌ ക്രേസി ഹോഴ്‌സ്‌ [ലക്കോട്ട ഭാഷയിൽ, റ്റാഷുങ്കാ വിറ്റ്‌കോ] എന്ന പേരു ലഭിച്ചത്‌. കുടും​ബ​ത്തിൽ ഈ പേരിൽ അറിയ​പ്പെ​ടുന്ന മൂന്നാ​മ​ത്തെ​യും അവസാ​ന​ത്തെ​യും ആളായി​രു​ന്നു അദ്ദേഹം.” അദ്ദേഹ​ത്തി​ന്റെ പിതാ​വും മുത്തശ്ശ​നും ഇതേ പേരു​കാ​രാ​യി​രു​ന്നു.—എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ നോർത്ത്‌ അമേരി​ക്കൻ ഇൻഡ്യൻസ്‌.

b ചരിത്ര പ്രധാ​ന​മായ ആ യുദ്ധത്തിൽ, റ്റെറ്റൻ സൂവി​ന്റെ​യും (ലക്കോട്ട) ശായിൻസി​ന്റെ​യും 2,000 പേർ അടങ്ങുന്ന ഒരു സംയു​ക്ത​സൈ​ന്യം, ലഫ്‌റ്റ​നന്റ്‌ കേണൽ ജോർജ്‌ ആംസ്‌​ട്രോങ്‌ കസ്റ്ററെ​യും അദ്ദേഹ​ത്തി​ന്റെ നേതൃ​ത്വ​ത്തി​ലുള്ള 215 കുതി​ര​പ്പ​ട​യാ​ളി​ക​ളെ​യും നിർമൂ​ല​മാ​ക്കി. മേജർ മാർക്കസ്‌ റീനോ, ക്യാപ്‌റ്റൻ ഫ്രെഡ്‌റിക്‌ ബെൻറ്റീൻ എന്നിവർ നയിച്ച കുതി​ര​പ്പ​ട​യാ​ളി​ക​ളെ​യും അവർ പരാജ​യ​പ്പെ​ടു​ത്തി. അന്നു യുദ്ധം നയിച്ച അമരി​ന്ത്യൻ നേതാ​ക്ക​ളിൽ ഒരാൾ ക്രേസി ഹോഴ്‌സ്‌ ആയിരു​ന്നു.

[14, 15 പേജു​ക​ളി​ലെ ചിത്രം]

ക്രേസി ഹോഴ്‌സ്‌ ശിൽപ്പ​ത്തി​ന്റെ മാതൃക, കുതി​ര​യു​ടെ തല പർവത പാർശ്വ​ത്തിൽ പെയിന്റു ചെയ്‌തി​രി​ക്കു​ന്നു

[കടപ്പാട്‌]

2, 15 പേജുകൾ: Korczak, Sculptor © Crazy Horse Memorial Fnd.

[15-ാം പേജിലെ ചിത്രം]

കോർച്ചോക്കും മുഖ്യൻ ഹെന്‌റി സ്റ്റാൻഡിങ്‌ ബെയറും, 1948 ജൂൺ 3. അവർക്കു പുറകിൽ, ശില്‌പ​ത്തി​ന്റെ മാർബിൾ മാതൃ​ക​യും പൊട്ടി​ക്കു​ന്ന​തി​നു മുമ്പുള്ള പർവത​വും

[കടപ്പാട്‌]

ഫോട്ടോ: Crazy Horse Memorial archives

[16-ാം പേജിലെ ചിത്രം]

ഷോൽകോവ്‌സ്‌കി കുടും​ബം. വലതു നിന്നു നാലാ​മത്‌ കോർച്ചോ​ക്കി​ന്റെ വിധവ രൂത്ത്‌

[കടപ്പാട്‌]

Crazy Horse photo

[17-ാം പേജിലെ ചിത്രം]

ഇൻഡ്യൻ മ്യൂസി​യ​ത്തി​ന്റെ അകത്തളം

[16, 17 പേജു​ക​ളി​ലെ ചിത്രം]

ക്രേസി ഹോഴ്‌സി​ന്റെ ശിൽപ്പം പണിയു​ന്നി​ട​ത്തേ​ക്കുള്ള വാർഷിക ജാഥ

[കടപ്പാട്‌]

Photo by Robb DeWall, courtesy Crazy Horse Memorial Foundation (nonprofit)

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Photos by Robb DeWall, courtesy Crazy Horse Memorial Foundation (nonprofit)