ബ്രിട്ടനിലെ തുരപ്പൻകരടി—കാട്ടിലെ ജന്മി
ബ്രിട്ടനിലെ തുരപ്പൻകരടി—കാട്ടിലെ ജന്മി
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
കാനനത്തിന്റെ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഒരു കരിങ്കിളി പാടിത്തുടങ്ങി. സൂര്യൻ മെല്ലെ ചക്രവാളത്തിലേക്കു താണുകൊണ്ടിരിക്കെ, വീണു കിടക്കുന്ന ഒരു സിൽവർ ബിർച്ച് മരത്തിൽ ഞാനിരുന്നു. മഴയിൽ കുതിർന്ന സസ്യങ്ങളുടെ നനുത്ത ഗന്ധം എങ്ങും പരന്നിരുന്നു.
തുരപ്പൻകരടികളെ നിരീക്ഷിക്കുക, അതായിരുന്നു എന്റെ വരവിന്റെ ഉദ്ദേശ്യം. അതുകൊണ്ട് ഇളം കാറ്റേറ്റ് ഇരിക്കാൻ പറ്റിയ ഒരു സ്ഥലം ഞാൻ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തു. തുരപ്പൻകരടിയുടെ കണ്ണുകൾ തീരെ ചെറുതാണ്, വെളുത്ത അഗ്രമുള്ള ചെവികളും അങ്ങനെതന്നെ. എങ്കിലും അവയുടെ ശ്രവണപ്രാപ്തിയും ഘ്രാണശക്തിയും അപാരമാണ്. ഏതെങ്കിലും കാരണവശാൽ അവ എന്നെ മണത്തറിയുകയോ എന്റെ ശബ്ദം കേൾക്കുകയോ ചെയ്താൽ പിന്നെ രാത്രി മുഴുവൻ മാളത്തിനു പുറത്തിറങ്ങില്ല എന്നുള്ളത് ഉറപ്പാണ്.
യൂറോപ്പിലെ തുരപ്പൻകരടികൾ വലുതാണ്. അവയ്ക്ക് ഏതാണ്ട് ഒരു മീറ്റർ നീളവും മുപ്പതു സെന്റിമീറ്റർ പൊക്കവും ശരാശരി 12 കിലോഗ്രാം തൂക്കവും വരും. നിഗൂഢ സ്വഭാവമുള്ള ഈ മൃഗത്തിന് ചാരനിറമുള്ള പരുപരുത്ത രോമക്കുപ്പായമാണുള്ളത്. മോന്തയ്ക്കും ഉടലിന്റെ അടിഭാഗത്തിനും കറുപ്പുനിറവും കുറുകിത്തടിച്ച വാലിന് ചാരനിറവുമാണുള്ളത്. കാലുകൾ കറുത്തു നീളം കുറഞ്ഞവയാണ്. ഓരോ കാൽപ്പാദത്തിലും കരുത്തുറ്റ നഖങ്ങളുള്ള അഞ്ചു വിരലുകളുണ്ട്.
മോന്തയിൽ നിന്നു ചെവിവരെ എത്തുന്ന വീതിയുള്ള മൂന്നു വെളുത്ത വരകൾ അതിന്റെ വ്യതിരിക്ത സവിശേഷതയാണെന്നു മാത്രമല്ല, ഒരു തർക്കവിഷയവുമാണ്. കൂരിരുട്ടുള്ള രാത്രികളിൽ തുരപ്പൻകരടികൾ സ്വവർഗത്തെ തിരിച്ചറിയുന്നത് ഈ വരകൾ ഉള്ളതുകൊണ്ടാണ് എന്നു ചിലർ പറയുന്നു—എന്നാൽ ഗന്ധത്താലാണ് ഇവ പരസ്പരം തിരിച്ചറിയുന്നത്. എന്തായാലും, ഈ വരകൾ തുരപ്പൻകരടിയെ സുന്ദരനാക്കുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.
ബ്രിട്ടനിലെ നാട്ടിൻ പുറങ്ങൾക്കു സുപരിചിതനാണ് ഈ മുഖംമൂടിക്കാരൻ. പേരു സൂചിപ്പിക്കുന്നതുപോലെ, തുരക്കലാണ് ഇവന്റെ പ്രധാന പരിപാടി. ഇങ്ങനെ തുരന്നുതുരന്ന് ഇടനാഴികളും അറകളുമൊക്കെയുള്ള ഒരു അസൽ വീടുതന്നെ ഈ വിരുതൻ ഉണ്ടാക്കും. ഇത്തരം അറകൾക്ക് 30 മീറ്റർവരെ വ്യാസം കണ്ടേക്കാം. അറകൾ മാത്രമല്ല 300 മീറ്റർ നീളമുള്ള, തുരങ്കങ്ങളുടെ ഒരു കുഴപ്പിക്കുന്ന ശൃംഖല പോലും തുരന്നുണ്ടാക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്! തുരപ്പൻകരടികൾ നിശാചരജീവികൾ ആണ്. പകൽസമയത്ത് ഇവ മാളത്തിലെ ഉറക്കറയിൽ സുഖനിദ്രയിലായിരിക്കും. പ്രത്യേക അറകളിൽ, പായലും പന്നൽച്ചെടികളും കരിയിലകളും കൊണ്ട് ഉണ്ടാക്കിയ പതുപതുത്ത പുത്തൻ കിടക്കയിലാണ് പെൺകരടി കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്.
ഇവയുടെ മാളങ്ങൾക്ക്, പുറത്തേക്കു തുറക്കുന്ന നിരവധി കവാടങ്ങളുണ്ട്. ആൾഡർ മരങ്ങൾക്കു സമീപത്തും, ഞാറച്ചെടികളും മുൾച്ചെടികളും വളരുന്ന കുറ്റിക്കാടുകളിലുമൊക്കെയാണ്
ഇവയുടെ മാളങ്ങൾ കണ്ടുവരുന്നത്. ഇംഗ്ലണ്ടിലെ തുരപ്പൻകരടികളുടെ മാളങ്ങൾക്കു ചിലപ്പോൾ 50-ലധികം കവാടങ്ങൾ വരെ കാണാറുണ്ട്. 150-ലധികം വർഷം പഴക്കമുള്ള ചില മാളങ്ങളിൽ ഒരേ കുടുംബത്തിലെ പല തലമുറകൾക്കുപോലും താമസിക്കാം. സാധാരണ തുരപ്പൻ കരടികളുടെ ആയുസ്സ് രണ്ടോ മൂന്നോ വർഷമാണെങ്കിലും ചിലത് പതിനഞ്ചോ അതിലധികമോ വർഷങ്ങൾ പോലും ജീവിച്ചേക്കാം.തുരപ്പൻകരടിയുടെ വാസസ്ഥലം തിരിച്ചറിയുക എളുപ്പമാണ്, തുരന്നുനീക്കിയ പാറക്കഷണങ്ങളും കല്ലും മണ്ണുമൊക്കെ കവാടത്തിനു മുമ്പിൽ കൂനകൂട്ടി വെച്ചിരിക്കും. മാളത്തിൽ നിന്നു പുറത്തു കൊണ്ടുവന്നിരിക്കുന്ന വസ്തുക്കൾ കണ്ടാലറിയാം ഈ മൃഗം എത്ര കരുത്തനാണെന്ന്.
മാളത്തിൽ താമസമുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം? മാളത്തിനു ചുറ്റും, 15 മുതൽ 23 വരെ സെന്റിമീറ്റർ വ്യാസവും 23 സെന്റിമീറ്റർ ആഴവുമുള്ള കുഴികൾ ഉണ്ടോയെന്നു നോക്കുക. ഇത് അവയുടെ വിസർജന സ്ഥലമാണ്. ഇവയിലെ കാഷ്ഠം ഉണങ്ങിയിട്ടില്ലെങ്കിൽ, തുരപ്പൻ കരടികൾ മാളത്തിൽ താമസമുണ്ട് എന്നു മനസ്സിലാക്കാം. മാളത്തിൽ നിന്നു പുറത്തേക്ക് വഴിച്ചാൽ ഉണ്ടെങ്കിൽ, വേനൽക്കാലത്ത് സമീപത്തുള്ള പച്ചപ്പുല്ലും സസ്യങ്ങളും ചാഞ്ഞ് അമർന്ന് കിടപ്പുണ്ടെങ്കിൽ അതെല്ലാം അകത്തു താമസമുള്ളതിന്റെ ലക്ഷണങ്ങളാണ്. ചെളിപ്രദേശങ്ങളിൽ ഇവയുടെ കാൽപ്പാടുകൾ ദൃശ്യമായിരിക്കും. മാളത്തിനരികെയുള്ള മരങ്ങളിൽ ചെളിനിറഞ്ഞ കാൽപ്പാടുകളും മാന്തിക്കീറിയ അടയാളങ്ങളും കാണും. പൂച്ചകൾ ചെയ്യുന്നതുപോലെ, പിൻകാലിൽ നിന്നുകൊണ്ട് മുൻകാലുകൾ വലിച്ചുനീട്ടി മൂരിനിവർക്കുമ്പോൾ പതിയുന്ന അടയാളങ്ങളാണിവ. നിരവധി കവാടങ്ങളുള്ള മാളമാണെങ്കിൽ ഇവ അകത്തുണ്ടോ എന്നറിയുക ബുദ്ധിമുട്ടാണ്. അതിന്, സന്ധ്യക്കു മുമ്പേതന്നെ ഓരോ ദ്വാരത്തിനു മുകളിലും ചെറിയ കമ്പുകൾ വെക്കുക. അവ അവിടെ താമസമുണ്ടെങ്കിൽ, അടുത്ത ദിവസം രാവിലെ ചെന്നുനോക്കുമ്പോൾ, സാധാരണ അവ പുറത്തേക്ക് ഇറങ്ങാറുള്ള കവാടങ്ങളിലെ കമ്പുകൾ സ്ഥാനം മാറിക്കിടക്കുന്നതു കാണാം.
ആഹാരം തേടി തുരപ്പൻകരടികൾ രാത്രിയിൽ ഏറെ ദൂരം സഞ്ചരിക്കാറുണ്ട്. താഴെ വീണുകിടക്കുന്ന കരുവേലകക്കുരു, ബീച്ചുമരത്തിന്റെ കായ് എന്നിവയൊക്കെ ഇവയുടെ ഭക്ഷണമാണ്. ചിലപ്പോൾ അവ മണം പിടിച്ച് മുയലിന്റെ മാളത്തിൽ കടന്ന് കുഞ്ഞുങ്ങളെ അകത്താക്കാറുണ്ട്. കടന്നലിന്റെ ലാർവയും ഇഷ്ടഭോജ്യമാണ്. കാട്ടുപഴങ്ങൾ, കോളാമ്പിച്ചെടിയുടെ കിഴങ്ങ്, കൂണുകൾ, വണ്ടുകൾ അങ്ങനെ തുരപ്പൻകരടികൾ തിന്നാത്തതായി ഒന്നുമില്ല. എങ്കിലും മണ്ണിരയാണ് പ്രധാനഭക്ഷണം. മഴയുള്ള ഒരു രാത്രിയിൽ ഞാൻ തുരപ്പൻകരടികളെ നിരീക്ഷിക്കുകയായിരുന്നു. മാളത്തിനു പുറത്തുവന്ന അവ ദൂരെയെങ്ങും പോയില്ല. കാരണം എന്തായിരുന്നെന്നോ? അവിടെത്തന്നെ അവയ്ക്ക് കുശാലായ ശാപ്പാടു തരപ്പെട്ടു, കുന്നിൻപുറത്തെ പുല്ലുകൾക്കിടയിൽ നിന്ന് മഴയത്തു പുറത്തുവന്ന കറുത്ത ഒച്ചുകൾ.
തുരപ്പൻകരടികൾ ജൂലൈ മാസത്തിലാണ് ഇണചേരുന്നത്. ഫെബ്രുവരിയാകുമ്പോൾ നാലോ അഞ്ചോ കുഞ്ഞുങ്ങൾ ജനിക്കും. കുഞ്ഞുങ്ങൾക്ക് ഏതാണ്ട് മൂന്നുമാസം പ്രായമാകുമ്പോൾ, അവ മാളത്തിനു പുറത്ത് കവാടത്തിനരികെ കളിക്കാനെത്തും. കുഞ്ഞുങ്ങൾ പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ആൺകരടിയും പെൺകരടിയും ചേർന്ന് കിടക്കയൊക്കെ മാറ്റി വിരിക്കും. തുരപ്പൻകരടികൾ വളരെ വൃത്തിയുള്ള മൃഗങ്ങളാണ്, അവ തങ്ങളുടെ വാസസ്ഥലം ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്നു. സാധാരണമായി വസന്തത്തിലോ ശരത്കാലത്തോ ആണ് ഇവ കിടക്ക മാറ്റുന്നത്, എങ്കിലും വർഷത്തിന്റെ മറ്റു സമയങ്ങളിലും അവ അതു ചെയ്തേക്കാം. തന്തയും തള്ളയും മാളത്തിൽ നിന്ന് പഴയ കിടക്ക വലിച്ചു പുറത്തുകൊണ്ടുവരും. പുല്ലിന്റെയും പന്നൽച്ചെടിയുടെയും മറ്റും മുപ്പതോളം പുതിയ കെട്ടുകൾ രാത്രിയിൽത്തന്നെ ശേഖരിക്കും. എന്നിട്ട് അവ താടിക്കും മുൻകാൽപ്പാദങ്ങൾക്കും ഇടയിൽ പിടിച്ചുകൊണ്ട് മാളത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകും. അത് ഉപയോഗിച്ചാണ് പുതിയ കിടക്ക ഉണ്ടാക്കുന്നത്.
വാലിനടിയിലുള്ള ഗ്രന്ഥിയിൽ നിന്ന് ഇവ രൂക്ഷഗന്ധമുള്ള ഒരു ദ്രാവകം സ്രവിപ്പിക്കുന്നു. പുല്ലിലും കല്ലിലും വേലിത്തൂണുകളിലുമൊക്കെ ഈ ദ്രാവകം സ്രവിപ്പിച്ചാണ് ഇവ അതിർത്തികൾ വേർതിരിക്കുന്നത്. പരസ്പരം തിരിച്ചറിയാനായി അവ മറ്റു തുരപ്പൻകരടികളുടെമേൽ പോലും ഈ ദ്രാവകം സ്രവിപ്പിക്കാറുണ്ട്. ഇരതേടി തിരിച്ചെത്തുമ്പോൾ സ്വന്തം മാളത്തിന്റെ പ്രവേശനദ്വാരം കണ്ടുപിടിക്കാനും ഈ ഗന്ധം അവയെ സഹായിക്കുന്നു.
കരിങ്കിളിയുടെ പാട്ട് നേർത്തുനേർത്തു വന്നു. ഇരുണ്ടു തുടങ്ങിയ വനപ്രദേശമാകെ നിശ്ശബ്ദത പരന്നു. ഞാൻ ശ്വാസമടക്കി നിശ്ചലനായി ഇരുന്നു. അപ്പോൾ അതാ, കറുപ്പും വെള്ളയും ഇടകലർന്ന മുഖംമൂടിയണിഞ്ഞ തുരപ്പൻകരടി മാളത്തിൽ നിന്നു മെല്ലെ പുറത്തുവരുന്നു. അപകടം പതിയിരിക്കുന്നുണ്ടോ എന്ന് അൽപ്പസമയം നിരീക്ഷിച്ചശേഷം അതു മെല്ലെ പുറത്തേക്കിറങ്ങി—പിതൃസ്വത്തായി കിട്ടിയ ഭൂമിയിൽ ഉലാത്താനിറങ്ങുന്ന ഒരു ജന്മിയെപ്പോലെ. (g02 11/08)
[12, 13 പേജുകളിലെ ചിത്രം]
പ്രസവശേഷം ഉപയോഗിക്കുന്ന അറ
ഉറക്കറ
കിടക്ക
[13-ാം പേജിലെ ചിത്രം]
തുരപ്പൻ കരടിയുടെ കുഞ്ഞുങ്ങൾ
[13-ാം പേജിലെ ചിത്രങ്ങൾ]
കരുവേലകക്കായ്കളും കൂണുകളും മണ്ണിരയും ഒക്കെയാണ് തുരപ്പൻകരടിയുടെ ഭക്ഷണം
[13-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
തുരപ്പൻകരടിയുടെ ചിത്രം: © Steve Jackson, www.badgers.org.uk