വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭയാനകമായ ലാവാപ്രവാഹത്തിൽ നിന്നു ഞങ്ങൾ രക്ഷപ്പെട്ട വിധം!

ഭയാനകമായ ലാവാപ്രവാഹത്തിൽ നിന്നു ഞങ്ങൾ രക്ഷപ്പെട്ട വിധം!

ഭയാന​ക​മായ ലാവാ​പ്ര​വാ​ഹ​ത്തിൽ നിന്നു ഞങ്ങൾ രക്ഷപ്പെട്ട വിധം!

കോംഗോയിലെ (കിൻഷാസ) ഉണരുക! ലേഖകൻ

ദിവസം 2002 ജനുവരി 15 ചൊവ്വാഴ്‌ച. മധ്യ ആഫ്രി​ക്ക​യി​ലെ ഒരു സാധാരണ ദിവസം. ഗ്രേറ്റ്‌ ലെയ്‌ക്‌സ്‌ പ്രദേ​ശത്തെ സാക്ഷി​കളെ സന്ദർശി​ക്കാൻ ഗോമാ നഗരത്തി​ലെ കിവു​പ്ര​ദേ​ശ​ത്തുള്ള കോം​ഗോ​യിൽ (കിൻഷാസ) എത്തിയ​താണ്‌ ഞാനും കൂടെ​യുള്ള സഹോ​ദ​ര​നും.

ഭയപ്പെ​ടാൻ ഒന്നുമി​ല്ലേ?

ഗോമാ നഗരത്തിൽ നിന്നു 19 കിലോ​മീ​റ്റർ അകലെ സ്ഥിതി ചെയ്യുന്ന നീര​ഗോം​ഗൊ അഗ്നിപർവതം (ഉയരം 3,470 മീറ്റർ) അതിന്റെ വിചിത്ര സ്വഭാവം കൊണ്ട്‌ ഞങ്ങളെ അമ്പരപ്പി​ക്കാ​റുണ്ട്‌. a അതിന്റെ മുഴക്കം ഞങ്ങൾക്കു കേൾക്കാം, പുക പൊങ്ങു​ന്നതു കാണു​ക​യും ചെയ്യാം. എന്നാൽ തദ്ദേശ​വാ​സി​കൾക്ക്‌ ഇതൊ​ന്നും അത്ര പുത്തരി​യല്ല, അത്‌ അവരെ പരി​ഭ്രാ​ന്ത​രാ​ക്കാ​റു​മില്ല.

ഉച്ചകഴിഞ്ഞ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രണ്ടു സഭകളി​ലെ യോഗ​ങ്ങ​ളിൽ ഞങ്ങൾ പങ്കെടു​ക്കു​ന്നു. യോഗം നടന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴെ​ല്ലാം ഒരുതരം കമ്പനം അനുഭ​വ​പ്പെ​ടു​ന്നുണ്ട്‌, ഒപ്പം മുഴക്ക​വും. പക്ഷേ അത്‌ ആരെയും അത്ര അസ്വസ്ഥ​രാ​ക്കു​ന്നില്ല. പരി​ഭ്ര​മി​ക്കാൻ ഒന്നുമി​ല്ലെന്നു പ്രാ​ദേ​ശിക അധികാ​രി​കൾ ജനങ്ങൾക്ക്‌ ആവർത്തിച്ച്‌ ഉറപ്പു​നൽകി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കോം​ഗോ നിവാ​സി​യായ ഒരു അഗ്നിപർവത വിദഗ്‌ധൻ സ്‌ഫോ​ട​ന​ത്തെ​ക്കു​റിച്ച്‌ മാസങ്ങ​ളാ​യി മുന്നറി​യി​പ്പു നൽകു​ന്നു​ണ്ടെ​ങ്കി​ലും ആരും അത്‌ കാര്യ​മാ​യെ​ടു​ക്കു​ന്നില്ല. “അഗ്നിപർവതം പൊട്ടാ​റാ​യി​ട്ടുണ്ട്‌, ഇന്ന്‌ വൈകു​ന്നേരം ആകാശം ചുവന്നു തീ നിറമാ​കും,” വളരെ ലാഘവ​ത്തോ​ടെ ഒരു സുഹൃത്ത്‌ പറയുന്നു.

“എത്രയും പെട്ടെന്ന്‌ ഇവിടം വിടണം!”

താമസ​സ്ഥ​ലത്തു മടങ്ങി​യെ​ത്തി​യ​പ്പോൾ, “എത്രയും പെട്ടെന്ന്‌ ഇവിടം വിടണം” എന്ന സന്ദേശ​മാ​ണു ഞങ്ങളെ വരവേൽക്കു​ന്നത്‌. സാഹച​ര്യം വളരെ വിപത്‌ക​ര​മാണ്‌. നഗരം വലിയ അപകട​ത്തി​ലാ​യി​രി​ക്കു​ന്നു. എത്ര പെട്ടെ​ന്നാണ്‌ കാര്യങ്ങൾ മാറി​മ​റി​ഞ്ഞത്‌! സാക്ഷീ​കരണ പ്രവർത്ത​നങ്ങൾ നടത്തു​ന്ന​തിന്‌ ഗോമാ നഗരത്തെ ഒരു കേന്ദ്ര​മാ​ക്കി​യാ​ലോ എന്ന്‌ കുറച്ചു നാളായി ഞങ്ങൾ ചിന്തി​ക്കു​ക​യാ​യി​രു​ന്നു. ഇപ്പോ​ഴി​താ, വൈകു​ന്നേ​ര​ത്തോ​ടെ നഗരം വിടേണ്ട അവസ്ഥയാണ്‌. അതേ, ഈ നഗരം ഏതു നിമി​ഷ​വും തുടച്ചു​നീ​ക്ക​പ്പെ​ടാം!

സന്ധ്യ​യോ​ടെ ആകാശം ചുവന്നു തീ നിറമാ​കു​ന്നു. അതിനു കാരണ​മുണ്ട്‌. നീര​ഗോം​ഗോ​യിൽ നിന്നുള്ള ലാവാ​പ്ര​വാ​ഹം നഗരം ലക്ഷ്യമാ​ക്കി നീങ്ങു​ക​യാണ്‌. ഭീമാ​കാ​ര​മായ ഒരു കലത്തിൽ നിന്നെ​ന്ന​പോ​ലെ അഗ്നിപർവ​ത​ത്തിൽ നിന്നും തീ നിറമുള്ള ലാവ ഉരുകി​യി​റ​ങ്ങു​ന്നു. കടന്നു പോകുന്ന വഴിക​ളി​ലുള്ള സകലതി​നെ​യും ഉന്മൂലനം ചെയ്‌തു​കൊ​ണ്ടാണ്‌ അതിന്റെ പ്രവാഹം. കൈയിൽ കിട്ടി​യ​തൊ​ക്കെ ഞങ്ങൾ വേഗം പെട്ടി​ക്കു​ള്ളി​ലാ​ക്കു​ന്നു. സമയം വൈകു​ന്നേരം 7 മണി​യോ​ട​ടു​ത്തി​രി​ക്കു​ന്നു.

പലായനം ചെയ്യുന്ന ആയിരങ്ങൾ

ഞങ്ങൾ തിടു​ക്ക​ത്തിൽ ഗോമാ നഗരത്തിൽ നിന്നു പുറ​ത്തേ​ക്കുള്ള റോഡിൽ എത്തു​മ്പോൾ, പ്രാണ​ര​ക്ഷാർഥം പലായനം ചെയ്യുന്ന ആയിര​ങ്ങ​ളെ​ക്കൊണ്ട്‌ റോഡു നിറഞ്ഞി​രി​ക്കു​ന്നു. പെട്ടെന്ന്‌ എടുക്കാൻ കഴിഞ്ഞ വീട്ടു​സാ​ധ​ന​ങ്ങ​ളും തലയി​ലേറ്റി നടന്നു നീങ്ങു​ക​യാണ്‌ പലരും. ചിലരാ​കട്ടെ, നിറഞ്ഞു​ക​വിഞ്ഞ വാഹന​ങ്ങ​ളിൽ എങ്ങനെ​യും തിക്കി​ത്തി​രക്കി കയറി​ക്കൂ​ടാ​നുള്ള തത്രപ്പാ​ടി​ലാണ്‌. എല്ലാവ​രു​ടെ​യും ലക്ഷ്യം ഒന്നാണ്‌, തൊട്ട​ടുത്ത റുവാണ്ടൻ അതിർത്തി. എന്നിരു​ന്നാ​ലും, അഗ്നിപർവ​ത​ത്തിന്‌ മനുഷ്യ നിർമിത അതിർത്തി​ക​ളൊ​ന്നും ഒരു തടസ്സമല്ല. ഒരു സൈന്യ​ത്തി​നും അതിനെ തടയാ​നാ​വില്ല! ഒഴുകി​യ​ടു​ക്കുന്ന ലാവ ഭയന്ന്‌ പട്ടാള​ക്കാർ പ്രാണ​നും കൊണ്ട്‌ ഓടു​ന്ന​തും ഞങ്ങൾക്കു കാണാം. കാറു​കൾക്കു റോഡി​ലൂ​ടെ മുമ്പോ​ട്ടു നീങ്ങാൻ കഴിയാ​ത്തത്ര തിരക്ക്‌. ഞങ്ങൾക്ക്‌ ഇറങ്ങി​ന​ട​ക്കു​കയേ നിവൃ​ത്തി​യു​ള്ളൂ. രൗദ്ര​ഭാ​വം പൂണ്ടു നിൽക്കുന്ന അഗ്നിപർവ​ത​ത്തി​നു മുമ്പിൽനി​ന്നു ബദ്ധപ്പെട്ട്‌ ഓടി​യ​ക​ലുന്ന മൂന്നു ലക്ഷം വരുന്ന ജനതതി​യു​ടെ നടുവിൽ ആണ്‌ ഞങ്ങളും. പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും ശിശു​ക്ക​ളും ഒക്കെയുണ്ട്‌ അക്കൂട്ട​ത്തിൽ. ഞങ്ങളുടെ കാൽച്ചു​വ​ടു​കൾക്കു കീഴെ ഭൂമി വിറയ്‌ക്കു​ക​യും ഇരമ്പു​ക​യും ചെയ്യു​ന്നുണ്ട്‌.

സകലരും പ്രാണ​ര​ക്ഷാർഥം പായു​ക​യാണ്‌. ഒരു വലിയ നഗരത്തിൽ നിന്നും എത്തിയ ഞാനും എന്റെ സുഹൃ​ത്തും ഉണ്ട്‌ അവരുടെ നടുവിൽ, ഒപ്പം കുറെ സഹോ​ദ​ര​ന്മാ​രും. അവരുടെ സാന്നി​ധ്യ​വും ഞങ്ങളോ​ടുള്ള പരിഗ​ണ​ന​യും ഞങ്ങളെ ആഴമായി സ്‌പർശി​ച്ചു. സമ്മർദ​പൂ​രി​ത​വും ക്ലേശക​ര​വു​മായ ഈ അവസ്ഥയി​ലും അതു ഞങ്ങൾക്ക്‌ ഒരുതരം സുരക്ഷി​ത​ത്വ​ബോ​ധം നൽകുന്നു. ആളുകൾ തങ്ങൾക്കു കൊണ്ടു​പോ​കാ​വുന്ന സാധനങ്ങൾ—വസ്‌ത്രങ്ങൾ, കലങ്ങൾ, ചട്ടികൾ, ഭക്ഷണസാ​ധ​നങ്ങൾ എന്നിവ​യെ​ല്ലാം—എടുത്തു​കൊ​ണ്ടാണ്‌ പലായനം ചെയ്യു​ന്നത്‌. ഒരു ജനസമു​ദ്രം​ത​ന്നെ​യാണ്‌ ഇത്‌. ആളുകൾ പരസ്‌പരം ഉന്തുക​യും തള്ളുക​യും ചെയ്യു​ന്നുണ്ട്‌. മുമ്പോ​ട്ടു നീങ്ങുന്ന കാറുകൾ തട്ടി ചിലർ വീഴുന്നു, പിടി​വി​ട്ടു പോയ അവരുടെ സാധന​സാ​മ​ഗ്രി​കൾ തിരക്കി​ന​ടി​യിൽ പെട്ടു ചതഞ്ഞ്‌ അരയുന്നു. ഇടറി വീഴു​ന്നവർ ചവിട്ടി​മെ​തി​ക്ക​പ്പെ​ടാ​നുള്ള എല്ലാ സാധ്യ​ത​യു​മുണ്ട്‌. കഷ്ടം തന്നെ! എല്ലാവ​രും ഭീതി​യി​ലും സംഭ്രാ​ന്തി​യി​ലു​മാണ്‌. ഏതാനും കിലോ​മീ​റ്റർ അകലെ​യുള്ള റുവാ​ണ്ട​യി​ലെ ഗിസെൻയി ലക്ഷ്യമാ​ക്കി ഞങ്ങൾ പരിക്ഷീ​ണ​രാ​യി മുന്നോ​ട്ടു നീങ്ങു​ക​യാണ്‌.

സ്വസ്ഥമായ ഒരു രാത്രി

അങ്ങനെ ഞങ്ങൾ ഒരു സത്രത്തിൽ എത്തി​ച്ചേ​രു​ന്നു. പക്ഷേ അകത്ത്‌ ഒട്ടും സ്ഥലമി​ല്ലാ​ത്ത​തി​നാൽ പൂന്തോ​ട്ട​ത്തി​ലെ മേശയ്‌ക്കു ചുറ്റും ഇരിക്കു​കയേ നിവൃ​ത്തി​യു​ള്ളൂ. മൂന്നര മണിക്കൂർ ദീർഘിച്ച ക്ഷീണി​പ്പി​ക്കുന്ന യാത്ര​യ്‌ക്കു​ശേഷം എന്തൊ​രാ​ശ്വാ​സം! ഞങ്ങളോ​ടൊ​ത്തു യാത്ര ചെയ്‌ത സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം, അപകട​മേ​ഖ​ല​യിൽ നിന്നും അകലെ ജീവ​നോ​ടി​രി​ക്കു​ന്ന​തിൽ ഞങ്ങൾ എത്ര സന്തുഷ്ട​രാ​ണെ​ന്നോ. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, സാക്ഷി​ക​ളി​ലാർക്കും ജീവഹാ​നി സംഭവി​ച്ചില്ല.

ഏതായാ​ലും രാത്രി വെളി​യിൽ ചെലവ​ഴി​ക്കു​ക​യ​ല്ലാ​തെ മറ്റു നിർവാ​ഹ​മൊ​ന്നു​മില്ല. എങ്കിലും അഗ്നിപർവ​ത​ത്തിൽ നിന്ന്‌ അകലെ സുരക്ഷി​ത​മായ സ്ഥലത്താണു ഞങ്ങൾ. ഗോമാ നഗരത്തി​നു മീതെ ജ്വലി​ച്ചു​നിൽക്കുന്ന ആകാശം ഇവിടെ നിന്നു​കൊണ്ട്‌ ഞങ്ങൾക്കു കാണാം. അതിമ​നോ​ഹ​ര​മാണ്‌ ആ കാഴ്‌ച! പ്രഭാത രശ്‌മി​കൾ സാവധാ​നം അരിച്ചി​റ​ങ്ങാൻ തുടങ്ങി​യി​രി​ക്കു​ന്നു. മുഴക്ക​വും കുലു​ക്ക​വും രാത്രി മുഴുവൻ തുടരു​ന്നു. തലേ ദിവസത്തെ ദുരി​ത​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ, കുഞ്ഞു​ങ്ങ​ളു​മാ​യി പലായനം ചെയ്യേ​ണ്ടി​വന്ന ആയിര​ക്ക​ണ​ക്കി​നു കുടും​ബ​ങ്ങ​ളോ​ടു ഞങ്ങൾക്കു സഹതാപം തോന്നു​ന്നു.

ഉടനടി സഹായം

റുവാ​ണ്ട​യു​ടെ തലസ്ഥാ​ന​മായ കിഗാ​ളി​യി​ലെ സാക്ഷികൾ, ജനുവരി 18 വെള്ളി​യാഴ്‌ച ഉച്ചയ്‌ക്ക്‌ ഞങ്ങളുടെ അടുത്ത്‌ എത്തി​ച്ചേ​രു​ന്നു. ഗോമാ​യി​ലെ​യും ഗിസെൻയി​യി​ലെ​യും സഹോ​ദ​രങ്ങൾ ചേർന്ന്‌ ഒരു ദുരി​താ​ശ്വാ​സ കമ്മറ്റിക്കു രൂപം നൽകി ആവശ്യ​മായ നടപടി​കൾ ആരംഭി​ക്കു​ന്നു. ചുറ്റു​വ​ട്ട​ത്തുള്ള ആറ്‌ രാജ്യ​ഹാ​ളു​ക​ളി​ലാ​യി അഭയാർഥി​ക​ളായ സാക്ഷി​കൾക്ക്‌ താമസ​സൗ​ക​ര്യം ക്രമീ​ക​രി​ക്കുക എന്നതാ​യി​രു​ന്നു ആദ്യത്തെ ലക്ഷ്യം. അത്‌ അന്നുതന്നെ ചെയ്യുന്നു. സ്ഥലത്തെ രാജ്യ​ഹാ​ളി​ലേ​ക്കുള്ള വഴി സൂചി​പ്പി​ക്കുന്ന, ഫ്രഞ്ചി​ലും സ്വാഹി​ലി​യി​ലും എഴുതിയ വഴികാ​ട്ടി​പ്പ​ല​കകൾ റോഡ​രി​കിൽ സ്ഥാപി​ച്ചി​ട്ടുണ്ട്‌. രാജ്യ​ഹാ​ളി​ലെ​ത്തുന്ന അഭയാർഥി​കൾക്ക്‌ സഹായ​വും ആശ്വാ​സ​വും നൽകാ​നുള്ള ക്രമീ​ക​ര​ണ​വും ചെയ്‌തി​ട്ടുണ്ട്‌. സാക്ഷി​കളെ താമസി​പ്പി​ച്ചി​രി​ക്കുന്ന രാജ്യ​ഹാ​ളു​ക​ളിൽ മൂന്നു ടൺ അത്യാ​വശ്യ സാധനങ്ങൾ അന്നുതന്നെ എത്തിക്കു​ന്നു. ശനിയാഴ്‌ച, ഒരു ട്രക്കു നിറയെ ഭക്ഷ്യവ​സ്‌തു​ക്കൾ, കമ്പിളി, പ്ലാസ്റ്റിക്‌ ഷീറ്റുകൾ, സോപ്പ്‌, മരുന്നു​കൾ എന്നിവ കിഗാ​ളി​യിൽ നിന്ന്‌ എത്തി​ച്ചേ​രു​ന്നു.

ഉത്‌കണ്‌ഠ വർധി​ക്കു​ന്നു

ഈ ആളുക​ളു​ടെ​യെ​ല്ലാം ആവശ്യങ്ങൾ എങ്ങനെ നിറ​വേ​റ്റും? അഗ്നിപർവ​ത​ത്തി​ന്റെ കാര്യം എന്തായി? ലാവാ​പ്ര​വാ​ഹം എപ്പോൾ നിലയ്‌ക്കും? ഗോമാ നഗരത്തിന്‌ എന്തുമാ​ത്രം നാശന​ഷ്ട​മു​ണ്ടാ​യി? എല്ലാം ചിന്തി​ക്കേണ്ട കാര്യ​ങ്ങ​ളാണ്‌. കേൾക്കുന്ന വാർത്ത​ക​ളും തുടർച്ച​യാ​യു​ണ്ടാ​കുന്ന കമ്പനങ്ങ​ളും പ്രതീ​ക്ഷ​യ്‌ക്കു വകയൊ​ന്നും നൽകു​ന്നില്ല. സൾഫർ ഡയോ​ക്‌​സൈ​ഡി​ന്റെ ആധിക്യം അന്തരീ​ക്ഷത്തെ മലിന​മാ​ക്കു​മെ​ന്നാണ്‌ വിദഗ്‌ധ​രു​ടെ ഭയം. രാസ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ ഫലമായി കിവു തടാകം മലിന​മാ​കാ​നുള്ള സാധ്യ​ത​യും ഉണ്ട്‌.

ലാവാ​പ്ര​വാ​ഹ​ത്തെ തുടർന്നുള്ള 48 മണിക്കൂർ അസ്വസ്ഥ​ജ​ന​ക​മായ റിപ്പോർട്ടു​കൾ നിറഞ്ഞ​താണ്‌. അങ്ങനെ​യി​രി​ക്കെ, ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മറ്റൊരു വാർത്ത കേൾക്കു​ന്നു. ഏതാണ്ട്‌ 10,000 പേർ ലാവാ​പ്ര​വാ​ഹ​ത്താൽ ചുറ്റ​പ്പെട്ടു കുടു​ങ്ങി​പ്പോ​യി​രി​ക്കു​ന്നു. അക്കൂട്ട​ത്തിൽ ഒരു കുട്ടി​യുൾപ്പെടെ 8 സാക്ഷി​ക​ളു​മുണ്ട്‌. ചിലയി​ട​ങ്ങ​ളിൽ ലാവയു​ടെ ആഴം രണ്ടു മീറ്ററാണ്‌. വായു​വിൽ വിഷവാ​ത​കങ്ങൾ നിറഞ്ഞി​രി​ക്കു​ന്നു. ലാവാ​പ്ര​വാ​ഹ​ത്താൽ ചുറ്റ​പ്പെ​ട്ട​വ​രു​ടെ ജീവന്‌ ആപത്തു ഭവിക്കു​മോ എന്നാണ്‌ ഞങ്ങളുടെ ഭയം. കാര്യങ്ങൾ വളരെ നിരാ​ശാ​ജ​ന​ക​മാണ്‌. അതിശ​ക്ത​മായ ലാവാ​പ്ര​വാ​ഹ​ത്തിൽ ഗോമാ​യി​ലെ കത്തീഡ്രൽ പാടേ നശി​ച്ചെന്നു പറയാം. ഗോമാ നഗരം നാശത്തെ അതിജീ​വി​ക്കു​മെന്ന്‌ ആർക്കും പ്രതീ​ക്ഷ​യില്ല.

സാന്ത്വ​ന​മേ​കുന്ന ചില സന്ദേശങ്ങൾ

ശനിയാഴ്‌ച രാവിലെ 9 മണി​യോ​ടെ, ലാവാ​പ്ര​വാ​ഹ​ത്തിൻ മധ്യേ അകപ്പെ​ട്ടു​പോയ ഒരു സഹോ​ദ​രന്റെ ഫോൺ സന്ദേശം വരുന്നു. അവസ്ഥകൾക്കു മാറ്റം വന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നു സഹോ​ദരൻ പറയുന്നു. അതേ, കാര്യങ്ങൾ മെച്ച​പ്പെ​ടു​ക​യാണ്‌. മഴപെ​യ്യു​ന്നുണ്ട്‌, ലാവ തണുത്തു തുടങ്ങി​യി​രി​ക്കു​ന്നു, അന്തരീക്ഷം തെളിഞ്ഞു വരുന്നുണ്ട്‌. എങ്കിലും ലാവയ്‌ക്ക്‌ ഇപ്പോ​ഴും ചൂടുണ്ട്‌, ഇപ്പോ​ഴും അത്‌ അപകട​കാ​രി​യാണ്‌. ആളുകൾ പക്ഷേ അതു വകവെ​ക്കാ​തെ ലാവാ​പ്ര​വാ​ഹങ്ങൾ കടന്ന്‌ കൂടുതൽ സുരക്ഷി​ത​മായ സ്ഥലത്തേക്കു നീങ്ങു​ക​യാണ്‌. നഗരം പൂർണ​മാ​യും നശിപ്പി​ക്ക​പ്പെ​ട്ടി​ട്ടില്ല.

വിപത്‌ക​ര​മാ​യ സംഭവങ്ങൾ തുടങ്ങി​യ​തി​നു​ശേഷം ലഭിക്കുന്ന ആദ്യത്തെ സദ്വർത്ത​മാ​ന​മാ​ണത്‌. അഗ്നിപർവ​ത​ത്തി​ന്റെ ശൗര്യം കുറഞ്ഞ​തു​പോ​ലെ തോന്നി. എങ്കിലും ചുറ്റു​പാ​ടു​മുള്ള വിദഗ്‌ധർ വ്യത്യ​സ്‌ത​മായ അഭി​പ്രാ​യ​ങ്ങ​ളാണ്‌ പറയു​ന്നത്‌. കിവു തടാക​ത്തി​ന്റെ മറുക​ര​യി​ലുള്ള ബുകാവു നഗരവു​മാ​യി സമ്പർക്ക​ത്തിൽ വരാൻ ഞങ്ങൾക്കു കഴിയു​ന്നു. അഞ്ചു സാക്ഷി​ക്കു​ടും​ബ​ങ്ങ​ളും വേറെ മൂന്നു കുട്ടി​ക​ളും—അവരുടെ മാതാ​പി​താ​ക്കൾ കൂടെ​യില്ല—ഒരു ബോട്ടിൽ ബുക്കാവു നഗരത്തിൽ എത്തി​ച്ചേർന്നു​വെന്നു ഞങ്ങൾക്ക്‌ അറിവു​കി​ട്ടു​ന്നു. ആ നഗരത്തി​ലെ സാക്ഷികൾ ഇനി അവരെ സംരക്ഷി​ച്ചു​കൊ​ള്ളും.

ഞങ്ങൾക്ക്‌ ഇനി തിരിച്ചു പോകാം!

അങ്ങനെ ജനുവരി 21 തിങ്കളാ​ഴ്‌ച​യാ​യി. ദുരന്ത​ബാ​ധി​തരെ ആശ്വസി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അവരുടെ ആവശ്യങ്ങൾ തിരി​ച്ച​റി​യാ​നു​മൊ​ക്കെ ഞങ്ങൾക്കു കഴിയു​ന്നു. രാജ്യ​ഹാ​ളു​ക​ളിൽ താമസി​പ്പി​ച്ചി​രുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യ​ങ്ങ​ളൊ​ക്കെ ഒരുവി​ധം ക്രമ​പ്പെട്ടു തുടങ്ങു​ന്നു. പലായനം ചെയ്‌ത സാക്ഷി​ക​ളു​ടെ എണ്ണം കൃത്യ​മാ​യി ഞങ്ങൾക്ക്‌ അറിയാൻ കഴിയു​ന്നു—കുട്ടികൾ ഉൾപ്പെടെ 1,800 പേർ.

അടുത്ത​താ​യി എന്ത്‌? എത്രയും പെട്ടെന്ന്‌ അഭയാർഥി​കൾക്കാ​യി ക്യാമ്പു​കൾ സംഘടി​പ്പി​ക്കാൻ പ്രാ​ദേ​ശിക അധികാ​രി​കൾ പദ്ധതി​യി​ടു​ന്നു. എന്നിരു​ന്നാ​ലും, 1994-ൽ വംശഹ​ത്യ​യു​ടെ സമയത്ത്‌ നിർമിച്ച അഭയാർഥി ക്യാമ്പു​ക​ളു​ടെ അസുഖ​ക​ര​മായ ഓർമകൾ ചിലരെ അസ്വസ്ഥ​രാ​ക്കു​ന്നു. ഞങ്ങൾ ഗോമാ​യി​ലേക്കു തിരിച്ചു പോകാൻ തീരു​മാ​നി​ക്കു​ന്നു, ഉച്ചയോ​ടെ നഗരത്തിൽ എത്തി​ച്ചേ​രു​ന്നു. നഗരത്തി​ന്റെ 25 ശതമാനം നശിച്ചി​രി​ക്കു​ക​യാണ്‌. നഗരവീ​ഥി​ക​ളി​ലേക്ക്‌ ഒഴുകി​യെ​ത്തിയ, ഘനീഭ​വി​ച്ചു തുടങ്ങിയ ലാവയു​ടെ മീതെ ഞങ്ങൾ നടക്കുന്നു. അതിന്‌ ഇപ്പോ​ഴും ചൂടുണ്ട്‌. പുറത്തു​വന്ന വാതകങ്ങൾ അന്തരീ​ക്ഷ​ത്തിൽ തങ്ങിനിൽക്കു​ന്നു. നഗരത്തി​ലേക്കു മടങ്ങാൻ തന്നെയാണ്‌ പലരു​ടെ​യും തീരു​മാ​നം.

ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌, ഗോമാ നഗരത്തി​ന്റെ കേന്ദ്ര​ഭാ​ഗ​ത്തുള്ള രാജ്യ​ഹാ​ളിൽ വെച്ച്‌ ഞങ്ങൾ 33 ക്രിസ്‌തീയ മൂപ്പന്മാ​രു​മാ​യി ഒത്തുകൂ​ടു​ന്നു. ഏകകണ്‌ഠ​മായ അഭി​പ്രാ​യ​മാണ്‌ അവർക്കും, ഗോമാ​യി​ലേക്കു തിരി​ച്ചു​പോ​കു​ക​തന്നെ. “ഞങ്ങൾ അവിട​ത്തു​കാ​രാണ്‌” അവർ പറയുന്നു. അഗ്നിപർവതം ഇനിയും പൊട്ടി​യൊ​ഴു​കി​യാ​ലോ എന്നു ചോദി​ച്ച​പ്പോൾ, “അത്‌ ഞങ്ങൾക്ക്‌ ആദ്യത്തെ അനുഭ​വ​മൊ​ന്നു​മ​ല്ല​ല്ലോ” എന്നാണ്‌ മറുപടി. വേഗം മടങ്ങി​യി​ല്ലെ​ങ്കിൽ തങ്ങളുടെ വസ്‌തു​വ​ക​ക​ളെ​ല്ലാം കൊള്ള​യ​ടി​ക്ക​പ്പെ​ടു​മോ എന്നവർ ഭയക്കുന്നു. അടുത്ത ദിവസം, പലായനം ചെയ്‌ത സാക്ഷി​ക​ളെ​ല്ലാം തിരിച്ച്‌ ഗോമാ​യിൽ എത്തി​ച്ചേ​രു​ന്നു. അതിർത്തി കടന്നു പോയ മൂന്നു ലക്ഷം പേരിൽ നല്ലൊരു ശതമാ​ന​വും നഗരത്തിൽ തിരി​ച്ചെ​ത്തി​യി​ട്ടുണ്ട്‌.

ഒരു ആഴ്‌ച​യ്‌ക്കു ശേഷം

നഗരം വീണ്ടും സജീവ​മാ​യി. അത്‌ ഈ വിഷമ​സ​ന്ധി​യെ അതിജീ​വി​ക്കു​മെന്നു വ്യക്തമാണ്‌. പരസ്‌പ​ര​ബന്ധം വിച്ഛേ​ദി​ക്ക​പ്പെ​ട്ടു​പോയ രണ്ടു നഗരഭാ​ഗ​ങ്ങ​ളെ​യും കൂട്ടി​ച്ചേർക്കാ​നുള്ള ശ്രമങ്ങ​ളു​ടെ ഭാഗമാ​യി ലാവ നിരപ്പാ​ക്കാൻ തുടങ്ങി. ലാവ കടന്നു​പോയ വഴിയി​ലുള്ള സർവതും നാമാ​വ​ശേ​ഷ​മാ​യി​രു​ന്നു. നഗരത്തി​ലെ വാണിജ്യ കേന്ദ്ര​വും ഭരണനിർവഹണ കാര്യാ​ല​യ​വും നശിച്ചി​രു​ന്നു. വിമാ​ന​ത്താ​വ​ള​ത്തി​ലെ റൺവേ​യു​ടെ മൂന്നി​ലൊ​രു ഭാഗവും തകർന്നു​പോ​യി​രി​ക്കു​ന്നു.

സർവതും നഷ്ടപ്പെട്ട ഭവനര​ഹി​ത​രായ ആളുക​ളു​ടെ കൂട്ടത്തിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 180 കുടും​ബ​ങ്ങ​ളു​മുണ്ട്‌. ഏതാണ്ട്‌, 5,000 പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും കുട്ടി​കൾക്കും ദിവസ​വും റേഷൻ വ്യവസ്ഥ​യിൽ ഭക്ഷണം നൽകു​ന്ന​തി​നുള്ള ക്രമീ​ക​രണം ദുരി​താ​ശ്വാ​സ കമ്മറ്റി ചെയ്‌തി​ട്ടുണ്ട്‌. ബെൽജി​യം, ഫ്രാൻസ്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളി​ലെ യഹോ​വ​യു​ടെ സാക്ഷികൾ പ്ലാസ്റ്റിക്‌ ടാർപോ​ളി​നു​കൾ അയച്ചു തന്നിരി​ക്കു​ന്നു. വീടു നഷ്ടപ്പെ​ട്ട​വർക്കു താത്‌കാ​ലിക വാസസ്ഥ​ല​ങ്ങ​ളും രാജ്യ​ഹാ​ളു​കൾ പൂർണ​മാ​യും തകർന്നി​ടത്ത്‌, സഭാ​യോ​ഗ​ങ്ങൾക്കാ​യി കൂടി​വ​രാ​നുള്ള സൗകര്യ​ങ്ങ​ളും ഉണ്ടാക്കി​ക്കൊ​ടു​ക്കാൻ അത്‌ ഉപകരി​ക്കും. ഭവനര​ഹി​ത​രാ​യി​ത്തീർന്ന ചില സാക്ഷി​ക്കു​ടും​ബ​ങ്ങളെ ഒപ്പം താമസി​പ്പി​ക്കാൻ വീടുള്ള സഹോ​ദ​ര​ന്മാർ തയ്യാറാ​യി. ബാക്കി​യു​ള്ളവർ താത്‌കാ​ലിക പാർപ്പിട സൗകര്യ​ങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തും.

ഭീതി​ദ​മാ​യ ആ രാത്രി​ക്കു​ശേഷം ഏതാണ്ട്‌ പത്തു ദിവസം കഴിഞ്ഞ്‌, ജനുവരി 25 വെള്ളി​യാഴ്‌ച, തിരു​വെ​ഴു​ത്തു​ക​ളിൽ നിന്നുള്ള പ്രോ​ത്സാ​ഹന വാക്കുകൾ കേൾക്കാൻ 1,846 പേർ ഗോമാ​യി​ലെ ഒരു സ്‌കൂൾ അങ്കണത്തിൽ കൂടി​വ​ന്നി​രി​ക്കു​ക​യാണ്‌. യഹോവ തന്റെ സംഘട​ന​യി​ലൂ​ടെ ലഭ്യമാ​ക്കിയ പ്രാ​യോ​ഗിക സഹായ​ങ്ങൾക്കും ആശ്വാ​സ​ത്തി​നും നിരവധി സഹോ​ദ​രങ്ങൾ നന്ദി പറയുന്നു. ആപത്‌ക​ര​മായ സാഹച​ര്യ​ത്തി​ലും അവർ കാണിച്ച ശക്തമായ വിശ്വാ​സ​വും ധൈര്യ​വും സന്ദർശ​ക​രായ ഞങ്ങളെ ആഴത്തിൽ സ്‌പർശി​ക്കു​ന്നു. ഇത്തര​മൊ​രു കൊടും വിപത്തിൻ മധ്യേ, നിലനിൽക്കുന്ന ആശ്വാ​സ​ത്തി​ന്റെ ഉറവായ സത്യ​ദൈ​വ​മായ യഹോ​വയെ ഐക്യ​ത്തിൽ ആരാധി​ക്കുന്ന ഒരു സഹോ​ദ​ര​വർഗ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്നത്‌ എത്ര ആനന്ദക​ര​മാണ്‌!—സങ്കീർത്തനം 133:1; 2 കൊരി​ന്ത്യർ 1:3-7. (g02 11/8)

[അടിക്കു​റിപ്പ്‌]

a സ്വാഹിലി ഭാഷയിൽ അഗ്നിപർവ​ത​ത്തിന്‌ മുലിമാ യാ മോട്ടോ എന്നാണ്‌ പറയു​ന്നത്‌, “അഗ്നിയു​ടെ പർവതം” എന്നാണ്‌ അതിന്റെ അർഥം.

[22, 23 പേജു​ക​ളി​ലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ലാവ ഒഴുകു​ന്നത്‌ അടയാ​ള​മിട്ട്‌ കാണി​ച്ചി​രി​ക്കു​ന്നു

കോംഗോ (കിൻഷാസ)

നീര​ഗോം​ഗൊ പർവതം

↓ ↓ ↓

ഗോമാ വിമാ​ന​ത്താ​വളം ↓ ↓

↓ ഗോമാ

↓ ↓

കിവു തടാകം

റുവാണ്ട

[23-ാം പേജിലെ ചിത്രങ്ങൾ]

ലാവാപ്രവാഹം നിമിത്തം പതിനാ​യി​ര​ക്ക​ണ​ക്കിന്‌ നിവാ​സി​കൾക്ക്‌ ഗോമാ നഗരം വിടേണ്ടി വന്നു

[കടപ്പാട്‌]

AP Photo/Sayyid Azim ▸

[24, 25 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ഒരാഴ്‌ചയ്‌ക്കകം സാക്ഷികൾ തങ്ങളുടെ ക്രിസ്‌തീയ യോഗങ്ങൾ സംഘടി​പ്പി​ച്ചു