“മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകവും വ്യാപകവുമായ പകർച്ചവ്യാധി”
“മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകവും വ്യാപകവുമായ പകർച്ചവ്യാധി”
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
“ഈ ഭൂമുഖത്തെ ഒരു യുദ്ധവും എയ്‌ഡ്‌സ് എന്ന സമസ്തവ്യാപക വ്യാധിയോളം വിനാശകമല്ല.”—യു.എസ്. സ്റ്റേറ്റ് സെക്രട്ടറി, കോളിൻ പൗവൽ.
എയ്ഡ്സിനെ (അക്വയേർഡ് ഇമ്മ്യൂണോഡെഫിഷ്യൻസി സിൻഡ്രോം അഥവാ ആർജിത രോഗപ്രതിരോധ ശക്തിക്ഷയ ലക്ഷണസാകല്യം) കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക റിപ്പോർട്ടു പ്രത്യക്ഷപ്പെട്ടത് 1981 ജൂണിൽ ആണ്. “എയ്ഡ്സിന്റെ ആദ്യ കാലഘട്ടത്തിൽ, അത് ഇത്ര വ്യാപകമായ ഒരു പകർച്ചവ്യാധി ആയിത്തീരുമെന്ന് അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഞങ്ങൾക്കാർക്കും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല” എന്ന് എച്ച്‌ഐവി/എയ്‌ഡ്‌സ് സംയുക്ത ഐക്യരാഷ്ട്ര പരിപാടിയുടെ (യുഎൻഎയ്‌ഡ്‌സ്) എക്സിക്യൂട്ടിവ് ഡയറക്ടർ പീറ്റർ പ്യോ പറയുന്നു. 20 വർഷത്തിനുള്ളിൽ അതു ചരിത്രത്തിലെ ഏറ്റവും വ്യാപകമായ പകർച്ചവ്യാധി ആയിത്തീർന്നിരിക്കുന്നു. ഈ വളർച്ച തുടരുമെന്നാണ് സൂചന.
എച്ച്‌ഐവി (ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ്) ബാധിതരുടെ എണ്ണം 3.6 കോടിയിൽ അധികമാണെന്നും വേറെ 2.2 കോടി ആളുകൾ എയ്ഡ്സിന്റെ ഫലമായി മരിച്ചിട്ടുണ്ടെന്നും കണക്കാക്കപ്പെടുന്നു. a 2000-ത്തിൽ ലോകവ്യാപകമായി മരിച്ച എയ്‌ഡ്‌സ് രോഗികളുടെ എണ്ണം 30 ലക്ഷമാണ്. ഈ പകർച്ചവ്യാധിയുടെ രംഗപ്രവേശനത്തിനു ശേഷമുള്ള ഏറ്റവും വലിയ വാർഷിക മരണസംഖ്യയാണ് അത്. റെട്രോവൈറസിന് എതിരായ മരുന്നുകൾ ഉപയോഗിച്ചിട്ടും—പ്രത്യേകിച്ചും സമ്പന്ന രാഷ്ട്രങ്ങളിൽ—ഇതാണു സ്ഥിതി.
ആഫ്രിക്ക എയ്ഡ്സിന്റെ നീരാളിപ്പിടുത്തത്തിൽ
സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ നാടുകൾ ഇപ്പോൾ എയ്‌ഡ്‌സ് എന്ന സമസ്തവ്യാപകവ്യാധിയുടെ കേന്ദ്രമായിത്തീർന്നിരിക്കുന്നു. ഇവിടെ 2.53 കോടി എച്ച്‌ഐവി ബാധിതർ ഉള്ളതായി കണക്കാക്കപ്പെടുന്നു. 2000-ത്തിൽ ഈ മേഖലയിൽ മാത്രം എയ്‌ഡ്‌സ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ലക്ഷം ആണ്. ലോകവ്യാപകമായി മരിച്ച മൊത്തം ആളുകളുടെ 80 ശതമാനം ആണിത്. ഇവിടത്തെ മുഖ്യ മരണകാരണം ആണ് എയ്‌ഡ്‌സ്. b
ലോകത്തിൽ ഏറ്റവുമധികം എച്ച്‌ഐവി ബാധിതർ ഉള്ള രാജ്യം ദക്ഷിണാഫ്രിക്കയാണെന്ന് കണക്കുകൾ കാണിക്കുന്നു, 47 ലക്ഷം.
ഇവിടെ ഓരോ മാസവും എച്ച്‌ഐവി ബാധിച്ച 5,000 കുഞ്ഞുങ്ങൾ ജനിക്കുന്നു. 2000 ജൂലൈയിൽ ഡർബനിൽ നടത്തപ്പെട്ട 13-ാമത് അന്തർദേശീയ എയ്‌ഡ്‌സ് സമ്മേളനത്തിൽ പ്രസംഗിക്കവേ മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല ഇപ്രകാരം പറഞ്ഞു: “ദക്ഷിണാഫ്രിക്കയിലെ യുവജനങ്ങളിൽ രണ്ടുപേരിൽ ഒരാൾ വീതം, അതായത് പകുതിയും, എയ്‌ഡ്‌സ് മൂലം മരിക്കുമെന്ന അറിവ് ഞങ്ങളെ നടുക്കിക്കളഞ്ഞു. സ്ഥിതിവിവര കണക്കുകൾ വെളിപ്പെടുത്തുന്ന ഈ എച്ച്‌ഐവി ബാധകളും തത്ഫലമായുള്ള കഷ്ടപ്പാടുമെല്ലാം . . . വേണമെങ്കിൽ ഒഴിവാക്കാനാകുന്നതാണല്ലോ എന്ന് ഓർക്കുമ്പോഴാണ് ഏറ്റവും ഭയം തോന്നുന്നത്.”മറ്റു രാജ്യങ്ങളുടെ മേലുള്ള എയ്ഡ്സിന്റെ ഉഗ്ര ആക്രമണം
പൂർവ യൂറോപ്പ്, ഏഷ്യ, കരീബിയൻ എന്നിവിടങ്ങളിലും എച്ച്‌ഐവി ബാധിതരുടെ എണ്ണം ത്വരിതഗതിയിൽ വർധിക്കുകയാണ്. 1999-ന്റെ അവസാനം പൂർവ യൂറോപ്പിലെ എച്ച്‌ഐവി ബാധിതരുടെ എണ്ണം 4,20,000 ആയിരുന്നു. എന്നാൽ 2000-ത്തിന്റെ അവസാനത്തോടെ അത് 7,00,000 ആയി വർധിച്ചുവെന്ന് കണക്കാക്കപ്പെട്ടു, യഥാർഥ സംഖ്യ അതിലും കൂടുതലായിരിക്കാനാണു സാധ്യത.
അമേരിക്കയിലെ ആറ് വൻനഗരങ്ങളിൽ നടത്തിയ ഒരു സർവേ സ്വവർഗരതിക്കാരായ യുവാക്കന്മാരിൽ 12.3 ശതമാനം എച്ച്‌ഐവി ബാധിതരാണെന്നു വെളിപ്പെടുത്തി. എന്നാൽ അവരിൽ 29 ശതമാനത്തിനു മാത്രമേ അതു സംബന്ധിച്ച് അറിയാമായിരുന്നുള്ളൂ. സർവേക്ക് നേതൃത്വം നൽകിയ സാംക്രമികരോഗ ശാസ്‌ത്രജ്ഞ ഇങ്ങനെ പറഞ്ഞു: “ഇത്രയും കുറച്ചു പുരുഷന്മാർക്കേ തങ്ങൾ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് അറിയാമായിരുന്നുള്ളൂ എന്നത് ഞങ്ങളെ നിരാശയിൽ ആഴ്ത്തിയിരിക്കുകയാണ്. അതിന്റെ അർഥം പുതുതായി എച്ച്‌ഐവി ബാധിതരാകുന്ന വ്യക്തികൾ ആ വസ്‌തുത മനസ്സിലാക്കാതെ വൈറസ് മറ്റുള്ളവരിലേക്കു പകർത്തുന്നു എന്നാണ്.”
രണ്ടായിരത്തൊന്ന് മേയിൽ സ്വിറ്റ്‌സർലൻഡിൽ നടന്ന എയ്‌ഡ്‌സ് രോഗ വിദഗ്ധരുടെ ഒരു യോഗത്തിൽ ഈ രോഗത്തെ “മനുഷ്യ ചരിത്രത്തിലെ ഏറ്റവും വ്യാപകവും വിനാശകവുമായ പകർച്ചവ്യാധി” ആയി പ്രഖ്യാപിച്ചു. ലേഖനത്തിൽ പരാമർശിച്ചതു പോലെ സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ നാടുകളിൽ എയ്ഡ്സിന്റെ ആക്രമണം പ്രത്യേകിച്ചും രൂക്ഷമായിരുന്നിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യുന്നു. (g02 11/08)
[അടിക്കുറിപ്പുകൾ]
a യുഎൻഎയ്‌ഡ്‌സ് പ്രസിദ്ധീകരിച്ച ഏകദേശ കണക്കുകൾ ആണിവ.
[3-ാം പേജിലെ ആകർഷക വാക്യം]
“എച്ച്‌ഐവി ബാധകളും തത്ഫലമായുള്ള കഷ്ടപ്പാടുമെല്ലാം . . . വേണമെങ്കിൽ ഒഴിവാക്കാനാകുന്നതാണല്ലോ എന്ന് ഓർക്കുമ്പോഴാണ് ഏറ്റവും ഭയം തോന്നുന്നത്.”—നെൽസൺ മണ്ടേല
[2, 3 പേജുകളിലെ ചിത്രം]
എച്ച്‌ഐവി ബാധിതരായ പലർക്കും അത് അറിയില്ല
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
UN/DPI Photo 198594C/Greg Kinch