മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം—അത് വാസ്തവത്തിൽ അത്ര ശക്തമാണോ?
യുവജനങ്ങൾ ചോദിക്കുന്നു . . .
മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം—അത് വാസ്തവത്തിൽ അത്ര ശക്തമാണോ?
“മറ്റ് ആളുകളിൽ നിന്നുള്ള സമ്മർദമൊന്നും എനിക്ക് അനുഭവപ്പെടുന്നില്ല.”—ഹൈസ്കൂൾ വിദ്യാർഥിനിയായ പമീല
“മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം എന്റെ മേൽ അത്ര വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നൊന്നും എനിക്കു തോന്നുന്നില്ല. എന്റെ സമ്മർദങ്ങൾ മിക്കതും എന്റെ ഉള്ളിൽനിന്നു തന്നെ ഉരുത്തിരിയുന്നവയാണ്.”—റോബി എന്ന യുവാവ്.
നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്നു ബൈബിൾ പറയുന്നത് നിങ്ങൾക്ക് അറിയാമായിരിക്കും. (1 കൊരിന്ത്യർ 15:33, NW) എങ്കിലും നിങ്ങൾ ചിന്തിച്ചേക്കാം, ‘സമപ്രായക്കാരിൽ നിന്നും മറ്റുമുള്ള സമ്മർദം എന്റെ മാതാപിതാക്കളും ചില മുതിർന്നവരും പറയുന്നത്ര ശക്തമാണോ, അതേക്കുറിച്ച് കുറെയൊക്കെ വെറുതെ പെരുപ്പിച്ചു പറയുന്നതല്ലേ?’
അത്തരം സംശയങ്ങൾ ഇടയ്ക്കിടെ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, അതൊരു ഒറ്റപ്പെട്ട വീക്ഷണമല്ല. എങ്കിലും ഒരു സാധ്യത പരിചിന്തിക്കുന്നതു നന്നായിരിക്കും. മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ ശക്തമായിരുന്നു കൂടേ? അനവധി യുവാക്കൾ പുറമേ നിന്നുള്ള സമ്മർദത്തിന്റെ ശക്തിയിൽ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, സമൂഹവുമായി ഇണങ്ങിച്ചേരാൻ, ആഗ്രഹിക്കുന്നതിലധികം ശ്രമം താൻ ചെയ്യുന്നുണ്ടെന്ന് ആൻജി എന്ന യുവതി തുറന്നു സമ്മതിക്കുന്നു. അവൾ ഇങ്ങനെ തുടരുന്നു: “സമൂഹം ചെലുത്തുന്ന സമ്മർദം ശക്തമാണ്. അതു പുറമേ നിന്നുള്ള സമ്മർദമാണെന്നു നാം തിരിച്ചറിഞ്ഞെന്നുപോലും വരില്ല. പലപ്പോഴും അതിനെ ഉള്ളിൽനിന്നുതന്നെ ഉരുത്തിരിയുന്ന സമ്മർദമായി നാം കണക്കാക്കിയേക്കും.”
തുടക്കത്തിൽ പരാമർശിച്ച റോബിയും പറയുന്നത് തന്റെ ഏറ്റവും വലിയ സമ്മർദം തന്റെ ഉള്ളിൽ നിന്നുതന്നെ വരുന്നതാണെന്നാണ്. എങ്കിലും ഒരു വലിയ നഗരത്തിനു സമീപം താമസിക്കുക ബുദ്ധിമുട്ടാണെന്ന് അവൻ സമ്മതിക്കുന്നു. കാരണം? ചുറ്റുപാടുമുള്ള ഭൗതികാസക്ത സമൂഹത്തിന്റെ സമ്മർദംതന്നെ. “സമ്പത്താണ് ഇവിടെ പ്രധാനം,” അവൻ പറയുന്നു. തീർച്ചയായും നാം ഗൗനിക്കേണ്ട ഒന്നുതന്നെയാണ് പുറമേ നിന്നുള്ള ഈ സമ്മർദം. പിന്നെ എന്തുകൊണ്ടാണ് മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം തങ്ങളെ ബാധിക്കുന്നേയില്ല എന്ന് ഒട്ടനവധി യുവജനങ്ങൾ ചിന്തിക്കുന്നത്?
തിരിച്ചറിയപ്പെടുന്നില്ലെങ്കിലും ശക്തം
സമൂഹത്തിന്റെ സമ്മർദത്തിനു വഞ്ചനാത്മകം ആയിരിക്കാൻ കഴിയും—വാസ്തവത്തിൽ നാം അത് തീരെ ശ്രദ്ധിക്കാതെ പോലും പോയേക്കാം. ഒരു ദൃഷ്ടാന്തം ചിന്തിക്കുക: നാം സമുദ്ര നിരപ്പിൽ ആയിരിക്കുമ്പോൾ അന്തരീക്ഷം നമ്മുടെമേൽ ഒരു ചതുരശ്ര സെന്റിമീറ്ററിന് 1 കിലോഗ്രാം എന്ന തോതിൽ സ്ഥിരമർദം ചെലുത്തുന്നുണ്ട്. a എല്ലായ്പോഴും ആ മർദത്തിനു വിധേയരായാണ് നിങ്ങൾ ജീവിക്കുന്നത് എങ്കിലും നിങ്ങൾ അതിനെ കുറിച്ച് ഒട്ടും ബോധവാന്മാരല്ല. എന്തുകൊണ്ട്? നിങ്ങൾ അതുമായി പരിചയിച്ചിരിക്കുന്നു എന്നതാണ് അതിനു കാരണം.
അന്തരീക്ഷമർദം ഹാനികരം ആയിരിക്കണമെന്നില്ല എന്നതു ശരിതന്നെ. പക്ഷേ ആളുകൾ നമ്മുടെമേൽ ചെലുത്തുന്ന നേരിയ സമ്മർദം പോലും ക്രമേണ നമ്മെ മാറ്റിയെടുത്തേക്കാം. ചുറ്റുമുള്ള ആളുകൾക്ക് നമ്മുടെ മേലുള്ള സ്വാധീനശക്തിയെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് തികച്ചും ബോധവാനായിരുന്നു. റോമിലെ ക്രിസ്ത്യാനികൾക്ക് അവൻ ഇപ്രകാരം മുന്നറിയിപ്പു നൽകി: “നിങ്ങൾക്കു ചുറ്റുമുള്ള ലോകം നിങ്ങളെ അതിന്റെ മൂശയിൽ തിരുകിക്കയറ്റാൻ അനുവദിക്കരുത്.” (റോമർ 12:2, ദ ന്യൂ ടെസ്റ്റമെന്റ് ഇൻ മോഡേൺ ഇംഗ്ലീഷ്) എന്നിരുന്നാലും, അത് എങ്ങനെ സംഭവിച്ചേക്കാം?
പുറമേ നിന്നുള്ള സമ്മർദം പ്രവർത്തിക്കുന്ന വിധം
മറ്റുള്ളവർ നിങ്ങളെ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും നിങ്ങൾക്കിഷ്ടമല്ലേ? ആണെന്ന് മിക്കവരും സമ്മതിക്കും. എങ്കിലും അത്തരം അംഗീകാരം നേടാനുള്ള നമ്മുടെ സ്വാഭാവിക ആഗ്രഹത്തിന് ഗുണവും ദോഷവും ഉണ്ട്. ആ അംഗീകാരം നേടിയെടുക്കാൻ നാം എത്രത്തോളം പോകും? ‘ഒരുതരത്തിലും ഞാൻ സമ്മർദങ്ങൾക്കു വഴങ്ങില്ല’ എന്നു നാം ചിന്തിച്ചേക്കാം. എങ്കിലും നമുക്കു ചുറ്റുമുള്ളവരെ സംബന്ധിച്ചെന്ത്? മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തെ ചെറുത്തുനിൽക്കാൻ അവർ ശ്രമം ചെയ്യുന്നുണ്ടോ, അതോ തങ്ങളെ വാർത്തെടുക്കാൻ അവർ അതിനെ അനുവദിക്കുകയാണോ?
ഉദാഹരണത്തിന്, ആധുനിക ലോകത്തിൽ ബൈബിളിലെ ധാർമിക നിലവാരങ്ങൾ പ്രായോഗികമല്ലാത്തവയും അറുപഴഞ്ചനുമാണെന്ന് അനേകരും കരുതുന്നു. ദൈവം തന്റെ വചനത്തിൽ ആവശ്യപ്പെടുന്ന പ്രകാരംതന്നെ അവനെ ആരാധിക്കുന്നത് അത്ര പ്രധാനമല്ലെന്ന്
അനേകർ വിചാരിക്കുന്നു. (യോഹന്നാൻ 4:24) അവർക്ക് അങ്ങനെ തോന്നുന്നത് എന്തുകൊണ്ടാണ്? ഒരുതരത്തിൽ പറഞ്ഞാൽ മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം നിമിത്തമാണത്. ഈ ലോകവ്യവസ്ഥിതിക്ക് ഒരു ‘ആത്മാവ്,’ ഒരു പ്രബല മനോഭാവം ഉള്ളതായി എഫെസ്യർ 2:2-ൽ പൗലൊസ് പറയുന്നു. യഹോവയെ അറിയാത്ത ഈ ലോകത്തിന്റെ ചിന്താഗതിയോട് അനുരൂപപ്പെടാൻ ആ ആത്മാവ് ആളുകളുടെ മേൽ സമ്മർദം ചെലുത്തുന്നു. ഇതു നമ്മെ എങ്ങനെ ബാധിക്കും?
സ്കൂൾ പ്രവർത്തനങ്ങൾ, പഠനം, കുടുംബകാര്യങ്ങൾ, തൊഴിൽ എന്നിങ്ങനെയുള്ള ദൈനംദിന കാര്യാദികളോടുള്ള ബന്ധത്തിൽ, നമ്മുടെ ക്രിസ്തീയ മൂല്യങ്ങളെ വിലമതിക്കാത്ത ആളുകളുമായി നമുക്ക് ഇടപഴകേണ്ടി വരുന്നു. ദൃഷ്ടാന്തത്തിന്, എങ്ങനെയും മറ്റുള്ളവരുടെ മുന്നിൽ കേമനാകാൻ ശ്രമിക്കുന്ന, അധാർമിക ബന്ധങ്ങൾ പുലർത്തുന്ന, മയക്കുമരുന്നും മദ്യവും ദുരുപയോഗം ചെയ്യുന്ന അനവധി വിദ്യാർഥികളെ ഇന്നത്തെ സ്കൂളുകളിൽ കാണാം. അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ അല്ലെങ്കിൽ അവയെ ഒരു സാധാരണ കാര്യമോ പ്രശംസനീയമായ കാര്യം പോലുമോ ആയി കരുതുന്നവരെ അടുത്ത സുഹൃത്തുക്കളായി നാം തിരഞ്ഞെടുക്കുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക? ക്രമേണ നാമും അത്തരം ചിന്താഗതികൾ സ്വീകരിക്കാൻ തുടങ്ങിയേക്കാം. അങ്ങനെ, ലോകത്തിന്റെ ‘ആത്മാവ്’ അല്ലെങ്കിൽ “വായു” നമ്മുടെമേൽ സമ്മർദം ചെലുത്തിക്കൊണ്ട് നമ്മെ അതിന്റെ മൂശയിൽ തിരുകിക്കയറ്റും.
രസാവഹമായി, ആധുനിക സാമൂഹിക ശാസ്ത്രജ്ഞർ നടത്തിയിട്ടുള്ള ചില പരീക്ഷണങ്ങളുടെ ഫലങ്ങൾ ഈ ബൈബിൾ തത്ത്വങ്ങളെ ശരിവെക്കുന്നു. അതിൽ ഒന്നാണ് പ്രശസ്തമായ ‘ആഷ് പരീക്ഷണം.’ പരീക്ഷണം ഇപ്രകാരമായിരുന്നു: ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് ഒരു വ്യക്തിയെ ക്ഷണിക്കുന്നു. ആദ്യം, ലംബമായ ഒരു വര മാത്രമുള്ള ഒരു കാർഡ് ഡോക്ടർ ആഷ് ഉയർത്തിക്കാട്ടുന്നു. തുടർന്ന് വ്യത്യസ്ത നീളത്തിലുള്ള മൂന്നു വരകളോടു കൂടിയ മറ്റൊരു കാർഡും. ആദ്യത്തെ കാർഡിലെ വരയുമായി ഒത്തുവരുന്നത് ഈ മൂന്നു വരകളിൽ ഏതാണ് എന്ന് അടുത്തതായി അദ്ദേഹം ഓരോരുത്തരോടും ചോദിക്കുന്നു. ഉത്തരം വളരെ എളുപ്പമാണ്. ആദ്യത്തെ രണ്ടു പ്രാവശ്യം എല്ലാവരും ഒരേ ഉത്തരമാണ് പറയുന്നത്. എന്നാൽ മൂന്നാം പ്രാവശ്യം കാര്യങ്ങൾക്കു മാറ്റം വരുന്നു.
ഏതു വരകൾക്കാണു തുല്യ നീളമെന്ന് പറയുക ഇപ്പോഴും എളുപ്പമാണ്. എന്നാൽ കൂട്ടത്തിലുള്ള മറ്റുള്ളവരെയെല്ലാം പരീക്ഷണത്തിന്റെ ഭാഗമായി കൂലികൊടുത്ത് അഭിനയിപ്പിക്കുകയാണെന്ന് പരീക്ഷണ വിധേയനാകുന്ന വ്യക്തി അറിയുന്നില്ല. അവരെല്ലാം തെറ്റായ ഉത്തരത്തോടു യോജിക്കുന്നു. സംഭവിക്കുന്നതോ? പരീക്ഷണത്തിനു വിധേയരായവരിൽ 25 ശതമാനം മാത്രമേ ശരിയെന്നു തങ്ങൾക്ക് അറിയാവുന്നതിനോടു പറ്റിനിന്നുള്ളൂ. മറ്റുള്ളവരെല്ലാം ഒരിക്കലെങ്കിലും കൂട്ടത്തോടു യോജിച്ചു—സ്വന്ത കണ്ണുകൊണ്ടു കണ്ടത് തള്ളിപ്പറഞ്ഞുകൊണ്ടു പോലും!
വ്യക്തമായും, തങ്ങൾക്കു ചുറ്റുമുള്ളവരോട് അനുരൂപപ്പെടാൻ ആളുകൾ ആഗ്രഹിക്കുന്നു. സത്യമാണെന്നു തങ്ങൾക്കു ബോധ്യമുള്ളതുപോലും തള്ളിപ്പറഞ്ഞുകൊണ്ടാണ് മിക്കവരും അങ്ങനെ ചെയ്യുന്നത്. പല യുവജനങ്ങളും വ്യക്തിപരമായി ഇത്തരം സമ്മർദം അനുഭവിച്ചിട്ടുള്ളവരാണ്. 16 വയസ്സുകാരൻ ദാനീയേൽ ഇങ്ങനെ പറഞ്ഞു: “നമ്മളിൽ മാറ്റങ്ങൾ വരുത്താൻ പുറമേ നിന്നുള്ള സമ്മർദത്തിനു കഴിയും. നമുക്കു ചുറ്റും കൂടുതൽ ആളുകൾ ഉള്ളപ്പോൾ സമ്മർദം വർധിക്കുന്നു. അവർ ചെയ്യുന്നതാണ് ശരി എന്നു പോലും നാം ചിന്തിച്ചു തുടങ്ങിയേക്കാം.”
വിദ്യാലയങ്ങളിൽ സാധാരണമായി കാണപ്പെടുന്ന അത്തരം സമ്മർദത്തെ മുമ്പു പറഞ്ഞ ആൻജി എന്ന യുവതി വിവരിക്കുന്നു: “ജൂനിയർ ഹൈസ്കൂളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം എന്തു ധരിക്കുന്നു എന്നത് വളരെ പ്രധാന്യം
അർഹിക്കുന്ന ഒരു സംഗതിയായിരുന്നു. പ്രത്യേക കമ്പനിയുടെ പേരോടുകൂടിയ വസ്ത്രങ്ങൾ അഭിമാന ചിഹ്നങ്ങളായാണ് വീക്ഷിക്കപ്പെട്ടിരുന്നത്. വാസ്തവത്തിൽ, 50 ഡോളറും മറ്റും കൊടുത്ത് ഒരു ഷർട്ട് വാങ്ങാൻ ആരും ആഗ്രഹിച്ചിരുന്നതല്ല—സ്വാഭാവികമായി ആരും അങ്ങനെ ആഗ്രഹിക്കുകയുമില്ലല്ലോ?” ആൻജി അഭിപ്രായപ്പെടുന്നതു പോലെ, നിങ്ങൾ സമ്മർദത്തിനു വഴിപ്പെടുമ്പോൾ അതു തിരിച്ചറിയുക പ്രയാസമാണ്. എന്നാൽ കൂടുതൽ ഗൗരവമുള്ള കാര്യങ്ങളിൽ മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം നമ്മെ ബാധിക്കുമോ?മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം അപകടകരം ആയിരിക്കാവുന്നതിന്റെ കാരണം
നിങ്ങൾ കടലിൽ നീന്തുകയാണ് എന്നു സങ്കൽപ്പിക്കുക. തിരമാലകൾക്ക് ഒപ്പമാണ് നിങ്ങൾ നീങ്ങുന്നത്. എന്നാൽ, നിങ്ങൾ അറിയുന്നില്ലെങ്കിലും മറ്റുചില ശക്തികൾകൂടെ പ്രവർത്തനത്തിലുണ്ട്. തിരകൾ നിങ്ങളെ തീരത്തേക്കു തള്ളുന്നുണ്ടെങ്കിലും ശക്തമായ അടിയൊഴുക്ക് നിങ്ങളെ സാവധാനം ദൂരേക്കു കൊണ്ടുപോകുന്നു. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ, തീരത്തു നിൽക്കുന്ന കുടുംബത്തെയോ കൂട്ടുകാരെയോ കാണാനാവാത്ത വിധം നിങ്ങൾ ദൂരെ എത്തിക്കഴിഞ്ഞിരിക്കും. അടിയൊഴുക്ക് നിങ്ങളെ അത്രയും ദൂരെ എത്തിച്ചത് നിങ്ങൾ ശ്രദ്ധിച്ചതേയില്ല! സമാനമായി, അനുദിന പ്രവർത്തനങ്ങളിലൂടെ കടന്നുപോകവേ പല കാര്യങ്ങളും നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിച്ചേക്കാം. നാം എന്നും മുറുകെ പിടിക്കുമെന്നു കരുതിയിരുന്ന നിലവാരങ്ങളിൽ നിന്നു നമ്മെ ബഹുദൂരം വ്യതിചലിപ്പിക്കാൻ ഈ സ്വാധീനങ്ങൾക്കു കഴിഞ്ഞത് വൈകിയായിരിക്കും നാം തിരിച്ചറിയുന്നത്.
ഉദാഹരണത്തിന്, അപ്പൊസ്തലനായ പത്രൊസ് ധീരനായ ഒരു മനുഷ്യനായിരുന്നു. യേശുവിനെ അറസ്റ്റ് ചെയ്ത രാത്രിയിൽ, ശത്രുക്കളുടെ കൂട്ടത്തെ വാൾകൊണ്ട് എതിരിട്ടവനാണ് അവൻ. (മർക്കൊസ് 14:43-47; യോഹന്നാൻ 18:10) എന്നാൽ സ്വന്ത ജനത്തിൽ നിന്നു സമ്മർദം ഉണ്ടായപ്പോൾ അവൻ പ്രകടമായ വിധത്തിൽ പക്ഷാഭേദം കാണിച്ചു. വിജാതീയരിൽ നിന്നുള്ളവരെ അശുദ്ധരായി വീക്ഷിക്കരുത് എന്നു നിർദേശിച്ചുകൊണ്ട് ക്രിസ്തുവിൽ നിന്ന് ഒരു ദർശനം അവനു കിട്ടിയിരുന്നതാണ്. എന്നിട്ടും, അവൻ യഹൂദേതര ക്രിസ്ത്യാനികളെ അവഗണിച്ചു. (പ്രവൃത്തികൾ 10:10-15, 28, 29) വാൾമുനയെക്കാൾ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുള്ളതായി പത്രൊസ് കണ്ടെത്തിയതു മറ്റു മനുഷ്യരിൽ നിന്നുള്ള നിന്ദയായിരിക്കാം! (ഗലാത്യർ 2:11, 12) ആളുകളിൽ നിന്നുള്ള സമ്മർദത്തിനു തീർച്ചയായും അപകടകരമായിരിക്കാൻ കഴിയും.
മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തിന്റെ ശക്തി തിരിച്ചറിയുന്നതു പ്രധാനം
പത്രൊസിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് ഒരു പാഠം പഠിക്കാനുണ്ട്. ചില കാര്യങ്ങളിൽ നാം ശക്തരായിരിക്കാമെങ്കിലും എല്ലാ കാര്യങ്ങളിലും അങ്ങനെ ആയിരിക്കണമെന്നില്ല. പത്രൊസിനും നമ്മെപ്പോലെ ചില ബലഹീന വശങ്ങൾ ഉണ്ടായിരുന്നു. നാം ആരായിരുന്നാലും, നമ്മുടെ ബലഹീന വശങ്ങളെ കുറിച്ച് നാമെല്ലാം ബോധവാന്മാരാകണം. സത്യസന്ധമായി നാം സ്വയം ഇപ്രകാരം ചോദിക്കണം: ‘എന്റെ ബലഹീനവശം ഏതാണ്? ഒരു സമ്പന്ന ജീവിതശൈലിക്കായി ഞാൻ വാഞ്ഛിക്കുന്നുവോ? എന്റെ പ്രതിച്ഛായയിലും നേട്ടങ്ങളിലും എനിക്ക് അൽപ്പം തലക്കനം തോന്നിത്തുടങ്ങിയിട്ടുണ്ടോ? പുകഴ്ചയും പദവിയും പ്രശസ്തിയും നേടാൻ ഞാൻ ഏതളവോളം പോകും?’
കുത്തഴിഞ്ഞ ജീവിതം നയിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ഒക്കെ ചെയ്യുന്നവരുമായി ചങ്ങാത്തം കൂടിക്കൊണ്ട് ഒരുപക്ഷേ നാം മനപ്പൂർവം അപകടങ്ങളിൽ ചെന്നുചാടുകയില്ലായിരിക്കാം. എന്നിരുന്നാലും, അത്ര പ്രകടമല്ലാത്ത നമ്മുടെ ബലഹീനതകൾ സംബന്ധിച്ചെന്ത്? നമ്മുടെ ബലഹീന വശത്തെ സ്വാധീനിച്ചേക്കാവുന്നവരുമായി അടുത്തു സഹവസിച്ചാൽ, അവരുടെ സമ്മർദത്തിനു നാം നമ്മെത്തന്നെ വശംവദരാക്കുകയാവും ചെയ്യുന്നത്.
എന്നാൽ സന്തോഷകരമെന്നു പറയട്ടെ, മറ്റുള്ളവരിൽ നിന്നുള്ള എല്ലാ സമ്മർദവും മോശമായിരിക്കുന്നില്ല. അത്തരം സമ്മർദത്തെ നമുക്ക് പ്രയോജനകരമായ ഒന്നാക്കി മാറ്റാൻ സാധിക്കുമോ? മറ്റുള്ളവരിൽ നിന്നുള്ള ഹാനികരമായ സമ്മർദത്തിന് എതിരെ നമുക്ക് എങ്ങനെ പോരാടാൻ കഴിയും? “യുവജനങ്ങൾ ചോദിക്കുന്നു. . . ” എന്ന ഈ പരമ്പരയുടെ ഒരു ഭാവി ലേഖനത്തിൽ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും. (g02 11/22)
[അടിക്കുറിപ്പ്]
a വായു, മർദം ചെലുത്തുന്നുണ്ടെന്നു തെളിയിക്കാനുള്ള ഒരു ലളിതമായ പരീക്ഷണം ഇതാ: ഒരു മലമുകളിൽവെച്ച്, ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിറയെ വായു കയറാൻ അനുവദിക്കുക. തുടർന്ന് അടപ്പുകൊണ്ട് നന്നായി അടച്ച് മലയിറങ്ങുക. നിങ്ങൾ താഴേക്കു വരുന്തോറും കുപ്പിക്ക് എന്തു സംഭവിക്കും? അത് ഉള്ളിലേക്കു ചളുങ്ങിപ്പോകുന്നു. കുപ്പിക്കുള്ളിലെ സാന്ദ്രത കുറഞ്ഞ വായുവിന്റെ മർദത്തെക്കാൾ അനേകമടങ്ങ് കൂടുതലായിരിക്കും പുറത്തുള്ള അന്തരീക്ഷമർദം.
[20, 21 പേജുകളിലെ ചിത്രം]
ഒരു ഭൗതികാസക്ത ചുറ്റുപാടിൽ പുറമേ നിന്നുള്ള സമ്മർദം ശക്തമായിരിക്കും