ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
കോട്ടുവായ് വിട്ടോളൂ, ഉന്മേഷം വീണ്ടെടുത്തോളൂ!
ഗർഭസ്ഥ ശിശു പതിനൊന്നാമത്തെ ആഴ്ച മുതൽതന്നെ കോട്ടുവായ് വിടാൻ തുടങ്ങുന്നു എന്ന് സാലൂഡ് എന്ന സ്പാനിഷ് വാരിക പറയുന്നു. മിക്ക സസ്തനികളും ചില പക്ഷികളും ഉരഗങ്ങളും ഇടയ്ക്കൊക്കെ കോട്ടുവായ് വിടാറുള്ളതായി തോന്നുന്നു. കോട്ടുവായ് വരുന്നതിന്റെ കാരണം കൃത്യമായി ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കോട്ടുവായ്ക്കൊപ്പം മൂരിനിവർക്കലും പതിവാണ്, ഈ ചലനങ്ങൾ “മാംസപേശികൾക്കും സന്ധികൾക്കും അയവു വരുത്തുന്നതോടൊപ്പം ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കു”കയും ചെയ്യുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. കോട്ടുവായ് കടിച്ചമർത്തുമ്പോൾ നമുക്കു നഷ്ടമാവുന്നത് അതുകൊണ്ടുള്ള പലവിധ പ്രയോജനങ്ങളാണ്. അതുകൊണ്ട് കോട്ടുവായ് വരുമ്പോൾ കഴിയുമെങ്കിൽ “താടിയെല്ലും മുഖപേശികളും വലിയും വിധം സ്വാഭാവികമായി തുറന്നു വിടുക” എന്നാണ് വിദഗ്ധമതം. നല്ലൊരു കോട്ടുവായ് വിട്ട് ഉന്മേഷം വീണ്ടെടുത്തോളൂ! (g02 11/08)
ശരപ്പക്ഷികൾ—ഉറങ്ങുന്നെങ്കിലും സ്ഥാനം തെറ്റുന്നില്ല
ശരപ്പക്ഷികൾ പറക്കുന്നതിനിടയിൽ ഉറങ്ങുന്നു. എന്നിട്ടും കാറ്റിൽപ്പെട്ട് തങ്ങൾ വസിക്കുന്ന പ്രദേശത്തു നിന്ന് അകന്നുപോകാതെ തുടരാൻ അവയ്ക്കു കഴിയുന്നു. ഇത് എങ്ങനെ സാധ്യമാകുന്നു എന്നറിയാൻ സ്വീഡനിലെ ലണ്ട്
സർവകലാശാലയിലെ പക്ഷിനിരീക്ഷകരായ യൂഹൻ ബെക്ക്മാൻ, ടൂമസ് അലർസ്റ്റം എന്നിവർ റഡാർ ഉപയോഗിച്ച് ശരപ്പക്ഷിയുടെ രാത്രിയിലെ നീക്കങ്ങൾ നിരീക്ഷിച്ചു. ഒരു പ്രത്യേക വിധത്തിൽ പറക്കുന്നതിനാലാണ് ശരപ്പക്ഷികൾക്കു വസിക്കുന്ന പ്രദേശത്തിന്റെ പരിധിക്കുള്ളിൽ തന്നെ പറന്നുനിൽക്കാൻ കഴിയുന്നത് എന്ന് ഗവേഷകർ നിരീക്ഷിച്ചതായി ബിൽറ്റ് ഡേർ വിസൻഷോഫ്റ്റ് എന്ന ശാസ്ത്ര മാസിക പറയുന്നു. ശരപ്പക്ഷികൾ ആദ്യം 3,000 മീറ്റർ ഉയരത്തിലേക്കു പൊങ്ങുന്നു. എന്നിട്ട് ഏതാനും മിനിട്ട് ഇടവിട്ട് ദിശ മാറ്റിക്കൊണ്ട് കാറ്റിനു നേരെ ഒരു നിശ്ചിത കോണിൽ പറക്കുന്നു. ഈ പ്രക്രിയ തുടർച്ചയായി ആവർത്തിക്കുന്നതിനാൽ അങ്ങോട്ടുമിങ്ങോട്ടും തെന്നിക്കളിച്ച് സ്വന്തം പ്രദേശത്തിനു മുകളിൽത്തന്നെ തുടരാൻ അവയ്ക്കു കഴിയുന്നു. എന്നിരുന്നാലും കാറ്റു മന്ദഗതിയിൽ ആയിരിക്കുമ്പോൾ ശരപ്പക്ഷികൾ ആകാശത്തു വട്ടമിട്ടു പറന്നുകൊണ്ട് ഉറങ്ങുന്നതായിട്ടാണ് കണ്ടിരിക്കുന്നത്. (g02 11/22)
ഹൃദയാഘാതം നേരിട്ടവരുടെ മസ്തിഷ്ക സംരക്ഷണം
“ഹൃദയാഘാതം നേരിട്ട രോഗികളുടെ ശരീരോഷ്മാവ് ഏതാനും ഡിഗ്രി താഴ്ത്താമെങ്കിൽ മസ്തിഷ്ക ക്ഷതത്തിനും മരണത്തിനുമുള്ള സാധ്യത ഗണ്യമായി കുറയ്ക്കാം” എന്ന് കാനേഡിയൻ വർത്തമാനപ്പത്രം ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. “നിലവിലുള്ള ധാരണകളെ ഉടച്ചുവാർക്കാൻപോന്ന തരത്തിലുള്ള രണ്ടു പഠനങ്ങളാണ് ഇതു വെളിപ്പെടുത്തിയത്” എന്നും പത്രം പറഞ്ഞു. ശരീരോഷ്മാവ് അൽപ്പം താഴ്ത്തിയത് നാഡിയുടെയും തലച്ചോറിന്റെയും പ്രവർത്തനം വീണ്ടെടുക്കുന്നതിൽ ഏറെ ഫലപ്രദമായെന്ന് അഞ്ചു യൂറോപ്യൻ രാജ്യങ്ങളിലും തുടർന്ന് ഓസ്ട്രേലിയയിലും നടത്തിയ പഠനങ്ങൾ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടർന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുന്ന രോഗികളുടെ ശരീര താപനില 12 മുതൽ 24 മണിക്കൂർ നേരത്തേക്ക്, തണുത്ത വായുവും ഐസ് പായ്ക്കുകളും ഉപയോഗിച്ച് 33 ഡിഗ്രി സെൽഷ്യസായി താഴ്ത്തി നിറുത്തുന്നു. സ്റ്റാർ ഇങ്ങനെ തുടരുന്നു: ഹൃദ്രോഗ വിദഗ്ധൻ ബെത്ത് അബ്രാംസൺ പറയുന്ന പ്രകാരം “മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്ന രാസപ്രവർത്തനങ്ങളെ ചെറുക്കാൻ തലച്ചോറിന് ഓക്സിജൻ ആവശ്യമാണ്.” എന്നാൽ ഈ ചെലവു കുറഞ്ഞ ലളിതമായ ചികിത്സ മുഖാന്തരം “കുറഞ്ഞ അളവ് ഓക്സിജനേ തലച്ചോറിന് ആവശ്യമായി വരുന്നുള്ളൂ.” “ഈ തണുപ്പിക്കൽ വിദ്യ വളരെ ഫലപ്രദമാണെന്നു കണ്ടതിനാൽ കാനഡ, ഐക്യനാടുകൾ, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ ദേശങ്ങളിൽ ഡോക്ടർമാർ ഈ രീതി പ്രോത്സാഹിപ്പിക്കുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്ന എല്ലാവരിലും ഈ ചികിത്സാരീതി പ്രയോഗിക്കണമെന്നാണ് അവരുടെ അഭിപ്രായം.”(g02 11/08)
പ്രായംചെന്നവരുടെ മരുന്നുപയോഗം
“അറുപതിനുമേൽ പ്രായമുള്ളവർ ശരാശരി മൂന്നു കൂട്ടം മരുന്നെങ്കിലും കഴിക്കുന്നവരാണ്. ഇത് പ്രായം കുറഞ്ഞവർ ഉപയോഗിക്കുന്നതിന്റെ മൂന്നിരട്ടിയാണ്” എന്ന് ജർമൻ വാർത്താ മാസിക ഡേർ ഷ്പീഗൽ പ്രസ്താവിക്കുന്നു. “എന്നുവരികിലും, എത്രയധികം മരുന്നുകൾ ഉപയോഗിക്കുന്നുവോ അതിന് അനുസൃതമായി അവ തമ്മിൽ പ്രതിപ്രവർത്തനം നടന്ന് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പൊടുന്നനെ വർധിക്കുന്നു. വാർധക്യത്തിൽ വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നു എന്ന കാര്യം കുടുംബ ഡോക്ടർമാർ . . . പലപ്പോഴും കണക്കിലെടുക്കാതെ പോകുന്നു എന്നതാണ് സംഭവിക്കാവുന്ന മറ്റൊരു കുഴപ്പം.” തത്ഫലമായി മരുന്നുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നു. “40-കാരന് കൊടുക്കാവുന്ന മാത്രയിലുള്ള മരുന്ന് 70-കാരന് വിഷബാധ ഏൽപ്പിച്ചേക്കാം” എന്ന് ഡേർ ഷ്പീഗൽ വിശദീകരിക്കുന്നു. “ആവശ്യത്തിനു വെള്ളം കുടിക്കാതെ പ്രായമായ അനേകരും പ്രശ്നം കൂടുതൽ വഷളാക്കുന്നു.” വേദനസംഹാരികൾ, മാനസിക വിഭ്രാന്തിക്കും പിരിമുറുക്കത്തിനുമുള്ള ശമനൗഷധങ്ങൾ എന്നിവയുടെ പാർശ്വഫലങ്ങൾക്കു സമാനമായ പ്രശ്നങ്ങൾ നിർജലീകരണം കൊണ്ടും ഉണ്ടാകുന്നതായി റിപ്പോർട്ടു പറയുന്നു. സംഭ്രാന്തി, ചിത്തഭ്രമം, മോഹാലസ്യം തുടങ്ങിയ ലക്ഷണങ്ങളെ വാർധക്യസഹജം എന്നു പറഞ്ഞ് അവഗണിക്കുകയാണു പതിവ്.
(g02 11/08)
വീട്ടുജോലി ഉത്തമ വ്യായാമം
തൂത്തുവാരൽ, തുടയ്ക്കൽ, നനയ്ക്കൽ, കുഞ്ഞിനെ സ്ട്രോളറിൽ ഇരുത്തി തള്ളിക്കൊണ്ടു നടക്കൽ എന്നിവയെല്ലാം ഉത്തമ വ്യായാമങ്ങളുടെ പട്ടികയിൽ പെടുമോ? ഉവ്വ് എന്നാണ് ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് സർവകലാശാലയിൽ അടുത്തകാലത്തു നടത്തിയ ഒരു പഠനം നൽകുന്ന ഉത്തരം. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുള്ള ഏഴ് അമ്മമാരിൽ ഗ്യാസ് അനലൈസർ എന്ന ഉപകരണം ഘടിപ്പിച്ച്, ദൈനംദിന കാര്യങ്ങൾ ചെയ്യവേ അവർ ശ്വസിക്കുന്ന ഓക്സിജന്റെ അളവ് ഗവേഷകർ നിരീക്ഷിച്ചു എന്ന് കാൻബെറാ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “വീട്ടുജോലികൾ ചെയ്താൽത്തന്നെ ആരോഗ്യം മെച്ചപ്പെടുത്താൻ ആവശ്യമായ വ്യായാമം ലഭിക്കും എന്നാണു പഠനം തെളിയിക്കുന്നത്” എന്നു ഗവേഷകർ പറഞ്ഞു. “നടത്തം, സൈക്കിൾ സവാരി, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾക്ക് ഏതാണ്ട് തുല്യമാണ് ഒരു വീട്ടമ്മയുടെ ജോലി എന്ന് പ്രൊഫസർ വെൻഡി ബ്രൗൺ കണ്ടെത്തി” എന്നു റിപ്പോർട്ടു തുടരുന്നു. “ഇതൊരു പ്രാഥമിക ഗവേഷണം മാത്രമാണ്, എങ്കിലും ദിവസം മുഴുവൻ വീട്ടുജോലികൾ ചെയ്തു നടക്കുന്ന സ്ത്രീകൾ വീട്ടിൽ വെറുതെയിരിപ്പാണ് എന്നു പറയാൻ വരട്ടെ,” പ്രൊഫസർ ബ്രൗൺ പറഞ്ഞു. (g02 11/08)
‘തടയാൻ കഴിയുന്ന ഒരു രോഗം’
“അസ്ഥിദ്രവീകരണം (osteoporosis) എന്ന രോഗം നാം വരുത്തിവെക്കുന്ന ഒന്നാണ്” എന്ന് ഓസ്ട്രേലിയൻ ദിനപ്പത്രമായ ദി സൺ-ഹെറാൾഡ് പ്രസ്താവിക്കുന്നു. “ഒരു വലിയ അളവുവരെ നമുക്കതു തടയാൻ കഴിയും. 2020-ാമാണ്ട് ആകുമ്പോഴേക്കും ആശുപത്രി കിടക്കകളിൽ മൂന്നിലൊന്നും അസ്ഥികൾ ഒടിഞ്ഞ് ചികിത്സയിൽ കഴിയുന്ന സ്ത്രീകളെക്കൊണ്ടു നിറയും എന്ന് കണക്കാക്കുന്നു.” “ഉയർന്ന കൊളസ്ട്രോൾ, അലർജികൾ, ജലദോഷം എന്നിവയെക്കാൾ സർവസാധാരണമാണ്” അസ്ഥികൾ ദ്രവിച്ച് ദുർബലമാകുന്ന ഈ രോഗം എന്ന് അസ്ഥിദ്രവീകരണം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള ഓസ്റ്റിയോപോറോസിസ് ഓസ്ട്രേലിയ എന്ന സംഘടന ചൂണ്ടിക്കാണിക്കുന്നു. “പ്രമേഹത്തിനും ആസ്തമയ്ക്കും വേണ്ടിവരുന്നതിനെക്കാൾ ചെലവു കൂടിയതാണ് ഇതിന്റെ ചികിത്സ. സ്ത്രീകളിൽ കണ്ടുവരുന്ന കാൻസറിന്റെ നിരക്കിനെക്കാൾ ഉയർന്നതാണ് ഇടുപ്പെല്ലിന് ഒടിവുകൾ ഉണ്ടാകുന്നതു മൂലമുള്ള മരണനിരക്ക്.” പ്രൊഫസർ ഫിലിപ് സാംബ്രൂക്ക് കണക്കാക്കുന്ന പ്രകാരം ഓസ്ട്രേലിയയിലെ പകുതിയോളം സ്ത്രീകൾക്കും മൂന്നിലൊന്നു പുരുഷന്മാർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും അസ്ഥിദ്രവീകരണത്തിന്റെ ഫലമായി ഒടിവു പറ്റുന്നുണ്ട്. “ജീവിതത്തിലെ ആദ്യ മൂന്നു ദശകങ്ങളിൽ വ്യായാമം ചെയ്തുകൊണ്ടും ആവശ്യത്തിനു കാൽസ്യം ഉള്ളിലാക്കിക്കൊണ്ടും എല്ലുകൾക്കു നല്ല ഈടും ഉറപ്പും നേടിയെടുക്കുകയാണ് ഏറ്റവും നല്ല പ്രതിരോധമാർഗം” എന്ന് പത്രം തുടർന്നു പറഞ്ഞു. പുകവലിയും മദ്യം, കഫീൻ എന്നിവയുടെ അമിത ഉപയോഗവും ഒഴിവാക്കുകവഴി അസ്ഥിദ്രവീകരണത്തിനുള്ള സാധ്യത വളരെ കുറയ്ക്കാനാകും. ജീവകം ഡി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ക്രമമായി വ്യായാമം ചെയ്യുന്നതും സഹായകമാണ്. (g02 11/22)
കുരുക്കഴിക്കും “പുണ്യവതി”
“കാര്യസാധ്യ സഹായി യൂദാ തദ്ദേവൂസ് പുണ്യവാളൻ, അശരണരുടെ അത്താണി റീത്താ പുണ്യവതി, കടബാധ്യതയുള്ളവരുടെ സംരക്ഷക ഹേറ്റ്വിക് പുണ്യവതി, ക്ഷിപ്രകാര്യസാധ്യ സഹായി എക്സ്പെഡീറ്റസ് പുണ്യവാളൻ എന്നിവർക്കെല്ലാം അടുത്തകാലത്തായി ജനസമ്മതി വർധിച്ചുവരികയാണ്” എന്ന് വേഴാ എന്ന വർത്തമാനപ്പത്രം പറയുന്നു. ബ്രസീലിൽ കത്തോലിക്കരുടെ ഇടയിൽ അംഗീകാരം നേടിയിരിക്കുന്ന ഏറ്റവും പുതിയ “വിശുദ്ധ” “കുരുക്കഴിക്കും പുണ്യവതി” ആണ്. ജർമനിയിലെ ഓഗ്സ്ബർഗിലുള്ള ഒരു പള്ളിയിൽ വെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഈ വിചിത്രമായ പേരിന് ആധാരം. കന്യാമറിയം ഒരു റിബൺ കുരുക്ക് അഴിക്കുന്നതായി അതിൽ ചിത്രീകരിച്ചിരിക്കുന്നു. മാധ്യമങ്ങൾ “കുരുക്കഴിക്കും പുണ്യവതി”ക്കു ധാരാളം ഭക്തജനങ്ങളെ നേടിക്കൊടുത്തിരിക്കുന്നു. ആരോഗ്യം, വിവാഹജീവിതം, സാമ്പത്തിക കാര്യങ്ങൾ എന്നിവയോടു ബന്ധപ്പെട്ട നൂലാമാലകൾ അഴിക്കാൻ അവർ ഈ “പുണ്യവതി”യുടെ സഹായം തേടുന്നു. അങ്ങനെ കാശുരൂപങ്ങൾ, കൊന്ത, വിഗ്രഹങ്ങൾ, കാർ സ്റ്റിക്കറുകൾ എന്നിവയ്ക്കൊക്കെ ഇപ്പോൾ നല്ല ചെലവാണ്. “ഈ കുരുക്കഴിക്കൽ കമ്പം തരക്കേടില്ല, പക്ഷേ അതു നിലനിൽക്കുമോ എന്നു കണ്ടറിയണം” എന്നാണ് ബ്രസീലിലെ ഏറ്റവും വലിയ കത്തോലിക്കാ മഠത്തിന്റെ മേലധികാരി ഡാർസി നിക്കോളിയുടെ അഭിപ്രായം. (g02 11/22)
ബഹിരാകാശത്തെ സുവിശേഷം
പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ ഉണ്ടോ എന്നതിനെ കുറിച്ചുള്ള സംവാദം ശാസ്ത്രജ്ഞന്മാർക്കിടയിൽ തുടരുകയാണ്. അതേസമയം, “പ്രപഞ്ചത്തിൽ, ഭൂമിയിൽ മാത്രമല്ല ദൈവം ജീവികളെ സൃഷ്ടിച്ചിരിക്കുന്നത്. ഭൗമേതര ജീവികളെയും അവൻ സൃഷ്ടിച്ചിട്ടുണ്ട്” എന്ന് വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രത്തിലെ പുരോഹിതന്മാർ നിഗമനം ചെയ്യുന്നതായി ബെർലീനർ മോർഗൻപോസ്റ്റ് എന്ന ദിനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. വാനനിരീക്ഷണകേന്ദ്രം ഡയറക്ടർ ജോർജ് കോയിൻ അഭിപ്രായപ്പെടുന്ന പ്രകാരം “പ്രപഞ്ചം അതിവിശാലമാണ്, നാമിവിടെ ഒറ്റയ്ക്കായിരിക്കാൻ വഴിയില്ല.” ഭൗമേതര ജീവികളെയും സുവിശേഷം അറിയിക്കുകയെന്ന ലക്ഷ്യത്തിൽ നിരവധി സന്ന്യാസിമഠങ്ങൾ പുതിയനിയമം ഗൂഢസന്ദേശരൂപത്തിൽ ബഹിരാകാശത്തേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. “ഈശോ മിശിഹാ അന്യഗ്രഹങ്ങളിലും അവതരിച്ചിട്ടുണ്ടോ” എന്നറിയാനാണ് വത്തിക്കാന്റെ അടുത്ത ശ്രമം എന്നു പത്രം പറയുന്നു. “അന്യഗ്രഹജീവികളെയും കൂടെ കർത്താവ് വീണ്ടെടുത്തിരിക്കുമോ,” കോയിൻ കൗതുകം കൂറുന്നു.
(g02 11/22)
സ്വിറ്റ്സർലൻഡ് യുഎൻ അംഗമാകാൻ തീരുമാനിക്കുന്നു
“പതിറ്റാണ്ടുകളായി വെച്ചുപുലർത്തിയിരുന്ന ഒറ്റപ്പെട്ടു നിൽക്കുക എന്ന രാഷ്ട്രീയ നയം വിട്ട് ഐക്യരാഷ്ട്ര സഭാംഗത്വം സ്വീകരിക്കാൻ സ്വിറ്റ്സർലൻഡ് തീരുമാനിച്ചിരിക്കുന്നു. ദേശവ്യാപകമായി നടന്ന ഒരു വോട്ടെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് ഇതു തീരുമാനമായത്” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഐക്യരാഷ്ട്ര പൊതുസഭയിൽ ഔദ്യോഗികമായി ഒരു അപേക്ഷ നൽകിക്കൊണ്ടു സ്വിറ്റ്സർലൻഡിന് സംഘടനയിലെ 190-ാമത്തെ അംഗമായിത്തീരാം. അംഗത്വം നേടണമോ എന്ന് ആരാഞ്ഞുകൊണ്ട് 1986-ൽ നടത്തിയ വോട്ടെടുപ്പിൽ സ്വിസ് ജനത ആ ആശയം പാടേ തള്ളിക്കളഞ്ഞതാണ്. “തങ്ങളുടെ പരമ്പരാഗത നിഷ്പക്ഷ നിലപാടിൽ വിട്ടുവീഴ്ച കാണിക്കലാവും അതെന്ന് അവർ ഭയപ്പെട്ടു.” എന്നാൽ ആ ചിന്താഗതിക്ക് ഇപ്പോൾ എങ്ങനെയാണ് മാറ്റം വന്നത്? “ഐക്യരാഷ്ട്രങ്ങളുടെ യൂറോപ്യൻ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവയിലാണ്. സംഘടനയുടെ ഒട്ടനവധി ഏജൻസികൾക്ക് രാജ്യം സജീവ പിന്തുണയും നൽകുന്നുണ്ട്. എന്നിരുന്നാലും അംഗത്വം നേടാതെ ഇനിയും ഈ രീതിയിൽ തുടർന്നാൽ അത് സ്വിറ്റ്സർലൻഡിനെ രാഷ്ട്രീയമായും സാമ്പത്തികമായും ക്ഷീണിപ്പിക്കും എന്ന് ഭരണകൂടം ഭയപ്പെട്ടു. ലോകത്തിന്റെ ചില വിദൂര ഭാഗങ്ങളിൽ നടക്കുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിക്കാൻ തങ്ങൾ നടത്തിയ ശ്രമം വിലപ്പോകാത്തതായും അവർ മനസ്സിലാക്കി” എന്ന് ടൈംസ് പറയുന്നു. തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അവർക്കു തോന്നിയിട്ടുണ്ടാവണം. കാരണം, നാസി കൂട്ടക്കൊലയിൽ മരിച്ചവരുടെ അക്കൗണ്ടുകൾ സ്വിസ് ബാങ്കുകൾ പൂഴ്ത്തിവെച്ചു എന്നും നാസി ജർമനിയിൽ നിന്നു പലായനം ചെയ്തെത്തിയ അഭയാർഥികൾക്കു നേരെ സ്വിറ്റ്സർലൻഡ് പുറംതിരിഞ്ഞു കളഞ്ഞു എന്നുമുള്ള റിപ്പോർട്ടുകൾ ഈയിടെ വെളിച്ചത്തുവന്നിരുന്നു. (g02 11/22)