കഴുകന്റെ കണ്ണ്
കഴുകന്റെ കണ്ണ
സ്പെയിനിലെ ഉണരുക! ലേഖകൻ
കഴുകന്റെ കാഴ്ച ശക്തിയുള്ളവൻ (ബിസ്റ്റേ ഡെ ആഗിലാ) എന്നാണ് സൂക്ഷ്മദൃഷ്ടിയുള്ള ഒരാളെ സ്പെയിൻകാർ വിശേഷിപ്പിക്കുന്നത്. ജർമൻകാരും സമാനമായ ഒരു വിശേഷണം (ആഡ്ല-ഔഗെ) ഉപയോഗിക്കാറുണ്ട്. കഴുകന്റെ അതിസൂക്ഷ്മമായ കാഴ്ചശക്തി നൂറ്റാണ്ടുകളിൽ ഉടനീളം ശ്രദ്ധേയമായ പഴമൊഴിരൂപത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. അതിനു തക്ക കാരണവുമുണ്ട്. 3,000-ത്തിലധികം വർഷം മുമ്പ് എഴുതപ്പെട്ട ഇയ്യോബ് എന്ന ബൈബിൾ പുസ്തകത്തിൽ കഴുകനെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.”—ഇയ്യോബ് 39:27, 29.
കഴുകന് യഥാർഥത്തിൽ എത്ര അകലെയുള്ള വസ്തുക്കളെവരെ കാണാൻ കഴിയും? “തെളിഞ്ഞ കാലാവസ്ഥയിൽ ഒരു സ്വർണ കഴുകന് ഒരു മുയലിന്റെ നേരിയ ചലനം രണ്ടിലധികം കിലോമീറ്റർ അകലെ നിന്നു കണ്ടുപിടിക്കാൻ കഴിയും” എന്ന് ദ ഗിന്നസ് ബുക്ക് ഓഫ് ആനിമൽ റെക്കോർഡ്സ് വിശദീകരിക്കുന്നു. അതിലും ദൂരെനിന്നുപോലും കഴുകനു കാണാനാകുമെന്ന് മറ്റു ചിലർ നിഗമനം ചെയ്യുന്നു!
കഴുകന് ഇത്ര അപാരമായ കാഴ്ചശക്തി ഉള്ളത് എന്തുകൊണ്ടാണ്? ഒന്നാമതായി, ഒരു സ്വർണ കഴുകന് അതിന്റെ തലയുടെ വലിയൊരു ഭാഗംതന്നെ കൈയടക്കുന്നത്ര വലിപ്പമുള്ള രണ്ടു കണ്ണുകളാണുള്ളത്. ബുക്ക് ഓഫ് ബ്രിട്ടീഷ് ബേർഡ്സ് എന്ന പുസ്തകം സ്വർണ കഴുകന്റെ കണ്ണുകളെ കുറിച്ച് ഇങ്ങനെ പറയുന്നു: “കണ്ണുകളുടെ വലിപ്പം അപാരംതന്നെ. ഇതിലും വലിപ്പമുള്ള കണ്ണുകൾ ഉണ്ടായിരിക്കുക സാധ്യമല്ല. എങ്കിലും അവയ്ക്കു ഭാരം കുറവായതിനാൽ പറക്കലിന് അവ ഒരു തടസ്സമായിരിക്കുന്നില്ല.”
നമ്മുടെ കണ്ണുകളിൽ ഓരോ ചതുരശ്ര മില്ലിമീറ്ററിലും പ്രകാശഗ്രാഹികളായ 2 ലക്ഷം കോൺ കോശങ്ങൾ വീതമാണുള്ളത്. എന്നാൽ കഴുകന്റെ കണ്ണിലാകട്ടെ ഇവയുടെ എണ്ണം നമ്മുടേതിന്റെ അഞ്ച് ഇരട്ടിയാണ്, അതായത് 10 ലക്ഷം! ഓരോ കോൺ കോശവും ഓരോ ന്യൂറോണുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. കഴുകന് കണ്ണിൽ നിന്നു തലച്ചോറിലേക്കു സന്ദേശങ്ങൾ വഹിക്കുന്ന നേത്രനാഡിയിലെ തന്തുക്കളുടെ എണ്ണം മനുഷ്യന്റേതിന്റെ ഇരട്ടിയാണ്. ഈ പക്ഷിക്ക് നേരിയ നിറവ്യത്യാസങ്ങൾ പോലും സൂക്ഷ്മമായി വേർതിരിച്ചറിയാൻ കഴിയും എന്നതിൽ തെല്ലും അതിശയിക്കാനില്ല. കൂടാതെ, മറ്റു പക്ഷികളെപ്പോലെ ഇരപിടിയൻ പക്ഷികളുടെ കണ്ണുകളിലും ശക്തമായ ലെൻസുണ്ട്. അതുകൊണ്ട് ഏതാനും സെന്റിമീറ്റർ അടുത്തുള്ള വസ്തുക്കളിൽ നിന്ന് അങ്ങകലെയുള്ള വസ്തുക്കളിലേക്കു പെട്ടെന്നു ദൃഷ്ടി കേന്ദ്രീകരിക്കാൻ ഇവയ്ക്കു കഴിയും. ഈ പ്രത്യേക പ്രാപ്തിയിൽ ഇവയുടെ കണ്ണുകൾ നമ്മുടെ കണ്ണുകളെക്കാൾ ബഹുദൂരം മുന്നിലാണ്.
കഴുകന് നല്ല പകൽ വെളിച്ചത്തിലാണ് ഏറ്റവും കാഴ്ചശക്തിയുള്ളതെങ്കിൽ മൂങ്ങകൾക്ക് രാത്രിയിലാണ് ഈ അതിശയിപ്പിക്കുന്ന പ്രാപ്തിയുള്ളത്. രാത്രിസഞ്ചാരികളായ ഇരപിടിയൻ പക്ഷികളുടെ കണ്ണുകളിൽ വലിയ ലെൻസുണ്ട്. ഇവയുടെ കണ്ണിൽ, മങ്ങിയ വെളിച്ചത്തിലും പ്രകാശ സംവേദകത്വമുള്ള റോഡ് കോശങ്ങൾ സമൃദ്ധമായുണ്ട്. ഫലമോ, രാത്രിയിൽ നമ്മൾ കാണുന്നതിലും നൂറു മടങ്ങു മെച്ചമായി കാണാൻ അവയ്ക്കു കഴിയും. എന്നാൽ കൂരിരുട്ടുള്ളപ്പോൾ ഇരയെ കണ്ടുപിടിക്കാൻ മൂങ്ങകൾ അവയുടെ അതിസൂക്ഷ്മമായ ശ്രവണപ്രാപ്തിയെയാണു പൂർണമായും ആശ്രയിക്കുന്നത്.
ഇത്തരം വിശേഷതകളൊക്കെ ഈ പക്ഷികൾക്കു കൊടുത്തത് ആരാണ്? ദൈവം ഇയ്യോബിനോട് ഇങ്ങനെ ചോദിച്ചു: ‘നിന്റെ കല്പനയാലാണോ കഴുകൻ പറന്നുയരുന്നത്?’ സൃഷ്ടിയിലെ ഇത്തരം വിസ്മയങ്ങളുടെ ബഹുമതി ഒരു മനുഷ്യനും അവകാശപ്പെടാൻ കഴിയില്ല. ഇയ്യോബ് അതു തിരിച്ചറിഞ്ഞുകൊണ്ടു വിനയത്തോടെ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നിനക്കു [യഹോവയ്ക്കു] സകലവും കഴിയുമെന്നു ഞാൻ അറിയുന്നു.” (ഇയ്യോബ് 39:27, പി.ഒ.സി. ബൈബിൾ; 42:1, 2) കഴുകന്റെ കണ്ണ് നമ്മുടെ സ്രഷ്ടാവിന്റെ അപാരമായ ജ്ഞാനം വിളിച്ചോതുന്ന എണ്ണമറ്റ തെളിവുകളിൽ ഒന്നു മാത്രമാണ്. (g02 12/22)
[24-ാം പേജിലെ ചിത്രം]
സ്വർണ കഴുകൻ
[24-ാം പേജിലെ ചിത്രം]
മഞ്ഞു മൂങ്ങ