കുട്ടികളുടെ കളികൾ—പെരുകുന്ന കയ്യാങ്കളികൾ
കുട്ടികളുടെ കളികൾ—പെരുകുന്ന കയ്യാങ്കളികൾ
◼ ഒരു കൂട്ടം ഹൈസ്കൂൾ വിദ്യാർഥികൾ ഒരു ഫുട്ബോൾ മത്സരത്തിനായി കൂടിവരുന്നു. കളി സമനിലയിൽ എത്തിയതിനാൽ കൂടുതൽ സമയം അനുവദിക്കുന്നു. ഒടുവിൽ നെറ്റു ചലിക്കുമ്പോൾ നൂറിലധികം വരുന്ന രക്ഷാകർത്താക്കളും പരിശീലകരും കളിക്കാരും പരസ്പരം ആക്രോശിക്കാനും പിടിച്ചുതള്ളാനും തുടങ്ങുന്നു. അങ്ങനെ കളി കയ്യാങ്കളിയിൽ അവസാനിക്കുന്നു.
◼ ഒമ്പതിനും പന്ത്രണ്ടിനും ഇടയ്ക്കു പ്രായമുള്ള ഒരുകൂട്ടം ബാലികാബാലന്മാർ ഫുട്ബോൾ കളിയിൽ ഏർപ്പെട്ടിരിക്കുകയാണ്. കൂട്ടത്തിലെ ഒരു പന്ത്രണ്ടു വയസ്സുകാരൻ, കൂട്ടുകാരൻ തട്ടിക്കൊടുത്ത പന്ത് നഷ്ടപ്പെടുത്തുന്നു. ക്ഷുഭിതനായ പരിശീലകൻ അവനെ കഴുത്തിനു പിടിച്ചു തള്ളുന്നു. നിലത്തുവീണ കുട്ടിയുടെ കൈ രണ്ടും ഒടിയുന്നു.
◼ എട്ടു മുതൽ പന്ത്രണ്ടു വരെ വയസ്സുള്ള കുട്ടികൾ അടങ്ങിയ ഒരു ലിറ്റിൽ ലീഗ് ബേസ്ബോൾ ടീമിന്റെ പരിശീലകൻ ഒരു കളിക്കാരനെ കളിയിൽനിന്നു പിൻവലിക്കുന്നു. കുട്ടിയുടെ പിതാവ് പരിശീലകനു നേരെ വധഭീഷണി മുഴക്കുന്നു. ഫലമോ? 45 ദിവസത്തെ തടവുശിക്ഷ.
◼ ഒരിക്കൽ, ഐസ് ഹോക്കിയിൽ കുട്ടികളുടെ പരിശീലനം നടക്കുമ്പോൾ, കളിയിലെ നിയമങ്ങൾ പാലിക്കുന്നതിനെ ചൊല്ലി രണ്ടു രക്ഷാകർത്താക്കൾ തമ്മിൽ ഉഗ്രൻ വഴക്ക്. ഒടുവിൽ കോപാക്രാന്തനായ ഒരാൾ മറ്റെയാളെ അയാളുടെ മൂന്നു മക്കളുടെ മുന്നിലിട്ട് അടിച്ചുകൊല്ലുന്നു.
നമ്മെ സ്തബ്ധരാക്കുന്ന ഇത്തരം റിപ്പോർട്ടുകൾ ഇന്നു സർവസാധാരണം ആയിത്തീർന്നിരിക്കുകയാണ്. കളികൾ അരങ്ങേറുന്ന പുൽത്തകിടികളിലും മൈതാനങ്ങളിലും ബേസ് ബോൾ കോർട്ടുകളിലും ഐസ്-സ്കേറ്റിങ് നടക്കുന്ന ഹിമപ്പരപ്പുകളിലും അക്രമം ഒരു പകർച്ചവ്യാധിപോലെ പടരുന്നു. കുട്ടികൾ തോൽക്കാൻ പോവുകയാണെന്നു മനസ്സിലാക്കുമ്പോൾ പല രക്ഷാകർത്താക്കളും പരിശീലകരും അടിയുണ്ടാക്കുന്നു. ജൂപ്പിറ്റർ-ടെക്വസ്റ്റ
(ഫ്ളോറിഡ) അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ജെഫ്റി ലെസ്ലി പറയുന്നതു ശ്രദ്ധിക്കൂ: “കളിയിൽ മികവു കാട്ടാൻ കുട്ടികളുടെ മേൽ ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ട് അവരുടെ നേരെ ആക്രോശിക്കുന്ന മാതാപിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. മാതാപിതാക്കളുടെ പ്രേരണയ്ക്കു വഴങ്ങി കളിക്കിടയിൽ ഇടിയും തൊഴിയും ആയുധമാക്കിയിരിക്കുന്ന കുട്ടികളുണ്ട്. മാതാപിതാക്കളുടെ ശകാരം സഹിക്കവയ്യാതെ . . . കളിത്തട്ടിൽ നിന്നു ചില കൊച്ചുകുട്ടികൾ കരഞ്ഞുപോകാറുണ്ട്.” അദ്ദേഹം ഇങ്ങനെ തുടരുന്നു: “കുട്ടികളുടെ കായികമേളകൾ പോലെ മാതാപിതാക്കൾ ഇത്ര തരംതാണു പോകുന്ന മറ്റൊരേർപ്പാടും ഉണ്ടെന്നു തോന്നുന്നില്ല.” ഇത്തരം അക്രമങ്ങളിൽ നിന്നു കുട്ടികളെ രക്ഷിക്കുന്നതിന് ചില നാടുകളിൽ കുട്ടികളുടെ കായികമേളകളിൽ മാതാപിതാക്കൾക്കു പ്രവേശനം വിലക്കുന്ന അളവോളം സംഘാടകർക്കു പോകേണ്ടി വന്നിട്ടുണ്ട്.ആളിപ്പടരുന്ന ഈ കോപാവേശങ്ങൾ എന്തിലേക്കു നയിച്ചിരിക്കുന്നു? ഫ്ളോറിഡ കേന്ദ്രമാക്കിയുള്ള നാഷണൽ അലയൻസ് ഫോർ യൂത്ത് സ്പോർട്സിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഫ്രെഡ് ഇങ് ഇങ്ങനെ വിലയിരുത്തുന്നു: “മുതിർന്നവർക്കിടയിലെ ഇത്തരം തരംതാണ സ്വഭാവപ്രകടനങ്ങൾ കുട്ടികളുടെ കായികമേളകളിൽ കരിനിഴൽ വീഴ്ത്തുകയാണ്. അവ അതിന്റെ ആസ്വാദ്യത മുഴുവൻ നശിപ്പിക്കുകയും ദശലക്ഷക്കണക്കിനു കുട്ടികളിൽ അക്രമം സംബന്ധിച്ച് ഒരു അനുവാദാത്മക മനോഭാവം സൃഷ്ടിച്ചുകൊണ്ട് ഇളം മനസ്സുകളിൽ വിഷം കുത്തിവെക്കുകയും ചെയ്യുന്നു.”
എന്തു വില കൊടുത്തും വിജയിക്കുക
എന്റെ മകൻ അല്ലെങ്കിൽ മകൾ മറ്റു കുട്ടികളെക്കാൾ എവിടെയും ഒരുപടി മികച്ചു നിൽക്കണം, എന്തു വില കൊടുത്തായാലും വിജയതിലകം അണിയണം എന്നും മറ്റുമുള്ള ചില മാതാപിതാക്കളുടെ ദുരാഗ്രഹമാണ് ഈ പ്രശ്നത്തിന്റെ നാരായവേര്. കാനഡയിലെ ശിശുദ്രോഹ വിരുദ്ധ സ്ഥാപനത്തിന്റെ ഒരു പ്രതിനിധി ഇങ്ങനെ പറയുന്നു: “വിജയത്തിനും കരുത്തിനും നൽകുന്ന അമിത പ്രാധാന്യം ആളുകളെ അന്ധരാക്കുമ്പോൾ കയ്യൂക്കു കുറഞ്ഞവൻ തല്ലു കൊള്ളേണ്ടിവരുന്നു. ഇത്തരം മേളകളിൽ ഏറ്റവും അപായ സാധ്യത ഉള്ളത് കുട്ടികൾക്കാണ്.” കാനഡയിലെ ഒൺടേറിയോ കായികാരോഗ്യ വിദ്യാഭ്യാസ സമിതിയിലെ ഒരു ഉദ്യോഗസ്ഥന്റെ നിരീക്ഷണത്തിൽ ഇത്തരം സമ്മർദങ്ങൾക്കു വിധേയരാകുന്ന കുട്ടികളിൽ “വളരെ ചെറുപ്പത്തിലേ തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ തലപൊക്കാൻ സാധ്യതയുണ്ട്. മുതിർന്നു വരുമ്പോൾ പരാജയങ്ങൾ ഉൾക്കൊള്ളാൻ അവർ നന്നേ ബുദ്ധിമുട്ടിയേക്കാം.”
മാതാപിതാക്കളുടെയും അമിതാവേശം പൂണ്ട പരിശീലകരുടെയും കോപാവേശങ്ങൾ കൊച്ചുകളിക്കാരിലേക്കും പടരുന്നതിൽ അതിശയമില്ല. പെൺകുട്ടികളുടെ ഒരു വോളിബോൾ കളിയിൽ ഏഴു തവണ അവർ റഫറിമാരെ ആക്രമിച്ചു. ഒരിക്കൽ ഒരു ടെന്നീസ് മത്സരത്തിൽനിന്നും പുറത്താക്കപ്പെട്ട ഒരു പെൺകുട്ടി സംഘാടകന്റെ കാർ തല്ലിപ്പൊളിച്ചുകൊണ്ടാണ് പക പോക്കിയത്. ഒരു ഗുസ്തിമത്സരത്തിൽ ഫൗൾ വിളിച്ചതിന് ഹൈസ്കൂൾ വിദ്യാർഥിയായ ഒരു ‘കുട്ടിച്ചട്ടമ്പി’ തന്റെ തലകൊണ്ട് റഫറിയുടെ നെറ്റിക്കിട്ട് ഒരെണ്ണം കൊടുത്തു. നക്ഷത്രമെണ്ണിപ്പോയ റഫറി ബോധം കെട്ടു വീണുപോയി. “യുവജനങ്ങളുടെ കായികവിനോദങ്ങളിൽ മുൻകാലത്ത് നല്ല ചിട്ടകളും മാന്യമായ പെരുമാറ്റവുമൊക്കെ നിലനിന്നിരുന്നതാണ്” എന്ന് കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും ബാല കായികതാരങ്ങളെ കുറിച്ചും പഠിക്കുന്ന ഡാറെൽ ബർണെറ്റ് എന്ന മനശ്ശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു. “എന്നാൽ ഇന്ന്, അവയിൽ വിനോദത്തിന്റെ തരിമ്പു പോലും അവശേഷിക്കുന്നില്ലാത്തതിനാൽ അവ കായിക വിനോദങ്ങളേ അല്ലാതായിരിക്കുന്നു” എന്ന് അദ്ദേഹം ഖേദത്തോടെ പറയുന്നു.
മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്നത്
സ്പോർട്സ് കുട്ടികൾക്കു വിനോദം പകരുന്നു. മാത്രമല്ല, ഓടാനും ചാടാനുമുള്ള അവസരവും അവ പ്രദാനം ചെയ്യുന്നു. കുട്ടികൾ സ്പോർട്സ് ഇഷ്ടപ്പെടുന്നതിന്റെ കാരണം ഇതൊക്കെയാണെന്ന് മാതാപിതാക്കൾ മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും. അതുകൊണ്ട് കുട്ടികളുടെ സ്പോർട്സ് സമ്മർദ പൂരിതമാക്കുകയും അവരെ നാവുകൊണ്ടു പീഡിപ്പിക്കുകയും ചെയ്യുന്നത് സ്നേഹരഹിതമാണ്. അത് വിപരീതഫലം ഉളവാക്കുകയും ചെയ്യും. “മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ നീരസത്തിലേക്കു തള്ളിവിടരുത്” എന്ന് ബൈബിൾ ബുദ്ധിയുപദേശിക്കുന്നു.—എഫെസ്യർ 6:4, ദ ജറുസലേം ബൈബിൾ.
മാതാപിതാക്കൾക്ക് ഇക്കാര്യം സംബന്ധിച്ച് എങ്ങനെ സമനില പാലിക്കാൻ കഴിയും? ആദ്യംതന്നെ, ചെറുപ്പമായിരുന്നപ്പോൾ നിങ്ങൾ എങ്ങനെയായിരുന്നു എന്നു ചിന്തിക്കുന്നതു നന്നായിരിക്കും. നിങ്ങളുടെ പ്രകടനം പ്രൊഫഷണൽ കായികതാരങ്ങളുടെ ഏഴയലത്തെങ്കിലും എത്തുമായിരുന്നോ? നിങ്ങൾക്കു കഴിയാഞ്ഞത് നിങ്ങളുടെ മകനോ മകളോ ചെയ്യണമെന്നു നിങ്ങൾ വാശിപിടിക്കുന്നതു ന്യായമാണോ? ‘കുട്ടികൾ തീരെ ഇളപ്പമാണെന്ന്’ ഓർക്കുക. (ഉല്പത്തി 33:13, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) കൂടാതെ ജയാപജയങ്ങൾ സംബന്ധിച്ച് ഉചിതമായ ഒരു വീക്ഷണം പുലർത്താൻ ശ്രമിക്കുക. കടിഞ്ഞാണില്ലാത്ത കിടമത്സരത്തെ “മായയും വൃഥാപ്രയത്നവും” എന്നാണു ബൈബിൾ വിളിക്കുന്നത്.—സഭാപ്രസംഗി 4:4.
ജയാപജയങ്ങൾ സംബന്ധിച്ചു സമനിലയുള്ള ഒരു കാഴ്ചപ്പാടു നിലനിറുത്താൻ ഒരു പ്രമുഖ ബേസ് ബോൾ ടീമിലെ മുൻ കളിക്കാരൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. മകനോ മകളോ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുമ്പോൾ നീരസപ്പെടുകയോ വിജയം കൊയ്യുമ്പോൾ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യരുത് എന്ന് അദ്ദേഹം ഉപദേശിക്കുന്നു. വിജയമാണ് ജീവിതത്തിലെ എല്ലാമെല്ലാം എന്ന വീക്ഷണം മാറ്റി, കുട്ടികൾ ആരോഗ്യമുള്ളവരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ ഉല്ലാസത്തിൽ മാതാപിതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കണം.
കുട്ടികളുടെ കായികമേളകൾ അനാരോഗ്യകരമായ ഒരു മത്സരമനോഭാവം വളർത്തുന്നുണ്ടെന്നു ചില മാതാപിതാക്കൾ 1 തിമൊഥെയൊസ് 4:8) സ്പോർട്സ് സംബന്ധിച്ച് സമനിലയുള്ള വീക്ഷണം പുലർത്തിക്കൊണ്ട് അക്രമത്തിന്റെ ഈ പുതിയ പകർച്ചവ്യാധിയിൽ നിന്ന് നിങ്ങളുടെ കുട്ടിയെ രക്ഷിക്കാനാവും. (g02 12/08)
കരുതുന്നു. അവരുടെ കുട്ടികൾ കൂട്ടുകാരുമൊത്ത് കായിക വിനോദങ്ങളിലേ പങ്കെടുക്കില്ല എന്നല്ല ഇതിനർഥം. ദൃഷ്ടാന്തത്തിന്, ക്രിസ്തീയ മാതാപിതാക്കളിൽ പലരും തങ്ങളുടെ കുട്ടികളെ സഹവിശ്വാസികളായ കൂട്ടുകാരുമൊത്ത് മുറ്റത്തും പറമ്പിലും പാർക്കിലും കളിക്കാൻ അനുവദിക്കാറുണ്ട്. കുട്ടികളുടെ കൂട്ടുകെട്ട്, സഹവാസം എന്നിവയുടെമേൽ ഒരു കണ്ണുണ്ടായിരിക്കാനും ഇതുവഴി അവർക്കു സാധിക്കുന്നു. കുടുംബം ഒരുമിച്ച് ഇടയ്ക്കൊക്കെ പുറത്തുപോകുന്നത് കുട്ടികൾക്ക് കളിക്കാനുള്ള കൂടുതലായ അവസരങ്ങൾ നൽകിയേക്കും. കായിക മേളകളിലെ മത്സരങ്ങളുടെ അത്ര ഹരം കൊള്ളിക്കുന്നതായിരിക്കില്ല വീട്ടുമുറ്റത്തെ കളികൾ എന്നതു വാസ്തവമാണ്. എന്നിരുന്നാലും, “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ . . . സകലത്തിന്നും പ്രയോജനകരമാകുന്നു” എന്ന വസ്തുത മറക്കാതിരിക്കുക. ([15-ാം പേജിലെ ചിത്രങ്ങൾ]
സ്പോർട്സ് ഉല്ലാസത്തിനു വേണ്ടി ആയിരിക്കണം, കലഹിക്കാനായിരിക്കരുത്