ചാവേർ ദൗത്യത്തിൽനിന്ന് സമാധാന ജീവിതത്തിലേക്ക്
ചാവേർ ദൗത്യത്തിൽനിന്ന് സമാധാന ജീവിതത്തിലേക്ക്
റ്റോഷിയാക്കി നിവാ പറഞ്ഞ പ്രകാരം
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ നാവിക സേനയുടെ പടക്കപ്പലിനു നേരെ ചാവേർ ആക്രമണം നടത്താൻ പരിശീലിപ്പിക്കപ്പെട്ട കാമിക്കാസി ചാവേർ പടയിലെ ഒരു മുൻ ജാപ്പനീസ് വൈമാനികൻ, ആപത്കരമായ ആ ദൗത്യ നിർവഹണത്തിനായി കാത്തിരുന്നപ്പോഴുണ്ടായ തന്റെ വികാരങ്ങൾ പങ്കുവെക്കുന്നു.
പസിഫിക് പ്രദേശങ്ങൾ ഒന്നൊന്നായി കീഴടക്കിക്കൊണ്ടു ജപ്പാൻ മുന്നേറുകയായിരുന്നു. എന്നാൽ 1942 ജൂൺ മാസത്തിലെ ‘മിഡ്വേ’ യുദ്ധത്തിൽ ജപ്പാനേറ്റ കനത്ത തിരിച്ചടി ആ പ്രയാണത്തിനു വിരാമം കുറിച്ചു. അന്നുമുതൽ ഐക്യനാടുകളും സഖ്യ കക്ഷികളും, ജപ്പാൻ കൈവശപ്പെടുത്തിയ ഭൂപ്രദേശങ്ങൾ ഒന്നൊന്നായി തിരിച്ചു പിടിച്ചു. തുടർന്നുള്ള യുദ്ധങ്ങളിലൊക്കെ ജപ്പാൻ ഒന്നിനു പുറകേ ഒന്നായി പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.
ജപ്പാനിൽ അതുവരെ സർവകലാശാല വിദ്യാർഥികളെ സൈനിക സേവനത്തിൽ നിന്നും ഒഴിച്ചുനിറുത്തിയിരുന്നു. എന്നാൽ 1943 സെപ്റ്റംബറിൽ, ജപ്പാൻ ഭരണകൂടം അവരെ നിർബന്ധിത സൈനിക സേവനത്തിനു തിരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവിട്ടു. ഡിസംബറിൽ, സർവകലാശാല കാമ്പസിൽ നിന്നുതന്നെ ഞാൻ നാവിക സേനയിൽ ചേർന്നു. അപ്പോൾ എനിക്ക് 20 വയസ്സായിരുന്നു. ഒരു മാസം കഴിഞ്ഞ് നാവിക സേനയിലെ വൈമാനികർക്കുള്ള പരിശീലനത്തിന് എന്നെ തിരഞ്ഞെടുത്തു. 1944 ഡിസംബറോടെ, സീറോ എന്നു പേരുള്ള ഒരുതരം പോർവിമാനം പറപ്പിക്കാൻ ഞാൻ പഠിച്ചു.
കാമിക്കാസി—പ്രത്യേക ആക്രമണ സേനാവിഭാഗം
ജപ്പാൻ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. 1945 ഫെബ്രുവരി ആയപ്പോഴേക്കും ബി-29 ബോംബർ വിമാനങ്ങൾ ജപ്പാന്റെമേൽ കനത്ത വ്യോമാക്രമണം നടത്തിക്കൊണ്ടിരുന്നു. അതേസമയംതന്നെ യു.എസ്. നാവികസേനയുടെ പ്രത്യേക ദൗത്യസംഘം, വിമാന വാഹിനിക്കപ്പലിൽ നിന്ന് ആക്രമണത്തിനായി ബോംബർ വിമാനങ്ങൾ അയയ്ക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാനു നേരെ നീങ്ങി.
പരാജയം ഉറപ്പായാൽ ചാവേർ യുദ്ധതന്ത്രം ഉപയോഗിച്ച് ഒരു അന്തിമപോരാട്ടം നടത്താൻ ജപ്പാനിലെ സൈനിക മേധാവികൾ കുറച്ചുമാസങ്ങൾക്കു മുമ്പുതന്നെ തീരുമാനിച്ചിരുന്നു. ഇപ്പോൾ ജപ്പാന്റെ വിജയപ്രതീക്ഷകൾ എല്ലാം ഏതാണ്ട് അസ്തമിച്ച മട്ടായി. അതുകൊണ്ട് ചാവേർ യുദ്ധതന്ത്രവുമായി മുന്നോട്ടു പോകാൻതന്നെ അവർ ഉറപ്പിച്ചു. യുദ്ധം കൂടുതൽ നീളാനും ആയിരക്കണക്കിന് ആളുകൾകൂടെ കൊല്ലപ്പെടാനും ഇടയാക്കിയതല്ലാതെ ആ തീരുമാനംകൊണ്ട് വേറെ ഫലമൊന്നും ഉണ്ടായില്ല.
കാമിക്കാസി പ്രത്യേക ആക്രമണ സേന രൂപംകൊള്ളാനുണ്ടായ സാഹചര്യത്തെ കുറിച്ചാണു നാം പറഞ്ഞുവന്നത്. കാമിക്കാസി എന്ന പേരിന്റെ അർഥം ‘ദിവ്യമായ കാറ്റ്’ എന്നാണ്. 13-ാം നൂറ്റാണ്ടിൽ മംഗോളിയൻ ആക്രമണകാരികളുടെ കപ്പൽവ്യൂഹത്തെ പറത്തിക്കളഞ്ഞ കാമിക്കാസി എന്ന കൊടുങ്കാറ്റിനെക്കുറിച്ചുള്ള കഥ ജപ്പാൻകാർക്കിടയിൽ പ്രചാരത്തിലുണ്ട്. പ്രത്യേക ആക്രമണ സേനയെ കാമിക്കാസി എന്നു നാമകരണം ചെയ്യാനുള്ള കാരണം ഇതാണ്. ആദ്യത്തെ കാമിക്കാസി ആക്രമണത്തിനായി അഞ്ചു സീറോ പോർവിമാനങ്ങളാണു സജ്ജീകരിച്ചിരുന്നത്. ഓരോന്നിലും 250 കിലോഗ്രാം ബോംബു വീതം ഉണ്ടായിരുന്നു. ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന പടക്കപ്പലിലേക്കു ചാവേറുകൾ ഈ പോർവിമാനങ്ങൾ ഇടിച്ചിറക്കണമായിരുന്നു.
പ്രത്യേക ചാവേർ വിഭാഗത്തെ സംഘടിപ്പിക്കാൻ യാറ്റാബെ നേവൽ ഫ്ളയിങ് ഫോഴ്സിനു നിർദേശം നൽകിയിരുന്നു. ഞാൻ ഇതിലെ അംഗമായിരുന്നു. ചാവേറുകൾ ആകാനുള്ള ഞങ്ങളുടെ തീരുമാനം അറിയിക്കാൻ ഒരു ഫോറം ഞങ്ങൾക്കെല്ലാവർക്കും കിട്ടി.
എന്റെ ജീവൻ രാജ്യത്തിനായി ബലികഴിക്കണമെന്ന് എനിക്കു തോന്നി. പക്ഷേ, ചാവേർ ദൗത്യത്തിനായി എന്നെ വിട്ടുകൊടുത്താലും അതു നിറവേറ്റുന്നതിനു മുമ്പുതന്നെ വെടിയേറ്റു വീഴാനുള്ള സകല സാധ്യതയും ഉണ്ടായിരുന്നു. ഒരു ലക്ഷ്യവും നേടാതെ ജീവൻ വെടിയുന്നതു തികച്ചും നിരർഥകമായിരിക്കില്ലേ, കുടുംബത്തോടുള്ള എന്റെ കടമകൾ നിറവേറ്റാതെ ഞാൻ ജീവിതം അവസാനിപ്പിക്കുന്നത് എന്റെ അമ്മയെ സന്തോഷിപ്പിക്കുമോ? എന്റെ ഉള്ളിലും ഒരു പോരാട്ടം നടന്നു. ചാവേർ ദൗത്യത്തിനു സ്വയം ഏൽപ്പിച്ചുകൊടുക്കുന്നതാണ് എന്റെ ജീവിതം ഏറ്റവും മെച്ചമായി ഉപയോഗിക്കുന്നതിനുള്ള മാർഗം എന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ഞാൻ പാടുപെട്ടു. എങ്കിലും അവസാനം ഞാൻ പേരു കൊടുക്കുക തന്നെ ചെയ്തു.
യാറ്റാബെ പ്രത്യേക ആക്രമണ സേന 1945 മാർച്ചിൽ രൂപം കൊണ്ടു. എന്റെ സഹപ്രവർത്തകരിൽ 29 പേർ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അക്കൂട്ടത്തിൽ ഞാൻ ഉണ്ടായിരുന്നില്ല. പ്രത്യേക പരിശീലനം നേടിയശേഷം, ഏപ്രിലിൽ കഗോഷിമാ പ്രദേശത്തെ കനോയാ വ്യോമസേനാ താവളത്തിൽ നിന്ന് തങ്ങളുടെ മരണദൗത്യവുമായി അവർ പറന്നുപൊങ്ങാൻ തീരുമാനമായി. എന്റെ സുഹൃത്തുക്കൾ കനോയയിലേക്കു പോകുന്നതിനു മുമ്പു ഞാൻ അവരെ സന്ദർശിച്ചു. ചാവേറുകളായി ജീവനൊടുക്കാൻ ഊഴവും കാത്തിരിക്കുന്ന അവരുടെ വികാരങ്ങൾ മനസ്സിലാക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം.
“ഞങ്ങൾ തീർച്ചയായും മരിക്കും,” അവരിലൊരാൾ ശാന്തനായി പറഞ്ഞു. “പക്ഷേ നീ ഏതായാലും മരിക്കാൻ തിടുക്കം കാട്ടേണ്ട. നമ്മിലാരെങ്കിലും അതിജീവിക്കുകയാണെങ്കിൽ, സമാധാനം എത്ര വിലപ്പെട്ടതാണെന്നും അതു നേടാൻ പ്രയത്നിക്കണമെന്നും മറ്റുള്ളവരോടു പറയണം.”
അങ്ങനെ ആ ദിവസം വന്നെത്തി. 1945 ഏപ്രിൽ 14-ന് എന്റെ ചങ്ങാതിമാർ തങ്ങളുടെ ദൗത്യവുമായി പറന്നുയർന്നു. കാര്യങ്ങളുടെ ഗതിവിഗതികൾ അറിയാൻ ഞങ്ങളെല്ലാവരും വാർത്തകൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം പ്രക്ഷേപകൻ ഇങ്ങനെ പറഞ്ഞു: “കാമിക്കാസി പ്രത്യേക ആക്രമണ സേനയിലെ ആദ്യ ഷോവാ യൂണിറ്റ് കിക്കൈഗാ-ഷിമായ്ക്കു കിഴക്ക് ശത്രുനാവികസേനയുടെ വിമാനവാഹിനിക്കപ്പലിലേക്ക് ഇടിച്ചിറങ്ങി. എല്ലാവരും കൊല്ലപ്പെട്ടു.”
ഓക്ക—ഒരു മനുഷ്യബോംബ്
രണ്ടുമാസം കഴിഞ്ഞ്, എന്നെ കൊനോയിക്കേ നേവൽ ഫ്ളയിങ് കോറിലേക്കു മാറ്റി. അവിടെ ജിൻറൈ പ്രത്യേക ആക്രമണ വിഭാഗത്തിലായിരുന്നു ഞാൻ. ജിൻറൈ എന്നാൽ “ദിവ്യമായ ഇടിമുഴക്കം” എന്നാണർഥം. ഈ വിഭാഗത്തിൽ കര ആസ്ഥാനമാക്കിയുള്ള പോർവിമാനങ്ങളും അകമ്പടി വിമാനങ്ങളും വിമാനവാഹിനിക്കപ്പലുകളിലെ ബോംബർ വിമാനങ്ങളും ഉണ്ടായിരുന്നു.
എൻജിനില്ലാതെ തെന്നിപ്പറക്കുന്ന ഒറ്റ സീറ്റുള്ള വിമാനമായിരുന്നു ഓക്ക. ഇരട്ട എൻജിനുകളുള്ള “മാതൃ”വിമാനത്തിൽ നിന്ന് അത് തൂങ്ങിക്കിടക്കുമായിരുന്നു. 5 മീറ്റർ ചിറകുവിരിവുള്ള അതിന്റെ ഭാരം 440 കിലോഗ്രാം ആയിരുന്നു. അതിന്റെ മുന്നോട്ട് ഉന്തിനിൽക്കുന്ന ഭാഗത്ത് ഒരു ടൺ സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നു. ഓക്ക എന്നാൽ “ചെറിപ്പൂവ്” എന്നാണ് അർഥം. തങ്ങളുടെ ജീവൻ കുരുതി കൊടുക്കാൻ തയ്യാറാകുന്ന യുവ വൈമാനികരെ കുറിക്കുന്നതായിരുന്നു ഈ പദം.
മാതൃവിമാനം ലക്ഷ്യസ്ഥാനത്തിനു മുകളിൽ എത്തുമ്പോൾ ഓക്കയിലെ വൈമാനികൻ മാതൃവിമാനവുമായുള്ള ബന്ധം വിച്ഛേദിക്കും. ഓക്കയിൽ ബന്ധിച്ചിരിക്കുന്ന മൂന്നു റോക്കറ്റുകൾ—ഓരോന്നും പത്തു നിമിഷത്തേക്ക്—അതിനെ തെന്നിനീങ്ങാൻ സഹായിക്കുമായിരുന്നു. അൽപ്പം തെന്നിപ്പറന്നശേഷം അതു നേരെ ലക്ഷ്യത്തിലേക്കു കുതിക്കുകയായി. ഇതിനെ വേണമെങ്കിൽ ഒരു മനുഷ്യ ബോംബ് എന്നു വിളിക്കാം. കാരണം ശത്രുവിനെ ഉന്നംവെച്ചുകൊണ്ടുള്ള ഓക്കയുടെ കുതിപ്പ് മരണത്തിലേക്കായിരുന്നു!
പരിശീലനത്തിന്റെ ഭാഗമായി ഓക്ക വൈമാനികർ സീറോ പോർവിമാനത്തിൽ കയറി 6,000 മീറ്റർ ഉയരത്തിൽ നിന്നു
ലക്ഷ്യത്തിലേക്കു ചാടണമായിരുന്നു. ആ പരിശീലന വേളകളിൽത്തന്നെ അനവധി വൈമാനികരുടെ ജീവൻ പൊലിയുന്നതു ഞാൻ കണ്ടു.എന്നെ ഇവിടെ നിയമിക്കുന്നതിനു മുമ്പുതന്നെ ഈ വിഭാഗത്തിലെ ആദ്യ സംഘം തങ്ങളുടെ ദൗത്യം നിർവഹിക്കാൻ പുറപ്പെട്ടിരുന്നു. അതിൽ ഓക്കകൾ ഘടിപ്പിച്ച 18 മാതൃവിമാനങ്ങളും അകമ്പടി സേവിക്കുന്ന 19 പോർവിമാനങ്ങളും ഉണ്ടായിരുന്നു. മാതൃവിമാനങ്ങൾ ഭാരമേറിയവയും വേഗം കുറഞ്ഞവയുമായിരുന്നു. മാതൃവിമാനങ്ങളിലും പോർവിമാനങ്ങളിലും ഒന്നുപോലും ലക്ഷ്യത്തിൽ എത്തിയില്ല. എല്ലാം യു.എസ്. ഭടന്മാർ വെടിവെച്ചുവീഴ്ത്തി.
അകമ്പടി പോകാൻ പോർവിമാനങ്ങൾ ഒന്നും ശേഷിച്ചില്ല. എങ്കിലും അവയില്ലാതെ തന്നെ പോരാട്ടം തുടരാൻ ജിൻറൈ വിഭാഗം തീരുമാനിച്ചു. ഈ തീരുമാനത്തോടെ പറന്നു പൊങ്ങിയവരാരും പിന്നെ ഒരിക്കലും മടങ്ങിയെത്തിയില്ല. എല്ലാവരും കൊല്ലപ്പെട്ടു. ഓക്കിനാവായിലെ പോർക്കളത്തിൽ അവരെല്ലാം അപ്രത്യക്ഷരായി.
യുദ്ധത്തിന്റെ അന്തിമ ദിനങ്ങൾ
ഓട്സു നേവൽ ഫ്ളയിങ് കോറിലേക്ക് 1945 ആഗസ്റ്റിൽ എന്നെ മാറ്റി. ക്യോട്ടോ നഗരത്തിനു സമീപമുള്ള ഹിയെസാൻ പർവതത്തിന്റെ താഴ്വരയിലായിരുന്നു എന്റെ പുതിയ സൈനിക താവളം. ജപ്പാനിലേക്ക് യു.എസ്. സൈന്യം എത്തുമെന്ന പ്രതീക്ഷയിൽ ഓക്കകളെ തയ്യാറാക്കി നിറുത്തിയിരുന്നു. യു.എസ്. പടക്കപ്പലുകളിലേക്ക് പർവതത്തിൽ നിന്നു ചാവേർ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിമാനം തൊടുത്തുവിടാനുള്ള റെയിലുകൾ പോലും പർവതത്തിന്റെ നെറുകയിൽ സജ്ജീകരിച്ചിരുന്നു.
പറന്നുപൊങ്ങാനുള്ള ആജ്ഞയ്ക്കായി ഞങ്ങൾ കാത്തിരുന്നു. പക്ഷേ അത് ഒരിക്കലും വന്നില്ല. ആഗസ്റ്റ് 6, 9, തീയതികളിൽ ഹിരൊഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വർഷിച്ചതിനെ തുടർന്ന് ആഗസ്റ്റ് 15-ന് ജപ്പാൻ നിരുപാധികം അടിയറവു പറഞ്ഞു. ഐക്യനാടുകളോടും അതിന്റെ സഖ്യകക്ഷികളോടും തുടർന്നു പൊരുതാനുള്ള ത്രാണി ജപ്പാനില്ലായിരുന്നു. അങ്ങനെ യുദ്ധം അവസാനിച്ചു. ഞാൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു!
ആഗസ്റ്റ് ഒടുവിൽ, ഞാൻ ജന്മനാടായ യോക്കൊഹോമയിൽ തിരിച്ചെത്തി. പക്ഷേ, അപ്പോഴേക്കു ബി-29 ബോംബർ വിമാനങ്ങളുടെ ഉഗ്രമായ ആക്രമണത്തിൽ എന്റെ വീടു വെറുമൊരു ചാരക്കൂനയായി മാറിയിരുന്നു. എന്റെ കുടുംബം നിരാശയുടെ പടുകുഴിയിലേക്കു പതിച്ചിരുന്നു. യോക്കൊഹോമയെ അഗ്നി വിഴുങ്ങിയപ്പോൾ ജീവൻ പൊലിഞ്ഞ നിസ്സഹായരിൽ എന്റെ സഹോദരിയും അവളുടെ മകനും ഉണ്ടായിരുന്നു. എങ്കിലും എന്റെ അനുജൻ യുദ്ധഭൂമിയിൽ നിന്നു സുരക്ഷിതനായി തിരിച്ചെത്തിയത് ഞങ്ങൾക്ക് ഏറെ ആശ്വാസമായി.
നാശാവശിഷ്ടങ്ങൾ ചുറ്റും ചിതറിക്കിടന്നു. എങ്ങും രൂക്ഷമായ ഭക്ഷ്യക്ഷാമം. ഈ ദാരുണാവസ്ഥയിലും ഞാൻ എന്റെ പഠനം പൂർത്തിയാക്കാൻ സർവകലാശാലയിലേക്കു തിരിച്ചു പോയി. ഒരു വർഷത്തെ പഠനം കഴിഞ്ഞപ്പോൾ ഞാൻ ബിരുദധാരിയായി, എനിക്കു ജോലിയും കിട്ടി. 1953-ൽ ഞാൻ മിച്ചിക്കൊയെ വിവാഹം കഴിച്ചു. കാലക്രമേണ ഞങ്ങൾക്കു രണ്ടു പുത്രന്മാർ ജനിച്ചു.
സമാധാനത്തിനായുള്ള എന്റെ അന്വേഷണം
യഹോവയുടെ സാക്ഷികളിലൊരാളുമായി 1974-ൽ മിച്ചിക്കൊ ബൈബിൾ പഠിക്കാനാരംഭിച്ചു. പെട്ടെന്നുതന്നെ അവൾ അവരുടെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, കൂടാതെ പ്രസംഗവേലയിൽ പങ്കുപറ്റാനും. അവൾ കൂടെക്കൂടെ പുറത്തു പോകുന്നതിനെ ഞാൻ എതിർത്തു. എന്നാൽ ക്രിസ്തീയ ശുശ്രൂഷ, യഥാർഥ സമാധാനവും സന്തോഷവും കൈവരുത്തുന്ന ഒന്നാണ് എന്ന് അവൾ എന്നോടു പറഞ്ഞു. അങ്ങനെയെങ്കിൽ അവളെ തടയുന്നതിനു പകരം അവളുമായി സഹകരിക്കുകയാണു വേണ്ടതെന്ന് ഞാൻ ചിന്തിച്ചു.
ആ സമയത്താണ്, എന്റെ കമ്പനിയിൽ സാക്ഷികളായ ചില ചെറുപ്പക്കാരെ ഞാൻ രാത്രി കാവലിനായി നിയമിച്ചത്. അവരുടെ സംഘടനയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചുമൊക്കെ ഞാനവരോടു ചോദിച്ചു. അവർ മറ്റു ചെറുപ്പക്കാരിൽ നിന്നു വ്യത്യസ്തരായിരുന്നു. ആത്മത്യാഗ മനോഭാവം ഉള്ളവരായിരുന്നു അവർ. അവരുടെ ജീവിതം ചില പ്രത്യേക സംഗതികളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. എനിക്ക് അതിശയം തോന്നി. ഈ ഗുണങ്ങളൊക്കെ ബൈബിളിൽ നിന്നാണു പഠിച്ചതെന്ന് അവർ പറഞ്ഞു. ലോകമെമ്പാടുമുള്ള സാക്ഷികൾക്ക് യാതൊരുവിധ വർഗ വിവേചനവും ഇല്ലെന്നും ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാനുള്ള ബൈബിളിന്റെ കൽപ്പനയോട് അവർ പൂർണമായി പറ്റിനിൽക്കുന്നു എന്നും അവർ വിശദീകരിച്ചു. (മത്തായി 22:36-40) ദേശീയ അതിർവരമ്പുകൾ ഒന്നും ഗണ്യമാക്കാതെ അവർ തങ്ങളുടെ സഹകാരികളെ സഹോദരീസഹോദരന്മാർ ആയിട്ടാണു വീക്ഷിച്ചിരുന്നത്.—യോഹന്നാൻ 13:35; 1 പത്രൊസ് 2:17.
‘ഓ, അതൊക്കെ വെറും ആദർശമാണ്’ എന്നു ഞാൻ ചിന്തിച്ചു. അങ്ങനെ വിചാരിക്കാൻ തക്ക കാരണവുമുണ്ടായിരുന്നു. മിക്ക ക്രിസ്തീയ വിഭാഗങ്ങളും പരസ്പരം കലഹിക്കുന്നതാണ് ഞാൻ കണ്ടിരുന്നത്. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ വ്യത്യസ്തരാണ് എന്നു വിശ്വസിക്കാൻ എനിക്കു ബുദ്ധിമുട്ടു തോന്നി.
എന്റെ ഇത്തരം സംശയങ്ങളൊക്കെ ഞാൻ അവരോടു പറഞ്ഞു. എന്നാൽ ഹിറ്റ്ലറുടെ ഭരണകാലത്ത് ജർമനിയിലെ
സാക്ഷികൾ തങ്ങളുടെ നിഷ്പക്ഷ നിലപാടു നിമിത്തം ജയിലിൽ അടയ്ക്കപ്പെട്ടതും വധിക്കപ്പെട്ടതുമൊക്കെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകത്തിൽ നിന്ന് അവർ എനിക്കു കാണിച്ചുതന്നു. യഹോവയുടെ സാക്ഷികൾ സത്യക്രിസ്ത്യാനികൾ ആണെന്ന് എനിക്കു ബോധ്യമായി.കാലാന്തരത്തിൽ, 1975 ഡിസംബറിൽ എന്റെ ഭാര്യ, ദൈവത്തിനുള്ള അവളുടെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ആ സമയം തന്നെ എനിക്കൊരു ബൈബിളധ്യയനവും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നിരുന്നാലും എനിക്ക് അപ്പോൾ ചില സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. പണയത്തിൽ ആയിരുന്ന വീട് വീണ്ടെടുക്കാൻ പണം കെട്ടണം. എന്റെ രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ട പണം സ്വരൂപിക്കണം. അതുകൊണ്ട് ഒരു ബൈബിളധ്യയനം സ്വീകരിക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല. ആത്മീയ കാര്യങ്ങൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമായി കൂടുതൽ സമയം കണ്ടെത്താൻ സഭയിലെ വിവാഹിതരായ മറ്റു പുരുഷന്മാർ തങ്ങളുടെ ലൗകിക ജോലിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ ശ്രമിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. ഞാനും അങ്ങനെതന്നെ ചെയ്യാനാണു പ്രതീക്ഷിക്കപ്പെടുന്നത് എന്ന് എനിക്കു തോന്നി. ലൗകിക ജോലിയും ക്രിസ്തീയ ജീവിതരീതിയും എങ്ങനെ സമനിലയിൽ കൊണ്ടുപോകാം എന്നു മനസ്സിലാക്കിയപ്പോൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ അവസാനം ഞാൻ തീരുമാനിച്ചു.
സമാധാനത്തിന്റെ ദൈവത്തെ സേവിക്കാനുള്ള തീരുമാനം
രണ്ടു വർഷം ഞാൻ ബൈബിൾ പഠിച്ചു. എന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുന്നതിനെപ്പറ്റി ചിന്തിച്ചോ എന്ന് എന്നെ ബൈബിൾ പഠിപ്പിച്ച സഹോദരൻ ചോദിച്ചു. പക്ഷേ ആ പടി സ്വീകരിക്കില്ല എന്നു ഞാൻ തീരുമാനിച്ചിരുന്നു. ആ തീരുമാനമാകട്ടെ എന്റെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം ഞാൻ ജോലിസ്ഥലത്തുനിന്നു തിടുക്കത്തിൽ ഗോവണി ഇറങ്ങി വരികയായിരുന്നു. പെട്ടെന്ന് കാൽ പടിയിൽതട്ടി ഞാൻ വീണു, തലയുടെ പിൻഭാഗം ശക്തിയായി ഇടിച്ചതിനാൽ ഞാൻ ബോധരഹിതനായി. ബോധം തെളിഞ്ഞപ്പോൾ തലയ്ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടതിനാൽ ആംബുലൻസിൽ എന്നെ ആശുപത്രിയിലെത്തിച്ചു. എന്റെ തലയുടെ പിൻഭാഗം വല്ലാതെ നീരു വെച്ചെങ്കിലും പൊട്ടലോ, ആന്തരിക രക്തസ്രാവമോ ഒന്നുമില്ലായിരുന്നു.
ജീവൻ തിരിച്ചു കിട്ടിയതിൽ ഞാൻ യഹോവയോട് എത്ര നന്ദി ഉള്ളവനായിരുന്നെന്നോ! ആ സംഭവത്തോടെ, യഹോവയുടെ ഇഷ്ടം ചെയ്യാൻ എന്നെത്തന്നെ വിട്ടുകൊടുക്കുന്നതിനു ഞാൻ തീരുമാനിച്ചു. തുടർന്ന് ഞാൻ എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. അങ്ങനെ 1977 ജൂലൈയിൽ, 53-ാം വയസ്സിൽ ഞാൻ സ്നാപനമേറ്റു. രണ്ടു വർഷത്തിനു ശേഷം എന്റെ മൂത്ത മകൻ യാസുയുക്കിയും ബൈബിൾ പഠിച്ചു സ്നാപനമേറ്റു.
സ്നാപനമേറ്റു പത്തു വർഷം കഴിഞ്ഞപ്പോൾ ഞാൻ ജോലിയിൽ നിന്നും വിരമിച്ചു. ആ കാലമത്രയും ലൗകിക ജോലിയെ സമനിലയിൽ നിറുത്തിക്കൊണ്ടുള്ള ഒരു ക്രിസ്തീയ ജീവിതഗതിയാണു ഞാൻ പിന്തുടർന്നത്. ഇപ്പോൾ യോക്കൊഹോമയിലെ സഭയിൽ ഒരു മൂപ്പനായി ഞാൻ സേവിക്കുന്നു. ക്രിസ്തീയ ശുശ്രൂഷയിൽ ഏറെ സമയം ചെലവഴിക്കാൻ എനിക്കിപ്പോൾ സാധിക്കുന്നുണ്ട്. എന്റെ മൂത്തമകൻ ഒരു മുഴുസമയ ശുശ്രൂഷകനും മൂപ്പനുമായി അടുത്തുള്ള സഭയിൽ സേവനമനുഷ്ഠിക്കുന്നു.
പ്രത്യേക ആക്രമണ സേനയിലെ ചാവേർ ദൗത്യത്തെ അതിജീവിച്ച്, ജീവനോടെ ഇരിക്കുന്നതിൽ ഞാൻ അത്യന്തം കൃതജ്ഞതയുള്ളവനാണ്. മാത്രമല്ല “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിക്കുന്നതിൽ പങ്കുവഹിക്കുന്നത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കുകയും ചെയ്യുന്നു. (മത്തായി 24:14, NW) ദൈവജനത്തിൽ ഒരാളായിരിക്കുന്നതാണു ജീവിതത്തെ മഹത്തരമാക്കുന്നത് എന്ന് എനിക്കു നല്ലവണ്ണം ബോധ്യമായിരിക്കുന്നു. (സങ്കീർത്തനം 144:15) ആസന്നമായ പുതിയ ലോകത്തിൽ മനുഷ്യവർഗം മേലാൽ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുകയില്ല. കാരണം “ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:4.
ദൈവേഷ്ടമെങ്കിൽ, യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട, എന്റെ പരിചയക്കാരെ എല്ലാവരെയും പുനരുത്ഥാനത്തിൽ തിരികെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ നീതിനിഷ്ഠമായ ഭരണത്തിൻ കീഴിലെ പറുദീസാഭൂമിയിൽ അവർ ആസ്വദിക്കാൻ പോകുന്ന സമാധാന പൂർണമായ ജീവിതത്തെ കുറിച്ച് അവരുമായി സംസാരിക്കാൻ കഴിയുന്നത് എത്ര പുളകപ്രദമായിരിക്കും!—മത്തായി 6:9, 10; പ്രവൃത്തികൾ 24:15; 1 തിമൊഥെയൊസ് 6:19.
(g02 12/08)
[17-ാം പേജിലെ ചിത്രം]
ഞാൻ നേവൽ എയർ ഫോഴ്സിൽ ആയിരുന്നപ്പോൾ
[16, 17 പേജുകളിലെ ചിത്രം]
“ഓക്ക”—ഒരു മനുഷ്യ ബോംബ്
[കടപ്പാട്]
© CORBIS
[18-ാം പേജിലെ ചിത്രം]
എന്റെ സുഹൃത്തുക്കൾ ചാവേർ ദൗത്യത്തിനു പുറപ്പെടുന്നതിനു മുമ്പ് അവരോടൊപ്പം. ഇടത്തുനിന്നു രണ്ടാമത്തേതു ഞാൻ, അക്കൂട്ടത്തിലെ ഏക അതിജീവകൻ
[19-ാം പേജിലെ ചിത്രം]
ഭാര്യ മിച്ചിക്കൊയോടും മൂത്തമകൻ യാസുയൂക്കിയോടും ഒപ്പം
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
◀ U.S. National Archives photo