ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന
ലോകസമാധാനം “ലോക സമാധാനം വെറുമൊരു സ്വപ്നമോ?” (ജൂൺ 8, 2002) എന്ന ലേഖന പരമ്പര വളരെ നന്നായിരുന്നു. എല്ലാ രാഷ്ട്രീയക്കാരും ഇതു വായിച്ചിരിക്കേണ്ടതാണ്. ഒരുവൻ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം, എങ്ങനെ ജീവിക്കണം എന്നെല്ലാം സംബന്ധിച്ചു നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വ്യക്തമായ ധാരണ നൽകുന്നു.
ജെ. എസ്., ചെക്ക് റിപ്പബ്ലിക്ക് (g02 12/22)
ഒരു യുവപ്രായക്കാരി മുൻകൈയെടുത്തു പ്രവർത്തിക്കുന്നു ഈ മാസികകളുടെ വായന ഞാൻ വളരെയധികം ആസ്വദിക്കുന്നു എന്ന് നിങ്ങളോടു പറയണമെന്ന് എപ്പോഴും ഓർക്കാറുണ്ടെങ്കിലും ഇതുവരെ അതിനു സാധിച്ചില്ല. എന്നാൽ “മുൻകൈയെടുത്തു പ്രവർത്തിച്ചതിന് പ്രതിഫലം” (ജൂൺ 8, 2002) എന്ന ലേഖനം വായിച്ചതോടെ അതു പറഞ്ഞിട്ടുതന്നെ അടുത്ത കാര്യം എന്നു ഞാൻ തീരുമാനിച്ചു. സ്റ്റെല്ലയുടേതു പോലുള്ള ഒരു അനുഭവം ഈയിടെ എനിക്കുമുണ്ടായി. എന്നെപ്പോലെ യഹോവയ്ക്ക് തങ്ങളുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകുന്ന യുവജനങ്ങൾ ലോകമെമ്പാടും ഉണ്ടെന്ന് അറിയുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഇത്തരം അനുഭവങ്ങൾ യുവജനങ്ങൾക്കും പ്രായമായവർക്കും ഒരുപോലെ പ്രോത്സാഹജനകമാണ്.
എൽ. പി., ഐക്യനാടുകൾ (g02 12/22)
മൃഗങ്ങൾ “ഹിമപുള്ളിപ്പുലി—ഈ നിഗൂഢ ജീവിയെ പരിചയപ്പെടുക” (ജൂൺ 8, 2002) എന്ന ലേഖനം ഞാനിപ്പോൾ വായിച്ചു കഴിഞ്ഞതേ ഉള്ളൂ. യഹോവ സൃഷ്ടിച്ച ഓരോ ജീവിയെയും ഞാൻ വളരെ പ്രിയപ്പെടുന്നു. മൃദുവായ രോമക്കുപ്പായമുള്ളവയെ പ്രത്യേകിച്ചും. ഹിമപുള്ളിപ്പുലികൾ വംശനാശഭീഷണിയെ നേരിടുന്നു എന്നു വായിച്ചപ്പോൾ എനിക്കു നല്ല ദേഷ്യം വന്നു. അങ്ങനെയെങ്കിൽ യഹോവയ്ക്ക് ഇതേക്കുറിച്ച് എന്തായിരിക്കും തോന്നുന്നതെന്ന് ഒന്നു ചിന്തിച്ചു നോക്കൂ.
ഡി. ആർ., ഐക്യനാടുകൾ (g02 12/22)
ചിലന്തികൾ “ഉറുമ്പായി വേഷംകെട്ടുന്ന ചിലന്തി” (മേയ് 8, 2002) എന്ന ലേഖനം എനിക്കു വലിയ ഇഷ്ടമായി. യഹോവ എത്ര അത്ഭുതവാനായ സ്രഷ്ടാവാണ്! പുതിയ ലോകത്തിലെ ജീവിതത്തിനായി ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുന്നു. അപ്പോൾ എനിക്ക് യഹോവയുടെ സൃഷ്ടികളെപ്പറ്റി കൂടുതൽ പഠിക്കാമല്ലോ.
പി. പി., ശ്രീലങ്ക (g02 12/22)
യുവജനങ്ങൾ ചോദിക്കുന്നു “യുവജനങ്ങൾ ചോദിക്കുന്നു. . . സ്കൂളിലുള്ള ആരെയെങ്കിലും കണ്ടുമുട്ടിയാലോ?” (മാർച്ച് 8, 2002) എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി. വളരെ വർഷങ്ങൾക്കു മുമ്പ് ഏറെ നാണംകുണുങ്ങിയായ ഒരു കൗമാര പ്രായക്കാരനായിരുന്നു ഞാൻ. എനിക്കു വിക്കുണ്ടായിരുന്നു. ക്രിസ്തീയ ശുശ്രൂഷ എനിക്കു വളരെ ദുഷ്കരമായിരുന്നു, പ്രത്യേകിച്ച് എന്റെ സ്കൂളിലെ കുട്ടികളെ കണ്ടുമുട്ടുമ്പോൾ. ഈ ലേഖനം മറ്റു യുവജനങ്ങൾക്കും വലിയ സഹായമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഡബ്ലിയു. റ്റി., ഐക്യനാടുകൾ (g02 12/22)
ആശ്രയയോഗ്യമായ ഉപദേശങ്ങൾ വിജ്ഞാനപ്രദമായ വിവരങ്ങൾ സമൃദ്ധമായി പ്രദാനം ചെയ്യുന്നതിനു നിങ്ങൾക്കു നന്ദി. നിങ്ങളുടെ ലേഖനങ്ങളിൽ വ്യത്യസ്ത വിഷയങ്ങളുടെ വിശാലമായൊരു ലോകം തന്നെയുണ്ട്. ഇതര പ്രസിദ്ധീകരണങ്ങളിൽ നിന്നു വ്യത്യസ്തമായി നിങ്ങളുടേത്, മുൻവിധി കൂടാതെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കുന്നു. ഉണരുക! ഇന്നെനിക്ക് പിരിയാനാവാത്ത ഒരു ഉത്തമസുഹൃത്താണ്. ജീവിത പ്രശ്നങ്ങളെ പ്രത്യാശയോടുകൂടി നേരിടാൻ എന്നെ സഹായിക്കുന്ന ആശ്രയയോഗ്യമായ ഉപദേശങ്ങളുടെ ഉറവാണത്.
എൻ. പി., ബ്രസീൽ (g02 12/22)
ജീവിതകഥ “പരിശോധനകളിൻ മധ്യേയും മങ്ങലേൽക്കാത്ത പ്രത്യാശയുമായി” (മേയ് 8, 2002) എന്ന ജീവിതകഥ വായിച്ചപ്പോൾ സങ്കടവും സന്തോഷവും കൊണ്ട് ഞാൻ വിതുമ്പിപ്പോയി. 20 വയസ്സുള്ളപ്പോൾ ഹന്നാക്ക് സഹോദരൻ കാണിച്ച ധൈര്യം ഒരു കാര്യം എന്നെ ഓർമിപ്പിച്ചു, യഹോവയിൽ ആശ്രയിച്ചുകൊണ്ട് അവന്റെ നീതിയുള്ള നിലവാരങ്ങളെ മുറുകെപ്പിടിക്കാൻ നമുക്കും നമ്മുടെ കുട്ടികൾക്കും സാധിക്കും എന്ന്. ഇത്തരം മനോഹരമായ ലേഖനങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നതിനു നന്ദി. ഈ ദുർഘട കാലങ്ങളിൽ ജീവിക്കുന്ന നമുക്ക് ആവശ്യമായ പ്രോത്സാഹനത്തിന്റെ വലിയ ഉറവുകൾ ആണിവ.
കെ. ജി., ഐക്യനാടുകൾ (g02 12/08)