വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം നമ്മുടെ ബലഹീനതകൾക്കു നേരെ കണ്ണടയ്‌ക്കുമോ?

ദൈവം നമ്മുടെ ബലഹീനതകൾക്കു നേരെ കണ്ണടയ്‌ക്കുമോ?

ബൈബി​ളി​ന്റെ വീക്ഷണം

ദൈവം നമ്മുടെ ബലഹീ​ന​ത​കൾക്കു നേരെ കണ്ണടയ്‌ക്കു​മോ?

‘ഞാനൊ​രു ദുഷ്ട​നൊ​ന്നു​മല്ല! പക്ഷേ എന്റെ തെറ്റായ വഴികൾ വിട്ടു​തി​രി​യാൻ എത്ര ശ്രമി​ച്ചി​ട്ടും എനിക്കാ​വു​ന്നില്ല!’

നി ങ്ങൾ എപ്പോ​ഴെ​ങ്കി​ലും അങ്ങനെ പറഞ്ഞി​ട്ടു​ണ്ടോ, അല്ലെങ്കിൽ അങ്ങനെ പറഞ്ഞി​ട്ടുള്ള ആരെ​യെ​ങ്കി​ലും നിങ്ങൾക്ക്‌ അറിയാ​മോ? ആഴത്തിൽ വേരൂ​ന്നി​യി​രി​ക്കുന്ന ബലഹീ​ന​തകൾ പിഴു​തെ​റി​യുക സാധ്യ​മ​ല്ലെ​ന്നാണ്‌ പലരു​ടെ​യും പക്ഷം. ചിലയാ​ളു​കൾ മദ്യത്തി​നും പുകയി​ല​യ്‌ക്കും മയക്കു​മ​രു​ന്നി​നും ഒക്കെ അടിമ​പ്പെ​ട്ട​വ​രാണ്‌. അത്യാ​ഗ്രഹം മറ്റനേ​ക​രു​ടെ ജീവി​തത്തെ ഭരിക്കു​ന്നു. മറ്റു ചിലരാ​കട്ടെ ലൈം​ഗിക ദുർന്ന​ട​പ്പി​നു വഴി​പ്പെ​ട്ടി​രി​ക്കു​ന്നു. കരകയ​റാൻ ആവാത്ത​വി​ധം തങ്ങൾ അതിൽ ആണ്ടു​പോ​യി​രി​ക്കു​ന്നു എന്നാണ്‌ അവർ അതിനു പറയുന്ന ന്യായം.

മത്തായി 26:41-ൽ, മാനു​ഷിക ബലഹീ​ന​ത​കളെ താൻ മനസ്സി​ലാ​ക്കു​ന്ന​താ​യി യേശു ദയാപൂർവം വ്യക്തമാ​ക്കി. a വാസ്‌ത​വ​ത്തിൽ, യഹോ​വ​യാം ദൈവ​വും യേശു​വും മനുഷ്യ​രോട്‌ അങ്ങേയറ്റം കരുണ​യു​ള്ള​വ​രാണ്‌ എന്നതിന്‌ ഓരോ ബൈബിൾ വിവര​ണ​വും തെളിവു നൽകുന്നു. (സങ്കീർത്തനം 103:8, 9) എന്നിരു​ന്നാ​ലും, നമ്മുടെ എല്ലാ കുറവു​ക​ളും ദൈവം കണ്ടി​ല്ലെന്നു വെക്കു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാ​നാ​കു​മോ?

മോ​ശെ​യും ദാവീ​ദും

മോ​ശെ​യു​ടെ കാര്യം​തന്നെ എടുക്കുക. “ഭൂതല​ത്തിൽ ഉള്ള സകലമ​നു​ഷ്യ​രി​ലും അതി​സൌ​മ്യ”ൻ എന്നാണ്‌ അവൻ അറിയ​പ്പെ​ട്ടത്‌, ആ നല്ല ഗുണം നിലനി​റു​ത്താൻ അവൻ കഠിന​മാ​യി യത്‌നി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (സംഖ്യാ​പു​സ്‌തകം 12:3) മരുഭൂ​മി​യി​ലൂ​ടെ​യുള്ള യാത്ര​യ്‌ക്കി​ട​യിൽ ഇസ്രാ​യേ​ല്യർ പലവട്ടം അനുചി​ത​മാ​യി പെരു​മാ​റു​ക​യും ദൈവ​ത്തോ​ടും അവന്റെ പ്രതി​നി​ധി​ക​ളോ​ടും അനാദ​രവു കാട്ടു​ക​യും ചെയ്‌തു. ഈ സന്ദർഭ​ങ്ങ​ളിൽ എല്ലാം മോശെ താഴ്‌മ​യോ​ടെ മാർഗ​നിർദേ​ശ​ത്തി​നാ​യി ദൈവ​ത്തി​ലേക്കു തിരിഞ്ഞു.—സംഖ്യാ​പു​സ്‌തകം 16:12-14, 28-30.

എന്നിരു​ന്നാ​ലും, ക്ഷീണി​പ്പി​ക്കുന്ന ആ സുദീർഘ യാത്ര​യു​ടെ അവസാനം മുഴു ജനതയു​ടെ​യും മുമ്പാകെ മോശെ നിയ​ന്ത്രണം വിട്ട്‌ ക്ഷോഭി​ക്കു​ക​യും ദിവ്യ നിർദേശം അനുസ​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ക​യും ചെയ്‌തു. ദൈവം അവനോ​ടു ക്ഷമിച്ചു എന്നത്‌ ശരിയാണ്‌. എങ്കിലും ആ വീഴ്‌ചയെ യഹോവ ഗൗനി​ക്കാ​തി​രു​ന്നോ? തീർച്ച​യാ​യും ഇല്ല. “നിങ്ങൾ . . ..  എന്നെ വിശ്വ​സി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടു​ത്തി​രി​ക്കുന്ന ദേശ​ത്തേക്കു കൊണ്ടു​പോ​ക​യില്ല” എന്നു യഹോവ മോ​ശെ​യോ​ടും അഹരോ​നോ​ടും അരുളി​ച്ചെ​യ്‌തു. അതേ, വാഗ്‌ദത്ത ദേശത്തു പ്രവേ​ശി​ക്കു​ക​യെന്ന മഹത്തായ പദവി മോ​ശെക്കു ലഭിക്കു​മാ​യി​രു​ന്നില്ല. അങ്ങനെ 40 വർഷമാ​യി മോശെ എന്തിനു വേണ്ടി​യാ​ണോ പ്രയത്‌നി​ച്ചത്‌, അതു നഷ്ടമാ​കാൻ ഗുരു​ത​ര​മായ ആ മാനു​ഷിക പിഴവ്‌ ഇടയാക്കി.—സംഖ്യാ​പു​സ്‌തകം 20:7-12.

ബലഹീ​ന​ത​യ്‌ക്കു വഴിപ്പെട്ട മറ്റൊരു ദൈവ​ഭക്തൻ ആയിരു​ന്നു ദാവീദ്‌. ഒരു സന്ദർഭ​ത്തിൽ അധാർമിക അഭിനി​വേ​ശ​ത്തി​നു കീഴ്‌പെട്ട്‌, അവൻ മറ്റൊ​രു​വന്റെ ഭാര്യ​യു​മാ​യി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടു. ആ സ്‌ത്രീ​യു​ടെ ഭർത്താ​വി​നെ വധിക്കാൻ കരുക്കൾ നീക്കി​ക്കൊണ്ട്‌ അവൻ കാര്യങ്ങൾ മറച്ചു​വെ​ക്കാൻ ശ്രമിച്ചു. (2 ശമൂവേൽ 11:2-27) എങ്കിലും പിന്നീട്‌, താൻ ചെയ്‌തു​പോയ തെറ്റു​കളെ ഓർത്ത്‌ ദാവീദ്‌ ആഴമായി അനുത​പി​ച്ചു. ദൈവം അവനോ​ടു ക്ഷമിക്കു​ക​യും ചെയ്‌തു. എന്നാൽ ദാവീദ്‌ ഒരു കുടും​ബം തകർത്തി​രു​ന്നു. തന്റെ തെറ്റു​ക​ളു​ടെ ദാരു​ണ​മായ ഭവിഷ്യ​ത്തു​ക​ളിൽനിന്ന്‌ രക്ഷപ്പെ​ടാൻ ദൈവം അവനെ അനുവ​ദി​ച്ചില്ല. ദാവീ​ദി​നു ജനിച്ച ആൺകു​ഞ്ഞി​നു ഗുരു​ത​ര​മായ രോഗം പിടി​പെട്ടു. കുഞ്ഞി​നു​വേണ്ടി ദാവീദ്‌ പലവട്ടം അപേക്ഷി​ച്ചെ​ങ്കി​ലും യഹോവ ആ പ്രാർഥ​നകൾ ചെവി​ക്കൊ​ണ്ടില്ല. ശിശു മരിച്ചു​പോ​യി. ദാവീ​ദി​ന്റെ കുടും​ബ​ത്തിൽ ഒന്നിനു പുറകേ ഒന്നായി ദുരന്തങ്ങൾ അരങ്ങേറി. (2 ശമൂവേൽ 12:13-18; 18:33) ധാർമിക ബലഹീ​ന​ത​യ്‌ക്കു വഴി​പ്പെ​ട്ടതു നിമിത്തം ദാവീ​ദി​നു വലിയ വില ഒടു​ക്കേ​ണ്ടി​വന്നു.

തങ്ങളുടെ ചെയ്‌തി​ക​ളു​ടെ പ്രത്യാ​ഘാ​ത​ങ്ങ​ളിൽ നിന്നു രക്ഷപ്പെ​ടാൻ ദൈവം മനുഷ്യ​രെ അനുവ​ദി​ക്കി​ല്ലെന്ന്‌ ഈ ദൃഷ്ടാ​ന്തങ്ങൾ കാണി​ക്കു​ന്നു. അവനെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ തങ്ങളുടെ ആത്മീയ​ത​യിൽ ഉള്ള ബലഹീന വശങ്ങളെ തിരി​ച്ച​റിഞ്ഞ്‌ അവ പരിഹ​രി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടു മെച്ചപ്പെട്ട ക്രിസ്‌ത്യാ​നി​കൾ ആയിത്തീ​രണം. ഒന്നാം നൂറ്റാ​ണ്ടിൽ അനേകർ അപ്രകാ​രം ചെയ്‌തു. ചില മികച്ച ദൃഷ്ടാ​ന്തങ്ങൾ പരിചി​ന്തി​ക്കുക.

പാപ​പ്ര​വൃ​ത്തി​കൾ വെടി​യാ​നുള്ള പോരാ​ട്ടം

ക്രിസ്‌ത്യാ​നി​കൾ എങ്ങനെ ജീവി​ക്കണം എന്നുള്ള​തിന്‌ ഉത്തമ മാതൃക വെച്ച ഒരുവ​നാണ്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌. എന്നാൽ അവനും തന്റെ ബലഹീ​ന​ത​കൾക്ക്‌ എതിരെ ഒരു നിരന്തര പോരാ​ട്ടം ഉണ്ടായി​രു​ന്നു എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ? റോമർ 7:18-25 വാക്യങ്ങൾ, ഈ ‘പോരാ​ട്ടത്തെ’ വ്യക്തമാ​യി വർണി​ക്കു​ന്നു. പാപം അതിശ​ക്ത​നായ ഒരു എതിരാ​ളി​യാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ പൗലൊസ്‌ നിറു​ത്താ​തെ പോരാ​ടി.—1 കൊരി​ന്ത്യർ 9:26, 27.

പുരാതന കൊരി​ന്തി​ലെ ക്രിസ്‌തീയ സഭാം​ഗ​ങ്ങ​ളിൽ ചിലർ മുൻകാ​ല​ങ്ങ​ളിൽ പാപ പ്രവൃ​ത്തി​കൾ ശീലമാ​ക്കി​യി​രു​ന്നവർ ആയിരു​ന്നു. ഒരുകാ​ലത്ത്‌ അവർ ‘ദുർന്ന​ട​പ്പു​കാർ, വ്യഭി​ചാ​രി​കൾ, പുരു​ഷ​കാ​മി​കൾ, കള്ളന്മാർ, അത്യാ​ഗ്ര​ഹി​കൾ, മദ്യപ​ന്മാർ’ ഒക്കെ ആയിരു​ന്നു എന്ന്‌ ബൈബിൾ പറയുന്നു. എന്നാൽ അവർ ‘ശുദ്ധീ​ക​രണം’ പ്രാപി​ച്ചി​രി​ക്കു​ന്നു എന്നും അതു പ്രസ്‌താ​വി​ക്കു​ന്നു. (1 കൊരി​ന്ത്യർ 6:9-11) എങ്ങനെ? തങ്ങളുടെ ദുർന്ന​ട​പ​ടി​കൾ വിട്ടു​തി​രി​യാൻ സൂക്ഷ്‌മ പരിജ്ഞാ​ന​വും ക്രിസ്‌തീയ സഹവാ​സ​വും ദൈവാ​ത്മാ​വും അവരെ ശക്തീക​രി​ച്ചു. ഒടുവിൽ, ക്രിസ്‌തു​വി​ന്റെ നാമത്തിൽ ദൈവം അവരെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചു. അതേ, അവരുടെ പാപങ്ങൾ മോചി​ച്ചു​കൊണ്ട്‌ ദൈവം അവർക്ക്‌ ഒരു ശുദ്ധ മനസ്സാക്ഷി നൽകി.—പ്രവൃ​ത്തി​കൾ 2:38; 3:19.

പൗലൊ​സും കൊരി​ന്ത്യ ക്രിസ്‌ത്യാ​നി​ക​ളും തങ്ങളുടെ പാപ​പ്ര​വ​ണ​ത​കളെ ലാഘവ​ത്തോ​ടെ കണ്ടില്ല. പകരം അവർ അവയ്‌ക്കെ​തി​രെ പോരാ​ടി; ദൈവ​ത്തി​ന്റെ സഹായ​ത്താൽ വിജയം​വ​രി​ക്ക​യും ചെയ്‌തു. മോശ​മായ ചുറ്റു​പാ​ടു​ക​ളും അപൂർണ ചായ്‌വു​ക​ളും ഉണ്ടായി​രു​ന്നി​ട്ടും ഒന്നാം നൂറ്റാ​ണ്ടി​ലെ ആ സത്യാ​രാ​ധകർ ധാർമിക ശുദ്ധി​യു​ള്ള​വ​രാ​യി നില​കൊ​ണ്ടു. നമ്മെ സംബന്ധി​ച്ചോ?

സ്വന്തം ബലഹീ​ന​ത​കൾക്കെ​തി​രെ നാം പോരാ​ടാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു

ഒരു ബലഹീ​ന​തയെ ജയിച്ച​ട​ക്കാൻ കഴിഞ്ഞാ​ലും അതിനെ പൂർണ​മാ​യി നീക്കം ചെയ്യാൻ സാധി​ച്ചെന്നു വരില്ല. മിക്ക​പ്പോ​ഴും നമുക്കു ചെറുത്തു തോൽപ്പി​ക്കാ​നാ​കു​ന്ന​തും എന്നാൽ അതേസ​മയം നമുക്കു നശിപ്പി​ക്കാ​നാ​കാ​ത്ത​തു​മായ ഒരു എതിരാ​ളി​യാണ്‌ അപൂർണത. ചില​പ്പോൾ അതു നമ്മിൽ സ്ഥായി​യായ ബലഹീ​ന​തകൾ പോലും ഉളവാ​ക്കി​യേ​ക്കാം. എങ്കിലും നമ്മുടെ ബലഹീ​ന​ത​കൾക്കു നാം ഒരിക്ക​ലും അടിയ​റവു പറയരുത്‌. (സങ്കീർത്തനം 119:11) അത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

എന്തു​കൊ​ണ്ടെ​ന്നാൽ അപൂർണ​തയെ മോശ​മായ പെരു​മാ​റ്റ​ത്തി​നുള്ള ഒരു ഒഴിക​ഴി​വാ​യി കാണാൻ ദൈവം അനുവ​ദി​ക്കു​ക​യില്ല. (യൂദാ 4) മനുഷ്യർ അവരുടെ മോശ​മായ വഴികൾ വിട്ടു​തി​രിഞ്ഞ്‌ ശുദ്ധി​യു​ള്ളവർ ആയിത്തീ​രാ​നും ധാർമി​ക​മാ​യി ഒരു നല്ല ജീവിതം നയിക്കാ​നും ദൈവം ആഗ്രഹി​ക്കു​ന്നു. “ദുഷ്ടമാ​യ​തി​നെ വെറു​ക്കു​വിൻ” എന്നു ബൈബിൾ പറയുന്നു. (റോമർ 12:9, NW) ദൈവം അത്തരം ശക്തമായ ഒരു നിലപാട്‌ എടുക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ബലഹീ​ന​ത​യ്‌ക്കു മുമ്പിൽ അടിയ​റവു പറയു​ന്നതു ദോഷ​ക​ര​മാണ്‌ എന്നതാണ്‌ ഒരു കാരണം. “മനുഷ്യൻ വിതെ​ക്കു​ന്നതു തന്നേ കൊയ്യും” എന്ന്‌ ഗലാത്യർ 6:7-ൽ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. ആസക്തി​കൾക്കും അത്യാ​ഗ്ര​ഹ​ത്തി​നും കുത്തഴിഞ്ഞ ലൈം​ഗി​ക​ത​യ്‌ക്കും വഴി​പ്പെ​ടു​ന്നവർ മിക്ക​പ്പോ​ഴും തങ്ങളുടെ ജീവി​ത​ത്തിൽ ഉണങ്ങാത്ത മുറി​വു​കൾ സൃഷ്ടി​ക്കു​ന്നു. എന്നാൽ അതിലും പ്രധാ​ന​മായ മറ്റൊരു കാരണം കൂടി​യുണ്ട്‌.

പാപം ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നു. അതു നമ്മെയും ദൈവ​ത്തെ​യും ‘തമ്മിൽ അകറ്റുന്നു.’ (യെശയ്യാ​വു 59:2, പി.ഒ.സി. ബൈബിൾ) പാപം ചെയ്യു​ന്ന​തിൽ തുടരു​ന്ന​വർക്കു ദൈവ​പ്രീ​തി നേടുക സാധ്യ​മ​ല്ലാ​ത്ത​തി​നാൽ ദൈവം ഇപ്രകാ​രം ആഹ്വാനം ചെയ്യുന്നു: “നിങ്ങളെ കഴുകി വെടി​പ്പാ​ക്കു​വിൻ. . .തിന്മ ചെയ്യു​ന്നതു മതിയാ​ക്കു​വിൻ.”—യെശയ്യാ​വു 1:16.

നമ്മുടെ സ്രഷ്ടാവ്‌ സ്‌നേ​ഹ​വാ​നും കരുണാ​മ​യ​നും ആണ്‌. “ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടു​വാൻ അവൻ ഇച്ഛി”ക്കുന്നു. (2 പത്രൊസ്‌ 3:9) ബലഹീ​ന​ത​കൾക്കു സ്ഥിരമാ​യി വഴി​പ്പെ​ടു​ന്നത്‌ അനുതാ​പം പ്രകട​മാ​ക്കു​ന്ന​തിൽനി​ന്നും ദൈവാം​ഗീ​കാ​രം നേടു​ന്ന​തിൽനി​ന്നും നമ്മെ തടയും. അതേ, ദൈവം നമ്മുടെ ബലഹീ​ന​തകൾ ഗൗനി​ക്കാ​തെ വിടു​ന്നില്ല. നാമും അങ്ങനെ ചെയ്യരുത്‌. (g02 11/08)

[അടിക്കു​റി​പ്പു​കൾ]

a യേശു പറഞ്ഞു: “ആത്മാവു ഒരുക്ക​മു​ള്ളതു, ജഡമോ ബലഹീ​ന​മ​ത്രേ.”